“കണ്ടവളുമാരുടെ കൂടെ കിടക്കാൻ പോകുമ്പോൾ എന്നെയും കുഞ്ഞിനേയും പറ്റി ചിന്തിച്ചോ നിങ്ങൾ… ”
സീതയുടെ ചോദ്യം കേട്ട് പുച്ഛത്താലൊന്ന് നോക്കി അരവിന്ദൻ.
” അവിഹിതത്തിന് പോകുമ്പോ ആരേലും ഭാര്യയെയും കുഞ്ഞിനേയും പറ്റി ചിന്തിക്കോ… നിനക്കും മോൾക്കും ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു കൂടുവാനുള്ള എല്ലാ സാഹചര്യങ്ങളും ഇവിടുണ്ടല്ലോ… അടങ്ങി ഒതുങ്ങി കിടന്നോണം… എന്നെ ചോദ്യം ചെയ്യാൻ വന്നേക്കരുത് ”
അവന്റെ വാക്കുകൾക്ക് ഭീഷണിയുടെ ധ്വനിയായിരുന്നു.
“അത് പറ്റില്ല… എത്രയെന്നു വച്ചിട്ടാ ഇങ്ങനെ.. നിങ്ങൾ താലി കെട്ടിക്കൊണ്ട് വന്നതാ എന്നെ അപ്പോ എനിക്ക് ചോദ്യം ചെയ്യുവാനുള്ള അവകാശവും ഉണ്ട്. ”
വിട്ടു കൊടുത്തില്ല സീത. എന്നാൽ കലി കയറിയ അരവിന്ദൻ അവളുടെ ചെക്കിടത്ത് ആഞ്ഞടിച്ചു.
” ഫാ.. ! നായെ.. ചെലയ്ക്കുന്നോ നീ… ഒച്ച വെളീൽ കേൾക്കരുത് ”
അവൻ അലറുമ്പോൾ അടി കൊണ്ട് പിന്നിലേക്ക് വേച്ചു പോയ സീത ചുവരിൽ ചെന്നിടിച്ചു നിന്നു.
” ബെഡ് റൂമിൽ നീ ജഡമാടി… എന്നെ തൃപ്തിപ്പെടുത്തുവൻ നിനക്ക് കഴിയില്ല.. പക്ഷെ അവള്.. കല്യാണി…. അവളെനിക്ക് ഓക്കേയാണ്. അതിനിയിപ്പോ സെറ്റപ്പ്
എന്നോ വെപ്പാട്ടിയെന്നോ.. എന്ത് പേരിട്ടു വേണേലും വിളിച്ചോ നീ.. എനിക്ക് പുല്ലാണ് ”
അത്രയും പറഞ്ഞു കൊണ്ട് അരവിന്ദൻ പുറത്തേക്ക് പോകുമ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് നിലത്തേക്കിരുന്നു പോയി സീത.
സീതയുടെയും അരവിന്ദന്റെയും വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷത്തോളമാകുന്നു. മൂന്ന് വയസുള്ള ഒരു മോളുമുണ്ട്. ആദ്യമൊക്കെ ജീവിതം വളരെ സന്തോഷകരമായിരുന്നെങ്കിലും പോകെ പോകെ അരവിന്ദനിൽ പല മാറ്റങ്ങളും കണ്ട് തുടങ്ങി. അവർക്കിടയിൽ ഒന്നിച്ചുള്ള സമയങ്ങൾ വളരെ ചുരുക്കമായി മൊത്തത്തിൽ ഒരു താത്പര്യമില്ലായ്മ… ഒടുവിൽ അതിന്റെ കാരണം കണ്ടെത്തി സീത. കല്യാണി…. അരവിന്ദനൊപ്പം ബാങ്കിൽ ജോലി ചെയ്യുന്നു. വിവാഹിതയായിരുന്നു പക്ഷെ ഇപ്പോൾ ബന്ധം വേർപെടുത്തി നിൽക്കുന്നു. അവളുമായി അരവിന്ദൻ ബന്ധം സ്ഥാപിച്ചെടുത്തിരുന്നു. അതോടെയാണ് സീതയിൽ അവനുള്ള. താത്പര്യം കുറഞ്ഞു തുടങ്ങിയത്. പിന്നേ പലപ്പോഴായി ആ കാരണം പറഞ്ഞു അവർക്കിടയിൽ വഴക്കുകൾ ആരംഭിച്ചു. ഇന്നിപ്പോൾ ആ വഴക്കുകൾ കയ്യാങ്കളിയിൽ എത്തി നിൽക്കുന്നു.
