ഭർത്താവിന്റെ അച്ഛന്റെ പെങ്ങൾ അവിവാഹിതയായിരുന്നു.
അമ്മയെക്കാളേറെ എന്നെ നോക്കിയതും വളർത്തിയതും അപ്പച്ചിയാണെന്ന് ഭർത്താവ് ഇടയ്ക്കിടെ എന്നോട് പറയുമായിരുന്നു.
ഉള്ളത് പറയാമല്ലോ, അവിടുത്തെ അച്ഛനെക്കാളും അമ്മയെക്കാളും എനിക്കിഷ്ട്ടം തോന്നിയത് അപ്പച്ചിയോടാണ്.
പതിയെപ്പതിയെ എനിക്ക് മനസ്സിലായി അപ്പച്ചി ആ വീട്ടിലെ കൂലി കൊടുക്കണ്ടാത്ത ഒരു ജോലിക്കാരിയാണെന്ന്…
അമ്മ നല്ല മടിച്ചിയാണ്…
അപ്പച്ചി വേണം വീട്ടിലെ കാര്യങ്ങളൊക്കെ ചെയ്യാൻ
സമയത്ത്സമയത്ത് മറ്റുള്ളവർക്ക് ഭക്ഷണം വിളമ്പി കൊടുക്കാനും, വീട്ടിലെ കാര്യങ്ങളൊക്കെ അപ്പച്ചിയെ ഏൽപ്പിച്ചു കൊടുക്കാനും മാത്രമേ അമ്മയ്ക്ക് പറ്റൂ…
ബാക്കി എല്ലാ ഉത്തരവാദിത്തങ്ങളും അപ്പച്ചിയുടെ തലയിലാണ്.
ഞാൻ ചെന്നതിൽ പിന്നെ പണികളൊക്കെ ചെയ്യാൻ കൂടുന്നത് കൊണ്ട്, ഇപ്പോൾ ധാരാളം സമയം കിട്ടുന്നുണ്ടെന്ന് പറഞ്ഞ് അപ്പച്ചി ചിരിക്കും.
അപ്പച്ചിക്ക് എന്റെ ഭർത്താവിനെ വലിയ കാര്യമാണ്.
അമ്മ പ്രസവിച്ചു എന്ന് മാത്രമേയുള്ളൂ..
അപ്പച്ചി,ഉള്ളിലെ സ്നേഹം ഒട്ടും കുറയാതെ പകർന്നുകൊടുത്തത് എന്റെ ഭർത്താവിനാണ്.
അപ്പച്ചിയുടെ കുട്ടിക്കാലത്ത് ഇടം കവിളിൽ വലിയൊരു മുഴ ഉണ്ടായത്രേ….
അതിന്റെ സർജറി കഴിഞ്ഞ പാട് ഇപ്പോഴും കവിളിൽ ഉണ്ട്.
അപ്പച്ചിക്ക് കുറേ കല്യാണ ആലോചനയൊക്കെ വന്നിരുന്നത്രേ,
പെണ്ണ് കാണാൻ വരുമ്പോൾ ഈ പാട് കണ്ടാണെന്ന് ആളുകൾ ആലോചന വേണ്ടെന്ന് വച്ചത്.
സത്യം പറഞ്ഞാൽ അത് അപ്പച്ചിയുടെ സൗന്ദര്യം കളയുന്നത്ര വലിയ പാടൊന്നുമല്ല.
എങ്കിലും ആ പാട് പെട്ടന്ന് കണ്ണിലുടക്കും അത്ര മാത്രം.
പണ്ട് കാലത്ത് പെണ്ണിന് ഒരു ചെറിയ കുറവുണ്ടായാൽ പോലുംവിവാഹം വേണ്ടെന്ന് വയ്ക്കുമെന്ന്. ആണുങ്ങൾക്ക് കല്യാണക്കമ്പോളത്തിൽ അത്ര വിലയുള്ള കാലമായിരുന്നതത്രേ….
കുറച്ച് ആലോചനകൾ മുടങ്ങിയതോടെ അപ്പച്ചി ഇനി കല്യാണം വേണ്ടെന്ന് പറയുകയായിരുന്നു.
അച്ഛനും അമ്മയും മരണപ്പെട്ടതോടെ
അനിയനും കുടുംബത്തിനും വേണ്ടി മാത്രമായി അപ്പച്ചിയുടെ ജീവിതം.
അനിയന്റെ മകനെയും വളർത്തി, അടുക്കളപ്പണിയും ചെയ്ത് ജീവിക്കുന്ന ഒരു പാവം.
എന്റെ കാഴ്ച്ചയിൽ അപ്പച്ചി അതിസുന്ദരിയായിരുന്നു.
നരച്ചു തുടങ്ങിയ, അരയ്ക്കൊപ്പമെത്തിയ ആ
മുടിയഴക് കാണാൻ എന്ത് ചേലാണെന്നോ.
തോളൊപ്പം മാത്രം നീളമുള്ള, കളർ ചെയ്ത എന്റെ മുടി കാണുമ്പോൾ അപ്പച്ചി പറയും ഇത്തിരി എണ്ണ തേച്ച് കുളിച്ചൂടെ കുട്ടി നിനക്കെന്ന്….
അപ്പച്ചിക്ക് സ്നേഹിക്കാൻ മാത്രേ അറിയൂ…
ഞാൻ ചെന്നതിൽ പിന്നെ അപ്പച്ചിയായി എന്റെ കൂട്ട്. ഞാൻ പുറത്ത് പോകുമ്പോൾ അപ്പച്ചിയേയും കൂടെ കൂട്ടും..
ഞാൻ കാറോടിക്കുന്നത് നോക്കി അത്ഭുതത്തോടെ അപ്പച്ചി ഇരിക്കും.
ഒത്തിരി മോഹങ്ങൾ ഉള്ളിലടക്കി ജീവിക്കുന്ന ആളാണ് അപ്പച്ചിയെന്ന് എനിക്കറിയാം.
അതാ കണ്ണുകളിൽ ആർക്കും വായിക്കാവുന്നതേ ഉള്ളൂ…
എനിക്ക് സാലറി കിട്ടിയത് കൊണ്ട് അപ്പച്ചിക്ക് ഞാൻ കോട്ടൺ സാരികൾ വാങ്ങി നൽകി.
അമ്മയുടെ നിറം മങ്ങിയ സാരികൾ മാത്രം ഉടുത്ത് നടക്കുന്ന അപ്പച്ചിക്ക്, പല നിറമുള്ള പുതിയ സാരികൾ വാങ്ങി നൽകുമ്പോൾ അതൊക്കെ ഉടുത്ത് അപ്പച്ചിയെ ഒന്ന് കാണണമെന്നുള്ള ആഗ്രഹമായിരുന്നുവെനിക്ക്..
നല്ല ഉയരമുള്ള, ശരീരസൗന്ദര്യമുള്ള അപ്പച്ചി
പുതിയ സാരി ധരിച്ചു മുന്നിൽ വന്നപ്പോൾ ദേവതയാണെന്ന് തോന്നിപ്പോയി അത്രയേറെ ഭംഗിയായിരുന്നു.
ഒരിക്കൽ അപ്പച്ചി അമ്പലത്തിൽ പോയിട്ട് നടന്നു വരുന്നത് ഞാൻ റീൽ എടുത്ത് ഇൻസ്റ്റാഗ്രാമിൽ ഇട്ടു.
ഒറ്റ ദിവസം കൊണ്ട് രണ്ട് മില്യൺ ആളുകളാണ് ആ വീഡിയോ കണ്ടത്.
ഇത്രയും നാടൻ സൗന്ദര്യം ഈ കാലത്തും ഉണ്ടോയെന്ന് ആളുകൾക്ക് അത്ഭുതം…
കൃത്രിമ സൗന്ദര്യം അടക്കിവാഴുന്ന ഈ കാലത്ത്, നച്ചുറൽ സൗന്ദര്യത്തിന് ധാരാളം ആരാധകർ ഉണ്ടെന്നുള്ളതാണ് സത്യം
അറുപതുകാരിയായ അപ്പച്ചി ഇപ്പോൾ ഇങ്ങനെയാണെങ്കിൽ നല്ല പ്രായത്തിൽ എങ്ങനെയായിരുന്നിരിക്കുമെന്നറിയാനുള്ള ആഗ്രഹം കൊണ്ട് ഞാൻ അപ്പച്ചിയുടെ മുറിയിൽ പോയി പഴയ ആൽബം നോക്കുകയായിരുന്നു.
പക്ഷെ പഴയ ഫോട്ടോയിൽ അപ്പച്ചിക്ക് അത്ര സൗന്ദര്യം എനിക്ക് തോന്നിയില്ല. കവിളുകൾ നന്നേ ഒട്ടി, കഴിത്തിന്റ എല്ലൊക്കെ പൊന്തി, കണ്ണുകളിൽ വിഷാദം നിറഞ്ഞ ഒരു സ്ത്രീ..
അവർ പ്രായമായപ്പോഴാണ് സുന്ദരി ആയത്
പ്രകൃതിയുടെ വികൃതി ആയിരിക്കാം… സ്ത്രീകളുടെ സൗന്ദര്യം നഷ്ടപ്പെടുന്ന പ്രായത്തിൽ , അവരെ മാത്രം അതീവ സുന്ദരിയാക്കിയിരിക്കുന്നു
ആൽബം ഷെൽഫിലേക്ക് തന്നെ വച്ചപ്പോഴാണ്, എന്റെ നോട്ടം ഷെൽഫിൽ അടുക്കി വെച്ചിരിക്കുന്ന ബുക്കുകളിലേക്ക് പോയത്.
ഞാനത് എടുത്തു.
അയ്യോ കുട്ടീ, അതവിടെ വയ്ക്ക്…അപ്പച്ചി പറഞ്ഞു.
ഞാൻ നോക്കട്ടെ… ബലമായി ഞാനത് തുറന്നു.
കുനുകുനെ എഴുതി നിറച്ച ആ ബുക്കുകൾ നിറയെ കഥകളാണ്…
എനിക്കത്ഭുതം തോന്നി…
പലരും പലതവണയെഴുതി പഴകിയ വിഷയങ്ങൾ ആയിരുന്നില്ല, തികച്ചും വ്യത്യസ്തമായ ആശയങ്ങളാണ് ഓരോ കഥയും…
ഒരുതരം ആർത്തിയായിരുന്നു എനിക്കവ വായിക്കുമ്പോൾ…
ഇത്രയും കഴിവുകളുള്ള ആളാണ് ഈ വീട്ടിൽ ഈ അടുക്കളയിൽ കിടന്ന് കഷ്ടപ്പെടുന്നത്….
അപ്പച്ചിയുടെ സമ്മതം വാങ്ങി അത് പ്രസിദ്ധീകരിക്കാൻ കൊടുക്കുമ്പോൾ,
അപ്പച്ചി തിരക്കുള്ള എഴുത്തുകാരി ആകുമെന്നൊന്നും കരുതിയിരുന്നില്ല…
എന്നെപ്പോലെ വായനയെ സ്നേഹിക്കുന്നവർക്ക് ഒരുപിടി നല്ല കഥകൾ സമ്മാനിക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ…
പക്ഷെ, സാഹിത്യ ലോകത്ത് ആ പുതിയ എഴുത്തുകാരി ചർച്ചയായി എന്ന് തന്നെ പറയാം.
ബുക്ക് ധാരാളമായി വിറ്റ് പോയി.
നാട്ടുകാരിൽ പലരും അപ്പച്ചിയെ കാണാൻ വീട്ടിൽ വന്നു.
അവരുടെ കണ്ണുകളിലെ ആരാധനയും സ്നേഹവും ഒക്കെ കണ്ട് അപ്പച്ചി ഒന്നും വിശ്വസിക്കാനാവാതെ നിൽക്കുകയാണ്.
അൽപ്പം വൈകിയാലും അപ്പച്ചി ഇപ്പോൾ ജീവിതത്തിന്റെ സുഖവും സന്തോഷവും തിരിച്ചറിയുകയാണ്…
ഇത്രയും കഴിവുള്ള ആളെ അടുക്കളക്കാരിയാക്കി സ്വയം സന്തോഷിച്ച അമ്മക്ക് ഇപ്പോൾ വല്ലാത്ത കുറ്റബോധമുണ്ടെന്ന് തോന്നുന്നു…
അമ്മയിപ്പോൾ രാവിലേയുണർന്ന് അടുക്കളപ്പണിയൊക്കെ ചെയ്യും.ഞാനും കൂടും.
അമ്മ എത്ര വേണ്ടെന്ന് പറഞ്ഞാലും അപ്പച്ചിയും ഞങ്ങളോടൊപ്പം കൂടും.
അപ്പച്ചിയെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ പഠിപ്പിച്ചത് ഞാനാണ്.
എഴുത്തുകാരിയെ പിന്തുടരാൻ ധാരാളം പേരുണ്ടായിരുന്നു. അപ്പച്ചിയുടെ ചെറിയ കുറിപ്പുകൾ പോലും ആളുകൾ ഇരുകൈയും നീട്ടി സ്വീകരിച്ചു
അപ്പച്ചിക്ക് യൂട്യൂബിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും ഫേസ്ബുക്കിൽ നിന്നുമായി നല്ലൊരു തുക തന്നെ മാസം തോറുമിപ്പോൾ കിട്ടുന്നുണ്ട്
ഞാൻ ചെന്നതിന് ശേഷമുള്ള മൂന്ന് വർഷങ്ങൾ അപ്പച്ചിയെ വല്ലാതെ മാറ്റി…
അപ്പച്ചിക്കിപ്പോൾ എന്തൊരു സന്തോഷമാണെന്നോ…
കിട്ടുന്ന പണത്തിൽ നിന്നും ഏറിയ പങ്കും അർഹതപ്പെട്ട പാവം മനുഷ്യരിൽ എത്തിക്കാൻ അപ്പച്ചിക് ഒരു മടിയും ഇല്ലായിരുന്നു. ഞാനീ പണമൊക്ക ആർക്ക് വേണ്ടി സൂക്ഷിക്കാനാണെന്ന് അപ്പച്ചി ചോദിക്കും..
ഏറെ വൈകാതെ അപ്പച്ചി, അപ്പച്ചിക്ക് വീതം കിട്ടിയ പറമ്പിൽ ഒരു കൊച്ചുവീട് പണി കഴിപ്പിച്ച്, ഞങ്ങളുടെ കണ്മുന്നിൽ തന്നെ സന്തോഷമായി ജീവിക്കുന്നുണ്ട്..
അപ്പച്ചിയുടെ ഒരേയൊരു ആഗ്രഹമായിരുന്നു.
സ്വന്തമായി ഒരു വീട്….
ആ വീട്ടിൽ തിമിർത്തു പെയ്യുന്ന ഇടവപ്പാതിയെ നോക്കി വെറുതെയിരിക്കണമെന്ന് അപ്പച്ചി ഒരിക്കൽ കുറിച്ചത് ഞാൻ ഓർക്കുന്നു.
നമുക്കായി പലതും പ്രകൃതിയൊരുക്കി വച്ചിട്ടുണ്ട്.അൽപ്പം വൈകിയാലും നമ്മളിലേക്കവ എത്തിച്ചേരാതിരിക്കില്ല എന്നെനിക്കപ്പോൾ തോന്നി….
✍️Anju Thankachan
