ഇന്നലെ തീരെ പ്രതീക്ഷിക്കാതെ ഞാനെന്റെ ആദ്യബന്ധത്തിലെ മോളെ കണ്ടു…
ഡിവോഴ്സ് കഴിഞ്ഞ് ഇറങ്ങി പോകുമ്പോൾ ഭർത്താവിന്റെ കൈയിൽ ഇരുന്ന് കരയുന്ന രണ്ടുവയസ്സുകാരി കുഞ്ഞായിരുന്നവൾ
പിന്നെ അങ്ങോട്ട് പന്ത്രണ്ട് വർഷങ്ങൾ ഞാനവളെ കണ്ടില്ലെന്ന് പറഞ്ഞാൽ ഞാനെന്തൊരമ്മയാണെന്ന് നിങ്ങൾ കരുതിയേക്കാം…
ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞ നാല് വർഷങ്ങൾ എങ്ങനെ തള്ളിനീക്കിയെന്ന് എനിക്കിന്നും ആലോചിക്കാൻ കഴിയില്ല.
ഭർത്താവിന്റെ അച്ഛനും അമ്മയും കൂടാതെ, അച്ഛന്റെ വിവാഹം കഴിക്കാത്ത സഹോദരിയും,അവിടെ ഉണ്ടായിരുന്നു.
അവിടെ ചെന്ന് ദിവസങ്ങൾക്കുള്ളിൽ എനിക്ക് മനസ്സിലായി, അവിടുത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഭർത്താവിന്റെ അമ്മയും ആന്റിയും കൂടിയാണെന്ന്.ബാക്കിയുള്ളവർ അവരെ അനുസരിക്കാൻ മാത്രമുള്ളവരും.
അവിടുത്തെ അച്ഛൻ വെറുമൊരു പാവം മനുഷ്യനാണ്.
ഭാര്യയും സഹോദരിയും പറയുന്നത് കേട്ട് അതിനൊത്ത് തുള്ളാൻ മാത്രം അറിയാവുന്ന ഒരാൾ…
ഞാൻ ചെന്ന് ഒരു മാസത്തിനുള്ളിൽ അവർ, ഞാൻ ജോലിക് പോകുന്നത് നിർത്തിച്ചു.
അച്ഛനെപോലെ പാവം ആയിരുന്നു
എന്റെ ഭർത്താവ്.
അമ്മയും ആന്റിയും പറയുന്നതിനപ്പുറം അദ്ദേഹത്തിന് ഒന്നുമില്ല…
പുറത്ത് പോകാൻ പോലും സമ്മതിക്കില്ല.
ഒന്ന് വീട്ടിൽ പോകണമെങ്കിൽ ഒരാഴ്ച്ച അമ്മയുടെ പിറകെ നടക്കണം.
എന്നെ അന്വേഷിച്ചു കയറി വരാൻ എനിക്ക് അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ…
അച്ഛൻ വരുമ്പോൾ അമ്മയും ആന്റിയും
ഒരു ബഹുമാനവും കൊടുക്കില്ല…
എന്നെപ്പറ്റി കുറ്റം മാത്രം പറയും .
അച്ഛൻ എന്നോട് ഒന്നുമാത്രം പറഞ്ഞിട്ടുണ്ടായിരുന്നു.
നിനക്ക് ഇവിടെ പറ്റില്ലെന്ന് തോന്നിയാൽ തിരിച്ചു പോന്നേക്കണം,അച്ഛൻ വീട്ടിലുണ്ടാകുമെന്ന്.
മാക്സിമം സഹിക്കാനും ക്ഷമിക്കാനുമുപദേശിക്കുന്ന സ്ത്രീ ഹൃദയം തന്നെയായിരുന്നു എന്നിലും പ്രവർത്തിച്ചിരുന്നത്.
ക്ഷമിച്ചു, സഹിച്ചു.
ആ വീട്ടിലെ മുഴുവൻ ഉത്തരവാദിത്തവും എന്റെ തലയിലേക്ക് വച്ച് തന്നു.
അടുക്കളപ്പണി മുഴുവൻ ഒറ്റക്ക് ചെയ്യണം.
വീടിന്റെ അടുത്ത് തന്നെ
പശുഫാം നടത്തുന്നുണ്ട് പുല്ല് ചെത്താനും പശുവിനെ കുളിപ്പിക്കാനും ഒരു ഹിന്ദിക്കാരനെ വച്ചിട്ടുണ്ട്.
എങ്കിലും എന്നെക്കൊണ്ട് കൂടെ അതൊക്കെ ചെയ്യിക്കും.
ചുരുക്കി പറഞ്ഞാൽ പണിയെടുത്ത് മടുക്കും.
ആഹാരം വയർ നിറയെ കഴിക്കാൻ കൊതി തോന്നുമായിരുന്നു.
ഞങ്ങൾക്ക് ഒരു മോൾ ജനിച്ചു.
പക്ഷെ ഒന്നെടുക്കാനോ കൊഞ്ചിക്കാനോ പോലും എന്റെ കൈയിൽ തരില്ല. ആകെ പാല് കുടിപ്പിക്കാൻ മാത്രം തരും. കുഞ്ഞിനെ അവർക്കെല്ലാം ജീവനായിരുന്നു.
പക്ഷെ അമ്മയായ എനിക്ക് എന്റെ കുഞ്ഞിൽ ഒരധികാരവും ഇല്ലാത്തത് പോലെ..
പ്രതികരിച്ചു ഞാൻ. കാരണം ഞാൻ അവളുടെ അമ്മയായിരുന്നു.
നമുക്ക് ഒരു വീടെടുത്ത് മാറാമെന്ന് ഞാൻ ഭർത്താവിനോട് പറഞ്ഞു.
അവരെയെല്ലാം ഒറ്റക്ക് വിട്ടിട്ട് എങ്ങനെ പോരുമെന്ന് ചോദിച്ച് അദ്ദേഹം കണ്ണുനിറച്ചു.
ഇത്രയും പാവം മനുഷ്യന്റെ കൂടെ ഇവിടെ ജീവിച്ചാൽ എനിക്ക് ഭ്രാ.ന്ത് പിടിക്കുമെന്ന് തോന്നി.
സഹിക്കെട്ടപ്പോൾ കുഞ്ഞിനേയും എടുത്ത് ഞാനെന്റെ വീട്ടിൽ പോയി.
ഡിവോഴ്സ് നോട്ടിസ് വന്നപ്പോൾ ധൈര്യത്തോടെ ഒപ്പിട്ടു കൊടുത്തു.
ആ നരകം എനിക്കിനി വേണ്ടെന്ന് ഉറപ്പിച്ചിരുന്നു.
ചെറിയ കുട്ടിയായതുകൊണ്ട് കുഞ്ഞിനെ എനിക്ക് കിട്ടുമെന്നാണ് ഞാൻ കരുതിയത്.
പക്ഷെ പെൺകുഞ്ഞായിട്ടും, ചെറിയ കുട്ടി ആയിട്ടും, കുഞ്ഞിനെ
അവളുടെ അച്ഛനാണ് വളർത്താൻ യോഗ്യൻ എന്ന് കോടതി പറഞ്ഞു. എനിക്ക് കുഞ്ഞിനെ കാണാനുള്ള അവകാശം മാത്രം.
കാരണം ഞാൻ കുഞ്ഞിനെ കൊണ്ടുപോയതിനു ശേഷം കുഞ്ഞ് വീണ് കൈയ്യുടെ എല്ലിന് ചെറിയ പൊട്ടൽ ഉണ്ടായിരുന്നു.
എനിക്കൊപ്പം കുഞ്ഞിനെ നിർത്തുന്നത് കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാണെന്ന് വാദിച്ചപ്പോൾ ഞാൻ ആകെ തകർന്നു പോയി.
എനിക്ക് വരുമാനമില്ല, സമ്പത്തില്ല. ഇതെല്ലാമുള്ള അവളുടെ അച്ഛനാണത്രേ അവളെ വളർത്താൻ യോഗ്യനെന്ന്…
പലവട്ടം ഞാനാ വീട്ടിൽ കയറിച്ചെന്നു കുഞ്ഞിനെ ഒന്ന് കാണിക്കാൻ പറഞ്ഞു, അപ്പോഴെല്ലാം അവിടുത്തെ അമ്മയുടെയോ ആന്റിയുടെയോ കയ്യിലായിരിക്കും കുഞ്ഞ്.
ഞാനില്ലാത്ത വിഷമംകുഞ്ഞിനെ അറിയിക്കുന്നില്ലെന്ന് കുഞ്ഞിനെ കണ്ടാൽ അറിയാമായിരുന്നു…
അവർ മാത്രം മതിയായിരുന്നു കുഞ്ഞിനും.
കാണാൻ മാത്രമുള്ള അനുവാദമേ തന്നുള്ളൂ ഞാൻ പ്രസവിച്ച എന്റെ കുഞ്ഞിനെ
ഒന്ന് കയ്യിൽ തരാൻ പോലും അവർ കൂട്ടാക്കിയില്ല.
ജീവിതം അവസാനിപ്പിക്കാൻ വരെ തോന്നി. അപ്പോഴാണ് സുഹൃത്തുക്കൾ മുഖാന്തരം വിദേശത്തേക്ക് പോയത്.
മോളെ കാണാൻ ഉള്ളം തുടിക്കുമ്പോൾ
മോളുടെ ഫോട്ടോസ് എടുത്ത് നോക്കും.
ഒരിക്കൽ നാട്ടിൽ വന്നപ്പോൾ മോളെ കാണാൻ ചെന്ന എനിക്ക് മുൻപിൽ ആ വാതിൽ അടഞ്ഞു തന്നെ കിടന്നു.
സ്കൂളിൽ പോയിട്ട് വരുമ്പോൾ കാണാമെന്നു കരുതി കാത്തു നിന്നെങ്കിലും കാണാൻ പറ്റിയില്ല.
പിന്നെ ഇന്നാണ് ഞാനെന്റെ മോളെ കണ്ടത്.
അവൾ ചിരിയോടെ എന്റെ അരികിലേക്ക് വന്നു.
എന്നെ കെട്ടിപ്പിടിച്ചു.
അമ്മ എപ്പോഴാണ് വന്നതെന്ന് ചോദിച്ചു.
എനിക്ക് അത്ഭുതം തോന്നി, അത്രയും കുട്ടി ആയിരിക്കുമ്പോൾ അവൾ എന്നെ കണ്ടതാണ്. എന്നിട്ടും അവൾ അമ്മയെ തിരിച്ചറിഞ്ഞിരിക്കുന്നു
അച്ഛൻ എപ്പോഴും അമ്മയെ കുറിച്ച് പറയുമെന്നവൾ പറഞ്ഞു.
മുത്തശ്ശൻ മരിച്ചു.
അവൾ നിർത്താതെ എന്നോട് സംസാരിച്ചു.
എനിക്കവളെ കണ്ടിട്ട് കൊതി മാറുന്നില്ലായിരുന്നു…
ഞാൻ പോകുവാ അമ്മേ…
സ്കൂളിൽ നിന്നും വൈകി ചെന്നാൽ അച്ഛൻ വിഷമിക്കും.
ഞാൻ എന്റെ മകൾക്കായി കരുതിയതെല്ലാം അവൾക്ക് കൊടുത്തു.
അച്ഛൻ??
എപ്പോഴും പറയും അമ്മ അവിടെ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച്, അച്ഛന് തീരെ സുഖമില്ല. അച്ഛനെന്തെങ്കിലും സംഭവിച്ചാൽ അമ്മയുടെ കൂടെ പൊയ്കൊള്ളണമെന്ന് ഇടയ്ക്കു പറയും.
എന്താ പറ്റിയത് മോളുടെ അച്ഛന്..??
കിഡ്നി രണ്ടും ഡാമേജ് ആണ്.
മാറ്റി വയ്ക്കുകയെ നിർവാഹമുള്ളൂ…
ഞാനെന്റെ മകളെ നോക്കുകയായിരുന്നു കേവലം 12 വയസ്സ് മാത്രമുള്ള എന്റെ കുട്ടി എത്ര പക്വതയോടെയാണ് സംസാരിക്കുന്നത്.
പിറ്റേന്നാണ് അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞത്.
ഞാൻ പോയി. ആ രണ്ട് സ്ത്രീജന്മങ്ങൾ അദ്ദേഹത്തിന്റെ അരികിൽ ഇരുന്ന് കരയുന്നുണ്ടായിരുന്നു.
മോളെ അവിടെങ്ങും കണ്ടില്ല.
ഞാൻ അകത്തേക്ക് ചെന്നു.
അവൾ മുറിയിൽ ഇരിക്കുകയാണ്.
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.
ഇന്നലെയും അച്ഛൻ അമ്മയെക്കുറിച്ച് എഴുതി.
അവൾ ഒരു ഡയറി എനിക്ക് നേരേ നീട്ടി…
ഞാൻ പോയതിനു ശേഷമുള്ള ഓരോന്നും അദ്ദേഹം കുറിച്ചിട്ടുണ്ടായിരുന്നു.
എന്നോട് സംസാരിക്കുന്നതു പോലെയാണ് ഓരോ എഴുത്തും…
എന്റെ കണ്ണ് നിറഞ്ഞു.
ചടങ്ങുകൾ കഴിഞ്ഞ് ഞാൻ ഇറങ്ങുമ്പോൾ എന്റെ കൈയിൽ മകളുടെ കൈയ്യും കോർത്തു പിടിച്ചിട്ടുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ഡയറിയുടെ അവസാന താളിൽ ഇങ്ങനെ എഴുതിയിരുന്നു…
സ്വാർത്ഥതയുടെ പര്യായം ആയിരുന്നെങ്കിലും എനിക്കെന്റെ അമ്മയെയും ആന്റിയെയും ഉപേക്ഷിക്കാൻ ആവില്ലായിരുന്നു.
പിന്നെ പാവം എന്റെ അച്ഛനെയും…
ഞാൻ അങ്ങനെ കഴിവില്ലാത്ത ഒരുവൻ ആയിപ്പോയി. ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു.
നമ്മുടെ മകളെ നന്നായി വളർത്തണം.
മരണത്തെ അദ്ദേഹം മുന്നിൽ കണ്ടത് പോലെ എനിക്ക് തോന്നി.
ഞാനെന്റെ മകളുടെ കൈ പിടിച്ചവിടെ നിന്നും ഇറങ്ങി.
സ്വാർത്ഥരായ ആ രണ്ട് സ്ത്രീ ജന്മങ്ങളെ ഞാനൊന്ന് നോക്കിയത് പോലുമില്ല.
പക്ഷെ എന്റെ മകൾ അവരെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു..
അവളും അദ്ദേഹത്തെ പോലെ…
വെറും പാവമാണ്.
പ്രിയപ്പെട്ടവരെ ഉപേക്ഷിക്കാൻ കഴിയാത്ത,
അവർക്കായി സ്വന്തം ജീവൻ വരെ കളയുന്നത്ര പാവം.
അദ്ദേഹത്തിന് അതറിയാവുന്നതുകൊണ്ടാകണം അമ്മയോടൊപ്പം പോകണമെന്ന് മകളെ പറഞ്ഞേൽപ്പിച്ചത്…
എന്റെ മകൾ ഇനി എനിക്കൊപ്പമാണ്.
ആരെക്കാളും കൂടുതൽ സ്വയം സ്നേഹിക്കാൻ ഇനി എനിക്കവളെ പഠിപ്പിക്കണം……
✍️Anju Thankachan
