നീ അവളെ കാണാൻ പോയത് പഴയ സ്നേഹം മനസ്സിൽ വെച്ചിട്ടാണ്,പക്ഷേ, അവൾക്കിപ്പോൾ ആ ബന്ധത്തിന് പഴയ വിലയില്ലായിരിക്കാം. അത്രയേ ഉള്ളൂ. ആ മനുഷ്യൻ എന്റെ തോളിൽ കൈവെച്ചു.…

അമേരിക്കയിൽ നിന്ന് രേവതി വന്നിട്ടുണ്ട്, ഒരാഴ്ചയായത്രേ……

ഇന്നലെ അമ്പലത്തിൽ വെച്ച് തെക്കേലെ രമ്യയെ കണ്ടപ്പോഴാണ് വിവരം അറിയുന്നത്.

പത്തു വർഷമായി അവൾ ഇവിടെനിന്ന് പോയിട്ട്,ഇടയ്ക്കൊക്കെ എന്നെ വിളിക്കാറുണ്ടായിരുന്നു,പിന്നെ അതും നിന്നു…അവളുടെ തിരക്കുകൊണ്ടാവും…

ഇവിടെ വന്നപ്പോൾ അവളെന്നെ അന്വേഷിച്ചു കാണും,അല്ലേൽ ഒന്ന് വിളിച്ചു പറയാൻ അവളുടെ കയ്യിൽ എവിടെയാണ് എന്റെ നമ്പർ?

ഞാൻ സ്വയം ആശ്വസിച്ചു….

ഇനീപ്പോ അവൾ വിളിച്ചില്ലെങ്കിൽ എന്താ,അമ്മായിക്കെങ്കിലും നിന്നോട് പറയാമായിരുന്നില്ലേ? ഇടയ്ക്കൊക്കെ അവരു നിന്നെ കാണുന്നതല്ലേ…

അല്ലേൽ ഇവിടെ വന്നൊന്നു വിവരം പറയാമായിരുന്നല്ലോ…

ഭർത്താവെന്നോട് അതും പറഞ്ഞ് പുരികം ചുളിച്ചു.

അത് പിന്നെ
തിരക്കിന്റെ ഇടയിൽ വിട്ടുപോയതാവും. അല്ലാതെ അമ്മായി എന്നോട് പറയാതിരിക്കുമോ?

അതൊക്കെ വിട്.വൈകിട്ട് അവിടെ വരെ പിള്ളേരേം കൊണ്ടൊന്ന് പോണം. അവൾക്കും രണ്ടു കുട്ടികളായി. പിള്ളേരൊക്കെ ഒരുമിച്ചിരുന്ന് കളിക്കട്ടെ. എത്ര നാളത്തെ വിശേഷമാണ് ഞങ്ങൾക്ക് പറയാനുള്ളതെന്നറിയോ?ചിലപ്പോൾ അവളെന്നെ ഇന്ന് വിടില്ല. അങ്ങനെയാണെങ്കിൽ നാളെയേ ഞാൻ വരുള്ളൂ, കേട്ടോ…

ഞാൻ ആവേശത്തോടെ ഓരോന്നും പറയുന്നത് കേട്ട് ഭർത്താവെന്നെ നോക്കി.

ക്ഷണിക്കാത്ത ഒരിടത്തേക്ക് വലിഞ്ഞുകയറി പോണോടീ? അവിടെ ചെന്നിട്ട് നിനക്ക് മനസ്സിന് വിഷമം ഉണ്ടാക്കുന്ന വല്ലതും നടന്നാൽ നീയത് താങ്ങില്ല.

ഒന്ന് മിണ്ടാതിരിക്ക്! നാക്കെടുത്താൽ വേണ്ടാത്തത് മാത്രമേ ചിന്തിക്കൂ…

ഞാൻ മുഖം വീർപ്പിച്ചു.

എന്റെ പൊന്നേ, ഞാൻ എന്തെങ്കിലും പറഞ്ഞെന്ന് പറഞ്ഞ് ഇനി മുഖം വീർപ്പിക്കണ്ട. നീ സന്തോഷായിട്ട് പോയി വാ…

ആ മനുഷ്യൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ എന്റെ മുഖത്തും ചിരി വിടർന്നു.

