രാത്രികളിൽ മതില് ചാടി അവരുമായി ഡിങ്കോൾഫിയിൽ ഏർപ്പെടണം.. പാർക്കിലും ബീച്ചിലുമായി കറങ്ങി നടക്കണം.. രഹസ്യമായി മുറി എടുക്കണം…

രചന: Kannan Saju

” നീ അങ്ങേരുടെ പെണ്ണുമ്പുള്ളയെ വളക്കണം.. രാത്രികളിൽ മതില് ചാടി അവരുമായി ഡിങ്കോൾഫിയിൽ ഏർപ്പെടണം.. പാർക്കിലും ബീച്ചിലുമായി കറങ്ങി നടക്കണം.. രഹസ്യമായി മുറി എടുക്കണം… എന്നിട്ടു അവരുടെ നഗ്ന ഫോട്ടോയും വിഡിയോയും എടുത്തു അയ്യാളെ കാണിച്ചു ഭീഷണി പെടുത്തണം.. എന്നിട്ടു അയ്യാളുടെ മുഖത്തെ സങ്കടം കണ്ടു നമുക്കു ആർത്തുല്ലസിക്കണം… എങ്ങനുണ്ട് എന്റെ ഐഡിയ ??? ”

” കടന്നു പോടാ നാറി അവിടുന്ന്… അവന്റെ മറ്റൊടാത്തേ ഒരു ഐഡിയ ”

രാത്രി പാറയിൽ ഇരുന്നു കള്ള് കുടിക്കുകയായിരുന്നു സുനീഷും ഷാമോനും… ഷാമോൻന്റെ ഐഡിയ കേട്ടു സുനീഷ് കാലു മടക്കി ഒന്ന് കൊടുത്തു…

” ക്ഷമിക്കണം അളിയാ… നീ ഇത്ര പരിശുദ്ധൻ ആണെന്ന് ഞാൻ അറിഞ്ഞില്ല ”

” പരിശുദ്ധിയും മണ്ണാം കട്ടയും ഒന്നും അല്ല.. അതിർത്തി കടന്നു കാന്താരി നട്ടൂന്നും പറഞ്ഞ ആ നാറി ഇന്നെന്റെ അപ്പനേം അമ്മേനേം തല്ലിയത് .. ഇനി അവന്റെ പെണ്ണുംപുള്ളേനെ ഞാൻ സെറ്റാക്കീന്നറുഞ്ഞിട്ടു വേണം എന്റെ നട്ടെല്ലവൻ ചവിട്ടി ഓടിക്കാൻ ”

” ശോ….. നിനക്ക് നല്ല പേടി ഇണ്ടല്ലേ ??? ”

സുനീഷ് ഷാമോനെ നോക്കി

” നീ അവന്റെ കൈ കണ്ടിട്ടുണ്ടോ ഷാമോനെ ??? ഒന്ന് കിട്ടിയ ഇണ്ടല്ലോ…. പാവം അച്ഛന്റെ രണ്ട് പല്ലാ പോയത് ”

കരഞ്ഞുകൊണ്ട് സുനീഷ് അടുത്തത് പെഗ്ഗും അകത്താക്കി

” ശേ… പിന്നെ എങ്ങനെ പ്രതികാരം ചെയ്യൂന്ന നീ ഈ പറയണേ ???? ”

” അതൊന്നും എനിക്കറിയില്ല… അവന്റെ സമാധാനം നശിക്കണം.. അവൻ ആ വീടും പറമ്പും എനിക്ക് ദാനം ചെയ്തു എങ്ങോടെങ്കിലും ഓടി പോണം….. വൃത്തികെട്ടവൻ… ആരോഗ്യം ഉണ്ടന്നു വെച്ചു ഇങ്ങനൊക്കെ തല്ലാവോ… ”

” സുനീ… ഒരാണിനോട് ചെയ്യാവുന്ന ഏറ്റവും വലിയ പ്രതികാരം അവന്റെ പെണ്ണിനെ പിഴപ്പിക്കുക എന്നുള്ളതാണ്… അവന്റെ മനസമാധാനം പിന്നെ ജീവിത കാലത്തിൽ തിരിച്ചു കിട്ടില്ല ”

ഷാമോൻ ചിരിച്ചു കൊണ്ടു പറഞ്ഞു

” ഇനി നീ ഇങ്ങനത്തെ എന്തേലും കൊനിഷ്ടു പറഞ്ഞ അമ്മയാണെ നിന്റെ തല ഞാൻ അടിച്ചു പൊളിക്കും.. കാമപ്രാന്തൻ… ആണുങ്ങള് ഓരോന്ന് കാണിക്കണേനു വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾ എന്ത് പിഴച്ചെട ??? ”

ഓഹ് അവനൊരു പുണ്യാളൻ വന്നേക്കുന്നു…

” ആ ഈ കാര്യത്തിൽ ഞാൻ ഇച്ചിരി പുണ്യാളൻ തന്ന… നീ വേറെ വെല്ലോ ഐഡിയയും ഉണ്ടങ്കിൽ പറ ”

ഷാമോൻ ഇരുന്നാലോചിച്ചു…

” അല്ലാതെ ഒരാളുടെ സമാധാനം നശിപ്പിക്കാൻ ഒരേ ഒരു വഴിയേ ഉളളൂ…. ”

സുനീഷ് പ്രതീക്ഷസയോടെ ഷാമോനെ നോക്കി

” ഇങ്ങേരെങ്ങനെ വിശ്വാസിയാണോ ?? ”

” കുടുംബം അടക്കം… എല്ലാവരും വിശ്വാസികളാ ”

” എങ്കിൽ ഒരു വഴിയുണ്ട് ”

” എന്നതാടാ ?? വേഗം പറ ”

” കൂടോത്രം ”

” കൂടോത്രോ ??? ”

” എസ് ”

” നീ ഇത് ഏതു നൂറ്റാണ്ടിലാ ഷാമോനെ ജീവിക്കുന്നെ ??? കൂടോത്രം പോലും ”

” മോനേ സുനീ… ഏതു നൂറ്റാണ്ടിലും വിറ്റു പോവുന്ന ഒന്നേ ഉളളൂ ഭക്തി.. ചിലർക്ക് അത് മൂത്തു അന്ധവിശ്വാസം ആവും… അവിടെ കൂടോത്രത്തിനും വലിയ സ്ഥാനം ഉണ്ട് ”

” ഏയ്‌ അതൊന്നും ശരിയാവില്ലടാ… ”

” എന്ത് ശരിയാവില്ലന്നു??? ആക്രി പറക്കി നടന്ന എന്റെ ബാപ്പ ഉമ്മാനെ കെട്ടീതെങ്ങനാണ്… പെണ്ണ് ചോദിച്ചു ചെന്ന ബാപ്പാനെ ഉമ്മാടെ ഉപ്പേം ആങ്ങളമാരും ഉമ്മാന്റെ മുന്നിലിട്ട് തെങ്ങേ കേറ്റിയിട്ടു തല്ലി . മൂപ്പർക്ക് ഇളകീലെ… പിന്നെ പിടിച്ചാ കിട്ടുവോ.. മൂപ്പരാണെ ആകെ അഞ്ചടി പൊക്കോം ഓന്തിന്റെ ശരീരവും… ഇങ്ങേരു എന്ത് ചെയ്തെന്നു വെച്ചാലെ,, ഒരു മൊട്ട എടുത്തു അതില് മൂപ്പർക്ക് തോന്നിയ വരെയൊക്കെ വരച്ചിട്ടേ രാത്രിയിൽ ഉമ്മാന്റെ വീടിനു മുന്നിൽ കൊണ്ടോയി കുഴിച്ചിട്ടു കോലിൽ ഒരു കോഴി തലേം കുത്തി വെച്ചിട്ട് പോന്നു… അന്നീ നമ്പൂരിമാരുമായി മൂപ്പര് ഇച്ചിരി കശ പിശയിൽ നിക്കണ സമയല്ലാരുന്നോ.. ഓരു കൂടോത്രം ചെയ്‌തെന്നു വെച്ചിട്ടു മൂപ്പരാകെ ടെൻഷനായി മെന്റലായി ഒടുവിൽ നാലിന്റന്നു ഡിം… അങ്ങേരു മരിച്ചതും വീടിന്റെ മുന്നിൽ നിന്ന തെങ്ങു എങ്ങിനെയോ കടപുഴകി വീണു.. എല്ലാം കൂടോത്രം എഫക്ട് ആണെന്ന് കരുതി ആങ്ങളമാരും ബേജാറായി.. ആ ഗ്യാപ്പിൽ ബാപ്പ നൈസായിട്ടു ഉമ്മാനേം അടിച്ചോണ്ടു പോന്നിക്കണു… ”

സുനീ വാ പൊളിച്ചിരുന്നു…

” ഇതൊക്കെ ശരിക്കും ഉള്ളതാ??? ”

” ആടോ ”

” ഇനി ഇപ്പൊ കൂടോത്രം ചെയ്യാൻ സ്വാമിയേ തപ്പി എവിടെ പോവും?? ”

” എവിടെ പോവാൻ… ദാ ഇവിടിരിക്കുന്നു ”

” എവിടെ ??? ”

സുനീഷ് ചുറ്റും തിരിഞ്ഞു നോക്കി

” ദേ ഇങ്ങോട്ട് നോക്ക് ”

” ആര് നീയോ??? ”

” പിന്നല്ലാതെ… സ്വാമിക്ക് ഫീസായി ഓരു ജവാൻ ലൈറ്ററും നാല് താറാവ് മുട്ടേം ”

” ഒന്ന് പോയെടാ… വാ തുറന്ന പോയി.. ഓരു സ്വാമി വന്നേക്കണു ”

” ഉണ്ണി ഇങ്ങട് നോക്ക… നോം നാളെ സ്വാമി ആയിട്ട് വരുന്നു.. ഇല്ലത്തിനു ചുറ്റും നാല് വലയം നടന്നു ഭസ്മം വിതറുന്നു, അവരത് കാണുന്നു… രാത്രിക്കു രാത്രി ബാപ്പ പകർന്നു നൽകിയ പാരമ്പര്യ വിദ്യ നമ്മൾ മുട്ടയിൽ ചെയ്തു കോഴിത്തലയും വെച്ചു പോരുന്നു… അവന്റെ അവസാനം അവിടെ ആരംഭിക്കുന്നു ”

” സംഗതി കൊള്ളാം.. പക്ഷേ നീ സ്വാമി ആയാൽ….. ”

” എന്നിലെ നടനെ നിനക്ക് അറിയില്ല… നാളെ അങ്കത്തട്ടിൽ കാണാം… പണി ആയുധങ്ങൾ റെഡി ആക്കട്ടെ.. അപ്പൊ ഓക്കേ ഗുഡ് ന്യ്റ്റ് ”

ഷാമോൻ നടന്നകന്നു…

രാവിലെ.

ജോണിന്റെ വലിയ വീടും പറമ്പും.. പറമ്പിനോട് ചേർന്ന് സുനീഷിന്റെ പത്തു സെന്റ്‌ സ്ഥലവും ഓട് വെച്ച വീടും……

ആരോ ബെല്ലടിച്ചതു കേട്ടു ഉറക്കപ്പിച്ചിൽ എണീച്ചു വന്ന സുനീഷ് മുന്നിൽ സന്യാസി നിക്കുന്ന കണ്ടു

” അമ്മേ ദേ ഓരു സ്വാമി വന്നേക്കുന്നു…. ”

അടുക്കളയിലേക്കു നോക്കി വിളിച്ചു പറഞ്ഞു

” സന്യാസി നിന്റെ തന്ത… എടാ ഇത് ഞാനാടാ പോങ്ങാ ഷാമോൻ.. പറ്റിറങ്ങിപ്പോ ഞാൻ പറഞ്ഞതൊക്കെ നീ മറന്നു പോയ ”

” എന്റെ പൊന്നോ… എങ്ങിനെടെ??? ”

” ഉമ്മാനോട് ക്ലബ്ബിൽ ഫാൻസി ഡ്രസ്സ് കോമ്പറ്റിഷൻ ഉണ്ടന്ന് പറഞ്ഞു.. മുപ്പത്തി രാത്രി മുഴുവൻ മെനക്കെട്ടു ഈ കോലം ആക്കിയതാണ് ”

” ഏതാടാ മോനേ ഈ സ്വാമി….? ”

അടുക്കളയിൽ നിന്നും സാരി തുമ്പിൽ കയ്യും തുടച്ചു അമ്മ വന്നു

” ഇത് വലിയൊരു സ്വാമിയാ.. ഞാൻ വിളിച്ചിട്ടു വന്നതാ ”

അമ്മ സംശയത്തോടെ അവനെ നോക്കി…

” രാമനെത കൃഷ്ണനെതാ എന്നറിയാത്ത നീ സ്വാമിയേ വിളിച്ചെന്നോ…. ”

” വത്സേ ”

ഷാമോൻ സ്വാമിയുടെ വിളികേട്ടു അമ്മക്കൊപ്പം സുനീഷ് വരെ ഞെട്ടി…

” നിങ്ങൾക്കും ഭർത്താവിനും ഇന്നലെ മർദനം ഉണ്ടായെന്നറിഞ്ഞു… ഒരാത്മാവിന്റെ സാന്നിധ്യം നോം ഈ വീട്ടിൽ കാണുന്നു.. അടുത്ത ഏഴു ദിവസം ഈ വീട്ടിൽ താമസിച്ചു ചില പ്രത്യേക കർമ്മങ്ങൾ ചെയ്യണ്ടതുണ്ട്.. അതുവരെ വത്സയും വത്സയുടെ ഭർത്താവു വത്സനും പുണ്യ ക്ഷേത്രങ്ങളായ ചോറ്റാനിക്കര ചക്കുളത്തു കാവ് ബീമാ പള്ളി എന്നിങ്ങനെ ”

” ഏഹ് ”

” അല്ല…. അതും പുണ്യ സ്ഥലം ആണല്ലോ.. ”

‘” അതതെ… അപ്പൊ പോവുമ്പോൾ അവിടേയും കൂടി ഒന്ന് പൊയ്ക്കോളൂ ”

” മതേതരത്വം ഉള്ള സ്വാമി… ഞങ്ങൾ ദാ ഇറങ്ങി… ”

” വത്സേ അരുത്… നമുക്ക് പ്രാതലിനുള്ളത് ഒരുക്കി വെച്ചിട്ടു വേണം പോകുവാൻ ”

” അയ്യോ സ്വാമിക്കുള്ളത് ഉണ്ടാക്കി വെച്ചിട്ടേ പോവൂ ”

” അതീവ സന്തോഷത്തോടെ അച്ഛനും അമ്മയും യാത്രയായി… ”

” എടാ ഭയങ്കരാ…. ”

സുനീഷ് താടക്കു കൈ കൊടുത്തു നിന്നു…

” ഷാമോൻറെ യുദ്ധ മുറകൾ കമ്പിനി കാണാൻ കിടക്കുന്നതെ ഉളളൂ…നീ ആദ്യം രണ്ട് പെഗ്ഗിങ്‌ ഒഴിച്ചെ ”

” വെറും വയിറ്റിലോ ??? ”

” ഇല്ലെടാ രണ്ട് പെഗ് അടിക്കാൻ ഞാനിനി ആനയെ വിഴുങ്ങാം… നോക്കി നിക്കാതെ ഒഴിക്കട തെണ്ടി “.

രണ്ട് എണ്ണം വിട്ടു ഒരു കയ്യിൽ മോന്തയും ഒരു കയ്യിൽ ഭസ്മവും ആയി ഷാമോൻ മുറ്റത്തേക്ക് ഇറങ്ങി

പുരയ്ക്കു ചുറ്റും നടന്നു പല്ലു തേക്കുന്ന ജോൺ ഷാമോനെ കണ്ടു…

” അന്നേ…. എടി അന്നേ… ”

” എന്നതാ മനുഷ്യാ വിളിച്ചു കൂവുന്നേ ? ”

അപ്പുറത്ത് നിന്നും കയ്യിൽ ചൂലുമായി പൊക്കിക്കുത്തിയ നൈറ്റിയും ഇറക്കിയിട്ടു അന്ന വന്നു

” ഇതേതടി സുനീഷിന്റെ വീടിനു ചുറ്റും ഒരു പിച്ചക്കാരൻ നടക്കുന്നെ ??? ”

അന്ന അങ്ങോടു സൂക്ഷിച്ചു നോക്കി

” അത് പിച്ചക്കാരനൊന്നും അല്ല മനുഷ്യ… ഏതോ സാമിയാണ്… ”

” സ്വാമിയോ ??? ”

” ആഹാ കണ്ടില്ലേ.. കയ്യിൽ മോന്തയും മറ്റും… ഇനി ഹിമാലയത്തിൽ നിന്നും വല്ലോം വന്നതാവുമോ ??? ”

” പിന്നെ ഹിമാലയത്തിന്നു ഈ ദാരിദ്ര്യം പിടിച്ചവന്റെ വീട്ടിലേക്കു വരാൻ അങ്ങേർക്കു പ്രാന്തല്ലേ ”

” ദേ മനുഷ്യ.. ഇനി അവനെങ്ങാനും വല്ല കൂടോത്രവും ചെയ്യാൻ വിളിച്ചോണ്ട് വന്നതാവോ ??? ”

ഒരു ഞെട്ടലോടെ അന്ന ചോദിച്ചു…

” ഓ പിന്നെ കൂടോത്രം… നിനക്ക് വേറെ പണിയൊന്നും ഇല്ലേ??? ”

അവർ കുശു കുശുക്കുന്നതു കണ്ട ഷാമോൻ അവരെ ഒളി കണ്ണിട്ടു നോക്കി

ഉച്ചത്തിൽ

” കാലുകൾ ഒടിഞ്ഞു കൈകൾ പിരിഞ്ഞു, ചോര കട്ടപിടിച്ചു ശ്വാസം മുട്ടി സുഖമുള്ളൊരു മരണം നൽകണേ എന്റെ കാളീ ”

ഷാമോൻ സ്വാമി ഭസ്മം ജോണിന്റെ ദിശ നോക്കി എറിഞ്ഞു…

” ഇതത് തന്നെ കൂടോത്രം… ”

അന്ന ഉറപ്പിച്ചു….

ജോണിന്റെ മനസ്സ് ഒന്ന് ശങ്കിച്ചു

” ദേ നിങ്ങളൊന്നു നോക്കിയും കണ്ടും നടക്കണേ മനുഷ്യാ ഞാൻ അപ്പോഴേ പറഞ്ഞു അവരെ തല്ലാനും പിടിക്കാനും ഒന്നും പോവണ്ടാന്ന്… ”

ജോൺ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി..

തുണി മാറി തന്റെ ടെക്സ്റ്റൈൽ ഷോപ്പിലേക്ക് പോവാൻ വന്ന ജോൺ സ്ഥിരം കയറുമ്പോലെ ബുള്ളറ്റിൽ കയറി.. ബ്രേക്ക് കേടാണെന്നും നന്നാക്കാൻ ബിജുവിനെ വിളിച്ചു പറഞ്ഞ കാര്യവും ജോൺ മറന്നു… വണ്ടി റോഡിലേക്കിറങ്ങിയതും ബ്രേക്ക് കിട്ടാതെ ദാ കിടക്കുന്നു ഡും…

കയ്യിൽ ഏഴും കാലിൽ ആറും സ്റ്റിച്ചുകൾ…

” ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഇച്ചായ അവൻ കൂടോത്രം ചെയ്തതാന്നു…. ”

അവൾ കരയാൻ തുടങ്ങി

” ഒന്ന് മിണ്ടാതിരിക്കടി കൂടോത്രം… മാങ്ങാത്തൊലി… വണ്ടീടെ ബ്രേക്ക് പോയി കിടന്നതു ഞാൻ മറന്നു പോയതാണ് അന്ന ”

അവൾ അത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല….

പിറ്റേന്ന് രാവിലെ.

മുറ്റമടിക്കാൻ ഇറങ്ങിയ അന്ന അതുകണ്ടു ഞെട്ടി…

” ഇച്ചായാ… ഇച്ഛയാ… ”

അവൾ ഉച്ചത്തിൽ വിളിച്ചു… അവൻ ഇറങ്ങി വന്നു …

നടു മുറ്റത്തു കോലിൽ കോഴിത്തലയും തുളയുള്ളോരു ഷഡ്ഡിയും വെച്ചിരിക്കുന്നു..

” ദൈവമേ ഇത് സുനീഷിന്റെ ഷഡ്ഢിയല്ലേ ?? ”

” അത് നിനക്കെങ്ങനെ അറിയാം?? ”

ഒരു ഞെട്ടലോടെ ജോൺ അന്നയെ നോക്കി ചോദിച്ചു

” അവനിതു ഒരെണ്ണം മാത്രേ ഉള്ളെന്നു തോന്നണു.. ഇടക്കാ വേലിമ്മേ ഉണങ്ങാൻ ഇട്ടേക്കണ കാണാം ”

ജോൺ അവളെ അടിമുടി ഒന്ന് നോക്കി…..

അവർ മണ്ണ് മാന്തി… കോഴിമുട്ടയിൽ വർണ്ണങ്ങൾ വിതറിയ ചിത്രപ്പണി…

” മൊട്ടയിൽ കൂടോത്രം ! ”

ഞെട്ടലോടെ അന്ന പറഞ്ഞു

” ഇന്നവന്റെ മൊട്ട ഞാൻ പൊട്ടിക്കും ”

ഗർജ്ജിച്ചു കൊണ്ടു ജോൺ സുനീഷിന്റെ വീട്ടിലേക്കു ഓടി… പിന്നാലെ അന്നയും

” ഡാ… അലവലാതി… ആണത്വം ഇല്ലാത്തവനെ… ഇറങ്ങി വാടാ ”

അകത്തു ഭയന്നു വിറച്ചിരിക്കുന്ന സുനീഷ്

” നീ എന്തിനാടാ തെണ്ടി എന്റെ ഓട്ട ഷഡിയും കൂടി അതിൽ കൊണ്ടു വെക്കാൻ പോയത്… ”

” ഷാമോൻ സ്വാമികൾ ഒന്നും കാണാതെ ഒന്നും ചെയ്യില്ലെന്ന് വത്സനറിയില്ലെന്നുണ്ടോ ??? കാത്തിരുന്നു കാണുക… ”

” ദേ മോന്ത ഞാൻ അടിച്ചു പൊളിക്കും… അയ്യാൾ വാതിൽ പൊളിച്ച് അകത്തേക്ക് കയറി വരുന്നതിനും മുൻപ് എന്തേലും ചെയ്യടാ ”

കയ്യിൽ മൊന്തയുമായി ഷാമോൻ സ്വാമി വാതിൽ തുറന്നു പുറത്തേക്കിറങ്ങി…

ആകാശത്തേക്ക് നോക്കി

” കർത്താവെ.. അങ്ങയിൽ വിശ്വസിക്കുന്ന ഒരുവനെ ശപിച്ചു കൊല്ലേണ്ടി വരുന്നതിൽ അങ്ങെന്നോടു പൊറുക്കണേ ”

അത് കേട്ടതും അന്ന ഞെട്ടി

monthayil നിന്നും വെള്ളമെടുത്തു നെഞ്ചിൽ ചേർത്തു പിടിച്ചു

” പുഴു അരിച്ചു, കണ്ണുകൾ കഴുകാൻ കുത്തിയെടുത്തു, നഖങ്ങൾ വലിച്ചൂരപ്പെട്ടു ”

” അയ്യോ.. പോവാം മനുഷ്യാ.. നിങ്ങളിങ്‌ വന്നേ… ”

എന്ത് ചെയ്യണം എന്നറിയാതെ നിന്ന ജോണിനെയും പിടിച്ചു വലിച്ചുകൊണ്ടു അന്ന ഓടി….

ഷാമോൻ സ്വാമി ഓട്ടക്കണ്ണിട്ടു നോക്കി…

ദീര്ഘ ശ്വാസം വിട്ടൂ….

” ഹാവൂ ”

വൈകുന്നേരം ആയി… മഴ നനഞ്ഞ ജോണിന്റെ കുട്ടിക്കു പനി വന്നു.. രാത്രിക്കു രാത്രി ആശുപത്രിയിൽ കൊണ്ടു പോവേണ്ടി വന്നു..
അവർക്കു ഭയം കൂടി… ഇൻകം ടാക്സ് റൈഡ് അപ്രതീക്ഷിതമായി വന്നു..ഇയർ എൻഡിങ് ആയതിനാൽ ആയിരുന്നു.. അതും കൂടോത്രം ആണെന്ന് ജോൺ വിശ്വസിച്ചു തുടങ്ങി… നല്ല മഴയുള്ള രാത്രിയിൽ ചത്ത പട്ടിയെ ജോണിന്റെ കിണറിൽ കൊണ്ടു ചെന്നിട്ടു ഷാമോനും സുനീഷും… ആകെ മൊത്തം അന്നയും ജോണും കയ്യീന്ന് പോയ അവസ്ഥ ആയി.

നാലാം ദിനം.

ജോണിനെയും അന്നയെയും കാണാൻ പള്ളി വികാരി എത്തി… അവർ രഹസ്യമായി അമ്പലത്തിൽ വഴിപാട് നടത്തുന്നുണ്ടന്നു അച്ഛനോട് പലരും പറഞ്ഞു….

” ഇല്ലച്ചോ… അകത്തൊന്നും കയറിയില്ല.. പുറത്തു നിന്നു ജോത്സ്യൻ തന്ന വഴിപാട് ചീട്ടും പൈസയും നമ്പൂതിരിക്ക് കൊടുത്തേ ഉളളൂ ”

” അത് ശരിയല്ല ജോൺ.. നമ്മൾ അങ്ങനെ ചെയ്യരുത് ”

” അച്ഛനതു പറയാം.. കണ്ണടച്ചാൽ കാളിയുടെ രൂപം ആണ് മനസ്സിൽ..വാളുമായി വന്നു എന്നോട് ചോദിക്കുവാ മോനേ ജോണേ നിന്റെ കണ്ണുകൾ അമ്മ ചൂഴ്ന്നെടുത്തോട്ടെ എന്ന് ”

അച്ഛൻ പകച്ചിരുന്നു… അന്നയെ നോക്കി

” മോളേ നീ ഇവനെ നല്ല ഏതെങ്കിലും ഡോക്ടറെ കാണിക്കണം . പറ്റുവാണെങ്കിൽ ഇന്ന് തന്നെ ഏതെങ്കിലും നല്ല മനോരോഗ വിദഗ്ദ്ധനെ കാണിക്കണം ”

അതും പറഞ്ഞു പുറത്തേക്കിറങ്ങിയ അച്ഛൻ നിന്നത് തെങ്ങിന്റെ ചോട്ടിൽ ആയിരുന്നു… ഒരു തേങ്ങാ അച്ഛനെ തൊട്ടു തൊട്ടില്ലെന്നും പറഞ്ഞു നിലത്തേക്ക് വീണു….

” കണ്ടോ കണ്ടോ അച്ചോ… ഇപ്പൊ എന്തായി.. ഞാൻ പറഞ്ഞില്ലേ??? ഇപ്പൊ വിശ്വാസം ആയോ അച്ഛന് ??? ”

” എന്റെ പോന്നു ജോണേ തെങ്ങിന്റെ മൂട്ടിൽ പോയി നിന്നാൽ തേങ്ങാ അല്ലാതെ പിന്നെ പ്ലാങ്ങാ വീഴുമോ.. അവനും അവന്റെ കൂടോത്രം… തനി വട്ട് ”

അച്ഛൻ കയ്യൊഴിഞ്ഞു….

മനോരോഗ വിദഗ്ദ്ധൻ ജോണിനെ ഏറെക്കുറെ പറഞ്ഞു മനസ്സിലാക്കി… കുറച്ചു നാൾ കൗൺസിലിംഗ് നീളണം എന്നും അതുവരെ അധികം പുറത്തേക്കൊന്നും വിടണ്ടന്നും ഡോക്ടർ അന്നയോടു പറഞ്ഞു….

ഷാമോൻ ഒരു കോണ്ടം പാക്കറ്റ് പൊട്ടിച്ചു… അതിൽ കുറച്ചു കഞ്ഞിവെള്ളം ഒഴിച്ച് അന്നയുടെ മുറിയുടെ സൈഡിലെ പറമ്പിൽ ഇട്ടു….

വീട്ടിൽ ഇരുന്നു വട്ട് പിടിച്ച ജോൺ പുരയ്ക്കു ചുറ്റും നടക്കാൻ ഇറങ്ങി…. കോണ്ടം കണ്ടു….

” ഇത് സുനീഷിന്റെ ഷെഡിയല്ലേ? ”

ആ ചോദ്യം ജോൺ ഓർമിച്ചു

” സ്വന്തം സാരി കണ്ടാൽ തിരിച്ചറിയാത്തവൾ എങ്ങനെ സുനീഷിന്റെ അടിവസ്ത്രം തിരിച്ചറിഞ്ഞു… അവൾ എന്നെ വഞ്ചിക്കുക ആണോ… ഇല്ല അവൾ അങ്ങനെ ചെയ്യില്ല.. ഒരുപക്ഷെ അവൻ സ്വാമിയേ കൊണ്ടു എന്തെങ്കിലും ചെയ്തു അവളെ വശീകരിച്ചു കാണുവോ ???? ”

ആറാം നാൾ ആയപ്പോഴേക്കും ജോണിന്റെ മനോ നില ആകെ തകരാറിൽ ആയിരുന്നു…

ഉമ്മയോട് അടുത്ത ഫാൻസി ഡ്രസ്സ് കോമ്പറ്റിഷൻ പേര് പറഞ്ഞു പള്ളിലച്ചന്റെ വേഷവും കെട്ടി ഷാമോൻ അന്നയില്ലാത്ത സമയം ജോണിന്റെ അരികിൽ എത്തി

” ഞാൻ ചെറുതായിരുന്നപ്പോ അമ്മച്ചി നേർന്നതാണെ ഒരു അമ്പതു വീട് എല്ലാ കൊല്ലവും തെണ്ടി കയറി വേളാങ്കണ്ണിക്ക്‌ ചെന്നേക്കാം എന്ന്.. പുരോഹിതൻ ആയപ്പോഴും ഞാൻ ആ ശീലം വിട്ടില്ല ”

ജോൺ സന്തോഷത്തോടെ ഷാമോൻ ഫതേരിനു പൈസ എടുത്തു കൊടുക്കാൻ തുടങ്ങി

” അയ്യോ ഈ പണം ഞാൻ വാങ്ങില്ല ”

ഞെട്ടലോടെ ജോൺ അച്ഛനെ നോക്കി

” എന്ത് പറ്റി ഫാദർ? ”

” ഇവിടെ എന്തോ അപകടം നടക്കാൻ പോകുന്നു എന്ന് എന്റെ മനസ്സ് പറയുന്നു… ഇവിടെ ദുഷ്ട ശക്തികകളുടെ സാന്നിധ്യം ഞാൻ അറിയുന്നു.. മകനെ നീ അപകടത്തിൽ ആണ്.. എത്രയും വേഗം നീ ഇവിടെ നിന്നും മാറണം ”

” എനിക്കും തോന്നുന്നു ഫാദർ… എത്രയും വേഗം ഇത് വിറ്റു ഞങ്ങൾ താമസം മാറാം ”

” പാടില്ല.. ഇതിൽ നിന്നും ഒരു തരി മണ്ണ് പോലും എടുക്കാൻ പാടില്ല.. ഉപേക്ഷിച്ചു പോണം.. അയൽക്കാരനു ദാനം ചെയ്തു പോണം.. ഇല്ലെങ്കിൽ ദുഷ്ടാ ശക്തികൾ നിന്നെ നശിപ്പിക്കും, നിന്റെ ഭാര്യയെ കൊണ്ടു അവർ വ്യഭിചരിപ്പിക്കും… ഉപേക്ഷിച്ചു പോവുക മാത്രമേ മാർഗമുള്ളൂ …. അല്ലെങ്കിൽ കാലാ കാലം ആ ബാധ നിന്നെ പിന്തുടരും ! ”

ഷാമോൻ ഫാദർ സ്ഥലം വിട്ടു…

അകത്തു കയറി വാതിലടച്ചു അയ്യാൾ ഒരു ഭ്രാന്തനെ പോലെ ഉച്ചത്തിൽ അലറി…

സുനീഷിന്റെ വീട്.

രാത്രി.

” നാളെ അയ്യാള് ആധാരവും ആയി നിന്റെ മുന്നിൽ വന്നു മുട്ട് കുത്തി നിന്നില്ലെങ്കിൽ നീ കണ്ടോ ”

” അയ്യാളുടെ വീടും പറമ്പും ഒന്നും വേണ്ടടാ.. നമ്മുടെ പിടിച്ചെടുത്ത സ്ഥലം.. പിന്നെ നാളെ അച്ഛനും അമ്മേം വരുമ്പോൾ അവരെ തല്ലിയെന്നു ഒരു സോറി.. അത് മതി… ”

” അത് നമക്ക് പറയിപ്പിക്കാം.. ഈ ഷാമോൻ സ്വാമി ഇല്ലേ കൂടെ.. .. എടാ ഒരാളുടെ ഉള്ളിൽ ഭയം കുത്തി നിറക്കുന്ന പോലെ ഭീകരം മറ്റൊന്നും ഇല്ല.. ഈ കൂടോത്രം ഒക്കെ സത്യത്തിൽ ഫലം ചെയ്യുന്നത് ഇങ്ങനാണ്.. അവൻ കൂടോത്രം ചെയ്തല്ലോ എനിക്കെന്തെങ്കിലും വരുവോ വരുവോ എന്ന് ഭയന്നു ഭയന്നു സ്വയം എന്തെങ്കിലും വരുത്തി വെക്കും…. അപ്പൊ ചീർസ് ”

നല്ല മഴയുടെ ശബ്ദവും തണുപ്പും ലഹരിയും ആസ്വദിച്ചു അവർ ഓഫായി കിടന്നുറങ്ങി…

നേരം വെളുത്തു… ബഹളം കേട്ടു ഷാമോനും സുനീഷും എഴുന്നേറ്റു… ജോണിന്റെ വീടിനു മുന്നിൽ പോലീസും ആൾക്കാരും.. അവർ വേവലാതിയോടെ അവിടേക്കു ചെന്നു… വിറയ്ക്കുന്ന കാലുകളോടെ ആരോടും ഒന്നും ചോദിക്കാതെ അകത്തേക്ക് നോക്കി

കഴുത്തിൽ വെട്ടു കൊണ്ടു മക്കൾ നിലത്തു കിടക്കുന്നു…. വാക്കത്തി അന്നയുടെ തല വെട്ടിമുറിച്ചു അവിടെ തന്നെ ഇരിക്കുന്നു…. ഹാളിലെ ഫാനിൽ ജോൺ തൂങ്ങിയാടുന്നു…

ജീവച്ഛവം പോലെ നിറ കണ്ണുകളോടെ ഷാമോനും സുനീഷും നിലത്തേക്കിരുന്നു….

മനസ്സിൽ ഇരുവരും ചോദിച്ചു ” വേണ്ടിയിരുന്നോ ? ”

പ്രതികാരാഗ്നിയിൽ എരിഞ്ഞടങ്ങിയ നിരപരാധികൾ എന്ത് പിഴച്ചു…. ആയുധത്തിനു വികാരങ്ങൾ ഇല്ല.. ഒരാൾക്കെതിരെ നമ്മൾ ആയുധം പ്രയോഗിക്കുമ്പോൾ അതിന്റെ നിയന്ത്രണം നമ്മുടെ കൈയിൽ ഇല്ലെങ്കിൽ അത് വരുത്തിവെക്കുന്ന വിന വളരെ വലുതായിരിക്കും.. വളരെ വളരെ വലുത് !

കണ്ണൻ സാജു ❣️

Leave a Reply

Your email address will not be published. Required fields are marked *