“ദാ വരുന്നുണ്ട് സുധീഷേ …. നിനക്ക് ജനിക്കാതെ പോയ നിന്റെ മകൻ…
അർജന്റായ് പണി തീർത്ത് കൊടുക്കേണ്ടൊരു കാറിന്റെ കംപ്ലയിന്റ് ചെക്ക് ചെയ്തു നോക്കുന്നതിനിടയിൽ അനസ് സുധീഷിനു കേൾക്കാൻ മാത്രം പോന്നൊരു ശബ്ദത്തിൽ ചിരിയോടെ പറഞ്ഞതു കേട്ട് മുഖമുയർത്തി സ്കൂൾ റോഡിലേക്ക് നോക്കി സുധീഷ്….
വിടർന്നു പോയവന്റെ കണ്ണുകൾ… ഒപ്പം തെളിഞ്ഞൊരു പുഞ്ചിരി ചുണ്ടിലും…
സ്ക്കൂൾ ബാഗും ലഞ്ചും ബാഗും തോളിലും കയ്യിലും തൂക്കി അലസമായ് എന്നാൽ വേഗത്തിൽ നടന്നു വരുന്നൊരു അഞ്ചു വയസുക്കാരനിൽ ഉടക്കി നിന്നു അവന്റെ കണ്ണുകൾ….
എന്നും അവനൊപ്പം ഉണ്ടാവാറുള്ള അവന്റെ ഉമ്മ ഇന്നവനൊപ്പം ഇല്ല എന്നു കണ്ടതും സംശയത്താൽ സുധീഷിന്റെ നെറ്റിത്തടമൊന്ന് ചുളിഞ്ഞു…..
“ഇച്ചു കുട്ടാ…. ഇതെന്താ ഇന്ന് ഒറ്റയ്ക്ക് പോണത്…. മോന്റെ ഉമ്മ വന്നില്ലേ ഇന്ന് സ്കൂളിലേക്ക് മോനെ കൂട്ടാൻ…?
സുധീഷിന്റെ ഉള്ളിലെ ചോദ്യമറിഞ്ഞതു പോലെ അനസ് അല്പം ഉറക്കെ വിളിച്ചു ചോദിച്ചതും അലസംറോഡിലൂടെ നടന്ന കുട്ടിയുടെ നോട്ടം അനസിലെത്തി..
സ്ഥിരമായ് അതുവഴി പോക്ക് വരവുള്ളത് കൊണ്ട് ഇച്ചു എന്ന ഇഷാന് കണ്ടും മിണ്ടിയും പരിചയമുണ്ട് അനസിനെയും ഒപ്പം സുധീഷിനെയും….
എന്നും നിറഞ്ഞ പ്രസരിപ്പോടെ തങ്ങൾ കാണാറുള്ള ആ കുഞ്ഞിന്റെ മുഖത്തിന്ന് ആ പ്രസരിപ്പില്ലെന്നു മാത്രമല്ല വല്ലാത്തൊരു ക്ഷീണവുമുണ്ടെന്ന് തോന്നി സുധീഷിന്….
“ഉമ്മച്ചിയ്ക്ക് സുഖമില്ല… അതോണ്ടാ ഇച്ചു ഒറ്റയ്ക്കായത്…
അനസിന്റെ ചോദ്യത്തിന് മറുപടി നൽകി സുധീഷിനെ നോക്കി ചിരിച്ചു ഇഷാൻ… ആ ചിരി കണ്ടതും വല്ലാത്തൊരു നോവ് തിങ്ങി സുധീഷിന്റെ ഉള്ളിൽ
എന്നും രാവിലെ സ്കൂൾ ബസ്സിന് സ്ക്കൂളിലേക്ക് പോവുന്ന ഇഷാനെ വൈകുന്നേരം തിരികെ കൂട്ടിക്കൊണ്ടു വരുന്നത് അവന്റെ ഉമ്മ ജസ്മിയാണ്…
കഴിഞ്ഞ രണ്ടു വർഷത്തെ നടക്കൽ കൊണ്ട് ഇഷാന് നല്ല പരിചയമുണ്ട് അനസിനെയും സുധീഷിനെയും…
എന്നും എന്തെങ്കിലും ഒക്കെ തങ്ങളോട് തമാശ പറഞ്ഞ് ചിരിയോടെ നടന്നു പോവുന്ന കുട്ടി ഇന്ന് കൂടുതലൊന്നും പറയാതെ വേഗത്തിൽ നടന്നു പോയതും മനസ് വല്ലാതെ അസ്വസ്ഥമായ് സുധീഷിന്….
“ഡാ അനസ്സേ…. നീ ഈ കാറൊന്ന് നോക്ക് ഞാനിപ്പോ തിരികെ വരാം…,
ഇച്ചു നടന്നു മറഞ്ഞതും പെട്ടന്നു വന്നൊരു ഓർമ്മയിൽ ഞെട്ടി ഓടി തന്റെ ബൈക്കിലേക്ക് കയറിയിരുന്നു അനസിനെ വിളിച്ചു സുധീഷ്…
എങ്ങോട്ടാണെടാ നീ ഇത്ര തിരക്കിട്ട്….?
സുധീഷിന്റെ വെപ്രാളം പൂണ്ട ഭാവം കണ്ട് അനസ് ചോദിയ്ക്കുമ്പോഴേക്കും ബൈക്ക് ഇരപ്പിച്ച് മുന്നോട്ടെടുത്തിരുന്നു സുധീഷ്….
ടാ…. ആ വളവിലെ പട്ടികൾ…..
അനസിനെ മറിക്കടന്ന് പാഞ്ഞു പോവുന്നതിനിടയിൽ സുധീഷ് വിളിച്ചു പറഞ്ഞതു കേട്ട് ഞെട്ടി അനസും….
പടച്ചോനെ…. ഇച്ചുമോൻ…
നെഞ്ചിൽ കൈ ചേർത്തു വിളിച്ചു പോയവൻ
വർക്ക്ഷോപ്പും കടന്ന് കുറച്ചു മുന്നോട്ട് പോവുമ്പോൾ ഇച്ചുവിന് കടന്നു പോവാനുള്ള വഴിയിൽഒരു വലിയ വളവുണ്ട്…. ആൾ താമസവുമില്ലവിടെ… അതു കൊണ്ടു തന്നെ തെരുവു നായകളുടെ വിളയാട്ടം ആണവിടെയെല്ലാം
ഇച്ചുവും ജസ്മിയും നടന്നു പോവുമ്പോൾ പോലും പലപ്പോഴും അവകുരച്ചെത്താറുണ്ട്… അങ്ങനെയുള്ളപ്പോൾ സഹയാത്രക്കാരോ അനസ്സോ ഒക്കെയാണ് അവരെ സഹായിക്കുക… ഇന്നു പക്ഷെ ഇച്ചു ഒറ്റക്കാണ്… കൂട്ടിനു പോലും ഒരാളാ വഴിയിലോ അവനൊപ്പമോ ഇല്ല….
സുധീഷ് പോയ വഴിയിലേക്കായ് അതോടെ അനസ്സിന്റെ ശ്രദ്ധയും…. സുധീഷ് ചെന്നതേ കണ്ടു വഴിയരികിൽ ഭയന്നു കരയാറായ് നിൽക്കുന്ന ഇച്ചുവിനെയും അവനു മുമ്പിലേക്ക് കുതിക്കാനൊരുങ്ങുന്ന പട്ടികളെയും….
ഇച്ചൂട്ടാ…..
ഒരു വിളിയോടെ സുധീഷ് ഇച്ചുവിനെ കയ്യിൽ കോരിയെടുത്തതും അവന്റെ ശരീരത്തിലേക് ഇറുക്കി പറ്റി ചേർന്നുറക്കെ കരഞ്ഞു ഇച്ചു…. അവനത്രമേൽ ഭയന്നിരുന്നു ഈ കുറച്ചു സമയം കൊണ്ടു തന്നെ….
കരയട്ടാട്ടോ… അതുങ്ങളൊന്നും ചെയ്യില്ല… മാമൻ വന്നില്ലേ…
തന്റെ ഉടലിൽ വിറച്ചു പറ്റി ചേർന്നു നിൽക്കുന്ന കുഞ്ഞിനെ ആശ്വസിപ്പിച്ചു സുധീഷ്…
ഇച്ചൂട്ടാ…. മോനെ…..
കരച്ചിലോടെയുള്ള വിളി കേട്ടതുംമുഖമുയർത്തിയ സുധീഷ് കണ്ടു ഞങ്ങൾ നിൽക്കുന്നിടത്തേക്ക് കരഞ്ഞ് വെപ്രാളം പൂണ്ട് ഓടി പാഞ്ഞ് വരുന്നവളെ…
ജസ്മീ….
ചുണ്ടുകളാ പേര് ഉരുവിടുമ്പോഴും സുധീഷിന്റെ നോട്ടം അവളുടെ നീരുവന്നു വീർത്ത മുഖത്തും ഓടിയെന്നോണം വരുന്ന അവളുടെ കാലിലെ ഇപ്പോൾ കാണുന്ന മുടന്തിലുമാണ്
ഉമ്മയുടെ മോന് ഒന്നും പറ്റില്ലല്ലോ അല്ലേ…?
ഒരു ചോദ്യത്തോടെ ഇച്ചുവിനെ ജസ്മി സുധീഷിന്റെ കയ്യിൽ നിന്ന് വാരിയെടുത്ത് ചോദിക്കുമ്പോഴും സുധീഷിന്റെ പകപ്പേറിയ നോട്ടം അവളുടെ മുഖത്തു തന്നെയാണ്…. ആ മുഖത്ത് തെളിഞ്ഞു കാണുന്ന കൈവിരൽപാടുകളിലേക്കാണ്….
അവന്റെയാ നോട്ടമറിഞ്ഞെന്നവണ്ണം തലയിലെ തട്ടമൊന്ന് ഇടം കവിളിലേക്ക് വലിച്ചിട്ടു ജസ്മി…
താങ്സ്….
അവളുടെ ചുണ്ടുകൾ അവനോടായ് പറഞ്ഞതും ഉള്ളിലുയർന്നൊരു പിടപ്പോടെ അവളെയൊന്നു കൂടി നോക്കാതെ വേഗം തന്റെ ബൈക്ക് സ്റ്റാർട്ടാക്കി സുധീഷ്…
വെല്ലിമ്മ ഉമ്മീനെ പിന്നേം തല്ലിയോ….?
ബൈക്ക് മുന്നോട്ടെടുക്കും നേരം ഇച്ചു ജസ്മിയോട് ചോദിക്കുന്നത് വ്യക്തമായ് കേട്ട സുധീഷിന്റെ കൈകൾ ആക്സിലേറ്ററിൽ വല്ലാതൊന്നു മുറുകി….
‘ഇതിപ്പോ എത്രാമത്തെ തവണയാടാ നമ്മളവിടെ വിഷം വെച്ചാ പട്ടികളെ കൊല്ലുന്നത്…. കുറച്ചു ദിവസം ഉണ്ടാവില്ല അതിങ്ങളുടെ ശല്യം… അപ്പോഴേക്കും എവിടുന്നെങ്കിലും തെണ്ടി തിരിഞ്ഞവിടെ വന്നു കൂടും ഈ നാട്ടിലുള്ള ബാക്കി തെരുവുനായകൾ….”
പട്ടികളെ കൊല്ലാനുള്ള വിഷം ഇറച്ചിയിൽ കലർത്തുന്ന സുധീഷിനെ സൂക്ഷിച്ചു നോക്കിയിട്ടാണ് അനസിന്റെ സംസാരം….
“പറ്റുമെങ്കിൽ നീയ്യിത്തിരി വിഷം ഇതിൽ നിന്നെടുത്ത് ജെസ്മിയുടെ അമ്മായി അമ്മ തള്ളയ്ക്ക് കൊടുക്ക്… പട്ടിയെ കൊണ്ടുള്ള ശല്യത്തെക്കാൾ ജസ്മിയ്ക്ക് ശല്യം ആ വൃത്തിക്കെട്ട തള്ളയെ കൊണ്ടാണ്…..
വീട്ടു വേലക്കാരിയെക്കാൾ താഴെയാണ് തള്ള അവൾക്ക് നൽകിയിരിക്കുന്ന സ്ഥാനം ആ വീട്ടിൽ…
“ആദ്യമൊക്കെ തള്ള വെറും നാക്കിട്ടലക്കൽ മാത്രമായിരുന്നു… പോയി പോയി ഇപ്പോഴത് ആ പെണ്ണിനെ അടിയ്ക്കുന്നതിലേയ്ക്കും ചവിട്ടുന്നതിലേക്കുമെല്ലാം എത്തീട്ടുണ്ട്….
ജസ്മിയെ ജീവനാണെങ്കിലും തള്ളയെ പേടിയുള്ള അവളുടെ കെട്ടിയവൻ നിസാം വാ തുറക്കില്ല തള്ളയ്ക്കെതിരെ…. അല്ല തുറന്നാൽ അതിനും കൂടിയുള്ളത് ആ തളള അവനില്ലാത്തപ്പോൾ അവൾക്കും പിന്നെയാ പൊടി കൊച്ചിനും കൊടുക്കും…. ഇന്നലെയും ഉണ്ടായിട്ടുണ്ട് അവിടെ തിരക്കെന്തോ… ജസ്മിയ്ക്ക് നന്നായിട്ട് കിട്ടിയിട്ടുണ്ട്…. വീട്ടിൽ ഉമ്മച്ചി പറയുന്നുണ്ടായിരുന്നു.. ”
സുധീഷിനറിയാനെന്നവണ്ണം വ്യക്തമായ് അനസ് വിവരിച്ചു പറയുന്ന ഓരോന്നും ചെന്നുകൊള്ളുന്നത് സുധീഷിന്റെ നെഞ്ചിൽ തന്നെയാണ്… ദേഷ്യം ഇരച്ചതും രക്തനിറമേറിച്ചുവന്നു സുധീഷിന്റെ മുഖം….
അവന്റെ ഭാവങ്ങളോരോന്നും വ്യക്തമായറിയുന്ന അനസിന്റെ ഉള്ളിലും തെളിഞ്ഞു ഒരു പ്രതീക്ഷയുടെ നേർത്ത നാളം….
അനസിന്റെ ചങ്കാണ് സുധീഷ്…. കുഞ്ഞു നാൾ മുതലേ കൂട്ടായവർ….
അനസിന്റെ അയൽവാസിയാണ് ജസ്മി….
കാണാൻ ഭംഗിയേറെയുള്ളൊരു പാവക്കുട്ടി പോലൊരുവൾ….
യൗവനത്തിന്റെ ആരംഭകാലം മുതൽ സുധീഷിന്റെ ഉള്ളിൽ അവൻ പോലും അറിയാതെ കയറി പറ്റിയതാണ് ജസ്മി….
ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ തകർത്ത് ഒരിക്കലും ജസ്മിയെ തനിയ്ക്ക് സ്വന്തമാക്കാൻ കഴിയില്ല എന്നുറപ്പായിരുന്നു സുധീഷിന്… അതു കൊണ്ടു തന്നെ ജസ്മിയോടുള്ള തന്റെ ഇഷ്ടവും പ്രണയവുമൊന്നും ആരോടും പങ്ക് വെച്ചില്ലവൻ… എന്തിന് ജസ്മിയ്ക്കു പോലും അറിയില്ല….
അവന്റേതു മാത്രമായ് അവൻ സൂക്ഷിച്ച അവന്റെ പ്രണയം…
ജസ്മിയുടെ വിവാഹം നിസാമുമായ് കഴിഞ്ഞ ദിവസം ആകെ തളർന്നും തകർന്നും പോയ സുധീഷിനെ കണ്ടാണ് അവന്റെ ഉള്ളിലെ പ്രണയത്തെ പറ്റി അനസ് സംശയിക്കുന്നതും അതിനെ പറ്റി തിരക്കുന്നതും…
നിസ്സഹായനായിരുന്നു അന്ന് അനസും
വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ജസ്മി ഒരു കുഞ്ഞിന്റെ അമ്മയായിട്ടും സുധീഷിന്റെ മനസ്സിൽ ഇന്നുംഅവളുണ്ട് നിറമൊട്ടും മങ്ങാതെ… അവൾക്കു പോലും അറിയാതെ….
ഡാ… സുധീഷേ…. ആ വളവിലുണ്ടായിരുന്ന പട്ടികളെല്ലാം ചത്തെ ടാ….
പിറ്റേന്നു രാവിലെ വർക്ക്ഷോപ്പ് തുറന്നയുടൻ സുധീഷിനോടായ് പറഞ്ഞിട്ടവന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി അനസ്…
“ചാവാൻ തന്നെയല്ലേടാ അവിടെ വിഷം വെച്ചത്… പിന്നതിത്ര പറയാനുണ്ടോ…?
തിരിച് അനസ്സിനോട് ചോദിക്കുമ്പോൾ സുധീഷിന്റെ മുഖത്ത് അനസിനു മാത്രം മനസ്സിലാവുന്നൊരു ചിരിയുണ്ട്….
“പട്ടിയ്ക്ക് വിഷം വെച്ചത് ചാവാനാണ്… സമ്മതിച്ചു…. അപ്പോ ആ തള്ളയ്ക്ക് കൊടുത്തത് ഏതു വകുപ്പിലാണ് … ചാവാനോ അതോ ഇപ്പോ കിടക്കും പോലെ കിടക്കാനോ….?
അവരുടെ രണ്ടു കയ്യിന്റെയും എല്ലുകൾ പൊട്ടി നുറുങ്ങിയിട്ടുണ്ട്…. ഒപ്പം വലത്തെ കാലിന്റെയും… വല്ലാത്തൊരു ചെയ്തായെടാ സുധീ…. ”
നിറഞ്ഞ ചിരിയോടെ പറയുന്ന അനസിനെ മറുപടിയില്ലാതെ നോക്കി നിന്നു സുധീഷ്….
”എന്തായാലും നിന്നെ സമ്മതിച്ചു… കാമുകിക്ക് വേണ്ടി കള്ളന്റെ വേഷം കെട്ടുക… എന്നിട്ടവളെ ദ്രോഹിക്കുന്ന അമ്മായി അമ്മ തള്ളയെ ആരുമറിയാതെ അടിച്ചൊതുക്കി ആശുപത്രിയിലാക്കുക…. നിനക്കേ പറ്റൂ സുധീ ഇതിനെല്ലാം…. സ്വന്തമല്ലാത്ത, ഇനിയൊരിക്കലും സ്വന്തമാവില്ലാത്ത ഒരുവൾക്ക് വേണ്ടി നീ അല്ലാതെ വേറൊരാൾ ഇങ്ങനൊന്നും ചെയ്യില്ലെടാ… നിനക്കെന്തു നേട്ടമാണെടാ സുധീ ഇതീന്ന് കിട്ടുന്നത്….?
ചോദിച്ചവസാനം തൊണ്ടയിടറി പോയ് അനസിന്….
“അവളെന്നും സന്തോഷമായിരുന്നാൽ മതിയെടാ എനിയ്ക്ക്… അതിനപ്പുറമൊന്നും വേണ്ട എനിയ്ക്ക്…ഒന്നും…”
തികച്ചും സാധാരണയായ് പറഞ്ഞു സുധീഷ് തന്റെ അന്നത്തെ ജോലി തുടങ്ങുമ്പോൾ അവന്റെ പ്രണയം അറിയാനും അനുഭവിക്കാനും ഭാഗ്യമില്ലാതെ പോയ ജസ്മിയെ ഓർത്ത് നെടുവീർപ്പിട്ടു അനസ്… ഓരോരോ വിധി വിളയാട്ടങ്ങൾ…. അല്ലാതെ എന്തു പറയാൻ……
✍️രജിത ജയൻ
