“അവര് നമ്മളെ കൊല്ലും എന്ന് പറഞ്ഞു എന്ന് അവൾ എന്നോട് ചോദിച്ചപ്പോൾ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു പറഞ്ഞു ഒന്നും ആർക്കും നമ്മളെ ചെയ്യാൻ കഴിയില്ലടാ എന്ന്…

(രചന: J. K)

“”””ആരാ… അമ്മേ???””

ശ്രീക്കുട്ടി അത് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ അവളെ ചേർത്തുപിടിച്ച് അമ്മ പറഞ്ഞു അത് ആരുമില്ല ഏതു റോങ്ങ് നമ്പർ ആണ് എന്ന്..

അവൾക്ക് ആ പറഞ്ഞത് വിശ്വാസമായില്ല എന്ന് അവളുടെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായിരുന്നു അഞ്ചാം ക്ലാസിൽ എത്തിയതേയുള്ളൂ എങ്കിലും കുട്ടിക്ക് എന്തൊക്കെയോ ഗ്രഹിച്ച് എടുക്കാനുള്ള പ്രായമൊക്കെ ആയിട്ടുണ്ടല്ലോ….

“””” അവര് നമ്മളെ കൊല്ലും എന്ന് പറഞ്ഞു എന്ന് അവൾ എന്നോട് ചോദിച്ചപ്പോൾ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു പറഞ്ഞു ഒന്നും ആർക്കും നമ്മളെ ചെയ്യാൻ കഴിയില്ലടാ എന്ന്…
“””‘ അമ്മേ ഇനി എനിക്ക് എന്നാണ് സ്കൂളിലേക്ക് പോകാൻ പറ്റുക?””

എന്ന് അവൾ ചോദിച്ചപ്പോൾ എന്തോ ഉള്ളിൽ ഒരു സൂചി കുത്തി ഇറക്കുന്നത് പോലെ തോന്നി ഒരു തെറ്റും ചെയ്യാത്ത കുട്ടിയാണ് ഇപ്പോൾ ക്രൂശിക്കപ്പെടുന്നത്…

അവൾക്ക് സകലരോടും ദേഷ്യം തോന്നി…

“”” അമ്മയുടെ മുത്തിന് സ്കൂളിലേക്ക് പോണോ?? “””

എന്ന് ചോദിച്ചപ്പോൾ ആ കണ്ണുകളിൽ വീണ്ടും ഭീതി വന്നു നിറയുന്നത് അവൾ കണ്ടു. അവളെ ചേർത്തുപിടിച്ചപ്പോൾ ആ കുഞ്ഞ് പതിഞ്ഞ സ്വരത്തിൽ പറഞ്ഞിരുന്നു

“””പേടിയാ അമ്മേ “””
എന്ന്….

ചേർത്തുപിടിച്ച് അവളെ ഉറക്കുമ്പോൾ മുഴുവൻ ആ വന്ന ഭീഷണി ഫോൺ കോളുകളിലായിരുന്നു അവളുടെ മനസ്സ്…

പ്രണയവിവാഹമായിരുന്നു തന്റേത് വീട്ടുകാരെ എല്ലാം വെറുപ്പിച്ചിട്ടാണ് ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ഇറങ്ങിപ്പോന്നത് അതുകൊണ്ടുതന്നെ അവർ ആരും ഒന്നിനും കൂടെ ഉണ്ടായിട്ടില്

ല ഒരു കുഞ്ഞിനെ ഗർഭം ധരിച്ചപ്പോഴും പ്രസവിച്ചപ്പോഴും എല്ലാം ഒറ്റയ്ക്കായിരുന്നു… സഹായത്തിന് മറ്റാരും ഉണ്ടായിരുന്നില്ല പക്ഷേ അദ്ദേഹം നിഴൽ പോലെ കൂടെ ഉണ്ടായിരുന്നു….

അതുകൊണ്ടുതന്നെ യാതൊരു കഷ്ടപ്പാടും അറിഞ്ഞിട്ടില്ല അറിയുന്നത് പോലെ എല്ലാം ചെയ്തു മുന്നോട്ടു തന്നെ നീങ്ങി…

അദ്ദേഹത്തിന് പെൺകുട്ടികൾ എന്ന് വെച്ചാൽ ജീവനായിരുന്നു മോളെ കിട്ടിയപ്പോൾ നിലത്തൊന്നും വയ്ക്കാതെ കൊണ്ട് നടന്നു പക്ഷേ ആ സന്തോഷം അധികകാലം നീണ്ടു നിന്നില്ല…

രാവിലെ എണീക്കേണ്ട സമയം കഴിഞ്ഞു എണീക്കാതെ ആയപ്പോഴാണ് പോയി വിളിച്ചത്. അപ്പോൾ കണ്ടു വിറങ്ങലിച്ച് കിടക്കുന്ന അദ്ദേഹത്തെ..

ജീവിതം നിന്നു എന്ന് വിചാരിച്ചതാണ്… പക്ഷേ എന്റെ മകൾക്ക് വേണ്ടി ഞാൻ പിന്നെയും ജീവിച്ചു. അവൾ മാത്രമായിരുന്നു എന്റെ ലോകം….

ഒരിക്കൽപോലും ഒരു സഹായവും ചോദിച്ച് ആരെയും ബുദ്ധിമുട്ടിക്കില്ല എന്നത് എന്റെ തീരുമാനമായിരുന്നു…

കാരണം എന്നിലെ പെണ്ണിന് അഭിമാനത്തോടുകൂടി ജീവിക്കാനുള്ള വിദ്യാഭ്യാസവും അറിവും എനിക്കുണ്ടായിരുന്നു….

പക്ഷേ പിന്നെയും വിധി ഞങ്ങൾക്കായി കാത്തുവെച്ചത് കനൽ പാതകൾ ആണ് എന്നറിയില്ലായിരുന്നു….

നല്ല സ്മാർട്ട് ആയിരുന്നു ശ്രീക്കുട്ടി പഠിക്കാനും മിടുക്കി..

പക്ഷേ ഈയിടെയായി അവളുടെ സ്വഭാവത്തിൽ വല്ലാത്ത മാറ്റം… എപ്പോഴും മുറിയിൽ ഒറ്റയ്ക്ക് ഇരിക്കും ഒന്നും പഠിക്കില്ല പരീക്ഷയിൽ എല്ലാം മാർക്ക് വളരെ കുറവ് എന്താ പറ്റിയത് എന്ന് അവളോട് ചോദിച്ചിട്ടും അവൾ മറുപടിയൊന്നും പറഞ്ഞില്ല…

അവളെ അടുത്ത് ഒരു ദിവസം ഒരുപാട് ചോദിച്ചപ്പോഴാണ് അവൾ പറഞ്ഞത് പുതുതായി സ്കൂളിലേക്ക് മാറ്റം കിട്ടിവന്ന മാഷിനെ പറ്റി..

കുട്ടികളുടെ സ്വകാര്യഭാഗത്ത് ഒക്കെ സ്പർശിക്കുമത്രേ.. അവളുടെ മാത്രമല്ല ക്ലാസിലുള്ള എല്ലാ പെൺകുട്ടികളെയും…

ചെറിയ മക്കൾക്ക് അത് എന്തിനാണ് എന്ന് പോലും അറിയില്ല പക്ഷേ ചെയ്യുന്നത് തെറ്റാണ് എന്ന് മനസ്സിലായിട്ടുണ്ട്…

ഒരുപക്ഷേ ഗുഡ് ടച്ച് ബാഡ് ടച്ചും പറഞ്ഞ് മനസ്സിലാക്കി കൊടുത്തതിന്റെ ആവാം…
പക്ഷേ മനസ്സിലാക്കി കൊടുത്തതിൽ ഒന്ന് മാത്രം ചെയ്യാൻ അവർക്ക് അപ്പോഴും ധൈര്യമില്ലായിരുന്നു, ശക്തമായി നോ”””” എന്ന് പറയാൻ….

ഒരുപക്ഷേ എന്തെങ്കിലും പറഞ്ഞ് അയാൾ അവരെ ഭീഷണിപ്പെടുത്തി കാണണം. കുഞ്ഞുങ്ങളല്ലേ പേടിച്ചും കാണണം… അറിഞ്ഞത് എനിക്ക് സ്വയം നഷ്ടപ്പെടുന്ന പോലെ തോന്നി..

ഞാൻ പൊന്ന് പോലെ വളർത്തുന്ന എന്റെ കുഞ്ഞിനെ അയാൾ….

വെറുതെ വിടാൻ ഉദ്ദേശമില്ലായിരുന്നു സ്കൂളിൽ പോയി പരാതി കൊടുത്തു പിന്നെ പോലീസിലും, ബാലാവകാശ കമ്മീഷനിലും എനിക്ക് കഴിയാവുന്ന ഇടത്തെല്ലാം പരാതി കൊടുത്തു….

അപ്പോഴാണ് അറിഞ്ഞത് അയാൾ ഏതോ പാർട്ടി പ്രവർത്തകൻ ആണത്രേ. അതുകൊണ്ടുതന്നെ ഭീഷണി വരുന്നത് ഇത്തിരി ഒന്നുമല്ലായിരുന്നു…

ഒരുപാട് പേര് എല്ലാം കോംപ്രമൈസ് ആക്കാൻ വേണ്ടി വീട്ടിൽ കയറി ഇറങ്ങി…
എന്റെ കുഞ്ഞിന്റെ കാര്യത്തിൽ യാതൊരു കോംപ്രമൈസും ഇല്ലായിരുന്നു…

അതിനുശേഷം ആണ് ഈ ഭീഷണി കോളുകൾ തുടങ്ങിയത്…

അതിനേക്കാൾ കഷ്ടം അവളെ മറ്റൊരു രീതിയിൽ എല്ലാവരും കാണുന്നു എന്നതാണ്..
കുഞ്ഞുങ്ങളുള്ള അമ്മമാർ പോലും അവളെ കാണുമ്പോൾ മറ്റുള്ളവരെ തോണ്ടി പരിഹസിച്ച് ചിരിക്കുന്നത് കാണാം. അത് കാണുമ്പോൾ നെഞ്ച് വിങ്ങിപ്പൊട്ടും..

അല്ലെങ്കിലും നമ്മുടെ സമൂഹം അങ്ങനെയാണ് പലപ്പോഴും തെറ്റ് ചെയ്തവരെക്കാൾ അതിന് ഇരയായവർ ക്രൂശിക്കപ്പെടും….

എന്തുതന്നെ വന്നാലും ഇനി ഞങ്ങളെ കൊന്നാലും ശരി ഈ കേസുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് എന്റെ തീരുമാനം…

ഇന്ന് ഞാൻ അയാളെ വെറുതെ വിട്ടാൽ ഒരുപക്ഷേ മറ്റൊരു അമ്മയുടെ മറ്റൊരു കുഞ്ഞിനെ കൂടി ഇത് അനുഭവിക്കേണ്ടിവരും…

ഭാഗ്യത്തിന് എന്റെ മോൾക്ക് കൂടുതലൊന്നും സംഭവിച്ചില്ല ഒരുപക്ഷേ ഇതിൽ കൂടുതൽ എന്തെങ്കിലും മറ്റൊരു കുഞ്ഞിനെ സംഭവിച്ചാൽ അങ്ങനെ പാടില്ല..

ആദ്യമൊക്കെ എല്ലാ കുട്ടികളുടെ ബാലൻസ് മുന്നിലേക്ക് വന്നിരുന്നു ഈ അധ്യാപകനെതിരെ കേസ് കൊടുക്കാൻ

പക്ഷേ പിന്നീട് ഭീഷണി കൊണ്ടാണോ എന്തോ അറിയില്ല അവരെല്ലാം പുറകിലേക്ക് തന്നെ പോയി ആരും കൂടെയില്ലെങ്കിലും എനിക്ക് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല..

ഭർത്താവില്ലാത്ത ഒരു പെണ്ണിന്റെ തോന്നിവാസമായി ചിലരെല്ലാം പറയാൻ തുടങ്ങി…

വാത്സല്യം ചൊരിയേണ്ട ഒരു അധ്യാപകൻ ഒരു പിഞ്ചു കുഞ്ഞിനോട് ചെയ്തു തെറ്റ് ആർക്കും പ്രശ്നമല്ലായിരുന്നു…

കാമകണ്ണിലൂടെ അവളെ കണ്ട് അയാൾ ചെയ്ത തെറ്റിന് അനുഭവിക്കേണ്ടിവരുന്നത് എന്റെ കുഞ്ഞാവും എന്നാണ് എല്ലാവരുടെയും ഭാഷയും അത് എങ്ങനെയാണ് എന്ന് എനിക്ക് മനസ്സിലായില്ല…

സമൂഹത്തിന്റെ വൃത്തികെട്ട കാഴ്ചപ്പാട് മാത്രമാണ് അത് ഇപ്പോൾ അതിൽ നിന്നും ഉയർന്ന ചിന്തയുള്ളവരൊക്കെ ഉണ്ടാവാൻ തുടങ്ങിയിരിക്കുന്നു…

അത്തരക്കാരും മതി എനിക്ക് സഹായവുമായി ചിലരെങ്കിലും എന്റെ കൂടെ ഉണ്ടായിരുന്നു..
പറഞ്ഞതുപോലെ തന്നെ അയാൾക്ക് ശിക്ഷ മേടിച്ചു കൊടുത്തു അയാളുടെ ജോലി കളയിക്കാൻ പറ്റിയ എനിക്ക്…

അധ്യാപകൻ എന്ന മഹത്തായ ഒരു സ്ഥാനത്തിരുന്ന് ഇനി ഒരാളോടും അയാൾ തെറ്റ് ചെയ്യില്ല…

മോളെ കുറെ കാലം ഞാൻ സ്കൂളിലേക്ക് പറഞ്ഞയച്ചില്ല അവളുടെ കുഴപ്പം കൊണ്ടല്ല ആൾക്കാരുടെ കാഴ്ചപ്പാട് കൊണ്ട് മെല്ലെ അവിടെ നിന്നും താമസം മാറി കാരണം എനിക്ക് വേറെ വഴിയില്ലായിരുന്നു….

എത്രയൊക്കെ പുരോഗമനം പ്രസംഗിച്ചാലും അധികം പേരുടെയും മനസ്സ് ഇപ്പോഴും പണ്ടത്തെ ചങ്കരൻ തെങ്ങിന്മേൽ തന്നെ എന്ന സ്ഥിതിയാണ്….

Leave a Reply

Your email address will not be published. Required fields are marked *