ഭാര്യ, ഷൈല രാവിലെ ഉണരാത്തതിനെ തുടർന്ന്, രണ്ടാം ഭർത്താവായ
മാധവൻ പേടിയോടെ ഭാര്യയെ തട്ടിവിളിച്ചു..
നേരം എത്രയായി എന്നറിയാമോ.. ഷൈലെ…എഴുന്നേൽക്ക്…
എത്രവിളിച്ചിട്ടും അവൾ ഉണരുന്നില്ല.
അയാളുടെ ഉള്ളിൽ വല്ലാത്തൊരു ഭയം നിറഞ്ഞു.
അയാൾ ഭാര്യയുടെ കൈകളിൽ പിടിച്ചുനോക്കി, ചെറിയ ചൂടുണ്ട്
അവൾ ശ്വാസം എടുക്കുന്നില്ലേ??
അയാൾ മൂക്കിനടുത്ത് വിരൽ വച്ച് നോക്കി… ഇല്ല.അവൾ ശ്വാസമെടുക്കുന്നില്ല.
അയാൾ ഞെട്ടലോടെ പിറകോട്ട് മാറി.
തന്റെ തൊട്ടടുത്ത് കിടന്നുറങ്ങിയ
ഭാര്യ, ഇപ്പോഴും ശരീരത്തിൽ ചൂട് അവശേഷിക്കുന്ന ഭാര്യ,
എപ്പോഴാകും തന്നെ വിട്ട് മരണത്തിലേക്ക് കടന്നുപോയത്??
ഒരു നിമിഷം അങ്ങനെ പകച്ചു നിന്നിട്ട് അയാൾ ഉച്ചത്തിൽ വിളിച്ചുകൂവി.
മക്കളെ…… ഓടിവായോ…
എന്താ…എന്തിനാ ഇങ്ങനെ രാവിലെ
കിടന്ന് കൂവുന്നത്?? മകൻ ഭഗത്ത് അങ്ങോട്ട് വന്നു
അമ്മ വിളിച്ചിട്ട് ഉണരുന്നില്ല.
അയാൾ വിതുമ്പലോടെ പറഞ്ഞു.
മൂത്തമകൾ ഭവ്യയും, ഇളയവൻ ഭഗത്തും വിദേശത്ത് നേഴ്സാണ്.
അവരുടെ പങ്കാളികളും വിദേശത്തു തന്നെയാണ്.
ഭഗത് വേഗം അമ്മയുടെ കൈപിടിച്ചു നോക്കി.
അപ്പോഴേക്കും ഭവ്യ അങ്ങോട്ട് വന്നു,
അവളും അമ്മയെ നോക്കി.
ഭഗത് നിസഹായതയോടെ നിന്നു…
നിങ്ങളുടെ തൊട്ടടുത്ത് കിടന്നിട്ടും അമ്മയെപ്പോഴാണ് മരിച്ചതെന്ന് നിങ്ങൾക്കറിയില്ലേ…??
ഇല്ല മക്കളെ…..
അവർ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിപ്പോയി, ആരെയൊക്കെയോ ഫോണിൽ വിളിക്കുന്നത് കണ്ടു..
അയാൾ ഭാര്യയുടെ അടുത്തിരുന്നു
ആ കവിളുകളിൽ തഴുകി…
എന്തിനാടി നീ എന്നെ ഇട്ടിട്ടു പോയത്.
എന്നെക്കുറിച്ച് ഒരിക്കൽ പോലും നീ ചിന്തിച്ചില്ലേ… എനിക്കിനി ആരുണ്ട്..?? അയാൾ വിതുമ്പി.
കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും വീട്ടിൽ ആളുകൾ കൂടി…
കിടപ്പുരോഗി ഒന്നുമായിരുന്നില്ലല്ലോ അതുകൊണ്ട് പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ പറ്റില്ല…
പോസ്റ്റ്മോർട്ടം നടപടികളൊക്കെ കഴിഞ്ഞ് വൈകുന്നേരമായപ്പോഴേക്കാണ്
ബോഡി വിട്ടുകിട്ടിയത്
വൈകുന്നേരം അഞ്ചരയോടു കൂടി ഷൈലയുടെ സംസ്കാരം നടന്നു
ഒരു മാസത്തെ ലീവിലാണ് ഭവ്യയും, ഭഗത്തും അവരുടെ പങ്കാളികളും നാട്ടിലെത്തിയത്.
അവർ വന്നിട്ട് ഒരാഴ്ച ആയതേയുള്ളൂ.. ഇനിയിപ്പോൾ ആർക്കുവേണ്ടിയിട്ടാണ്
വീടും ഈ ഒരേക്കർ മുപ്പത് സെന്റ് സ്ഥലവും വീടും ഇങ്ങനെ നാട്ടിൽ ഇട്ടിരിക്കുന്നത്.
രണ്ടാളും കണ്ണായ സ്ഥലത്ത് തന്നെ നല്ല ഭൂമി വാങ്ങി വീട് വച്ചിട്ടുണ്ട് അതുകൊണ്ട് ഇത് അവർക്കാവശ്യമില്ല.
നാട്ടിൽ ഒറ്റയ്ക്കായി പോയ ഷൈല സ്വന്തം ആഗ്രഹപ്രകാരമാണ് മൂന്ന് വർഷം മുൻപ് മാധവനെ രണ്ടാം വിവാഹം ചെയ്തത്.
ഭവ്യക്ക് അഞ്ചും , ഭഗത്തിന് മൂന്നും വയസ്സുള്ളപ്പോൾ അവരുടെ അച്ഛൻ മരണപ്പെട്ടതാണ്. പിന്നീടങ്ങോട്ട് ഒരു ജോലി ഉള്ളതുകൊണ്ടും, ഷൈല ഏക മകളായതു കൊണ്ട് മാതാപിതാക്കൾ ഉണ്ടാക്കിയിട്ട വീടും സ്ഥലവും ഉള്ളതുകൊണ്ടും മക്കളെയും കൊണ്ട് ഒരുപാട് കഷ്ടപ്പെടാതെ ഷൈലക്ക് ജീവിക്കാനായി.
മൂന്ന് വർഷം മുമ്പാണ് ഷൈല വീണ്ടുമൊരു വിവാഹം കഴിക്കണമെന്ന ആഗ്രഹം മക്കളുമായി പങ്കുവെച്ചത്.
അവർക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല. ഷൈലയുടെ വാശികൊണ്ട് മാത്രം നടന്ന വിവാഹമാണ് ഇത്.
അറുപതുകാരനായ മാധവനോടൊപ്പമായിരുന്നു കഴിഞ്ഞ മൂന്ന് വർഷമായി ഷൈലജീവിക്കുന്നത്.
അവിവാഹിതനായിരുന്നു മാധവൻ.
ഒറ്റപ്പെടലിന്റെ രണ്ടു തുരത്തിൽ ജീവിച്ചിരുന്നവരാണ് ഒരുമിച്ച് ഒരു ജീവിതം തുടങ്ങിയത്.
ഈ പ്രായത്തിൽ ഇനി എന്തിനാണ് വിവാഹം കഴിക്കുന്നതെന്നുള്ള പരിഹാസ രൂപേണയുള്ള ചോദ്യങ്ങൾ അവരുടെ ചെവിയിലെത്തിയെങ്കിലും അവർ അതൊന്നും ചെവിക്കൊണ്ടില്ല,
അല്ലെങ്കിലും പക്വമായ മനസ്സുകൾ,
ചുറ്റുമുള്ള അപശബ്ദങ്ങളെ ശ്രവിക്കാറില്ലല്ലോ
താങ്ങായി, തണലായി, കാത്തിരിക്കാൻ ഒരാൾ ഉണ്ടാവുക എന്ന് പറയുന്നത് എത്രത്തോളം വലിയ മഹാഭാഗ്യമാണെന്ന് ഒറ്റപ്പെടൽ അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാവു…
ഇക്കാലമത്രയും മക്കൾക്ക് വേണ്ടി മാത്രമാണ് ജീവിച്ചത്.
മക്കൾക്ക് കുടുംബമായപ്പോൾ അവർക്ക് തന്നെ തീരെ വേണ്ടാ. വല്ലപ്പോഴും ഒന്ന് വരും.
വന്നാൽ തന്നെ അവർ ടൂറിലായിരിക്കും.
തന്നോട് അധികം സംസാരിക്കുക പോലുമില്ല.
അവരോട് പരാതി പറയാനോ,
വാശി കാണിക്കാനോ ഒന്നും ഷൈലനിന്നില്ല.
ഈ പ്രായത്തിൽ,തനിക്ക് തണലാവാൻ കഴിയുമെന്നുറപ്പുള്ള ഒരു മനുഷ്യനെ കൂടെ കൂട്ടി.
ഒരായുസ്സ് കൊണ്ട് കൊടുത്തു തീർക്കാൻ കഴിയുന്നത്ര സ്നേഹവും പരിഗണനയുമാണ് മൂന്ന് വർഷങ്ങൾ കൊണ്ട് മാധവൻ നൽകിയത്.
ഷൈലയും അങ്ങനെ തന്നെയായിരുന്നു.
ഒറ്റപ്പെടലിൽ കൂട്ടായി വന്ന മനുഷ്യനെ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു.
ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കഴിച്ച്, ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് ചെറിയ ചെറിയ യാത്രകൾ നടത്തി.മൂന്ന് വർഷം കൊണ്ട് അവർ അങ്ങേയറ്റം സന്തോഷത്തോടെ ജീവിക്കുകയായിരുന്നു.
ആ സുന്ദര നിമിഷങ്ങളെ എല്ലാം ഉപേക്ഷിച്ചിട്ടാണ് ഷൈലയീ ലോകത്തിൽ നിന്നും വിട പറഞ്ഞിരിക്കുന്നത്.
ഷൈലയെ മാത്രമോർത്ത് കണ്ണുനീർവാർത്ത് മുറിയിൽ ഇരിക്കുകയായിരുന്ന മാധവന്റെ അരികിലേക്ക് ഭവ്യയും, ഭഗത്തുംകടന്നു വന്നു.
ഞങ്ങൾ ഈ വീടും സ്ഥലവും വിൽക്കാൻ പോവുകയാണ്, ഇനിയിപ്പോ ഇതെന്തിനാണ് ഇങ്ങനെ വെറുതെയിട്ടിരിക്കുന്നത്.
ഉം…. മാധവൻ ഒന്നുമൂളി
നിങ്ങൾ എപ്പോഴാണ് പോകുന്നത്??
ഭവ്യ ചോദിച്ചു.
അയാൾ നിറമിഴികൾ ഉയർത്തിയവളെ നോക്കി.
ഒന്ന് രണ്ട് ദിവസങ്ങൾ കൂടി എന്നെ ഇവിടെ തങ്ങാൻ അനുവദിക്കാമോ?? അയാൾ ചോദിച്ചു.
പറ്റില്ല. ഭഗത്ത് പറഞ്ഞു.
നിങ്ങൾ ഇന്ന് തന്നെ ഇവിടെ നിന്നും പോയേ പറ്റൂ…
മാധവൻ വേദനയോടെ എഴുന്നേറ്റ് അലമാരയിൽ നിന്നും തന്റെ മൂന്നാല് ജോഡി വസ്ത്രങ്ങൾ ഒരു കൂട്ടിലേക്ക് എടുത്തുവച്ചു.
താനും ഷൈലയും ഒരുപാട് സന്തോഷത്തോടെ കഴിഞ്ഞ വീട്ടിലാകമാനം അയാൾ ഒന്നു മിഴികളെറിഞ്ഞു.
പോവുകയാണോ എന്ന് ചോദിച്ച് ഷൈല കണ്ണുനീർ തൂകുന്നത്പോലെ അയാൾക്ക് തോന്നി. മൂന്ന് വർഷങ്ങൾ കൊണ്ട് നീ എന്തിനാണ് ഷൈലേ എന്നെയിത്രമാത്രം സ്നേഹിച്ചത്.എന്തിനാണ് നീയെന്നെ വിട്ട് പോയത്??
ഞാനും പോവുകയാണെടീ…
മക്കൾ എന്നോട് പോകാൻ പറഞ്ഞു.
എങ്ങോട്ടെന്നറിയാതെ പോവുകയാണ്. അയാൾ പുറത്തേക്കിറങ്ങി…
തിരിഞ്ഞു നോക്കാതെ ആ മനുഷ്യൻ മുന്നോട്ടു നടന്നു
പോകാൻ തനിക്ക് ഒരിടമില്ല.
ഒരു ചെറിയ വീടുണ്ടായിരുന്നു.
കഴിഞ്ഞവർഷം ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം ഷൈലയുടെ ഓപ്പറേഷൻ നടത്തേണ്ടി വന്നു.
മക്കളോട് രണ്ടുമൂന്നുവട്ടം ഷൈല പണം അയച്ചു തരാമോ എന്ന് ചോദിച്ചിട്ടും,
അവർ പണം അയച്ചു തന്നില്ല.
ഒടുവിൽ കുറച്ച് സ്ഥലം വിറ്റ് ചികിത്സ നടത്താമെന്ന് ഷൈല പറഞ്ഞു.
പക്ഷെ പണത്തിന് അത്യാവശ്യമാണെന്ന് അറിഞ്ഞതുകൊണ്ടാകാം, തുച്ഛമായ വിലയെ ആളുകൾ സ്ഥലത്തിന് പറയുന്നുള്ളൂ…
താൻ പറഞ്ഞു സ്ഥലം വിൽക്കണ്ടെന്ന്.
തന്റെ വീട് വിറ്റ് താൻ ഷൈലയുടെ ചികിത്സ നടത്തി.
തനിക്ക് മറ്റെന്തിനെക്കാളും വലുത് ഷൈലയായിരുന്നു.
തനിക്ക് അന്തിയുറങ്ങാൻ ഏതെങ്കിലും
ഒരു കടത്തിണ്ണയായാലും മതി. മാധവൻ കണ്ണുതുടച്ചു.
ഭവ്യയും, ഭഗത്തും എങ്ങനെയെങ്കിലും വീടും സ്ഥലവും വിൽക്കണമെന്ന തീരുമാനത്തിൽ ആയിരുന്നു.
കച്ചവടം നടത്താനുള്ള കാര്യങ്ങളുമായി മുന്നോട്ടുപോയപ്പോഴാണ് അവരാ സത്യം തിരിച്ചറിഞ്ഞത്.
അമ്മ മുൻപേ തന്നെ വിൽപത്രം തയ്യാറാക്കിയിരിക്കുന്നു.
വിൽപത്രം വക്കീൽ വായിച്ച് കേൾപ്പിച്ചു.
അൻപത് സെന്റ് സ്ഥലം വീതം ഭവ്യക്കും, ഭഗത്തിനും
വീടും, ചുറ്റുമുള്ള നാല്പത് സെന്റ് വസ്തുവും അമ്മയുടെ രണ്ടാം ഭർത്താവ് മാധവനാണ്.
അദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്തോളം മറ്റാർക്കും അതിൽ യാതൊരു അവകാശവും ഇല്ലാത്തതാണ്.
അദ്ദേഹത്തിന്റെ മരണശേഷം വീടും,
അതിന് ചുറ്റുമുള്ള സ്ഥലവും,
വ്യക്തിപരമായ യാതൊരു അവകാശിക്കും നൽകാതെ, ആരുമില്ലാത്ത വൃദ്ധരായ മനുഷ്യർക്ക് സുരക്ഷിതമായ താമസമൊരുക്കാനായി സർക്കാരിന് കൈമാറണം.
ഈ വീടിന്റെ വാതിലുകൾ ജീവിതസായഹ്നത്തിൽ ഒറ്റപ്പെട്ടുപോയ, സംരക്ഷിക്കാൻ ആരുമില്ലാത്തവർക്കായി തുറന്നിരിക്കണം.
അവരുടെ ഭക്ഷണം,ചികിത്സ, വിശ്രമം മാന്യമായ ജീവിതം, എന്നിവ ഉറപ്പാക്കുന്ന ഒരു അഭയകേന്ദ്രമായി ഈ വീട് മാറണം.
ഈ വസ്തു വിൽക്കുകയോ,
വ്യക്തിപരമായ ലാഭത്തിനായി ഉപയോഗിക്കുകയോ ചെയ്യാതെ പൊതുനന്മയ്ക്കായി മാത്രമേ ഉപയോഗിക്കാവൂ…
ഭവ്യയും ഭഗത്തും പരസ്പരം നോക്കി…
എന്നാലും അമ്മ ഇങ്ങനൊരു ചതി ചെയ്തല്ലോ…
അവരുടെ സ്ഥലം വിറ്റ് കിട്ടിയ പണവുമായി
അവർ മടങ്ങി…
മാധവൻ ആ വീട്ടിലേക്ക് മടങ്ങിയെത്തി…
എന്നാലും…. എന്തിനാടീ നീ ഇങ്ങനെ ചെയ്തത്??
നീയേ ആദ്യം പോകൂ എന്ന് നിനക്കറിയാമായിരുന്നോ…. ഞാനിനി ഇവിടെ ഉണ്ടാകും. എനിക്കറിയാം നീ എന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ടല്ലേ….
നമ്മൾ എത്രയോ മുൻപേ കണ്ട് മുട്ടേണ്ടവരായിരുന്നു….
നിന്റെ ചിത കത്തിയെരിഞ്ഞിടത്തു തന്നെ എനിക്കും എരിഞ്ഞടങ്ങണം
അയാൾ വെറും നിലത്ത് കിടന്ന്,.
ഒറ്റപ്പെട്ടു പോയ കുഞ്ഞിനെ പോലെ കണ്ണുനീർ വാർത്തു..
💚💚💚💚💚💚💚💚
വർഷങ്ങൾ അതിവേഗം കടന്നു പോയി.
അതേ… ഭക്ഷണത്തിനുള്ള സമയമായി
വരൂ…
അന്ന് പുതുതായി വൃദ്ധസദനത്തിലേക്ക് വന്ന, മക്കൾ ഇവിടെ കൊണ്ടുവന്നുപേക്ഷിച്ച ഭവ്യയെന്ന വൃദ്ധയെ, മറ്റൊരു വൃദ്ധ ഭക്ഷണം കഴിക്കാൻ വിളിച്ചു.
നിറഞ്ഞ കണ്ണുകൾ തുടച്ച് അവർ മെല്ലെ എഴുന്നേറ്റു….
പിടിക്കണോ??
ഒന്ന് പിടിക്കൂ…. അവർ കൈനീട്ടി.
ആ കണ്ണുകൾ നിറഞ്ഞു. മക്കളാൽ ഉപേഷിക്കപ്പെട്ട്,
ഒരിക്കൽ സ്വന്തമായിരുന്ന ,വീട്ടിലേക്ക് ഒടുക്കം എത്തപ്പെട്ടിരിക്കുകയാണ്..
ഭക്ഷണം കഴിക്കാനിരിക്കുന്നവരുടെ കൂട്ടത്തിലിരിക്കുന്ന ഒരു വൃദ്ധന്റെ നേർക്ക് അവരുടെ മിഴികൾ പാഞ്ഞു…
ഇത്… ഇത്… തന്റെ സഹോദരനല്ലേ… ഭഗത്ത്..
അവരുടെ മിഴികൾ കൂട്ടിമുട്ടി…
ആ വൃദ്ധ സഹോദരങ്ങൾ പരസ്പരം നോക്കിയിരുന്നു…
ചുളിഞ്ഞ കൈകൾ കൊണ്ട് അവർ പരസ്പരം പുണർന്നു.
ഒടുവിൽ നമ്മൾ ഇവിടെത്തന്നെയെത്തി അല്ലേ…??
ഒരിക്കൽ വിൽക്കാൻ നോക്കിയ വീട് തന്നെ ഒടുവിൽ നമ്മുക്ക് അഭയസ്ഥാനമായി.
നമ്മൾ ഒരിക്കലും നമുക്ക് വേണ്ടി ജീവിച്ച അമ്മയെ കരുതിയില്ല. അമ്മയന്ന് ഇങ്ങനൊരു പുണ്യ പ്രവർത്തി ചെയ്തത് കൊണ്ടുമാത്രം ഇന്ന് നമുക്കും അഭയം കിട്ടി.
പണമാണ് എല്ലാത്തിലും വലുതെന്നു കരുതി, പക്ഷെ അത് തെറ്റാണെന്ന് തിരിച്ചറിയാൻജീവിതത്തിന്റെ അവസാന വഴികളിൽ എത്തേണ്ടി വന്നു….
സ്നേഹം വിതച്ചാലേ സ്നേഹം കൊയ്യാൻ കഴിയൂ അല്ലേ…??
ആ വൃദ്ധർ പരസ്പരം ആശ്വാസവാക്കുകൾ ചൊരിഞ്ഞു.
✍️Anju Thankachan
