ദേവൂ…നിനക്കിന്നല്ലേ ആ കോളേജ് റാഗിംങിന്റെ കേസ്…?
നീ അപ്പിയർ ചെയ്യുന്നില്ലേ.,..?
ദേവിക ഓഫീസിലെത്തി തന്റെ ക്യാമ്പിനിലേക്ക് കയറിയതും എത്തി നിമിഷ ചോദ്യത്തോടെ..
നിമിഷയുടെ നില്പും ആ ചോദ്യവും…വിളറി ചിരിച്ചു കൊണ്ടവളെ നോക്കി ദേവിക
“നീ എനിയ്ക് പകരം പോവോ….?
കേസ് നീയും പഠിച്ചതല്ലേ…?
ദയനീയമായ് ചോദിക്കുന്ന ദേവികയെ കാണുമ്പോൾ സഹായിക്കണമെന്നുണ്ട് നിമിഷയ്ക്കെങ്കിലും കോടതിയിൽ നേരിടേണ്ടത് ആരെയാണെന്ന് അവളൊന്ന് വെറുതെ ചിന്തിച്ചതേയുള്ളു ഒരു വിറയലോടി അവളിലൂടെ…
“എന്റെ പൊന്നു മോളെ നീയിനി സ്വർണ്ണം കൊണ്ട് തുലാഭാരം നടത്താമെന്ന് പറഞ്ഞാലും ഈ കേസ് ഞാനേറ്റെടുത്ത് വാദിക്കില്ല കോടതിയിൽ.. ഈ ഒരു കേസ് കൊണ്ട് ലോകം അവസാനിക്കുകയാണെങ്കിൽവേണ്ടില്ല…. ഇത് പിന്നേം നമുക്കിവിടെ ഒക്കെ തന്നെ ജീവിക്കണ്ടേ… ഞാനില്ല….മോളെ സോറി….”
ദേവികയെ നോക്കി ദയനീയമായ് പറയുന്നതിനൊപ്പം കൈകൾ കൂപ്പുക കൂടി ചെയ്തു നിമിഷ…
നിമിഷയുടെ ആക്ഷനും കൂടെയാ സംസാരവും ചിരി പൊട്ടി ദേവികയ്ക്കും… എന്നാൽ കനൽ പോലെ കത്തുന്ന രണ്ട് കണ്ണുകൾ ഉള്ളി
തെളിഞ്ഞതും പൊട്ടി വന്ന ചിരി അങ്ങനെയേ മാഞ്ഞവളിൽ നിന്നും…
“ഋഷി എവിടെ…. അവൻ ലീവാണോ.., കാണാൻ ഇല്ലല്ലോ…..അവൻ പോവോ ആവോ കോടതിയിൽ..,?
തന്റെ ക്യാമ്പിന് അപ്പുറത്തേയ്ക്ക് കണ്ണയച്ച് പ്രതീക്ഷയോടെ ദേവിക ചോദിച്ചതും അപ്പോ പൊട്ടിമുളച്ചതുപോലെ അവളുടെ മുമ്പിലേക്ക് വന്നു നിന്നു ഋഷി…
“ഞാനിവിടൊക്കെ തന്നെയുണ്ട് മോളെ…. പക്ഷെ ഞാൻ കോടതിയിൽ ഈ കേസുമായ് പോവില്ല….അതിന്റെ പേരിൽ നീയെന്നെ പാർട്ട്ണർഷിപ്പിൽ നിന്ന് ഒഴിവാക്കിയാലും ശരി….”
ഇളിഞ്ഞൊരു ചിരിയോടെ പറയുന്നവനെ ചെറഞ്ഞു നോക്കി ദേവികയുംനിമിഷയും…
“കൂട്ടത്തിലെ ആണൊരുത്തനാണെന്ന് പറഞ്ഞിട്ടെന്താ കാര്യം…. ധൈര്യമെന്ന് പറയുന്നത് അടുത്തു കൂടി പോയിട്ടില്ല….കഷ്ടം.”
ഋഷിയിൽ നിന്ന് നോട്ടം മാറ്റാതെ നിമിഷ പറഞ്ഞും ഒരു കുതിപ്പിന് അവളുടെ തൊട്ടടുത്ത് എത്തി ഋഷി
“ആണത്തം തെളിയിക്കേണ്ടത് കടുവാ കൂട്ടിൽ തലയിട്ടോണ്ട് ആണോടീ പൊട്ടത്തീ… അതിനു വേറെയെത്ര വഴിയുണ്ട്..,. ചേട്ടന്റെ പൊന്നു വാ… ചേട്ടൻ ആണാണെന്ന് പൊന്നിന് നല്ല വ്യക്തമായും ക്ലിയറായും തെളിയിച്ചുതരാം….വാ…”
ദേവികയെ നോക്കിയൊന്ന് കണ്ണടച്ച് നിമിഷയുടെ കയ്യിൽ പിടിച്ചു വലിച്ച് വല്ലാത്തൊരു ഭാവത്തിൽ ഋഷി നിമിഷയോട് പറഞ്ഞതും അയ്യേ എന്നൊരു ഭാവത്തിൽ മുഖം ചുളിച്ച് ഋഷിയെ നോക്കി കയ്യോങ്ങി നിമിഷ
“നിന്റെ അവളോടു പോയ് പറയെടാ വൃത്തികെട്ടവനെ…”
ചീറി നിമിഷ..
അതു കേട്ടതും അവിടെയാകെ ഋഷിയുടെയും ദേവികയുടെയും പൊട്ടിചിരി നിറഞ്ഞതും ചമ്മി വിളറി നിമിഷ
ഋഷിയുടെ ഭാര്യയാണ് നിമിഷ…. ഇടയ്ക് അതു മറന്നിതു പോലെ പറയാറുണ്ടവൾ…
“ചിരിച്ചോ ചിരിച്ചോ നന്നായ് ചിരിച്ചോ…പിന്നെ വീട്ടിൽ ഇരുന്ന് കരയാനുള്ളതല്ലേ….”
ദേവികയെ നോക്കി കെറുവോടെ നിമിഷ പറഞ്ഞതും സ്വിച്ചിട്ടതുപോലെ നിന്നു ദേവികയുടെ ചിരി
ദേവികയും നിമിഷയും ഋഷിയും ഉറ്റ ചങ്ങാതിമാരാണ്… കുഞ്ഞുനാൾ മുതലുള്ള സൗഹൃദം… മൂന്നുപേരും ചേർന്ന് തുടങ്ങിയതാണ് അവരുടെ ആ ഓഫീസ്…. അത്യാവശ്യം പേരും പ്രശസ്തിയുമൊക്കെ ഈ കുറഞ്ഞ കാലം കൊണ്ട് നേടിയിട്ടുണ്ടവർ…
മാഡം…
അസിസ്റ്റൻഡ് ദിവ്യ വിളിച്ചതും തിരിഞ്ഞു നോക്കിയ ദേവികയുടെ മുഖത്ത് വല്ലായ്മ നിറഞ്ഞ ഒരു ചിരി തെളിഞ്ഞു ദിവ്യയ്ക്കൊപ്പമുള്ളവരെ കണ്ട്…
ഇന്നത്തെ തന്റെ കേസിലെ കക്ഷികൾ…. സെന്റ് മേരീസ് കോളേജിലെ ഫൈനലിയർ വിദ്യാർത്ഥിനികൾ… ഒപ്പം അവരുടെ വീട്ടുകാരും
ദേവികയുടെ മുഖത്തെ മങ്ങിയ ചിരി കണ്ടതും വന്നവർ പരസ്പരം നോക്കി
“മാഡം… ഞങ്ങൾക്ക് തെറ്റുപറ്റിയതാണെന്ന് ഞങ്ങൾ സമ്മതിച്ചല്ലോ…. ഇനിയൊരിക്കലും ആവർത്തിക്കില്ല.. എങ്ങനെയും രക്ഷിക്കണം ഞങ്ങളെ….ഇല്ലെങ്കിൽ ഫൈനലിയർ എക്സാം എഴുതാൻ പറ്റില്ല…. പ്ലീസ്….”
ദേവികയുടെ കാലിൽ വീഴും പോലെ കെഞ്ചിയവർ പറഞ്ഞതും ഒരു ദീർഘ നിശ്വാസമുതിർന്നു അവളിൽ നിന്ന്….
സീനിയേർസ് ആണെന്ന അഹങ്കാരത്തിൽ കോളേജിലെ ജൂനിയർ ആൺക്കുട്ടികളെ ചെറുതായ് എന്നാലത്ര ചെറുതല്ലാത്ത രീതിയിൽ റാഗ് ചെയ്തവർ…. അതിനെ എതിർത്ത കൂട്ടത്തിലെ ജൂനിയർ പയ്യന്റെ മുഖത്ത് കൈ വീശി അടിച്ചിവർ മൂന്നും…ആ അടിയിൽ പയ്യന്റെ ഇടം ചെവിയ്ക് സാരമായ് പരിക്ക് പറ്റുകയും അത് കേസാവുകയുംചെയ്തു…. വീട്ടുകാർ ഇടപ്പെട്ട് കേസൊരു വിധം സെറ്റിൽ ചെയ്യാൻ തീരുമാനം ആവുകയും ചെയ്ത
നേരത്താണ് അവൻ ടൗൺ എസ് ഐ
നന്ദൻ കൃഷ്ണ ഈ കേസിൽ ഇടപ്പെട്ടത്… അതോടെ സന്ധിസംഭാഷണം എവിടെയും എത്താതെ വീണ്ടും കോടതിയിലെത്തി…
“എന്നെ കൊണ്ടാവുംവിധം ഞാൻ ശ്രമിക്കാം….അത്രയേ എനിക്കിപ്പോ പറയാൻ പറ്റുകയുളളു…. നിങ്ങളവനെ അടിച്ചതു മാത്രമായിരുന്നെങ്കിൽ ഇതേതു വിധേനെയും ഞാൻ ജയിപ്പിച്ചെടുത്തേനെ….. ഇതു പക്ഷെ…..”
പറഞ്ഞു വന്നത് പൂർത്തിയാക്കാതെ ദേവിക മുഖമുയർത്തി മുമ്പിൽ നിൽക്കുന്നവരെ ഒന്നു തറപ്പിച്ചു നോക്കിയതും സ്വന്തം വീട്ടുകാർക്ക് മുമ്പിൽ നാണം കെട്ട് ഉരുകി ആ പെൺകുട്ടികൾ
“നിങ്ങളെക്കാൾ പ്രായത്തിൽ ചെറുപ്പമായൊരുവനെ റാഗ് ചെയ്യുക, അവന്റെ കേൾവിശക്തിയെ ബാധിക്കുന്ന രീതിയിൽ മുഖത്തടിയ്ക്കുക,ഇതൊന്നും പോരാതെ നീയൊരു ആണാണോ എന്ന് ചോദിച്ച് അവന്റെ പ്രൈവറ്റ് പാർട്ടിൽ പരസ്യമായ് കൈ വെയ്ക്കുക…. അങ്ങനെ എന്തൊക്കെയാണ് നിങ്ങളവനോട് ചെയ്തത്….എന്റെയോ എന്റെ സഹപ്രവർത്തകരുടെയോ കയ്യിൽ നിൽക്കില്ല ഇതെന്ന് ഞാനാദ്യമേ നിങ്ങളോട് പറഞ്ഞതാണ്..!എന്നിട്ടും നിങ്ങൾ ഞാൻ മതിയെന്ന് പറഞ്ഞുറച്ചു നിന്നിവിടെ…. എന്തിന്… എന്നോടുള്ള സ്നേഹവും വിശ്വാസവും കാരണമോ… അല്ലാന്ന് നിങ്ങൾക്കും ഞങ്ങൾക്കും ഒരുപോലെ അറിയാം… എന്നെ തേടി നിങ്ങൾ വരാനും ഞാൻ മതിയെന്ന് വാശി പിടിക്കാനും കാരണം ഈ കേസിന്റെ മറുവശത്ത് എസ് ഐ നന്ദൻ കൃഷ്ണ ആയതു കൊണ്ട് മാത്രമാണ്…. അല്ലാന്ന് പറയാൻ കഴിയ്യോ നിങ്ങൾക്…?
ദേവികയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ അവർ നിൽക്കേ ദേവികയുടെ ഫോൺ ബെല്ലടിച്ചു… ഫോണിലേക്ക് നോട്ടമെത്തിയതും രക്തം വാർന്നതുപോലെ വിളറി അവളുടെ മുഖം…
ദേവികയുടെ നില്പും നിലയ്ക്കാതെ അടിക്കുന്ന ഫോണും, നിമിഷയുടെ നോട്ടമൊന്ന് പാളി ആ ഫോണിലേക്ക്….
“അടിപൊളി….
ഫോണിൽ തെളിഞ്ഞ പേരു കാണെ കുറച്ചുറക്കെ തന്നെ പറഞ്ഞുപോയവൾ….
ദേവിക എടുക്കാതെ വന്നതും വീണ്ടും ഒരിക്കൽ കൂടി ബെല്ലടിച്ച് കട്ടായ് ഫോൺ
“നിങ്ങള് നടക്ക്… എന്തായാലും ഇതിലേക്ക് ഞാനിറങ്ങി പോയില്ലേ… ബാക്കി പിന്നെനോക്കാം….”
കേസ്ഫയലും കയ്യിലെടുത്ത് ഓഫീസിൽ നിന്ന് ദേവിക പുറത്തേയ്ക്ക് ഇറങ്ങിയതും മുന്നോട്ടൊരടി വെയ്ക്കാൻ കഴിയാതെ തരിച്ചു നിന്നവൾ
അവളുടെ വഴിമുടക്കി അവൻ
നന്ദൻ കൃഷ്ണ അവിടെ നിന്നിരുന്നു
ദേവികയിൽ നിന്ന് നോട്ടം മാറ്റാതെ അവൻ തന്റെ ഫോണിൽ നിന്നവളുടെ ഫോണിലേക് വിളിക്കേ ഫോണിൽ മുറുക്കി പിടിച്ചു ദേവിക…
എന്നാൽ ആ ഫോൺ വളരെ നിസ്സാരമായ് അവളുടെ കയ്യിൽ നിന്ന് വാങ്ങി അതിൽ തെളിയുന്ന തന്റെ പേരിലേക്ക് നോക്കിയവൻ
“കടുവ പോലീസ്…
പേര് കണ്ടതും പല്ല് കടിച്ചവളെ നോക്കിയവൻ… അവന്റെ ആ ഒരു നോട്ടം പ്രതീക്ഷിച്ചു നിന്നവൾ മുഖമുയർത്തി നോക്കിയതേ ഇല്ലവനെ…
” നീയെനിക്കിട്ട പുതിയ പേരാവും അല്ലേടീ…?
അവൾക്ക് മുന്നിലേക്ക് നീങ്ങി അവളെ തൊട്ടു തൊട്ടില്ല എന്ന പോലെ കനത്ത ശബ്ദത്തിൽ അവൻ ചോദിച്ചിട്ടും മുഖമുയർത്തി അവളവനെ നോക്കുകയോ എന്തെങ്കിലും മറുപടി അവന് നൽകുകയോ ചെയ്തില്ല
“നിമിഷ….
തന്നെ അവഗണിച്ചുള്ള ദേവികയുടെ നില്പ് കാണെ അരികെ നിൽക്കുന്ന നിമിഷയെ ശമ്പ്ദമുയർത്തി വിളിച്ചവൻ
“ഈ കേസ് ദേവിക നന്ദൻ കൃഷ്ണ കോടതിയിൽ വാദിക്കില്ല…. ഈ നിൽക്കുന്ന അവളുമാരെ രക്ഷിക്കുകയും ഇല്ല…. പെണ്ണിന് മാത്രമല്ല ആണിനും ഉണ്ട് മാനാഭിമാനം…. ചെയ്തതിനുളളത് അനുഭവിക്കണം… പറഞ്ഞു വിട്ടേക്ക് ഇവരെ….”
തീരുമാനം പോലെ അവൻ പറഞ്ഞതിനെ അനുസരിച്ച് നിമിഷ അവരെകൂട്ടി പുറത്തേയ്ക്കിറങ്ങിയതും ആ കൂടെ ചാടി ഋഷിയും….
“ഇതെവിടുത്തെ രീതിയാണ് വക്കീലേ…. മര്യാദയ്ക് ആ വക്കീലിനെ വിളിക്ക്……”
ശബ്ദമുയർത്തി പെൺകുട്ടികൾ
“അവരു ഭാര്യയും ഭർത്താവും ആണെന്നറിഞ്ഞിട്ട് തന്നെയല്ലേ നിങ്ങൾ ഈ കേസ് ഇവിടെ എല്പ്പിച്ചത്… കാര്യം സ്വന്തം ജോലിയിൽ അങ്ങേയറ്റം ആത്മാർത്ഥത കാണിയ്ക്കും അവരെങ്കിലും പരസ്പരം ജോലിയിൽ ഇടപ്പെടാറില്ല…പക്ഷെ ഈ കേസിൽ ആദ്യം മുതലേ ദേവികയെ സാർ തടയുന്നുണ്ട്… അതിന് ഒരു കാരണമേ ഉളളു… നിങ്ങൾ ശിക്ഷയ്ക്ക് അർഹരാണെന്നത്… അതുകൊണ്ട് ചെല്ല്… ചെന്ന് വേറെ വഴി നോക്ക്….”
നിമിഷ അവരെ അവിടെ നിന്ന് പറഞ്ഞയക്കുമ്പോൾ തന്നെ കേൾക്കാതെ തന്നോടുള്ള വാശിയ്ക്ക് ആ കേസ് ഏറ്റെടുത്തതിനുള്ള ശിക്ഷയായ് നന്ദന്റെ വഴക്ക് കേട്ട് മിണ്ടാതെ നിൽക്കുകയാണ് ദേവിക.. തന്നെ പറയുന്ന ചീത്തകൾക്ക് മനസ്സിൽ അവനെ ചീത്തവിളിച്ചു കൊണ്ടത് മുഴുവൻ കേട്ടു നിന്നു അവളും.. അതിനുള്ള ധൈര്യമേ അവനു മുമ്പിൽ അവൾക്കപ്പോഴുള്ളു…കാരണം ഈ കേസിൽ ന്യായവും ശരിയും അവന്റെ ഭാഗത്തും തെറ്റ് അവളിലുമാണ്….
എന്തു തെറ്റ് ചെയ്താലും രക്ഷിച്ചെടുക്കാൻ വക്കീലും പോലീസും സ്വന്തം വീട്ടുകാരും ഉണ്ടെന്ന ഇവരെ പോലുള്ളവരുടെ ധാരണ തിരുത്തിയാൽ തന്നെ തീരും ഈ നാട്ടിലെ പല അതിക്രമങ്ങളും….
നിർത്താൻ ഉദേശമില്ലാതെ ശകാരം അവൻ തുടർന്നുകൊണ്ടിരുന്നതും അവനിലേക്കൊട്ടിചേർന്നവന്റെ അധരങ്ങളെ തന്റെ അധരങ്ങളാൽ ബന്ധിച്ചവൾ
പറ്റിപോയ്… ഇനിയാവർത്തിക്കില്ല… ഉപദേശിച്ചു കൊല്ലരുത് പ്ലീസ്….
അതിദയനീയമായവൾ പറഞ്ഞതും അവിടെയാകെ നിറഞ്ഞവരുടെപൊട്ടിച്ചിരി അലകൾ…. അതവിടെ അങ്ങനെ നിറഞ്ഞു പടരുമ്പോൾ തങ്ങൾ ചെയ്ത തെറ്റിന്റെ ശിക്ഷയിൽ നിന്ന് രക്ഷ നേടാൻ വഴി തേടി അലഞ്ഞു ആ പെൺകുട്ടികൾ നാടാകെ…. അലയട്ടെ…. അവർക്കുള്ള ഒരു ശിഷ അതാവട്ടെ…..
✍️RJ
