” ഗ്രീഷ്മ.. ഇനി നീ എന്നെ വിളിക്കരുത്. നമ്മൾ തമ്മിലുള്ള അവസാന കൂടിക്കാഴ്ചയായി ഇത് മാറട്ടെ.. ” അരുൺ അത് പറഞ്ഞപ്പോൾ, ഗ്രീഷ്മ അവനെ തുറിച്ചു നോക്കി.

(രചന: നിമിഷ)

” ഗ്രീഷ്മ.. ഇനി നീ എന്നെ വിളിക്കരുത്. നമ്മൾ തമ്മിലുള്ള അവസാന കൂടിക്കാഴ്ചയായി ഇത് മാറട്ടെ.. ” അരുൺ അത് പറഞ്ഞപ്പോൾ, ഗ്രീഷ്മ അവനെ തുറിച്ചു നോക്കി.

“നീ എന്താ പറയുന്നത് എന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ..? വെറുതെ തമാശ കളിക്കല്ലേ..”

അവൾ പറഞ്ഞപ്പോൾ അവൻ ചിരിച്ചു.

” ഞാൻ തമാശ പറഞ്ഞതാണെന്ന് നിനക്ക് തോന്നിയോ..? എന്നാൽ അത് അങ്ങനെയല്ല. ഞാൻ കാര്യമായി തന്നെ പറഞ്ഞതാണ്. നമ്മൾ തമ്മിലുള്ള എല്ലാ ബന്ധങ്ങളും ഇന്ന് ഈ ലൈബ്രറിയിൽ വച്ച് അവസാനിക്കണം. ”

അവന്റെ ശബ്ദത്തിൽ ഇത്തവണ ചെറുതായി ദേഷ്യം കലരാൻ തുടങ്ങിയിരുന്നു.

” ഇപ്പോൾ ഇങ്ങനെയൊരു തീരുമാനമെടുക്കാനും മാത്രം നമ്മൾ തമ്മിൽ എന്താണ് പ്രശ്നം..? ഞാൻ ഇന്ന് വരെ നിന്റെ ഇഷ്ടങ്ങൾക്കോ താല്പര്യങ്ങൾക്കോ വിരുദ്ധമായി ഒന്നും ചെയ്തതായിട്ട് എനിക്കറിയില്ല.

ഞാൻ ആത്മാർത്ഥമായി തന്നെയാണ് നിന്നെ സ്നേഹിച്ചത്. എന്നിട്ടും ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എന്തിനാണ്..? ”

സങ്കടത്തോടെ വിതുമ്പിക്കൊണ്ട് അവൾ ചോദിച്ചപ്പോൾ അവൻ അവളിൽ നിന്ന് മുഖം തിരിച്ചു.

” നിന്റെ കണ്ണീര് കാണിച്ച് എന്നെ വീഴ്ത്താമെന്നാണ് നീ കരുതുന്നതെങ്കിൽ അത് വെറുതെയാണ്. അങ്ങനെ അത്ര പെട്ടെന്നൊന്നും അലിയുന്ന മനസ്സല്ല എന്റേതെന്നു നിനക്കറിയാമല്ലോ.. ”

അവൻ പറഞ്ഞപ്പോൾ അവൾ പുച്ഛത്തോടെ ചിരിച്ചു.

” കണ്ണീര് കാണിച്ച് നിന്നെ മയക്കി എടുക്കാൻ ഒന്നുമല്ല. സങ്കടം വന്നാൽ കരയാനും സന്തോഷം വന്നാൽ ചിരിക്കാനും മാത്രമേ എനിക്ക് അറിയാവൂ.. ”

അവൾ പറഞ്ഞപ്പോൾ അവൻ പുച്ഛിച്ചു.

” നിന്റെ അറിവുകളെ കുറിച്ചൊന്നും നീ കൂടുതൽ സംസാരിക്കാത്തതാണ് നല്ലത്.എന്തൊക്കെയായാലും നിന്നോടൊപ്പം ഇനിയൊരു റിലേഷനും എനിക്ക് താല്പര്യമില്ല.

ഞാൻ പറഞ്ഞ ആ കാര്യം മനസ്സിലായെങ്കിൽ ഇവിടെ നിന്ന് എഴുന്നേറ്റു പൊക്കോ. ”

ക്രൂരമായ ഭാഷയിൽ അവൻ അത് പറയുമ്പോൾ ഗ്രീഷ്മയ്ക്ക് ആകെ വല്ലാതെ തോന്നി.

” നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ. പക്ഷേ അതിനു മുൻപ് എനിക്ക് അറിയണം ഞാൻ എന്താണ് നിന്നോട് ചെയ്ത തെറ്റ് എന്ന്..? നിന്നെ ആത്മാർത്ഥമായി സ്നേഹിച്ചതാണോ എന്റെ തെറ്റ്..? ”

ദേഷ്യത്തോടെ അവൾ ചോദിച്ചപ്പോൾ അവൻ ചുറ്റും നോക്കി.

” ഇവിടെ ശബ്ദം ഉയർത്തി ഒരു സീൻ ഉണ്ടാക്കാനാണ് നിന്റെ ഉദ്ദേശമെങ്കിൽ അത് നടക്കില്ല.. ”

അവൻ ഗൗരവത്തോടെ പറഞ്ഞപ്പോൾ അവളും ചുറ്റും നോക്കി.

ശരിയാണ് ലൈബ്രറിയിൽ അങ്ങിങ്ങായി ചില കുട്ടികൾ ഒക്കെ നിൽക്കുന്നുണ്ട്. ഇവിടുത്തെ ശബ്ദം അനുസരിച്ച് അവരൊക്കെ ഇങ്ങോട്ട് നോക്കുന്നുമുണ്ട്. വെറുതെ അവർക്ക് ഒരു ചർച്ചയ്ക്കായി നിന്നു കൊടുക്കേണ്ട എന്ന് ഗ്രീഷ്മയ്ക്ക് തോന്നി.

“ശരി.. ഞാൻ ശബ്ദം ഉയർത്തുന്നില്ല. പക്ഷേ എനിക്ക് അറിയണം എന്റെ ഭാഗത്തുനിന്ന് എന്ത് തെറ്റാണ് വന്നതെന്ന്..”

വീണ്ടും വീണ്ടും അവൾ ആ ചോദ്യം തന്നെ ചോദിച്ചപ്പോൾ അരുൺ അവളെ തുറിച്ചു നോക്കി.

“നിനക്ക് അറിഞ്ഞേ മതിയാകൂ എങ്കിൽ ഞാൻ പറയാം. എനിക്ക് നിന്നിലുള്ള താല്പര്യം ഇല്ലാതായി. അതുതന്നെയാണ് കാരണം.”

എടുത്തടിച്ചത് പോലെ അവനത് പറഞ്ഞപ്പോൾ അവൾക്ക് ഒരു തളർച്ച അനുഭവപ്പെട്ടു.

” നീ.. എന്തൊക്കെയാ.. ”

വിക്കി വിക്കി അവൾ ചോദിച്ചപ്പോൾ അവൻ പരിഹാസത്തോടെ അവളെ നോക്കി.

” എനിക്ക് ഒരു പെണ്ണിനെയും ഒരുപാട് കാലമൊന്നും കൂടെ കൊണ്ട് നടക്കുന്നത് ഇഷ്ടമല്ല. എന്നിട്ടും നിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടായിരുന്നു.

കാരണം നിന്നോടൊപ്പം ഞാൻ കഴിഞ്ഞ ഒന്നര വർഷമായിട്ടുണ്ട്. സാധാരണ അത്രയും കാലം ഒന്നും ഞാൻ ഒരു പെൺകുട്ടിയുമായി റിലേഷൻ തുടർന്നു പോകാറില്ല. ”

അവൻ പറയുന്നു ഓരോ വാക്കും അവളുടെ നെഞ്ചിൽ കൂരമ്പുകൾ പോലെ തറച്ചു കയറുകയായിരുന്നു. അവൾ ദയനീയമായി അവനെ നോക്കി.

” എന്റെ സ്വഭാവം ഇങ്ങനെയൊക്കെയാണ്. ഇപ്പോൾ പറഞ്ഞതൊന്നും മനസ്സിലാവാതെ വീണ്ടും എന്റെ പിന്നാലെ വരാനാണ് നിന്റെ ഭാവമെങ്കിൽ, എന്താകും സംഭവിക്കുക എന്ന് ഞാൻ പറയേണ്ടല്ലോ..

ഇനി ഞാൻ പറയണമെന്ന് നിർബന്ധമാണെങ്കിൽ ഞാൻ ഒരു കാര്യം ഓർമ്മിപ്പിക്കും.

നമ്മൾ തമ്മിലുള്ള കുറേ ഫോട്ടോസും വീഡിയോസും ഒക്കെ എന്റെ ഫോണിൽ കിടപ്പുണ്ട്. നമ്മൾ തമ്മിലുള്ളത് മാത്രമല്ല നിന്റേത് മാത്രമായ കുറച്ച് അധികം ഫോട്ടോസ് എന്റെ കയ്യിൽ ഉണ്ട്.

അതൊക്കെ ഏതു തരത്തിലുള്ളതാണെന്ന് നിനക്കറിയാമല്ലോ.അത് മറ്റാരെങ്കിലും കണ്ടാലുള്ള നിന്റെ അവസ്ഥ എന്തായിരിക്കും..? അതുകൊണ്ട് ഇനി മേലിൽ എന്റെ പിന്നാലെ വരരുത്. ”

ഒരു ഭീഷണിയുടെ സ്വരത്തിൽ അവൻ അത് പറയുമ്പോൾ അവൾക്ക് പുച്ഛം തോന്നി.

കഴിഞ്ഞ ഒന്നര വർഷമായി ഇവനെ ആണല്ലോ ആത്മാർത്ഥമായി സ്നേഹിച്ചത് എന്നോർത്ത് അവൾക്ക് തന്നെ പുച്ഛിക്കാൻ ആണ് തോന്നിയത്.

” എന്താടി നിനക്ക് ഒന്നും പറയാനില്ലേ..? ”

കുറച്ച് ഏറെ നേരമായിട്ട് അവൾ മൗനമായി ഇരിക്കുന്നത് കണ്ടിട്ടാണ് അവൻ ചോദിച്ചത്.

” ഞാനെന്തു പറയാനാണ്..? എന്റെ ജീവിതത്തിൽ എന്ത് തീരുമാനവും ഞാൻ ഒരുപാട് ആലോചിച്ചു മാത്രമേ എടുക്കാറുള്ളൂ.

പക്ഷേ നിന്റെ കാര്യത്തിൽ മാത്രം എന്റെ ആ പതിവ് തെറ്റി. നിന്നെ ഞാൻ സ്നേഹിക്കാൻ തുടങ്ങുമ്പോൾ പലരും എന്നോട് പറഞ്ഞതാണ് നിന്റെ സ്വഭാവം ശരിയല്ല എന്ന്.

പക്ഷേ അതൊന്നും വിശ്വസിക്കാൻ എനിക്ക് അന്നു കഴിയുമായിരുന്നില്ല. കാരണം നിന്റെ പ്രണയത്തിൽ ഞാൻ അന്ധയായിരുന്നു. നിന്നെക്കുറിച്ച് മോശം പറഞ്ഞവരോടൊക്കെ നിനക്ക് വേണ്ടി ഞാൻ വാദിച്ചിട്ടുള്ളൂ. ”

അവൾ പറയുന്ന ഓരോ വാക്കുകളും പരിഹാസത്തോടെയാണ് അവൻ കേട്ടത്.

” നിന്നെക്കുറിച്ച് ഓരോരുത്തരും ഇങ്ങനെയൊക്കെയാണ് പറയുന്നത് എന്ന് നിന്നോട് പറയുമ്പോൾ നീ എന്തൊക്കെ കള്ളങ്ങളാണ് എന്റെ മുന്നിൽ പറഞ്ഞിരുന്നത്..? നിന്നോട് അസൂയയുള്ളവർ പറഞ്ഞു പരത്തുന്നതാണ് എന്ന് വരെ നീ പറഞ്ഞു.

അതൊക്കെ ഞാനന്നു വിശ്വസിച്ചു.എല്ലാം എന്റെ തെറ്റായിരുന്നു. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ പറഞ്ഞത് അവഗണിച്ച് നിന്നെ എന്റെ ജീവിതത്തിലേക്ക് കൂട്ടാൻ തീരുമാനിച്ചത് എന്റെ മണ്ടത്തരം..!”

അവൾ ഒന്നു ദീർഘനിശ്വാസം ഉതിർത്തു.

” പിന്നെ നീ എന്താ പറഞ്ഞത്? ഇനി നിന്റെ പിന്നാലെ വരരുത് എന്ന്.. അല്ലെങ്കിലും ഞാൻ ഇനി നിന്റെ പിന്നാലെ വരാൻ ഉദ്ദേശിക്കുന്നില്ല.

നിന്റെ സ്വഭാവം ഇങ്ങനെയാണെന്ന് നീ തന്നെ തുറന്നു പറഞ്ഞ സ്ഥിതിക്ക് ഞാൻ ഇനി എന്തിന് നിന്റെ പിന്നാലെ വരണം..? നിനക്ക് എന്നോട് ഇല്ലാത്ത ആത്മാർത്ഥതയും സ്നേഹവും ഒന്നും ഞാൻ അങ്ങോട്ടും കാണിക്കേണ്ട കാര്യമില്ലല്ലോ.

പിന്നെ നീ മറ്റൊന്നും കൂടി പറഞ്ഞു.ഇനി പിന്നാലെ വന്നാൽ എന്നെ നീ എന്തോ ചെയ്തു കളയുമെന്ന്.ആ കാര്യത്തിൽ എനിക്ക് യാതൊരു പേടിയുമില്ല.”

അവൾ അത് പറഞ്ഞപ്പോൾ അവൻ അവളെ തുറിച്ചു നോക്കി.

” നീ പറഞ്ഞില്ലേ എന്റെ കുറെ ഫോട്ടോസും വീഡിയോസും ഒക്കെ നിന്റെ കയ്യിലുണ്ടെന്ന്. അതേപോലെ കുറെ എണ്ണം എന്റെ കയ്യിൽ ഉണ്ടാവില്ലേ..

നിന്റേത് മാത്രമായ കുറേ ഫോട്ടോസും വീഡിയോസും..? അത് ഞാൻ പുറത്തു വിട്ടാൽ എന്ത് സംഭവിക്കും..? അത് മൂന്നാമത് ഒരാൾ കണ്ടാൽ എന്തെങ്കിലും പറ്റുമോ..? ”

അത് കേട്ടപ്പോൾ അവൻ പുച്ഛത്തോടെ അവൻ ചിരിച്ചു.

“ഒരാണിന്റെ അത്തരം ഒരു ഫോട്ടോയോ വീഡിയോയോ പുറത്തു വന്നാലും പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല. പക്ഷേ ഒരു പെണ്ണിന്റെ കാര്യം അങ്ങനെയല്ല എന്നറിയാമല്ലോ..”

“അതുതന്നെയാണ് എനിക്കും പറയാനുള്ളത്. നിനക്ക് സംഭവിക്കാത്ത ഒന്നും തന്നെ എനിക്കും സംഭവിക്കാൻ പോകുന്നില്ല. നിന്നെ അത്രയും വിശ്വാസമുള്ളത് കൊണ്ടാണ് നീ നിർബന്ധിച്ചപ്പോൾ ഞാൻ അത്തരം ഫോട്ടോസും വീഡിയോസും നിനക്ക് അയച്ചു തന്നത്.

അത് എന്റെ ഭാഗത്തു നിന്ന് വന്ന തെറ്റ് തന്നെയാണ്.പക്ഷേ ആ ഒരു തെറ്റിന്റെ പേരിൽ ജീവിതകാലം മുഴുവൻ നിന്നെ ഭയപ്പെട്ട് ജീവിക്കാനൊന്നും എനിക്ക് പറ്റില്ല.

ആ ഫോട്ടോസും വീഡിയോസും ഇവിടെ വച്ച് തന്നെ നീ ഡിലീറ്റ് ചെയ്തു കളയുന്നതാണ് നല്ലത്. അല്ലെങ്കിൽ നാളെ ഒരുപക്ഷേ നിന്റെ വീട്ടിൽ ആർക്കെങ്കിലും ഇതുപോലൊരു അനുഭവം വരുമ്പോൾ പിന്നെ ദുഃഖിച്ചിട്ട് കാര്യമില്ലല്ലോ..!”

ഇത്തവണ അവളുടെ സ്വരത്തിൽ ആയിരുന്നു ഭീഷണി.അത് പുച്ഛിച്ചു കളയാൻ അവനു തോന്നിയെങ്കിലും, അനിയത്തിയുടെ മുഖം ഓർത്തപ്പോൾ അവൻ നിസ്സഹായനായി.

അല്ലെങ്കിലും കർമം നമ്മെ പിന്തുടരും എന്നാണല്ലോ..! അതുകൊണ്ട് ഒരു പരീക്ഷണത്തിന് നിൽക്കാതെ അവൻ ആ ഫോട്ടോകൾ ഡിലീറ്റ് ചെയ്തു.

” ഇനി ഒരിക്കലും നമ്മൾ കാണില്ല.. ” അത് പറഞ്ഞു അവിടെ നിന്ന് ഇറങ്ങുമ്പോൾ അവൾ ദൈവത്തിനോട് നന്ദി പറയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *