എന്റെ ഉമ്മച്ചിയെ രണ്ടാമത് കല്യാണം കഴിക്കാൻ വന്ന ആളാണോ?” റസിയ തന്റെ മുന്നിൽ നിൽക്കുന്ന റഷീദിനെ നോക്കി. ….

“എന്റെ ഉമ്മച്ചിയെ രണ്ടാമത് കല്യാണം കഴിക്കാൻ വന്ന ആളാണോ?”

റസിയ തന്റെ മുന്നിൽ നിൽക്കുന്ന റഷീദിനെ നോക്കി.

“അതെ…”

അവൻ കൈകൾ നെഞ്ചിൽ കെട്ടി പതിമൂന്ന് വയസ് മാത്രം പ്രായമുള്ള അവളെ നോക്കി നിന്നു.

“എന്റെ ഉമ്മച്ചിയെ പൊന്ന് പോലെ നോക്കിക്കോണം. പിന്നെ അങ്കിളിന്റെ വീട്ടുകാർ ഇവിടെ ഉമ്മയെ പെണ്ണ് കാണാൻ വന്നപ്പോ പ്രത്യേകം പറഞ്ഞിരുന്നു എന്നെ കൂടെ കൂട്ടാൻ പറ്റില്ലെന്ന്. അതിൽ എനിക്ക് പരാതിയും പരിഭവവും ഒന്നുമില്ല.

പക്ഷേ മാസത്തിൽ ഏതെങ്കിലുമൊരു ശനിയും ഞായറും എന്റെ ഉമ്മച്ചിയുടെ കൂടെ എന്നെ നിൽക്കാൻ അനുവദിക്കണം. ബാക്കി ദിവസങ്ങൾ ഞാൻ സ്കൂൾ ഹോസ്റ്റലിൽ തന്നെ നിന്നോളാം.”

അപ്പോഴേക്കും റസിയയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി പോയി.

“കുട്ടീടെ പേരെന്താ.” റഷീദ് ചോദിച്ചു.

“റസിയ… അങ്കിൾ ഞാൻ പറഞ്ഞതിന് മറുപടി പറഞ്ഞില്ലല്ലോ.

“ആലോചിച്ചു പറയാം…

റഷീദ് പുറത്തിറങ്ങി കാർ സ്റ്റാർട്ട്‌ ചെയ്തു. അവൻ പോകുന്നത് നോക്കി കുഞ്ഞ് റസിയ സങ്കടത്തോടെ കണ്ണ് നിറച്ചു നിന്നു.

*********

കുറച്ചു ദിവസങ്ങൾക്ക് മുൻപുള്ളൊരു സായാഹ്നം.

“ആമിനാ… നിന്നെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്. വേഗം കുളിച്ചൊരുങ്ങി നിന്നോ.

ഉമ്മ ആമിനയോട് പറഞ്ഞു.

അവൾ അത് കേട്ട് കണ്ണീർ മറച്ചു തലയാട്ടി.

ആമിനയുടെ രണ്ടാമത്തെ കല്യാണത്തിന്റെ പെണ്ണ് കാണലാണ് നടക്കുന്നത്. അവൾക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല രണ്ടാമതും റിസ്ക് എടുക്കാൻ.

കാരണം ആമിനയ്ക്ക് 18 വയസ് ഉള്ളപ്പോഴാണ് അവളെ റിയാദിൽ ജോലി ചെയ്യുന്ന അബുവിന് കെട്ടിച്ചു കൊടുക്കുന്നത്.

ആമിനയുടെ വീട്ടുകാരെ പോലെ നല്ല കാശുള്ള കുടുംബം തന്നെയാണ് അവരുടേത്. പക്ഷേ വകതിരിവ് തൊട്ട് തീണ്ടാത്ത കുടുംബമായിരുന്നു അത്.

അബു ഒരു സംശയ രോഗിയായിരുന്നു. ഏതോ ഉസ്താദ് അയാളോട് അയാൾക്ക് ആദ്യം ഉണ്ടാകുന്നത് ആൺകുട്ടി ആണെന്നാണ് പറഞ്ഞിരുന്നത്.

ആമിനയെ അബു മഹർ നൽകി സ്വന്തമാക്കി കൃത്യം 3 മാസം കഴിഞ്ഞതും തിരിച്ചു പോയി. അയാൾ പോയി ഒരു മാസം കഴിഞ്ഞപ്പോൾ ആമിനയ്ക്ക് വിശേഷം ഉണ്ടെന്ന് അറിഞ്ഞു.

അബു ഇത് അറിഞ്ഞപ്പോ ആമിനയുടെ ഡെലിവറി സമയം നാട്ടിൽ വരാം എന്ന് പറഞ്ഞു.

അങ്ങനെ ഒൻപതാം മാസം നല്ലൊരു പെൺ കുഞ്ഞിനെ അവൾ പ്രസവിച്ചു. ജനിച്ചത് പെൺകുട്ടി ആണെന്ന് അറിഞ്ഞതും റിയാദിൽ നിന്നെത്തിയ അബു അത് തന്റെ കുഞ്ഞല്ല ആമിനയ്ക്ക് മറ്റേതോ ബന്ധത്തിൽ ഉണ്ടായതാണെന്ന് പറഞ്ഞ് ബഹളം വച്ച് അവളെ ഡിവോഴ്സ് ചെയ്തു.

ഡിവോഴ്സ് കഴിഞ്ഞ ഉടനെ തന്നെ അബു വേറെ കല്യാണം കഴിച്ചു. അതിൽ ഒരു ആൺകുട്ടിയാണ് അയാൾക്ക് ഉണ്ടായത്. അതോടെ ഉസ്താദ് പ്രവചിച്ചത് ശരി ആയെന്നും ആമിന തന്നെ വഞ്ചിച്ചവൾ ആണെന്നും അബു ഉറപ്പിച്ചു.

അത് ആമിനയെ മാനസികമായി ഒത്തിരി തകർത്തിരുന്നു.

ജീവിതം ഇരുട്ടിലായി പോയ ആമിന കുറെ നാൾ വീടിനു പുറത്ത് പോലും ഇറങ്ങിയില്ല.

പക്ഷേ മകൾ വളർന്നു വലുതായപ്പോ കാണാൻ അബുവിന്റെ ഉമ്മയെ പറിച്ചു വച്ചത് പോലെ ആയിരുന്നു. അതോടെ ആമിനയെ കുറ്റപ്പെടുത്തിയിരുന്ന എല്ലാവരുടെയും വായ അടഞ്ഞു. എല്ലാവരും തന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞ ശേഷമാണ് ആമിന പതിയെ പുറത്തിറങ്ങി തുടങ്ങിയത്.

അബുവിനും ആമിനയെ തെറ്റിദ്ധരിച്ചു പോയതിൽ കുറ്റബോധം ഉണ്ടായിരുന്നു. പക്ഷേ അവളിൽ തനിക്ക് മകൾ ജനിച്ചത് കാരണമാണ് ആമിനയെ തനിക്ക് ഉപേക്ഷിക്കേണ്ടി വന്നതെന്നും അതുകൊണ്ട് മകൾക്ക് രാശി ഇല്ലെന്നും ആ കുഞ്ഞ് നിൽക്കുന്ന വീട് നശിച്ചു പോകുമെന്ന് ഒക്കെ ആയിരുന്നു അബുവിന്റെയും വീട്ടുകാരുടെയും വിശ്വാസം. അതുകൊണ്ട് അബുവും വീട്ടുകാരും ഒരിക്കൽ പോലും ആമിനയിൽ ജനിച്ച അയാളുടെ മകളെ കാണാൻ വന്നില്ല. അതിൽ ആമിനയ്ക്കും പരാതി ഇല്ല.

പതിമൂന്ന് വർഷം ആമിന സ്വന്തം വീട്ടിൽ കഴിഞ്ഞു.

പക്ഷേ അവളുടെ ഇക്കാടെ ഭാര്യ സൈനബയ്ക്ക് അവൾ വീട്ടിൽ നിൽക്കുന്നത് ഇഷ്ടമല്ല. സൈനബ നിർബന്ധം ചെലുത്തിയാണ് ആമിനയുടെ സമ്മതം കൂടാതെ അവൾക്ക് രണ്ടാമത് കല്യാണം നോക്കി തുടങ്ങിയത്.

കുറേ ആലോചന കുട്ടി ഉള്ളത് കൊണ്ട് മുടങ്ങി പോയി.

പക്ഷേ റഷീദിന്റെ വീട്ടുകാർ വന്ന് പെണ്ണ് കാണുമ്പോ തന്നെ കല്യാണം ഏകദേശം ഉറപ്പിച്ച മട്ടിൽ സംസാരിച്ചിട്ടാണ് പോയത്.

റഷീദിന് ദുബായ്ൽ ആണ് ജോലി. അത് നിർത്തി നാട്ടിൽ വന്ന് ബിസിനസ്‌ ചെയ്യാനാണ് അവന്റെ പ്ലാൻ. റഷീദിന്റെ ആദ്യ കല്യാണമാണത്. അവന്റെ നിർബന്ധ പ്രകാരമാണ് വീട്ടുകാർ വന്ന് പെണ്ണ് കണ്ട് നിക്കാഹ് ഉറപ്പിച്ചു പോയത്. പക്ഷേ അവർ വച്ച ഡിമാൻഡ് ആമിനയുടെ കുട്ടിയെ കൂട്ടാൻ പറ്റില്ല എന്നതായിരുന്നു.

റഷീദിന്റെ ആദ്യത്തെ കല്യാണം ആയതുകൊണ്ടും അന്വേഷിച്ചപ്പോ അവൻ നല്ലൊരു പയ്യനാണെന്ന് അറിഞ്ഞത് കൊണ്ടും ഈ ബന്ധം നടക്കാൻ വേണ്ടി ആമിനയുടെ വീട്ടുകാർ അവളുടെ കുട്ടിയെ കൂടെ വിടില്ലെന്ന് ഉറപ്പ് നൽകി. സൈനബയ്ക്ക് റസിയ അവിടെ നിൽക്കുന്നത് ഇഷ്ടമുള്ളത് കൊണ്ട് ആമിന നിക്കാഹ് കഴിഞ്ഞു പോയാൽ കുട്ടിയെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാനും ഏർപ്പാട് ചെയ്തു.

സ്കൂളിൽ പഠിക്കുമ്പോ മുതൽ റഷീദ്ന് ആമിനയെ ഇഷ്ടമുണ്ട്. ദുബായ് പോയി പൈസ ഉണ്ടാക്കി വന്നിട്ട് അവളെ കെട്ടിച്ചു തരുമോന്നു ചോദിക്കാനാണ് 18 വയസ്സിൽ റഷീദ് ദുബായ് പോയത്. പക്ഷേ ആമിനയെ 18 വയസ്സിൽ കെട്ടിച്ച് വിട്ട അറിഞ്ഞപ്പോ നിരാശനായി പോയി അവൻ.

അവൾ ബന്ധം പിരിഞ്ഞു വീട്ടിൽ വന്ന് നിൽക്കുന്നത് രണ്ട് വർഷം മുൻപാണ് റഷീദ് അറിഞ്ഞത്. അങ്ങനെ ആണ് ആലോചനയുമായി വീട്ടുകാരെ ആദ്യം അവൻ പറഞ്ഞു വിട്ടത്.

*******
ആമിനയ്ക്ക് മഹർ നൽകി അവളെ
തന്റെ പെണ്ണ് ആക്കുമ്പോ സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കിയതിന്റെ നിർവൃതി അവന്റെ മുഖത്തു തെളിഞ്ഞു.

ആ സമയം തന്റെ ഉമ്മയെ ഇനി പഴയ പോലെ കൂടെ കിട്ടില്ലല്ലോ എന്നോർത്ത് ആരും കാണാതെ കണ്ണീർ വാർത്തു റസിയ.

അവൾ മാറി നിന്ന് കണ്ണീർ ഒപ്പുന്നത് കണ്ട് റഷീദ് അവളെ അടുത്തേക്ക് വിളിച്ചു.

“മോൾ എന്തിനാ കരഞ്ഞേ?”

“അത്… ഉമ്മ… ഉമ്മയെ ഇനി കാണാൻ പറ്റില്ലല്ലോ എന്നോർത്താ.”

കള്ളം പറഞ്ഞു ശീലം ഇല്ലാത്തതിനാൽ റസിയ സത്യം പറഞ്ഞു.

മകളുടെ വാക്കുകൾ കേട്ട് ആമിന പൊട്ടി വന്ന കരച്ചിൽ അടക്കാൻ ചുണ്ട് കടിച്ചു പിടിച്ചു നിന്നു.

“പെണ്ണ് കാണാൻ വന്നപ്പോ എന്റെ വീട്ടുകാർ ആമിനയുടെ മോളെ വിവാഹ ശേഷം എന്റെ വീട്ടിലേക്ക് കൂട്ടരുതെന്ന് പറഞ്ഞത് എന്റെ അറിവോടെ അല്ല.

ആമിനയുടെ മോൾ എനിക്കെന്റെ മോളെ പോലെയാ. നല്ല പക്വതയുള്ള ഉമ്മയോട് സ്നേഹമുള്ള കുട്ടിയാണ് ഇവൾ. അതെനിക്ക് അന്നിവിടെ വന്നപ്പോ തന്നെ മനസ്സിലായി.

ആമിന മോളെ നല്ല കുട്ടിയായിട്ടാണ് വളർത്തിയത്. എനിക്ക് ഇവൾ നമ്മുടെ കൂടെ വരുന്നതിൽ ഒരു വിരോധവുമില്ല.

ഇന്ന് മുതൽ റസിയയുടെ ഉപ്പയാണ് ഞാൻ. എന്നെ ഉപ്പാന്ന് വിളിച്ചോ മോൾ…

അവളുടെ ശിരസ്സിൽ തലോടി ഒരു കയ്യിൽ ആമിനയെ ചേർത്ത് പിടിച്ചു റഷീദ് പറയുമ്പോ സന്തോഷം കൊണ്ട് ആമിനയും റസിയയും പൊട്ടിക്കരഞ്ഞു.

എല്ലാവരോടും യാത്ര പറഞ്ഞ് ആമിന റഷീദിന്റെ കൂടെ പോകുമ്പോ ആ ഒപ്പം റസിയയും ഉണ്ടായിരുന്നു. അവളെ അവരെ കൂടെ അയക്കാൻ ആമിനയുടെ വീട്ടുകാർക്കും കൊണ്ട് പോകാൻ റഷീദിന്റെ വീട്ടുകാർക്കും താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ തീരുമാനം റഷീദിന്റെ ആയത് കൊണ്ട് ആരും അവരെ എതിർത്തില്ല.

റഷീദ് വിവാഹം ശേഷം തങ്ങൾക്ക് മാത്രമായി താമസിക്കാൻ വാങ്ങിയ വീട്ടിലേക്കാണ് ആമിനയെയും മകളെയും കൊണ്ട് പോയത്. അത് ഇരുവർക്കും വലിയ ആശ്വാസം നൽകി.

രാത്രി ഉറങ്ങാൻ നേരം റഷീദിന്റെ നെഞ്ചിൽ തല വച്ച് ആമിന കിടക്കുമ്പോ വർഷങ്ങളായി ഉള്ളിൽ ഒളിപ്പിച്ച അവളോടുള്ള പ്രണയം അവൻ തുറന്ന് പറയാൻ തുടങ്ങി. അത് കേട്ട് റഷീദിന്റെ ഇട നെഞ്ചിൽ അവന്റെ മകളായി റസിയയും ഉണ്ടായിരുന്നു.

 

✍️ഹേര

Leave a Reply

Your email address will not be published. Required fields are marked *