” സാറേ.. സാറേ.. എന്റെ ഭാര്യയെ ഒന്ന് കണ്ട് പിടിച്ചു താ സാറേ രാവിലെ മുതൽ അവളെ കാണാതായതല്ലേ ഇപ്പൊ സമയം ഉച്ച കഴിയുന്നു ”
പ്രവീൺ വീണ്ടും സ്റ്റേഷന് ഉള്ളിലേക്ക് ഓടിക്കയറവേ എസ് ഐ അനുരാജിന് കലിയിളകി.
” എടോ ഒന്ന് അടങ്ങെടോ.. ഇതെവിടെക്കാ ചാടി കേറുന്നേ.. താനെന്താ കരുതിയെ സ്വിച് ഇട്ടാൽ ലൈറ്റ് കത്തണ പോലെ പരാതി തന്നാൽ അടുത്ത നിമിഷം ആളെ കണ്ട് പിടിക്കാം എന്നാണോ ”
” പിന്നേ ഞാനെന്താ ചെയ്യേണ്ടേ… പരാതി തന്നിട്ട് മണിക്കൂർ നാലായി.. നിങ്ങൾ എന്ത് തേങ്ങയാണ് ഇവിടെ ചെയ്തെ… പേരിനു പോലും ഒരു അന്വേഷണം നടത്തിയോ.. എന്റെ ഭാര്യയെയാണ് സാറേ കാണാതായത്… തനിക്കൊന്നും ഒന്നും ഇല്ല… ”
കലി കയറി പ്രവീണിന് അപ്പോൾ.
” ഭാ! അടങ്ങെടാ നായേ… ഇവിടെ കിടന്ന് കുരയ്ക്കാൻ ഇത് നിന്റെ അച്ചി വീടല്ല… നിന്റെ കെട്ട്യോളു കഴപ്പ് മൂത്ത് ഏവന്റെങ്കിലും കൂടെ ഇറങ്ങി പോയേന് ഞങ്ങൾ എന്ത് ചെയ്യാൻ.. കഴപ്പ് തീരുമ്പോ അവളിങ്ങ് വന്നോളും.. നീ വീട്ടിൽ പോ ”
അനുരാജ് അടങ്ങാത്ത രോഷത്തിൽ പ്രവീണിനെ പിടിച്ചു പുറത്തേക്ക് തള്ളി. നിലത്തേക്ക് വീണു പോയ അവനെ കോൺസ്റ്റബിൾസ് പിടിച്ചെഴുന്നേൽപ്പിച്ചു.
” ഇതെന്ത് അനീതിയാണ്.. ഞങ്ങൾ സാധാരണക്കാർക്ക് ഏക ആശ്രയം ഈ പോലീസ് സ്റ്റേഷനാണ്.. എന്നിട്ട് പരാതി പറയുവാൻ വരുന്നവരെ ഉപദ്രവിക്കുകയാണോ ”
കരച്ചിൽ വന്നു പോയി അവന്.
” ഇവിടെ കിടന്ന് ചെലക്കാണ്ട് വീട്ടിൽ പോടാ.. ചെറുക്കാ.. സാറ് പറഞ്ഞത് കേട്ടില്ലേ.. അന്വേഷിക്കേണ്ട സമയം ആകുമ്പോ ഞങ്ങൾ അന്വേഷിച്ചോളാം.. ഇനി ബഹളം വച്ചാൽ നല്ല തല്ല് കിട്ടും നിനക്ക്. മാത്രമല്ല തൂക്കി അകത്തും ഇടും.. വിട്ടോ വേഗം.. പോയി അവൾക്ക് വല്ല രഹസ്യക്കാരനും ഉണ്ടോ എന്ന് അന്വേഷിക്ക് ”
അവനെ പേടിപ്പിച്ചു തിരികെ വിടാനാണ് കോൺസ്റ്റബിൾമാരും ശ്രമിച്ചത് അതോടെ നിസ്സഹായനായി പുറത്തേക്ക് വന്നു പ്രവീൺ.
” എന്റെ ദേവി.. ഇനി അനിതയെ എവിടേ പോയി അന്വേഷിക്കും ഞാൻ.. ”
സ്റ്റേഷന് വെളിയിൽ നിലത്തിരുന്നു പൊട്ടിക്കരഞ്ഞു പോയി അവൻ
” എന്താ ചേട്ടാ പ്രശ്നം… ആരെയാ കാണാനില്ലാത്തത് ”
പരാതിയുമായി എത്തിയ മറ്റൊരാൾക്ക് ആ വിഷമം കണ്ടപ്പോൾ ഉള്ളലിഞ്ഞു.
” എന്റെ ഭാര്യയെ കാണാനില്ല ചേട്ടാ… രാവിലെ ക്ഷേത്രത്തിൽ പോയതാ അവൾ തിരികെ വന്നില്ല. എന്നോട് പറയാതെ അവൾ എവിടെയും പോകില്ല.. ഫോണിൽ വിളിച്ചപ്പോ റിങ് ചെയ്യുന്നുണ്ട് അന്വേഷിച്ചു ചെന്നപ്പോ റോഡ് സൈഡിൽ ഉപേക്ഷിച്ച അവസ്ഥയിൽ ഫോൺ കിട്ടി.. അവൾക്ക് എന്തോ പറ്റിയിട്ടുണ്ട്.. ആരോ അവളെ ഉപദ്രവിച്ചിട്ടുണ്ട്.. ഈ നാറികളോട് സഹായം ചോദിച്ചപ്പോ ആട്ടി ഇറക്കി വിടുവാണ്.. ”
പറഞ്ഞു നിർത്തുമ്പോൾ അടങ്ങാത്ത കലിയിൽ പല്ലിറുമ്മി പ്രവീൺ
” ചേട്ടാ കലികാലമാണ്.. ഇവരോടൊക്കെ റിക്വസ്റ്റ് ചെയ്യാൻ നിന്നാൽ ഒന്നും നടക്കില്ല. ആവശ്യം നമ്മടെയാണ് അത് നേടിയെടുക്കണം അതിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാകണം. അങ്ങനെയാണേൽ കാര്യങ്ങൾ മുറ പോലെ നടക്കും അല്ലാതെ തളർന്നിരുന്നാൽ വിലപ്പെട്ടതൊക്കെ നഷ്ടമായി പോകും.. ”
ആ മറുപടി കേൾക്കെ അയാളെ ഒന്ന് തുറിച്ചു നോക്കി പ്രവീൺ. ആ നോട്ടം കണ്ട് ഒന്ന് പുഞ്ചിരിച്ചു അയാൾ.
” ഞാൻ മനസിലായല്ലോ അല്ലെ ചേട്ടാ… രണ്ടും കല്പ്പിച്ചു ഒന്ന് ഇറങ്ങി നോക്ക്… ബുദ്ധി പ്രയോഗിക്ക് ഒരു ഒറ്റയാൾ പോരാട്ടം നടത്തിയാൾ ഇവന്മാരൊക്കെ ചേട്ടൻ പറയുന്ന സ്ഥലത്ത് കൊണ്ട് വരും ഭാര്യയെ… ”
അതുകൂടി കേൾക്കെ പ്രവീണിന്റെ മിഴികൾ കുറുകി. അവൻ മനസ്സിൽ ഉറപ്പിച്ചു
‘ അതേ… ഇവന്മാരൊക്കെ ഞാൻ നിൽക്കുന്നിടത്ത് വരണം.. എന്റെ ആവശ്യങ്ങൾ നടത്തി തരണം…’
*****************
സമയം പിന്നെയും നീങ്ങി. ഉച്ച കഴിയവേ പെട്ടെന്നു ആ വാർത്ത ചാനലുകളിൽ പരന്നു.
‘ നഗരമധ്യത്തിന്റെ സ്വകാര്യ ബസ് സ്റ്റാൻഡ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിൽ കയറി പെട്രോൾ ഒഴിച്ച് യുവാവിന്റെ ആത്മഹത്യാ ഭീക്ഷണി… പരിസരവാസിയായ പ്രവീൺ എന്ന യുവാവാണ് ഇത്തരത്തിൽ ഒരു ഭീഷണി മുഴക്കുന്നത്. രാവിലെ മുതൽ കാണാതായ ഭാര്യയെ അന്വേഷിച്ചു കണ്ടു പിടിക്കാൻ പോലീസിന്റെ ഭാഗത്തു നിന്നും സഹകരണമുണ്ടായില്ല എന്ന് മാത്രമല്ല സ്റ്റേഷനിൽ നിന്നും ആട്ടി പുറത്താക്കി എന്നാരോപിച്ചാണ് ഇത്തരമൊരു കൃത്യത്തിന് പ്രവീൺ മുതിർന്നത്. ‘
‘ പോലീസിന്റെ ഭാഗത്തു നിന്നും വളരെ ഗുരുതരമായൊരു വീഴ്ചയാണ് പറ്റിയിട്ടുള്ളത്. പ്രവീണിന്റെ ഭാര്യ അനിതയെ ദുരൂഹത സാഹചര്യത്തിൽ കാണാതായിട്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ പോലീസ് അന്വേഷണം നടത്തിയില്ല എന്ന് മാത്രമല്ല സ്റ്റേഷനിൽ വച്ച് പ്രവീണിന്റെ മർദ്ദിച്ചു പുറത്താക്കി എന്നുമാണ് ആരോപണം. ഇതിൽ പ്രകോപിതനായിട്ടാണ് ഭാര്യയെ കണ്ട് പിടിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് ആ യുവാവ് ആത്മഹത്യാ ഭീക്ഷണി മുഴക്കുന്നത്.’
വിവിധ ചാനലുകളിലൂടെ വാർത്ത വേഗത്തിൽ വൈറലായി. ബസ് സ്റ്റേഷനിൽ വൻ ജനാവാലി തന്നെ തടിച്ചു കൂടി.
” എന്റെ ഭാര്യയെ കണ്ട് പിടിച്ചില്ലെങ്കിൽ ഇവിടെ നിന്ന് കൊണ്ട് സ്വയം കൊളുത്തും ഞാൻ… ഗതികെട്ടാണ് ഞാൻ നിൽക്കുന്നത് ”
അലറി വിളിച്ചു കൂവി പ്രവീൺ.
” സാറേ അവൻ പണി പറ്റിച്ചു… വല്ലാത്തൊരു കുരുക്കായി ഇത് ”
കോൺസ്റ്റബിൾ പറയുന്നത് കേട്ട് അസ്വസ്ഥനായി നിന്ന് നഖം കടിച്ചു അനുരാജ്.
” ഡി വൈ എസ് പി സിദ്ദിക്ക് സാർ വിളിച്ചു കാര്യങ്ങൾ കൈ വിട്ടു. പ്രതിപക്ഷ നേതാവ് ഒക്കെ ഇടപെട്ടു സീൻ ആയി.. ഈ മീഡിയാസ് ആണ് കുഴപ്പിച്ചത് എത്രയും വേഗം ആ പെണ്ണിനെ കണ്ട് പിടിക്കാൻ ഡി ജി പി ഓർഡർ ഇട്ടേക്കുവാ.. തൊപ്പി തെറിക്കും ന്ന് ഉറപ്പായി ”
വേവലാതിയിൽ നിന്നു അവൻ.
” ആ ചെക്കൻ പരാതി പറയാൻ വന്നപ്പോ മയത്തിൽ കാര്യങ്ങൾ പറഞ്ഞു തിരിച്ചു വിട്ടാൽ മതിയാരുന്നു. ഇനീപ്പോ പറഞ്ഞിട്ട് കാര്യമില്ല ”
കോൺസ്റ്റബിളും നിരാശനായി.
ആ സമയം അനിതയ്ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. അത് ചൂണ്ടിക്കാട്ടി പ്രവീണിനെ അണുനയിപ്പിച്ചു താഴെ ഇറക്കാനുള്ള ശ്രമങ്ങളും നടന്നു. എന്നാൽ തന്റെ തീരുമാനത്തിൽ നിന്നും മാറാതെ ഉറച്ചു നിന്നു പ്രവീൺ.
സമയം പിന്നെയും നീങ്ങി ഒടുവിൽ ആ ശുഭവാർത്തയെത്തി
‘ ഇപ്പോൾ കിട്ടിയ വാർത്ത.. പോലീസിന്റെ തിരച്ചിൽ ഫലം കണ്ടു. സിറ്റിയിൽ നിന്നും മാറിയുള്ള പ്രവർത്തന രഹിതമായ ഒരു ഇഷ്ട്ടിക ചൂളയിൽ നിന്നും അനിതയെ കണ്ടെത്തിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മൂന്ന് ചെറുപ്പക്കാരെയും ഒരു ഓംനി വാനും പോലീസ് പിടിച്ചെടുത്തു. ‘
‘ രാവിലെ തന്നെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ചെറുപ്പക്കാർ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെ തന്നെ അനിതയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. എന്നാൽ വാർത്ത പുറത്ത് വന്നതോടെ ഭയന്ന ചെറുപ്പക്കാർ എന്ന് രക്ഷയ്ക്കായി ചൂളയ്ക്കുള്ളിൽ ഒളിക്കുകയായിരുന്നു. രാവിലെ സംഭവ സ്ഥലത്ത് നിന്നും അല്പം മാറിയുള്ള ഒരു ക്യാമറയിൽ ഈ ഓംനി വാൻ അകപ്പെട്ടതാണ് അന്വേഷണത്തിൽ വലിയ വഴിത്തിരിവായത്.’
ആ ആശ്വാസ വാർത്ത ഒരുപോലെ. സന്തോഷിപ്പിച്ചു എല്ലാവരെയും.
അനിത സുരക്ഷിതയാണ് എന്നറിഞ്ഞതോടെ ആശ്വാസമായി പ്രവീണിനും അതോടെ ആത്മഹത്യ ആശ്രമത്തിൽ നിന്നും പിന്മാറിയ അവനെ പോലീസ് അറസ്റ്റ് ചെയ്തു. അതിനിടയിൽ പരാതിക്കാരനോട് മോശമായി പെരുമാറിയ അനുരാജിനും രണ്ട് കോൺസ്റ്റബിൾ മാർക്കും അന്വേഷണ വിധേയമായി സസ്പെൻഷനും അടിച്ചു കിട്ടി. പൊതുവികാരം കണക്കിലെടുത്തു പ്രവീണിനെതിരെ കേസ് രജിസ്റ്റർ ചെയ്യരുതെന്ന് ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം വന്നതോടെ രാത്രിയോടെ അവനെ പോലീസ് മോചിപ്പിച്ചു.
സ്റ്റേഷന് പുറത്തേക്ക് വരുമ്പോൾ അവിടെ അവനെ കാത്ത് മീഡിയാസും നാട്ടുകാരും എല്ലാം തടിച്ചു കൂടിയിരുന്നു. ആ കൂട്ടത്തിൽ ഒരു മുഖത്ത് പ്രവീണിന്റെ നോട്ടം കുടുങ്ങി. രാവിലെ സ്റ്റേഷനിൽ കണ്ട… അവന് ഉപായം പറഞ്ഞു കൊടുത്ത ആ ആൾ… കൈകൂപ്പിക്കൊണ്ടാണ് പ്രവീൺ അയാളോട് നന്ദി അറിയിച്ചത്.
” അനിത ഓക്കേ ആണ് മോനെ ഈ പിടിവലിയിൽ ചെറിയ മുറിവുകളൊക്കെ ഉണ്ട്.. ഇപ്പോൾ ഡിസ്ചാർജ് ആയി വീട്ടിലെത്തി നമുക്ക് വീട്ടിലേക്ക് പോകാം.. ”
അച്ഛന്റെ വാക്കുകൾ കേൾക്കെ സംതൃപ്തിയിൽ പ്രവീണിന്റെ കണ്ണുകൾ നിറഞ്ഞു പോയി. വീട്ടിലെത്തിയ അവനെ കാത്ത് അനിത വീട്ടുപടിക്കൽ തന്നെയുണ്ടായിരുന്നു. കണ്ടപാടേ അവളെ വാരി പുണർന്നു പൊട്ടിക്കരഞ്ഞു പ്രവീൺ.
“പേടിച്ചു പോയെടോ ഞാൻ…. ”
അവന്റെ കണ്ണുനീരിനു മുന്നിൽ പിടിച്ചു നിൽക്കുവാൻ അനിതയ്ക്കും കഴിഞ്ഞില്ല.. ഒടുവിൽ എല്ലാം. ശുഭമായി.
ഒരു സാധാരണക്കാരന്റെ പ്രതിക്ഷേധമായി പ്രവീണിന്റെ പ്രവൃത്തി വർണ്ണിക്കപ്പെട്ടു. ചാനലുകളിൽ ചർച്ചകൾ ഒരുപാട് നടന്നു. മണിക്കൂറുകൾ കൊണ്ട് അവൻ ഒരു സെലിബ്രിറ്റിയായപ്പോൾ അനിത ആപത്തുകൾ ഒന്നും കൂടാതെ തിരികെയുമെത്തി.
ചില സമയങ്ങളിൽ കിട്ടാത്ത നീതി നമ്മൾ ചോദിച്ചു വാങ്ങുക തന്നെ വേണം…
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു
