കൂടപ്പിറപ്പ്
” ആന്റി, എന്റെ പപ്പാ മരിച്ചു പോകുമോ? ”
എന്റെ ഇടനെഞ്ചിലൂടെയാണ് ആ ചോദ്യം ആഴ്ന്നിറങ്ങിയത്.
“ആരു പറഞ്ഞു മോനോട് ഇങ്ങനെയൊക്കെ? മോന്റെ പപ്പായ്ക്ക് ഒന്നും സംഭവിക്കില്ല. വിഷമിക്കണ്ട കേട്ടോ.. ആന്റി നാളെ വിളിക്കാം.”
അവനെ സമാധാനിപ്പിച്ചു ഞാൻ ഫോൺ വെച്ചു. അവനു ഈ ലോകത്തിൽ ഏറ്റവും വിശ്വാസം അവന്റെയീ ആന്റിയെയാണ്.
ആൽവിൻ, ആ ആറുവയസ്സുകാരൻ, എന്റെ ഒരേയൊരു സഹോദരൻ ജിതിന്റെ മോനാണ്.. കുറച്ചു കാലമായി ചേട്ടായിയുടെ കിഡ്നി രണ്ടും തകരാറിലാണ്. പോളിസിസ്റ്റിക് കിഡ്നി ഡിസീസ് എന്ന ജനിതക രോഗമായിരുന്നു ചേട്ടായിക്ക്. തിരിച്ചറിയാൻ വൈകി..മുപ്പത്തിയെട്ടു വയസ്സാണ് ചേട്ടായിക്ക്. ഈ അസുഖം ഇങ്ങനെയാണത്രേ . ഒരു ആരോഗ്യവാനായ മനുഷ്യനിൽ അതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത് മിക്കവാറും മുപ്പതുകളിലാണ് ..നാലഞ്ചു വർഷത്തോളമായി ചികിത്സ തുടങ്ങിയിട്ട്. ആദ്യം ഒരു കിഡ്നി ആയിരുന്നു വളരെ മോശം അവസ്ഥയിൽ.. ഇപ്പോൾ രണ്ടാമത്തേതും. ഡയാലിസിസ് തുടങ്ങിയിട്ട് കുറച്ചായി. ഒരു കിഡ്നി എങ്കിലും ഉടനെ മാറ്റിവെച്ചില്ലെങ്കിൽ രക്ഷപ്പെടാൻ സാധ്യത കുറവാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് തുടങ്ങിയിട്ട് കുറച്ചായി. പക്ഷെ, ഓ നെഗറ്റീവ് ആണ് ചേട്ടായുടെ ബ്ലഡ് ഗ്രൂപ്പ്. റെയർ ഗ്രൂപ്പ് ആയതുകൊണ്ട് ഡോണറെ കിട്ടാൻ പ്രയാസമാണ്. മാത്രവുമല്ല, ട്രാൻസ്പ്ലാന്റ് ലിസ്റ്റിൽ ഇതേ ഗ്രൂപ്പിൽ രണ്ടുപേർ ചേട്ടായിക്ക് മുന്നിലുണ്ട്.
ഞങ്ങളുടെ അപ്പനും അമ്മയും നേരത്തെ മരിച്ചുപോയത് കൊണ്ട് ചേട്ടായിയാരുന്നു എനിക്കെല്ലാം..അപ്പച്ചനും കിഡ്നി സംബന്ധമായ അസുഖമായിരുന്നു. അന്നത്തെ സാഹചര്യം കൊണ്ടും അറിവില്ലായ്മ കൊണ്ടും ഒരുപാട് ചികിത്സയൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
സാമ്പത്തികമായി വലിയ മോശമില്ലാത്ത സാഹചര്യമുണ്ടായിരുന്നു ചേട്ടായിക്ക്.. ചേട്ടായി വിദേശത്തായിരുന്നു. സുഖമില്ലാതെ ആയതിൽ പിന്നെയാണ് ജോലി നിർത്തി വന്നത്. ഈ രോഗം ഇപ്പോൾ അവരെ ശാരീരികമായി മാത്രമല്ല, സാമ്പത്തികമായി കൂടെ തളർത്തിത്തുടങ്ങിയിട്ടുണ്ട്.
എന്നെ നഴ്സിംഗ് പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചതും എല്ലാം ചേട്ടായുടെ താല്പര്യത്തിനായിരുന്നു. എന്റെ ഭർത്താവ് സിബിച്ചായനും കുടുംബവും ഡൽഹിയിൽ സെറ്റിൽഡ് ആണ്. അദ്ദേഹം അവിടെ ഒരു ബാങ്കിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു . ഞങ്ങൾക്ക് രണ്ടു പെൺകുട്ടികളാണ്. അദ്ദേഹത്തിന്റെ പേരെന്റ്സും ഞങ്ങളോടൊപ്പമുണ്ട്. എനിക്കും ഇവിടെ ഒരു ഗവണ്മെന്റ് ഹോസ്പിറ്റലിലാണ് ജോലി. എന്തുകൊണ്ടും സന്തോഷകരമായ ജീവിതം.
കഴിഞ്ഞയാഴ്ചയാണ് ഡോക്ടർ ചേട്ടായിയോട് പറഞ്ഞത്, കുടുംബത്തിലോ പരിചയത്തിലോ സെയിം ബ്ലഡ് ഗ്രൂപ്പിൽ ചേരുന്ന ആരെങ്കിലുണ്ടെങ്കിൽ അന്വേഷിച്ചോളാൻ. എന്റെ അതേ ബ്ലഡ് ഗ്രൂപ്പ് ആയതുകൊണ്ട് ഇതിനെപ്പറ്റി മുൻപ് സംസാരിച്ചപ്പോഴെല്ലാം ട്രാൻസ്പ്ലാന്റ് ലിസ്റ്റിൽ പേരുണ്ടല്ലോ, സമയമുണ്ട്, കിട്ടും എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. പക്ഷെ, ഇപ്പോൾ ചേട്ടായിയുടെ അവസ്ഥ മോശമാവുകയാണ് എന്ന് തന്നെയാണ് ഡോക്ടർ പറഞ്ഞത് എന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്.
ചേട്ടായിക്ക് കിഡ്നി കൊടുക്കാൻ ഞാൻ തയ്യാറാണെന്ന് പറഞ്ഞതിൽ പിന്നെയാണ് എന്റെ വീട്ടിൽ പ്രശ്നങ്ങൾ തുടങ്ങിയത്. ഒരു തരത്തിലും സിബിച്ചായൻ സമ്മതിക്കുന്നില്ല. പപ്പയും മമ്മിയും അദ്ദേഹത്തിന്റെ ഭാഗത്താണ്. എന്നോടുള്ള സ്നേഹം കൊണ്ടുതന്നെയാണ് അവരത് പറയുന്നത് എന്നെനിക്കറിയാം. എനിക്കെന്തെങ്കിലും പറ്റിപ്പോകുമോ എന്നതാണ് പേടി. സ്വന്തം കാര്യം വരുമ്പോൾ എല്ലാവരും സ്വാർത്ഥരാണല്ലോ.
ഒരു മെഡിക്കൽ പ്രൊഫഷണൽ എന്ന നിലയിൽ എനിക്കറിയാവുന്ന വിവരങ്ങളെല്ലാം പറഞ്ഞു അവരെ മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ, ചേട്ടായിക്ക് പാരമ്പര്യമായി കിട്ടിയ രോഗം ആയതുകൊണ്ട് എനിക്കും അതിന് സാധ്യതയുണ്ട് എന്നവരെ ആരോ പേടിപ്പിച്ചിരിക്കുന്നു. മാതാപിതാക്കൾക്കുണ്ടെന്ന് കരുതി മക്കൾക്ക് ഉണ്ടാവണമെന്ന് നിർബന്ധമില്ലെന്നും എല്ലാ ടെസ്റ്റുകളും ചെയ്തു ഇല്ലെന്ന് ഉറപ്പിച്ചിട്ടേ കിഡ്നി എടുക്കൂ എന്നൊക്കെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും അവർ ഒരു തരത്തിലും അടുക്കാൻ തയ്യാറല്ല. ഇപ്പോൾ ഇല്ലായിരിക്കാം, പിന്നീട് വന്നാലോ എന്നാണ് ചോദ്യം.
ആദ്യമൊക്കെ സ്നേഹത്തിന്റെ ഭാഷയിൽ തുടങ്ങി, പിന്നെ ഇപ്പോൾ ഡിവോഴ്സ് എന്ന ഭീഷണിയിലെത്തിയിട്ടുണ്ട്.
” ഞങ്ങൾ പറയുന്നത് അനുസരിക്കാതെ നീ ഡൊണേഷൻ എന്നൊക്കെ പറഞ്ഞു പോയിട്ട് പിന്നെ എന്തെങ്കിലും സംഭവിച്ചാൽ നിന്നെ ശുശ്രൂഷിക്കാൻ ഇവിടെ ആളില്ല. മാത്രവുമല്ല, ഈയൊരു അസുഖം മതി ഇതുവരെയുള്ള എല്ലാ സാമ്പാദ്യങ്ങളും തീർക്കാനും ഒരു കുടുംബം തന്നെ ഇല്ലാതെയാക്കാനും .”
അസുഖം വന്നാൽ സഹിക്കാം, പക്ഷെ, വിളിച്ചു വരുത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന്.. എന്റെ വാദങ്ങളൊന്നും അവർ അംഗീകരിക്കുന്നില്ലായിരുന്നു. പോരാത്തതിന് സിബിച്ചായൻ തന്നെ ചേട്ടായിയോട് പറയുകയും ചെയ്തു.
” അളിയനോ ഇങ്ങനെ വന്നു, സ്വന്തം പെങ്ങളുടെ ലൈഫ് കൂടെ ഇല്ലാതെയാക്കരുതെന്ന്. ”
ഹൃദയം തകർന്നിട്ടാവണം അന്ന് ചേട്ടായി പറഞ്ഞത് ;
” മോളുടെ കിഡ്നി സ്വീകരിക്കാൻ എനിക്കും ബുദ്ധിമുട്ട് ഉണ്ട്. ദൈവം ആയുസ്സ് തന്നിട്ടുണ്ടെങ്കിൽ, അല്ലാതെ തന്നെ എനിക്ക് കിട്ടും. മോൾ വിഷമിക്കണ്ട ” എന്ന്.
സിബിച്ചായൻ ഒറ്റമകനാണ്. അതുകൊണ്ട് തന്നെ കൂടപ്പിറപ്പ് ബന്ധത്തിന്റെ വില പറഞ്ഞാൽ അദ്ദേഹത്തിന് മനസ്സിലാവില്ല. ഞാൻ പറഞ്ഞും കരഞ്ഞും പട്ടിണി കിടന്നും നോക്കി. എന്നിട്ടും സമ്മതിക്കാൻ അവർ തയ്യാറായില്ല. പതുക്കെ അത് അവർക്കൊരു അഭിമാനപ്രശ്നം പോലെയായി.. അവർ പറയുന്നത് അനുസരിക്കാത്ത ഭാര്യയെയൊ മരുമകളെയോ ആ കുടുംബത്തിനു വേണ്ടെന്ന്.
ഞാൻ ഹോസ്പിറ്റലിൽ അന്വേഷിച്ചു, എനിക്ക് രണ്ടുമാസത്തോളം ലീവ് എടുക്കാം.. അത്രത്തോളം മതി എന്റെ മുറിവുകൾ ഉണങ്ങാനും എനിക്ക് ജോലിയിലേക്ക് തിരിച്ചു കേറാനും..
” എന്റെ കൂടപ്പിറപ്പ് കണ്മുന്നിൽ വെച്ച് നഷ്ടപ്പെടുന്നത് കാണാൻ വയ്യ” എന്ന് പറഞ്ഞപ്പോൾ,
“എന്നെ ധിക്കരിച്ചു നീ പോയാൽ പിന്നെ മക്കളെ അങ്ങ് മറന്നേക്ക്. അമ്മയില്ലെന്ന് കരുതി വളർത്തിക്കോളാം ഞാനവരെ.”
എന്നായിരുന്നു എന്നെ വീഴ്ത്താനുള്ള അവസാനത്തെ ഭീഷണി. കൂട്ടത്തിൽ,
“ഞങ്ങളിയിട്ടിട്ട് പോകല്ലേ അമ്മേ”
എന്ന കുട്ടികളുടെ കരച്ചിലും. അവരെയും പറഞ്ഞു പേടിപ്പിച്ചിട്ടുണ്ട്. ഏതമ്മയെയും പോലെ ഞാനും തകർന്നുപോയിരുന്നു. രണ്ടിലൊരാളെ തിരഞ്ഞെടുക്കാൻ എനിക്ക് കഴിയുന്നില്ലാരുന്നു. ആരോടും മിണ്ടാൻ ധൈര്യമില്ലാത്തതിനാൽ രണ്ടുദിവസം ഞാൻ വീട്ടിലേക്ക് ഫോൺ ചെയ്തില്ല.
മനസ്സാകെ അസ്വസ്ഥമായപ്പോഴാണ് ഇന്ന് രാവിലെ നാത്തൂൻ സ്നേഹചേച്ചിയെ വിളിച്ചത്. ആൽവിൻ മോൻ എവിടെ എന്ന് ചോദിച്ചപ്പോഴാണ് പറഞ്ഞത് പള്ളിയിൽ മൂന്നുദിവസത്തെ ധ്യാനം നടക്കുന്നുണ്ട്, ഇന്ന് രണ്ടാമത്തെ ദിവസമാണ്, അവൻ അടുത്ത വീട്ടിലെ അമ്മച്ചിയോടൊപ്പം അതിന് പോയേക്കുവാണെന്ന്..വൈകിട്ട് ധ്യാനം കഴിഞ്ഞു വന്നപ്പോൾ അവൻ വിളിച്ചു. കുഞ്ഞാണെങ്കിലും നല്ല വിവേകമുണ്ടവന്. ഒത്തിരി സംസാരിക്കും. എന്തുണ്ടെങ്കിലും പറയാൻ എന്നെയാണവൻ വിളിക്കുന്നത്.
” ആന്റി, പള്ളീലെ അച്ചൻ പറഞ്ഞു, കുഞ്ഞുങ്ങളുടെ പ്രാർത്ഥന യേശു അപ്പച്ചൻ തള്ളിക്കളയില്ലെന്ന്. ഞാൻ പ്രാർത്ഥിക്കാൻ പോയതാ..”
എന്റെ ചങ്കിൽ ഒരു ഗദ്ഗദം വന്ന് പിടയുന്നുണ്ടായിരുന്നു. അവൻ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.
” ആന്റി, പിന്നെയുണ്ടല്ലോ, അച്ചൻ പറയാ, നമ്മൾ കരഞ്ഞു വിളിച്ചാൽ ദൈവം ഇറങ്ങിവരുംന്ന്..ഞാനിന്ന് ഒത്തിരി കരഞ്ഞു ആന്റി.. എന്റെ പപ്പയ്ക്ക് ഒരു കിഡ്നിയും കൊണ്ട് ഇറങ്ങിവരണേ യേശു അപ്പച്ചാ എന്ന്… ”
ബാക്കി കേൾക്കാൻ കഴിയാതെ ഞാൻ ഫോൺ കട്ട് ചെയ്തു. ആദ്യം വിളിച്ചത് ട്രാവൽ ഏജൻസിയിലേക്കാണ്. നാളെ രാവിലത്തെ ഫ്ലൈറ്റിന് ഒരു ടിക്കറ്റ് ബുക്ക് ചെയ്യാൻ. പിന്നെ ഹോസ്പിറ്റലിൽ ലീവിന് അപ്ലൈ ചെയ്തു.. അത്യാവശ്യം സാധനങ്ങൾ എടുത്തൊരു പെട്ടി പാക്ക് ചെയ്തു.. ആരെയും ഞാൻ നോക്കിയില്ല. ആ കുഞ്ഞിന്റെ കണ്ണീരൊഴുകുന്ന മുഖമല്ലാതെ മറ്റൊന്നും ഇപ്പോൾ എന്റെ മനസ്സിലില്ല . സിബിച്ചായനും കുഞ്ഞുങ്ങളും എന്നെ മനസ്സിലാക്കുന്ന ഒരു ദിവസം വന്നാൽ അന്ന് അവർ എന്നെത്തേടി വരട്ടെ.
പൊന്നുമോനെ, നാളെ നീ പള്ളിയിൽ നിന്ന് തിരിച്ചെത്തുമ്പോഴേക്കും എനിക്ക് അവിടെ എത്തണം. ഞാൻ ജീവിച്ചിരിക്കുമ്പോൾ നിന്റെ പപ്പയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് എനിക്ക് നിന്റെ മുഖത്ത് നോക്കി പറയണം.. അല്ലെങ്കിലും ആരു കരഞ്ഞാലും എവിടെയും ദൈവം നേരിട്ട് ഇറങ്ങിവരാറില്ലല്ലോ…ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ….
✍️Jainy Tiju