” മോളെ നീ ആലോചിച്ചു ഒരു തീരുമാനം എടുക്ക്.. ഇനി വേണോ നിനക്ക് അവനെ… വേണ്ട എന്നാണെങ്കിൽ നിന്നോട് ഈ കാട്ടിയതിന് പകരമായി ഒരു എട്ടിന്റെ പണി അങ്ങ് കൊടുക്കാം നമുക്ക് . ”
ഏക ആങ്ങള വിനോദിനോട് മാത്രം സീത കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു. അവൻ തന്നെയായിരുന്നു അവളുടെ ഏക ധൈര്യവും.
” എനിക്കിനി വേണ്ട ചേട്ടാ… ഞാൻ ഉള്ളപ്പോൾ എനിക്ക് പകരം മറ്റൊരുത്തിയെ കൂടെ വിളിച്ചു കിടത്തിയ അയാളെ ഇനി എനിക്ക് വേണ്ട…. ”
ആ വാക്കുകൾ ഉറച്ചതായിരുന്നു. അതോടെ വാശിയായി വിനോദിനും.
” എന്നാൽ നീ ധൈര്യമായി ഇരുന്നോ.. ഓരോ സൈഡിൽ നിന്നായി അവനെ ചിറക് അരിയാം നമുക്ക്.. ചെയ്ത തെറ്റ് എന്താണെന്ന് അവൻ മനസിലാക്കണം ”
ആ വാക്കുകൾ ഉറച്ചതായിരുന്നു.
സർക്കാർ ജീവനക്കാരനായ അരവിന്ദന് ജോലിക്ക് പുറമേ ചെറിയ ബിസിനസുകളും ഉണ്ട്. അതിൽ പ്രധാനപെട്ട ബിസിനസ് ആണ് സിറ്റി റൂട്ടിൽ ഓടുന്ന രണ്ട് പ്രൈവറ്റ് ബസുകൾ അത് കൂടാതെ സ്വന്തമായി ഒരു ബിൽഡിംഗ് മെറ്റീരിയൽസ് ഷോപ്പ്. സീതയെ വിവാഹം കഴിച്ചതിലൂടെ കിട്ടിയ സ്ത്രീധന തുകയും സ്വർണ്ണവുമായിരുന്നു ഈ രണ്ട് ബിസിനസുകൾക്കുമുള്ള മൂലധനം. മാത്രമല്ല സർക്കാർ ജോലിയിൽ ഇരിക്കുന്നത് കൊണ്ട് തന്നെ ബസുകളും ഷോപ്പും എല്ലാം സീതയുടെ പേരിലായിരുന്നു രെജിസ്റ്റർ ചെയ്തിരുന്നത്.
അന്ന് വീട്ടിൽ നിന്നിറങ്ങിയ അരവിന്ദൻ നേരെ പോയത് കല്യാണിയുടെ വീട്ടിലേക്കാണ്. ആ ബന്ധം പരസ്യമായി തുടങ്ങിയതിനാൽ തന്നെ നേരിട്ട് കയറി ചെല്ലുവാൻ ഭയം തോന്നിയില്ല അവന്.
” അവള് പ്രശ്നമാക്കോ ചേട്ടാ.. ”
കല്യാണിയുടെ ചോദ്യം കേട്ട് പുച്ഛത്തോടെ ഒന്ന് ചിരിച്ചു അരവിന്ദൻ.
” എന്ത് പ്രശ്നം… ഒന്നുമില്ല.. അവൾക്കറിയാം എന്നോട് കളിച്ചാൽ ജയിക്കാൻ പറ്റില്ല എന്ന്. ഇന്ന് ഞാനൊരു ഡോസ് കൊടുത്തതാ മനഃപൂർവം ഇനി മുതൽ അടങ്ങി ഒതുങ്ങി കൂടിക്കോളും… ”
ആ വാക്കുകൾ കേൾക്കെ കല്യാണിയും പൊട്ടിച്ചിരിച്ചു. ഒപ്പം മറ്റൊരു കാര്യം കൂടി ഓർമിപ്പിച്ചു അവൾ.
” ചേട്ടാ.. ഞാൻ പറഞ്ഞ തുക….. ഗോൾഡ് ലോൺ നാളെ ക്യാൻസൽ ചെയ്ത് തിരിച്ചെടുക്കണം അല്ലേൽ പണിയാ… ”
” അതിനെന്താ പൊന്നേ.. രാത്രി ബസിന്റെ കളക്ഷൻ എടുത്തിട്ട് കാശ് നാളെ രാവിലെ എത്തിക്കാം ഞാൻ… ”
മറുപടി പറഞ്ഞു കൊണ്ട് അവൾക്ക് ഒരു മുത്തം കൂടി നൽകി അരവിന്ദൻ.
“ഓക്കേ ചേട്ടാ……”
കല്യാണിയും ഹാപ്പിയായി.
രാത്രിയായപ്പോഴേക്കും അരവിന്ദൻ കല്യാണിയുടെ അരികിൽ നിന്നും നേരെ ബസുകളുടെ കളക്ഷൻ വാങ്ങാനായി പോയി
” ചേട്ടാ കാശ് ചേച്ചി വന്ന് വാങ്ങി പോയല്ലോ.. കുറച്ചു സമയം ആയതേ ഉള്ളു… ഇനി മുതൽ ബസിന്റെ കാര്യങ്ങൾ ചേച്ചിയാണ് നോക്കുന്നതെന്നും പറഞ്ഞു.”
കണ്ടക്ടറുടെ മറുപടി കേൾക്കെ ഒന്ന് നടുങ്ങി അരവിന്ദൻ. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അവൻ. പക്ഷെ നടുക്കം പുറത്ത് കാട്ടാനൊന്ന് അറച്ചു അവൻ.
” ആ… ആ അവള് വന്നായിരുന്നു അല്ലെ.. ഓക്കേ.. ഞാൻ ലേറ്റ് ആകും ന്ന് പറഞ്ഞിരുന്നു അതാണ് അവൾ നേരത്തെ വന്നത്.. ശെരിയെടാ… നാളെ കാണാം ”
പതർച്ച മറച്ചു കൊണ്ട് നേരെ കാറിലേക്ക് കയറി അരവിന്ദൻ.
” പന്ന….%# @ മോള്…. എന്നോട് കളിക്കാൻ നിൽക്കുവാണോ.. കാണിച്ചു തരാം ഇന്ന് ”
ഉള്ളിലെ അടങ്ങാത്ത കലിയിൽ പല്ലിറുമ്മികൊണ്ട് വീട്ടിലേക്ക് പാഞ്ഞു അവൻ.
********
“സീതേ… എടീ സീതേ….”
അലറിക്കൊണ്ടാണ് അരവിന്ദൻ വീടിനുള്ളിലേക്ക് കയറിയത്. പക്ഷെ അകത്തെ ഹാളിൽ അവൻ സീതയെ മാത്രമല്ല ഒപ്പം വിനോദിനെ കൂടി കണ്ട് ഒന്ന് നടുങ്ങി.
” ആ.. വാ അളിയാ… ഇരിക്ക് ”
പുഞ്ചിരിയോടെ വിനോദ് ക്ഷണിക്കുമ്പോൾ സീതയുടെ നേരെ നോക്കി അരവിന്ദൻ. അവളുടെ മുഖത്ത് അതുവരെ കാണാത്തൊരു ധൈര്യം തെളിഞ്ഞു നിന്നു.
” നീ എന്നോട് പറയാതെ ബസിന്റെ കളക്ഷൻ പോയി വാങ്ങിയിരുന്നോ..”
ആ ചോദ്യം കേൾക്കെ ഒന്ന് പുഞ്ചിരിച്ചു സീത..
” ഉവ്വ് വാങ്ങി… ഇന്ന് മാത്രമല്ല ഇനിയങ്ങോട്ട് എന്നും ഞാൻ തന്നെയാണ് വാങ്ങാൻ പോകുന്നത്.. കാരണം ആ രണ്ട് ബസും എന്റെ പേരിൽ ആണ് ”
വലിയൊരു നടുക്കം അരവിന്ദന്റെ മുഖത്ത് തെളിയവേ പതിയെ എഴുന്നേറ്റു സീത
” ബസിന്റെ മാത്രമല്ല ബിൽഡിംഗ് മെറ്റീരിയൽ ഷോപ്പിന്റെയും കാര്യങ്ങൾ ഇനി ഞാനാണ് നോക്കാൻ പോകുന്നത്… ”
” ഓഹോ.. അപ്പോ നീ കളിക്കാൻ ഉള്ള തീരുമാനത്തിൽ ആണല്ലേ.. പക്ഷെ അത് എന്റെ ഭാര്യയായി ഇരിക്കെ നടക്കില്ല… അഹങ്കാരം കാണിച്ചാൽ അടിച്ചിറക്കി വിടും ഞാൻ ഇവിടുന്ന് ”
വല്ലാത്തൊരു വാശി ആ സമയം അരവിന്ദന്റെ മുഖത്ത് തെളിഞ്ഞു
” അടിച്ചിറക്കി വിടാനോ.. എവിടേക്ക്.. അതിനു ഈ വീടും ഇവളുടെ പേരിൽ അല്ലെ അളിയാ… ഈ വസ്തു വാങ്ങി തന്നത് ഞങ്ങളുടെ അച്ഛനല്ലേ .. അളിയൻ അത് മറന്നോ”
വിനോദ് ഇടക്ക് കയറവേ ശെരിക്കും ഒന്ന് നടുങ്ങി അരവിന്ദൻ. അതോടെ അവന്റെ മുന്നിലേക്ക് ചെന്നു സീത
” നോക്ക്… ഈ വീട് ഇരിക്കുന്ന വസ്തു ബസുകൾ ഷോപ്പ് ഇത്രയും എന്റെ പേരിൽ ആണ്…. ഇനി അതിന്റെയൊക്കെ അവകാശിയും ഞാനാണ്. പിന്നേ താൻ പറഞ്ഞല്ലോ തന്റെ ഭാര്യയായി ഇരിക്കുമ്പോ ഇതൊന്നും പറ്റില്ല എന്ന്.. എന്നാൽ കേട്ടോ ആ സ്ഥാനം ഇനി എനിക്ക് വേണ്ട… ആവശ്യമായ പേപ്പറുകൾ വൈകാതെ തന്റെ കൈകളിൽ എത്തും…എനിക്കും മോൾക്കും ഇനി ജീവിക്കാൻ ഈ ബിസിനസുകളുടെ വരുമാനം മതിയാകും…ഇപ്പോൾ ഇറങ്ങി പൊയ്ക്കോണം എന്റെ വീട്ടിൽ ന്ന്.. ”
അവളുടെ ഒച്ചയുയരവേ ശെരിക്കും പതറി അരവിന്ദൻ പക്ഷെ തോറ്റു കൊടുക്കുവാൻ അവന്റെ മനസ്സ് അനുവദിച്ചില്ല.
” എടീ പന്ന മോളെ.. നീ എന്നോട് കളിക്കാൻ നിൽക്കല്ലേ…. ഈ അരവിന്ദനെ നിനക്ക് ശെരിക്കും അറിയില്ല… കൊന്ന് കളയും ഞാൻ ”
അതൊരു ഭീക്ഷണിയായിരുന്നു പക്ഷെ അപ്പോഴേക്കും വിനോദ് അവർക്കിടയിലേക്ക് കയറി
” അരവിന്ദാ.. പുന്നാര മോനെ… മാസ് ഡയലോഗ് അടിക്കുമ്പോൾ ഇപ്പുറത്തും ആൾക്കാറുണ്ട് ന്ന് മറക്കല്ലേ നീ.. ഇവളെ കെട്ടി വീട്ടിൽ നിർത്തിയിട്ട് കണ്ടവളുമാരുടെ പിന്നാലെ ബന്ധം കൂടാൻ പോകുമ്പോ ആലോചിക്കണമായിരുന്നു നീ… നിന്റെ സമ്പാദ്യത്തിന്റെ മുക്കാലും നീ ഉണ്ടാക്കിയത് ഇവളെ കെട്ടിയപ്പോ കിട്ടിയ സ്ത്രീധനം വച്ചിട്ടാണ്. അതുകൊണ്ട് അതൊക്കെ ഞങ്ങളിങ്ങ് തിരിച്ചെടുക്കുവാണ്… നിന്ന് ചെലയ്ക്കാണ്ട് ഇറങ്ങി പോടാ നായേ ”
അരവിന്ദനെ ആട്ടിയിറക്കി വിനോദ്. എല്ലാം കൈവിട്ടത് മനസിലാക്കവേ ആകെ തകർന്നു പോയി അവൻ . ഇങ്ങനൊരു തിരിച്ചടി അവനൊട്ടും പ്രതീക്ഷിച്ചില്ല. തിരികെ കാറിൽ കയറി പുറത്തേക്ക് പോകുമ്പോൾ വല്ലാത്തൊരു അപമാനഭാരം അരവിന്ദനെ പിടി കൂടി. ഫോൺ എടുത്തവൻ നേരെ വിളിച്ചത് കല്യാണിയെയാണ്..
” ങേ..! അപ്പോ നാളെ കാശ് കിട്ടില്ലേ… എല്ലാം അവളുടേൽ ആയോ.. ഇനി ബാങ്കിലെ പ്യൂണിന്റെ നക്കാപ്പിച്ച ശമ്പളം മാത്രേ ഉള്ളോ കയ്യിൽ… കഷ്ടം ”
ഒട്ടും പ്രതീക്ഷിക്കാത്ത പ്രതിലരണമായിരുന്നു കല്യാണിയുടെ പക്കൽ നിന്നും ലഭിച്ചത്. പിന്നീടുള്ള ദിവസങ്ങളിൽ ബന്ധങ്ങളുടെ വിലയറിഞ്ഞു അരവിന്ദൻ.
ഡിവോഴ്സിനായുള്ള സീതയുടെ വക്കീൽ നോട്ടീസ് എത്തി.. മാത്രമല്ല ഇനി ബന്ധം കൂടിയിട്ട് സാമ്പത്തിക നേട്ടമില്ല എന്ന് മനസിലാക്കിയ കല്യാണി അവനെ വിട്ട് വേറെ ആളെ കണ്ടെത്തി.. തികച്ചും ഒറ്റപ്പെട്ടു അരവിന്ദൻ.. സീതയാകട്ടെ പുതിയൊരു ജീവിതം നെയ്തെടുക്കുവാനുള്ള തിരക്കുകളിലായിരുന്നു. ബിസിനസുകളിൽ അവൾ പൂർണമായും ശ്രദ്ധ ചെലുത്തി ഒപ്പം മകളെയും…
വിവാഹ ബന്ധം പവിത്രമാണ്… ആ പവിത്രത വക വൈകാതെ സുഖങ്ങൾ തേടി പോകുമ്പോൾ എപ്പോഴും ഒരു തിരിച്ചടി പ്രതീക്ഷിക്കുക…
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു
