മോളെ… പറയുന്നത് കൊണ്ടൊന്നും തോന്നരുത്.ഗർഭിണി ആയിരിക്കെ നിന്റെ ഭർത്താവു പോയി ഇപ്പൊ ദേ കുഞ്ഞും.ഈ അവസ്ഥയിൽ നീയെങ്ങനെ ഒറ്റയ്ക്ക്….

“വിശുദ്ധ മുലകൾ ”

മാറിൽ നിറഞ്ഞുകെട്ടിയ പാൽ വേദനയായി മാറിയപ്പോൾ അത് പിഴിഞ്ഞൊഴുക്കിക്കളയാൻ ഒരുങ്ങുകയായിരുന്നു മേരി, അന്നേരം അവളുടെ കണ്ണുകളിൽ നിറഞ്ഞുനിന്നത് സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു അമ്മയുടെ നിശ്ശബ്ദമായ ദുഃഖമായിരുന്നു.

പ്രസവവേദനയുടെ അവസാന നിമിഷങ്ങളിൽ പോലും തന്റെ കൈകളിലേക്ക് എത്താതെ പോയ കുഞ്ഞിന്റെ ഓർമ്മകൾ അപ്പോഴും അവളുടെ നെഞ്ചിൽ ഒരു നീറുന്ന മുറിവായി കിടന്നു.

ആശ്വസിപ്പിക്കാൻ അടുത്താരുമില്ല. ഗർഭിണിയായിരിക്കെ നഷ്ടപ്പെട്ട ഭർത്താവിന്റെ ഓർമ്മയും, കൈകളിലെത്താതെ പോയ കുഞ്ഞിന്റെ ശൂന്യതയും ചേർന്നവളുടെ ഹൃദയം ഓരോ നിമിഷവും തകർത്തുകൊണ്ടിരുന്നു.

ഒടുവിൽ വേദന സഹിക്ക വയ്യാതെയവൾ പതിയെ തന്റെ മാറിലേക്ക് കൈ അമർത്താൻ തുടങ്ങിയപ്പോഴാണ് പിന്നിൽ നിന്നുമൊരു വിളി കേട്ടത്.

“മേരിപ്പെണ്ണേ… അത് പിഴിഞ്ഞു കളയല്ലേ.”

മേരി പതിയെ തിരിഞ്ഞുനോക്കി. അത് ഭവാനിയമ്മയായിരുന്നു.
അവരുടെ മകളായ തുളസിയെയും മേരിയെയും ഏതാണ്ട് ഒരേ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുളസിക്ക് ചുറ്റും എന്നും സ്നേഹമുള്ള ആളുകളായിരുന്നു. ആ ഭാഗ്യം പലവട്ടം അസൂയയോടെ നോക്കിനിന്നവളാണ് മേരി.

“തുളസിക്കെന്ത് കുഞ്ഞാണ്?”

അവൾ മാറിൽ കൈ അമർത്തി പിടിച്ച ശേഷം ചോദിച്ചു.

മോനാണ് മോളെ, പക്ഷെ അവനെയൊന്നു കാണാൻ പോലും നിക്കാതെ “ഞങ്ങടെ തുളസിക്കൊച്ചു പോയി.അവളുടെ കുഞ്ഞവിടെ പാലിന് വേണ്ടി കരഞ്ഞു തളരുവാ.പറ്റുമെങ്കിൽ നീയീ പാല് ഞങ്ങടെ കൊച്ചിന് കൊടുക്കെടി.”നിനക്ക് പുണ്യം കിട്ടും.

അവരുടെ കണ്ണുകളിൽ അപേക്ഷയും ഹൃദയത്തിൽ തീരാത്ത വേദനയും നിറഞ്ഞിരുന്നു.

ആ വാക്കുകൾ മേരിയുടെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞു. സ്വന്തം കുഞ്ഞിന്റെ കരച്ചിൽ ഒരിക്കലും കേൾക്കാൻ ഭാഗ്യമില്ലാതെ പോയ താനും,അമ്മയെ തേടി വിശന്ന് കരയുന്ന ആ കുഞ്ഞും…. അങ്ങനെയാ രണ്ട് വേദനകളും ഒരേ നിമിഷം അവളുടെ ഹൃദയത്തിൽ ഒന്നായി തീർന്നു.

കണ്ണുകളിൽ നിറഞ്ഞ കണ്ണുനീർ പതിയെ തുടച്ചുകൊണ്ട് മേരി പറഞ്ഞു,

“കുഞ്ഞിനെ എടുത്തോണ്ട് വാ അമ്മേ.. അവനു ഞാൻ പാല് കൊടുക്കാം.”

ആ വാക്കുകളിൽ ഒരമ്മയുടെ ഹൃദയം മുഴുവൻ ഉണ്ടായിരുന്നു.

അൽപസമയത്തിനകം അവർ കുഞ്ഞിനെയും കൊണ്ട് തിരികെയെത്തി.

അവളാ കുഞ്ഞിനെ മെല്ലെയൊന്നു നോക്കി. തലനിറയെ മുടിയും നിഷ്കളങ്കമായ മുഖവുമുള്ള ഒരു തങ്കകുടം.

മേരി പതിയെ അവനെ കൈകളിലെടുത്തു. വിശപ്പുകൊണ്ട് വിറച്ച ആ കുഞ്ഞിന്റെ ചുണ്ടുകൾ അവളുടെ മാറോട് ചേർന്ന നിമിഷം,ആർത്തിയോടെയവൻ പാൽ കുടിച്ചുതുടങ്ങി.അവന്റെ മുഖത്തൊരാശ്വാസം വിരിഞ്ഞു.ഏറെ നേരമായി തേടിയിരുന്ന സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ചൂടവൻ കണ്ടെത്തിയിരിക്കുന്നു.

അവന്റെ ചെറുകൈകൾ അവളുടെ സാരിയിൽ മുറുകെപ്പിടിച്ചു.അവന്റെ ശ്വാസത്തിന്റെ ചൂടവളുടെ മാറിൽ തട്ടിയ നിമിഷം, കുറച്ചു നേരമായുള്ളിൽ കത്തിക്കൊണ്ടിരുന്നയവളുടെ വേദനയൊന്നു ശമിച്ചു.ആ നിമിഷം മേരിക്ക് തോന്നി തന്റെ നഷ്ടപ്പെട്ട മാതൃത്വം മറ്റൊരു രൂപത്തിൽ ദൈവം തനിക്ക് തിരികെ തന്നതാണെന്ന്.

അവൾ കുഞ്ഞിനെ മാറോടു ചേർത്തുപിടിച്ചപ്പോൾ, സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു അമ്മയുടെ വേദനയും അമ്മയെ നഷ്ടപ്പെട്ട ഒരു കുഞ്ഞിന്റെ നിസ്സഹായതയും ഒരേ ഹൃദയത്തിൽ ലയിച്ചു.

പതിയെ പതിയെ കുഞ്ഞിന്റെ വിശപ്പടങ്ങുമ്പോൾ,മേരിയുടെ ഉള്ളിലെ ശൂന്യതയും പതിയെ നിറഞ്ഞു.

പാലു കുടിച്ച് വിശപ്പടങ്ങിയാ കുഞ്ഞവവളുടെ മാറിൽ മുഖം ചേർത്ത് കിടന്നു.

അത് കണ്ടപ്പോൾ ഭവാനിയമ്മ പതിയെ പറഞ്ഞു.

“മോളെ… പറയുന്നത് കൊണ്ടൊന്നും തോന്നരുത്.ഗർഭിണി ആയിരിക്കെ നിന്റെ ഭർത്താവു പോയി ഇപ്പൊ ദേ കുഞ്ഞും.ഈ അവസ്ഥയിൽ നീയെങ്ങനെ ഒറ്റയ്ക്ക് ജീവിക്കും?

നിനക്ക് സമ്മതമാണെങ്കിൽ ഞങ്ങളോടൊപ്പം പോരേടി. ഞങ്ങടെ കുഞ്ഞിന് ഒരമ്മയുടെ മുലപ്പാലും കിട്ടും.നിനക്ക് സന്തോഷമായി താമസിക്കാൻ ഒരു വീടും കിട്ടും.ഒരിക്കലും നിന്നെ ഞങ്ങൾ അന്യയായി കാണില്ല.”
നിനക്കവിടെ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല മോളെ…

അവരോടുള്ള മറുപടിക്കായുള്ള വാക്കുകൾ തിരയുമ്പോഴാണ് കുഞ്ഞവളുടെ മടിയിലേക്ക് മൂത്രമൊഴിച്ചത്.

“വയർ നിറഞ്ഞല്ലേടാ കള്ളാ….

അവളാ കുഞ്ഞിന്റെ നെറ്റിയിൽ ഒരുമ്മ നൽകി.ആ നിമിഷം അവൾക്കത് തന്റെ സാരി മലിനമാക്കിയ കുഞ്ഞായിരുന്നില്ല.

ഒരമ്മയുടെ മടിയിൽ നിർഭയമായി കിടക്കാൻ തുടങ്ങിയ ഒരു കുഞ്ഞായിരുന്നു.
കാരണം,ഒരു കുഞ്ഞ് വിശപ്പടക്കി വയർ നിറഞ്ഞാൽ മാത്രമേ ഇങ്ങനെ നിസ്സങ്കോചമായവന്റെ അമ്മയുടെ മടിയിൽ മൂത്രമൊഴിക്കൂ.

ആ നനവവൾക്ക് അഴുക്കായിരുന്നില്ല.അതവളിലെ അമ്മയ്ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു.

ആ കുഞ്ഞവളെ തന്റെ അമ്മയായി സ്വീകരിച്ചുവെന്ന നിശ്ശബ്ദമായ സാക്ഷ്യമായിരുന്നത്…

സമാധാനത്തോടെ ഉറങ്ങിത്തുടങ്ങിയ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയിരുന്ന മേരിയുടെ കണ്ണുകളിൽ വീണ്ടും കണ്ണുനീർ നിറഞ്ഞു.സ്വന്തം കുഞ്ഞിനെ വിധി കവർന്നെടുത്തെങ്കിലും,അവളുടെ മാറിൽ നിറഞ്ഞു കെട്ടിയ പാൽ വെറുതെയായില്ല.

അവളുടെ സ്വന്തം കുഞ്ഞിന് കുടിക്കാനാകാതെ പോയ ഓരോ തുള്ളിപ്പാലും, മറ്റൊരാളുടെ ജീവനായി മാറിയിരിക്കുന്നു. അവൾ ഭവാനിയമ്മയെ നോക്കിയ ശേഷം പറഞ്ഞു നിങ്ങൾ വിഷമിക്കണ്ട ഇവന് വേണ്ടി…..
ഇവന് വേണ്ടി മാത്രം ഞാൻ നിങ്ങളുടെ കൂടെ വരാം….

ഉറക്കത്തിൽ നിന്നും ഞെട്ടിയേറ്റ കുഞ്ഞുറക്കെ കരഞ്ഞു തുടങ്ങി അവന്റെ ചുണ്ടുകൾ വിറച്ച് തുടങ്ങി അത് കണ്ടിട്ടാവണം അവളുടെയാ വിശുദ്ധമുലകൾ അവനു വേണ്ടി പിന്നെയും പിന്നെയും ചുരത്തിക്കൊണ്ടിരുന്നു

മാതൃത്വം രക്തബന്ധങ്ങളുടെ അതിരുകളിൽ പൂട്ടിയിടാൻ കഴിയില്ലെന്നും
ഒരു കുഞ്ഞ് വിശന്ന് കരയുന്നിടത്തോളം, ലോകത്തിലെ ഓരോ അമ്മയുടെ മാറിലും ദൈവം ഒളിപ്പിച്ചുവെച്ച ഒരു കരുണയുറവയുണ്ടെന്നുമവളന്നു തിരിച്ചറിഞ്ഞു.

കാരണം,ഒരമ്മയുടെ മുലകൾ വെറും ശരീരത്തിന്റെ ഭാഗമല്ല.

അവ വിശക്കുന്ന ജീവന് നൽകുന്ന ആദ്യ അന്നമാണ്.

കരയുന്ന കുഞ്ഞിന് ലഭിക്കുന്ന ആദ്യ ആശ്വാസമാണ്.

ഭയക്കുന്ന മനസ്സിന് കിട്ടുന്ന ആദ്യ അഭയമാണ്.

സ്നേഹത്തിന് രൂപമുണ്ടെങ്കിൽ അതൊരമ്മയുടെ മടിത്തട്ടാണ്.

കരുണയ്ക്ക് ശബ്ദമുണ്ടെങ്കിൽ അത് പാലൂട്ടുന്ന ഒരമ്മയുടെ ഹൃദയമിടിപ്പാണ്.

മാതൃത്വത്തിന് ഒരു വിശുദ്ധാലയമുണ്ടെങ്കിൽ,അതൊരമ്മയുടെ മാറാണ്.

ഭൂമിയിൽ ദൈവത്തിന് എല്ലായിടത്തും ഒരേസമയം എത്താൻ കഴിയാത്തതുകൊണ്ടാവണം ഓരോ കുഞ്ഞിനും വേണ്ടി ദൈവം ഒരമ്മയെ സൃഷ്ടിച്ചത്.

ഭൂമിയിലേക്ക് പിറന്നു വീഴുന്നയാ കുഞ്ഞിന്റെ കരച്ചിൽ ശമിപ്പിക്കാൻ സ്നേഹം നിറഞ്ഞൊരു മാറും, ജീവന്റെ ആദ്യ അന്നമായ പാൽ ചുരത്തുന്ന വിശുദ്ധ മുലകളും നൽകി ദൈവം സ്ത്രീകളെയെല്ലാം അനുഗ്രഹിച്ചു

കാരണം…

ഒരു കുഞ്ഞിന്റെ ജീവിതത്തിൽ ദൈവത്തിന്റെ ആദ്യ മുഖം അമ്മയാണ്.

അവളുടെ മടിയാണ് ആദ്യ സ്വർഗം.

അവളുടെ പാൽ തന്നെയാണ് ജീവൻ ആദ്യം രുചിക്കുന്ന അനുഗ്രഹം.

NB:”ഒരു സ്ത്രീക്ക് തന്റെ മുലകുടിക്കുന്ന കുഞ്ഞിനെ മറക്കാൻ കഴിയുമോ? തന്റെ ഉദരഫലത്തോട് കരുണ കാണിക്കാതിരിക്കുമോ? അവർ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല.” — യെശയ്യാവ് 49:15

✍️അച്ചു വിപിൻ

Leave a Reply

Your email address will not be published. Required fields are marked *