ആരോ മൂക്കും വായയും പൊത്തി പിടിച്ചിരിക്കുന്നു… ശ്വാസം കിട്ടുന്നില്ല. പിടഞ്ഞു കൊണ്ട് ഞാൻ ഞെട്ടി എണീറ്റു…
കിതച്ചു കൊണ്ട് അൽപസമയം ഇരുന്നു, പതിയെ ഫോൺ എടുത്തു സമയം നോക്കി, വെളുപ്പാൻ കാലം 4 മണി..
രാത്രി ഉറങ്ങാൻ പറ്റുന്നില്ല ഓർമ്മകൾ അതിൻ്റെ കുത്തൊഴുക്കിൽ വലിച്ചിട്ടു ശ്വാസം മുട്ടിക്കും പോലെ…
എന്തിനായിരുന്നു ഇത്രമേൽ വലിയൊരു ശിക്ഷ തനിക്ക്… മനസ്സിലോർത്തു കരഞ്ഞ് പോയി…
ഒരാഴ്ച മുമ്പുള്ള ആ ദിവസത്തിലേക്ക് വീണ്ടും ഓർമ്മകൾ പോയി…
“കുട്ടിക്കാലത്ത് തീരുമാനിച്ചതാണ്… എന്ന് വച്ച്, എന്താണ് വിവാഹം എന്ന് അറിയാനുള്ള വിവരം പോലുമില്ലാത്ത.. ആ സമയത്ത് ഉണ്ടാകുന്ന ഇഷ്ടങ്ങളാണോ എല്ലാകാലവും എല്ലാവർക്കും?..” ഹരി അവളെ അടിമുടി നോക്കി…
” എനിക്ക് എന്റേതായ ഇഷ്ടങ്ങളും താല്പര്യങ്ങളും ഉണ്ട്… എന്റെ സങ്കല്പം, വിദ്യാഭ്യാസമുള്ള മോഡേൺ ആയ ഒരു പെൺകുട്ടിയാണ് അല്ലാതെ ഇതുപോലെ തലനിറയെ എണ്ണയിൽ കുളിച്ച് ഒരു ഡ്രസ്സിംഗ് സെൻസ് പോലുമില്ലാത്ത കൾച്ചർലെസായി പെരുമാറുന്ന, തെറ്റാതെ രണ്ടുവരി ഇംഗ്ലീഷ് പോലും പറയാൻ അറിയാത്ത ഒരുത്തിയെയല്ല….” അവൻ്റെ വാക്കുകൾ അവളെ തകർത്തു കളഞ്ഞു…
” അല്ലെങ്കിലും നിന്നെപ്പോലുള്ളവളുമാർക്ക് ആൾക്കാരെ മയക്കി എടുക്കാൻ നല്ല മിടുക്കാണല്ലോ… നോക്ക്… എന്റെ വീട്ടുകാർ പോലും എനിക്കെതിരെയാണ്. പുറത്തിറങ്ങി കാണിക്കടി നിന്റെയീ മിടുക്ക് … ഈ കോലത്തിനു പറ്റിയ വല്ലവന്മാരും ഉണ്ടായിരിക്കും… എന്നെയൊന്നു വെറുതെ വിട്… അത് എങ്ങനാ എളുപ്പത്തിൽ വെറുതെ പറ്റുമോ ഒരു ഡോക്ടറല്ലേ ഞാൻ.. ഒരു പുളിങ്കൊമ്പ് അത്ര പെട്ടെന്നങ്ങ് വിടാൻ പറ്റുമോ അല്ലേടി…” ഹരിയുടെ വാക്കുകൾ അവളുടെ നെഞ്ചിൽ കൂരമ്പുകൾ ആയി തറച്ചു…
ഹരി പറയുന്ന വാക്കുകളെല്ലാം കേട്ട് അമ്മയും അമ്മാവനും മുത്തശ്ശനും മുത്തശ്ശിയും എല്ലാം തരിച്ചിരിക്കുകയാണ്… അമ്മായി മാത്രം നിർവികാരതയോടെ ഇരിക്കുന്നു, അമ്മായിക്ക് പണ്ടേ ഇതിൽ താല്പര്യമില്ല. അമ്മാവൻ വിധവയായ സ്വന്തം പെങ്ങളോട് അതായത് എൻറെ അമ്മയോട് കാണിക്കുന്ന സ്നേഹം തന്നെ അമ്മയ്ക്ക് ഇഷ്ടമല്ല… ഹരിയേട്ടൻ വീണ്ടും കത്തി കയറുകയാണ്, നിർത്താനുള്ള ഭാവമില്ല…
” 19 വയസല്ലേടി അതിനു മുൻപ് നിനക്ക് കല്യാണം കഴിക്കാൻ ഇത്രയും മുട്ടി നിൽക്കുകയാണോ തീരെ സഹിക്കാൻ വയ്യെങ്കിൽ…”
” മതി, നിർത്ത്…” ഹരിയെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ അവൾ ദേഷ്യത്തോടെ അലറി..
” കുറച്ചുമുമ്പ് പറഞ്ഞ ഡോക്ടറോട് ഉള്ള ബഹുമാനം നിങ്ങളുടെ ഈ വാക്കുകൾ കൊണ്ട് ഇല്ലാതാക്കണ്ട.. അല്പം മുമ്പ് വരെ എനിക്ക് നിങ്ങളോട് നിറഞ്ഞ ബഹുമാനമായിരുന്നു പക്ഷെ, ഇപ്പോൾ…” അവൾ കണ്ണുകൾ ഇറക്കി അടച്ചു, കൺകോണിലൂടെ കണ്ണുനീർ ചാലിട്ടൊഴുകി…
” ഈ കല്യാണം വേണ്ടെന്നു പറയാനല്ലേ നിങ്ങൾ ഈ പറഞ്ഞ വാക്കുകൾ ഒക്കെ., എനിക്ക് ഈ കല്യാണം വേണ്ട… എനിക്ക് നിങ്ങളെ കല്യാണം കഴിക്കാൻ താല്പര്യമില്ല ! പോരെ ഇനി എൻറെ പേരിൽ നിങ്ങളെ ആരും ശല്യം ചെയ്യില്ല…” അവൾ അവിടെ നിന്നും ഇറങ്ങി നടന്നു..
പുറത്ത് കോരിച്ചൊരിയുന്ന, മഴ മനസ്സ് മുഴുവനും മരവിച്ചിരുന്നു.. മഴയുടെ തണുപ്പ്, ഇടിയുടെ ശബ്ദം, ഇതൊന്നും എന്നിലേക്ക് എത്തിയിരുന്നില്ല.. എൻറെ ഹൃദയം നിശബ്ദം വിലപിച്ചുകൊണ്ടിരുന്നു… ഓർമ്മവച്ച നാൾമുതലുള്ള പ്രണയം എന്നെ കൊല്ലാതെ കൊന്നുകൊണ്ടിരുന്നു… ഒരുവേള പാദമിടറി വീഴാൻ പോയപ്പോൾ രണ്ടു ബലിഷ്ടമായ രോമങ്ങൾ നിറഞ്ഞ കൈകൾ എന്നെ താങ്ങി നിർത്തി…
” എന്താ പറ്റിയതെടോ…”
അലിവാർന്ന ശബ്ദത്തിൽ ആരോ എന്നോട് ചോദിച്ചു… എനിക്ക് മുന്നിൽ നിൽക്കുന്നത് ആരാണെന്നോ, എന്താണെന്നോ, എനിക്ക് മനസ്സിലായില്ല എന്നോട് ചോദിച്ച ചോദ്യം മാത്രമേ എന്റെ ചെവിയിൽ മുഴങ്ങിയുള്ളു…
” ഹരിയേട്ടൻ പറഞ്ഞപോലെ ഞാൻ അത്രയും മോശമാണോ എന്നെ കാണാൻ കൊള്ളില്ലേ, എന്നെ വേണ്ടെന്ന് പറയാൻ ഇത്രയും കാരണങ്ങളുള്ള ഹരിയേട്ടന് എന്നെ വേണമെന്ന് പറയാൻ ഒരു കാരണം പോലും ഉണ്ടായില്ലേ…”
അയാളെ മുറുകെ കെട്ടിപ്പിടിച്ച് ഞാൻ ഇങ്ങനെ ചോദിച്ചു…
അയാളെ മുറുകെപ്പിടിച്ച് പൊട്ടിക്കരയുന്നതിനിടയിൽ എപ്പോഴോ എന്റെ ബോധം മറഞ്ഞ് ഞാൻ താഴേക്ക് പോയി… പാതി പറഞ്ഞു പോകുന്ന ബോധത്തിലും ആ കൈകൾ എന്നെ താങ്ങി എടുക്കുന്നതും എന്നെ വിളിക്കുന്നതും ഞാൻ കേട്ടു…
പിന്നീട് എപ്പോഴാ ബോധം വരുമ്പോൾ ഞാൻ ആശുപത്രിയിലാണ് അമ്മ പറഞ്ഞു രണ്ട് ദിവസമായിരുന്നു ഒന്നും ഓർമ്മയില്ല അന്ന് ഹരിയേട്ടന്റെ വീട്ടിൽ നിന്ന് ആ മഴയെ തിരഞ്ഞു നടക്കുമ്പോൾ മനസ്സ് മുഴുവൻ ഒരുതരം ഭാരമായിരുന്നു…
മറക്കാൻ ശ്രമിക്കുന്ന ഓരോ നിമിഷവും വീണ്ടും വീണ്ടും എൻറെ പ്രണയവും ആ പ്രണയത്തിനൊടുവിൽ ഞാൻ അനുഭവിച്ച വേദനകളും കൂടിക്കൂടി വന്നു ഒരാഴ്ച കഴിഞ്ഞു… ഒരു മാസം കഴിഞ്ഞു… സമയവും കാലവും ഒന്നും കടന്നുപോകുന്നത് ഞാൻ അറിയുന്നില്ല നഷ്ടപ്പെട്ടു പോകുമോ എന്ന് ഞാൻ സ്വയം ചോദിച്ചു തുടങ്ങി..
അമ്മ അമ്മയുടെ ഒരു ബന്ധുവിൻ്റേ മകളായ സന്ധ്യയെടെത്തിയെ വിളിച്ചുവരുത്തി, ചേച്ചി എന്നെ കാണാൻ വന്ന സമയം ഞാൻ കുറെ നേരം ചേച്ചിയെ കെട്ടിപ്പിടിച്ചിരുന്നു ഒന്നും പറഞ്ഞില്ല പരസ്പരം പോകുന്നതിനുമുമ്പായി ചേച്ചി എന്നോട് ഒരു കാര്യം മാത്രം പറഞ്ഞു…
” നോക്ക് മോളേ… നിൻറെ സ്നേഹത്തിനും കാത്തിരിപ്പിനും ഒരു വിലയും കൽപ്പിക്കാത്തവൻ അവിടെ സന്തോഷവാനായി കല്യാണത്തിന് ഒരുങ്ങുന്നു, ആത്മാർത്ഥമായി അവനെ സ്നേഹിച്ച നീ ഇരുട്ടറയിൽ ഇങ്ങനെ… ഇനി നീ , നിനക്ക് വേണ്ടി ഇത്രയും കാലം ജീവിച്ച നിൻറെ അമ്മയെ മാത്രം ആലോചിക്ക് , നിന്നെ നിഷ്കരണം തള്ളിക്കളഞ്ഞ നിൻറെ സ്നേഹത്തിന് പുല്ലുവില പോലും കൽപ്പിക്കാത്ത അവനെ കളഞ്ഞിട്ട്, നീ ഇനി ജീവിക്കേണ്ടത് അമ്മയ്ക്ക് വേണ്ടിയാണ്…” ചേച്ചി പറഞ്ഞിട്ട് പോയി..
ചേച്ചി പറഞ്ഞതിൽ അമ്മ എന്ന വാക്ക് മാത്രം വീണ്ടും വീണ്ടും മനസ്സിലേക്ക് ആഞ്ഞടിക്കാൻ തുടങ്ങി , ശരിയാണ് ഉള്ളിൽ പ്രണയം കത്തി കയറിയപ്പോൾ എനിക്ക് വേണ്ടി മാത്രം ജീവിച്ച പാവം അമ്മയെ ഞാൻ മറന്നു ചെറുപ്രായത്തിൽ വിധവയായിട്ടും മറ്റൊരു ജീവിതത്തെക്കുറിച്ച് ആലോചിക്കാതെ എനിക്ക് വേണ്ടി മാത്രമാണ് അമ്മ ജീവിച്ചത് എന്നിട്ടും…. എൻറെ ഈ പെരുമാറ്റങ്ങളെല്ലാം എൻറെ അമ്മയ്ക്ക് വേദന മാത്രമേ കൊടുത്തിട്ടുള്ളൂ..
” മാറണം… മറക്കണം… ” മനസ്സിൽ സ്വയം തീരുമാനിച്ചു…
ദിവസങ്ങൾ വീണ്ടും കഴിഞ്ഞു… അമ്മയ്ക്ക് വേണ്ടി മാറാൻ തുടങ്ങി… അമ്മയോട് മിണ്ടാൻ , കൂടെയിരിക്കാൻ സമയത്തെ അങ്ങനെ ഒഴുകാൻ വിട്ടു…
കുറച്ച് ദിവസങ്ങൾക്ക് ശേഷം,
” ആഹ് കഴിഞ്ഞ തവണത്തേക്കാളും ബെറ്റർ ആയിട്ടുണ്ടല്ലൊ നീ… നമുക്കൊന്ന് പുറത്തേക്കൊക്കെ പോയിട്ട് വരാം…” ചേച്ചി എന്നെയും കൂട്ടി പുറത്തേക്ക് ഇറങ്ങി..
ചേച്ചി എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു അതിനൊക്കെ മറുപടിയും കൊടുത്തു ഞാനും മുന്നോട്ട് നടന്നു…
” സന്ധ്യാ….” പെട്ടെന്നാണ് പുറകിൽ നിന്ന് ഒരു ശബ്ദം…
മുമ്പെങ്ങോ ഞാൻ കേട്ട് മറന്നുപോയ ഒരു ശബ്ദം…
” ഹായ്, അഭി… നീ ഇവിടെ?…” ചേച്ചി അയാളോട് ചോദിക്കുന്ന കേട്ടു… രണ്ടുപേരും കുറെ കാലമായി പരിചയമുള്ളവരെ പോലെ സംസാരിക്കുന്നത് കണ്ടു ഞാൻ കുറച്ച് അപ്പുറത്തേക്ക് മാറിനിന്നു..
അല്പസമയം കഴിഞ്ഞ് ചേച്ചി അദ്ദേഹത്തെ കൂട്ടി എൻ്റടുത്ത് വന്നു..
” അഭീ ഇത് എൻ്റെ അനിയത്തി, പൂജ…” ചേച്ചി എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുത്തു..
” എനിക്കറിയാം… അന്ന് വഴിയിൽ തളർന്ന് വീണപ്പോൾ ഞാനല്ലേ ഹോസ്പിറ്റലിൽ എത്തിച്ചത്…” ഇത്തവണ അദ്ദേഹം പറയുന്നത് കേട്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി..
അന്ന് മഴയത്ത് ബോധം പറഞ്ഞു വീണപ്പോൾ എന്നെ പിടിച്ച കൈകൾ അദ്ദേഹത്തിന്റെതായിരുന്നു ഓർമ്മയിൽ മുഴുവൻ ഞാൻ ഈ മുഖം പക്ഷേ എന്തോ മുഖം അത്ര വ്യക്തമായി എനിക്ക് ഓർമ്മ കിട്ടുന്നില്ല, പക്ഷേ ശബ്ദം അത് എനിക്ക് നന്നായിട്ട് ഓർമ്മയുണ്ട്…
വീണ്ടും അവരെ രണ്ടുപേരും സംസാരിച്ചു തുടങ്ങിയപ്പോൾ ഞാൻ തിരിച്ചു വീട്ടിലേക്ക് വേഗം നടന്നു. കാര്യം എന്താണെന്നറിയാതെ എനിക്ക് പിന്നാലെ ചേച്ചിയും…
തുടരെത്തുടരെ ചോദിച്ചെങ്കിലും ഒന്നുമില്ല എന്ന് മറുപടിയിൽ ഞാൻ എല്ലാം ഒതുക്കി തീർത്തു..
ഒരു പ്രണയത്തിനു വേണ്ടി പാതിവഴിയിൽ ഉപേക്ഷിച്ച് എൻറെ പഠനം വീണ്ടും പുനരാരംഭിക്കാൻ നിർബന്ധിച്ചു , ആലോചിച്ചപ്പോൾ വീട്ടിൽ തന്നെ ഇരിക്കുന്നതും ഒട്ടും പ്രായോഗികമല്ല എന്ന് മനസ്സിലായപ്പോൾ ഞാനും നിർത്തിവെച്ച പഠനം പുനരാരംഭിച്ചു…
ദിവസങ്ങൾ മാസങ്ങളായി വേഗം തന്നെ കടന്നുപോയി ആദ്യമൊക്കെ പഠിക്കുന്നതൊക്കെ മനസ്സിലേക്ക് കയറാൻ കുറച്ച് അധികം ബുദ്ധിമുട്ടിയിരുന്നു പക്ഷേ ഇപ്പോൾ അതൊക്കെ മാറി… ഇന്ന് കോളേജിലെ ഏറ്റവും ടോപ് സ്റ്റുഡൻസ് ഒരാളാണ് ഞാൻ…
ഇന്ന് ഹരിയേട്ടന്റെ കല്യാണമാണ് അമ്മ പോകണ്ട എന്ന് പറഞ്ഞെങ്കിലും പക്ഷേ എന്തോ എനിക്ക് പോകണം എന്ന് തന്നെയായിരുന്നു മനസ്സ് കൈവിട്ടു പോകുമോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ല എങ്കിലും പൂർണമായും ഒരു അവസാനം കണ്ടെത്താൻ എനിക്ക് കല്യാണത്തിന് പോയാൽ മതിയാകും. വേദനിക്കും ഹൃദയം പൊട്ടുന്ന പോലെ തോന്നും പക്ഷേ എനിക്കതിന് പോയ കഴിയൂ ഇനി ഒരിക്കലും അയാൾ എന്റേതല്ലെന്ന് ഒന്ന് കൂടി ഉറപ്പിക്കണം…
കതിർ മണ്ഡപത്തിൽ ഇരിക്കുന്ന അയാൾ ആഗ്രഹിച്ച എല്ലാ കോളിറ്റീസും ഉള്ള ഒരു ഡോക്ടർ പെൺകുട്ടി… അതിൻ്റെ ഗമയിൽ ചിരിക്കുന്ന ഹരിയേട്ടൻ ഇരുവരെയും കാണുമ്പോൾ മനസ്സ് കൈവിട്ടു പോകുന്ന പോലെ എനിക്ക് തോന്നി… പക്ഷേ പെട്ടെന്നാണ് കസേരയുടെ മുകളിലിരുന്ന എൻറെ കൈകൾ മറ്റൊരു കൈ പതിഞ്ഞത്…
ആരാണെന്ന് തിരിഞ്ഞുനോക്കുമ്പോൾ അഭിയാണ്…
എന്തോ ഇതുവരെയുണ്ടായിരുന്ന മനസ്സിന്റെ കനം പെട്ടെന്ന് അലിഞ്ഞുപോകുന്നതുപോലെ തോന്നി, മനസ്സ് വല്ലാത്തൊരു ശാന്തതയിലേക്ക് മടങ്ങുന്നു…
ഞാനാ മുഖത്തേക്ക് നോക്കി..
” ഒന്നുമില്ല…” ആർദ്രമായ ശബ്ദത്തിൽ അദ്ദേഹം എന്നോട് പറഞ്ഞു..
അങ്ങനെ ആ ദിവസവും എന്നിലൂടെ കടന്നുപോയി പിന്നീടുള്ള ദിവസങ്ങളിൽ പലയിടത്ത് വച്ച് അദ്ദേഹത്തെ നോക്കി കാണാറുണ്ട് അപ്പോഴൊക്കെ കുഞ്ഞിക്കണ്ണുകൾ ഇറക്കിപ്പിടിച്ച് ഒരു പുഞ്ചിരി തന്നു അദ്ദേഹം മുന്നോട്ട് നീങ്ങും തിരികെ ഞാനും…
ഡിഗ്രി കംപ്ലീറ്റ് ചെയ്തു അവധിക്കാലം എത്തിയപ്പോഴാണ് അമ്മ വീണ്ടും കല്യാണക്കാര്യം മുന്നിലിട്ടത് കുറെയൊക്കെ എതിർത്തു നോക്കി,
പക്ഷേ അമ്മയുടെ കണ്ണീരിൽ മുന്നിൽ തലകുനിക്കേണ്ടി വന്നു…
പെണ്ണുകാണലിനായി വരന്റെയും വീട്ടുകാരുടെയും മുന്നിൽ ഒരുങ്ങി നിന്നപ്പോൾ ആരെയും നോക്കാൻ തോന്നിയില്ല , ഇതൊക്കെ വെറുമൊരു പ്രഹസനം മാത്രമായാണ് മനസ്സിൽ തോന്നിയത്…
ചെക്കനെയും പെണ്ണിനേയും ഒരുമിച്ച് സംസാരിക്കാൻ വിട്ടു. എൻറെ പിന്നിൽ വന്നു നിൽക്കുന്ന ആള് എനിക്ക് പരിചയമുള്ള പോലെ…. പെട്ടെന്നാണ് ഞാൻ തിരിഞ്ഞു നോക്കിയത് അഭിയായിരുന്നു അത്…
” ഞാൻ… എനിക്ക് ഇതിനുമുമ്പ്…”
” പ്രത്യേകിച്ച് ഒന്നും പറയണമെന്നില്ല… എനിക്കറിയാം എല്ലാം…” കൂടുതൽ ഒന്നും എന്നിൽ നിന്ന് കേൾക്കാനില്ലാത്ത പോലെ അദ്ദേഹം പറഞ്ഞു..
ഞാനാ മുഖത്തെക് നോക്കി കുഞ്ഞു നക്ഷത്രങ്ങൾ തിളങ്ങുന്ന കണ്ണുകൾ, ഒരു കുസൃതി ചിരി, കുറ്റിത്താടിയും മീശയും…
“ഞാൻ തന്റെ ചേച്ചിയില്ലേ സന്ധ്യ.. ആളുടെ കൂടെയാണ് പഠിച്ചത് അപ്പോൾ പ്രൊഫഷൻ എന്താണെന്ന് മനസ്സിലായി കാണുമല്ലോ പിന്നെ സ്വല്പം എഴുത്തും വായനയും അങ്ങനെ കുറച്ചു ഹോബികൾ…” അഭി ചിരിയോടെ പറഞ്ഞു.
” ചേച്ചി ഇന്ന് എല്ലാം അറിഞ്ഞതുകൊണ്ടുള്ള സഹതാപമാണോ..”
“ഒരിക്കലുമല്ല… തൻറെ ചേച്ചിയിൽ നിന്ന് തന്നെ കുറിച്ച് അറിയുന്നതിന് മുമ്പേ ഞാൻ തന്നെ കണ്ടതാണ്… അന്ന് ആ മഴയത്ത് എൻറെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞ ഒരു കുഞ്ഞി പെണ്ണ്…. ബോധം നിൻറെ കയ്യിലേക്ക് വീഴുമ്പോൾ ഈ മുഖം എന്റെ നെഞ്ചിനകത്തേക്കാ കയറിയത്… അന്നുമുതൽ ഇന്നുവരെ ഒരു നിഴലുപോലെ നിന്റെ കൂടെ ഉണ്ട് ഞാൻ പറഞ്ഞിട്ടില്ല എന്ന് മാത്രമേയുള്ളൂ… എനിക്ക് നിന്നോട് പ്രണയമാണ്…. ഈ ജന്മം മുഴുവൻ തന്ന് തീർത്താൽ തീരാത്തത്ര പ്രണയം…” എൻറെ കണ്ണുകളിലേക്ക് നോക്കി അഭി പറയുമ്പോൾ തിരിച്ച് എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞാൻ ആ കണ്ണിലേക്ക് നോക്കി നിന്നു പോയി…
” ഈ പ്രണയം എനിക്ക് തിരിച്ചു തരാൻ സാധിച്ചില്ലെങ്കിലോ…”
” അതൊരു പ്രശ്നമല്ല… എന്നെ പ്രണയിക്കാതിരിക്കാൻ നിനക്ക് ആവില്ല…” മറുപടിയൊന്നും പറയാതെ ഞാൻ അകത്തേക്ക് നടന്നു. തിരിഞ്ഞു നോക്കിയില്ലെങ്കിലും എനിക്കറിയാം ആ കുഞ്ഞി കണ്ണുകൾ എന്നെ നോക്കി ചിരിക്കുന്നുണ്ട്….
5 വർഷങ്ങൾക്ക് ശേഷം….
കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഡോക്ടർ അഭിമന്യു ചന്ദ്രൻ്റെ അഭിനന്ദന ചടങ്ങ്… അദ്ദേഹത്തിന് ആശംസ അറിയിക്കാൻ എത്തിയിരിക്കുന്ന മുഖ്യാതിഥി ഞാനാണ് അഭിമന്യു ചന്ദ്രൻറെ പ്രിയപ്പെട്ട ഭാര്യ പൂജ അഭിമന്യു ഐഎഎസ്….
ചടങ്ങിനു ശേഷം കുട്ടികളുമായി ഒരു അഭിമുഖം… കുട്ടികുറുമ്പുകളുടെ ചോദ്യങ്ങളും അതിനനുസരിച്ചുള്ള ഉത്തരങ്ങളും സമയം വളരെ വേഗം നീങ്ങി…
” മാഡം ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന ഒരു മുഹൂർത്തം ഏതാണ്?…”
ഉത്തരം പറയുന്നതിനു മുമ്പ് ഞാൻ അഭിയെ തലതിരിച്ചു നോക്കി അവിടെ പതിവ് പുഞ്ചിരി ഉണ്ട്….
“ജീവിതം തന്നെ അവസാനിച്ചെന്ന് കരുതി, എന്നെ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞവരുടെ മുന്നിൽ നിന്നു തോറ്റു ഓടി വരുമ്പോൾ കാലിടറി വീണ എന്നെ കൈപിടിച്ച് ഉയർത്തിയ എൻറെ പ്രാണനെ കണ്ടുമുട്ടിയ നിമിഷം… മുന്നോട്ട് ഉള്ള ജീവിതത്തിൽ കാലിടറി വീഴാതെ, ആർക്കു മുന്നിലും തോൽക്കാൻ അനുവദിക്കാതെ ഇന്നത്തെ എന്നിലേക്ക് നയിച്ചത് അദ്ദേഹമാണ്, അദ്ദേഹത്തിനെ കണ്ടുമുട്ടി ആ നിമിഷമാണ് എൻറെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം…
എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടികൾ കൊടുത്ത ശേഷം വേദിയിൽ നിന്ന് ഇറങ്ങി വരുമ്പോൾ നഷ്ടം ബോധം നിറഞ്ഞ രണ്ടു കണ്ണുകളെ… പക്ഷേ ഇന്ന് അതിനെ നോക്കാൻ പോലും എനിക്ക് മനസില്ല, കാരണം കറതീർന്ന പ്രണയം തന്നു കൊണ്ട് പ്രണയം തിരിച്ചു വാങ്ങിയ ഒരു മനുഷ്യൻ ജീവിതത്തിലും മനസിലും നിറഞ്ഞ കവിഞ്ഞു നിൽക്കുകയല്ലേ…
യഥാർത്ഥ പ്രണയം അത് ഇന്നെൻ്റെ കൈക്കുമ്പിളിലാണ്….
ശുഭം
✍️തൂലിക
