“നൂറിൽ നൂർ വാങ്ങിയില്ലേൽ നിന്റെ അച്ഛൻ അവിടുന്ന് അയച്ചു തന്ന ആ പ്ലേസ്റ്റേഷൻ ഞാൻ തല്ലിപ്പൊളിക്കും, പറഞ്ഞേക്കാം! എനിക്ക് നൂറിൽ നൂറ് തന്നെ വേണം!”
സിതാരയുടെ ആക്രോശം ആ കൊച്ചു വീടിന്റെ ചുവരുകളിൽ തട്ടിപ്രതിധ്വനിച്ചപ്പോൾ, ആറാം ക്ലാസുകാരൻ അപ്പു എന്ന അഭിനന്ദ് പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി വിറച്ചു. അവന്റെ കണ്ണിൽ നിന്ന് വീണ ഒരു തുള്ളി കണ്ണീർ, മേശപ്പുറത്തിരുന്ന കണക്കുപുസ്തകത്തിലെ ‘Fraction’ എന്ന അധ്യായത്തിലെ സമവാക്യങ്ങളെ നനച്ച് പടർത്തി.
“കരയാൻ മാത്രം ഞാൻ ഇവിടെ ആരെയും കൊന്നിട്ടൊന്നുമില്ല,” സിതാര കയ്യിലിരുന്ന ചൂരൽ മേശപ്പുറത്ത് ശക്തിയായി അടിച്ചു. ശബ്ദം കേട്ട് അപ്പു ഞെട്ടിവിറച്ചു. “നിന്റെ അച്ഛൻ മരുഭൂമിയിലെ ആ കൊടുംചൂടിൽ കിടന്ന് കഷ്ടപ്പെടുന്നത് എന്തിനാടാ? നിനക്ക് സുഖമായി ജീവിക്കാനും നല്ല നിലയിൽ എത്താനും വേണ്ടിയാ. അതിനുള്ള നന്ദി നീ കാണിക്കേണ്ടത് ഈ വരുന്ന ക്വാർട്ടർലി പരീക്ഷയ്ക്ക് കണക്കിന് ഫുൾ മാർക്ക് വാങ്ങിയിട്ടാവണം. കഴിഞ്ഞ തവണ ആ ഗീതയുടെ മോൻ അഭിനവിന് നിന്നെക്കാൾ രണ്ട് മാർക്ക് കൂടുതലായിരുന്നു. ഈ തവണ അത് ആവർത്തിച്ചാൽ…”
സിതാര വാക്കുകൾ പൂർത്തിയാക്കിയില്ല. ആ നോട്ടത്തിൽ തന്നെയുണ്ടായിരുന്നു ബാക്കി ഭീഷണി മുഴുവൻ.
അപ്പുവിന്റെ അച്ഛൻ ഹരിപ്രസാദ് ദുബായിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസറാണ്. വർഷത്തിൽ ഒരിക്കൽ മാത്രം നാട്ടിൽ വരാൻ കഴിയുന്ന സാധാരണക്കാരൻ. മകനെ ഒരു വലിയ എഞ്ചിനീയറോ ഡോക്ടറോ ആക്കണമെന്നത് ഹരിയേക്കാൾ കൂടുതൽ സിതാരയുടെ വാശിയായിരുന്നു. അയൽപക്കത്തെ കുട്ടികളുമായും സ്കൂളിലെ മറ്റ് കുട്ടികളുമായും അപ്പുവിനെ താരതമ്യം ചെയ്യുന്നത് സിതാരയുടെ ഒരു ശീലമായി മാറിയിരുന്നു.
അന്ന് രാത്രി അപ്പുവിന് ഉറക്കം വന്നതേയില്ല. അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി കിടന്നു. അച്ഛൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ വാങ്ങിത്തന്ന ആ പ്ലേസ്റ്റേഷൻ ഹാളിലെ മേശപ്പുറത്ത് വെറുതെ ഇരിപ്പുണ്ട്. അത് തൊടാൻ പോലും സിതാര അവനെ അനുവദിക്കാറില്ല. പരീക്ഷയ്ക്ക് എങ്ങാനും മാർക്ക് കുറഞ്ഞാൽ അമ്മ അത് നശിപ്പിക്കും എന്ന് അവന് ഉറപ്പായിരുന്നു.
അർദ്ധരാത്രിയിൽ ഹരിയുടെ ഫോൺ കോൾ വന്നു. സിതാരയാണ് ഫോൺ എടുത്തത്.
“ഹലോ ഹരിയേട്ടാ, എന്തായി അവിടെ?”
“കുഴപ്പമില്ലടോ, നല്ല ചൂടാണ് ഇവിടെ. അപ്പുക്കുട്ടൻ ഉറങ്ങിയോ? അവന് പരീക്ഷയൊക്കെ തുടങ്ങാറായല്ലോ, നന്നായി പഠിക്കുന്നുണ്ടോ?” ഹരിയുടെ ശബ്ദത്തിൽ ഒരു പ്രവാസിയുടെ മുഴുവൻ ആകുലതകളും ഉണ്ടായിരുന്നു.
“അവൻ പഠിക്കുന്നുണ്ട്. പക്ഷേ കുറച്ചുകൂടി ശ്രദ്ധിക്കണം. ഒരു മാർക്ക് പോലും പോകരുത് എന്നാ ഞാൻ അവനോട് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ തവണ ആ ഗീതയുടെ മോൻ ഒന്നാമതായി. ഈ തവണ നമ്മുടെ മോൻ തന്നെ ഒന്നാമതാവണം. ഞാൻ അതിനായി അവനെക്കൊണ്ട് രാത്രി മുഴുവൻ ഇരുത്തി പഠിപ്പിക്കുന്നുണ്ട്.” സിതാര അഭിമാനത്തോടെ പറഞ്ഞു.
“സിതാരേ… അവൻ വെറുമൊരു ആറാം ക്ലാസുകാരനല്ലേടോ. നീ അവനെ ഒരുപാട് ബുദ്ധിമുട്ടിക്കരുത്. പഠിക്കട്ടെ, പക്ഷേ അതൊരു ഭാരമാകരുത്. എനിക്ക് അവനെ വലിയ പണക്കാരനാക്കുകയല്ല വേണ്ടത്, നല്ലൊരു മനുഷ്യനാക്കണം.” ഹരി ഓർമ്മിപ്പിച്ചു.
“നിങ്ങൾക്ക് അവിടെയിരുന്ന് എന്തും പറയാം. ഇവിടെ നാട്ടുക്കാരുടെ മുന്നിൽ ജീവിക്കുന്നത് ഞാനാണ്. എന്റെ മോൻ മറ്റുള്ളവരുടെ മുന്നിൽ തലകുനിച്ചു നിൽക്കാൻ ഞാൻ സമ്മതിക്കില്ല.” സിതാര ഫോൺ കട്ട് ചെയ്തു.
പരീക്ഷകൾ ഓരോന്നായി കടന്നുപോയി. മലയാളവും സോഷ്യലും സയൻസും ഒക്കെ കഴിഞ്ഞു. അപ്പു എങ്ങനെയൊക്കെയോ അതെല്ലാം എഴുതിത്തീർത്തു. ഓരോ പരീക്ഷ കഴിഞ്ഞു വരുമ്പോഴും സിതാര ചോദ്യപ്പേപ്പർ വാങ്ങി ഓരോ ചോദ്യവും പരിശോധിച്ച് മാർക്ക് കണക്കുകൂട്ടുമായിരുന്നു. ഒരു ചെറിയ തെറ്റ് കണ്ടാൽ പോലും അന്ന് രാത്രി കഠിനമായ വഴക്കും ചൂരലടിയും കിട്ടും .
ഒടുവിൽ അപ്പു ഏറ്റവും കൂടുതൽ ഭയന്ന ആ ദിവസം വന്നു കണക്ക് പരീക്ഷയുടെ ദിവസം.
പരീക്ഷാഹാളിൽ ഇരിക്കുമ്പോൾ അപ്പുവിന്റെ കൈകൾ വിയർക്കുന്നുണ്ടായിരുന്നു. തല കറങ്ങുന്നത് പോലെ അവന് തോന്നി. ചോദ്യപ്പേപ്പർ കയ്യിൽ കിട്ടിയപ്പോൾ അവൻ വേഗം ഓരോ ചോദ്യങ്ങളിലൂടെയും കണ്ണോടിച്ചു. എല്ലാം അവൻ പഠിച്ചതുതന്നെയായിരുന്നു. പക്ഷേ, ചോദ്യം നമ്പർ 15 കണ്ടതും അവന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു.
ആ ചോദ്യം അവൻ ഇന്നലെ രാത്രി പഠിച്ചതാണ്. പക്ഷേ ഇപ്പോൾ അവന്റെ മനസ്സിൽ അമ്മയുടെ മുഖവും കയ്യിലെ ചൂരലും മാത്രമാണ് തെളിഞ്ഞു വരുന്നത്. പെട്ടെന്ന് അവന്റെ മനസ്സ് ശൂന്യമായി. ഫോർമുലകൾ എല്ലാം മറന്നുപോയി. പേന പിടിച്ച കൈകൾ വിറച്ചു. സമയം വേഗത്തിൽ കടന്നുപോയി.
“ലാസ്റ്റ് ഫൈവ് മിനിറ്റ്സ്!” ഇൻവിജിലേറ്ററായ ടീച്ചറുടെ ശബ്ദം കേട്ടപ്പോൾ അപ്പു ഞെട്ടി.
അവൻ ആ ചോദ്യം ചെയ്യാൻ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല. ഒടുവിൽ ബെല്ലടിച്ചു. ടീച്ചർ വന്ന് പേപ്പർ വാങ്ങി. 15-ാമത്തെ ചോദ്യം തൊടാതെ, ആ അഞ്ച് മാർക്കിന്റെ ചോദ്യം പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് അവൻ പേപ്പർ നൽകിയത്.
സ്കൂൾ ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ അപ്പുവിന്റെ കാലുകൾക്ക് കറുത്ത ഈയത്തിന്റെ ഭാരമുണ്ടായിരുന്നു. വീടിന്റെ ഉമ്മറത്ത് തന്നെ സിതാര കാത്തുനിൽപ്പുണ്ടായിരുന്നു. മുഖത്ത് കടുത്ത ആശങ്കയും ആകാംഷയും.
“എങ്ങനെയുണ്ടായിരുന്നു കണക്ക് പരീക്ഷ? നൂറിൽ നൂറും കിട്ടുമല്ലോ അല്ലേ?” അപ്പു വീട്ടിലേക്ക് കയറിയ ഉടൻ സിതാര ചോദിച്ചു.
അപ്പു ഒന്നും മിണ്ടാതെ ചോദ്യപ്പേപ്പർ മേശപ്പുറത്ത് വെച്ചു. സിതാര വേഗം അതിലേക്ക് നോക്കി. പെട്ടെന്നാണ് 15-ാമത്തെ ചോദ്യത്തിന് നേരെ അപ്പു പെൻസിൽ കൊണ്ട് ഒരു പൂജ്യം ഇട്ടിരിക്കുന്നത് കണ്ടത്.
“ഇതെന്താടാ ഇത്? ഈ പതിനഞ്ചാമത്തെ ചോദ്യം നീ എഴുതിയില്ലേ?” സിതാരയുടെ ശബ്ദം ഉയർന്നു.
അപ്പു പേടിയോടെ തലയാട്ടി. “അമ്മേ… അത്… എനിക്ക് പെട്ടെന്ന് മറന്നുപോയി…”
“മറന്നുപോയി എന്നോ?!” സിതാരയുടെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു. “അഞ്ച് മാർക്കിന്റെ ചോദ്യമാണ് നീ കളഞ്ഞത്! ഞാൻ ഇന്നലെ രാത്രി ഇത് നിന്നെക്കൊണ്ട് മൂന്ന് തവണ എഴുതിച്ചു പഠിപ്പിച്ചതല്ലേടാ?”
സിതാര അടുക്കളയിൽ ഇരുന്ന ചൂരൽ എടുത്തു കൊണ്ടു വന്നു.
“അമ്മേ… അടിക്കല്ലേ അമ്മേ… എനിക്ക് പേടിയായിട്ടാ…” അപ്പു കരഞ്ഞുവിളിച്ചു.
പക്ഷേ സിതാരയുടെ കാതുകളിൽ ആ ദീനരോധനം എത്തിയില്ല. അവർ അപ്പുവിന്റെ കാലുകളിലും കൈകളിലും ശക്തിയായി അടിക്കാൻ തുടങ്ങി.
“അഞ്ച് മാർക്കാടാ നീ കളഞ്ഞത്! അഞ്ച് മാർക്ക്! നിന്റെ അച്ഛൻ അവിടെ കിടന്നു ചോര നീരാക്കുന്നത് നിനക്ക് പരീക്ഷയ്ക്ക് പൂജ്യം വാങ്ങാനാണോ?”
“അമ്മേ… ഇനി ഞാൻ തെറ്റിക്കില്ല അമ്മേ… എന്നെ കൊല്ലല്ലേ…” അപ്പു നിലത്തു വീണുരുണ്ടു.
അടിയുടെ ആഘാതത്തിൽ അവന്റെ കൈകളിൽ നീലച്ച പാടുകൾ വീണു. അടിച്ചു തളർന്നപ്പോൾ സിതാര ചൂരൽ താഴെയിട്ടു.
“ഇന്നത്തെ രാത്രി നീ ഉറങ്ങണ്ട ഈ മുറിയിൽ കിടന്ന് നീ ആ ചോദ്യം നൂറ് തവണ എഴുതണം. നാളെ നേരം വെളുക്കുന്നതിന് മുൻപ് ഞാൻ ഇത് കാണണം. എഴുതിയില്ലെങ്കിൽ ഇതിലും വലുത് വരാനിരിക്കുന്നു.” സിതാര മുറിക്ക് പുറത്തിറങ്ങി കതക് ശക്തിയായി അടച്ചു പൂട്ടി.
മുറിക്കുള്ളിലെ ഇരുട്ടിൽ, വേദന കൊണ്ട് പുളയുന്ന ശരീരവുമായി അപ്പു കരഞ്ഞുതളർന്നു കിടന്നു. വിശപ്പും ശരീരവേദനയും മനസ്സിന്റെ ഭാരവും താങ്ങാൻ കഴിയാതെ അവൻ വിതുമ്പിക്കൊണ്ടിരുന്നു.
അടുത്ത ദിവസങ്ങളിൽ സ്കൂളിൽ അപ്പു തികച്ചും വ്യത്യസ്തനായ ഒരു കുട്ടിയായി മാറി. ക്ലാസിൽ എപ്പോഴും ജനലിലൂടെ പുറത്തേക്ക് നോക്കി ശൂന്യമായി ഇരിക്കും. കൂട്ടുകാരോട് കളിക്കാൻ പോകാറില്ല. ഉച്ചഭക്ഷണം കഴിക്കാൻ കൂട്ടാക്കാറില്ല. പഠനത്തിൽ മിടുക്കനായിരുന്ന അപ്പുവിന്റെ ഈ മാറ്റം ക്ലാസ്സ് ടീച്ചറായ മേരി ടീച്ചറുടെ ശ്രദ്ധയിൽ പെട്ടു.
ക്ലാസിൽ ഒരു ചോദ്യം ചോദിച്ചപ്പോൾ മറുപടി പറയാൻ എഴുന്നേറ്റ അപ്പുവിന്റെ കൈയിലെ കറുത്ത പാടുകൾ ടീച്ചർ കണ്ടു.
“അപ്പു… നിന്റെ കയ്യിൽ ഇതെന്താ പറ്റിയത്?” മേരി ടീച്ചർ ചോദിച്ചു.
അപ്പു വേഗം കൈകൾ പിന്നിലേക്ക് ഒളിപ്പിച്ചു. “അത്… അത് ടീച്ചറേ, വീണതാ…” അവൻ കള്ളം പറഞ്ഞു, പക്ഷേ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
കാര്യങ്ങൾ അത്ര ശുഭകരമല്ലെന്ന് മനസ്സിലാക്കിയ മേരി ടീച്ചർ അപ്പുവിനെ സ്കൂളിലെ സ്റ്റുഡന്റ് കൗൺസിലറായ അനുപമയുടെ അടുത്തേക്ക് കൊണ്ടുപോയി.
അനുപമയുടെ റൂം വളരെ ശാന്തമായിരുന്നു. ചുവരുകളിൽ മനോഹരമായ ചിത്രങ്ങളും കുട്ടികൾക്ക് കളിക്കാൻ കുറച്ചു കളിപ്പാട്ടങ്ങളും ഉണ്ടായിരുന്നു. അനുപമ അപ്പുവിന് കുടിക്കാൻ കുറച്ച് വെള്ളം നൽകി.
“അപ്പുക്കുട്ടാ… പേടിക്കേണ്ട കാര്യമൊന്നുമില്ല കേട്ടോ. ഇവിടെ നമ്മൾ രണ്ട് പേരും മാത്രമേ ഉള്ളൂ. നിനക്ക് എന്നോട് എന്തും പറയാം.” അനുപമ സൗമ്യമായി പറഞ്ഞു.
അപ്പു മിണ്ടാതെ ഇരുന്നു.
“നിന്റെ കൈയിലെ ഈ പാടുകൾ എങ്ങനെ വന്നതാ മോനേ? അമ്മ അടിച്ചതാണോ?” അനുപമ വളരെ പതുക്കെ അവന്റെ കൈകളിൽ തൊട്ടു.
ടീച്ചറുടെ സ്പർശനത്തിന്റെ സ്നേഹം അറിഞ്ഞതും അപ്പുവിന്റെ ഉള്ളിലെ അണക്കെട്ട് തകർന്നു. അവൻ ഉറക്കെ കരയാൻ തുടങ്ങി.
“ടീച്ചറേ… എന്നെ രക്ഷിക്കണം. എനിക്ക് വീട്ടിലേക്ക് പോകണ്ട. അമ്മ എന്നെ കൊല്ലും.” അവൻ വിതുമ്പലോടെ പറഞ്ഞു.
“എന്താടാ ഉണ്ടായത്? അമ്മ എന്തിനാ അടിച്ചേ?”
“കണക്ക് പരീക്ഷയ്ക്ക് ഒരു ചോദ്യം എഴുതിയില്ല ടീച്ചറേ. അഞ്ച് മാർക്ക് പോകും. അതിനാണ് അമ്മ എന്നെ ഇത്രയും അടിച്ചത്. കഴിഞ്ഞ തവണ രണ്ട് മാർക്ക് കുറഞ്ഞപ്പോഴും അമ്മ എന്നെ ഒരുപാട് അടിച്ചു. അച്ഛൻ അയച്ചു തന്ന കളിപ്പാട്ടങ്ങൾ എല്ലാം അമ്മ തല്ലിപ്പൊളിക്കും എന്ന് പറയുന്നു. എനിക്ക് പേടിയാവുന്നു ടീച്ചറേ. പരീക്ഷ എന്ന് കേൾക്കുമ്പോൾ തന്നെ എനിക്ക് നെഞ്ചിടിപ്പ് വരും. എനിക്ക് ചത്തുപോയാൽ കൊള്ളാമെന്നുണ്ട്…”
ആറാം ക്ലാസുകാരനായ ഒരു കുട്ടി “ചത്തുപോയാൽ കൊള്ളാം” എന്ന് പറയുന്നത് കേട്ടപ്പോൾ അനുപമ ഞെട്ടിപ്പോയി. മാതാപിതാക്കളുടെ അനാവശ്യമായ വാശികൾ കുട്ടികളുടെ മനസ്സിനെ എത്രത്തോളം ആഴത്തിലാണ് മുറിപ്പെടുത്തുന്നത് എന്ന് അവർക്ക് മനസ്സിലായി.
“മോൻ വിഷമിക്കേണ്ട. ടീച്ചർ അപ്പുവിന്റെ കൂടെയുണ്ട്. അമ്മ ഇനി അപ്പുവിനെ അടിക്കില്ല. നമുക്ക് ഇത് ശരിയാക്കാം.” അനുപമ അപ്പുവിനെ ആശ്വസിപ്പിച്ചു.
അന്നുതന്നെ അനുപമ അപ്പുവിന്റെ അമ്മയായ സിതാരയെ സ്കൂളിലേക്ക് വിളിച്ചുവരുത്താൻ തീരുമാനിച്ചു.
പിറ്റേന്ന് രാവിലെ സിതാര സ്കൂളിലെത്തി. അപ്പുവിന് എന്തോ അവാർഡ് കിട്ടാൻ പോവുകയാണെന്ന ധാരണയിലാണ് അവർ വന്നത്. എന്നാൽ അവരെ എതിരേറ്റത് ഗൗരവമേറിയ മുഖത്തോടെ ഇരിക്കുന്ന അനുപമയായിരുന്നു.
“വരൂ സിതാര. ഇരിക്കൂ.” അനുപമ ക്ഷണിച്ചു.
“എന്താ ടീച്ചർ? അപ്പുവിന് എന്തെങ്കിലും പ്രശ്നമുണ്ടോ? അവൻ പരീക്ഷയ്ക്ക് മാർക്ക് കുറച്ചോ?” സിതാരയുടെ ആദ്യത്തെ ചോദ്യം തന്നെ മാർക്കിനെക്കുറിച്ചായിരുന്നു.
അനുപമ ഒരു ദീർഘശ്വാസമെടുത്തു. “സിതാര, നിങ്ങളുടെ മോൻ പരീക്ഷയ്ക്ക് എത്ര മാർക്ക് വാങ്ങി എന്നതിനേക്കാൾ ഇപ്പോൾ എന്നെ അലട്ടുന്നത് അവൻ ജീവനോടെ ഇരിക്കുമോ എന്നുള്ളതാണ്.”
സിതാര ഞെട്ടിപ്പോയി. “എന്താ… എന്താ ടീച്ചർ ഈ പറയുന്നത്?”
“അതെ സിതാര. അപ്പു കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞത് അവന് മരിക്കണം എന്നാണ്. ഒരു ആറാം ക്ലാസുകാരൻ ഈ വാക്ക് പറയണമെങ്കിൽ അവൻ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം എത്രത്തോളമായിരിക്കും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?”
“അത്… ഞാൻ അവനെ നന്നായി പഠിപ്പിക്കാൻ വേണ്ടി…” സിതാര പരുങ്ങി.
“പഠിപ്പിക്കാനോ അതോ പീഡിപ്പിക്കാനോ?” അനുപമ കംപ്യൂട്ടറിൽ നിന്ന് അപ്പുവിന്റെ കൈയിലെയും കാലിലെയും പാടുകളുടെ ഫോട്ടോകൾ സിതാരയ്ക്ക് നേരെ തിരിച്ചു വെച്ചു. “ഇത് നോക്കൂ. ഈ ക്രൂരത ഒരു അമ്മയ്ക്ക് സ്വന്തം മകനോട് ചെയ്യാൻ കഴിയുമോ? ചൂരലടിയും മാനസിക പീഡനവും കൊണ്ട് കുട്ടികളെ പഠിപ്പിക്കാം എന്ന് കരുതുന്നത് വലിയ തെറ്റാണ് സിതാര.”
സിതാരയ്ക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.
“അവൻ കണക്ക് പരീക്ഷയ്ക്ക് ഒരു ചോദ്യം എഴുതാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? നിങ്ങളുടെ ഭയം കാരണം പരീക്ഷാഹാളിൽ ഇരിക്കുമ്പോൾ അവന്റെ തലച്ചോർ മരവിച്ചുപോയി. ഇതിനെ ‘Exam Anxiety’ എന്ന് പറയും. നിങ്ങൾ അവനിൽ അടിച്ചേൽപ്പിച്ച ഭയം അവനെ പഠിച്ച കാര്യങ്ങൾ പോലും മറക്കാൻ പ്രേരിപ്പിച്ചു. നിങ്ങൾ അവനെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ, അവന്റെ ഉള്ളിലെ ആത്മവിശ്വാസമാണ് തകരുന്നത്.” അനുപമ കാര്യങ്ങൾ വിശദീകരിച്ചു.
“ടീച്ചർ… ഞാൻ… ഞാൻ എന്റെ മോൻ ഒരു വലിയ നിലയിൽ എത്താൻ വേണ്ടിയാണ്…” സിതാരയുടെ കണ്ണുകൾ നിറഞ്ഞു.
“ഒരു വലിയ നിലയിൽ എത്തുന്നതിന് മുൻപ് അവൻ ജീവനോടെ ഉണ്ടാകേണ്ടേ സിതാര? കുട്ടികൾക്ക് മാർക്ക് കുറഞ്ഞാൽ അത് അടുത്ത പരീക്ഷയ്ക്ക് പരിഹരിക്കാം. പക്ഷേ അവരുടെ മനസ്സ് തകർന്നാൽ, അത് പിന്നീട് ഒരിക്കലും പൂർവ്വസ്ഥിതിയിലാക്കാൻ കഴിയില്ല. അപ്പു ഇപ്പോൾ കടുത്ത ഡിപ്രഷനിലാണ് . അവന് ഇപ്പോൾ വേണ്ടത് ശിക്ഷയല്ല, അമ്മയുടെ സ്നേഹവും പിന്തുണയുമാണ്.”
അനുപമയുടെ വാക്കുകൾ സിതാരയുടെ ഹൃദയത്തിലേക്ക് തുളച്ചുകയറി. താൻ ചെയ്ത തെറ്റുകളുടെ ആഴം അവർക്ക് മനസ്സിലായി. മകന്റെ ഭാവിയെക്കുറിച്ചുള്ള തന്റെ അമിത ആശങ്ക അവനെ മരണത്തിന്റെ വക്കിലേക്ക് വരെ എത്തിച്ചു എന്ന യാഥാർത്ഥ്യം അവരെ തളർത്തിക്കളഞ്ഞു.
പെട്ടെന്ന് കൗൺസിലിംഗ് റൂമിന്റെ വാതിൽ തുറന്ന് ഹരിപ്രസാദ് അകത്തേക്ക് വന്നു.
“ഹരിയേട്ടാ! നിങ്ങൾ എപ്പോഴാ നാട്ടിൽ വന്നത്?” സിതാര അത്ഭുതത്തോടെ ചോദിച്ചു.
“ടീച്ചർ എന്നെ ഇന്നലെ രാവിലെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു സിതാരേ. അതുകൊണ്ട് ഞാൻ അടിയന്തിരമായി ലീവ് എടുത്ത് പോന്നതാണ്.” ഹരിയുടെ കണ്ണുകളിലും കോപവും വിഷമവും നിറഞ്ഞിരുന്നു.
ഹരി സിതാരയുടെ അടുത്തേക്ക് നടന്നു വന്നു. “സിതാരേ… ഞാൻ മരുഭൂമിയിൽ കഷ്ടപ്പെടുന്നത് എന്തിനാണെന്ന് നീ ചോദിച്ചില്ലേ? എന്റെ മോൻ സന്തോഷമായി ജീവിക്കാൻ വേണ്ടിയാണ്. അല്ലാതെ അവൻ എന്റെ കാശ് കൊണ്ട് വാങ്ങിയ പുസ്തകങ്ങൾ നോക്കി കരയാൻ വേണ്ടിയല്ല. എനിക്ക് എന്റെ മോന്റെ ജീവനാണ് വലുത്, അവന്റെ മാർക്കല്ല.”
സിതാര നിയന്ത്രണം വിട്ട് കരഞ്ഞുപോയി. “എനിക്ക് തെറ്റുപറ്റിപ്പോയി ഹരിയേട്ടാ… ഞാൻ അറിയാതെ…”
അനുപമ അപ്പുവിനെ റൂമിലേക്ക് വിളിച്ചു. അച്ഛനെ കണ്ടതും അപ്പു ഓടിച്ചെന്ന് ഹരിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
“അച്ഛാ… എന്നെ അമ്മയുടെ അടുത്ത് നിന്ന് രക്ഷിക്കൂ… ഞാൻ ഇനി നന്നായി പഠിച്ചോളാം…”
ഹരി അവനെ നെഞ്ചോട് ചേർത്തു പിടിച്ചു. “ഇല്ലടാ കുട്ടാ… അച്ഛൻ വന്നിട്ടുണ്ട്. ഇനി ആരും നിന്നെ അടിക്കില്ല.”
സിതാര പതുക്കെ അപ്പുവിന്റെ അടുത്തേക്ക് നടന്നു വന്നു. അവർ അവന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നു. ആ കൈകളിലെ നീലച്ച പാടുകളിൽ തൊട്ട് അവർ വിതുമ്പി.
“മോനേ… അമ്മയോട് ക്ഷമിക്കെടാ… അമ്മയ്ക്ക് തെറ്റുപറ്റിപ്പോയി. ഇനി അമ്മ നിന്നെ അടിക്കില്ല, ഒന്നിനും നിർബന്ധിക്കില്ല. എന്റെ മോൻ സന്തോഷമായിരുന്നാൽ മാത്രം മതി അമ്മയ്ക്ക്.” സിതാര അപ്പുവിനെ കെട്ടിപ്പിടിച്ച് ഉമ്മകൾ നൽകി.
അപ്പു ആദ്യമായി അമ്മയുടെ കെട്ടിപ്പിടുത്തത്തിൽ ഭയമില്ലാതെ സുരക്ഷിതത്വം അനുഭവിച്ചു. അവന്റെ കണ്ണുനീർ ഒപ്പി തുടച്ചുകൊണ്ട് അവനും അമ്മയെ കെട്ടിപ്പിടിച്ചു.
മാസങ്ങൾ കടന്നുപോയി.
അപ്പുവിന്റെ വീട്ടിൽ ഇപ്പോൾ പഴയതുപോലെയുള്ള ബഹളങ്ങളോ കരച്ചിലുകളോ ഇല്ല. പരീക്ഷകൾ വരുമ്പോൾ സിതാര അവനെ സ്നേഹത്തോടെ അടുത്തിരുത്തി പറഞ്ഞു കൊടുക്കും.
“മോന് കഴിയുന്നതുപോലെ എഴുതിയാൽ മതി. മാർക്ക് കുറഞ്ഞാലും കുഴപ്പമില്ല. നമുക്ക് അടുത്ത തവണ നന്നായി എഴുതാം.”
അപ്പുവിന്റെ മുഖത്ത് ഇപ്പോൾ എപ്പോഴും ചിരിയുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ അവൻ അച്ഛൻ വാങ്ങിത്തന്ന പ്ലേസ്റ്റേഷനിൽ കളിക്കാറുണ്ട്. കളി കഴിഞ്ഞ് അവൻ സന്തോഷത്തോടെ പഠിക്കാൻ ഇരിക്കും. ഭയം ഇല്ലാതായപ്പോൾ അവന്റെ പഠനനിലവാരവും തനിയെ ഉയർന്നു തുടങ്ങി.
അടുത്ത ടേം പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ അപ്പുവിന് കണക്കിന് 100-ൽ 95 മാർക്ക് ഉണ്ടായിരുന്നു. അവൻ സന്തോഷത്തോടെ മാർക്ക് ലിസ്റ്റ് അമ്മയുടെ കയ്യിൽ കൊടുത്തു.
“അമ്മേ… ദാ അമ്മ പറഞ്ഞ ഫുൾ മാർക്ക് ഇല്ല… എനിക്ക് അഞ്ച് മാർക്ക് കുറവാ…” അപ്പു പേടിയോടെയല്ല, മറിച്ച് ഒരു കുസൃതിയോടെയാണ് അത് പറഞ്ഞത്.
സിതാര അവനെ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു. “എനിക്ക് എന്റെ മോന്റെ ഈ 95 മാർക്ക് ആ നൂറ് മാർക്കിനേക്കാൾ ഒരുപാട് വിലപ്പെട്ടതാണ് മോനേ…”
ആ വീടിന്റെ ഉമ്മറത്ത് ഇപ്പോൾ പെയ്തിറങ്ങുന്നത് ഭയത്തിന്റെ കരിനിഴലായിരുന്നില്ല, മറിച്ച് പരസ്പര സ്നേഹത്തിന്റെയും തിരിച്ചറിവിന്റെയും പ്രകാശമായിരുന്നു.
✍️ആമി