പത്തു വർഷം!

ഒരു കാലത്ത് എന്റെ ജീവിതത്തിലെ എല്ലാം രേവതി.എന്റെ അമ്മാവന്റെ മോൾ….

ഞങ്ങൾ ഒരുമിച്ച് പഠിച്ചതും, ഒരുമിച്ച് സ്വപ്നം കണ്ടതും, മണിക്കൂറുകളോളം സംസാരിച്ചിരുന്നതുമൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു.

അമേരിക്കയിലേക്ക് പോകുന്നതിന് തലേദിവസം പോലും അവളെന്നെ കെട്ടിപ്പിടിച്ച് കരഞ്ഞതാണ്.

നമ്മളിനി കാണില്ലേ? അവിടെയെത്തിയാലും എന്നെ മറക്കരുത് കേട്ടോ…”
അന്നവളത് എന്നോട് പറഞ്ഞത് ഇന്നും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്.

കാലം കുറെ കടന്നുപോയി.അവൾക്ക് രണ്ടു കുട്ടികളായി.എനിക്കും രണ്ടാൺകുട്ടികളുണ്ട്. ജീവിതം ഓരോരുത്തരെയും ഓരോ വഴിക്ക് കൊണ്ടുപോയി.

പക്ഷേ,രക്തബന്ധത്തിന് കാലപ്പഴക്കമില്ലല്ലോ!

അവളെ കണ്ടാൽ പഴയതുപോലെ കെട്ടിപ്പിടിക്കണം.അവളുടെ വിശേഷങ്ങളൊക്കെ ചോദിച്ചറിയണം. അവളുടെ കുട്ടികളെ കൊഞ്ചിക്കണം. പിന്നെ ഞങ്ങളുടെ പഴയ കഥകളൊക്കെ പറഞ്ഞ് ചിരിക്കണം.

ഇതൊക്കെയായിരുന്നു എന്റെ മനസ്സുനിറയെ.

വൈകുന്നേരമായപ്പോൾ തന്നെ ഞാൻ കുട്ടികളെ ഒരുക്കാൻ തുടങ്ങി.

“അമ്മേ, നമ്മൾ എങ്ങോട്ടാ പോകുന്നത്?”

ഇളയവൻ ചോദിച്ചു.

അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക്. അവിടെ നിങ്ങൾക്ക് കളിക്കാൻ രണ്ട് അനിയത്തിമാരുമുണ്ട്.”

അവിടെ പോയാൽ നമുക്ക് ചോക്ലേറ്റ് കിട്ടുമോ?”

മൂത്തവന്റെ ചോദ്യം കേട്ട് ഞാൻ
ചിരിച്ചുപോയി.

പിന്നെ കിട്ടുമോന്നോ?നിങ്ങൾ രണ്ടുപേരും നല്ല കുട്ടികളായിട്ട് നിന്നാൽ മതി.”

കുട്ടികളെ കുളിപ്പിച്ച് നല്ല വസ്ത്രങ്ങളൊക്കെ ധരിപ്പിച്ചു. എനിക്കാകട്ടെ, അലമാര തുറന്ന് ഏത് ചുരിദാർ ഇടണമെന്ന സംശയം!

അവസാനം ഒരു നീല നിറത്തിലുള്ള ചുരിദാർ തന്നെ എടുത്തിട്ടു.

കണ്ണാടിയിൽ നോക്കി മുടിയൊക്കെ ഒതുക്കുമ്പോൾ ഭർത്താവ് പിന്നിൽ വന്ന് നിന്നു.

“എന്റെ രേവതി എന്നെ കണ്ടാൽ ഞെട്ടണം. അവളും മാറിയിട്ടുണ്ടാവും !”

പക്ഷെ ഞങ്ങൾ തമ്മിലുള്ള സ്നേഹത്തിന് മാറ്റമൊന്നും വന്നിട്ടില്ല.”

