ഞാനെൻ്റെ ഭർത്താവിനെ ഒന്നു കെട്ടിപിടിയ്ക്കുന്നതും എൻ്റെ ശാരീരിക ആവശ്യങ്ങൾ നടത്തി തരാൻ ആവശ്യപെടുന്നതുമൊന്നു ഒരു തെറ്റായ് എനിയ്ക്കിന്നേ വരെ തോന്നിയിട്ടില്ല….

” എനിയ്ക്ക് ആഗ്രഹം തോന്നുമ്പോൾ ഞാനെൻ്റെ ഭർത്താവിനെ ഒന്നു കെട്ടിപിടിയ്ക്കുന്നതും എൻ്റെ ശാരീരിക ആവശ്യങ്ങൾ നടത്തി തരാൻ ആവശ്യപെടുന്നതുമൊന്നു ഒരു തെറ്റായ് എനിയ്ക്കിന്നേ വരെ തോന്നിയിട്ടില്ല… ഇതൊക്കെ തന്നെയല്ലേ വിവാഹം ബന്ധം കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത്…?
ഭാര്യാഭർതൃ ബന്ധമെന്നതിൽ ഇതു കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്നാണെന്റെ ഇതുവരെയുള്ള വിശ്വാസം… എന്താ നിങ്ങളൊന്നും ഇങ്ങനെയല്ലേ…. അതോ നിങ്ങളുടെയൊന്നും ജീവിതത്തിൽ ഇതൊന്നും ഇല്ലേ…?

തന്നെ വിചാരണ ചെയ്യാനെത്തിയവരുടെ മുന്നിൽ ചെന്ന് യാതൊരുവിധമടിയുമില്ലാതെ ജിജി ചോദിച്ചതും അവളുടെ ചോദ്യത്തിനെന്ത് മറുപടി പറയുമെന്നറിയാതെ വിയർന്നിരുന്നു പോയ് രാഗിണി വിളിച്ചു വരുത്തിയവർ… എന്തു മറുപടി അവളോട് പറയണമെന്നത് ചോദിയ്ക്കും പോലെ അവരുടെയെല്ലാം നോട്ടം രാഗിണിയിലേക്കായ്…..

‘അവളു ചോദിച്ചതിനുളള മറുപടി അവൾക്ക് നൽക്കാനുള്ളതിന് പകരം നിങ്ങളൊക്കെയെന്തിനാ എന്നെ തുറിച്ച് നോക്കുന്നത്….?

മരുമകളുടെ മുന്നിൽ താൻ പിടിക്കപ്പെടും എന്നായതും തന്റെ ആങ്ങളമാരുടെയും നാത്തൂന്മാരുടെയും നേരെ ശബ്ദമുയർത്തി രാഗിണി

” ജിജീ… ഈ വീട്ടിൽ നീയും നിന്റെ ഭർത്താവും മാത്രമല്ലല്ലോ ഉള്ളത്… വേറെയും ആൾക്കാരില്ലേ… അവർക്കെല്ലാം ഈ വീട്ടിലൂടെ കണ്ണും കാതും തുറന്നു വെച്ച് നടക്കണ്ടേ… ജീവിക്കണ്ടേ…?

രാഗിണിയുടെ മൂത്ത സഹോദരൻ ഒരു വഴക്ക് ഒഴിവാക്കാനെന്നോണം ശാന്തമായ് തിരക്കിയതും ജിജിയുടെ നോട്ടമൊന്ന് അമ്മായി അമ്മ രാഗിണിയേയും മറിക്കടന്ന് അവർക്ക് പിന്നിലായ് ആർക്കും തിരിച്ചറിയാൻ സാധിക്കാത്ത എന്നാൽ ജിജിയ്ക്ക് വ്യക്തമായ് തിരിച്ചറിയാൻ സാധിക്കുന്ന ഗൂഡ ചിരിയുമായ് നിൽക്കുന്ന രാധികയിലെത്തി….

കണ്ണും കാതും തുറന്ന് ഈവീട്ടിനുള്ളിലൂടെ നടക്കാൻ പറ്റുന്നില്ലെന്ന് ആദ്യം ഈ വീട്ടിൽ പരാതി പറഞ്ഞതവളാണല്ലോ…?

”വല്യ മാമ്മേ ഈ വീടെന്ന് നിങ്ങൾ പറയുന്നത് ഈ വീടിന്റെ എല്ലാ ഭാഗങ്ങളും ഉദ്ദേശിച്ചല്ലേ…?
അതോയിനി അമ്മാവന്റെ സഹോദരിയേയും മകളെയും പോലെ ഞങ്ങളുടെ ബെഡ് റൂമിനെയല്ലല്ലോ മാമൻ ഉദ്ദേശിച്ചത്….?

പരിഹാസത്തോടെ തന്നെയാണ് ജിജിയത് അവരോട് ചോദിച്ചത്…

നീ പറഞ്ഞത് ഞങ്ങൾക്ക് മനസ്സിലായില്ല ജിജി…?

അത്ര നേരവും അവിടെ നടന്ന സംസാരവും അവിടെയുള്ളവരുടെ മുഖഭാവവും ശ്രദ്ധയോടെ വീക്ഷിച്ചുകൊണ്ടിരുന്ന വല്യ അമ്മാവന്റെ ഭാര്യ ഇരുന്നിടത്തു നിന്നെഴുന്നേറ്റ് ജിജിയ്ക്ക് അരികിൽ വന്നു ചോദിച്ചതും രാധിക വേഗം തന്റെ അമ്മയെ ഒന്നു നുള്ളി…

“എന്റെ നാത്തൂനേ അതൊന്നും ഇത്ര ചോദിച്ചറിയാൻ മാത്രമുള്ളതൊന്നുമില്ല… അവളും പിന്നെന്റെ പെൺകോന്തനായ മകനും അവരുടെ മുറിയിലിരുനേതാണ്ട് പറയുകയോ ചെയ്യുകയോ ചെയ്യുന്ന നേരത്ത് എന്റെ രാധുമോളൊന്നവിടേയ്ക്ക് അറിയാതെ കയറി ചെന്നു പോയ്…. അതിനാണ് ഇവളീ വളച്ചുകെട്ടി പറയുന്നത്…. ഓരോന്നിനും ഓരോ നേരോം കാലോം ഒക്കെയുണ്ട്… അതല്ലാതെ ഏതു നേരവും മുറിയടച്ച് മറ്റേ പണിയും ചെയ്തിരിക്കുവല്ല പെൺകുട്ടികൾ… ഇതൊക്കെ അറിയണമെങ്കിൽ കുടുംബത്ത് പിറക്കണം പെൺ പിള്ളേര്… അല്ലാത്തതൊക്കെ ഇവളെ പോലെയിതുപോലെയാവും…

ജിജിയെ നോക്കി ചീറി കൊണ്ടാണ് രാഗിണിയുടെ സംസാരം… അതു കേട്ടതും അവിടെ നടക്കുന്നതെന്താണെന്ന തിരിച്ചറിവിൽ ഇനിയൊന്നും ചോദിക്കാനും അറിയാനും ഇല്ലാത്തതുപോലെ നിശബ്ദരായി വല്യമ്മായി ഉൾപ്പെടെയുള്ളവർ….

മറ്റുള്ളവരുടെ മൗനം തനിയ്ക്കും തന്റെ മകൾക്കും ഉള്ള അനുകൂലമാണെന്ന് ചിന്തിച്ചു രാഗിണി…

“എന്റെ ഏട്ടാ രാധുമോളന്ന് അങ്ങനെ ചെന്നു കയറിയതിന് ഇവളുടെ വാക്കും കേട്ട് രാഗേഷ് എന്തൊക്കെ പ്രശ്നമുണ്ടാക്കി ഇവിടെ എന്നറിയുമോ…?
എന്റെ രാധുമോളെ അവനെന്തൊക്കെ പറഞ്ഞന്നറിയാമോ… ഇതൊന്നും പോരാഞ്ഞ് അവന്റെ മുറിയിലേക്ക് ഇനി കയറി ചെല്ലുമ്പോൾ വാതിലിൽ മുട്ടി അനുവാദം വാങ്ങിച്ചിട്ട് വേണം കയറി ചെല്ലാൻ എന്നൊരു ഉഗ്രശാസനയും എന്റെ മോളോട്… ഇതെന്റെ കെട്ടിയവൻ ഉണ്ടാക്കിയിട്ട വീടാണ്… ഇവിടെ എവിടെ വേണേലും എന്റെ രാധുമോള് അവൾക്ക് തോന്നുമ്പോൾ ചെന്ന് കയറുകയും ഇറങ്ങുകയും ചെയ്യും…ഒരനുവാദവും ഒരാളിൽ നിന്നും എന്റെ മോള് വാങ്ങില്ല…. ഇതേ അവൾക്കും കൂടി അവകാശപ്പെട്ട വീടാണ്… അല്ലാതെ അവനു മാത്രം അവകാശപ്പെട്ടതൊന്നുമല്ല…”

പറയുന്നത് ശരിയോ തെറ്റോ എന്നു പോലും നോട്ടമില്ലാതെ രാഗിണി മകൾക്ക് വേണ്ടി വാദിച്ചു നിന്നതും അവർക്ക് മുന്നിലേക്ക് രാഗേഷ് കയറി നിന്നത് അവരൊട്ടും പ്രതീക്ഷിക്കാതെയാണ്….

ഞെട്ടി രാഗിണി…

അവൻ ഓഫീസിൽ പോയെന്ന ഉറച്ച വിശ്വാസത്തിലാണ് അവനില്ലാത്ത സമയം നോക്കി മരുമകളെ ഉപദേശിക്കാനായ് സ്വന്തം സഹോദരങ്ങളെ വിളിച്ചു വരുത്തിയത്….

“ഈ വീടെങ്ങനെ ഇവൾക്ക് അവകാശപ്പെട്ടതാവും അമ്മേ….?
ഇവളുടെ എല്ലാ അവകാശവും കണക്കു പറഞ്ഞ് എഴുതി വാങ്ങിയിട്ടല്ലേ ഇവൾ ഇവളുടെ കല്യാണം കഴിഞ്ഞിവിടെ നിന്ന് പോയത്…?
ഇനിയും എന്തവകാശമാണ് ഇവൾക്ക് ഇവിടെ ബാക്കിയായിട്ടുള്ളത്… അമ്മ പറഞ്ഞേ…. ഞാനൊന്നറിയട്ടേ…”

സൗമ്യതയാണ് രാഗേഷിന്റെ ശബ്ദത്തിലെങ്കിലും അമ്മയേയും മകളെയും നോക്കുന്ന അവന്റെ കണ്ണുകളിൽ നിറയെ ദേഷ്യമാണെന്ന് ജിജി കണ്ടറിയുന്നുണ്ട്….

രാഗേഷിനോടെന്ത് പറയും എന്നറിയാതെ പതിയെ രാഗിണിയുടെ നോട്ടം മകളിലേക്ക് ചെന്നതും കണ്ടു തന്നെ നോക്കാതെ മറ്റെങ്ങോ നോക്കി നിൽക്കുന്നവളെ…

‘വല്യ മാമയും മറ്റുമൊക്കെ വന്നത് എന്തായാലും നന്നായി… ഞാനായിട്ട് നിങ്ങളെയൊക്കെ വന്ന് കാണാനിരിക്കുകയായിരുന്നു…. ഇതിങ്ങനെ മുന്നോട്ടു കൊണ്ടുപോവാൻ വയ്യ എനിയ്ക്ക്…. ഒരു തീരുമാനം വേണം പെട്ടന്ന്…. ”

അമ്മയിൽ നിന്ന് നോട്ടം മാറ്റി രാഗേഷ് അമ്മാവന്മാർക്ക് നേരെ തിരിഞ്ഞതും രാഗിണിയെ മുറുക്കി പിടിച്ചു രാധിക…താനിവിടെ നിന്ന് എങ്ങോട്ടും പോവില്ലെന്നതു പോലെ….

“നീ കാര്യങ്ങൾ വ്യക്തമായ് തുറന്നു പറ രാഗേഷേ… എന്തായാലും വന്നു, ഇനിയൊരു തീരുമാനം എടുത്തിട്ടേ മടക്കമുള്ളു ഞങ്ങൾ….”

തങ്ങളെ രാഗിണി അറിയിച്ചതൊന്നുമല്ല അവിടുത്തെ പ്രശ്നമെന്ന തിരിച്ചറിവോടെ മാമൻ പറഞ്ഞതും വെള്ളിടി വെട്ടിയത് രാധികയുടെ നെഞ്ചിലാണ്….

“ഇവള് ചോദിച്ചതെല്ലാം കൊടുത്തിട്ട് തന്നെയാണിവളുടെ കല്യാണം ഞാൻ നടത്തിയതെന്ന് വല്യ മാമയ്ക്കറിയാലോ..

അവൻ ചോദിച്ചതിന്‌ തലയിളക്കി അയാൾ

“എന്ത് എത്ര കൊടുത്തിട്ടും പക്ഷെ ചെന്നു കയറിയ വീട്ടിൽ ഇവൾക്ക് നേരാവണ്ണം താമസിക്കാൻ വയ്യ… ആ വീട്ടിലുള്ളവർക്ക് ഇല്ലാത്ത കുറ്റങ്ങളൊന്നുമില്ല ഇവൾക്ക്… എന്തിന് ഇവളെ കല്യാണം കഴിച്ച ആ മുരളിയ്ക്ക് വരെ നൂറു കുറ്റങ്ങൾ നിരത്തിയിവൾ… എന്നിട്ടവസാനം അവിടെ നിൽക്കാൻ വയ്യെന്ന് പറഞ്ഞ് എല്ലാം കെട്ടി പെറുക്കി ഇങ്ങോട്ടേക്ക് ഒരു വരവാണിവൾ… എന്തിനാണെന്നോ എന്റെ ജീവിതം ഇല്ലാതാക്കാൻ… സ്വൈര്യം ഇല്ലാതാക്കാൻ… അതിനിവൾക്ക് കൂട്ട് അമ്മയും… എനിയ്ക്കെന്റെ പെണ്ണിനോടൊന്ന് നേരാവണ്ണം മിണ്ടാൻ പോലും പറ്റുന്നില്ല ഈ വീട്ടിൽ… ഞങ്ങൾ കിടക്കുന്ന മുറിയിൽ വരെ ഇവളുടെ അഴിഞ്ഞാട്ടമാണ്… രണ്ടു മിനിറ്റ് തികച്ച് ഞാനൊന്ന് വാതിൽ കുറ്റിയിട്ടാൽ അപ്പോ തുടങ്ങും ഇവരമ്മയും മകളും മാറി മാറി വാതിലിൽ തട്ടി ആവശ്യമില്ലാത്ത ഓരോ കാര്യങ്ങൾക്കായുള്ള വിളികൾ…. മടുത്തു ഞാൻ….”

തന്റെ ഉള്ളിലുള്ളതെല്ലാം അവരറിയണം എന്നതുപോലെ രാഗേഷ് എല്ലാം തുറന്നങ്ങ് പറഞ്ഞതും അമ്മാവൻമാരുടെ നോട്ടം രാഗിണിയിലേക്കും രാധികയിലേക്കും മാത്രമായി ചുരുങ്ങി…

അമ്മാവൻ എന്നെയിനി എത്ര നോക്കി പേടിപ്പിച്ചാലും മുരളിയേട്ടന്റെ വീട്ടിലേക്ക് ഞാൻ മടങ്ങി പോവില്ല

“ഞാനിവിടെ തന്നെയേ നിൽക്കുള്ളു… പിന്നെ ഏട്ടന്റെ കാര്യം ഒരു പെങ്ങൾ വീട്ടിലുണ്ടെന്ന് കരുതി വേണം ഏട്ടനും ജീവിക്കാൻ… അതല്ലാതെ എപ്പോഴും വാതിലടച്ച് ഇവളേം കെട്ടിപ്പിടിച്ച് അതിനകത്ത് ഇരിക്കാന്ന് ഏട്ടൻ കരുതണ്ട… അങ്ങനെ ഇരിക്കാൻ സമ്മതിക്കില്ല ഞാൻ… എന്നെ കൊണ്ടാവും വിധമെല്ലാം ഏട്ടനെ ശല്യം ചെയ്യും ഞാൻ …കൂട്ടിന് എന്റെ അമ്മയേം കൂട്ടും… പറ്റില്ലെങ്കിൽ ഏട്ടൻ വേറെ വീട് നോക്കിക്കോ…. ഇവിടെ ഞാനും എന്റെ അമ്മയും തനിച്ചു മതി…'”

രാകേഷിനോടുള്ള മുഴുവൻ ദേഷ്യത്തിലും രാധിക ഓരോന്നും വിളിച്ചു പറഞ്ഞതും രാഗേഷിന്റെ നോട്ടം അമ്മാവന്മാരിലേക്കെത്തി…

ഇവരമ്മയുടെയും മകളുടെയും യഥാർത്ഥ ഉദ്ദേശം ഇതാണ്… എന്നെയും ഇവളെയും എങ്ങനെയെങ്കിലും ഇവിടെ നിന്നൊഴിവാക്കി ഈ വീട് നേടുക എന്നത്… എന്റെ കയ്യിലുള്ളതും കടം വാങ്ങിയതും എല്ലാം കല്യാണത്തിന്റെ പേരിൽ കൈവശപ്പെടുത്തി എടുത്തിട്ടാണ് ഇവരുടെയി അത്യാർത്തി… അതിന് തുള്ളാൻ മാത്രം മണ്ടനല്ല ഞാൻ…. ഇനി വരുന്നത് എന്താണെങ്കിലും അത് ഞാൻ നോക്കിക്കോളാം മാമേ….

രാഗേഷ് പറഞ്ഞതിനൊന്ന് തലയാട്ടി അവിടെ നിന്നിറങ്ങുമ്പോൾ അവരാരും തന്നെ വെറുതെ പോലും രാഗിണിയേയും മകളെയും നോക്കിയില്ല….പെങ്ങളുടെയും മകളുടെയും യഥാർത്ഥ സ്വഭാവം മനസ്സിലാക്കി അവിടെ നിന്നിറങ്ങി പോവുമ്പോൾ അവരമ്മയേയും മകളെയും അവരത്രയും വെറുത്തിരുന്നു…

“വന്നു വന്നിപ്പോൾ ഈ അടുക്കളയിൽ പോലും കണ്ണുതുറന്ന് നിൽക്കാൻ വയ്യാതായല്ലോ എന്റെ ഭഗവാനെ… ”

ചപ്പാത്തി പരത്തുന്ന ജിജിയെ പുറകിൽ നിന്ന് പുണർന്ന് ചുംബിയ്ക്കുന്ന രാഗേഷിനെ കണ്ടതും ഒരാത്മഗതത്തോടെ അടുക്കളയിൽ നിന്ന് വേഗത്തിൽ പുറത്തേക്കിറങ്ങിയ രാഗിണി ചെന്നു നിന്നത് രാധികയുടെ മുന്നിലാണ്..

“അമ്മ ഏട്ടന്റെ സീൻ കണ്ടുള്ള വരവായിരിയ്ക്കും അല്ലേ….ഇതിങ്ങനെ വിട്ടാൽ ശരിയാവില്ല അമ്മാ… അവർക്ക് കെട്ടിപിടിച്ചുമ്മ വെയ്ക്കാനും കെട്ടിമറിയാനുമൊക്കെ അവരുടെ റൂം ഉപയോഗിച്ചൂടെ… ഇതിപ്പോ ഏട്ടന് ലീവായതിൽ പിന്നെ വീടിന്റെ ഒരു ഭാഗത്തേയ്ക്കും പോവാൻ വയ്യ കണ്ണും തുറന്ന്… എന്തൊക്കെ കാണേണ്ടി വരുമെന്നറിയില്ലല്ലോ… ഇങ്ങനെയുണ്ടോ നാണവും മാനവും ഇല്ലാത്ത മനുഷ്യര്… ഛെ… ”

ദേഷ്യവും വെറുപ്പും കലർന്ന ശബ്ദത്തിൽ രാധിക പറഞ്ഞു നിർത്തിയതും അവളുടെ കരണം പുകച്ച് ഉയർന്നു രാഗിണിയുടെ കൈ

അടി കൊണ്ട കവിളിൽ കൈവെച്ച് അമ്മയെ പകച്ച് നോക്കി രാധിക…

“അടിച്ചു നിന്റെ കരണം ഞാൻ പുകയ്ക്കും നാശമേ… നീയൊരുത്തിയാണ് ഇതിനൊക്കെ കാരണം.. അവരവരുടെ ജീവിതം ആ മുറിയ്ക്കുള്ളിൽ ജീവിച്ചപ്പോൾ അതിനവരെ സമ്മതിക്കാതെ ഒളിഞ്ഞു നോക്കാൻ നീ ചെന്നതുകൊണ്ടാണെടീ അവരിപ്പോൾ വീണിടം കിടപ്പുമുറിയാക്കിയത്… നീയൊരുത്തി കാരണം എന്റെ മോനും എന്റെ ആങ്ങളമാരുമൊന്നും എന്നോട് മിണ്ടുന്നില്ല ഇപ്പോൾ… ഇനിയും ഇത് തുടർന്നു പോവാൻ പറ്റില്ല എനിയ്ക്ക്… നീ തിരിച്ച് നിന്റെ കെട്ടിയവന്റെ അടുത്തേയ്ക്ക് പോയേ പറ്റൂ… ഇല്ലെങ്കിൽ ഇറങ്ങി പൊയ്ക്കോ എങ്ങോട്ടെങ്കിലും…..”

കലി തുള്ളി രാഗിണി പറയുമ്പോൾ അമ്മയുടെ മാറ്റത്തിൽ ആകെ പകച്ച് അടിക്കൊണ്ട കവിളിൽ കയ്യും വെച്ച് തന്റെ മുറിയിലേക്ക് നടന്ന രാധികയുടെ മുന്നിലൂടെ ജിജിയേയും കൈകളിലെടുത്ത് അവളുടെ കവിളിൽ ചുണ്ടും ചേർത്ത് തങ്ങളുടെ മുറിയിലേക്ക് നടന്നു രാഗേഷും… ഞാനാഗ്രഹിച്ചത് നടന്ന സന്തോഷത്തോടെ…..

✍️രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *