തന്റെ നെഞ്ചിലൂടിഴയുന്ന ഭാര്യയുടെ കൈ അറിഞ്ഞിട്ടും അതിന്റെ ലക്ഷ്യമറിഞ്ഞിട്ടും അതറിഞ്ഞതായ് ഭാവിക്കാതെ കണ്ണടച്ചുറക്കം നടിച്ചു കിടന്നു ഷാനവാസ്..…

തന്റെ നെഞ്ചിലൂടിഴയുന്ന ഭാര്യയുടെ കൈ അറിഞ്ഞിട്ടും അതിന്റെ ലക്ഷ്യമറിഞ്ഞിട്ടും അതറിഞ്ഞതായ് ഭാവിക്കാതെ കണ്ണടച്ചുറക്കം നടിച്ചു കിടന്നു ഷാനവാസ്..

നീണ്ട മൂന്നു വർഷക്കാലം കഴിഞ്ഞിരിക്കുന്നു ഭാര്യയുടെ സാമിപ്യവും സ്പർശനങ്ങളും തന്റെ ശരീരമറിഞ്ഞിട്ട്…
അവളുടെ പെണ്ണുടലിനെ ഏറെ ആഗ്രഹിക്കുകയും മോഹിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് തന്റെ ശരീരവും… പക്ഷെ വയ്യ… ഒന്നവളെ തന്നോടിറുക്കി പുണരാൻ പോലും പറ്റാത്ത വിധം മരവിച്ചിരിയ്ക്കുന്നു തന്റെ മനസ്സിപ്പോൾ….

ശരീരത്തിന്റെ ആഗ്രഹത്തിനനുസരിച്ച് നീങ്ങാൻ തന്റെ മനസ്സ് തയ്യാറാവാത്തതിന്റെ വിഷമവും ദേഷ്യവും നുരഞ്ഞുള്ളിലൊരു തിരയിളക്കം സൃഷ്ടിച്ചതും തന്നിലിഴയുന്ന ഷെമീനയുടെ കൈ തട്ടിമാറ്റി പെട്ടന്ന് കിടക്കവിട്ടെഴുന്നേറ്റിരുന്നു ഷാനവാസ്…

അവന്റെയാ പെട്ടന്നുള്ള എഴുന്നേല്പിലും ഭാവത്തിലും ഞെട്ടി എഴുന്നേറ്റവനെ നോക്കി ഷെമീന…

ആകെ വലിഞ്ഞു മുറുകിയിരിക്കുന്ന ഷാനവാസിന്റെ മുഖം കണ്ടവളൊന്നു ഭയന്നു…

എന്താ ഷാനുക്കാ… ?
എന്തു പറ്റി…?
എന്തെങ്കിലും അസ്വസ്ഥതയോ വയ്യായ്കയോ മറ്റോ ഉണ്ടോ…?

എഴുന്നേറ്റവന്റെ അരികിലേക്കിരുന്ന് നെറ്റിയിലും കഴുത്തിലുമൊക്കെ തൊട്ടു നോക്കി ഷെമീന ചോദിച്ചതിന് ഇല്ലെന്ന് പതിഞ്ഞ ശബ്ദത്തിൽ മറുപടി പറയുമ്പോൾ അവളുടെ മുഖത്തേക്ക് നോക്കിയില്ല ഷാനവാസ്…

താനെന്നെ പുരുഷനെ പ്രണയിച്ച് പതിനേഴാം വയസ്സിൽ തന്റെ ഇണയായ് വന്നവളാണ്… തന്നിലൂടെ മാത്രം ഈ ലോകത്തെ കണ്ടറിഞ്ഞവളാണ്…. തന്റെ പ്രണയത്തിന്റെ അടയാളമായ് തന്റെ രണ്ടു പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഭർത്താവിൽ നിന്ന് ഒരച്ഛനിലേക്ക് തനിയ്ക്ക് സ്ഥാനകയറ്റം നൽകിയവൾ… എല്ലാത്തിലും ഉപരിയായ് താനെന്നൊരുവനെ മാത്രം മനസ്സിലും ശരീരത്തിലും നിറച്ച് തനിയ്ക്കായ് മാത്രം കാത്തിരിക്കുന്നവളാണ്… അവളുടെ കയ്യാണ് താൻ തട്ടിയകറ്റിയത്… തന്റെ ശരീരമെന്ന അവളുടെ ആവശ്യത്തെയാണ് അവകാശത്തെ യാന്ന് താൻ അതിലൂടെ അവൾക്ക് നിഷേധിച്ചതെന്ന തിരിച്ചറിവ് വല്ലാതെ വീർപ്പുമുട്ടിച്ചവനെ.

” എനിയ്ക്കൊരു ഗ്ലാസ് കട്ടൻ ഉണ്ടാക്കി താ ഷെമീ… ഉറക്കം വരുന്നില്ല…

ആകുലതയോടെ തന്നിൽ തന്നെ
നോട്ടമെയ്തിരിക്കുന്ന ഷെമീനയുടെ ശ്രദ്ധ തന്നിൽ നിന്നകറ്റാൻ വേണ്ടി ഷാനവാസ് പറഞ്ഞതും വേഗത്തിൽ റൂം തുറന്ന് അടുക്കളയിലേക്ക് നടന്നു ഷെമീന…

“എന്താ ഉമ്മീ… ഉമ്മി എങ്ങോട്ടാ ഈ രാത്രിയിൽ…?

മൂത്ത മകൾ ഷെമീനയോട് തിരക്കുന്നത് റൂമിലിരുന്ന് കേട്ടതും അക്കിടി പറ്റിയതുപോലൊരു ഭാവം തെളിഞ്ഞു ഷാനവാസിൽ…

പ്ലസ്ടു പരീക്ഷയാണ് മൂത്തവൾക്ക്…. രാത്രിയേറെ വൈകിയും അവൾ പഠിക്കാനിരിക്കാറുണ്ടെന്ന് ഷെമിന പറഞ്ഞതപ്പോഴാണ് അവനോർക്കുന്നത് തന്നെ….

“എന്തു പറ്റി ഉപ്പച്ചീ… എന്തിനാ ടെൻഷൻ…..?

ഒട്ടും വൈകാതെയൊരു ചോദ്യത്തോടെ മകൾ മുറിയിലേക്ക് വന്നതും അവളെ ആദ്യമായ് കാണുന്നതുപോലെ സൂക്ഷിച്ചു നോക്കി ഷാനവാസ്….

തന്റെ മകൾ തന്നോളം വളർന്നിരിയ്ക്കുന്നു… കുട്ടിത്തം നിറഞ്ഞു നില്പുണ്ട് അവളുടെ മുഖത്തെങ്കിലും കൗമാരം പിന്നിട്ടൊരു യുവതിയുടെ എല്ലാ തുടിപ്പുകളുമുണ്ടവളിൽ…

“എന്താ ഉപ്പച്ചിയ്ക്ക് പറ്റീത്…. ?
ഇങ്ങനെ മിണ്ടാതെയിരിക്കുന്ന ഞങ്ങളോട് തമാശകൾ പറയാതിരിയ്ക്കുന്ന ഉപ്പച്ചിയെ ഞാനിന്നേവരെ കണ്ടിട്ടില്ല….. സത്യം പറ എന്താ ഉപ്പച്ചിയുടെ ടെൻഷൻ… ഇല്ലാന്ന് ഉപ്പച്ചി പറഞ്ഞാലും ഉണ്ടെന്നെനിയ്ക്കുറപ്പാണ്… ”

“ഉപ്പാന്റെ പ്രശ്നം മകളായ ഞാനറിയുന്നതിൽ ഉപ്പായ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോട് ഷെയറു ചെയ്യണ്ടത്…. പകരം ഉമ്മിയോട് പറഞ്ഞാൽ മതി…. ഓരോ ദിവസവും ഉപ്പ സൗദീന്ന് ലീവിനുവരുന്നതും നോക്കി കാത്തിരിക്കുന്ന ഉമ്മച്ചിയ്ക്ക് ഉപ്പ ഇന്നു വന്നപ്പോൾ പക്ഷെ സങ്കടാണ്… അതിനു കാരണം ഇന്നു വന്നപ്പോൾ മുതൽ ഉപ്പച്ചിയിലുള്ള ഈ ടെൻഷനും ആരോടുമധികം മിണ്ടാതെയുള്ള ഇരിപ്പുമൊക്കെയാണ്….”

“ഉപ്പയുടെ ടെൻഷൻ എന്താണെങ്കിലുമത് ഉമ്മിയോട് പറയ് ട്ടോ…. ഷാനൂന്റെ ഷെമിയല്ലേ അത്…. എന്തു പ്രശ്നത്തിനും പരിഹാരമുണ്ട് അവിടെ…
പോട്ടെ ….അപ്പോൾ നാളെ രാവിലെ ഞാൻ കാണുമ്പോൾ എന്റെ ഉപ്പച്ചി ഞങ്ങളുടെ ആ പഴയ ഉപ്പച്ചി ആയിട്ടിരിക്കണം…. നമ്മുടെ സണ്ണി ഡോക്ടർ പറയുന്ന പോലെ നല്ല ഓജസ്സും തേജസ്സും ചിരി തമാശകളുമുള്ള ഞങ്ങളുടെ ഉപ്പച്ചിയാവണം… ഞങ്ങളുടെ സന്തോഷവും സമാധാനവുമെല്ലാം ആ ഉപ്പച്ചിയിലാണ്….”

ഷാനവാസിന്റെ കവിളിലുമ്മ വെച്ച് അവിടുന്നിറങ്ങി മകൾ പോയിട്ടും അവൾ പറഞ്ഞിട്ടു പോയ കാര്യങ്ങളിൽ കുടുങ്ങി നിന്നു അവന്റെ മനസ്സ്…

‘നമ്മുടെ കുഞ്ഞോള് വല്ലാതെ വളർന്നു പോയ് ഷെമീ…. എന്നെ കാര്യമായിട്ട് ഉപദേശിക്കാനൊക്കെയായവൾ….. വല്യ മനുഷ്യ ത്തിയായ്…

ചായ കൊണ്ടുവന്ന ഷെമിയോടു പറയുമ്പോൾ അതുവരെ ഷാനവാസിൽ നിന്നകന്നു നിന്ന അവന്റെ യാ ചിരിയുണ്ടവന്റെ മുഖം നിറയെ… ആ നിറഞ്ഞ ചിരിയിലേക്കാണ് ഷെമീന കൊതിയോടെ നോക്കിയത്… കാരണം ഇന്നവൻ നാട്ടിലെത്തിയതിനു ശേഷം അങ്ങനൊരു ചിരി അവന്റെ മുഖത്ത് അവൾ കാണുന്നത് ഇപ്പോഴാണ്… ആ കാഴ്ച്ചയിൽ അവളറിയാതെ നിറഞ്ഞു അവളുടെ ഇരുമിഴികളും…

“അവള് ശരിയ്ക്കും ഷാനുക്കയെ പോലെയാണ്… ഇവിടെയെനിയ്ക്കൊപ്പം ഏതൊരു കാര്യത്തിനും കട്ടയ്ക്ക് കട്ട
നിൽക്കുന്നതവളാണ്… ഷാനവാസിന്റെ ആൺക്കുട്ടീന്നാണ് ഇങ്ങളുടെ ഉമ്മച്ചി പോലും അവളെ വിളിയ്ക്കുന്നതെന്ന് അന്ന് ഞാൻ വിളിച്ചപ്പോൾ ഷാനിക്കയോട് പറഞ്ഞില്ലായിരുന്നോ…. ”

തന്റെ മുഖത്തു തെളിഞ്ഞ ഒരു ചിരിയിൽ അത്രമേൽ സന്തോഷിച്ച് വാതോരാതെ സംസാരിക്കുന്നവളെ തന്നോടു ചേർത്തു പുണർന്നു ഷാനവാസ്…

വർഷങ്ങൾക്കിപ്പുറം അവളിലെ കാണാകാഴ്ചകൾ തേടിയലഞ്ഞ് ആ ശരീരത്തിൽ തന്നെയവൻ തളർന്നുറങ്ങുമ്പോൾ മനസ്സിലുറപ്പിച്ചിരുന്നു സ്വദേശിവത്ക്കരണം മൂലം സൗദിയിൽ നിന്ന് താനിത്തവണ ലീവിനു വന്നതല്ലാന്നും പകരം ജോലി നഷ്ടപ്പെട്ടിട്ട് വന്നതാണെന്നും അവരെ അറിയിക്കാൻ…

“ഉപ്പയിനി ഗൾഫിലേക്ക് മടങ്ങി പോവാതെ വെറും നാട്ടുക്കാരനായ് ഇവിടുത്തെ എന്തെങ്കിലും പണിയെടുത്ത് നിങ്ങളുടെ കൂടെ ജീവിക്കുന്നതിനെ പറ്റി എന്താണ് കുഞ്ഞോളെ നിന്റെ അഭിപ്രായം…?

രാവിലെത്തെ ചായകുടിയ്ക്ക് എല്ലാവരും ഡൈനിംങ് ടേബിളിൽ ഒത്തുചേർന്നിരുന്നതും കഴിഞ്ഞ കുറച്ചു മാസങ്ങളായ് മനസ്സിനെ മദിച്ചു കൊണ്ടിരുന്ന ആ ചോദ്യം തുറന്നു ചോദിച്ചു ഷാനവാസവരോട്….

“ഉപ്പച്ചിയിനി സൗദിയിലേക്ക് തിരികെ പോവുന്നില്ലാന്നല്ലേ ഇപ്പോഴി പറഞ്ഞത്….?

ഒട്ടും ആമുഖമില്ലാതെ കുഞ്ഞോൾ ചോദ്യം തിരികെ ചോദിച്ചതിന് അതേയെന്ന് തലയിളക്കുമ്പോൾ ഷാനവാസിന്റെ നോട്ടം മുഴുവൻ അവളിൽ തന്നെയാണ്…

ജോലി നഷ്ടപ്പെടും എന്നായപ്പോഴും ഭയന്നത് അവളെയോർത്താണ്… അവളുടെ തുടർപഠനവും വിവാഹവുമെല്ലാം ഒരു ചോദ്യചിഹ്നമായ് മുന്നിൽ നിൽക്കുന്നതു കൊണ്ടു തന്നെയാണ് ജോലി നഷ്ടപ്പെടും എന്നായിട്ടും നഷ്ടപ്പെട്ടിട്ടും അതിവിടെ ഇവരുടെ മുന്നിലവതരിപ്പിക്കാൻ തനിയ്ക്ക് ധൈര്യമില്ലാതെ പോയത്…

ചെറിയ മോൾക്ക് പത്തു വയസ്സ് ആവുന്നതേയുള്ളു…. പടച്ചവൻ ആയുസ്സും ആരോഗ്യവും തന്നാൽ തനിയ്ക്കീ നാട്ടിൽ നിന്നായാലും അവൾക്കു വേണ്ടി ഉണ്ടാക്കാനുള്ള സമയമുണ്ട്… മൂത്തവളുടെ കാര്യം പക്ഷെ അങ്ങനെയല്ല… ഇപ്പോഴേ അവളെ കല്യാണമാലോചിച്ച് ഓരോരുത്തര് വരുന്നുണ്ട്…

“കഴിഞ്ഞോ ഉപ്പച്ചിയുടെ ആലോചന….?

ചിന്തകൾ മനസ്സിനെ നിയന്ത്രിച്ചതും ഇരിയ്ക്കുന്നിടം മറന്നു പോയ ഷാനവാസിന്റെ കയ്യിൽ മൃദുവായ് തട്ടി കുഞ്ഞോൾ

“ഉപ്പച്ചി ഇത്ര നേരവും ചിന്തിച്ചത് എന്നെ പറ്റിയല്ലേ…?
എന്റെ പoനം കല്യാണം ഇതൊക്കെ നിറഞ്ഞു വന്നില്ലേ ഉപ്പച്ചിയുടെ ഉള്ളിലിപ്പോൾ…?

ഷാനവാസിൽ നിന്ന് കണ്ണെടുക്കാതെയവൾ ചോദിച്ചതിന് അതു സമ്മതിച്ചു കൊടുക്കും പോലെ തലയാട്ടിയയാൾ…

“ഉപ്പച്ചിയുടെ ജോലി പോവാൻ സാധ്യതയുണ്ടെന്ന് ഉപ്പച്ചി പറയാതെ അറിഞ്ഞവരാണ് ഞങ്ങൾ… വാർത്തകൾ ഞങ്ങളും കാണുന്നതല്ലേ ഉപ്പാ… ഞങ്ങൾക്കെന്നുമിഷ്ടം ഉപ്പ ഞങ്ങളുടെ ഒപ്പമുള്ളതാണ്…

അയാളുടെ ഇരുപുറവും ചേർന്നിരുന്ന് മക്കൾ രണ്ടാളും പറയുമ്പോൾ ഷെമീനയെ തേടിചെന്നു ഷാനവാസിന്റെ മിഴികൾ…

“ആദ്യം ഇക്കാന്റെ വീടിനു വേണ്ടിയും ഇപ്പോൾ നമ്മുടെ ഈ വീടിനു വേണ്ടിയും എന്റിക്ക വർഷമെത്ര ആ മണ്ണിൽ തനിച്ച് കഴിഞ്ഞു.. ഇനിയത് വേണ്ട… ഇവിടെ ഒരുമിച്ച് ഉള്ളതുകൊണ്ട് സന്തോഷത്തോടെ പോവാം നമ്മുക്ക്…”

