ഇത് അമ്മയുടെ കൂടെ ചേർന്ന് നാത്തൂൻ പോരിന് നിൽക്കാ. അല്ലെങ്കിൽ തന്നെ നിങ്ങടെ അമ്മയെ കൊണ്ട് പൊറുതി മുട്ടി കഴിയാ ഞാൻ ഇവിടെ.…

50 പവൻ സ്വർണവും പത്ത് ലക്ഷം രൂപ സ്ത്രീധനവും നൽകിയല്ലേ നിങ്ങളെ പെങ്ങളെ നിങ്ങൾ കെട്ടിച്ചു വിട്ടത്. എന്നിട്ടും അവളെന്തിനാ ഇവിടെ വന്ന് അട്ടിപ്പേറി കിടക്കുന്നത്. അവൾക്ക് അവളുടെ കെട്ടിയോന്റെ വീട്ടിൽ പോയി നിന്നൂടെ.

രാത്രി കിടക്കാൻ നേരം ഭാര്യ പ്രീതിയുടെ പരാതി കേട്ട് രമേശ്‌ അവളെ തുറിച്ചൊന്ന് നോക്കി.

“ഇപ്പോ എന്താ പ്രശ്നം?’ രമേശ്‌ ചോദിച്ചു.

“നിങ്ങടെ പെങ്ങൾ തന്നെയാ പ്രശ്നം.”

“ഇത് അവളുടെ കൂടെ വീടല്ലേ പ്രീതി. അതുകൊണ്ട് അവളോട് ഇവിടെ വന്ന് നിക്കരുതെന്ന് പറയാൻ പറ്റോ?
മാത്രല്ല അവളുടെ ഭർത്താവ് ഗൾഫിൽ അല്ലേ. അവൻ വരുമ്പോ മാത്രം അവൾ അവിടെ പോയി നിന്നാൽ പോരെ.

“മര്യാദക്ക് നിന്നിരുന്നെങ്കി എന്ത് വേണായിരുന്നു. ഇത് അമ്മയുടെ കൂടെ ചേർന്ന് നാത്തൂൻ പോരിന് നിൽക്കാ. അല്ലെങ്കിൽ തന്നെ നിങ്ങടെ അമ്മയെ കൊണ്ട് പൊറുതി മുട്ടി കഴിയാ ഞാൻ ഇവിടെ.

അപ്പഴാ നിങ്ങടെ പെങ്ങൾ കൂടി പോരെടുക്കാൻ വരുന്നത്. ഈ വീട്ടിലെ ഒരംഗമായി കണ്ടില്ലെങ്കിലും ഒരു മനുഷ്യ ജീവിയായി എങ്കിലും അവർക്കെന്നെ കണ്ട് കൂടെ. ഞാൻ അങ്ങോട്ട്‌ ഒരു ദ്രോഹത്തിനും പോകുന്നില്ലല്ലോ.

പറഞ്ഞു വന്നപ്പോ പ്രീതി കരഞ്ഞു പോയി.

“നിന്നെ വിഷമിപ്പിക്കരുതെന്ന് ഞാൻ അവരോട് പറയാം. അല്ലാതിപ്പോ എനിക്ക് വേറെന്ത ചെയ്യാൻ പറ്റാ. സ്വന്തം അമ്മേം പെങ്ങളും ആയി പോയില്ലേ. പിന്നെ ഇത് അവൾക്ക് കൂടി അവകാശപ്പെട്ട വീട് ആയത് കൊണ്ട് എനിക്ക് രേഷ്മയോട് ഇവിടുന്ന് ഇറങ്ങി പോകാൻ പറയാനും പറ്റില്ലല്ലോ.” രമേശ്‌ ഒഴുക്കൻ മട്ടിൽ പറഞ്ഞു.

“ഇറക്കി വിടാനൊന്നും ഞാനും പറഞ്ഞില്ലല്ലോ. ഇവിടെ നിൽക്കുമ്പോ അമ്മയോട് ചേർന്ന് എന്നെ ദ്രോഹിക്കാൻ നിക്കരുതെന്ന് പെങ്ങളെ ഉപദേശിക്ക്.

പിന്നെ അവളുടെ വസ്ത്രങ്ങൾ എങ്കിലും സ്വന്തമായി അലക്കാനും കഴിച്ച എച്ചിൽ പാത്രം കഴുകി വയ്ക്കാനും പറയ്യ്.”

പറഞ്ഞിട്ടവൾ തിരിഞ്ഞു കിടന്നു.

രമേശ്‌ പിന്നിലൂടെ ചെന്ന് പ്രീതിയെ കെട്ടിപിടിച്ചു. ആ ഒപ്പം അവന്റെ കൈകൾ അവളുടെ ഉടലിലൂടെ അരിച്ചിറങ്ങി.

“ആദ്യം രമേശേട്ടൻ എന്റെ പ്രശ്നങ്ങൾക്കൊക്കെ ഒരു പരിഹാരം ഉണ്ടാക്കി താ. എന്നിട്ടാവാം റൊമാൻസ് ഒക്കെ.”

അവന്റെ കൈ വിടുവിച്ചവൾ കട്ടിലിനു ഓരം പറ്റി കിടന്നു.

രമേശൻ നിരാശയോടെ പിന്തിരിഞ്ഞു കിടന്നു.

പിറ്റേന്ന് രാവിലെ അവൻ തന്റെ അമ്മയോടും പെങ്ങളോടും പ്രീതിയെ വിഷമിപ്പിക്കരുതെന്നും അവളോട് പോരെടുക്കാൻ നിക്കരുതെന്നും അവളെ വീട്ടിലെ ഒരാളെ പോലെ തന്നെ കാണണമെന്നും താക്കീത് ചെയ്തു.

അത് അവർക്ക് പ്രീതിയോട് വൈരാഗ്യം കൂട്ടാനെ ഉപകരിച്ചുള്ളൂ.

രാവിലെ എഴുന്നേറ്റു അടുക്കളയിലെ ജോലികൾ ഒക്കെ തീർത്ത് തുണിയും കഴുകി വിരിച്ച് അടിച്ചു വാരി വീട് വൃത്തി ആക്കിയിട്ടേ പ്രീതിക്ക് ഓഫീസിലേക്ക് പോകാൻ കഴിയു.

ലേറ്റ് ആവാതിരിക്കാൻ മിക്ക ദിവസം ഓടിച്ചൊന്ന് കുളിച്ചെന്ന് ഭക്ഷണം വാരി വിഴുങ്ങി കൊണ്ട് ബസ്സ് സ്റ്റോപ്പിലേക്ക് ഓടുന്നതാണ് പതിവ്.

വൈകുന്നേരം ജോലി കഴിഞ്ഞു തളർന്ന് കയറി വരുമ്പോ ഒരു ഗ്ലാസ്‌ വെള്ളം എടുത്തു തരാൻ പോലും ഒരാളും ഉണ്ടാവില്ല.

അമ്മമായി അമ്മയും നാത്തൂനും കൂടി കാലിന്മേൽ കാല് കയറ്റി വച്ച് സീരിയലും കണ്ട് ഇരിപ്പാകും.

എച്ചിൽ പാത്രമൊക്കെ അടുക്കളയിൽ കുന്ന് കൂടി കിടപ്പുണ്ടാകും.

എല്ലാം കഴുകി വച്ച് അടുക്കള വൃത്തി ആക്കി രാത്രിയിലേക്കുള്ള ഭക്ഷണം ഒക്കെ ആക്കി കഴിയുമ്പോ പ്രീതി തളർന്ന് പോകും. അവൾ കിടന്ന് കഷ്ടപ്പെടുന്നത് കണ്ടാലും അമ്മായി അമ്മയും നാത്തൂനും സഹായിക്കാൻ ചെല്ലാറില്ല.

പ്രീതിക്ക് സ്ത്രീധനം കുറഞ്ഞു പോയി കാണാൻ നിറമില്ല എന്നൊക്കെ പറഞ്ഞ് അവരവളെ ഇടയ്ക്കിടെ കളിയാക്കാനും മറക്കാറില്ല.

പ്രീതിയുടെയും രമേശിന്റയും കല്യാണം 2 വർഷം മുൻപാണ് കഴിഞ്ഞത്. കുട്ടികൾ ഒന്നും ആയിട്ടില്ല. ആകുമ്പോ ആവട്ടെ എന്നാണ് അവർക്ക്.

പ്രീതിയെ രമേശ്ൻ കെട്ടുന്നതിനു 2 വർഷം മുൻപാണ് പെങ്ങൾ രേഷ്മയെ സുരേഷിന് കെട്ടിക്കുന്നത്. അന്ന് അയാൾക്ക് നാട്ടിൽ കൂട്ടുകാരോട് ചേർന്ന് ബിസിനസ്‌ ആയിരുന്നു. കൂട്ടുകാർ ചതിച്ചു ബിസിനസ്‌ ൽ കടം കേറിയപ്പോ നാട്ടിൽ നിൽക്കാൻ പറ്റാത്ത സ്ഥിതിയായി സുരേഷിന്. അങ്ങനെ 3 മാസം മുൻപ് കടങ്ങൾ വീട്ടാൻ വേണ്ടിയാണ് സുരേഷ് ഗൾഫിലേക്ക് പോയത്.

അയാൾ ഗൾഫിൽ പോയി ഒരാഴ്ച കഴിഞ്ഞപ്പോൾ രേഷ്മ വീട്ടിൽ വന്ന് സ്ഥിര താമസമാക്കി. അത് പ്രീതിക്ക് വലിയ തലവേദന ആയെന്ന് തന്നെ പറയാം.

അല്ലെങ്കിലോ അവളോട് എപ്പോഴും പോര് ആയിരുന്നു അമ്മായി അമ്മ. അവരെ കൂടെ ചേർന്ന് പ്രീതിയെ കുത്തി നോവിക്കുക എന്നതായിരുന്നു രേഷ്മയുടെ വിനോദം.

രമേശ്‌ ഒരു പ്രൈവറ്റ് കമ്പനിയിൽ മാനേജർ ആണ്. പ്രീതി ഒരു പ്രൈവറ്റ് ബാങ്കിൽ കാഷ്യർ ആണ്. രണ്ടാളേം ശമ്പളം കൊണ്ടാണ് വീട് കഴിയുന്നത്. ആ ഒരു ചിന്ത പോലും ഇല്ലാതെ ആണ് നാത്തൂനും അമ്മായി അമ്മയും പ്രീതിയെ ദ്രോഹിക്കുന്നത്.

സ്വന്തം അമ്മ മരിച്ചു പോയി അച്ഛൻ രണ്ടാമത് വിവാഹം കഴിച്ച സ്ത്രീക്കൊപ്പം വളർന്നതിനാൽ ഒരു ആശ്വാസത്തിനു ഇടയ്ക്ക് സ്വന്തം വീട്ടിലേക്ക് പോകാൻ പോലും പ്രീതിക്ക് പറ്റില്ല.

ആദ്യമൊക്കെ രമേശിനോട് അവൾ പരാതി പറയാറില്ലായിരുന്നു. സഹിക്കാൻ വയ്യാതെ ആയപ്പോഴാണ് ഇന്നലെ പറഞ്ഞത്.

 

******

വൈകുന്നേരം പ്രീതി ജോലി കഴിഞ്ഞു വരുമ്പോ മുറ്റം അടിച്ചു വാരാതെ കിടക്കുകയായിരുന്നു. സാധാരണ ഇത് അമ്മയോ നാത്തൂന്നോ ചെയ്യാറുള്ളതായിരുന്നു. രമേശ്‌ അവരെ ശകാരിച്ചതിന്റെ പേരിൽ പ്രീതിയോട് പ്രതികാരം വീട്ടാൻ വേണ്ടിയാണ് അവർ ഒന്നും ചെയ്യാത്തത്.

സമയം 7 മണി കഴിഞ്ഞിരുന്നു അപ്പോ. പ്രീതിക്കും അത് കണ്ട് കലി വന്നു.

അവൾ അടിച്ചു വാരാൻ നിക്കാതെ മുറിയിൽ പോയി ബാഗ് വച്ചിട്ട് അടുക്കളയിൽ കേറി. സിങ്ക് നിറയെ എച്ചിൽ പാത്രം കണ്ടപ്പോ തന്നെ അവൾക്ക് ഓക്കാനം വന്നു.

ഇനിയും ഇത് ഇങ്ങനെ വിട്ടൂട എന്നും രമേശ്‌ ഇടപെട്ടിട്ടും നാത്തൂനും അമ്മായി അമ്മയ്ക്കും മാറ്റമില്ലാത്തത് കൊണ്ട് താൻ തന്നെ പ്രതികരിക്കണമെന്ന് പ്രീതി തീരുമാനിച്ചു.

അവൾ മുറിയിൽ പോയി കതക് അടച്ചു കിടന്നു.

8 മണിക്ക് രമേശ്‌ വന്നു. അടിച്ചു വാരാത്ത മുറ്റം കണ്ടപ്പോ തന്നെ അവനു പന്തികേട് മണത്തു.

ബൈക്ക് ഷെഡിൽ വച്ചിട്ട് രമേശൻ എന്നതേം പോലെ അടുക്കളയിലേക്ക് ചെന്ന് പ്രീതിയെ നോക്കി. അപ്പോൾ അവിടുത്തെ കോലം കണ്ട് അവന് തന്നെ അറപ്പ് തോന്നി.

രമേശനെ കണ്ടിട്ടും പെങ്ങളും അമ്മയും മൈൻഡ് ചെയ്യാതെ സീരിയലും കണ്ടിരുന്നു.

ഭക്ഷണം ഒന്നുമുണ്ടാക്കാതെ രണ്ടെണ്ണത്തിനും ഇവിടെ സീരിയലും കണ്ടിരുന്ന മതിയല്ലോ. അമ്മയ്ക്കൊ നിനക്കോ വല്ലതും ഉണ്ടാക്കി വച്ചൂടെ. ആ പാത്രം കഴുകാനും മുറ്റം അടിക്കാനും എന്റെ ഭാര്യ വരുന്നതും കാത്തിരിക്കണോ.

രോഷം അടക്കാനാവാതെ രമേശൻ ചോദിച്ചു പോയി.

“ഇതൊക്കെ ചെയ്യാനാ നിന്റെ ഭാര്യയെ ഇങ്ങോട്ട് കെട്ടി എഴുന്നള്ളിച്ചു കൊണ്ട് വന്നിരിക്കുന്നത്. ഇവിടത്തേ ജോലി ചെയ്ത് കഴിഞ്ഞിട്ട് മതി അവളുടെ ജോലിക്ക് പോക്ക്. പറ്റില്ലെങ്കിൽ അവളുടെ വീട്ടിൽ പോയി നിക്കാൻ പറ.

അമ്മയുടെ പറച്ചിൽ കേട്ട് രമേശന് വിഷമം ആയി.

അവന് അകത്ത് പോയി ഭാര്യയെ നോക്കി.

പ്രീതി തന്റെ വസ്ത്രങ്ങൾ ഒക്കെ ഒരു ബാഗിൽ ആക്കി വയ്ക്കുന്നതാണ് അവൻ കണ്ടത്.

“നീ ഈ രാത്രി എവിടെ പോവാ.

അവൻ ചോദിച്ചു.

“ഇന്ന് രാത്രി എന്തായാലും ഞാൻ എവിടേം പോണില്ല. പക്ഷേ ഒരാഴ്ചയ്ക്കുള്ളിൽ ഒരു വാടക വീട് കണ്ട് പിടിച്ചു ഞാൻ അങ്ങോട്ട്‌ പോകും. ഇവിടെ കിടന്ന് നായയെ പോലെ പണി എടുത്തു ചാവാൻ എനിക്ക് വയ്യ. വയ്യാത കിടന്ന ഒരു ഗ്ലാസ്‌ ചൂട് വെള്ളം പോലും നിങ്ങടെ അമ്മയും പെങ്ങളും ഇട്ട് തരില്ല.

ഇങ്ങനെ നന്ദി ഇല്ലാത്ത കൂട്ടങ്ങൾക്ക് ഒപ്പം nilkkane എനിക്ക് വയ്യ. എന്റെ കൂടെ ജീവിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾക്കും കൂടെ വരാം. അല്ലെങ്കിൽ അമ്മേം പെങ്ങളേം കെട്ടിപിടിച്ചു കിടന്നോ.

പറഞ്ഞിട്ട് പ്രീതി അടുക്കളയിൽ പോയി ഒരു പാൻ എടുത്തു ചൂടാക്കി രണ്ട് ഓംലെറ്റ് ഉണ്ടാക്കി കഴിച്ചിട്ട് വന്ന് കിടന്നു. മറ്റുള്ളവർ എന്ത് കഴിക്കുന്നു കുടിക്കുന്നു എന്ന് നോക്കാൻ അവൾ മിനക്കെട്ടില്ല.

 

പിറ്റേ ദിവസം രാവിലെ അവൾ വൈകി ആണ് ഉണർന്നത്. എഴുന്നേറ്റു കുളിച്ചു മാറി അവൾ ഓട്ട പാച്ചിൽ ഇല്ലാതെ സമാധാനത്തോടെ ജോലിക്ക് പോയി. ബ്രേക്ക്‌ ഫാസ്റ്റ് പോണ വഴിക്ക് കഴിച്ചു. രമേശനും കടയിൽ നിന്നാക്കി ഭക്ഷണം. രണ്ട് മൂന്നു ദിവസം

വിമലമ്മയും രേഷ്മയും ഹോട്ടലിൽ നിന്ന് വാങ്ങി കഴിച്ചെങ്കിലും വിമലയ്ക്ക് ഹോട്ടൽ ഭക്ഷണം അത്ര അങ്ങോട്ട് പിടിച്ചില്ല. അതുകൊണ്ട് അവർ തനിക്കുള്ള ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ തുടങ്ങി. കാരണം മോൾ അടുക്കളയിൽ കയറാതെ ഹോട്ടൽ ഭക്ഷണം വരുത്തി കഴിച്ചു സുഖിച്ചു കിടന്നു.

അങ്ങനെ വന്നപ്പോഴാണ് പ്രീതിയുടെ വില അവർക്ക് മനസ്സിലായത്. രമേശനും തന്റെ ഭാര്യയുടെ കഷ്ടപ്പാട് മനസ്സിലാക്കി തുടങ്ങിയിരുന്നു.

ഒരു ദിവസം വൈകുന്നേരം ജോലി കഴിഞ്ഞു വന്ന രമേശൻ തങ്ങൾ വീട് മാറി താമസിക്കാൻ പോവുകയാണെന്ന് അറിയിച്ചു. അത് കേട്ടതോടെ വിമലാമ്മ വെട്ടിലായി.

പ്രീതിയോട് മാപ്പ് പറഞ്ഞ് അവളെ സഹായിച്ചു നിക്കാൻ പറ്റുമെങ്കി ആ വീട്ടിൽ തുടരുമെന്ന് പറഞ്ഞപ്പോൾ അവർ മരുമകളോട് ക്ഷമ പറയാൻ തയ്യാറായി. രേഷ്മയോടും അടങ്ങി ഒതുങ്ങി നിക്കാൻ പറ്റുമെങ്കി അവിടെ നിന്നാൽ മതി അല്ലെങ്കിൽ ഭർത്താവിന്റെ വീട്ടിൽ കൊണ്ടാക്കും എന്ന് ഭീഷണി പെടുത്തിയപ്പോ അവളും ഒതുങ്ങി.

പ്രീതിക്ക് ഇതൊക്കെ കണ്ടപ്പോൾ ഈ തീരുമാനം നേരത്തെ എടുത്താൽ മതിയെന്ന് തോന്നിപോയി. കാരണം അവൾ ഒന്ന് ശബ്ദം ഉയർത്തിയപ്പോൾ തന്നെ എല്ലാവരും നല്ല വഴിക്ക് വന്നു. രമേശൻ പോലും സ്വന്തം ജീവിതം കൈവിട്ട് പോകുമെന്ന് തോന്നിയപ്പോ മുഖം നോക്കാതെ പ്രതികരിക്കാൻ പഠിച്ചു.

പിന്നീടുള്ള ദിവസം പ്രീതിക്ക് ആ വീട്ടിൽ സമാധാനത്തോടെ കഴിയാൻ സാധിച്ചു.

✍️അഞ്ജലി

Leave a Reply

Your email address will not be published. Required fields are marked *