ദീപുവിന്റെ ഭാര്യയായ് വിജിത ഇവിടെ എത്തിയിട്ട് മാസം രണ്ടാവുന്നേയുള്ളുവെങ്കിലും വന്ന സമയം കൊണ്ട് ദീപുവിന്റെയും പിന്നെയീ വീടിന്റെയും നിയന്ത്രണം അവളേറ്റെടുക്കാൻ…..

“എടാ ദീപൂ നീ പറമ്പിലെ നാളിക്കേരം പറിച്ചെടുത്തത് എവിടെയാണ് കൊടുത്തത്…?
സ്ഥിരം നമ്മൾ കൊടുക്കുന്നിടത്തല്ലല്ലേ നീ നാളികേരം കൊടുത്തത്…?

വൈകുന്നേരം പണി കഴിഞ്ഞു വന്നു കയറിയ
ദിനേശൻ ദീപുവിനെ കണ്ട് ചോദിച്ചതും ഏട്ടനെ ഒന്നു നോക്കി ദീപു…

‘നീ ഉസ്മാന് തന്നെ കൊടുത്തെന്ന് കരുതി ഞാനവനോട് പൈസ ചോദിച്ചപ്പോഴാ അവൻ പറഞ്ഞത് നാളികേരം അവന് നീ കൊടുത്തിട്ടില്ലാന്ന്….?
വേറെ കടയിൽ കൊടുക്കണ്ടായിരുന്നെടാ മോനെ… കൊല്ലം കുറെയായിട്ട് ഉസ്മാനല്ലേ നമ്മൾ കൊടുക്കാറ് പതിവ്… ഒരത്യാവശ്യം വരുമ്പോ പൈസ മുൻക്കൂർ വാങ്ങുന്നതും അവിടെ നിന്നല്ലേ…. വേറെ കൊടുക്കണ്ടായിരുന്നു….

വൈകുന്നേരത്തെ ഉസ്മാന്റെ മുഖത്തെ തെളിച്ച കുറവോർത്ത് ദിനേശൻ വീണ്ടും അതു തന്നെ പറഞ്ഞതും ഏട്ടനെ ഒന്നു നോക്കി ചിരിച്ചു ദീപു

“ഞാനതിന് നാളിക്കേരം വേറെ ഒരു കടയിലും കൊടുത്തിട്ടില്ല ഏട്ടാ… വേറെ കൊടുത്തെന്ന് കരുതി സങ്കടപ്പെടണ്ടാന്ന് പറഞ്ഞേക്ക് ഉസ്മാനിക്കയോട്…”

കൊടുത്തില്ലേ നാളിക്കേരം…?
അപ്പോ അതെവിടെ….

ദീപുവിന്റെ മറുപടി കേട്ടൊരു ആകാംക്ഷയോടെ അവനോടു തിരക്കുന്നതിനൊപ്പം വീടിനു ചുറ്റും പിന്നെ പറമ്പിലുമായൊന്ന് കണ്ണോടിച്ചു ദിനേശൻ…

” തേങ്ങ ഇവിടെ ഇല്ല ഏട്ടാ… തേങ്ങ മുഴുവൻ എന്റെ വീട്ടിലേക്ക് കൊണ്ടുപോയി… അവിടെ കല്യാണവും മറ്റും വരുവല്ലേ… അപ്പോ തേങ്ങ ഇവിടുന്നെടുക്കാമെന്ന് പറഞ്ഞത് എന്റെ അച്ഛൻ തന്നെയാണ്..ഇട്ട പാടെ ഇവിടെ അരയ്ക്കാൻ വേണ്ടത് മാറ്റി വെച്ച് ബാക്കി മുഴുവൻ അച്ഛൻ വന്നങ്ങോട്ടു കൊണ്ടു പോയ്… ‘

ദിനേശൻ ദീപുവിനോട് ചോദിച്ചതിനുത്തരം പറഞ്ഞത് ദീപുവിന്റെ ഭാര്യ വിജിതയാണ്… പ്രണയ വിവാഹമായിരന്നു അവരുടേത്….

ദീപുവിന്റെ ഭാര്യയായ് വിജിത ഇവിടെ എത്തിയിട്ട് മാസം രണ്ടാവുന്നേയുള്ളുവെങ്കിലും വന്ന സമയം കൊണ്ട് ദീപുവിന്റെയും പിന്നെയീ വീടിന്റെയും നിയന്ത്രണം അവളേറ്റെടുക്കാൻ ശ്രമിയ്ക്കുന്നത് ദിനേശൻ പലവട്ടം ശ്രദ്ധിച്ചിട്ടുണ്ട്…. അത്യാവശ്യം കാശുള്ള വീട്ടിലെ കുട്ടിയായതുകൊണ്ടും തങ്ങളെക്കാൾ ഉയർന്ന നിലയിലുള്ളവരായതുകൊണ്ടും അവൾ ചെയ്യുന്നതും പറയുന്നതുമൊക്കെ അമ്മയും ദീപുവും സമ്മതിച്ചു കൊടുക്കാറുണ്ടെങ്കിലും ദിനേശൻ എവിടെയും ഒന്നിനും നിൽക്കാറില്ല…..

“ആ ദിനേശേട്ടാ…. തേങ്ങ കൊണ്ടു പോവുന്നതിനെ പറ്റി എന്റെ അച്ഛൻ ഇവിടുത്തെ അമ്മയോട് സംസാരിച്ചിരുന്നു… അമ്മയല്ലേ ഗൃഹനാഥ… അപ്പോ അമ്മയോട് പറയാതെ ചെയ്യുന്നത് മോശമല്ലേ…. അതാണ്…”

തിരികെ വീടിനകത്തേയ്ക്ക് മടങ്ങി കയറി പോവും വഴി വിജിത ചിരി മായാതെ പറഞ്ഞതു കേട്ടൊന്നമ്പരന്നെങ്കിലും പെട്ടന്നു തന്നെ അവളെ നോക്കി പുഞ്ചിരിയോടെ തലയിളക്കി ദിനേശൻ….

“ദിനുവേട്ടാ ദാ ചായ… ഇനിയും വെച്ചാൽ തണുത്ത് പോവും…”

കയ്യിലെ ചായ ഗ്ലാസ് ശ്രദ്ധയോടെ തന്റെ കയ്യിലേക്ക് വെച്ചു തരുന്ന രമണിയുടെ മുഖത്തേയ്ക്കൊന്നു ദിനേശൻ നോക്കിയതും അവിടെ പതിവ് പുഞ്ചിരി തന്നെയാണ്… പക്ഷെ ആ പുഞ്ചിരിയ്ക്ക് പിന്നിൽ അവളൊളിപ്പിക്കാൻ ശ്രമിയ്ക്കുന്ന സങ്കടങ്ങളും വിഷമങ്ങളും മറ്റാരുടെയും കണ്ണിൽ പെട്ടില്ലെങ്കിലും ദിനേശനത് ഒരു നോട്ടം കൊണ്ടറിയുകയും കാണുകയും ചെയ്യും….

അല്ലെങ്കിലും അവർക്കിടയിൽ പലതും അവർ തിരിച്ചറിയുന്നത് പരസ്പരം പറയാതെ ഇത്തരം നോട്ടങ്ങളിലൂടെയാണ്….

ചെറുക്കന്മാര് രണ്ടും കളി കഴിഞ്ഞ് വന്നില്ലേ ടീ ഇതുവരെ….?

ചായ ഗ്ലാസിനൊപ്പം മക്കൾക്ക് പതിവായുള്ള പലഹാരം രമണിയുടെ കയ്യിൽ കൊടുത്ത് ദിനേശൻ ചോദിയ്ക്കേണ്ട താമസം എവിടെ നിന്നോ ഓടി പാഞ്ഞെത്തി അച്ഛൻ അമ്മയുടെ കയ്യിലേൽപ്പിച്ച പലഹാര പൊതി കയ്യിലൊതുക്കി മക്കൾ രണ്ടാളും…

എന്റെ ദിനേശാ നീയ്യിങ്ങനെ ദിവസോം വരുമ്പോൾ ഓരോന്നു കൊടുത്ത് ശീലിച്ചാൽ പിന്നെയിത് നിനക്ക് തന്നെ ബുദ്ധിമുട്ടാവും… പഴയതുപോലല്ല ഇപ്പോ നിന്റെ അനിയനും ഒരു കുടുംബമായ്… നാളെ അവനും മക്കൾ വരും… നിന്റെ മക്കളുടെയെല്ലാ കാര്യങ്ങളും നീ പണിയെടുത്ത പൈസയ്ക്ക് തന്നെ നടത്തി കൊടുക്കേണ്ടി വരും… ഒരു കരുതൽ നല്ലതാണ്….”

അമ്മയുടെ സംസാരത്തിൽ ഒന്നു ചുളിഞ്ഞു ദിനേശന്റെ നെറ്റി…

അവരുടെയും ഈ വീടിന്റെയും പിന്നെ നിങ്ങളുടെയുമെല്ലാം കാര്യങ്ങൾ ഇത്രക്കാലവും ഞാൻ നോക്കിയിരുന്നത് ഞാൻ പണിയെടുത്തിട്ട് തന്നെയല്ലേ… അന്നൊന്നുമില്ലാത്ത എന്താണ് ഇപ്പോൾ…?

ഒന്നും മനസ്സിലാവുന്നില്ലായിരുന്നു ദിനേശനെങ്കിലും പലതും ദിവസം മുഴുവൻ ആ വിട്ടിൽ ഭർത്താവിന്റെ അമ്മയ്ക്കും അനിയനും അവന്റെ ഭാര്യയ്ക്കും ഒപ്പം ചിലവിടുന്ന രമണിയ്ക്ക് മനസ്സിലാവുന്നുണ്ടായിരുന്നു….

“നീ പണിയെടുത്ത് ഞങ്ങളെ നോക്കി എന്നു തന്നെയാണ് ദിനേശാ ഞാനും ദീപുവും ഇത്രക്കാലം കരുതിയിരുന്നത്….. പക്ഷെ നിന്റെ പണിക്കൂലി അധികം നീ ഞങ്ങൾക്കായ് ചിലവാക്കിയിട്ടില്ല എന്നത് ഇന്ന് വിജിതമോളുടെ അച്ഛൻ വന്ന് നാളിക്കേരം കൊണ്ടുപോയപ്പോഴാ ഞങ്ങൾക്ക് മനസ്സിലായത്… എന്താ നാളികേരത്തിന് വില… രണ്ടു മൂന്നു മാസം നമ്മുടെ വീട്ടു ചിലവ് നന്നായ് കഴിഞ്ഞുപോവാനുള്ളത് അതുകൊടുത്തപ്പോ തന്നെ ദീപൂന് കിട്ടി… അതു പോലെ പറമ്പിലെ കായയും കാപ്പിയുമൊക്കെ വിൽക്കുമ്പോൾ നിനക്ക് നല്ല പൈസ കിട്ടീട്ടുണ്ടാവുമെന്ന് വിജിതമോള് പറഞ്ഞത് ശരി തന്നെയാവും…. നിന്റെ പണിക്കൂലിയും പറമ്പിലെ ആദായത്തിന്റെ ബാക്കിയും കൂടി നല്ലൊരു തുക നിനക്ക് ബാങ്കിൽ സമ്പാദ്യം ഉണ്ടാവുമെന്നാ മോള് കളി പറഞ്ഞത്…. അറിയ്യോ നിനക്ക്….?

വലിയൊരു തമാശ പറഞ്ഞമുഖഭാവത്തോടെ അമ്മ പറഞ്ഞു നിർത്തുമ്പോൾ ദിനേശന്റെ നോട്ടം ചെന്നത് ദീപുവിന് നേരെയാണ്

വിളറിയിട്ടുണ്ടവന്റെ മുഖം…. അവന്റെ മാത്രമല്ല വിജിതയുടേയും…

“അതേ ട്ടാ…. ഈ പ്രാവശ്യം നാളിക്കേരം നല്ല വിളവായിരുന്നു… അത്രയും നാളിക്കേരമൊന്നും കല്യാണത്തിന് വേണ്ടല്ലോ അപ്പോ കുറച്ച് അവിടെ കടയിൽ കൊടുത്തു.. അതാണ് അമ്മ പറഞ്ഞത്….”

ദീപു തപ്പി തടഞ്ഞ് കാര്യമൊരുവിധം പറയുമ്പോഴാണ് തനിയ്ക്ക് പറ്റിയ അമളി അമ്മ തിരിച്ചറിഞ്ഞത്…

ശരിയെടാ എന്നാൽ എന്നൊരു മറുപടി മാത്രം നൽകി ദിനേശൻ അകത്തേയ്ക്ക് നടന്നതും അവനൊപ്പം നടന്നു രമണിയും

അവന്റെ ഉള്ള് വേവുന്നത് അവളല്ലാതെ മറ്റാരറിയും….

എടുത്താൽ തീരാത്ത കടം നാടുനീളെ വരുത്തിവെച്ചൊടുവിൽ അച്ഛൻ ആത്മഹത്യ ചെയ്ത അന്നു മുതൽ അനിയനും അമ്മയും ഉള്ള കുടുംബത്തെ താങ്ങിയതാണവൻ..

കടങ്ങൾ ഒന്നൊഴിയാതെ വീട്ടിയതു മുതൽ വീട്ടു ചിലവും അനിയന്റെ പഠിപ്പും കല്യാണവും വരെ അവന്റെ ചുമലിലായിരുന്നത് അവരെല്ലാം മറന്നാലും രമണി മറക്കില്ലല്ലോ കാരണം അവന്റെ കുടുംബത്തിനു വേണ്ടി അവൾ പലപ്പോഴും വേണ്ടായെന്ന് വെച്ചത് അവളുടെ ചെറിയ ആഗ്രഹങ്ങളായിരുന്നില്ലേ….

ദിനേശന്റെ ചുമലിൽ വെച്ച രമണിയുടെ കയ്യിൽ തന്റെ കൈ അമർത്തി നോവോടെ ചിരിച്ചു ദിനേശൻ…

“ഇപ്രാവശ്യം നല്ല റെക്കോർഡു വിലയാ നാളികേരത്തിന്…ആ വില പണ്ടും എനിയ്ക്ക് കിട്ടിയിട്ടുണ്ടാവും എന്ന് കരുതീട്ടാവും അവര്…”

സ്വയം ആശ്വസിയ്ക്കാൻ ശ്രമിയ്ക്കുന്നവനെ കണ്ട് നെഞ്ചുനീറി രമണിയ്ക്ക്….

“നമുക്ക് താമസം മാറിയാലോ ദിനുവേട്ടാ… അവരിപ്പോ ഒരു കുടുംബമായല്ലോ… നമ്മുടെ ആവശ്യം ഇനി വേണ്ട ഇവർക്ക്… നമുക്ക് മാറാം…”

താനില്ലാത്ത പകൽ നേരങ്ങളിൽ ആ വീട്ടിൽ കണ്ടും കേട്ടും രമണി അറിഞ്ഞ കാര്യങ്ങളുടെ ആകെ തുകയാണ് ആ ചോദ്യമെന്ന തിരിച്ചറിവിൽ, ചില തിരിച്ചറിവുകൾ കൂടി സ്വന്തം കുടുംബത്തിൽ നിന്ന് ജീവിതത്തിലേക്ക് പകർത്തി വലിയ ബഹളങ്ങളൊന്നുമില്ലാതെ ദിനേശൻ തറവാട്ടിൽ നിന്ന് താമസമൊഴിവായ് വാടക വീട്ടിലേക്ക് മാറി….

മാസങ്ങളും വർഷങ്ങളും രണ്ടു മൂന്നെണ്ണം കടന്നു പോയ്… ഇതിനിടയിൽ അനിയനും അമ്മയും ചേർന്ന് സ്ഥലം വീതം വെച്ചു …

ദിനേശന് മൂന്നിലൊന്ന് വീതം നൽകിയ അമ്മ തന്റെ വീതമുൾപ്പെടെ ബാക്കിസ്ഥലമെല്ലാം ദീപുവിന് എഴുതി നൽകുന്നത് മറ്റാർക്കും തിരിച്ചറിയാൻ കഴിയാത്ത നോവോടെ കണ്ടു നിന്നു ദിനേശൻ….

“ദിനേശാ മോനെ… നിന്നെ എത്രയായെടാ കണ്ടിട്ട്…. അമ്മയ്ക്ക് കാണാൻ കൊതിയാവുന്നു… നീ അവളേം പിള്ളേരേം കൂട്ടി ഒന്നിതു വരെ വായോ….

ഒന്നു രണ്ടു വർഷങ്ങൾ കഴിഞ്ഞൊരു നാൾ അമ്മ ആഗ്രഹത്തോടെ ക്ഷണിച്ചതും എല്ലാവരെയും കൂട്ടി തറവാട്ടിൽ ചെന്നു ദിനേശൻ…

കഷ്ടപാടും ദുരിതവും വിളിച്ചോതുന്ന വീടും പരിസരവും കണ്ടമ്പരന്നു രമണി…

“നീയായിരുന്നു മോനെ ദിനേശാ ഈ വീടിന്റെ ഐശ്വര്യയും ഭാഗ്യവും… നീ പടിയിറങ്ങിയതോടെ എല്ലാം നശിച്ചു… നാടുനീളെ കടമാണ് ദീപുവിന്… അവന്റെ ഭാര്യയുടെ ധൂർത്തിനും ഭാര്യ വീട്ടുക്കാരെ സഹായിക്കാനുംവേണ്ടി അവൻ വരുത്തിവെച്ചതാണ് എല്ലാം… ഇപ്പഴാണ് അവനും നിന്റെ അധ്വാനവും വിലയുമെല്ലാം മനസ്സിലായത്…. പണിയെടുക്കാതെ നശിച്ചു തൊടികയെല്ലാം…. എത്ര നാളികേരം വിറ്റ തൊടികയാണ്… ഇപ്പോൾ കറിയ്ക്ക് അരക്കാൻ കൂടിയില്ല…
നിന്നെ തിരിച്ചുവിളിക്കാൻ എനിയ്ക്കും അവനും മടിയായിട്ടാണെടാ ഇതുവരെ വിളിക്കാത്തത്… ഇനിയെങ്കിലും നീ തിരികെ വന്നില്ലെങ്കിൽ എല്ലാം കടക്കാര് കൊണ്ടു പോകും… നീ വാ മോനെ തിരികെ….”

കരഞ്ഞും വിളിച്ചും അമ്മ ഓരോന്നും പറയുന്നത് വെറുതെ കേട്ടിരുന്നു ദിനേശൻ….

“ഞങ്ങളിറങ്ങാണ് അമ്മേ…. എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ ഇതു പോലെയിറങ്ങാം.. ”

പോവാനിറങ്ങി ഇരുന്നിടത്തു നിന്നെഴുന്നേറ്റ് യാതൊരു ഭാവമാറ്റവുമില്ലാതെ ദിനേശൻ പറഞ്ഞതും തുറിച്ചവനെ നോക്കി അമ്മയും ദീപുവും…

മോനെ അത്…. ഞാൻ പറഞ്ഞത്…

“വേണ്ട അമ്മേ… എന്റെ മക്കൾക്കും ഭാര്യയ്ക്കും ജീവിക്കാൻ ഞാൻ ജോലിയ്ക്ക് പോയേ പറ്റൂ… മറ്റു നീക്കിയിരിപ്പും ആദായവുമൊന്നുമില്ല ഞങ്ങൾക്ക്… അമ്മയ്ക്കറിയാലോ അത്… പണ്ടായിരുന്നെങ്കിൽ ഈ പറമ്പിലെ തേങ്ങ മതിയായിരുന്നു എനിയ്ക്ക് ജീവിക്കാനും സമ്പാദിക്കാനും… ,

വെട്ടിത്തുറന്ന് ദിനേശൻ പറഞ്ഞതും താൻ പണ്ടവനെ പറഞ്ഞ വാക്കുകളോർത്ത് നാണിച്ചു തലതാഴ്ത്തി അമ്മ..

കാര്യങ്ങളൊക്കെ നിങ്ങൾക്ക് മനസ്സിലായ സ്ഥിതിക്ക് കൂടുതലൊന്നുമില്ല പറയാൻ….. ശരിയെന്നാൽ…

തന്റെ വാക്കുകൾ കേട്ട് തല താഴ്ത്തി നിൽക്കുന്ന അമ്മയേയും അനിയനെയും വീണ്ടുമൊരിക്കൽ കൂടിയൊന്ന് നോക്കി രമണിയ്ക്കും മക്കൾക്കും ഒപ്പം വീടിന്റെ പടിയിറങ്ങി നടന്നു ദിനേശൻ….

ഒരിക്കൽ ഉപേക്ഷിച്ച ഒന്നിനെയും താൻ വീണ്ടും കയ്യിൽ ചേർക്കില്ലെന്ന് ഉറപ്പിച്ചു തന്നെ….

✍️രജിത ജയൻ…

Leave a Reply

Your email address will not be published. Required fields are marked *