എവിടെയും ഒറ്റപ്പെടുത്താതെ എല്ലാവരും അവനെ ചേർത്തു പിടിയ്ക്കുമ്പോഴും ഭാവി ഒരു ചോദ്യമായ് അവശേഷിച്ചു അവനിൽ…

ഉപ്പച്ചി ആലോച്ചിക്കുന്നത് എന്നെ പറ്റിയാണെങ്കിൽ ഞാനാഗ്രഹിയ്ക്കുന്ന കോഴ്സിന് മെറിറ്റിൽ സീറ്റു മേടിക്കാൻ കഴിയുമെന്ന വിശ്വാസവും ഉറപ്പും എനിയ്ക്കുണ്ട്… അതുപോലെ എന്റെ ആവശ്യങ്ങൾക്ക് വേണ്ട പൈസയും ഓൺലൈൻ ട്യുഷൻ വഴി ഞാനുണ്ടാക്കുന്നുണ്ട്…. കൂടാതെ അത്യാവശ്യമൊരു സമ്പാദ്യം ഉപ്പയറിയാതെ ഉമ്മച്ചിയ്ക്കും ഉണ്ട്… തയ്ച്ചും പച്ചക്കറി വില്പനയും കോഴിമുട്ട വില്പനയുമൊക്കെയായിട്ട് കുറച്ചുണ്ടത്… അതിന്റെയൊപ്പം ഉപ്പച്ചി അയക്കുന്നത് മിച്ചം പിടിക്കുന്നതുമുണ്ട്… അതെല്ലാം ചേർത്ത് ഉപ്പയുടെ കയ്യിൽ മിച്ചം ഉണ്ടെങ്കിൽ അതുമെടുത്ത് ഉപ്പാക്ക് ചെയ്തു വിജയിപ്പിക്കാൻ
കഴിയും എന്നുറപ്പുള്ള എന്തെങ്കിലും ഒന്ന് ഉപ്പയും തുടങ്ങിയാൽ പിന്നെന്താ ഉപ്പാ ഇവിടെ പ്രശ്നം… ഇത് നമ്മുടെ വീടും ഇവിടുള്ളത് നമുടെ പ്രശ്നങ്ങളുമാണ്… അത് നമ്മളൊന്നായ് ചേർന്ന് പരിഹരിച്ചാൽ നിസ്സാരമായ് തീർന്നു പോവുന്നതേയുള്ളു… ഗൾഫുക്കാരനായ രണ്ടു മൂന്നുവർഷത്തിലൊരിക്കൽ മാത്രം ഞങ്ങളെ കാണാൻ വരുന്ന ഉപ്പച്ചിയെക്കാൾ ഞങ്ങൾക്കാവശ്യവും ഇഷ്ടവും ഞങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടാവുന്ന ഉപ്പച്ചിയെ ആണ്… ഞങ്ങൾക്കായ് ജീവിയ്ക്കുന്ന ഉപ്പച്ചിയുടെ ചിരിയും സന്തോഷവുമാണ്….”

പ്രായത്തിലും ഏറെ പക്വതയോടെ കുഞ്ഞോൾ വിശദീകരിക്കുമ്പോൾ ഷാനവാസ് തിരിച്ചറിയുകയായിരുന്നു താനൊന്ന് തളർന്നാൽ തന്നെ താങ്ങാനും തനിയ്ക്ക് തണലാവാനും ഒരു മോളുണ്ടെന്നത്… ഏതൊരാൺകുട്ടിയ്ക്കും തുല്യമാണ് തന്റെ മകളെന്ന്…

തന്റെ സ്വർഗ്ഗം തന്റെയീ വീടാണെന്ന്…

ചേർത്തു പിടിയ്ക്കാൻ… കൂടെ നിർത്താൻ …ഒരു കുടുംബം തന്നെ സ്വന്തമായുളളവന് ഇനിയെന്തിന് ഭയം…

ആ തിരിച്ചറിവിൽ ഇനിയൊരിക്കലും മങ്ങാത്തൊരു ചിരി സ്ഥാനം പിടിച്ചു ഷാനവാസിൻ്റെ മുഖത്തും….. ഇനിയത് മായില്ല…. ഉറപ്പ്…

✍️രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *