നിന്റെ മാത്രമല്ലല്ലോ, അവന്റെയും കൂടെ കുഞ്ഞല്ലേ ? അതെങ്ങനെയാ നിന്റെ മാത്രം നഷ്ടമാവുന്നേ? അവനും ഉണ്ട് നിന്റെ അതേ ദെണ്ണം…..

” എന്റെ കുഞ്ഞിന്റെ കുടുംബം തകർക്കാൻ ആണോടി നീയിപ്പോ ഇങ്ങോട്ട് വന്നത്? ”

സാലിച്ചേച്ചി അലറിക്കൊണ്ടാണ് മുറിയിലേക്ക് കടന്നുവന്നത്. ആശ്രയ ഹോസ്പിറ്റലിന്റെ ഗൈനക്കോളജി വാർഡിലെ ഒരു റൂമിലാണ് ഞാനുള്ളത്. ബെഡിൽ കിടക്കുന്നത് എന്റെ മൂത്ത ആങ്ങള ബാബുച്ചായന്റെയും സാലിച്ചേച്ചിയുടെയും മോൾ സോജി. റൂമിൽ എന്നേക്കൂടാതെ ഈ ബഹളം കേട്ട് ഒന്നും മനസ്സിലാവാതെ തരിച്ചിരിക്കുന്നത് എന്റെ ഇളയ ആങ്ങള സാബുച്ചായനും ഭാര്യ റാണി ചേച്ചിയും.

” എന്നാ ചേച്ചി, എന്തിനാ അവളോട് ദേഷ്യപ്പെടുന്നേ? അവളെന്നാ ചെയ്തെന്നാ? ”

സാബുച്ചായൻ ചാടിയെണീറ്റു.

” എന്റെ സാബു, എത്ര കഷ്ടപ്പെട്ടാ എന്റെ കൊച്ചിനെ ഞങ്ങൾ ആഞ്ഞിലിക്കൽ കെട്ടിച്ചേ. ഇവക്കടെ അപ്പൻ ആ മണൽക്കാട്ടിൽ കിടന്ന് ചോര നീരാക്കിയ കാശും കൊടുത്തു നല്ല രീതിയിലാ കെട്ടിച്ചേ. ആഞ്ഞിലിക്കലെ കൊച്ചൻ നമ്മടെ വീട്ടീന്ന് കല്യാണം കഴിക്കുകയെന്നൊക്കെ പറഞ്ഞാൽ നമ്മുടെ മഹാഭാഗ്യമല്ലാരുന്നോ?”

” മഹാഭാഗ്യം. എന്നെക്കൊണ്ടൊന്നും പറയിക്കണ്ട. എന്നിട്ടാണോ നമ്മുടെ കൊച്ചീ കിടപ്പ് കിടക്കുന്നെ?”

റാണിച്ചേച്ചിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.

” അതിപ്പോ അവനു ദേഷ്യം വന്നപ്പോൾ ഒരടി കൊടുത്തു. കഷ്ടകാലത്തിനു ഇവൾ മറിഞ്ഞുവീണു. വയറ്റീകിടന്ന കുഞ്ഞു പോയി. എന്തു ചെയ്യാനാ? എല്ലാവർക്കും വിഷമുണ്ട്. അതിനു അത്രേ ദൈവം ആയുസ് കൊടുത്തിട്ടുള്ളൂ എന്ന് സമാധാനിക്കുക. ദൈവകൃപ കൊണ്ട് ഇവൾക്കൊന്നും സംഭവിച്ചില്ലല്ലോ.. ”

ചേച്ചി എത്ര നിസ്സാരമായാണ് അവൾക്ക് നേരിട്ട അനീതിയെ ന്യായീകരിക്കുന്നതെന്നായിരുന്നു ഞാൻ അത്ഭുതപ്പെട്ടത്.

” അവനതിൽ പശ്ചാത്താപം ഉണ്ട്. പറ്റിപ്പോയതാണെന്ന്..ഇവൾക്കറിയാലോ അവനെ.. അവനങ്ങനെ ദുഷ്ടൻ ഒന്നുമല്ല. ഇന്നലെ ഞാൻ ഇവിടെ നിന്ന് വീട്ടിൽ പോകുന്നവരെ എന്റെ മോൾക്ക് കുഴപ്പമൊന്നുമില്ലായിരുന്നു. നിങ്ങടെയീ പുന്നാരപ്പെങ്ങൾ വന്നേതാണ്ട് പറഞ്ഞു കൊടുത്ത് എന്റെ കുഞ്ഞിന്റെ മനസ്സിൽ വിഷം കുത്തിവെച്ചു. അവൾക്കിപ്പോ അവന്റെ പേരിൽ കേസ് കൊടുക്കണമെന്ന്. അവനും അവന്റെ അപ്പനും അമ്മേം കൂടെ എന്റെയും ഇച്ചായന്റെയും അടുത്ത് വന്ന് കരഞ്ഞു മാപ്പ് പറഞ്ഞതാ. ഇനിയിങ്ങനെ ഉണ്ടാവുകേലെന്നും പറഞ്ഞു. ഞാനും നീയുമൊക്കെ ക്ഷമിച്ചും സഹിച്ചും തന്നെയല്ലേ റാണീ ഇവിടെ വരെ എത്തിയേ.. ഇട്ടേച്ചു പോവാനാരുന്നേൽ എന്നേ പോവത്തില്ലാരുന്നോ? ”

അവിടെ റാണിച്ചേച്ചി സൈലന്റ് ആയി.

” അമ്മേ, അമ്മയ്ക്കെങ്ങനെ ഇങ്ങനെ നിസ്സാരമായി പറയാൻ കഴിയുന്നൂ? നിങ്ങളോട് മാപ്പ് പറഞ്ഞെന്ന്..പോയത് എന്റെ കുഞ്ഞല്ലേ? ”

പ്രാവ് കുറുകുന്ന പോലെ സോജിമോളുടെ ശബ്ദം. ഞാനൊന്നും മിണ്ടാതെ അവളെ നോക്കി നിൽക്കുകയായിരുന്നു.. ഇനി അവൾ സംസാരിക്കട്ടെ..

” നിന്റെ മാത്രമല്ലല്ലോ, അവന്റെയും കൂടെ കുഞ്ഞല്ലേ ? അതെങ്ങനെയാ നിന്റെ മാത്രം നഷ്ടമാവുന്നേ? അവനും ഉണ്ട് നിന്റെ അതേ ദെണ്ണം.. ”

ചേച്ചി അവളോടുപോലും മയമില്ല. കഴുത്തിനു ചുറ്റും നാക്കാണ് സാലിച്ചേച്ചിയ്ക്ക്. എല്ലാവർക്കും ചേച്ചിയോടെതിർക്കാൻ അല്പം പേടിയുണ്ട്.. ചേച്ചിയുടെ ഒറ്റയാളുടെ നിർബന്ധത്തിലാണ് ഈ കല്യാണം നടന്നത്..പത്തൊൻപത് വയസ്സേ ഉണ്ടായിരുന്നുള്ളൂ അന്ന് മോൾക്ക്. ഇതിലും നല്ലൊരു ജീവിതം കിട്ടാനില്ലെന്ന് പറഞ്ഞ് പഠിപ്പും നിർത്തിച്ചു. തടസ്സം പറഞ്ഞവർക്കൊക്കെ അസൂയയാണെന്ന് പറഞ്ഞു പരത്തി. വലിയ കുടുംബക്കാരാണെന്ന് പറഞ്ഞു അവരോട് ആവശ്യത്തിലധികം വിധേയത്വം കാണിക്കുന്നുണ്ട് ചേച്ചി.

അപ്പനും അമ്മേം പുന്നാരിച്ചു വളർത്തിയതിന്റെ എല്ലാ ദോഷവുമുണ്ട് സോജിമോളുടെ ഭർത്താവ് റിനോയ്ക്ക്. പെട്ടന്ന് ദേഷ്യം വരും. ദേഷ്യം വരുമ്പോഴൊക്കെ തീർക്കുന്നത് ഇവളോടാണ്. അപ്പനുംഅമ്മേം തടയാറുമില്ല. ഒന്നര വയസ്സുകാരന്റെ കുറുമ്പിനെ ന്യായീകരിക്കുന്ന ലാഘവത്തോടെയാണ് അവരിവന്റെ ദേഷ്യത്തെ കാണുന്നത്.. ഉറക്കെയൊന്ന് ചിരിക്കാൻ പോലും പേടിയാണ് മോൾക്കിപ്പോൾ. ഇതിന് മുൻപ് പലപ്പോഴും പരാതി പറഞ്ഞിട്ടുണ്ടവൾ. അപ്പോഴൊക്കെ സാലിച്ചേച്ചി ഓരോന്ന് പറഞ്ഞു അവളുടെ നാവടപ്പിക്കും. ഒരിക്കൽ എന്നോട് തന്നെ പറഞ്ഞിട്ടുണ്ട് ;

” ഇവളുടെ വായിലെ നാവ് വെറുതെ കിടക്കില്ല.. ചുമ്മാ ചൊറിഞ്ഞിണ്ടിരുന്നാൽ ആർക്കായാലും ദേഷ്യം വരില്ലേ? ഇവളവിടെ കാണിക്കുന്ന വാശിയും പിണക്കവുമൊക്കെ അവിടുത്തെ മമ്മി പറയുന്നത് കേട്ട് എന്റെ തൊലിയുരിഞ്ഞു പോയി. എന്റെ വളർത്തുദോഷമാണെന്നല്ലേ പറയുക.? ”

ഞാൻ പിന്നെ ഒന്നിലും ഇടപെട്ടിട്ടില്ല. അവരീ പറയുന്ന വായാടി മോളുടെ ശബ്ദം താഴ്ന്നതും മുഖത്തെ ചിരി മാഞ്ഞതും അവർക്ക് ഇതുവരെ മനസ്സിലായില്ലലോ എന്ന് വേദനയോടെ ഓർത്തു. സോജിമോളോട് ഒന്നു മാത്രം പറഞ്ഞു,

‘നിനക്ക് ഇനി വയ്യ എന്ന് തോന്നിയാൽ അപ്പോൾ തന്നെ ആന്റിയെ വിളിക്കാൻ മടിക്കരുത് ‘എന്ന്.

സാലിച്ചേച്ചിയോട് വഴക്കുണ്ടാക്കാൻ വയ്യാരുന്നു. അല്ലെങ്കിലും എന്നെ അവിടെ ആർക്കും താല്പര്യമില്ല. ഞാൻ ഫെമിനിസ്റ്റ് ആണ്, തന്റേടിയാണ്, കല്യാണം കഴിച്ചിട്ടില്ലാത്തത് കൊണ്ട് കുടുംബബന്ധത്തിന്റെ വിലയറിയില്ല എന്നൊക്കെയാണ് പറച്ചിൽ..

സോജിമോൾ ഗർഭിണി ആയപ്പോൾ അവനൊന്നു ഒതുങ്ങി എന്ന് കരുതിയതാണ്. ഇത്തവണ എന്തോ നിസാരകാര്യത്തിന് ഇവൾ അവന്റെ അമ്മയോട് എതിർത്തു സംസാരിച്ചെന്ന്. അവൻ ഒരൊറ്റ അടിയാരുന്നു.

കണ്ണിലിരുട്ട് കേറി എന്നാണ് പറഞ്ഞത്. താഴെ വീഴുന്ന വഴി കോഫി ടേബിളിൽ വയറിടിച്ചു. ഓർമ വരുമ്പോൾ ബ്ലീഡ് ചെയ്യുന്നുണ്ടായിരുന്നു. ബ്ലീഡിങ് കണ്ടു ഭയന്ന അവർ ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അഞ്ചുമാസം ആയിരുന്ന കുഞ്ഞിനെ രക്ഷിക്കാനായില്ല. ദൈവാനുഗ്രഹം കൊണ്ടാണ് ഇവളുടെ ജീവന് ആപത്തൊന്നും വരാഞ്ഞത്. തെന്നി വീണു എന്നാണ് അവർ ഹോസ്പിറ്റലിൽ പറഞ്ഞത്.. ഇന്നലെ രാത്രി ഞാൻ വന്നപ്പോഴാണ് വിവരം അറിഞ്ഞതും പോലീസിൽ കംപ്ലയിന്റ് കൊടുക്കാൻ അവളെ നിർബന്ധിച്ചതും. അത് അറിഞ്ഞിട്ടുള്ള വരവാണ് ചേച്ചിയുടെ.

കുടുംബം നിലനിർത്താൻ ക്ഷമിക്കേണ്ടതിന്റെയും സഹിക്കേണ്ടതിന്റെയും ആവശ്യത്തെക്കുറിച്ച് ചേച്ചി അപ്പോഴും പ്രസംഗിക്കുന്നുണ്ടായിരുന്നു.

” തൊട്ടതിനും പിടിച്ചതിനും ബന്ധം പിരിഞ്ഞു വീട്ടിലേക്കോടി വരുന്ന മക്കളെ പുന്നാരിച്ചോണ്ടിരിക്കുന്ന അപ്പനും അമ്മയും കാണും. മോൾ ഞങ്ങളെ ആ കൂട്ടത്തിൽ പെടുത്തണ്ട.. ഈ ആന്റിയെ കണ്ടോണ്ട് നീ ചാടണ്ട മോളെ. പണ്ടിവളുടെ തോന്നിവാസത്തിന് വളം വെച്ച് കൊടുത്തതിനു അനുഭവിക്കുന്നുണ്ടല്ലോ പൊന്നാങ്ങളമാരിപ്പോൾ. ഇവൾക്ക് അസൂയയാടി.. സ്വന്തമായി കെട്ടിയോനും കുടുംബവുമില്ലാത്തതിന്റെ. അവൾ സമ്മതിക്കുകേല വേറാരെയും മാനം മര്യാദയക്ക് കുടുംബമായി ജീവിക്കാൻ… ”

അവരങ്ങു തിളച്ചു കേറുന്നുണ്ടായിരിന്നു.

” നിങ്ങളാരാ ഇവളുടെ? ”

അവരൊരു നിമിഷം എന്റെ ചോദ്യം കേട്ട് അമ്പരന്നു.
” എന്താ? ”

” നിങ്ങളാരാ ഇവളുടെ എന്ന്? ”

ഞാൻ ഒന്നുടെ ചോദിച്ചു.

” ഞാൻ ഇവളുടെ ആരാ എന്ന് ഞാൻ നിന്നെ ബോധിപ്പിക്കണോ? ”

അവർ പുച്ഛത്തോടെ ചോദിച്ചു.

” എന്നെ ബോധിപ്പിക്കേണ്ട .. പക്ഷെ, ഈ കിടക്കുന്ന കുഞ്ഞിനെ ബോധിപ്പിക്കണം നിങ്ങൾ അവളുടെ അമ്മയാണെന്ന്. അവൾക്ക് വേദനിക്കുമ്പോൾ അതിലധികം നിങ്ങൾക്ക് വേദനിക്കുന്നുണ്ടെന്ന്. അവൾക്കെതിരെ ലോകം മുഴുവൻ നിന്നാലും ഈ അമ്മ അവളുടെ കൂടെയുണ്ടെന്ന്. എന്റെ കുഞ്ഞിന്റെ ദേഹത്ത് കൈവെയ്ക്കാൻ ഒരുത്തനെയും ഞാൻ സമ്മതിക്കില്ല എന്ന്. അല്ലാതെ ചെറുപ്രായത്തിൽ കല്യാണം കഴിപ്പിച്ചു വിട്ട്, ഭർത്താവിന്റെ വീട്ടിൽ സഹിക്കാൻ കഴിയാതെ വരുമ്പോൾ സ്വന്തം വീട്ടിലും ആശ്രയമില്ലെന്ന് മനസ്സിലാക്കി പെൺകുട്ടികൾ ജീവനൊടുക്കുമ്പോൾ… അന്നല്ല പറയേണ്ടത്. അന്ന് ചാനലിന്റെ മുന്നിലല്ല മകൾ അനുഭവിച്ച യാതനയെ പറ്റി വിളിച്ചു പറയേണ്ടത്..അപ്പോഴല്ല മകൾക്ക് നീതിതേടി അലമുറയിട്ട് കരയേണ്ടത്. ശരിയാ, ഞാൻ വിവാഹം കഴിച്ചിട്ടില്ല. പ്രസവിച്ചിട്ടുമില്ല. പക്ഷെ, ഇത്രയും പറയാൻ എനിക്ക് പ്രസവിക്കേണ്ട കാര്യമൊന്നും ഇല്ല.. ”

ഞാൻ ഈർഷ്യയോടെ പറഞ്ഞു നിർത്തി..

” ആന്റി, പോലീസിനെ വിളിച്ചോ. എന്റെ കുഞ്ഞിനെ കൊന്നവനോട് ഇവർ ക്ഷമിച്ചാലും ക്ഷമിക്കാൻ ഞാൻ തയ്യാറല്ല..പോയത് അവന്റെയും കൂടെ കുഞ്ഞല്ലേ, അവനും വിഷമം ഉണ്ടെന്ന്. ശരീരവും മനസ്സും തകർന്നു ഈ ജീവിതകാലം മുഴുവൻ ആ ട്രോമയുമായി ജീവിക്കേണ്ടിവരുന്ന എന്റെയും അവന്റെയും വേദന ഒരുപോലെ ആണോ? എനിക്കിനി അവരുടെ കുടുംബത്തിൽ ഒരു ജീവിതം വേണ്ട. എന്റെ വീട്ടിൽ കേറ്റിയില്ലെങ്കിലും കുഴപ്പമില്ല. ഒരു തുണിക്കടയിൽ ജോലിക്ക് നിന്നാലും എനിക്ക് ജീവിക്കാമല്ലോ. ”

സോജിമോളുടെ ശബ്ദം ഉറച്ചതായിരുന്നു..

” പൊന്നുമോളെ, നിന്റെ അപ്പനും അമ്മയും നിന്നെ മനസ്സിലാക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ. ഞാനുണ്ടാകും കൂടെ, നീയാഗ്രഹിക്കുന്നിടത്തോളം….നിന്നെ താങ്ങാൻ ഇപ്പോൾ ശക്തിയുള്ളൊരു കയ്യുണ്ട്, അതില്ലാത്തതാവാം പല കുട്ടികളുടെയും പരാജയം……

✍️ജെയ്നി റ്റിജു

Leave a Reply

Your email address will not be published. Required fields are marked *