മകന്റെ മുമ്പിൽ കൂടപ്പിറപ്പിനെയും കുടുംബത്തെയും ചെറുതാക്കിയാൽ ശരിയാവില്ല എന്നൊരു തീരുമാനത്തോടെ രമ ഏട്ടനെ ന്യായീകരിച്ചതും അമ്മയെ ഒരു ചിരിയോടെ…

” അങ്ങാടിയിൽ വിൽക്കാൻ വെച്ച പഴത്തിന് വില ചോദിയ്ക്കും പോലെയാണ് അവരാ പെണ്ണിനോട് അതിന്റെ കിഡ്നിയുടെ വില ചോദിയ്ക്കുന്നത് സുധേട്ടാ.. സത്യം പറയാലോ ഞാനാകെയൊന്ന് വല്ലാതെയായ് അവരുടെ അവളോടുള്ള സംസാരവും പെരുമാറ്റവും കണ്ടിട്ട്… എങ്ങനെയാണാവോ ആ പെണ്ണവരുടെയിടയിൽ ഇത്രയും കാലം ജീവിച്ചതും പിടിച്ചു നിന്നതും… സ്വന്തം ചോരയാണെന്ന ചിന്ത ഏട്ടനും അതിനോടില്ലല്ലോ എന്നോർക്കുമ്പോഴാണെനിയ്ക്ക് ഒട്ടും സഹിക്കാൻ വയ്യാത്തത്….”

തറവാട്ടിൽ പോയി വന്ന ശേഷം അമ്മയുടെ അച്ഛനോടുള്ള സംസാരം മുഴുവൻ മുറിയിൽ കിടന്ന് കേട്ട കാർത്തിക് ഒട്ടൊരു നിമിഷത്തിന് ശേഷം അവരുടെ അടുത്തേയ്ക്ക് എഴുന്നേറ്റു ചെന്നതും വിഷാദം നിറഞ്ഞൊരു ചിരിയോടവനെ നോക്കി രമ…

“തറവാട്ടിലെ വിശേഷങ്ങളെന്തൊക്കെയാണമ്മേ….? അമ്മാവന് എങ്ങനെയുണ്ട്… ഡോക്ടറെന്താ ഇത്തവണ ചെക്കപ്പിന് ചെന്നപ്പോ പറഞ്ഞത്…. ?

അതുവരെ നടന്ന അവരുടെ സംസാരമൊന്നും കേട്ടതേയില്ലാതൊരു ഭാവത്തോടെ കാർത്തിക് തിരക്കിയതും അവനൊന്നും കേട്ടില്ലല്ലോ എന്നാരാശ്വാസ ഭാവം തെളിഞ്ഞു രമയിലും സുദേവനിലും…’

”ഏട്ടന് വലിയ മാറ്റമൊന്നുമില്ലെടാ… നീരാണ് മുഴുവനും… ഡോക്ടർമാർക്ക് പിന്നെ പ്രത്യേകിച്ചൊന്നുമിനി പറയാനില്ലല്ലോ … കിഡ്നിമാറ്റിവെയ്ക്കാനുള്ള കാര്യങ്ങൾ നോക്കാനവർ പറഞ്ഞിട്ട് മാസം കുറച്ചായില്ലേ… അതേ ഉള്ളു ഇനിയും അവർക്ക് പറയാൻ…”

എന്നാൽ പിന്നവർക്ക് അതിനുള്ള കാര്യങ്ങളെന്താണെന്ന് വെച്ചാൽ വേഗം ആലോചിച്ച് ചെയ്തൂടെ… അല്ലാതെയിങ്ങനെ വെറുതെ നോക്കിയിരുന്നാൽ ആരും സ്വന്തം കിഡ്നിയെടുത്ത് മാമയ്ക്ക് വെച്ചു കൊടുക്കുകയൊന്നുമില്ല… ഒന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കത് അങ്ങേർക്കും അങ്ങേരുടെ ഭാര്യയ്ക്കും അമ്മ… ഇനിയതുമല്ലെങ്കിൽ എല്ലാ പഠിപ്പുമുള്ള വിദ്യാഭ്യാസക്കാരി മകളൊന്നില്ലേ അവിടെ അവളോട് പറ കാര്യങളെല്ലാം അന്വേഷിക്കാൻ

