“ഡാ…. നമ്മുടെ നൗഫലിന്റെ ഭാര്യയല്ലേ ആ പോണത്…..?
ഇവളിതിപ്പോൾ സ്ഥിരമായിട്ട് രാവിലെ എങ്ങോട്ടോ പോവുന്നുണ്ടല്ലോ…
ഓട്ടോസ്റ്റാന്റ് കവലയിലിരുന്ന് കൂട്ടുകാരുമൊത്ത് തമാശകൾ പറഞ്ഞു ചിരിക്കുന്നതിനിടയിൽ പെട്ടന്നുള്ള അനീഷിന്റെ ചോദ്യത്തിൽ അവിടെ ഇരുന്നവരുടെയെല്ലാം നോട്ടം ബസ്സിറങ്ങി നടക്കുന്ന നീല ചുരിദാർ ധരിച്ച സ്ത്രീയിലെത്തി….
അതേടാ… അതാ നൗഫലിന്റെ ഭാര്യ തന്നെയാണ്…. സുറുമീന്നോ മറ്റോ ആണ് അവളുടെ പേര്….
കൂട്ടത്തിലെ നല്ലവനായ ജയന്റെയാണ് ആ പറച്ചിൽ…
അതോടെ അവരോടു സംസാരിച്ചവിടെ അലസ നോട്ടത്തോടെ ഇരുന്ന വേണു അനീഷിന്റെ തലയൊന്നു ചെരിച്ച് പിടിച്ച് അവരാ പറഞ്ഞ പെണ്ണിനെ നോക്കി…
കൊള്ളാം കാണാൻ അല്ലേടാ അനിഷേ….?
പെൺകുട്ടികളെ വിലയിരുത്തുന്നതിൽ കേമനായ അനീഷിനെയൊന്ന് തോണ്ടി ഒരു കണ്ണിറുക്കലോടെ ചോദിച്ചു വേണു…
“സുറുമി ആയാലും സുലേഖ ആയാലും അവളാളൊരു ഹൂറിയാണ് മോനെ വേണൂ… കാണാൻ കൊള്ളാം എന്നല്ല കാണുംതോറും കാണാൻ തോന്നുന്നത്ര അടിപൊളിയല്ലേ അവള്…… എന്താ അവളുടെ ഒരു ഭംഗി… നടപ്പിലും എടുപ്പിലും അവളുടെയത്ര ചന്തമുള്ള പെണ്ണൊരുത്തി നമുടെ ഈ നാട്ടിൽ വേറെയുണ്ടോ…?
ചുണ്ടൊന്ന് നാവു നീട്ടി നനച്ച് അനീഷ് ഒരു പ്രത്യേക ഭാവത്തിലും താളത്തിലും പറഞ്ഞതും സുറുമിയിലുടക്കി വേണുവിന്റെ കണ്ണുകൾ
നല്ല നീളത്തിൽ അതിനൊത്തവണ്ണത്തിൽ ഇരുനിറത്തിലൊരു പെണ്ണ്…
ധരിച്ചിരിയ്ക്കുന്ന നീല ചുരിദാർ ശരീരത്തിൽ ചേർന്നു പിടിച്ചു കിടക്കുന്നതു കൊണ്ട് വ്യക്തമായ് കാണാവുന്ന ആ ശരീരത്തിലെ ഉയർച്ചതാഴ്ചകളിൽ അറിയാതെ അല്പനേരം തങ്ങി നിന്നു വേണുവിന്റെ കണ്ണുകൾ
“ഇവളെയൊക്കെ കണ്ടാൽ രണ്ട് പ്രസവിച്ചതാണെന്ന് ആരെങ്കിലും പറയ്യോ… എന്തിന് ഒരുത്തന്റെ ഭാര്യ ആണെന്ന് കൂടി തോന്നില്ല അത്രയ്ക്കുണ്ട് ശരീരത്തിന്റെ ഭംഗി…
ഒരിത്തിരി പോലും കൊഴുപ്പോ മടക്കോ ഉടവോ ഒന്നുമില്ലാത്ത നല്ലടിപൊളി ശരീരം… ഇവളെയിങ്ങനെ ദിവസം കാണുമ്പോഴാണ് എന്റെ വീട്ടിലുള്ള തിന്നാനായ് മാത്രം ജീവിയ്ക്കുന്ന എന്റെ ഭാര്യയെ ഒക്കെ എടുത്തെനിയ്ക്ക് വലിച്ചെറിയാൻ തോന്നുന്നത്….തടിയൊന്ന് കുറയ്ക്കെടീന്ന് പറഞ്ഞാൽ പറഞ്ഞ വാശിയ്ക്ക് ഇരട്ടി തിന്നും പണ്ടാരം…. പിന്നെന്ത് ഭംഗി ഉണ്ടാവാനാ… ഇതു പോലെയുള്ളതിനെയൊക്കെ കണ്ട് കൊതിച്ചിങ്ങനെ ആശിക്കാം… അതിനേയുള്ളു യോഗം….”
അനീഷിന്റെ തമാശകലർന്ന സംസാരം അവിടെ കൂടിയവർക്കിടയിലൊരു പൊട്ടിച്ചിരി സൃഷ്ടിയ്ക്കുമ്പോഴും അതിലൊന്നും ശ്രദ്ധ പതിപ്പിക്കാതെ നടന്നു മറയുന്ന സുറുമിയുടെ പിന്നഴകിന്റെ ഭംഗി ആസ്വദിച്ച് ഒരു സ്വപ്ന ലോകത്തിലെന്ന പോലെ തരിച്ചിരുന്നു വേണു
“നമുടെ ടൗണിലെ ഫാഷൻ ടെക്സ്റ്റയിൽസിലാണ് അവള് ജോലി ചെയ്യുന്നത്…..
എന്നും രാവിലെയുള്ള സൂപ്പറിനാ അവള് പോവുന്നത്… തിരികെ വരുന്നത് ഈ നേരത്തും…
രണ്ടു പേർക്കും ജോലി ഇല്ലാതെ എങ്ങനെയാ ഇന്നത്തെ കാലത്ത് ഒരു കുടുംബം മുന്നോട്ടു പോണത്…. നൗഫലിനു മഴക്കാലത്ത് പണി കുറവല്ലേ…. അപ്പോ ഇതൊക്കെ തന്നെയേ നിവർത്തിയുള്ളു….
സുറുമിയിൽ തുടങ്ങി മറ്റു പലതിലേക്കും അവരുടെ സംസാരം വഴി തിരിഞ്ഞു പോയി….
പക്ഷെ അന്നത്തെ അനീഷിന്റെ സംസാരം ഒരു തുടക്കമായിരുന്നു വേണുവിന്…. സുറുമിയെ ശ്രദ്ധിക്കാൻ…. കൂടുതലറിയാൻ… പിറ്റേ ദിവസം രാവിലെ സുറുമി ജോലിയ്ക്ക് പോവുന്ന സമയമായപ്പോഴേക്കും ഓട്ടോസ്റ്റാഡിലെത്തിയിരുന്നു വേണു… വൈകുന്നേരം ജോലി കഴിഞ്ഞവൾ പോകുമ്പോഴും അവളെ, അല്ല അവളുടെ ശരീരത്തെ പിൻതുടർന്നിരുന്നു വേണുവിന്റെ മിഴികൾ…
ദിവസങ്ങൾ പോകവേ വേണുവിലൊരു ഹരമായ് നിറഞ്ഞു തുടങ്ങി സുറുമി … അവന്റെ രാവിലെകളും വൈകുന്നേരങ്ങളും അവൾക്കായ് മാറ്റിവെക്കപ്പെട്ടു…
സുറുമി എന്നൊരു പേരിനും പെണ്ണിനും ചുറ്റും വട്ടമിട്ടു പറക്കുമ്പോൾ വേണു മറന്നു പോയത് രണ്ട് കാര്യങ്ങളാണ്… അവളൊരുത്തന്റെ ഭാര്യ ആണെന്നതും താനൊരുവളുടെ ഭർത്താവാണെന്നതും തങ്ങൾക്ക് രണ്ടു പേർക്കും ഓരോ കുടുംബവുണ്ടെന്നതും
അവന്റെ ഓർമ്മയിലേ ഇല്ലായിരുന്നു…
തന്നെ വട്ടം ചുറ്റുന്ന വേണുവിന്റെ കണ്ണുകളെ പക്ഷെ സുറുമി അറിഞ്ഞതേയില്ല…
ടാ… അനീഷേ… ആ നൗഫലിന്റെ ഭാര്യ ആളത്ര ശരിയല്ലെടാ…. നമ്മളൊന്നും കരുതിയ പോലൊരു സാധു പെണ്ണല്ലവൾ…
വേണുവും അനീഷും സംസാരിച്ചിരിയ്ക്കുന്നൊരു വൈകുന്നേരം അവർക്കിടയിലേക്ക് കയറി വന്ന് ഓട്ടോ ഡ്രൈവർ റിയാസ് പറഞ്ഞതു കേട്ട് അമ്പരപ്പോടെ അവനെ നോക്കി അനീഷും വേണുവും..
“എന്തോന്നാടാ റിയാസേ നിനക്ക്….?
മര്യാദയ്ക്ക് ജോലിയെടുത്ത് കുടുംബം നോക്കുന്ന പെണ്ണുങ്ങളെ പറ്റി ചുമ്മാ അനാവശ്യം പറയുന്നോ…?
റിയാസ് പറഞ്ഞതിഷ്ടപ്പെടാതെ അവനോട് ദേഷ്യപ്പെട്ടു അനീഷെങ്കിൽ കേട്ട കാര്യത്തിന്റെ സത്യാവസ്ഥ അറിയാനുള്ള വെമ്പലാണ് വേണുവിന്റെ ഉള്ളു നിറയെ…
“പിന്നെ മര്യാദയ്ക്ക് കുടുംബം നോക്കുന്നു… ഒന്നു പോടാപ്പാ നീ… ഇന്നലെ ഞാനും കൂട്ടുക്കാരും തുണി വാങ്ങാൻ അവളുജോലി ചെയ്യുന്ന കടയിലാണ് പോയത്…. അവിടെ ചെന്നപ്പോ എന്റെ മോനെ ആണുങ്ങളുടെ സെക്ഷനിൽ ഭയങ്കര തിരക്ക്… തിരക്കെന്ന് പറഞ്ഞാൽ ഒരു മാതിരി ആണുങ്ങളുടെ ബഹളവും മറ്റുമൊക്കെ… നോക്കുമ്പോ എന്താ ഇവളും പിന്നെ ഇവളെ പോലെ തന്നെ അടിപൊളിയായ മൂന്നാലു പെണ്ണുങ്ങളുമാണ് അവിടെ ജോലി ചെയ്യുന്നത്… തിരക്ക് ഇല്ലാതെ ഇരിക്കോ….?
റിയാസ് പറഞ്ഞതും താനാഗ്രഹിച്ചതെന്തോ അത് നടക്കും എന്നൊരു തോന്നലുണ്ടായ് വേണുവിന്റെ ഉള്ളിൽ…
“അവിടുത്തെ മുതലാളി അറിഞ്ഞു വെച്ചോണ്ടാ ഇവളെയൊക്കെ ആ സെക്ഷനിൽ തന്നെ ജോലിയ്ക്ക് ഇട്ടത്… അതെടുക്ക് ഇതെടുക്ക് എന്നു പറഞ്ഞ് കൈനീട്ടുന്ന പല അവന്മാരും ഇവളുടെയൊക്കെ ശരീരത്തിൽ അറിയാത്ത പോലെ തൊടുന്നുണ്ട്… അതറിഞ്ഞിട്ടും ഇവളൊക്കെ അറിയാത്ത ഭാവത്തിൽ ചിരിച്ചു കൊണ്ടങ്ങനെ നിൽക്കും… അതോടെ വരുന്നവന്മാര് വാങ്ങാൻ വന്നതിലും അധികം തുണി വാങ്ങി പോവും…. ഇവൾക്കൊക്കെ ശമ്പളത്തിന് പുറമേ നല്ല കമ്മീഷനും കിട്ടും ഈ വകയിൽ…. പൈസ കിട്ടിയാൽ ഇവളൊക്കെ എന്തും ചെയ്യും… എന്തിനും സഹകരിക്കുകയും ചെയ്യും…. അതെനിയ്ക്കുറപ്പാണ്….”
റിയാസ് ഉറപ്പോടെ പറഞ്ഞു നിർത്തുമ്പോൾ സുറുമി എന്ന തന്റെ അടങ്ങാത്ത ആഗ്രഹത്തെ താനെത്രയും പെട്ടന്ന് തന്റെ കീഴിലെത്തിയ്ക്കും എന്നൊരു തീരുമാനം ഉള്ളിലുറപ്പിച്ചു വേണു…
” എടാ റിയാസേ സത്യം പറ നിനക്ക് സുറുമിയെ ഒന്നറിയണമെന്നൊരു കൊതി ഇല്ലേടാ നിന്റെ ഉള്ളിൽ….?
റിയാസ് തങ്ങൾക്കരികിൽ നിന്ന് പിന്തിരിഞ്ഞതും അവനൊപ്പം ചെന്ന് തിരക്കി വേണു….
വേണുവിന്റെ നില്പിലും ചോദ്യത്തിലും ഒന്നു പതറി റിയാസ്… ആ പതറൽ വളരെ വ്യക്തമായ് ഒപ്പിയെടുത്തു വേണുവിന്റെ കൗശലം നിറഞ്ഞ കണ്ണുകൾ…
‘ഒന്നുപോയെ വേണു നീ വെറുതെ ഓരോന്നും ഇല്ലാത്തത് പറഞ്ഞുണ്ടാക്കാതെ… ഞാൻ കണ്ടു മനസ്സിലാക്കിയ കാര്യം നിങ്ങളോട് പറഞ്ഞെന്നേയുള്ളു… അല്ലാതെ…. ഇനിയിപ്പോ അങ്ങനൊരു ആഗ്രഹം ഉണ്ടെങ്കിൽ തന്നെ നമ്മളെ പോലെയുള്ള ഓട്ടോക്കാരെയൊന്നും അവൾക്ക് പിടിക്കില്ല… അവളെ പോലുള്ളവൾക്കൊക്കെ നല്ല മുന്തിയ മുഴുത്തവന്മാരെയേ കണ്ണിൽ പിടിക്കൂ…. ”
ആദ്യമൊന്നെതിർത്തെങ്കിലും പിന്നെ തന്റെ ഉള്ളിലുള്ളത് റിയാസ് തുറന്നു സമ്മതിച്ചതും തിളങ്ങിയത് വേണുവിന്റെ കണ്ണുകളാണ്…
‘നിനക്ക് അങ്ങനെയൊരാഗ്രഹം ഉണ്ടെങ്കിൽ ഞാൻ നിൽക്കാടാ നിന്റെയൊപ്പം… നമ്മളെ നാട്ടിലുള്ള ആളുകളെ എടുത്തതിന്റെ ബാക്കി മതി അവളൊക്കെ പുറത്തൂന്നുള്ള എടുക്കൽ…”
തന്നോടു ചേർന്നു നിന്ന് പറയുന്ന വേണുവിന്റെ കണ്ണുകളിലെ തിടുക്കം അവൻ പറയാതെ തന്നെ പലതും റിയാസിന് മനസ്സിലാക്കി കൊടുക്കുന്നുണ്ട്… കൂട്ടിന് ആളെ കിട്ടിയ സന്തോഷ ചിരി റിയാസിലും തെളിഞ്ഞു…
“ദാ… അവളിപ്പോ ബസ്സിറങ്ങി ഈ വഴി നടന്നു വരും…. നീ ചെന്ന് ആദ്യം കാര്യം പറ അവളോട്… ആരെങ്കിലും വരുന്നുണ്ടെങ്കിൽ ഞാൻ സിഗ്നൽ തരാം… പിന്നൊരു കാര്യം അവള് ചോദിക്കുന്ന പൈസ, അവള് പറയുന്ന സ്ഥലം അതവൾക്ക് നീ ഉറപ്പുകൊടുത്തേയ്ക്ക്… ബാക്കിയൊക്കെ നമുക്ക് സെറ്റാക്കാം… ചെല്ല് നീ…. ”
റിയാസിനെ എല്ലാ പിൻതുണയും നൽകി സുറുമി വരും വഴിയിലേക്ക് പറഞ്ഞു വിട്ട് മാറിനിന്ന വേണു പിന്നെ കേൾക്കുന്നത് റിയാസിന്റെ നിലവിളിയാണ്…
ഓടിയിറങ്ങി ചെന്നതും കണ്ടു റിയാസിനെ നിലത്തു നിന്നുയർത്തി കവിളത്താഞ്ഞടിയ്ക്കുന്ന സുറുമിയെ… അതും ഒരിക്കലല്ല.. പലവട്ടം … ഒരേ കവിളിൽ തന്നെ….
അന്നേരം അവളുടെ ഭാവം അതിതു വരെ വേണു കണ്ടതായിരുന്നില്ല…
“ജീവിയ്ക്കാൻ വേണ്ടി പലതും കണ്ടില്ലാന്ന് വെച്ച് എന്നെ പോലുള്ളവർ നിൽക്കുമ്പോൾ നിനക്കൊക്കെയത് ഞങ്ങളോട് എന്തും പറയാനും ചോദിയ്ക്കാനുമുള്ള ലൈസൻസാണെന്ന് ആരാടാ നിന്നോട് പറഞ്ഞത്…. നിന്റെയൊക്കെ വീട്ടിലെ പെണ്ണിനുള്ളതേ എന്റെ ഈ ശരീരത്തിലും ഉള്ളു… ചെന്ന് അവളുമാരോട് ചോദിക്കെടാ നീയൊക്കെ ഇത്… അതുമല്ലയിനി പുതിയൊരുത്തിയെ അറിയാനുള്ള ആഗ്രഹമാണെങ്കിൽ നിന്റെയൊക്കെ പെണ്ണുങ്ങളെ അങ്ങ് മാറി എടുക്ക്… മേലാൽ… മേലാലിത്….”
വിരൽ ചൂണ്ടി സുറുമി വേണുവിനു നേരെയും…
അവളെ മുഖമുയർത്തി നോക്കാൻ കഴിയാതെ തല താഴ്ത്തി വേണു നിൽക്കുമ്പോൾ തല ഉയർത്തി പിടിച്ച് വീട്ടിലേക്ക് നടന്നിരുന്നു സുറുമി… അതേസമയം സുറുമിയുടെ അടിയേറ്റ് നീരുവന്ന കവിളിൽ കൈവെച്ച് ദയനീയമായ് അവനെ നോക്കി റിയാസും…
പിറ്റേ ദിവസം മുതൽ വേണു പഴയ വേണുവായിരുന്നു… സുറുമി എന്നൊരു പെണ്ണിനെ കാണുകയോ അറിയുകയോ ചെയ്യാത്ത വേണു…
റിയാസുമതേ പിന്നീടൊരിക്കൽ പോലും ചെന്നില്ല സുറുമിയ്ക്ക് മുമ്പിൽ… എന്തിനാ വെറുതെ പല്ലിൻറ എണ്ണം കുറയ്ക്കുകയുംഎല്ലിന്റെ എണ്ണം കൂട്ടുകയും ചെയ്യുന്നത് എന്നവൻ ചിന്തിച്ചതിൽ തെറ്റില്ല…. കാരണം കിട്ടിയ അടിയിൽ നിന്നവൻ തിരിച്ചറിത്തിരുന്നു കാണുന്ന ശരീര ഭംഗിയ്ക്കപുറം സ്വയം സംരക്ഷിക്കാനുള്ള തൻ്റേടവും കരുത്തും ഉള്ളവളാണ് സുറുമിയെന്ന്….. ഇനിയൊരിക്കൽ കൂടി അവളുടെ മുന്നിൽ ചെന്നാൽ തനിയ്ക്കൊരു മടക്കം എളുപ്പമല്ലെന്ന്….. ഇങ്ങനെയും പെണ്ണുങ്ങളുണ്ടെന്ന്….
✍️രജിത ജയൻ
