നിനക്ക് ശരീരത്തിന് കേടാണ് പെണ്ണെ, ഇങ്ങനെ അടുപ്പിച്ച് അടുപ്പിച്ചു പെറുന്നത്. ഇപ്പോഴത്തെ കാലത്ത് പെൺകുഞ്ഞുങ്ങൾ ഇല്ലാതിരിക്കുന്നത് ആണ് നല്ലത്.

(രചന: ശാലിനി)

മൂന്ന് ആൺകുട്ടികൾക്ക് ശേഷം,
വീണ്ടും നാലാമത്തെ ഗർഭം ധരിക്കുമ്പോൾ പ്രീതിയുടെ വീട്ടുകാർ മുഖം ചുളിച്ചു തുടങ്ങി.

“ഇവൾക്ക് ഇത് നിർത്താറായില്ലേ?
ഇപ്പൊ ഉള്ളതുങ്ങളെ നേരെ ചൊവ്വേ
നോക്കി വളർത്താനുള്ളതിന് ആണ്ടു തോറും പെറ്റു പെരുകുന്നു. നാണമില്ലാത്തവൾ !”

ഗർഭത്തിന്റെ ആലസ്യത്തിലും അവൾ ആരെയും ആശ്രയിക്കാൻ മെനക്കെട്ടില്ല.
ഒരു പെൺകുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്നത് ഇത്രയ്ക്കും മഹാപരാധമാണോ ?

പെൺകുഞ്ഞുങ്ങളെ കൊഞ്ചിക്കാനും ഒരുക്കാനുമൊക്കെ തീരെ കുട്ടിയായിരുന്നപ്പോൾ മുതൽക്കേ അവളാഗ്രഹിച്ചിരുന്നതാണ്.
പക്ഷെ, ജനിച്ചത് മൂന്ന് ആൺകുട്ടികളും!
ഓരോ പ്രസവത്തിലും ഉറപ്പിക്കും, ഇത് പെൺകുഞ്ഞ് തന്നെ.

പക്ഷെ, തന്റെ മുഖത്തിന്‌ നേരെ അടുപ്പിക്കുന്ന ചോര മണക്കുന്ന കുഞ്ഞിനെ കാണിക്കുമ്പോൾ സിസ്റ്റർ ഒരു ചിരിയോടെ പറയും, ഇതും ആണാണ് കേട്ടോ…

നിരാശ ആരും കാണാതെ മറച്ചു പിടിക്കാൻ അവൾ വല്ലാതെ പാടു പെടും.

“സാരമില്ല..ദൈവം തരുന്നതല്ലേ..തന്റെ ജീവന്റെ പാതിയല്ലേ..”
ഭർത്താവ് സന്തോഷം മായാത്ത മുഖത്തോടെ പറയുമ്പോൾ അവളും
ഒരു വിളറിയ ചിരിയോടെ സമാധാനം കണ്ടെത്തും. എല്ലാം ശരി തന്നെ! എങ്കിലും ആണിന് ആണും പെണ്ണിന് പെണ്ണും തന്നെ വേണം.

എങ്കിലും, രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോഴേ പ്രസവം നിർത്താൻ വീട്ടുകാർ ഏറെ നിർബന്ധിച്ചതാണ്.

“നിനക്ക് ശരീരത്തിന് കേടാണ് പെണ്ണെ, ഇങ്ങനെ അടുപ്പിച്ച് അടുപ്പിച്ചു പെറുന്നത്.
ഇപ്പോഴത്തെ കാലത്ത് പെൺകുഞ്ഞുങ്ങൾ ഇല്ലാതിരിക്കുന്നത് ആണ് നല്ലത്. കണ്ടില്ലേ.. ദിവസവും ഓരോ വാർത്തകളും സംഭവങ്ങളുമൊക്കെ.

കയ്യും കാലും വളരുന്നതും നോക്കി കഷ്ടപ്പെട്ടു വളർത്തുന്നത് നിമിഷ
നേരം കൊണ്ടല്ലേ ഓരോ അവന്മാർ തിന്നു തീർക്കുന്നത്..! അത് മാത്രമാണോ? പിന്നെയും പുറകെ എന്തെല്ലാം മാരണങ്ങൾ ആണ്.. അതിലൊക്കെ ഭേദം ഈ ആൺകുഞ്ഞുങ്ങൾ തന്നെയാണ് മോളെ..”

ശരിയായിരിക്കാം.
ഇന്നത്തെ കാലത്ത് ഒരു പെൺകുഞ്ഞിനെ കേടുപാടുകൾ ഏൽപ്പിക്കാതെ വളർത്തിയെടുക്കുന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. പക്ഷെ, മഴ വരുമെന്ന് കരുതി ആരും വെറുതെ കുടയും നിവർത്തി നടു റോഡിൽ നിൽക്കാറില്ലല്ലോ !!

എന്നാലും ഒരു പെൺകുഞ്ഞ് കൂടി വേണം.
മനസ്സ് നിറയെ എപ്പോഴും അവളായിരുന്നു.
തന്റെ മാത്രം ഒരു സുന്ദരിക്കുട്ടി.
മുത്തു മാലകളും, കരിവളകളും, തിളങ്ങുന്ന പട്ടു പാവാടയും ഒക്കെ
ഇട്ട് തന്റെ കയ്യും പിടിച്ച് അവൾ നടക്കുന്നത്.
കളിക്കുന്നത്..

നൃത്തം ചവിട്ടുന്നത്..
പാട്ട് പാടുന്നത്..
പഠിച്ചു മിടുക്കിയാവുന്നത്..
കുഞ്ഞ് കുഞ്ഞ് ജോലികളിൽ അമ്മയെ സഹായിക്കുന്നത്..
പട്ടുടുപ്പിൽ പുരണ്ട ഇരുണ്ടു ചുവന്ന കറ കാട്ടി പേടിച്ചു കരയുന്നത്..

ഒടുവിൽ വളർന്നു വലിയൊരു പെൺകുട്ടിയായി അണിഞ്ഞൊരുങ്ങുന്നത്..
പഠിച്ചു വലിയൊരു ജോലി നേടുന്നത്..
ഒടുവിൽ അവൾക്ക് ചേരുന്നൊരു പുരുഷന്റെ കൈകളിൽ എല്ലാ സൗഭാഗ്യങ്ങളോടെയും അവളെ ഏൽപ്പിക്കുന്നത്..
പിന്നെയും ആഗ്രഹങ്ങൾ തീരുന്നുണ്ടായിരുന്നില്ല.

പക്ഷെ, മൂന്നാമത്തെ കുട്ടിയെ കാട്ടി സിസ്റ്റർ ഒന്നും പറയാതെ മുഖത്തോടു ചേർത്ത് പിടിച്ചപ്പോഴും തിരിച്ചറിഞ്ഞു.
ഇതും…
സങ്കൽപ്പ കൊട്ടാരം എത്ര പെട്ടെന്നാണ് തകർന്നു തരിപ്പണമാകുന്നത് !

മൂന്ന് പേരും വഴക്കും കുസൃതികളുമായി ഓടി നടക്കുമ്പോഴും അവർക്കിടയിൽ കൊലുസിട്ടു കുണുങ്ങി നടക്കുന്ന രണ്ട് കുഞ്ഞ് പാദങ്ങളെ അവൾ വെറുതെ സങ്കൽപ്പിച്ചു.മക്കളും തിരക്കുകളുമായി ഓടിയും ചാടിയും കുതിച്ചും പായുന്നതിനിടയിൽ
വീണ്ടും ഓർക്കാപ്പുറത്താണ് അവൾക്ക് ഛർദ്ധിയും മനം പിരട്ടലും ഉണ്ടായത്.

“ഓഹ്! ഇത് ഒരു സ്ഥിരം പരിപാടി ആക്കാനാണോ അവൾടെ പ്ലാൻ ?
ചെറുക്കന്റെ കീശ കീറുമല്ലോ..ഒരു പെൺകുഞ്ഞിന് വേണ്ടി ഇവളിങ്ങനെ വർഷാ വർഷം പെറാൻ തുടങ്ങിയാൽ എന്ത് ചെയ്യും എന്റീശ്വരാ..

ഇനിയഥവാ
പെണ്ണിനെ കിട്ടിയില്ലെങ്കിൽ വന്നു കയറുന്ന മരുമക്കളെ സ്വന്തം മകളെ
പോലെ സ്നേഹിക്കാൻ പഠിക്കണം. അല്ലാതെ ഇങ്ങനെ പെറ്റ് കൂട്ടിയാൽ ആളുകള് കളിയാക്കുമല്ലോ ? ”

തെങ്ങിൻ ചുവട്ടിൽ ഛർദിച്ചവശയായി ചാരി നിൽക്കുമ്പോൾ അകത്തെ പൊട്ടിത്തെറികൾ അവൾ വ്യക്തമായും കേട്ടു.
അങ്ങനെ വന്നു കേറുന്ന മരുമകളെ സ്വന്തം പോലെ സ്നേഹിക്കുന്നവരാണോ ഇങ്ങനെ ഉള്ള കുത്തുവാക്കുകൾ പറയുന്നതെന്ന് ഓർത്ത് പ്രീതിക്ക് ആ അവസ്ഥയിൽ പോലും ചിരി പൊട്ടി.

മുഖം കഴുകി തുടച്ചു കൊണ്ട്, ഒന്നും സംഭവിക്കാത്തത് പോലെ അവൾ ബാക്കിയുള്ള പണികളിലേയ്ക്ക് മീതെ, തന്റെ ശരീരത്തെ ഒരെട്ട് കാലി വല വിരിക്കുന്നത് പോലെ വലിഞ്ഞു വലിഞ്ഞു കയറാൻ തുടങ്ങി!

എന്ത് സംഭവിച്ചാലും ഇതു വേണ്ടെന്ന് വെക്കാൻ തനിക്കാവില്ല. ആര് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ..

ആരുടെയും കുത്തുവാക്കുകൾ കേൾക്കാൻ മനസ്സില്ലാതെ, മക്കളുടെയും ഭർത്താവിന്റെയും ജോലികൾ ഒരു പരിഭവവും കൂടാതെ ചെയ്‌തു തീർത്തു.
വയറ്റിൽ ഇടയ്ക്ക് ഇടെ ചവിട്ടും തൊഴിയും ഇളക്കവുമൊക്കെ തുടങ്ങിക്കഴിഞ്ഞിരുന്നു!

അവളുടെ ഒരു കുസൃതി.. പ്രീതി സ്വയം ചിരിച്ചു.
ആരും കാണാതെ മനമുരുകി പ്രാർത്ഥിച്ചു. ഇതെങ്കിലും ഒരു പെൺകുഞ്ഞ് ആയിരിക്കണേ..
പരിഹസിച്ചവരുടെ നാവ് അടപ്പിക്കാൻ എനിക്കൊരു പൊൻകുഞ്ഞിനെ തരണേ..
അവൾക്ക് വേണ്ടി മനസ്സ് കൊണ്ട് കുഞ്ഞുടുപ്പുകളും ആഭരണങ്ങളും ഒരുക്കി വെച്ചു.

തുണികൾ ഊരി പിഴിയുമ്പോഴാണ് പ്രീതി പെട്ടെന്ന് ഒന്ന് പുളഞ്ഞത്.
രാവിലെ എഴുന്നേറ്റപ്പോൾ മുതൽ ഒരു ചെറിയ കൊളുത്തിപ്പിടുത്തം..

അടി വയറ്റിൽ വേദന തുടങ്ങിയിട്ട് കുറച്ചു നേരമായിരുന്നു. ഇപ്പൊ മാറും എന്ന് കരുതി എന്നത്തേയും പോലെ എളുപ്പം പണികൾ തീർക്കുകയായിരുന്നു.
ജോലിക്ക് പോയിരുന്ന ഭർത്താവിനെ വിളിച്ചു പറഞ്ഞത് മൂത്ത മകനായിരുന്നു.

അവൻ, അമ്മ ഞെളിപിരി കൊള്ളുന്നത് കണ്ടു വല്ലാതെ പേടിച്ചു പോയിരുന്നു.

” അച്ഛാ.. അമ്മയ്ക്ക് വയ്യ, ആശുപത്രിയിൽ കൊണ്ട് പോവണം.. വേഗം വാ.”

കേട്ട പാടെ പാഞ്ഞെത്തിയ പ്രകാശേട്ടന്റെ ഒപ്പം ഹോസ്പിറ്റലിലേക്ക് തിരിക്കുമ്പോൾ അമ്മയോടൊപ്പം മൂന്നു പേരും കണ്ണ് നിറച്ചും കൊണ്ട് പിന്നിൽ അവളെത്തന്നെ ഉറ്റു നോക്കി നിൽപ്പുണ്ടായിരുന്നു.
അവളാകട്ടെ, മനസ്സിൽ പ്രതീക്ഷകൾ മാത്രം നിറച്ചു വെച്ചു.

ഹോസ്പിറ്റലിൽ ചെന്നിറങ്ങിയതും നേരെ ലേബർ റൂമിലേയ്ക്കാണ് കൊണ്ട് പോയത്..
പിന്നെയവൾക്ക് ഒന്നും ഓർമ്മയില്ലായിരുന്നു.

“കൺഗ്രാറ്റ്സ് പ്രീതി..”

തന്റെ കണ്ണ് മൂടി കെട്ടിയ തുണി അഴിച്ചു മാറ്റിക്കൊണ്ട് സിസ്റ്റർ പറഞ്ഞത് കേട്ട് അവളുടെ നെഞ്ച് പട പാടാന്ന് മിടിയ്ക്കാൻ തുടങ്ങി. ഇത്തവണ എങ്കിലും എന്നെ നീ പരീക്ഷിക്കരുതേ ദേവീ..

വെളിച്ചത്തിലേയ്ക്ക് കണ്ണുകൾ വലിച്ചു തുറന്നു. അവളുടെ മുഖത്തേയ്ക്ക് അടുപ്പിച്ച് വെച്ച വെളുത്ത തുണിക്കെട്ടിനുള്ളിൽ കുഞ്ഞ് ആണോ പെണ്ണോ എന്ന് അറിയാനുള്ള ജിജ്ഞാസ ആയിരുന്നു കൂടുതലും.

സിസ്റ്ററിന്റെ മുഖം കണ്ടിട്ട് ഒന്നും മനസിലാവുന്നില്ല.

“നോക്കൂ..” അവർ കുഞ്ഞിന്റെ മുഖം മെല്ലെ
അവളുടെ മുഖത്തേക്ക് അടുപ്പിച്ചു.
അതിലേയ്ക്ക് നോക്കാനുള്ള കെൽപ്പില്ലാതെ ആരോടൊക്കെയോ ഉള്ള വിദ്വേഷം
പോലെ കണ്ണുകൾ പെട്ടെന്നു പൂട്ടി കിടന്നു..
വേണ്ടാ..

എനിക്ക് ഒന്നും കാണണ്ട.. ദൈവം ഇത്തവണയും എന്നെ ചതിച്ചാൽ പിന്നെ താനുണ്ടാവില്ല. നോക്കിക്കോ !
അടഞ്ഞ കൺ പോളകൾക്കിടയിലൂടെ
കണ്ണ് നീർ കവിളിന്റെ ഓരത്തൂടെ പരിഭവിച്ചൊലിച്ചുപോയി..

“പ്രീതി കണ്ണ് തുറക്ക്.. ദാ മോള് അമ്മേടെ ഒരുമ്മയ്ക്കായി എത്ര നേരായിട്ട് കാത്തിരിക്കുന്നു!”

കേട്ടത് സത്യം തന്നെ ആണോ?
മോളോ ! അമ്മേടെ മോളോ??
അപ്പോഴും തന്റെ ചുടു നിശ്വാസവും കാത്ത് വെളുത്ത തുണിക്കെട്ടിനുള്ളിൽ ഒരു കുഞ്ഞ് ഹൃദയം മിടിക്കുന്നത് അവളപ്പോൾ തൊട്ടറിഞ്ഞു !

അമ്മേ.. ഞാൻ വന്നു, അമ്മേടെ പൊന്നു മോള്..
വേദനകളെല്ലാം മറന്നവൾ, തട്ടിപ്പറിക്കുന്നത് പോലെ തന്റെ കുഞ്ഞിനെ സിസ്റ്ററിന്റെ കയ്യിൽ നിന്ന് വലിച്ചെടുത്ത് മാറോട് ചേർത്ത് പിടിച്ച് ഉറക്കെ ചിരിച്ചു. അപ്പോഴും കണ്ണുകൾ മാത്രം എന്തിനെന്നറിയാതെ വെറുതെ നിറഞ്ഞു നിറഞ്ഞു വന്നു !

Leave a Reply

Your email address will not be published. Required fields are marked *