ആരോടെല്ലാലോ എന്തിനോടെല്ലാമോ ഉള്ള ദേഷ്യമുണ്ട് കാർത്തികിന്റെ സംസാരത്തിൽ…

ഞാൻ പറഞ്ഞു കൊടുത്തിട്ടൊന്നും വേണ്ടല്ലോ കാർത്തീ അവർക്ക് കാര്യങ്ങളറിയാൻ… അവരെല്ലാ വഴിയും നോക്കുന്നുണ്ട് ഏട്ടനു വേണ്ടി… പക്ഷെ ഒന്നുമങ്ങ് ശരിയാവുന്നില്ല… അതാണ്…

മകന്റെ മുമ്പിൽ കൂടപ്പിറപ്പിനെയും കുടുംബത്തെയും ചെറുതാക്കിയാൽ ശരിയാവില്ല എന്നൊരു തീരുമാനത്തോടെ രമ ഏട്ടനെ ന്യായീകരിച്ചതും അമ്മയെ ഒരു ചിരിയോടെ നോക്കി കാർത്തിക്…

തന്നെ നോക്കിയുള്ള അവന്റെയാ ചിരി, അതിലൂടവൻ പറയാതെ പറയുന്ന തങ്ങൾക്കും അവനും മാത്രംഅറിയുന്ന ഒരു പാടു കാര്യങ്ങൾ…

കാർത്തികിനെ നോക്കാതെ തല താഴ്ത്തി രമ….

അമ്മചെന്നിട്ട് കാവേരിയെ കണ്ടില്ലേ…?
സുഖമാണോ അവൾക്ക്… സംസാരിച്ചോ അമ്മ അവളോട്… അതോ പതിവുപോലെ അവളോട് ദേഷ്യം കാണിച്ച് മുഖവും വീർപ്പിച്ചിങ്ങ് പോന്നോ അമ്മ….?

വലിയ തിടുക്കമില്ലാതെ എന്നാൽ രമ ഉത്തരം പറഞ്ഞേ തീരൂവെന്നൊരു നിർബന്ധത്തോടെ കാർത്തിക് സാവകാശം ചോദിച്ചതും ഒരു മറുപടി അവന് നൽകാനെന്നോണം രമ വേഗം സുദേവനെ നോക്കി…

“താനെന്നെ എന്തിനാടോ നോക്കുന്നത്… അവൻ ചോദിച്ചത് തന്നോടല്ലേ… മാത്രമല്ല വീട്ടിൽ പോയതും താനാണ്… ഉത്തരം കൊടുത്തേയ്ക്ക് അവന്റെ ചോദ്യത്തിന്….”

നിസ്സാരമായ് പറഞ്ഞ് അവിടെ നിന്നെഴുന്നേറ്റ് പോവുമ്പോൾ സുദേവന് രമയോട് സത്യത്തിൽ നല്ല ദേഷ്യം തോന്നുന്നുണ്ടായിരുന്നു… രമയൊന്ന് മനസ്സ് വെച്ചാൽ തീരാവുന്ന ധാരാളം പ്രശ്നങ്ങളുണ്ട് ആ വീട്ടിൽ… പക്ഷെ അതൊന്നും കണ്ട ഭാവം നടിക്കാത്ത രമയോട് അയാൾക്ക് ദേഷ്യം തന്നെയാണ്…

എന്താമ്മേ…?
അമ്മ കണ്ടില്ലേ കാവേരിയെ…. ?

“ഞാൻ കണ്ടു കാർത്തീ…. മിണ്ടുകയും ചെയ്തു…സുഖായിട്ടിരിയ്ക്കുന്നു അവൾ…

കള്ളം പറയുന്ന ചളിപ്പുണ്ട് രമയിൽ…

“എത്ര രൂപയാണ് മരിച്ചു പോയ അനിയന്റെ മകളുടെ കിഡ്നിയ്ക്ക് അമ്മാവനും അമ്മായിയും കൂട്ടിയിട്ട വില… അവൾക്ക് ഈ ജന്മം സുഖമായിട്ട് ജീവിക്കാനുള്ളതുണ്ടോ… അതോ അവളെ പറഞ്ഞു പറ്റിച്ച് അവളുടെ മുതലുകൾ പറ്റിച്ചെടുത്ത പോലെ ഇതിലും പറ്റിക്കുമോ നിങ്ങളാങ്ങളയും പെങ്ങളും കൂടി അവളെ… അവളൊരു മണ്ടിയായതുകൊണ്ട് നിങ്ങൾക് എളുപ്പം അതല്ലേ…? ശീലവും അതല്ലേ…?

“കാർത്തീ… വെറുതെ അനാവശ്യം പറയരുത്… ഞാനൊന്നും അറിഞ്ഞിട്ടില്ല ഏട്ടന്റെ തീരുമാനങ്ങൾ… എല്ലാം ഏട്ടനും ഏടത്തിയമ്മയും മണിക്കുട്ടിയും കൂടിയാണ് തീരുമാനിച്ചത്… അതും കാവേരിയുടെ കിഡ്നി ഏട്ടനു ഏറ്റവും നന്നായ് ചേരുന്നത് കൊണ്ട്… കാവേരിയ്ക്കും എതിർപ്പില്ല അവളുടെ വല്യച്ഛനല്ലേ… ഒന്നൂല്ലെങ്കിലും അവളുടെ ജാതകദോഷം കൊണ്ട് അവളുടെ അച്ഛനും അമ്മയും അപകടത്തിൽ മരിച്ചപ്പോൾ അവളെ വളർത്തി സംരക്ഷിച്ചത് ഏട്ടനല്ലേ… അതിന്റെ സ്നേഹവും നന്ദിയും ആയിരിയ്ക്കും അവൾക്ക്…

വീറോടെ രമ വിളിച്ചു പറയുമ്പോൾ ദേഷ്യമടക്കി അമ്മയെ നോക്കി കാർത്തിക്…

അവളുടെ അച്ഛനെന്ന് പറയുമ്പോൾ അമ്മയുടെ കൂടി ഏട്ടനാണ് അമ്മേ അത്…. ചെറിയ മാമ മരിച്ചു പോയെന്ന് കരുതി അമ്മയ്ക്ക് ഇല്ലാതാവില്ല ആ ബന്ധം…. ”

“അതെന്തെങ്കിലും ആവട്ടെ കാർത്തീ… നീയത് വിട്ടേക്ക് …അതിലൊരു സംസാരം ഞാനും നീയും തമ്മിൽ വേണ്ട.. അത് ഞാനാദ്യമേ ഇവിടെ പറഞ്ഞിട്ടുണ്ട്.. നീ വേറെന്തെങ്കിലും ഉണ്ടെങ്കിൽ പറ… അല്ലെങ്കിൽ നിന്റെ പണി നോക്കി പോ… എനിയ്ക്ക് നൂറു കൂട്ടം പണിയുണ്ടിവിടെ….”

ഇരിയ്ക്കുന്നിടത്തു നിന്നെഴുന്നേറ്റ് കാർത്തിക്കിനോട് ശബ്ദം ഉയർത്തി അവിടെ നിന്ന് അകത്തേയ്ക്ക് വേഗത്തിൽ നടന്നു രമ… ഒരു രക്ഷപ്പെടൽ…. സ്വന്തം മകനിൽ നിന്നും അവന്റെ ചോദ്യങ്ങളിൽ നിന്നും…

അമ്മയുടെ സംസാരവും ഒഴിഞ്ഞു മാറ്റവും… ദേഷ്യം കൊണ്ട് പുകഞ്ഞു കാർത്തിക്…

കൗമാരപ്രായത്തിൽ മനസ്സിൽ കയറിയവളാണ് കാവേരി… മുറപ്പെണ്ണ് എന്നതിലുപരി തനിയ്ക്കവൾ തന്റെ ജീവൻ തന്നെയാണ്… ഒരപകടത്തിൽ അവളുടെ അച്ഛനും അമ്മയും മരിച്ചപ്പോൾ എല്ലാവർക്കും അവൾ ദോഷമുള്ള പെണ്ണായ്… അവൾ വാഴുന്നിടം നശിയ്ക്കുമെന്ന ചീത്ത പേര് വേറെയും…

ഒറ്റയ്ക്കൊരു പെൺകുട്ടി എങ്ങനെയൊരു വീട്ടിൽ തനിച്ച് താമസിയ്ക്കുമെന്ന് പറഞ്ഞ് അവളെ അമ്മാവൻ സ്വന്തം വീട്ടിലേക്ക് കൂട്ടിയത് അവളുടെ അച്ഛന്റെ സമ്പാദ്യം കണ്ടിട്ട് തന്നെയാണ്… അറിഞ്ഞോ അറിയാതെയോ തന്റെ അമ്മയും കൂട്ടുനിന്നതിന്….

എല്ലാം കൈവശപ്പെടുത്തിയൊടിവിലിനി അവളുടെ ശരീരത്തിൽ നിന്നൊരു അവയവം കൂടി വേണമവർക്ക്….

തനിയ്ക്ക് കാവേരിയേയും അവൾക്ക് തന്നേയും ഇഷ്ടമാണെന്ന് അറിയാം അമ്മയ്ക്ക്… അതറിഞ്ഞുതന്നെയാണ് അമ്മ കാവേരിയെ അവളുടെ ജാതകദോഷം പറഞ്ഞ് ഭയപ്പെടുത്തി ഭീഷണിപ്പെടുത്തി തന്നിൽ നിന്നകറ്റിയത്….

ഹോസ്പിറ്റലിലേക്ക് ഇറങ്ങാറായോ മാമേ….?

ദിവസങ്ങൾക്കു ശേഷം സർജറിക്കായ് മാമനും അമ്മായിയും പുറപ്പെട്ടിറങ്ങാൻ നേരം അവരൊട്ടും പ്രതീക്ഷിക്കാതെ അങ്ങോട്ടു കയറിച്ചെന്ന കാർത്തിക് ചോദിച്ചതും രമയുടെ നേർക്ക് നീണ്ടു മാമയുടെ നോട്ടം….

“നീ പറഞ്ഞിട്ടാണോ അവനിതറിഞ്ഞത് എന്നൊരു ചോദ്യമുണ്ട് മാമയുടെ കണ്ണിൽ അമ്മയോട്..

” ഞങ്ങളിറങ്ങാറായെടാ കാർത്തീ…. നീ ഇങ്ങോട്ടായ് വന്നതാണോ അതോ വേറെ എവിടേയ്ക്കെങ്കിലും പോവുന്ന വഴിയാണോ… ?

പതിവിനു വിപരീതമായ് അവൻ ധരിച്ച വെള്ളമുണ്ടും ഷർട്ടും ഒപ്പം അവന്റെ നെറ്റിയിലെ ചന്ദനക്കുറിയുമെല്ലാം കണ്ടിട്ടാണ് അയാളുടെ ആ ചോദ്യം… ഇത്തരം രൂപഭാവങ്ങളൊന്നും അവന് പതിവില്ല… അതിന്റെയൊരു അത്ഭുതം അവനെ നോക്കുന്ന രമയുടെ കണ്ണിലുമുണ്ട്…

“ഞാൻ ഇവിടെ അമ്പലം വരെ വന്നതാണ്.. ഒരു കല്യാണമുണ്ടായിരുന്നു.. അതിലൊന്ന് പങ്കെടുത്ത് മാമയെയും കണ്ട് പോകാമെന്ന് കരുതിയിറങ്ങിയതാണ് ഞാൻ…”

ചുണ്ടിലൊരു മായാത്ത ചിരിയോടെ കാർത്തിക് പറഞ്ഞതും നെറ്റി ചുളിഞ്ഞു രമയുടെ… ഒരു വെപ്രാളം അവരെ പൊതിഞ്ഞത് സെക്കൻഡുകൾ കൊണ്ടാണ്…

“നാത്തൂനേ… കാവേരി എവിടെ…. അവളും ഉണ്ടല്ലോ നിങ്ങളുടെ കൂടെ… എന്നിട്ടെവിടെ..?

വെപ്രാളത്തോടെയുള്ള രമയുടെ ചോദ്യം.. കാർത്തികിന്റെ ചിരിയ്ക്ക് മാറ്റേറി

” അവളില്ലാതെ ഞങ്ങളെന്തിനാടീ രമേ ഹോസ്പിറ്റലിൽ പോണത്… ഇത്രയും കാലം നോക്കിയതിന് യാതൊരു നന്ദിയുമില്ലാതെ
അവളല്ലേ പൈസ വാങ്ങി കിഡ്നി ഏട്ടന് കൊടുക്കുന്നത്… എന്തോ പ്രാർത്ഥനയോ
വഴിപാടോ മറ്റോ ഉണ്ട് തൊഴുത് വരാന്ന് പറഞ്ഞ് നേരം വെളിച്ചായപ്പോൾ അമ്പലത്തിലേക്ക് പോയതാണവൾ… എന്താണാവോ ഇത്ര താമസം തിരികെ വരാൻ… ഹോസ്പിറ്റലിൽ പോവുന്നതൊക്കെയിനി ആ അശ്രീകരം മറന്നു കാണോ ആവോ…”

ഏടത്തിയമ്മ എണ്ണി പെറുക്കി തുടങ്ങിയപ്പോൾ തന്നെ രമയുടെ നെഞ്ചിടിപ്പേറിയ നോട്ടം കാർത്തികിലാണ്…. ഇപ്പോഴാവട്ടെ അവന്റെ മുഖത്തെ ചിരിയ്ക്ക് വല്ലാത്തൊരു തിളക്കവുമുണ്ട്…

അപായമണി മുഴങ്ങി രമയിൽ.. അവരുടെ നോട്ടം സുദേവനിൽ തങ്ങി… അയാളും കണ്ണെടുക്കാതെ തന്റെ മകനെ നോക്കി നിൽക്കുകയാണ്… ഉള്ളിലൂറിയ അനേകം ചിന്തയോടെ….

കാവേരി…..

പെട്ടന്നുണ്ടായ തോന്നലിൽ കാർത്തികിന്റെ കാർ രമ വലിച്ചു തുറന്നതും വിളിച്ചു പോയവർ…

കഴുത്തിൽ കാർത്തികിന്റെ താലിയും നിറുകയിൽ അവൻ ചാർത്തിയ സിന്ദൂര ചുവപ്പുമായ് കാവേരി…

“അവളെയിങ്ങനെ പേടിപ്പിക്കാതെ അമ്മേ… പേടിച്ചു പോവും പാവം…. ഞാനൊരുപാട് കഷ്ടപ്പെട്ടാണ് ഇവളെ താലിക്കെട്ടി എന്റേതാക്കിയത്….”

കാവേരിയെ ചേർത്ത് പിടിച്ച് രമയോട് പറഞ്ഞിട്ട് അമ്മാവനു നേരെ തിരിഞ്ഞവൻ

“മാമേ…. എന്റെ ഭാര്യയും അവളുടെ ശരീരവും എനിയ്ക്കത്രയും പ്രിയപ്പെട്ടതാണ്… അതിൽ നിന്ന് ഒരു മുടിനാരിഴ പോലും ആർക്കും കൊടുക്കാൻ സമ്മതിക്കില്ല ഞാൻ… അപ്പോ മാമയ്ക്ക് കാര്യം മനസ്സിലായല്ലോ അല്ലേ… ശരിയെന്നാൽ….

ഒരു വാക്ക് മിണ്ടാനാവാതെ തരിച്ചുനിൽക്കുന്നവരെ നോക്കി യാത്ര പറഞ്ഞ് കാർത്തിക് തിരിഞ്ഞതും അവന്റെ വഴി തടഞ്ഞു രമ

“ഇവളുടെ കൂടെ നീ ജീവിതം തുടങ്ങിയാൽ എന്റെ ജീവൻ ഞാനങ്ങ് കളയും കാർത്തീ… ചാവും ഞാൻ… ഉറപ്പായിട്ടും ചാവും…”

അവർക്കു മുമ്പിൽ കയറി നിന്ന് വെല്ലുവിളിച്ചു രമ….

“അങ്ങനെ നീ ചത്താൽ നിന്നെ ഞാൻ കുഴിച്ചിട്ടോളാം രമേ… അവനെ അവന്റെ വഴിയ്ക്ക് വിട് നീ…”

സുദേവൻ രമയെ പിടിച്ചു മാറ്റി പറഞ്ഞതും മിഴിച്ചയാളെ നോക്കി രമ… ഈ സമയം അച്ഛനെ നോക്കിയൊന്ന് ചിരിച്ച് കാവേരിയുമൊത്ത് തങ്ങളുടെ സ്വർഗ്ഗം പണിയാനായ് നടന്നു നീങ്ങി കാർത്തികും… മറ്റുള്ളവരെ ഓർക്കാതെ… അവരുടെ സ്വാർത്ഥ ചിന്തകളെയോർക്കാതെ … അവരുടെ ജീവിതം മാത്രം സ്വപ്നം കണ്ട്…

✍️രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *