ഗവണ്മെന്റ് ആശുപത്രിയിലെ കിടക്കയിലിരുന്ന് അശോകേട്ടൻ ചൂട് കഞ്ഞി സ്പൂണിൽ കോരി വായിലേക്ക് വച്ചുതരുമ്പോൾ ഉള്ളു നിറയെ കുറ്റബോധം കൊണ്ട് നീറുകയായിരുന്നു. തൊണ്ടയിൽ കുടുങ്ങിയ കരച്ചിൽ പുറത്തേക്ക് വരാതെയിരിക്കാൻ ശ്രമിച്ചെങ്കിലും കണ്ണുനീർ നിയന്ത്രണമില്ലാതെ ഒലിച്ചിറങ്ങി കൊണ്ടിരുന്നു…
” താൻ സങ്കടപ്പെടാതെ രണ്ട് ദിവസം കഴിഞ്ഞു വീട്ടിൽ പോകാല്ലോ… ”
ചുണ്ടിലിരുന്ന വറ്റ് തുടച്ചുകൊണ്ട് ആ മനുഷ്യൻ പറയുമ്പോൾ ആശുപത്രി ആണെന്നോ, ചുറ്റും ആൾക്കാർ ഉണ്ടെന്നോയെന്നും നോക്കാതെ നിയന്ത്രണം വിട്ട് ആ മനുഷ്യനെ കെട്ടിപ്പിടിച്ചു കരഞ്ഞു….
” ഏയ് സങ്കടപ്പെടാതെ, എന്താ ഇത് ആൾക്കാർ നോക്കുന്നു…. ”
അങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ട് ആ മനുഷ്യനെന്റെ പുറം തടവിയിരുന്നു. കരച്ചിൽ നിർത്തി തല ഉയർത്തി നോക്കുമ്പോൾ അവിടുണ്ടായിരുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും നോട്ടം എന്നിലേക്ക് മാത്രമായിരുന്നു, നാണംകൊണ്ട് ആരുടെയും മുഖത്തേക്ക് നോക്കാതെ തല കുമ്പിട്ടിരിക്കുന്ന എനിക്ക് അശോകേട്ടൻ പിന്നെയും കഞ്ഞി തന്നുകൊണ്ടിരുന്നു…
” കെട്ടിയോന്റെയും, കെട്ടിയോളുടെയും കെട്ടിപ്പിടിത്തം കഴിഞ്ഞ് സമയം കിട്ടുകയാണെങ്കിൽ ഈ ഗുളികയൊന്ന് കഴിച്ചേക്കണേ… ”
ഗുളിക തന്ന് നേഴ്സ് പറയുന്നത് കേട്ടവിടെ ചിരി മുഴങ്ങിയപ്പോൾ, തലകുമ്പിട്ട് ഞാനും എനിക്കരികിൽ ആ മനുഷ്യനുമിരുന്നു…
” അമ്മ പുറത്ത് വന്നിട്ടുണ്ട് ഞാൻ വിളിച്ചിട്ട് വരാം… ”
കഞ്ഞി കുടിച്ച പാത്രം കഴുകി വരുമ്പോഴാണ് അതും പറഞ്ഞ് അശോകേട്ടൻ പുറത്തേക്ക് പോയത്…
” പേടിക്കേണ്ട അളിപ്പോ വരും… ”
നടന്നു പോകുന്ന അശോകേട്ടനേയും നോക്കിയിരിക്കുമ്പോഴാണ് അടുത്ത ബെഡിലെ പ്രായം ചെന്നയമ്മ എന്നോട് പറഞ്ഞത്, അത് കേട്ടൊരു ചമ്മലോടെ ഞാനവരെ നോക്കി ചിരിച്ചു…
” മോള് പ്രേമിച്ചു കെട്ടിയതാണോ… ”
എന്റെ ചിരി കണ്ടിട്ടാകും അവർ വീണ്ടും ചോദിച്ചത്…
” അല്ല…. അല്ലാതെ കെട്ടിയതാ… ”
ഞാനത് പറയുമ്പോൾ അവർ സംശയത്തോടെ എന്നെ നോക്കി…
” എന്നാൽ മോളുടെ ഭാഗ്യമെന്ന് കരുതിക്കോ, പ്രേമിച്ചൊക്കെ കെട്ടുന്നവർക്ക് ആണല്ലോ പിരിഞ്ഞിരിക്കാൻ പ്രയാസം, ഇന്നലെ രാത്രി സെക്യൂരിറ്റി വന്നെല്ലാവരെയും പുറത്താക്കിയ ശേഷവും രാത്രി ഇടയ്ക്കൊക്കെ ആ മോൻ ജന്നലിലൂടെ എത്തി നോക്കുന്നുണ്ടായിരുന്നു മോളെ, ഇടയ്ക്ക് മോളെ ചൂണ്ടി നേഴ്സിനോടും എന്തൊക്കെയോ ചോദിക്കുന്നത് കണ്ടപ്പോ ഞാൻ കരുതി നിങ്ങൾ രണ്ടാളും പ്രേമിച്ചു കെട്ടിയത് ആണെന്ന്….”
ആ അമ്മ അതുകൂടി പറഞ്ഞപ്പോഴേക്കും പിന്നെയും സങ്കടം വന്നു കണ്ണുനിറഞ്ഞത് അവർ കാണാതെ തുടച്ചിരുന്നു, അപ്പോഴേക്കും അശോകേട്ടൻ അമ്മയേയും കൂട്ടി വന്നു…
” ഞാൻ പോയി വൈകുന്നേരം വരാം, താൻ ഈ ഡ്രസ്സ് മാറി വാ… ”
അമ്മ കൊണ്ട് വന്ന തുണി എനിക്ക് നേരെ നീട്ടി അശോകേട്ടൻ പറയുമ്പോൾ ഞാനൊന്ന് മടിച്ചു….
” നോക്കിയിരിക്കാതെ പോയിട്ട് വാ.. ”
ആ മനുഷ്യനൊന്ന് കൂടി നിർബന്ധിച്ചപ്പോഴാണ് ഡ്രസ്സ് മാറാൻ പോയത്, തിരികെ വരുമ്പോൾ രണ്ടാളും അടുത്ത ബെഡിലെ അമ്മയോട് സംസാരിച്ച് ഇരിപ്പുണ്ട്…
” ഞാൻ പോയിട്ട് വരാം… ”
എന്റെ കയ്യിലിരുന്ന തുണി ഒഴിഞ്ഞ കവറിലിട്ട് തൂക്കി പിടിച്ചു കൊണ്ടാണ് അശോകേട്ടൻ പറഞ്ഞത്..
” നീ ഇന്നലെ ഉറക്കമൊഴിഞ്ഞതല്ലേ ഇനി രാവിലെ വന്നാൽ മതി ഇന്ന് ഞാൻ നിന്നോളം… ”
” അത് വേണ്ട, ഇവിടെ നിന്ന് അമ്മയിനി ഓരോ അസുഖം വരുത്തി വയ്ക്കേണ്ട ഞാൻ വൈകുന്നേരം വരാം…
അമ്മ ആഹാരം കൊണ്ട് വന്നിട്ടുണ്ട് വാശി പിടിക്കാതെ കഴിക്കണേ അല്ലേ ഇവിടുന്ന് പോകാൻ പറ്റൂല…”
അത് പറഞ്ഞ് ആ മനുഷ്യൻ എന്നെ നോക്കുമ്പോൾ ഞാൻ തല കുലുക്കിയിരുന്നു….
വൈകുന്നേരമാകുമ്പോൾ ഇടയ്ക്ക് ഇടയ്ക്ക് കണ്ണുകൾ അനുസരണയില്ലാതെ വാതിലിലേക്ക് നീങ്ങിക്കൊണ്ടിരുന്നു, അന്ന് ആദ്യമായി ആ മുനുഷ്യനെ കാത്തിരിക്കുകയും, അയാളെത്തുമ്പോൾ ചുണ്ടിലൊരു ചെറു പുഞ്ചിരിവിരിയുകയും ചെയ്തു…
” ഞാനമ്മയെ ബസ്സ് കയറ്റി വിട്ട് വരാം… തനിക്ക് എന്തേലും വാങ്ങണോ…”
അമ്മയ്‌ക്കൊപ്പം ഇറങ്ങും മുന്നേ എന്നോട് ചോദിച്ചു, തോളുകളുയർത്തി ഒന്നും വേണ്ടെന്ന് ആംഗ്യം കാണിച്ചവർ പോകുന്നതും നോക്കി ഞാനിരുന്നു…
രാത്രി സെക്യൂരിറ്റി വന്ന് വാർഡിലെ ആണുങ്ങളെ പുറത്തേക്ക് ഇറുക്കുന്നതുവരെ ആ മനുഷ്യൻ എനിക്കരികിൽ തന്നെയിരുന്നു, ഇടയ്ക്ക് ചായ വാങ്ങി തന്നും, അത്താഴമെടുത്തു തന്നും എനിക്കരികിൽ ഇരിക്കുമ്പോൾ ഇടയ്ക്ക് പനി പിടിച്ച് വീട്ടിൽ കിടന്ന ആ മനുഷ്യനോട് പനി കുറഞ്ഞോ എന്നുപോലും ചോദിക്കാത്ത എന്നിലെ ക്രൂര മനസിനോട് എനിക്ക് തന്നെ വെറുപ്പ് തോന്നി…
ആറേഴു മാസം ഒരുമിച്ചൊരു വീട്ടിൽ താമസിച്ചിട്ടും തോന്നാത്ത ഇഷ്ടം നാലുദിവസത്തെ ആശുപത്രിവാസം കൊണ്ട് എനിക്ക് ആ മനുഷ്യനോട് തോന്നി, ആ മനുഷ്യന്റെ ഉള്ളിലെ സ്നേഹവും കരുതലും ഞാനവശ്യപ്പെടാതെ തന്നെ ഓരോ നിമിഷവും എന്നോട് പ്രകടിപ്പിച്ചു കൊണ്ടിരുന്നു, എനിക്കായാളോട് ഇല്ലാതെ പോയതും അതേ സ്നേഹവും കരുതലുമായിരുന്നു…
തിരികെ വീട്ടിലെത്തുമ്പോൾ കഴുകി വിരിച്ചിട്ടിരിക്കുന്ന എന്റെ തുണികൾ കണ്ടാമനുഷ്യന്റെ മുഖത്തേക്ക് നോക്കുമ്പോൾ എന്നെ ശ്രദ്ധിക്കാതെ അയാൾ വീട്ടിലേക്ക് കയറി, ജോലി കഴിഞ്ഞു വന്നു പല ദിവസങ്ങളിലും കുളിമുറിയിൽ കിടക്കുന്ന ആ മനുഷ്യന്റെ മുഷിഞ്ഞ മുണ്ടും ഷർട്ടും അറപ്പോടെ നീക്കിയൊരു മൂലയിൽ ഇട്ടതും ഓർത്താണ് ഞാൻ വീട്ടിലേക്ക് കയറിയത്…
അമ്മയുടെയും മകന്റെയും മുഖത്ത് നോക്കാൻ കഴിയാതെ ആ രാത്രി നേരത്തെ കയറി കിടന്നു, കിടക്കുക എന്നല്ലാതെ ഉറങ്ങാൻ കഴിയാത്ത രാത്രിയായിരുന്നു അത്, അച്ഛനൊപ്പം ജോലി ചെയ്യുന്ന അശോകേട്ടൻ പലപ്പോഴും വീട്ടിൽ വന്നിട്ടുണ്ട്, അയാളോട് വെറുപ്പൊന്നുമില്ലെങ്കിലും പ്രത്യേകിച്ച് ഇഷ്ടമൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം….
അച്ഛന്റെ മരണത്തോടെ രണ്ട് പെണ്മക്കളെ ആരുടെയെങ്കിലും കൂടെ കെട്ടിച്ചു വിട്ടാൽ മതിയായിരുന്നു അമ്മയ്ക്ക് അങ്ങനെയാണ് അശോകേട്ടന്റെ ആലോചന വരുന്നതും അമ്മയെന്നെ നിർബന്ധിക്കുന്നതും, ആ മനുഷ്യനെ ഭർത്താവായി കാണാൻ പറ്റില്ലെന്ന് അമ്മയോടേറെ പറഞ്ഞെങ്കിലും അവസാനം അമ്മയുടെ നിർബന്ധത്തിനുമുന്നിൽ തല കുനിക്കേണ്ടി വന്നു…
എനിക്ക് കുറച്ചൂടെ സമയം വേണമെന്ന എന്റെ വാക്കിന്മേലാണ് ആദ്യരാത്രി മുതൽ ഈ നിമിഷം വരെ ആ മനുഷ്യൻ ഒരു പരാതിയും പരിഭവവും കൂടാതെ നിലത്ത് കിടക്കുന്നത്. അതിൽ പിന്നേ എന്നെ നിർബന്ധിക്കുകയോ, ഞാൻ എന്തേലും ആവശ്യം പറഞ്ഞു ചെല്ലുകയോ ചെയ്തിട്ടില്ല, സ്നേഹിക്കാൻ മാത്രമറിയുന്ന രണ്ട് ജന്മങ്ങൾ, അവരെങ്കിലും സമാധാനത്തോടെ ജീവിച്ചോട്ടെയെന്ന് കരുതി ഇറങ്ങി പോകാൻ പലപ്പോഴും തോന്നിയിട്ടുണ്ട് പക്ഷേ അമ്മയെ ഓർക്കുമ്പോൾ…
” മോളിത്ര രാവിലെ എണീറ്റ് കുളിച്ചോ?,… ”
അതിരാവിലെ എണീറ്റ് കുളിച്ച് ചെല്ലുമ്പോഴാണ് അടുക്കളയിൽ നിന്നമ്മയുടെ ചോദ്യം ഉയർന്നത്…
” ഞാനമ്പലം വരെ പോയി വരാം… ”
ഒരുനാൾവരെ മുടങ്ങാതെ അമ്പലത്തിൽ പോയിയിരുന്ന ഞാൻ കല്യാണം കഴിഞ്ഞാണത് നിർത്തിയത്, പക്ഷേ ഇപ്പോഴെന്തോ പോകാൻ തോന്നിയത് അന്നത്തെ പ്രാർത്ഥനയുടെ ഫലമാണ് ഇന്നേന്നെ മനസ്സിലാക്കുന്നൊരാളെ കിട്ടിയതെന്ന വിശ്വാസത്തിലായിരുന്നു…
” അശോകേട്ടൻ രാവിലെ കുളിച്ചോ.. ”
അമ്പലത്തിൽ നിന്ന് തിരികെ ചെല്ലുമ്പോൾ രാവിലേ ജോലിക്ക് പോകാൻ നിൽക്കുന്ന അശോകേട്ടനോട് അതും ചോദിച്ച് കയ്യിലുണ്ടായിരുന്ന പ്രസാദത്തിൽ നിന്ന് ചന്ദനമെടുത്ത് ആ നെറ്റിയിൽ തൊടുമ്പോൾ മുഖത്തൊരു ചിരിയും നാണവും വരുന്നത് കണ്ട് ഞാനും പുഞ്ചിരിച്ചു…
” അശോകേട്ടൻ ഇരിക്ക് ഞാൻ കഴിക്കാൻ എടുക്കാം.. ”
അത് പറഞ്ഞ് അടുക്കളയിലേക്ക് പോകും മുന്നേ അമ്മയും മകനും അത്ഭുതത്തോടെ മുഖത്തോട് മുഖം നോക്കുന്നത് ഞാൻ കണ്ടു, അവരുടെ ആ ഞെട്ടൽ ആ മനുഷ്യനുള്ള ചോറ് പൊതിയുമ്പോഴും, രാത്രി അത്താഴം വിളമ്പി കൊടുക്കുമ്പോഴും ആ മുഖങ്ങളിൽ ഉണ്ടായിരുന്നു…
” എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്..”
കിടക്കാനായി അശോകേട്ടൻ മുറിയിലേക്ക് വരുമ്പോഴാണ് ഞാൻ പറഞ്ഞത്…
” എന്താ പറഞ്ഞോ… ”
നിലത്തേക്ക് പായ വിരിച്ച് കൊണ്ട് ആ മനുഷ്യൻ പറഞ്ഞു…
” നമുക്ക് പുറത്തേക്ക് ഇരുന്നാലോ… ”
എന്റെ ചോദ്യം കെട്ട് സംശയത്തോടെ ആ മനുഷ്യൻ എന്നെ നോക്കി…
” വാ മുറ്റത്തേക്ക് ഇരിക്കാം.. ”
സ്വാതന്ത്ര്യതോടെ ആ കൈപിടിച്ചു വലിച്ചു കൊണ്ട് ഞാൻ പുറത്തേക്ക് നടന്നു…
” നിങ്ങളിത് എങ്ങോട്ടാ മക്കളെ… ”
അശോകേട്ടന്റെ കയ്യും പിടിച്ചു വലിച്ചുകൊണ്ട് പോകുന്നതിനിടെ അമ്മ ചോദിച്ചു…
” വെറുതെ മുറ്റത്ത് ഇരിക്കാൻ… ”
കയ്യിൽ നിന്ന് പിടി വിടാതെ അതും പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി… ഉമ്മറത്തെ തിണ്ണയിൽ എനിക്കരികിൽ ആ മനുഷ്യനെ ഇരുത്തി…
” എനിക്കറിയാം പുറത്ത് കാണിച്ചില്ലെങ്കിലും നിങ്ങൾ രണ്ടാൾക്കും എന്നോട് ദേഷ്യം കാണുമെന്ന്… ”
” എന്തിനാ ദേഷ്യം… ”
ഞാൻ പറഞ്ഞു തീരും മുന്നേ അശോകേട്ടൻ ചോദിച്ചു…
” നിങ്ങൾ രണ്ടാളും സ്നേഹിക്കാൻ മാത്രം അറിയുന്നവരാണ്, അത് ഇല്ലാത്തത് എനിക്കും… ”
ഞാൻ പറയുമ്പോൾ ആ മനുഷ്യൻ മിണ്ടാതെ ഇരുന്നു…
” എനിക്ക് നിങ്ങളോട് ഇഷ്ടക്കുറവ് ഒന്നുമില്ല അശോകേട്ട, പക്ഷേ എന്തോ ഭർത്താവ് എന്നരീതിയിൽ കാണാൻ കഴിഞ്ഞില്ല, ഞാനത് അമ്മയോട് പറഞ്ഞതുമാണ്. ഞാനൊന്ന് ഓക്കേ ആയി വരാനാണ് അന്ന് സമയം വേണമെന്ന് ഞാൻ പറഞ്ഞത്… ”
” സമയം തന്നല്ലോ… ”
ആ മനുഷ്യന്റെ വാക്കുകളിൽ പരിഹാസം നിറഞ്ഞത് പോലെ എനിക്ക് തോന്നിയിരുന്നു…
” അതേ… ഞാൻ സമയം ചോദിച്ചതും സമ്മതിച്ചു, ഒന്നോ രണ്ടോ ആഴ്ചയോ, ഒരു മാസമോ കാത്തിരിക്കാം, ഇത്രയും നാൾ അതിനെപറ്റി എന്തേലും ചോദിച്ചോ, പിന്നെ രണ്ടുപേരും പരസപരം ഒന്നും ചോദിക്കാതെയും മിണ്ടാതെയും…… ”
ഞാനത് പറഞ്ഞ് നിർത്തിയപ്പോൾ അല്പനേരം രണ്ടുപേരും മിണ്ടാതെയിരുന്നു…
” ഞാൻ ആദ്യമായി ജോലിക്ക് പോകുന്നത് തന്റെ അച്ഛന്റെ കൂടെയാണ്, ആ മനുഷ്യന് ഞാനൊരു മോനെ പോലെ ആയിരുന്നു, വീട്ടിലെ എല്ലാ കാര്യവും എന്നോട് പറയും, അങ്ങനെ കേട്ട് കേട്ടാണ് തന്നോട് ഒരിഷ്ടം തോന്നിയത്….”
അത് പറഞ്ഞ് എന്നെ ഇടങ്കണ്ണിട്ട് നോക്കുന്ന മനുഷ്യനെ ഞാൻ നോക്കിയിരുന്നു…
” പലപ്പോഴും കാരണങ്ങൾ ഉണ്ടാക്കി ആ വീട്ടിൽ വന്നത് തന്നെ കാണാൻ കൂടിയായിയിരുന്നു, പതിയെ മനസ്സിലായി തനിക്ക് അതിനോട് താല്പര്യമില്ലെന്ന്, അച്ഛൻ മരിച്ചിട്ട് പിന്നേ വരാതെ ഇരുന്നത് ഞാൻ കാരണം നിങ്ങൾക്കൊരു ചീത്തപ്പേര് ഉണ്ടാകരുത് എന്നുള്ളത് കൊണ്ടാണ്… ആ ഇടയ്ക്ക് ആണ് അമ്മയെ കാണുന്നതും കാര്യങ്ങൾ സംസാരിക്കുന്നതും അതിനിടയിൽ തന്റെ വിവാഹകാര്യം പറഞ്ഞപ്പോ ഞാനാണ് അങ്ങോട്ട് പറഞ്ഞത് തനിക്ക് പൂർണ്ണസമ്മതമാണെങ്കിൽ മാത്രം വിവാഹത്തെ കുറിച്ച് ആലോചിക്കാമെന്ന്… ”
ഒരു ചിരിയോടെ അത് പറഞ്ഞ് അശോകേട്ടൻ എന്നെ നോക്കി…
” പക്ഷേ കല്യാണം കഴിഞ്ഞ് സമയം വേണമെന്ന് പറഞ്ഞപ്പോൾ മനസ്സിലായി തനിക്ക് എന്നോട് താല്പര്യം ഇല്ലായിരുന്നെന്ന്, പിന്നേ തന്നെ നിർബന്ധിക്കാനും തോന്നിയില്ല സ്നേഹം പിടിച്ചു വാങ്ങേണ്ടതല്ലല്ലോ, അറിഞ്ഞു തരേണ്ടതല്ലേ… ”
അത് പറഞ്ഞുള്ള ചിരിയിൽ ഉള്ളിലെ സങ്കടം പ്രകടമായിരുന്നു…
” അപ്പൊ ഞാൻ ഒന്നും മിണ്ടിയില്ലായിരുന്നേൽ, ഇങ്ങനെ അങ്ങ് ജീവിച്ചു പോകുമായിരുന്നോ…. ”
” ഞാൻ പറഞ്ഞില്ലേ നിങ്ങടെ കാര്യമൊക്കെ തന്റെ അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട്, അങ്ങനെ അറിയുന്ന ഞാൻ തന്നെ ഇവിടെ നിന്ന് ഇറക്കി വിടില്ല, പിന്നേ എല്ലാം തന്റെ ഇഷ്ടം…. ”
” അപ്പൊ അത്രയും ഇഷ്ടമാണോ എന്നോട്… ”
ആ കയ്യിൽ പിടിച്ചു ചോദിക്കുമ്പോൾ ആ മനുഷ്യൻ ചിരിച്ചുകൊണ്ടിരുന്നു…
“പറയ് അത്രേം ഇഷ്ടമാണോ…”
” എനിക്കത് പറഞ്ഞു തരാൻ അറിയില്ല.. ”
അത് പറഞ്ഞ് ഇരിക്കുന്ന ആ മനുഷ്യന്റെ അരികിലേക്ക് ചേർന്നിരുന്നു ഞാൻ…
” അപ്പൊ ഞാൻ നിങ്ങളെ കളഞ്ഞു പോയിരുന്നെങ്കിൽ സങ്കടമാകുമായിരുന്നോ.. ”
അതിനാ മനുഷ്യൻ ചിരിച്ചതേയുള്ളു…
” എന്താ ഇത്ര ചിരിക്കാൻ… ”
ആ കൈകളിൽ കൂടി കൈ കോർത്ത് ഞാനിരുന്നു…
“താൻ സമയം വേണമെന്ന് പറഞ്ഞപ്പോൾ, തനിക്ക് ഒരു കാമുകൻ ഉണ്ടെന്നും ഒരുനാൾ അയാൾ വന്നു തന്നെ കൂട്ടിക്കൊണ്ട് പോകുമെന്നൊക്കെ കരുതി ഇരിക്കുക ആയിരുന്നു ഞാൻ …”
” ഹമ്പട,,, അത് കൊള്ളാല്ലോ അപ്പൊ ഞാൻ പോയിരുന്നെങ്കിലോ… ”
ഉറക്കെ ചിരിച്ചു കൊണ്ടാണ് ഞാൻ ചോദിച്ചത്….
” പോകുന്നെങ്കിൽ എന്താ പോകും, എവിടെ ആയാലും സന്തോഷത്തോടെ ഇരുന്നാൽ മതി…. ”
അത് പറയുന്ന മനുഷ്യന്റെ കണ്ണുകളിലേക്ക് നോക്കി ഞാനിരിന്നു, അത് കണ്ട് നാണത്തോടെയാ മനുഷ്യൻ നിലത്തേക്ക് നോക്കിയിരുന്നു…
” നാണിക്കാതെ എന്റെ കണ്ണിലേക്ക് നോക്ക് മനുഷ്യാ… ”
അത് പറഞ്ഞു ഞാൻ മുഖം ഉയർത്തുമ്പോൾ കണ്ണടച്ചിരിക്കുന്ന ആ മനുഷ്യന്റെ കണ്ണുകളിലേക്കൊരു ചുംബനം നൽകിഞാൻ…
” എന്നോട് ക്ഷമിക്ക്…. ”
” എനിക്കും കുറച്ചു സമയം വേണം.. ”
എന്നിൽ നിന്ന് വിട്ട് മാറി അശോകേട്ടൻ പറഞ്ഞു…
“അങ്ങനെ ആണോ….”
” അതേ…. ”
ഞാൻ ചോദിക്കുമ്പോൾ കുറുമ്പോടെ മുഖം തിരിച്ചാ മനുഷ്യനിരുന്നു…
” യോഗമില്ല അമ്മിണ്യേ പായ മടക്കിക്കോ… ”
എന്നും പറഞ്ഞ് പോകുന്നു മനുഷ്യന്റെ കൈകൾക്കുള്ളിൽ എന്റെ കൈ അമർന്നിരുന്നു……
✍️ശ്യാം കല്ലുകുഴിയിൽ..