അത് പറയുമ്പോൾ എന്റെ ശബ്ദത്തിൽ വല്ലാത്തൊരു ആത്മവിശ്വാസമുണ്ടായിരുന്നു.

ഭർത്താവ് ഒന്നും പറഞ്ഞില്ല.ആ മനുഷ്യന് ചിലപ്പോൾ എന്റെ ഈ അമിതപ്രതീക്ഷകളെക്കുറിച്ച് ആശങ്കയുണ്ടായിരുന്നിരിക്കാം.

വീട്ടിൽനിന്നിറങ്ങുമ്പോൾ മനസ്സുനിറയെ സന്തോഷമായിരുന്നു.

രേവതിയുടെ വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ പഴയ ഓർമകളൊക്കെ മനസ്സിലേക്ക് ഓടിയെത്തി.

ഒരുമിച്ച് സ്കൂളിൽ പോയ വഴികൾ…

ഒരുമിച്ച് മഴ നനഞ്ഞ ദിവസങ്ങൾ…

എന്റെ സങ്കടങ്ങളിൽ എന്നെ ചേർത്തുപിടിച്ചിരുന്ന അവൾ…

എത്രയോ രാത്രികളിൽ ഉറക്കമൊഴിഞ്ഞിരുന്ന് സംസാരിച്ച നാളുകൾ…

അവസാനം അവളുടെ വീടിന്റെ ഗേറ്റിന് മുന്നിലെത്തി.

മനോഹരമായ ഒരു വലിയ വീട്. മുറ്റത്ത് രണ്ടു കാറുകൾ. പൂന്തോട്ടത്തിൽ ഭംഗിയുള്ള ചെടികൾ.അമേരിക്കയിൽ നിന്ന് വന്നതിന്റെ എല്ലാ പ്രൗഢിയും ആ വീടിനുണ്ടായിരുന്നു.പണ്ടീ വീടിരിക്കുന്ന സ്ഥാനത്തു ചെറിയ ഓരോടിട്ട വീടായിരുന്നു ഇപ്പൊ അതിന്റെ സ്ഥാനത്തിപ്പോ വലിയൊരു വീട്..

ഞാൻ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.
മുന്നോട്ട് നീങ്ങി പോർച്ചിൽ ചെന്ന ശേഷം കോളിങ് ബെൽ അടിച്ചു.

വാതിൽ തുറന്നത് അമ്മായിയായിരുന്നു.

ആഹാ… നീയായിരുന്നോ? കയറി വാ.

ആ ശബ്ദത്തിൽ വല്യ ഊഷ്മളതയൊന്നും തോന്നിയില്ലെങ്കിലും ഞാൻ അതത്ര കാര്യമാക്കിയില്ല.

രേവതി എവിടെ അമ്മായീ?

അകത്തുണ്ട്.

ഞാൻ കുട്ടികളെയും കൂട്ടി അകത്തേക്ക് കയറി.

ഹാളിൽ രേവതി ഇരിക്കുന്നുണ്ടായിരുന്നു. അടുത്ത് ഭർത്താവും രണ്ടു കുട്ടികളും. മേശപ്പുറത്ത് പലതരം പലഹാരങ്ങളും പഴങ്ങളും.

അവളെ കണ്ടതും എന്റെ മുഖം വിടർന്നു.

രേവതീ…

ഞാൻ സന്തോഷത്തോടെ വിളിച്ചു.

അവൾ മുഖമുയർത്തി എന്നെ നോക്കി.

ഒരു നിമിഷം അവളുടെ മുഖത്ത് അമ്പരപ്പ് തെളിഞ്ഞു. പിന്നെ ആ അമ്പരപ്പ് ഒരു നേർത്ത ചിരിയായി മാറി.

ആഹാ…നീയായിരുന്നോ?

അത്ര മാത്രം!

ഞാൻ പ്രതീക്ഷിച്ചിരുന്ന ഓടിവന്നുള്ള കെട്ടിപ്പിടിക്കലില്ല,പത്തു വർഷത്തെ വിശേഷങ്ങൾ ചോദിച്ചുള്ള ആകാംക്ഷയില്ല. കണ്ണുകളിൽ പഴയ സ്നേഹത്തിന്റെ തിളക്കമില്ല.

എങ്കിലും ഞാൻ ചിരിച്ചുകൊണ്ടവളുടെ അടുത്തേക്ക് ചെന്നു.

എന്തൊക്കെയുണ്ട് രേവതീ?
നീ വന്നിട്ട് ഒരാഴ്ചയായെന്ന് ഇന്നലെയാ ഞാനറിഞ്ഞത്.

മ്മ്… അതെ. വന്നിട്ട് കുറച്ച് തിരക്കായിരുന്നു.”
അവൾ ഫോണിൽ നോക്കിക്കൊണ്ട് മറുപടി പറഞ്ഞു.

നിനക്കെന്നെയൊന്ന് വിളിക്കാമായിരുന്നില്ലേ?

നിന്റെ നമ്പർ എന്റെ കയ്യിലില്ലായിരുന്നു. അല്ലെങ്കിൽ ഞാൻ തന്നെ നിന്നെ വിളിച്ചേനെ.”

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഓ,ഇവിടെ വന്നിട്ട് എല്ലാവരെയും വിളിക്കാനൊന്നും പറ്റിയില്ല.പിന്നെ ആവശ്യമില്ലാത്തവരുടെ നമ്പർ ഒക്കെ എന്തിനാ വെറുതെ ഫോണിൽ സൂക്ഷിക്കുന്നത് അതുമാത്രമല്ല എനിക്ക് വേറെ കുറെ കാര്യങ്ങളുണ്ടായിരുന്നു.”

അവളുടെ മറുപടി കേട്ടപ്പോൾ എന്റെ ചിരി പതുക്കെ മങ്ങി.

എന്നാലും ഞാൻ പ്രതീക്ഷ കൈവിട്ടില്ല.

അതൊക്കെ വിട്. ഇതാല്ലേ നിന്റെ മക്കൾ ശോ!!ഇവരൊക്കെ എന്തു വലുതായി! എന്റെ മക്കളെയും നോക്കിക്കേ. എന്തായാലുംവരെ നീ പോകുന്ന വരെ ഇവർക്കിനി ഒരുമിച്ച് കളിക്കാലോ.”

ഞാൻ കുട്ടികളെ അവളുടെ മക്കൾക്ക് പരിചയപ്പെടുത്തി.

എന്റെ മക്കൾ സന്തോഷത്തോടെ അവരുടെ അടുത്തേക്ക് ചെന്നു.

പക്ഷേ,ആ മക്കൾ അവരെ നോക്കിയിട്ട് വീണ്ടും ഫോണിലേക്ക് തിരിഞ്ഞു, ആ കുട്ടികൾക്ക് സംസാരിക്കാൻ തന്നെ വലിയ താൽപര്യമുണ്ടായിരുന്നില്ല.

ഞാൻ അതും കാര്യമാക്കിയില്ല.

പഴയ കാര്യങ്ങൾ പറഞ്ഞുതുടങ്ങാമെന്ന് കരുതി ഞാൻ അവളുടെ അടുത്തിരുന്നു.

നമ്മൾ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഓർക്കുന്നുണ്ടോ? ഒരിക്കൽ നീ എന്റെ വീട്ടിൽ വന്നിട്ട്…

അയ്യോ, അതൊക്കെ ഇപ്പോൾ ആർക്കാണ് ഓർമയുള്ളത്!

അവൾ ചിരിച്ചുകൊണ്ട് ഇടയിൽ കയറി.

എന്റെ വാക്കുകൾ പാതിവഴിയിൽ നിലച്ചു.

അവൾക്ക് ഓർമയില്ലായിരിക്കാം.പത്തു വർഷം എന്നത് ഒരുപാട് കാലമല്ലേ!

ഞാൻ മറ്റൊരു വിഷയം എടുത്തിട്ടു.

അമേരിക്കയിൽ എവിടെയാ ഇപ്പോൾ താമസം? അവിടത്തെ വിശേഷങ്ങളൊക്കെ പറയ്. കുട്ടികൾ അവിടെയാണോ പഠിക്കുന്നത്?

അവൾ കുറച്ചുനേരം അവിടത്തെ വിശേഷങ്ങൾ പറഞ്ഞു. പിന്നെ അവളുടെ ഭർത്താവിന്റെ ജോലിയെക്കുറിച്ചും കുട്ടികളുടെ സ്കൂളിനെക്കുറിച്ചും സംസാരിച്ചു.

ഞാൻ ശ്രദ്ധയോടെ കേട്ടിരുന്നു.

ഇടയ്ക്കൊക്കെ അവൾ എന്നോടും ഓരോന്ന് ചോദിക്കുമെന്ന് കരുതി.

പക്ഷേ, എന്റെ ജീവിതത്തെക്കുറിച്ച് അവൾക്ക് അറിയാൻ വലിയ താൽപര്യമൊന്നുമുണ്ടായിരുന്നില്ല.

എന്റെ ഭർത്താവ് എന്തു ചെയ്യുന്നു, കുട്ടികൾ ഏത് ക്ലാസിലാണ്, ഞങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നൊന്നും അവൾ ചോദിച്ചില്ല.

ഞാൻ തന്നെയാണ് ഇടയ്ക്കിടെ ഓരോ വിശേഷങ്ങളും പറഞ്ഞുകൊണ്ടിരുന്നത്.

അതേയ് ഞാൻ ഇപ്പൊ വരാം,രേവതി ഉടനെ എഴുന്നേറ്റു.

അകത്തു ചെന്ന ശേഷം അവൾ അമ്മായിയോട് പറയുന്നത് അവ്യക്തമായി ഞാൻ കേട്ടു,

എന്താന്ന് വെച്ചാ കൊടുത്തൊഴിവാക്കി വിടമ്മേ,അവളെന്റെ കയ്യിൽ നിന്നും വല്ലതും കിട്ടുമെന്ന് പ്രതീക്ഷിച്ചു വന്നതാവും…

എന്റെ ഉള്ളൊന്നു പിടഞ്ഞു….

ഒരിക്കൽ എന്റെ കണ്ണുനീർ കണ്ടാൽ കൂടെ കരയുമായിരുന്നവളാണ്…..എന്റെ സന്തോഷങ്ങളിൽ എന്നെക്കാൾ കൂടുതൽ സന്തോഷിച്ചിരുന്നവളാണ്.

ഇന്നിപ്പോൾ അവൾക്ക് ഞാനെന്തോ പ്രതീക്ഷയുമായി വന്ന ഒരാളാണ്!

ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല എന്നുപോലും എനിക്ക് തോന്നിപ്പോയി.

അവൾ ഒന്നും അറിയാത്ത പോലെ പുറത്തേക്കിറങ്ങി വന്ന ശേഷം പറഞ്ഞു അതേയ് ഞങ്ങൾക്ക് കുറച്ചു കഴിഞ്ഞ് പുറത്തേക്ക് പോകണം.”

ആ വാക്കുകൾ കേട്ടതും എന്റെ ഉള്ളിലൊരു ചെറിയ വിറയൽ.

ഞാൻ വന്നിട്ട് പത്തു മിനിറ്റ് പോലും ആയിട്ടില്ല.

എങ്കിലും ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഞങ്ങളും ഇറങ്ങുകയാണ്.നിങ്ങൾക്ക് തിരക്കുണ്ടല്ലോ.”

അയ്യോ, അതൊന്നുമില്ല. നിങ്ങൾ വന്നിട്ട് കുറെ നേരമായല്ലോ അത്കൊണ്ട് പറഞ്ഞതാ…

അവൾ പറഞ്ഞത് കേട്ട് ഞാൻ അറിയാതെ അവളുടെ മുഖത്തേക്ക് നോക്കി.

കുറെ നേരമായോ?

ഞാൻ വന്നിട്ട് അധികം സമയമായിട്ടില്ലെന്ന് അവൾക്കും അറിയാമല്ലോ!

അപ്പോഴേക്കും അമ്മായി കയ്യിൽ ഒരു പൊതിയുമായി അടുക്കളയിൽ നിന്ന് വന്നു.

ഇത് കുറച്ചു ചോക്ലേറ്റ് ആണ് പിള്ളേർക്ക് കൊടുക്കെടി…

വേണ്ടമ്മായി, ഇതൊന്നും പ്രതീക്ഷിച്ചല്ല ഞാൻ ഇങ്ങോട്ട് വന്നത്….ഇതൊക്കെ കവലയിലെ മാർജിൻ ഫ്രീ മാർക്കറ്റിൽ കിട്ടും.ഇതമ്മായി എടുത്തകത്തു വെച്ചോ ഇനിയും ഇവിടെ ആളുകൾ വരാൻ ഉണ്ടല്ലോ അവർക്ക് കൊടുക്കാം…

ഞാൻ എഴുന്നേറ്റു.

ശരി രേവതീ, ഞങ്ങൾ ഇറങ്ങട്ടെ. നിന്നെ കണ്ടതിൽ സന്തോഷം.

അവൾ ഫോണിൽ നിന്ന് മുഖമുയർത്തി.

ശരി.

അത്ര മാത്രം.

എന്റെ കുട്ടികളെ നോക്കി ഒരു വാക്കുപോലും അവൾ പറഞ്ഞില്ല.

ഗേറ്റ് കടന്നു വെളിയിലേക്കിറങ്ങുമ്പോൾ എന്റെ മക്കൾ ഒന്നും മനസ്സിലാക്കാതെ എന്നെ നോക്കി.

അമ്മേ, നമ്മൾ പെട്ടെന്ന് പോവാണോ? അവിടെയിരുന്നു കളിക്കാമെന്ന് പറഞ്ഞിട്ട്…..

ഇളയവന്റെ ചോദ്യം കേട്ടപ്പോൾ എന്റെ തൊണ്ടയിടറി.

അവർക്ക് തിരക്കുണ്ട് മോനേ…

ഞാൻ അവന്റെ കൈപിടിച്ച് പുറത്തേക്കിറങ്ങി.

റോഡിലേക്കിറങ്ങിയപ്പോൾ ഒരിക്കൽ കൂടി ആ വീട്ടിലേക്ക് തിരിഞ്ഞുനോക്കണമെന്നു തോന്നി.

പക്ഷേ, നോക്കിയില്ല.

തിരിച്ചുള്ള വഴിയിൽ കുട്ടികൾ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു.

അമ്മയെന്താ ആ ചോക്കളേറ്റ് മേടിക്കാഞ്ഞത്?

അതിനു നല്ല കയ്പ്പാണ് മോനെ…..

അമ്മേ, ആ ആന്റി എന്താ നമ്മളോട് സംസാരിക്കാത്തത്?

അമ്മേ,ആ കുട്ടികൾക്ക് നമ്മളെ ഇഷ്ടമായില്ലേ?

അവരുടെ ഓരോ ചോദ്യവും എന്റെ നെഞ്ചിൽ വന്ന് തറയ്ക്കുന്നതുപോലെ തോന്നി.

എന്ത് മറുപടി പറയണം?

ആ കുട്ടികൾക്ക് എന്റെ മക്കളെ ഇഷ്ടപ്പെട്ടില്ലെന്ന് പറയണോ?

അതോ, ചില ബന്ധങ്ങളിൽ നമ്മൾ മാത്രം സൂക്ഷിച്ചുവെച്ച സ്നേഹം മറ്റുള്ളവർക്ക് ഒരു ഓർമപോലും അല്ലെന്ന് പറഞ്ഞുകൊടുക്കണോ?

ഞാൻ ഒന്നും പറഞ്ഞില്ല.

വീട്ടിലെത്തിയതും ഭർത്താവ് വാതിൽ തുറന്നു.

എന്റെ മുഖം കണ്ടപ്പോൾ തന്നെ ആ മനുഷ്യന് കാര്യം മനസ്സിലായി.

എന്തുപറ്റി?

ഞാൻ കുട്ടികളെ അകത്തേക്ക് പറഞ്ഞുവിട്ടു.

പിന്നെയാ മനുഷ്യന്റെ മുന്നിൽ നിന്നുകൊണ്ട് അത്രയും നേരം പിടിച്ചുനിർത്തിയ കണ്ണുനീർ ഒഴുക്കി.

പോട്ടെ സാരമില്ല…..
ഞാൻ പറഞ്ഞതല്ലേ, ക്ഷണിക്കാത്ത ഒരിടത്തേക്ക് പോകുമ്പോൾ ചിലപ്പോൾ മനസ്സ് വേദനിക്കുമെന്ന്…

ഞാൻ ഒന്നും മിണ്ടിയില്ല.

നീ അവളെ കാണാൻ പോയത് പഴയ സ്നേഹം മനസ്സിൽ വെച്ചിട്ടാണ്,പക്ഷേ, അവൾക്കിപ്പോൾ ആ ബന്ധത്തിന് പഴയ വിലയില്ലായിരിക്കാം. അത്രയേ ഉള്ളൂ.

ആ മനുഷ്യൻ എന്റെ തോളിൽ കൈവെച്ചു.
നീ വിഷമിക്കണ്ടടീ,നിനക്ക് ഞാനില്ലേ?

ഞാൻ കണ്ണുനീർ തുടച്ചു.

എനിക്കവളോട് പിണക്കമൊന്നുമില്ല. പക്ഷേ,എന്നെ കണ്ടപ്പോൾ അവളൊന്ന് കെട്ടിപ്പിടിക്കുമെന്ന് ഞാൻ കരുതി.എന്റെ മക്കളെ ചേർത്തുപിടിച്ച് വിശേഷങ്ങൾ ചോദിക്കുമെന്ന് കരുതി.പഴയ കാര്യങ്ങളൊക്കെ പറഞ്ഞ് ഞങ്ങൾ കുറെ ചിരിക്കുമെന്ന് കരുതി. അത്രയേ ഞാൻ ആഗ്രഹിച്ചുള്ളൂ…”

പറഞ്ഞുതീർന്നപ്പോൾ എന്റെ ശബ്ദം ഇടറി.

ഈ പത്തു വർഷം കഴിഞ്ഞിട്ടും ഞാൻ അവളെ അത്രയും സ്നേഹിക്കുന്നുണ്ടെന്ന് അവൾക്കറിയില്ലല്ലോ…

ഭർത്താവെന്നെ ചേർത്തുപിടിച്ചു.ഓരോന്ന് പറഞ്ഞു ഞാൻ വിഷമിക്കുന്നതിനിടയിൽ
അവൾ അമേരിക്കയിലേക്ക് പോകാൻ നേരം എന്നോട് പറഞ്ഞ വാക്കുകൾ വീണ്ടും മനസ്സിലേക്ക് വന്നു.

നിന്നെ ഞാൻ ഒരിക്കലും മറക്കില്ലെടീ…

എന്റെ കണ്ണുകൾ നിറഞ്ഞു.

അവൾ എന്നെ മറന്നതാണോ?

അതോ, അവളുടെ ജീവിതത്തിൽ ഞാൻ ഓർക്കാൻ പോലുമില്ലാത്ത ഒരാളായി മാറിയതാണോ?

എനിക്കറിയില്ല.

പക്ഷേ, അന്ന് ഒരു കാര്യം ഞാൻ മനസ്സിലാക്കി.

ചില ബന്ധങ്ങൾ അവസാനിക്കുന്നത് വഴക്കിലൂടെയോ പിണക്കത്തിലൂടെയോ അല്ല.കാലം മുന്നോട്ടുപോകുമ്പോൾ ഒരാൾ മാത്രം പഴയ സ്നേഹം നെഞ്ചിലേറ്റി നടക്കുകയും മറ്റേയാൾ ആ ബന്ധത്തെ ഓർമകളുടെ കൂട്ടത്തിൽനിന്നുപോലും മായ്ച്ചുകളയുകയും ചെയ്യുമ്പോഴാണ്.

അല്പം കഴിഞ്ഞപ്പോൾ ഞാൻ കുട്ടികളുടെ അടുത്തേക്ക് നടന്നു.

അവർ രണ്ടുപേരും ഒരുമിച്ചിരുന്ന് കളിക്കുകയായിരുന്നു. ചെറിയൊരു വഴക്കുണ്ടായാൽ അടുത്ത നിമിഷം തന്നെ വീണ്ടും കൂട്ടുകാരാകുന്ന എന്റെ മക്കൾ!

അവരെ നോക്കിയപ്പോൾ എനിക്ക് ഒരു കാര്യം തോന്നി.

നമ്മുടെ ജീവിതത്തിൽ ചിലർ വരുന്നത് ഒരുപാട് സ്നേഹം തന്നിട്ടാണ്. ചിലർ പോകുന്നത് ഒരു വലിയ പാഠം തന്നിട്ടും.

ആരോടും പരിഭവമില്ലാതെ, ആരെയും കുറ്റപ്പെടുത്താതെ, നമ്മളെ ചേർത്തുപിടിക്കുന്നവരെ തിരിച്ചറിയാൻ ചിലപ്പോൾ അകന്നുപോകുന്നവരുടെ അനുഭവം വേണ്ടിവരും.

രേവതി എന്റെ ജീവിതത്തിലെ മനോഹരമായൊരു അധ്യായമായിരുന്നു.

ആ അധ്യായം വീണ്ടും തുറക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

പക്ഷേ,ആ അധ്യായം തുറക്കാൻ ആവാത്ത വിധം അവൾക്ക് ആ പുസ്തകം അടച്ചുവെക്കാനായിരുന്നു അവൾക്കു താൽപര്യം.

അത് അവളുടെ ഇഷ്ടം.

ഇനി ആ പുസ്തകം നെഞ്ചോട് ചേർത്ത് കരഞ്ഞുകൊണ്ടിരിക്കേണ്ട കാര്യം എനിക്കുമില്ലല്ലോ!

എന്തായാലും ഈ സങ്കടത്തിനിടയിലും ഒരു സമാധാനമുണ്ടായിരുന്നു.

എന്നെ കാണാൻ ഓടിവരാത്ത ഒരാളുടെ വാതിൽക്കൽ വീണ്ടും വീണ്ടും മുട്ടുന്നതിനേക്കാൾ, എന്നെ കാത്തിരിക്കുന്നവരുടെ സ്നേഹം തിരിച്ചറിയുന്നതാണ് നല്ലതെന്ന് ഞാൻ പഠിച്ചു.

എന്റെ കുട്ടികൾക്ക് എന്നെ വേണം. എന്റെ സങ്കടം തിരിച്ചറിയുന്ന ഒരു ഭർത്താവ് എനിക്കുണ്ട്. എന്റെ സന്തോഷത്തിലും സങ്കടത്തിലും കൂടെ നിൽക്കുന്ന കുറച്ച് മനുഷ്യരുമുണ്ട്.അതുതന്നെ എനിക്ക് ധാരാളമാണ്.

കാരണം,ഒരാൾ നമ്മളെ മറന്നതുകൊണ്ട് നമ്മളിലെ സ്നേഹത്തിന് വിലയില്ലാതാകുന്നില്ല അതുപോലെ തന്നെ ഒരാൾ നമ്മളെ അവഗണിച്ചതുകൊണ്ട് നമ്മൾ സ്നേഹിക്കപ്പെടാൻ അർഹരല്ലാത്തവരുമാകുന്നില്ല.

നമ്മളെ വേണ്ടെന്നുവെച്ചവരുടെ വാതിൽക്കൽ സ്നേഹം യാചിച്ചുനിൽക്കുന്നതിനേക്കാൾ എത്രയോ മനോഹരമാണ്, നമ്മളെ കാത്തിരിക്കുന്നവരുടെ അടുത്തേക്ക് തിരികെ നടക്കുന്നത്

കഥ :ക്ഷണിക്കാത്ത അതിഥി.
✍️അച്ചു വിപിൻ

Leave a Reply

Your email address will not be published. Required fields are marked *