പലപ്പോഴും ഈ യൂണിഫോം ഷർട്ട് ഒക്കെ ഇടുന്നതിനു പകരം ചുരിദാറും പട്ടുപാവാട ഒക്കെ ഇടാൻ ഞാൻ മനസ്സുകൊണ്ട് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്…

ആൺ മനസ്സിലെ പെണ്ണ്
(രചന: മഴ മുകിൽ)

ഓഡിറ്റോറിയത്തിലെ വലിയ സ്‌ക്രീനിൽ അരുണിന്റെ ജീവിതം…. പലഘട്ടങ്ങളിലായി കാണിച്ചു തുടങ്ങി….. കാണികൾ ആവേശത്തോടെ കണ്ടിരുന്നു…..

ടാ….. നീ ശെരിക്കും ആണ് തന്നെ ആണോ.. ഞങ്ങളുടെ കൂടെ ഒരുപെണ്ണിനെ ആണോ കൊണ്ട് നടക്കുന്നത് എന്ന്‌ ഒരു തോന്നൽ…

കൂട്ടുകാരിൽ ഒരാൾ…. കളിയായി അത്‌ പറഞ്ഞപ്പോൾ അരുണിന്റെ മുഖത്തു വിഷാദം നിറഞ്ഞു… അവൻ വേഗത്തിൽ ക്ലാസ്സിലേക്ക് പോയി…..

എന്തിനാ വിശാൽ നി അവനോടു അങ്ങനെ പറഞ്ഞത്.. അവനതു ഫീൽ ആയെന്നു തോന്നുന്നു…

ശ്യം വേറൊന്നും വിചാരിച്ചു കൊണ്ടല്ല ഞാൻ അങ്ങനെ പറഞ്ഞത്.. ഞാൻ വെറുതെ അവനെ ഒന്ന് കളിയാക്കാൻ വേണ്ടി പറഞ്ഞതാണ്..

നിനക്കറിയാമല്ലോ വിശാൽ ക്ലാസിലെ ഒരുപാട് കുട്ടികൾ ഈ പേരും പറഞ്ഞ് അവനെ കളിയാക്കുന്നുണ്ട്..

അതിന്റെ കൂട്ടത്തിൽ നമ്മളും കൂടി അവനെ പറയുമ്പോൾ അവൻ അത് വല്ലാത്ത സങ്കടം ആവും….. നമ്മൾ എങ്കിലും അവനോട് ഈ രീതിയിലുള്ള തമാശകൾ പറയാതിരിക്കാൻ ശ്രദ്ധിക്കണം…..

ശ്യാമും വിശാലും ക്ലാസിലേക്ക് ചെല്ലുമ്പോൾ അരുൺ ഡെസ്കിൽ തലയും ചേർത്തിരുന്നു കരയുന്നു…….

നീ എന്താടാ ഇങ്ങനെ…ആരെങ്കിലും എന്തെങ്കിലും കളിയാക്കി പറയുമ്പോൾ തന്നെ നീ ഇങ്ങനെ കരയാനും മുഖം വീർപ്പിക്കാനും ഇരിക്കുന്നത് കൊണ്ടാണ് എല്ലാവർക്കും നിന്നെ എളുപ്പമായി തോന്നുന്നത്…

നിന്റെ ഈ സ്വഭാവം എല്ലാം ആദ്യമേ തന്നെ മാറ്റിയെടുക്കണം അരുൺ.. എന്നിട്ട് നീ കുറച്ചുകൂടി ബോൾഡ് ആകാൻ ശ്രമിക്കണം……..

വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിൽ വരുമ്പോഴും അരുണിന്റെ മനസ്സിലൂടെ പല ചോദ്യങ്ങളും കടന്നുപൊയ്ക്കൊണ്ടിരുന്നു….

വീട്ടിലെത്തിയതും രമ അരുണിന്റെ മുഖം കണ്ട് അവനോട് കാര്യമെന്താണെന്ന് തിരക്കി..

അമ്മയോട് മറുപടിയൊന്നും പറയാതെ അരുൺ നേരെ മുറിയിലേക്ക് പോയി… മുറിയിൽ കയറിയ ഉടനെ തന്നെ അരുൺ ഡോർ അടച്ച് ലോക്ക് ചെയ്തു…..കട്ടിലിൽ വീണു കരഞ്ഞു….

അരുൺ നേരെ അമ്മയുടെ അടുത്തേക്ക് ചെന്നു… അമ്മേ എനിക്ക് എന്തൊക്കെയോ സംശയം തോന്നുന്നു…

രമ അവന്റെ മുഖത്തേക്ക് നോക്കി… എന്താണ് നിന്റെ സംശയം….

അത് അത്‌ പിന്നെ….

പറയെടാ എന്താ നിന്റെ സംശയം….

അമ്മ ഒന്ന് നോക്കിക്കേ ഞാൻ പെൺകുട്ടികളെപ്പോലെ ആണോ ഇരിക്കുന്നത്….. അത് ചോദിക്കുമ്പോൾ അരുണിന്റെ ഒച്ച നന്നെ ചിലമ്പിച്ചിരുന്നു…

രമ മകനെ അത്ഭുതത്തോടെ നോക്കി എന്താ മോനേ നിനക്ക് പെട്ടെന്ന് ഇങ്ങനെ തോന്നാനുള്ള കാരണം..

പെട്ടെന്നൊന്നും തോന്നിയതല്ല അമ്മേ.. കുറച്ചുനാളായി എന്റെ മനസ്സിന് ആകെ വിഷമമാണ്…

ഞാൻ പിന്നെ പുറത്താരോടും പറയാതെ ഇത്രയും നാൾ ഉള്ളിലൊതുക്കി നടക്കുകയായിരുന്നു…. പക്ഷെ ഇനിയെങ്കിലും എല്ലാം അമ്മയോട് എങ്കിലും പറഞ്ഞില്ലെങ്കിൽ എനിക്ക് ഒരു സമാധാനവും കിട്ടില്ല….

ഇപ്പോൾ തന്നെ ക്ലാസ്സിൽ എല്ലാ കുട്ടികളും നീ പെണ്ണാണോ എന്ന് ചോദിച്ചു എന്നെ കളിയാക്കുകയാണ്..

എനിക്ക് ക്ലാസ്സിൽ ആൺകുട്ടികളുടെ കൂടെ കൂട്ടുകൂടുന്നതിനേക്കാൾ ഇഷ്ടം പെൺകുട്ടികളോട് കൂട്ടുകൂടുന്നത് ആണ്.. അവരോടൊപ്പം ചേർന്ന് നിന്ന് കളിക്കുന്നത് ആണ് എനിക്ക് കൂടുതൽ ഇഷ്ടം..

പലപ്പോഴും ഈ യൂണിഫോം ഷർട്ട് ഒക്കെ ഇടുന്നതിനു പകരം ചുരിദാറും പട്ടുപാവാട ഒക്കെ ഇടാൻ ഞാൻ മനസ്സുകൊണ്ട് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്…

മുടി ഒരുപാട് കൂടുമ്പോൾ അച്ഛൻ എന്നോട് മുടി വെട്ടിക്കാൻ പറയുമ്പോൾ ഞാൻ വളരെ സങ്കടത്തോടെ കൂടിയാണ് മുടി വെട്ടിക്കാൻ പോകുന്നത്…

എനിക്ക് പെൺകുട്ടികളെപ്പോലെ മുടി നീട്ടി വളർത്തുന്നതും പൗഡറും കണ്മഷിയും എഴുതുന്നത് ഒക്കെ മനസ്സുകൊണ്ട് വല്ലാത്ത ആഗ്രഹം ആണ്,…അമ്മേ…

പക്ഷേ ഞാൻ ഇതൊക്കെ പുറത്ത് ആരോടെങ്കിലും പറയുകയാണെങ്കിൽ എല്ലാവരും എന്നെ കുറിച്ച് എന്ത് കരുതും എന്ന് വിചാരിച്ചാണ് ഞാൻ ഇത്രയും നാൾ ഒന്നും തന്നെ മിണ്ടാതെ ഇരുന്നത്….

പക്ഷേ ഇപ്പോൾ ഓരോ ദിവസം കഴിയുന്തോറും എന്റെ ആഗ്രഹങ്ങൾ എന്റെ മനസ്സിൽ തന്നെ അടക്കി വയ്ക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്….

ക്ലാസിൽ പോലും എനിക്ക് ആൺകുട്ടികളോടൊപ്പം ഇരിക്കുന്നതിനേക്കാൾ കൂടുതലിഷ്ടം പെൺകുട്ടികളോടൊപ്പം ചേർന്ന് അവരോടൊപ്പം ചെലവഴിക്കാനാണ്…….

കഴിഞ്ഞ കുറേ ദിവസങ്ങൾക്കു മുമ്പ് ഞാൻ ഇതിനെ കുറിച്ച് അറിയാൻ സ്കൂളിലെ ലൈബ്രറിയിൽ നിന്നും ഒരു പുസ്തകത്തിലൂടെ ഒരു ചെറിയ ലേഖനം വായിക്കാൻ ഇടയായി..

ജന്മം കൊണ്ട് ഞാനൊരു പുരുഷനായി ജനിക്കുകയും എന്റെ മനസ്സ് കൊണ്ട് ഞാൻ ഒരു സ്ത്രീയായി മാറിയിരിക്കുകയാണ് ഇപ്പോൾ….

ഞാൻ ഒരു പുരുഷൻ ആയിട്ടാണ് ജനിച്ചത് എങ്കിലും മനസ്സിൽ ഞാൻ എന്നും ഒരു സ്ത്രീയാണ് അമ്മേ….

അതുകൊണ്ട് ഞാൻ ഒരു സ്ത്രീയായി ജീവിക്കാനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്.

അമ്മ അച്ഛൻ വരുമ്പോൾ എന്റെ അവസ്ഥയെ കുറിച്ച് അച്ഛനോട് ഒന്നു പറഞ്ഞു മനസ്സിലാക്കണം.. ഒരു പുരുഷനായി ജനിച്ചു ഒരു സ്ത്രീ ആയി ജീവിക്കുവാൻ ആഗ്രഹിച്ചു…..

ആണും പെണ്ണും അല്ലാത്ത അവസ്ഥ അത്‌ പറഞ്ഞു മനസിലാക്കാൻ കഴിയില്ല അമ്മേ.. ഞാൻ ഇതിൽ കിടന്നു വീർപ്പു മുട്ടുവാണ്……

രാധയുടെ കണ്ണുകൾ നിറഞ്ഞു… മകന്റെ അവസ്ഥ ആ അമ്മക്ക് മനസിലായി….. മകനെ ചേർത്ത് പിടിച്ചു.. അമ്മക്ക് മനസിലാവും…..

എനിക്ക് പേടി ആയിരുന്നു അമ്മേ ഇത്രേം നാൾ പറയാൻ.. ഞാനിതു പറഞ്ഞാൽ എന്നെ ഈ വീട്ടിൽ നിന്നും പുറത്താക്കിയാലോന്നു ഞാൻ പേടിച്ചു…..

സാധാരണ ഇങ്ങനെ ഒരു കുട്ടി വീട്ടിൽ ഉണ്ടെന്നു അറിയുമ്പോൾ വീട്ടുകാർക്ക് നാണക്കേട് തോന്നി വീട്ടിൽ നിന്നും പുറത്താക്കും എന്നൊക്കെയാണ് ഞാൻ കേട്ടിട്ടുള്ളത്….

അങ്ങനെ ഒക്കെ ഉണ്ടായിരുന്നു… പക്ഷെ ഇപ്പോൾ എല്ലാപേരും അതൊക്കെ മനസിലാക്കി കാര്യങ്ങൾ ഉൾക്കൊള്ളാൻ പഠിച്ച ഒരു കാലഘട്ടത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്…

ഇതൊന്നും ആരും അറിഞ്ഞു കൊണ്ട് ചെയ്യുന്ന തെറ്റ് അല്ല… അമ്മക്ക് മോനെ മനസിലാകും… അമ്മക്കല്ലാതെ മറ്റാർക്കു മനസിലാകും….

ഒരുപാട് ആലോചിച്ചു മനസ് വിഷമിപ്പിക്കാതെ മോൻ കുറച്ചു നേരം റസ്റ്റ്‌ എടുക്കു…..

രമ മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങി.

രാത്രിയിൽ രമേശൻ വരുമ്പോൾ രമ ഉമ്മറത്ത് തന്നെ ആലോചനയോടെ ഇരിക്കുന്നു….

നീ എന്താ രമേ ഞാൻ വന്നതുപോലും അറിയാത്ത അത്രേം ആലോചനയിൽ ആണല്ലോ….

രമേശേട്ടൻ വന്നോ… ഞാൻ അറിഞ്ഞില്ല…

നീയെങ്ങനെ അറിയും അത്രക്ക് ആലോചിച്ചു കൂട്ടുവല്ലേ……..

രമേശേട്ട ഞാൻ കുറച്ചു ദിവസങ്ങൾക്കു മുൻപേ പറഞ്ഞ ഒരു കാര്യം ഓർമ്മയുണ്ടോ.. അരുണിന്റെ സ്വഭാവത്തിൽ എനിക്ക് ചില സംശയം ഒക്കെ തോന്നുന്നു…

അവൻ കൂടുതലും പെൺകുട്ടികളോട് കൂട്ടുകൂടാനും അവരോടു ഒരുക്കത്തെക്കുറിച്ചും അവരുടെ കാര്യങ്ങൾ കൂടുതലായി അറിയാനും ശ്രമിക്കുന്നു എന്നൊക്കെ….

അന്ന് ഞാൻ അവനോടു ചോദിക്കട്ടെ എന്ന്‌ പറഞ്ഞപ്പോൾ ഏട്ടൻ അല്ലെ എന്നെ തടഞ്ഞത്… ഇന്ന് അവൻ എന്നോട് എല്ലാ കാര്യവും പറഞ്ഞു…..

അവൻ ആകെ മാനസിക സമ്മർദ്ധത്തിൽ ആണ്..ഇന്നവൻ എന്നോട് എല്ലാം പറഞ്ഞു… അച്ഛനോട് പറയാൻ അവനു പേടിയാണ്…..

രമേശൻ എല്ലാം കേട്ടു… അരുണിന്റെ മുറിയിലേക്ക് രമയെയും കൂട്ടി ചെന്നു….

അച്ഛനെ കണ്ടപ്പോൾ അരുണിന്റെ മുഖത്തു ഭയം നിറഞ്ഞു…. രമേശൻ അരുണിനെയും ചേർത്തു പിടിച്ചു… അമ്മ എല്ലാം പറഞ്ഞു..

മോൻ പേടിക്കേണ്ട… അച്ഛൻ വഴക്കൊന്നും പറയില്ല… അമ്മ ഈ കാര്യം കുറേമുന്നേ തന്നെ അച്ഛനോട് പറഞ്ഞിരുന്നു.. നിന്റെ സ്വഭാവത്തിൽ ഈ വൈരുധ്യം…

പക്ഷെ ഞങ്ങൾ നിന്നോട് അത്‌ ചോദിച്ചാൽ നിനക്ക് സങ്കടം ആയാലോന്നു വിചാരിച്ചു ഞങ്ങൾ ചോദിക്കാത്തതാണ്……

ഇനിയിപ്പോൾ ഇതിനെ കുറിച്ച് കൂടുതൽ ആയി അന്വേഷിച്ചു നോക്കണം.. നമുക്ക് വേണ്ടത് ചെയ്യാം..മോൻ സമാധാനത്തിൽ കിടന്നുറങ്ങിക്കോ….

അരുണിന് അന്ന് ആദ്യമായി മനസ്സിൽ യാതൊരു ടെൻഷനും ഇല്ലാതെ കിടന്നു ഉറങ്ങാൻ കഴിഞ്ഞു……..

അടുത്ത ദിവസങ്ങളിൽ തന്നെ രമയും രമേശനും സ്കൂളിൽ എത്തി അരുണിന്റെ ക്ലാസ്സ്‌ ടീച്ചർനെയും പ്രിൻസിപ്പൽ നെയും കണ്ടു കാര്യം പറഞ്ഞു….. അവർക്കും കാര്യങ്ങൾ മനസിലാക്കി എടുക്കാൻ സാധിച്ചു

ക്ലാസ് ടീച്ചർ തന്നെയാണ് ക്‌ളാസിൽ ഈ കാര്യം അവതരിപ്പിച്ചത്… ആദ്യ മൊക്കെ കുട്ടികൾക്ക് ഉൾക്കൊള്ളാൻ മടിയായിരുന്നു… പക്ഷെ പിന്നീട് അവർ അതുമായി പൊരുത്തപ്പെടാൻ തീരുമാനിച്ചു…

ക്ലാസ് മുറിയിലെ പ്രൊജക്റ്ററിലൂടെ ട്രാൻസ് ജെൻഡേഴ്സുമായി ബന്ധപ്പെട്ട ചിലലേഖനങ്ങളും ഡോക്യൂമെന്ററിയും ഒക്കെ കാണിച്ചു ബോധവത്കരണ ക്ലാസ് കൊടുത്തു…

പതിയെ പതിയെ അകന്നു മാറിനിന്ന കുട്ടികളും അരുണിനെ അംഗീകരിക്കാൻ തുടങ്ങി……..

അരുണിന് ആ സ്കൂളിലും സമൂഹത്തിനും അവൻ ആഗ്രഹിക്കുന്ന രീതിയിൽ സന്തോഷത്തോടെ ജീവിക്കുവാനുള്ള അവസരം അവന്റെ വീട്ടിൽ നിന്നും നിന്നും തന്നെ കിട്ടി……

എല്ലാപേരും ഡോക്യൂമെന്ററി കണ്ടു
ആവേശത്തോടെ കയ്യടിച്ചു….

Mrs അരുണ ബാലകൃഷ്ണൻ ഹൈ കോർട്ട് ജഡ്ജ് ആയി ചുമതല ഏൽക്കുന്ന ഈ സന്ദർഭത്തിൽ മാഡത്തിന് എന്താണ് പറയുവാൻ ഉള്ളത്….

എന്നെ കുറിച്ച് എല്ലാം നിങ്ങൾ ഇപ്പോൾ ഈ ബിഗ് സ്‌ക്രീനിൽ കണ്ടതാണ്… എനിക്ക് വേണ്ട സപ്പോർട് എന്റെ വീട്ടിൽനിന്നും സ്കൂളിൽ നിന്നുമൊക്കെ കിട്ടി അതാണ് എനിക്ക് ഉയർന്നു വരാൻ ഉള്ള ആദ്യ പ്രചോദനം…..

ഇന്ന് സമൂഹം ഞങ്ങളെ പോലെ ഉള്ളവരെ അംഗീകരിക്കാൻ മനസ് കാണിക്കുന്നു അത്‌ തന്നെയാണ് സന്തോഷവും… ഇത്രയും നേരം എനിക്കായി എന്നെ കേൾക്കാൻ മനസ് കാണിച്ചതിന് ഒരുപാട് നന്ദി….

Leave a Reply

Your email address will not be published. Required fields are marked *