” പെണ്ണാണെന്നും പറഞ്ഞ് പെണ്ണിന്റെ രൂപത്തിൽ നടന്നിട്ട് കാര്യമില്ല ,പെണ്ണിന്റെ കഴിവുകൾ കൂടി വേണം… ചുരുങ്ങിയത് പ്രസവിക്കാൻ എങ്കിലും പറ്റണം സംഗീതേ….
കുടിയ്ക്കാനിത്തിരി വെള്ളമെടുക്കാൻ ഡൈനിംങ് റൂമിലേക്ക് വന്ന വിജയ് അകത്തു നിന്നുയർന്നു കേട്ട അപ്പച്ചിയുടെ സംസാരത്തിലവിടെ തന്നെ നിന്ന് അകത്തേയ്ക്ക് പാളി നോക്കി
തന്റെ അമ്മയും അപ്പച്ചിയും ഉൾപ്പെടെയുള്ള സ്ത്രീ പടകളുടെ നടുവിൽ അവരുടെ പരിഹാസങ്ങളെല്ലാം കേട്ട് നിശബ്ദം നിൽക്കുന്ന തന്റെ ഭാര്യ സംഗീതയിൽ തടഞ്ഞവന്റെ കണ്ണുകൾ…
“കാര്യം പറയുമ്പോൾ കണ്ണ് നിറച്ചിട്ട് കാര്യമില്ല സംഗീതേ…
ആണൊരുത്തന്റെ കൂടെ അവന്റെ ഭാര്യയായ് കൊല്ലം രണ്ടായില്ലേ നീ കഴിയാൻ തുടങ്ങിയിട്ട്… എന്നിട്ടും നിനക്കവന്റെയൊരു കുഞ്ഞിനെ പ്രസവിക്കാൻ പറ്റിയില്ലെങ്കിൽ അതിനു കഴിവുള്ളവരെ ആ പണിയേല്പിച്ച് അവൻ കെട്ടിയ താലിയും അഴിച്ച് വെച്ച് ഈ പടി ഇറങ്ങി പോവാൻ നോക്ക് നീ എത്രയും വേഗം…. ”
സംഗീതയ്ക്ക് മുകളിൽ അഴിഞ്ഞാടാൻ കിട്ടിയ ഒരവസരം മുതലെടുക്കാനെന്ന വിധം അപ്പച്ചി വീണ്ടും അവൾക്കു നേരെ വിഷം തുപ്പി തുടങ്ങിയതും ക്ഷമ നശിച്ച വിജയ് വേഗത്തിൽ ആ മുറിയ്ക്കുള്ളിലേക്ക് കയറി…
ഒട്ടും പ്രതീക്ഷിക്കാതെ മുറിയിലേക്ക് കടന്നുവന്നവന്റെ മുറുകിയ മുഖഭാവം ആരും പറയാതെ തന്നെ അവർക്ക് മനസ്സിലാക്കി കൊടുക്കുന്നുണ്ട് അവിടെ പറഞ്ഞതെല്ലാം അവൻ കേട്ടിട്ടുണ്ടെന്നത്…
“ഞങ്ങൾക്ക് എപ്പോഴൊരു കുഞ്ഞിനെ വേണമെന്നും എപ്പോൾ അതിനെ ഞങ്ങൾക്കിടയിലേക്ക് കൊണ്ടുവരണമെന്നും നന്നായ് തന്നെ ഞങ്ങൾക്കറിയാം അമ്മേ….
” ഇതൊന്നും അറിയാതിരിക്കാൻ മാത്രം കൊച്ചു കുട്ടികൾ അല്ലല്ലോ ഞങ്ങൾ….
എത്രയോ പ്രാവശ്യം ഈ കാര്യം ഇവിടെ പറഞ്ഞതാണ് ഞങ്ങൾ രണ്ടാളും…എന്നിട്ടും പിന്നെയും പിന്നെയും ഇതിങ്ങനെ ചോദിയ്ക്കുന്നതെന്തിനാ…?
അതോ എല്ലാം അറിഞ്ഞു വെച്ചോണ്ടിത് ഇടയ്ക്കിടെ ഇങ്ങനെ ചോദിയ്ക്കുന്ന കൊണ്ട് അമ്മയ്ക്കും അപ്പച്ചിയ്ക്കും പ്രത്യേക മനസുഖം വല്ലതും കിട്ടുന്നുണ്ടോ…
ഞാനെനിയ്ക്ക് അറിയാൻ വയ്യാത്ത കൊണ്ട് ചോദിക്കുവാണ്… കുറെയായല്ലോ നിങ്ങളുടെ ഈ ചോദ്യം തുടങ്ങിയിട്ട്… പ്രത്യേകിച്ച് നാലാള് കൂടുമ്പോൾ ഇങ്ങനൊന്ന് ചോദിച്ചില്ലെങ്കിൽ, വല്ലാത്ത ശ്വാസംമുട്ടൽ പോലെയായിട്ടുണ്ട് നിങ്ങൾ രണ്ടാൾക്കും… സത്യത്തിൽ എന്താണ് നിങ്ങളുടെ ശരിയ്ക്കുള്ള പ്രശ്നം…?
അത് പറ….
ഉയർന്ന വിജയുടെ ശബ്ദത്തിൽ ഒരു നിമിഷം നിശബ്ദമായ് പുല്ലേറ്റ് വീടും അവിടെ കൂടിയവരും…
വിജയിൽ നിന്ന് ഇതു പോലെ ഉയർന്ന ശബ്ദവും ദേഷ്യവും ചോദ്യവുമൊന്നും ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന അമ്മയും അപ്പച്ചിയും വിളറി വെളുത്ത മുഖത്തോടൊന്ന് പരസ്പരം നോക്കി…
“എന്താ ഇപ്പോ അപ്പച്ചിയ്ക്കും അമ്മയ്ക്കുമൊന്നും ഒന്നും ചോദിക്കാനില്ലേ…?
തീർന്നോ നിങ്ങളുടെ സംശയങ്ങളെല്ലാം…?
തന്നെ വിളറി വെളുത്ത മുഖത്തോടെ നോക്കുന്ന അമ്മയെ തറപ്പിച്ചൊന്ന് നോക്കി വിജയ് വീണ്ടും ശബ്ദമുയർത്തിയതും അവന്റെ കയ്യിൽ അരുതെന്ന പോലെ മുറുക്കെ പിടിച്ചു സംഗീത… അവന്റെ ഭാര്യ…..
“എന്താണമ്മേ… എന്തിനാണ് വിജയ് നിങ്ങളോടിങ്ങനെ ദേഷ്യപ്പെടുന്നത്….? നിങ്ങളെന്താ പറഞ്ഞതവനെ…?
വിജയുടെ ഏട്ടൻ വിക്രം അമ്മയ്ക്കരികിലെത്തി അമ്മയേയും അനിയനേം മാറി മാറി നോക്കി അമ്മയോടല്പം കാര്യമായ് തന്നെ ചോദിച്ചതും അതുവരെയും തല കുനിച്ച് തെറ്റുക്കാരിയെ പോലെ നിന്ന അമ്മ രൂക്ഷമായ് വിക്രത്തെ നോക്കി…
“ഞാനൊരു തെറ്റും നിന്റെ അനിയനോട് ചെയ്തില്ല…’ വിവാഹം കഴിഞ്ഞ ഏതൊരു മക്കളോടും അമ്മമാർ ചോദിയ്ക്കുന്ന അതേ ചോദ്യമേ ഞാനും അപ്പച്ചിയും നിന്റെ അനിയന്റെ ഭാര്യയോട് ചോദിച്ചുള്ളു… അതിനാണിവനീ പുകിലൊക്കെ ഇവിടെ ഉണ്ടാക്കിയത്… അവന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടു കൊല്ലാവാറായില്ലേ… പിന്നെന്താ മക്കളൊന്നും ആവാത്തെ എന്ന് ചോദിയ്ക്കുന്നത് ഇത്ര വലിയ കുറ്റമാണോ….?
ആണെങ്കിൽ ഞാനറിഞ്ഞില്ല അത്.. അതു കൊണ്ട് ചോദിച്ചുപോയതാ… പൊന്നു മോൻ ക്ഷമിക്ക് അമ്മയോട്…. ”
ആദ്യം ദേഷ്യത്തിലും പിന്നീട് പരിഹാസത്തിലുമായ് ഏട്ടനോട്സംസാരിക്കുന്ന അമ്മയെ നോക്കി ദേഷ്യമടക്കി നിന്നു വിജയ്…
“എന്റെ അമ്മേ… വിവാഹിതരായ രണ്ടു പേർക്കിടയിലെ ഒരു കുഞ്ഞെന്ന സ്വപ്നം അതാ രണ്ടു പേരുടെ മാത്രം ഇഷ്ടവും താൽപര്യവുമാണ്… അവർക്കിടയിലേക്ക് മൂന്നാമതൊരാളെ എപ്പോൾ കൊണ്ടുവരണമെന്നതും അതിനെ എങ്ങനെ വളർത്തി വലുതാക്കണമെന്നതും അവരുടെ മാത്രം കാര്യമാണ്… അമ്മ എന്തിനാണ് അവരുടെ ഇത്തരം കാര്യങ്ങളിൽ ഇടപ്പെടുന്നത്…?
എന്തു മോശം സ്വഭാവമാണമ്മേ അമ്മയുടെ…”
വിക്രം കൂടി അമ്മയെ കുറ്റപ്പെടുത്തി അനിയനു വേണ്ടി സംസാരിച്ചതും അത്ര നേരം ഇതെല്ലാം കണ്ടാസ്വദിച്ച് അല്പ ദൂരം മാറി നിന്നിരുന്ന അപ്പച്ചിയുടെ മകൾ കല്യാണിയുടെ മുഖം ദേഷ്യമിരച്ചെത്തി ചുവന്നു പോയ്….
“എന്റെ പൊന്നു വിക്രമേട്ടാ… നേരാവണ്ണം നടന്നൊരു കല്യാണമാണ് വിജയ് ഏട്ടന്റേതെങ്കിൽ ഏട്ടനീ പറഞ്ഞതൊക്കെ ശരി തന്നെയാണ്… ഇതു പക്ഷെ അങ്ങനെയാണോ… ഏട്ടന് വിവാഹം ഉറപ്പിച്ച പെണ്ണ് കാമുകന്റെ കൂടെ ഒളിച്ചോടി പോയതറിയാതെ അവളെ കെട്ടാനുള്ള ആഗ്രഹത്തോടെ അണിഞ്ഞൊരുങ്ങി മണ്ഡപത്തിലെത്തിയ വിജയ് ഏട്ടനെ എല്ലാവരും കൂടി നിർബന്ധിച്ച് സംഗീതയെ കൊണ്ട് കെട്ടിച്ചതല്ലേ….?
അന്നത്തെ ആ ഒരവസ്ഥയിൽ ക്ഷണിച്ചെത്തിയവരുടെ മുന്നിൽ നാണംകെടണ്ട എന്ന് കരുതിയും അമ്മയുടെ കണ്ണീരും കൊണ്ടു മാത്രമാണ് വിജയ് ഏട്ടൻ സംഗീതയെ വിവാഹം കഴിച്ചത്… അല്ലാതെ നമ്മുടെ ഡ്രൈവറുടെ മകളെ അതും പറയത്തക്ക യാതൊരു പ്രത്യേകതയും ഇല്ലാത്തൊരുവളെ ഭാര്യയാക്കാൻ വട്ടല്ലേ വിജയ് ചേട്ടന്….
വീറോടെ തനിയ്ക്ക് മുന്നിൽ വന്ന് വിളിച്ചു പറയുന്നവളെ നിറമിഴികളോടെ നോക്കി സംഗീത… അവളീ പറഞ്ഞതെല്ലാം സത്യ തന്നെയല്ലേ എന്ന ചിന്ത മനസ്സിനുള്ളിൽ നിറഞ്ഞതും നേരത്തെ വിജയ് അമ്മയ്ക്കെതിരെ സംസാരിച്ചത് തടയാനായ് അവന്റെ കയ്യിലായ് അവൾ മുറുക്കി പിടിച്ചവളുടെ കൈ അവളറിയാതെ തന്നെ അവനിൽ നിന്നഴിഞ്ഞൂർന്നു പോയ്… അതറിഞ്ഞിട്ടും ഒരു നോട്ടം പോലും അവളെ നോക്കിയില്ല വിജയും… അവന്റെ നോട്ടം മുഴുവൻ അമ്മയിലും അപ്പച്ചിയുടെ മകൾ കല്യാണിയിലും തങ്ങി നിന്നു…
” കഴിഞ്ഞു പോയ കാര്യങ്ങൾ ചികഞ്ഞെടുക്കാൻ നിൽക്കാതെ ഓരോരുത്തരും അവനവന്റെ കാര്യം നോക്കമ്മേ…. കൂടുതൽ വർത്തമാനം വന്നാൽ അതാർക്കും നല്ലതിനാവില്ല…
ദേഷ്യമിരച്ച് ചുവന്ന മുഖത്തോടെ നിൽക്കുന്ന വിജയെ ഒന്നു നോക്കി അമ്മയോടായ് പറഞ്ഞ് വിക്രം തിരിഞ്ഞതും അവനെ തടഞ്ഞു കൊണ്ടുയർന്നിരുന്നു വീണ്ടും അമ്മയുടെ ശബ്ദം
“വിജയുടെ ജീവിതം എനിയ്ക്ക് എന്റെ ജീവനെക്കാൾ പ്രധാനപ്പെട്ടതാണ് വിക്രം… അന്നാ മണ്ഡപത്തിൽ വെച്ച് കല്യാണ പെണ്ണ് നമ്മളെയെല്ലാം ചതിച്ചപ്പോൾ പെട്ടന്ന് എന്തു ചെയ്യണമെന്നറിയാതെ ഒന്നു പതറിപോയ് ഞാൻ…. അതു കൊണ്ടാണ് മറ്റൊന്നും ചിന്തിക്കാതെ നമ്മളുമായ് യാതൊരു വിധ ചേർച്ചയുമില്ലാഞ്ഞിട്ടും സംഗീതയെ ഞാൻ ഇവനു കെട്ടിച്ചു കൊടുത്തത്.. എനിയ്ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റും അതാണ്…. ഒന്നിച്ചു ചേർന്നു പോവില്ലെന്ന് അത്രയും ഉറപ്പായിട്ടും ഞാനെന്റെ മോനോട് ചേർത്തുവെച്ച സംഗീതയെ ഇന്നീ നിമിഷം വരെ അവന് അവന്റെ ഭാര്യയായ് കണ്ട് സ്നേഹിക്കാൻ പറ്റിയിട്ടില്ലെന്നുറപ്പാണ് എനിയ്ക്ക്… അതറിഞ്ഞു കൊണ്ടു തന്നെയാണ് ഞാനിവരോട് കുഞ്ഞുങ്ങളെ പറ്റിയെല്ലാം ചോദിയ്ക്കുന്നത്…. അങ്ങനെ ചോദിക്കുമ്പോഴെങ്കിലും ഞങ്ങൾക്കൊന്നിച്ചു കഴിയാൻ പറ്റില്ലെന്ന്, ഞങ്ങളൊരിക്കലും ഒരു കുഞ്ഞിന്റെ മാതാപിതാക്കൾ ആവില്ലെന്ന് തുറന്നു പറയാൻ ഇവർക്കവസരം നൽക്കുകയാണ് വിക്രം ഞാൻ ചെയ്തത്…”
അമ്മയുടെ വാക്കുകൾ സംഗീതയിൽ ഒരു വലിയ ഞെട്ടൽ തന്നെ ഉണ്ടാക്കി…
അർഹിക്കാനും ആഗ്രഹിക്കാനും യാതൊരു യോഗ്യതയുമില്ലാഞ്ഞിട്ടും അവളത്രയേറെ ആഗ്രഹിക്കുന്നുണ്ട് സ്നേഹിക്കുന്നുണ്ട് വിജയെ… അതിലും ഉപരിയായ് എന്നെങ്കിലും അവൻ തന്നെ അവനോട് ചേർത്തു പിടിയ്ക്കുമെന്നും തങ്ങളൊരുമ്മിച്ച് ജീവിച്ചു തുടങ്ങുമെന്നും പ്രതീക്ഷയോടെ പ്രാർത്ഥിച്ച് കാത്തിരിക്കുന്നുണ്ട് അവനായ്….
‘സത്യത്തിൽ അമ്മയുടെ ആവശ്യം ഇപ്പോഴെന്താണ്….?
ഞങ്ങൾക്കൊരു കുഞ്ഞുണ്ടാവുക എന്നതാണോ അതോ ഞാനിവളെ ഉപേക്ഷിച്ച് അമ്മയുടെ നിലയ്ക്കും വിലയ്ക്കും ഒത്തൊരുവളെ കെട്ടി അവളിലെനിയ്ക്ക് മക്കളെ ഉണ്ടാക്കുക എന്നതാണോ…?
വിക്രമിന്റെയും അമ്മയുടെയും സംസാരം കേട്ടൊടുവിൽ തികച്ചും ശാന്തനായ് വിജയ് അമ്മയോട് തിരക്കുമ്പോൾ തെളിഞ്ഞത് അപ്പച്ചിയുടെയും കല്യാണിയുടെയും മുഖമാണ്…
“നീ സംഗീതയെ ഉപേക്ഷിച്ച് പകരം കല്യാണിയെ വിവാഹം കഴിച്ച് കുട്ടികളും കുടുംബവുമായ് സുഖമായിട്ട് കഴിയണമെന്നാണ് വിജയ് നിന്റെ അമ്മയുടെ ആഗ്രഹം … കല്യാണി മോൾക്കും ഇപ്പോൾ നിന്നെ അത്രയേറെ ഇഷ്ടമാണ്….”
സ്നേഹം നിറച്ച ചിരിയോടെ വിജയുടെ തോളിൽ പിടിച്ച് അപ്പച്ചി പറഞ്ഞു നിർത്തുമ്പോൾ വിജയുടെ നോട്ടമൊന്ന് തനിയ്ക്കരികിൽ നിൽക്കുന്ന സംഗീതയിലേക്ക് ചെന്നു…
വേദനയൊളിപ്പിച്ച ചിരിയോടെ എല്ലാവരെയും നോക്കി നിൽക്കുന്നവൾ…. ഹൃദയമൊന്നു പിടഞ്ഞവന്…
“ഞാൻ കല്യാണിയെ വിവാഹം ചെയ്താൽ പകരം സംഗീതയെ ആരാണമ്മേ വിവാഹം കഴിയ്ക്കുക…. ?
അതിനൊരാളെ കണ്ടു വെച്ചിട്ടില്ലേ നിങ്ങള്…?
ദേഷ്യത്തോടെയുള്ള വിജയുടെ ചോദ്യത്തിലും ഭാവത്തിലും അവനെ പകച്ചു നോക്കി അവരെല്ലാവരും….
“നീയെന്താടാ ഈ പറയുന്നത്… അവൾക്ക് നമ്മളെന്തിനാ ആളെ കണ്ടെത്തുന്നത്… അതൊക്കെ അവളുടെ വീട്ടുകാർ നോക്കില്ലേ…?
അപ്പച്ചിയുടെ ചോദ്യം കേട്ടതും അമ്മയെ മിഴിച്ചു നോക്കി വിജയ്….
“അങ്ങനെയാണോ അമ്മേ…?
അങ്ങനെ മതിയോ… ?
നിന്ന നിൽപ്പിൽ എന്റെ ഭാര്യയായ് ഈ വീടിന്റെ മരുമകളായ് ഇവളെ അന്ന് സ്വീകരിക്കുമ്പോൾ ഇങ്ങനെയാണോ ഇവൾക്കും ഇവളുടെ വീട്ടുകാർക്കും അമ്മ വാക്കു കൊടുത്തത്….?
വിജയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ തല താഴ്ത്തി അമ്മ….
അമ്മേ…..
തനിയ്ക്ക് മുന്നിൽ തലതാഴ്ത്തി നിൽക്കുന്ന അമ്മയെ വിളിച്ചു വിജയ്…
“ഇവളെന്റെ ഭാര്യയാണമ്മേ… ഈ ജന്മത്തിൽ മാത്രമല്ല ഇനി വരും ജന്മങ്ങളിലും എന്റെ പാതിയായ് ഇവൾ മാത്രം മതിയെന്ന് ഞാനാഗ്രഹിയ്ക്കുന്ന എന്റെ ഭാര്യ…”
സംഗീതയെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടവളുടെ നെറ്റിയിൽ മൃദുവായ് ഉമ്മ വെച്ച് വിജയ് പറഞ്ഞതു കേട്ടവിടെ നിന്നവർക്കൊപ്പം ഞെട്ടി സംഗീതയും….
ഞെട്ടൽ നിറഞ്ഞ അതേ
മുഖത്തോടെയവൾ അവനെ മിഴികൾ ഉയർത്തി നോക്കിയതും ആ മിഴികളിൽ അമർത്തി തന്റെ ചുണ്ടുകൾ ചേർത്തവൻ
സോറി….
കാതോരം അവൻ പറഞ്ഞതും മിഴിനീരിറ്റി സംഗീതയിൽ…
“നിന്നെ ചേർത്തു പിടിയ്ക്കാത്തത് ഇഷ്ടമില്ലാഞ്ഞിട്ടല്ലായിരുന്നു സംഗീ..പകരം നിന്നെ അറിയാൻ നിന്നെ സ്നേഹിക്കാൻ സമയം വേണമായിരുന്നു എനിയ്ക്ക്… എന്റെ ജീവിതത്തിലേയ്ക്ക് നീ വരേണ്ടത് പകരക്കാരി ആയിട്ടാവരുതെന്ന നിർബന്ധവും ഉണ്ടായിരുന്നു…. എന്റെ ആ നിർബന്ധങ്ങൾ കാരണം ഇവർക്കിടയിൽ നീ കുറെ സഹിച്ചിട്ടുണ്ടെന്ന് ഇന്നെനിയ്ക്ക് മനസ്സിലായ്… ഇനിയുണ്ടാവില്ല അങ്ങനെയൊന്നും… ”
പറയുന്നതിനൊപ്പം സംഗീതയെ തന്റെ കൈകളിൽ കോരിയെടുത്ത് മറ്റൊരാളെയും ഗൗനിക്കാതെ വിജയ് തങ്ങളുടെ മുറിയിലേക്ക് നടന്നതും അവിടെ നിന്നവരുടെയെല്ലാം മുഖം അരുതാത്ത കാഴ്ചയെന്തോ കണ്ടതുപോലെ വിളറി പോയ്…
അതു കണ്ടെതും ചിരി തെളിഞ്ഞത് വിക്രമിന്റെ മുഖത്താണ്….
“അമ്മേ… പത്തു മാസം കഴിയുമ്പോഴേയ്ക്ക് ഒരു തൊട്ടിൽ കെട്ടാൻ റെഡിയായിരുന്നോ അമ്മ…അമ്മയുടെ ആഗ്രഹം വേഗം തന്നെ സാധിപ്പിച്ചു തരും അവൻ…എല്ലാമൊന്ന് ഉൾക്കൊള്ളാനിത്തിരി സമയമേ അവനാകെ വേണ്ടിയിരുന്നുള്ളു…അതുകിട്ടി…ഇനിയവരുടെ ജീവിതം അവൻ നോക്കിക്കോളും…
അവനെ സ്വന്തമായ കിട്ടുമെന്ന് പ്രതീക്ഷിച്ച് ഇനിയാരും ഇവിടെ പെറ്റ് കിടക്കണമെന്നില്ല അമ്മേ…”
കല്യാണിയിൽ നോട്ടമുറപ്പിച്ച് അമ്മയോടു പറഞ്ഞ് വിക്രം സ്വന്തം മുറിയിലേക്ക് നടന്നതും കണ്ട സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞ വേദനയോടെ ആ വീടിന്റെ പടിയിറങ്ങി കല്യാണി….
✍️രജിത ജയൻ
