ഏട്ടന്റെ ഭാര്യയായി കണ്ടവളെ വിവാഹം കഴിക്കാൻ എനിക്ക് പറ്റില്ല. ഞാൻ സ്നേഹിച്ചതും കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നതും മാളൂനെ അല്ലെ…..

“അമ്മ എന്തൊക്കെ പറഞ്ഞാലും ഏട്ടന്റെ ഭാര്യയായി കണ്ടവളെ വിവാഹം കഴിക്കാൻ എനിക്ക് പറ്റില്ല. ഞാൻ സ്നേഹിച്ചതും കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നതും മാളൂനെ അല്ലെ.”

അനൂപ് തറപ്പിച്ചു പറഞ്ഞു.

“നീ എന്റെ മോൻ ആണെങ്കിൽ നീ തന്നെ അനുപമയുടെ കഴുത്തിൽ താലി കെട്ടും.

“അമ്മയുടെ മോനാ പറയുന്നത് എനിക്ക് ജീവൻ ഉള്ളിടത്തോളം കാലം ഞാൻ ഏട്ടത്തിയെ എന്റെ ഭാര്യ ആക്കില്ല.

“നിനക്ക് ആലോചിക്കാൻ ഒരാഴ്ച സമയം തരാം മോനെ. അമ്മയ്ക്ക് അനുകൂലമായൊരു മറുപടി താ നീ.

നീ അനുപമയെ കെട്ടിയില്ലെങ്കി എനിക്ക് എന്റെ കൊച്ചുമോനെ പിന്നീട് കാണാൻ പറ്റിയെന്നു വരില്ല.

അവൾ വേറെ കല്യാണം കഴിച്ച നിന്റെ ചേട്ടന്റെ മോൻ മറ്റൊരു വീട്ടിൽ വളരുന്നത് കാണേണ്ടി വരും. നിന്റെ ചേട്ടന്റെ മോൻ ഇവിടെ ഈ വീട്ടിൽ അല്ലേ വളരേണ്ടത്. അല്ലാതെ വേറെ വീട്ടിൽ ആണോ?

അതുപോലെ ആദ്യ കെട്ടിൽ ഉണ്ടായ കുട്ടിയെ മറ്റൊരുത്തന് സ്വന്തം കുട്ടിയെ പോലെ നോക്കാൻ പറ്റുമോ?

നീ ആകുമ്പോ നിന്റെ ചേട്ടന്റെ കുട്ടിയെ സ്വന്തം പോലെ നോക്കിക്കോളും. എനിക്ക് എന്റെ മോന്റെ കുഞ്ഞിനെ കണ്ണ് നിറയെ കാണാനും താലോലിക്കാനും കഴിയും.

വിലാസിനി അമ്മ പറഞ്ഞു കൊണ്ടിരുന്നു.

“രണ്ട് വർഷം ഏട്ടത്തി ആയി കണ്ട ആളെ എങ്ങനെയാ അമ്മേ താലി കെട്ടുക? എന്റെ മാനസികാവസ്ഥയെ കുറിച്ച് അമ്മ ചിന്തിക്കേണ്ട. ഏട്ടത്തിയെ കുറിച്ച് ഓർത്തോ?

ഭർത്താവിന്റെ അനിയനെ സ്വന്തം അനിയനെ പോലെ കണ്ടിട്ട് ഒരു സുപ്രഭാതത്തിൽ അവന്റെ ഭാര്യ ആകേണ്ടി വന്നാൽ ഉണ്ടാകുന്ന ഷോക്ക് എത്രത്തോളം ആയിരിക്കും.

“അനുപമ ഞാൻ പറയുന്നതേ അനുസരിക്കു. നിന്നെ വിവാഹം ചെയ്യാൻ ഞാൻ പറഞ്ഞാൽ അവൾ നിനക്ക് മുന്നിൽ കഴുത്ത് നീട്ടി തരും.

വിലാസിനി പറഞ്ഞു.

“അമ്മയെ ധിക്കരിക്കാൻ ഭയന്ന് ആവും ഏട്ടത്തി സമ്മതിക്കുക. ഞാൻ ഒന്ന് ഏട്ടത്തിയോട് നേരിട്ട് ചോദിക്കട്ടെ.

അനൂപ് തന്റെ ഏട്ടന്റെ ഭാര്യയെ അന്വേഷിച്ചു തൊടിയിലേക്ക് ഇറങ്ങി.

പാലത്തിടത് തറവാട്ടിലെ വിലാസിനിക്ക് 2 മക്കൾ ആണ്.

മൂത്തവൻ അനിരുധ്. ഇളയവൻ അനൂപ്.

അനിരുധ് 3 വർഷം മുൻപ് ഒരു ആക്‌സിഡന്റ് ൽ മരിച്ചു പോയി. അവൻ മരിക്കുമ്പോ അവനും ഭാര്യ അനുപമയ്ക്കും ഒരു വയസ്സുള്ള മോൻ ഉണ്ടായിരുന്നു.

അനുപമ വളർന്നത് ഒരു അനാഥാലയത്തിൽ ആണ്. അനിരുധ് കണ്ട് ഇഷ്ടപ്പെട്ട് കെട്ടിയതാണ് അവളെ.

എങ്കിലും സ്വന്തം മോളെ പോലെ ആണ് വിലാസിനി അനുപമയെ കണ്ടത്. അതുകൊണ്ട് ആ വീട്ടിൽ അവൾ സന്തോഷത്തോടെ ജീവിച്ചു. പക്ഷേ അനുപമയുടെ സന്തോഷങ്ങൾക്ക് 2 വർഷത്തെ ആയുസ്സ് മാത്രേ ഉണ്ടായിരുന്നുള്ളൂ.

മകൻ മരിച്ചു 3 വർഷം കഴിഞ്ഞിട്ടും അവന്റെ ഓർമ്മയിൽ ജീവിക്കുന്ന മരുമകളെ കാണുമ്പോ വിലാസിനിക്ക് തന്നെ വേദന തോന്നും.

അവർ അമ്മയും മോളും മോനും കൊച്ചു മോനും എന്ന രീതിയിൽ കഴിഞ്ഞ 3 വർഷമായി ജീവിച്ചു വരുകയായിരുന്നു. അപ്പോഴാണ് പെട്ടെന്ന് ഒരു ദിവസം വിലാസിനി അനൂപിനോട് അനുപമയെ വിവാഹം കഴിക്കാൻ പറയുന്നത്.

അവനത് ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ കഴിയാത്ത കാര്യമായിരുന്നു.

“ഏട്ടത്തി എന്നെ വിവാഹം കഴിക്കാമെന്ന് അമ്മയോട് സമ്മതിച്ചോ?

തൊടിയിൽ മാവിൽ ചാരി ദൂരേക്ക് നോക്കി നിന്നിരുന്ന അനുപമയുടെ അരികിൽ വന്ന് അനൂപ് ചോദിച്ചു.

“സമ്മതിച്ചില്ലെങ്കി അമ്മ പിന്നെ ജീവനോടെ ഉണ്ടാവില്ല എന്ന് പറഞ്ഞു. അതുകൊണ്ട് മാത്രം സമ്മതിച്ചത അനൂപ്. അല്ലാതെ മനസ്സ് ഉണ്ടായിട്ടല്ല. മരിക്കും വരെ അനിയേട്ടന്റെ ഓർമ്മയിൽ ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം.

അനുപമ കണ്ണീർ വാർത്തു.

“ഏട്ടത്തി വിഷമിക്കണ്ട… അമ്മയെ ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കോളാം.

അനൂപ് അമ്മയുടെ അടുത്തേക്ക് പോയി.

“അമ്മേ… ഏട്ടത്തിയെ കല്യാണം കഴിക്കാൻ അമ്മ എന്നെ ഇനിയും നിർബന്ധിച്ച ഏട്ടന്റെ പിന്നാലെ ഞാനും പോകും. അത് കാണണോ അമ്മയ്ക്ക്?”

അനൂപ് പറഞ്ഞ കേട്ട് ഞെട്ടിപ്പോയ വിലാസിനി അപ്പോ തന്നെ അവന്റെ കവിളിൽ ഒന്ന് പൊട്ടിച്ചു. പിന്നെ പൊട്ടിക്കരഞ്ഞു.

“എനിക്ക് നീയും അനുപമയും ന്റെ ഒരുപോലെ ആണ്. അവളെ ഞാനെന്റെ മോളെ പോലെയാ കാണുന്നത്. അവളെ പിരിയാൻ വയ്യാത്ത കൊണ്ടാ ഞാൻ നിന്നോട് അവളെ കെട്ടാൻ പറഞ്ഞത്.

അമ്മ പറഞ്ഞ കേട്ട് അനൂപ് അത്ഭുതപ്പെട്ടു.

“ഏട്ടത്തി ഇവിടുന്നു എങ്ങോട്ട് പോകാനാ അമ്മേ. ഇവിടെ അല്ലാതെ വേറെ എവിടെയാ ഏട്ടത്തി താമസിക്ക. എന്തോ കാര്യമായ പ്രശ്നം നടന്നിട്ടുണ്ട്. അല്ലാതെ അമ്മ ഏട്ടൻ മരിച്ചു വർഷം 3 കഴിഞ്ഞു നിക്കുമ്പോ പെട്ടെന്നൊരു ദിവസം വന്ന് എന്നോട് ഏട്ടത്തിയെ കെട്ടാൻ പറയില്ലല്ലോ.

അതുകൊണ്ട് സത്യം പറ അമ്മേ. എന്താ ഉണ്ടായത്. അമ്മ ഇങ്ങനെയൊരു തീരുമാനം എടുക്കണമെങ്കി കാര്യമായ പ്രശ്നം ഇല്ലാതിരിക്കില്ല.

അനൂപ് അമ്മയെ നിർബന്ധിച്ചു.

കുറെ തവണ നിർബന്ധിച്ചപ്പോ വിലാസിനി സത്യം പറയാൻ തുടങ്ങി.

“ഇന്നലെ നിന്റെ അമ്മാവൻ നിന്റേം മാളൂന്റേം കല്യാണ കാര്യം സംസാരിക്കാൻ ഇവിടെ വന്നിരുന്നു.
നിങ്ങടെ കല്യാണം നടക്കണമെങ്കിൽ അനുപമയെയും കൊച്ചിനെയും ഇവിടുന്ന് മാറ്റണമെന്ന് പറഞ്ഞു. മാളു ആണ് അങ്ങനെ ആവശ്യപ്പെട്ടത്. അതറിഞ്ഞപ്പോ ഞാൻ തകർന്ന് പോയി.

നിന്നെക്കാൾ വയസിനു ഇളയതായ വിധവയായ ഏട്ടത്തി ഇവിടെ ഉള്ളത് അവൾക്ക് എപ്പോഴും ഒരു പേടി ആയിരിക്കുമെന്ന്. നാട്ടുകാരിൽ ചിലർ നിങ്ങളെ കുറിച്ച് കഥയുണ്ടാക്കി മോശമായി പറയുന്നു പോലും.

ഇത് പറ്റില്ലെങ്കിൽ വിവാഹ ശേഷം നീ മാളൂനെയും കൊണ്ട് ഇവിടുന്ന് മാറി താമസിക്കണം. ഇതൊന്നും നടക്കുന്ന കാര്യമല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ അമ്മാവൻ പിണങ്ങി ഇറങ്ങി പോയി.

നാട്ടുകാർ പറയുന്നതിൽ കാര്യമുണ്ട് അല്ലേ നിങ്ങടെ അനിയൻ അവളെ വച്ചോണ്ട് ഇരുന്നത് അറിഞ്ഞിട്ട് ആ സങ്കടത്തിൽ അനിരുധ് ആക്‌സിഡന്റ് ൽ പെട്ട് മരിച്ചതോ അല്ലെങ്കിൽ ആത്മഹത്യയോ ആയിരിക്കും എന്ന്. ആരൊക്കെയോ ഇങ്ങനെ പറഞ്ഞു നടക്കുകയാണെന്ന്. അതിന് കാരണം അനി മോന്റെ കുഞ്ഞിന് നിന്റെ മുഖചായ വന്നത് കൊണ്ടാത്രേ.

ആരും നമ്മുടെ മുഖത്ത് നോക്കി ഇതൊന്നും ചോദിക്കാത്തത് കൊണ്ട് നമ്മൾ ഇതൊന്നും അറിഞ്ഞില്ല. ഇന്നലെ നിന്റെ അമ്മാവൻ ഒക്കെ പറഞ്ഞ കേട്ടപ്പോ സങ്കടം വന്ന് പോയി മോനെ.

ഒരു തെറ്റും ചെയ്യാത്ത നിങ്ങളെ കുറിച്ച് ഇനിയും ആരും മോശം പറയണ്ട എന്ന് കരുതിയ ഞാൻ അനുപമയെ താലി കെട്ടാൻ നിന്നോട് പറഞ്ഞത്.

“ഞാൻ ഏട്ടത്തിയെ താലി കെട്ടിയ മോശം പറഞ്ഞു നടക്കുന്നവർ പറഞ്ഞത് സത്യമായി എന്നല്ലേ വരുക.

അനൂപ് ചോദിച്ചു.

“ഞാൻ അത്രയ്ക്കൊന്നും ചിന്തിച്ചില്ല മോനെ. അവളെ ഇവിടുന്ന് മാറ്റാതെ മാളു കല്യാണത്തിന് സമ്മതിക്കില്ല.
നിന്റെ ജീവിതം നന്നായി കാണാൻ അനി മോന്റെ പെണ്ണിനെ ഇവിടുന്ന് ഇറക്കി വിടാനും അമ്മയ്ക്ക് പറ്റില്ലെടാ. അനാഥ ആയ ആ കൊച്ച് ആദ്യമായി അമ്മെന്ന് വിളിച്ചത് എന്നെ അല്ലെ.

“എനിക്ക് മാളൂനെ കെട്ടണ്ട അമ്മേ. ഇത്രേം ദുഷിച്ച മനസ്സുള്ള അവൾ ഇങ്ങോട്ട് മരുമകൾ ആയി വരാത്തത് തന്നെയാ നല്ലത്.

അനൂപ് പറഞ്ഞു.

“അനുപമ ഇവിടെ ഇങ്ങനെ അനിയുടെ വിധവയായി നിൽക്കുന്ന കാലം വരെ നിനക്ക് ആരും പെണ്ണ് തരില്ലെന്ന അമ്മാവൻ പറഞ്ഞത്. നീ ഇവിടെ കെട്ടചരക്കായി നിന്ന് പോയാലോന്നു ഓർത്തും അമ്മയ്ക്ക് പേടി ഉണ്ട്.

“അമ്മ എനിക്ക് ഏട്ടത്തി താമസിച്ചിരുന്ന അനാഥാലയത്തിൽ നിന്ന് ഏട്ടത്തിയെ പോലെ ഒരു പാവം കുട്ടിയെ കണ്ടെത്തി താ. ഏട്ടത്തിയെ പോലൊരു കുട്ടി ആകുബോ നമ്മളെ മനസ്സിലാക്കി നമ്മുടെ കൂടെ സന്തോഷത്തോടെ കഴിഞ്ഞോളും.

മകന്റെ വാക്കുകൾ കേട്ട് വിലാസിനിക്ക് സന്തോഷമായി. കരഞ്ഞു കൊണ്ട് അവർ മകനെ കെട്ടിപിടിച്ചു.

“താൻ വലിയൊരു പ്രശ്നമായി കണ്ട കാര്യത്തിനു മകൻ നിസ്സാരമായി പരിഹാരം കണ്ടെത്തിയത് വിലാസിനിയെ സന്തോഷിപ്പിച്ചു.

അധികം വൈകാതെ അനുപമ വളർന്ന സ്ഥലത്ത് നിന്ന് അവൾക്ക് പരിചയമുള്ള സ്വപ്ന എന്ന് പേരുള്ള ഒരു പാവം കുട്ടിയെ അവർ അനൂപിനായി കണ്ടെത്തി.

രണ്ട് മരുമക്കളെയും മകനെയും കൊച്ചു മകനെയും സന്തോഷത്തോടെ ചേർത്ത് പിടിച്ചു കൊണ്ട് വിലാസിനി ദൈവങ്ങൾക്ക് നന്ദി പറഞ്ഞു.

✍️ഹേര

Leave a Reply

Your email address will not be published. Required fields are marked *