കെട്ട് കഴിഞ്ഞു മൂന്നാം മാസം വേറൊരുത്തിയ്ക്കൊപ്പം അവനെ കണ്ടതോടെ ആ ദാമ്പത്യം അവസാനിച്ചു. അന്ന് തൊട്ട് ഇന്ന് വരെയും കാവ്യ ഒറ്റയ്ക്ക്….

“എടാ വിപിനെ ദേ ദീപ… ഓർമ്മയുണ്ടോ പണ്ട് ലഞ്ച് ബ്രേക്കിന് ലൈബ്രറിയുടെ പിന്നിൽ വച്ച് നീ അവളുടെ ചുണ്ട് കടിച്ചു പറിച്ചത്. ”

അരുൺ കൈ ചൂടിയ ഭാഗത്തേക്ക്‌ നോക്കിയ വിപിൻ ഒരു നിമിഷം അറിയാതെ കുളിരു കോരിപ്പോയി.

” അളിയാ.. എന്നാ മുടിഞ്ഞ ഗ്ലാമറാടാ അവൾ ഇപ്പോൾ .. ടൈം പാസ്സ് ഒഴിവാക്കി അന്നേ ഇവളെയങ്ങ് പ്രേമിച്ചാൽ മതിയായിരുന്നു ”

അവന്റെ മറുപടി കേട്ട് ചിരിച്ചു പോയി അരുൺ.

” അന്ന് എന്തായിരുന്നു ക്രിമികടി.. എന്തൊക്കെയാടാ നാറി അന്ന് നീ അവളെ ചെയ്തെ… ആരേലും വരുന്നുണ്ടോ ന്ന് കാവൽ നിന്ന എന്റെ കിളി പറന്നു പോയി ഇടക്ക് തലയിട്ട് നോക്ക്യപ്പോൾ ”

” ഓർമിപ്പിക്കല്ലേ അളിയാ… വിഷമം ആകും.. ”

നിരാശയിൽ വിപിൻ പറയുമ്പോൾ ദീപ അവരുടെ അടുത്തെത്തിയിരുന്നു. അവനെ കണ്ടപാടേ ദീപയുടെ മിഴികളും ഒന്ന് തിളങ്ങി.

” അരുൺ.. വിപിൻ സുഖല്ലേ നിങ്ങൾക്ക്.. എന്തായാലും നന്നായി ഇങ്ങനൊരു ഗറ്റുഗതർ.. എല്ലാരേം ഒന്നൂടെ കാണാൻ പറ്റിയല്ലോ ”

പറഞ്ഞു നിർത്തുമ്പോൾ അവളുടെ നോട്ടം വിപിന്റെ മുഖത്ത് തന്നെയായിരുന്നു. അവന്റെ കണ്ണുകളോ ദീപയുടെ ശരീരത്തിലും

” മോനെ… നിന്റെ പഴേ സെറ്റപ്പ് അല്ല അവളിപ്പോ. കെട്ടി രണ്ട് പിള്ളേരും ആയി.. നോട്ടം നേരെ അല്ലേൽ നല്ല അടി കിട്ടും അവളുടെ കെട്ട്യോൻ എസ് ഐ ആണ് ”

ചെവിയിൽ അടക്കം പറഞ്ഞു അരുൺ അതോടെ വിപിൻ പെട്ടെന്ന് നോട്ടം പിൻവലിച്ചു.

“അതേ.. നീരജ് കാവ്യയുടെ ചെക്കിടത്ത് അടിച്ചു. ”

ശ്യാം ഉച്ചത്തിൽ വിളിച്ചു കൂകിക്കൊണ്ട് മറ്റൊരു വശത്തുകൂടി ഓടി വരവേ ഒരു നിമിഷം എല്ലാവരുടേയും ശ്രദ്ധ അവനിലേക്ക് തിരിഞ്ഞു.

” ങേ..! ഇവനിതെന്തിന്റെ കേടാണ്… വർഷങ്ങൾക്ക് ശേഷം കഷ്ടപ്പെട്ട് ഒരു ഗെറ്റുഗദർ സംഘടിപ്പിച്ചിട്ട് ഇപ്പോ ഇങ്ങനെ ഒരു ഇഷ്യൂ ഉണ്ടാക്കാൻ…”

വിപിന് വല്ലാത്ത അരിശം തോന്നി.

” അവൻ കള്ള് കുടിച്ചിട്ടുണ്ടോ.. പണ്ട് കാവ്യയുടെ പിന്നാലെ കുറെ നടന്നതല്ലേ.. അതിന്റെ ചൊരുക്ക്‌ തീർത്തതാകും.. വേഗം വാ.. പ്രശ്നം ആക്കാതെ ഒതുക്കി തീർക്കണം അല്ലേൽ പരിപാടി കുളം ആകും.. ”

അരുണും ആകെ വിഷമത്തിലായി.

” എടാ എന്താ ടാ കാര്യം.. എന്തിനാ അവൻ കാവ്യയെ അടിച്ചത്. ”

ആരൊക്കെയോ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. പക്ഷെ അത് വക വയ്ക്കാതെ വിപിനും അരുണിനും പിന്നാലെ പാഞ്ഞു ശ്യാമും.

” ടാ ഇത് വേറെന്തോ പ്രശ്നമാണ്.. അവര് നല്ലോണം സംസാരിച്ചിരുന്നതാ പെട്ടെന്ന് അവൻ എണീറ്റ് അടിക്കുകയായിരുന്നു”

വെപ്രാളത്തിൽ പോകുന്നതിനിടയിൽ കാര്യങ്ങൾ വിശദീകരിച്ചു ശ്യാം.

” എന്ത് പ്രശ്നം ആയാലും ഇന്നിപ്പോ ഇവിടെ വച്ച് വേണമായിരുന്നോ.. കഷ്ടപ്പെട്ട് ഓരോന്ന് ചെയ്യുമ്പോ അത് കുളമാക്കാൻ വന്നേക്കുന്നു ”

അരിശം മാറാതെ പല്ലിറുമ്മി വിപിൻ.

കുറച്ചു നടന്നു നീങ്ങിയപ്പോ തന്നെ അവർ കണ്ടു അകലെ ഒരു ചെയറിൽ തല കുമ്പിട്ടിരിക്കുന്ന കാവ്യ.. അവൾക്ക് ചുറ്റും സുഹൃത്തുക്കൾ…

” എന്താ കാവ്യെ.. എന്താ പ്രശ്നം.. നിങ്ങൾ സംസാരിച്ചിരുന്നതല്ലേ എന്നിട്ടിപ്പോ പെട്ടെന്ന് എന്താ ഉണ്ടായേ. ”

അരികിലേക്ക് ചെന്ന പാടെ അരുൺ തിരക്കി. എന്നാൽ മറുപടി പറഞ്ഞില്ല കാവ്യ അവളുടെ മിഴികൾ തുളുമ്പുന്നുണ്ടായിരുന്നു.

കുറച്ചപ്പുറത്തേക്ക് മാറി നിന്നിരുന്ന നീരജിനെ കാൺകെ വിപിന് അരിശം കയറി. അവന്റെ അരികിലേക്ക് ചെന്ന് ഷർട്ടിന്റെ കോളറിൽ പിടുത്തമിട്ടു വിപിൻ.

” പന്ന പുല്ലേ.. നിനക്ക് എന്തിന്റെ കഴപ്പാടാ.. ഇങ്ങനൊരു ഗെറ്റുഗതർ തട്ടിക്കൂട്ടാൻ ഞങ്ങൾ എന്തോരം കഷ്ടപ്പെട്ടുന്ന് നിനക്കൊക്കെ അറിയോ.. ഓരോരോ കോണിൽ കിടന്നിരുന്ന നിങ്ങളെ എല്ലാം ഇങ്ങനെ തപ്പിപ്പിടിച്ചു ഒന്നിച്ചു ചേർത്തത് പ്രത്യേകിച്ച് ലാഭം ഒന്നും കണ്ടിട്ട് അല്ല.. ആ പഴേ സൗഹൃദം അത്രക്ക് ഇഷ്ടം ആയത് കൊണ്ടും എല്ലാരേം പഴേ പോലെ ഒന്നിച്ചു കാണാൻ കൊതി ഉള്ളത് കൊണ്ടും ആണ്. എന്നിട്ട് ഇങ്ങനെ ഓരോന്ന് കാട്ടി എല്ലാം കുളമാക്കാൻ ശ്രമിച്ചാൽ അടിച്ച് ചെക്കിട് പൊകയ്ക്കും ഞാൻ ”

അടങ്ങാത്ത കലിയിൽ അലറി അവൻ.

” ടാ.. സോറി… മനഃപൂർവം അല്ല. എന്റെ നിയന്ത്രണം വിട്ട് പോയതാ.. ഒന്ന് ക്ഷമിക്ക് നീ.. ഞാൻ അവളോട് മാപ്പ് ചോദിക്കാം.”

ആകെ അസ്വസ്ഥനായിരുന്നു നീരജും.

” ഇനിയെന്ത് മാപ്പ്.. അവളുടെ ചെക്കിട് അടിച്ച് പുകച്ചിട്ട്.. ആട്ടെ പറയ് എന്തിനാ നീ അവളെ അടിച്ചത്. അതിനും മാത്രം എന്താ അവള് നിന്നോട് ചെയ്തത് …”

അരുൺ ആണ് ചോദിച്ചത്.. എന്നാൽമറുപടി പറയുവാൻ ഒന്ന് പരുങ്ങി നീരജ്.

” ചോദിച്ചെന്നു മറുപടി പറയടാ… ”

വിപിനും ചോദ്യം ആവർത്തിച്ചു. അതോടെ കാരണം വ്യക്തമാക്കി നീരജ്.

“എടാ… അവൾക്ക് എന്നെ ഇഷ്ടമായിരുന്നു ന്ന്.. പഠിച്ചിറങ്ങി ഇത്രേം വർഷങ്ങൾക്ക് ശേഷം ഇന്നിപ്പോ എന്നോട് പറയുന്നു ഇവിടെ വച്ചിട്ട്… നിങ്ങൾക്ക് അറിയില്ലേ പണ്ട് കുറെ പിന്നാലെ നടന്നതല്ലേ ഞാൻ അന്നൊക്കെ ഇവള് ഒരു വാക്ക് മിണ്ടിയില്ല.. അവളുടെ ആങ്ങളയെ കൊണ്ട് തല്ലിച്ചു എന്നെ.. വയസ്സ് നാൽപ്പതിനടുത്തിട്ടും ഞാൻ കെട്ടാത്തത് കുടുംബത്തിലെ പ്രാരാബ്ദം കാരണം സ്വന്തം കാര്യം മറന്നത് കൊണ്ട് മാത്രമല്ല.. ഇവളുടെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ പറ്റാത്തത് കൊണ്ടും കൂടിയാണ്.. എന്നിട്ട് കെട്ടി കുടുംബവുമായി ഇത്രേം വർഷങ്ങൾക്ക് ശേഷം അവൾ പറയുന്നു എന്നെ ഇഷ്ടമായിരുന്നു എന്ന്… കേട്ടപ്പോ എന്റെ നിയന്ത്രണം വിട്ടു പോയി അതാണ്‌ ഞാൻ തല്ലിയത്..”

പറഞ്ഞു നിർത്തുമ്പോൾ നീരജിന്റെ ശബ്ദമിടറി. കേട്ട് നിന്ന വിപിനും അരുണും മറ്റുള്ളവരും എല്ലാം ഒരു നിമിഷം തിരിഞ്ഞു കാവ്യയെ നോക്കിപ്പോയി. അതോടെ മിഴികൾ തുടച്ചു എഴുന്നേറ്റു അവൾ

” മനഃപൂർവം ആണ് പറയാത്തത്.. ഇവൻ എന്റെ പിന്നാലെ നടന്നത് ആരോ പറഞ്ഞു അറിഞ്ഞ ചേട്ടൻ ഇവനെ ഉപദ്രവിച്ചത് കണ്ടപ്പോ പേടിച്ചു ഞാൻ. ഇനി എന്റെ ഇഷ്ടം കൂടി പറഞ്ഞാൽ ഇവനെ കൊന്ന് കളയുമോ എന്ന് പോലും ഭയന്നു.. അതുകൊണ്ടാണ് മനസിലെ ഇഷ്ടം തുറന്നു പറയാതെ മറച്ചത്. അല്ലാതെ പറ്റിച്ചത് അല്ല. പക്ഷെ ഞാൻ അറിഞ്ഞില്ല എന്നെ ഓർത്തു വിവാഹം പോലും വേണ്ടെന്ന് വച്ച് ഇവൻ ജീവിച്ച കാര്യം ”

പൊട്ടിക്കരഞ്ഞു കൊണ്ടാണ് കാവ്യ പറഞ്ഞു നിർത്തിയത്. ഒരു നിമിഷം ഒക്കെയും കേട്ട നീരജും ഏറെ അസ്വസ്ഥനായി പോയി. അങ്ങനൊരു ട്വിസ്റ്റ്‌ അവൻ ഒട്ടും പ്രതീക്ഷിച്ചില്ല..

” കാവ്യ… സോറി ഞാൻ അറിഞ്ഞില്ല ഒന്നും.. അറിയാതെ തല്ലിപ്പോയി ഞാൻ വിഷമം കൊണ്ടാണ്… അത്രക്ക്… അത്രക്ക് ജീവനായിരുന്നു എനിക്ക് നീ… ”

കാര്യങ്ങളുടെ നിജസ്ഥിതി അതോടെ എല്ലാവർക്കും മനസിലായി.

” എടാ കോപ്പേ നിനക്ക് ഇപ്പോഴും ഇഷ്ടമാണേൽ ഇവളെ നീയങ്ങ് കെട്ടിക്കൊ… ഇച്ചിരി വൈകീട്ട് ആണേലും നിങ്ങളുടെ ഉള്ളിലെ പ്രണയം പൂവിടട്ടെ… ”

വിപിൻ അത് പറയുമ്പോൾ ഞെട്ടലോടെ അവനെ നോക്കി നീരജ്..

” ഏയ്.. എന്ത്‌ മണ്ടത്തരം ആണ് നീ പറയുന്നത് വിവാഹിതയാണ് കാവ്യ ഇപ്പോൾ അത് മറന്നോ നീ… ”

ആ ചോദ്യം കേൾക്കെ കാവ്യയുടെ മുഖത്തേക്ക് നോക്കി വിപിൻ. ആ നിമിഷം അവൾ തല താഴ്ത്തി.

” ഓ അപ്പൊ അതും മറച്ചു വച്ചു അല്ലെ .. ഇനിയേലും ഉള്ളതൊക്കെ ഇവനോട് തുറന്ന് പറയ് എന്റെ കാവ്യേ ”

വീണ്ടും നീരജിന് നേരെ തിരിഞ്ഞു അവൻ

” എടാ ഇവള് ഡിവോഴ്സ്ഡ് ആണ്.. പക്കാ ഫ്രോഡ് ആയിരുന്നു ഇവളെ കെട്ടിയ സാജൻ. കെട്ട് കഴിഞ്ഞു മൂന്നാം മാസം വേറൊരുത്തിയ്ക്കൊപ്പം അവനെ കണ്ടതോടെ ആ ദാമ്പത്യം അവസാനിച്ചു. അന്ന് തൊട്ട് ഇന്ന് വരെയും കാവ്യ ഒറ്റയ്ക്ക് ആണ്… ”

ആ കേട്ടത് ഏറെ അവിശ്വസനീയമായി തോന്നി നീരജിന്.

” കാവ്യ.. സത്യമാണോ ഇത്… എന്തെ എന്നോട് ഇതൊന്നും നേരത്തെ പറഞ്ഞില്ല … ”

അമിതമായ സന്തോഷവും നിരാശയും എല്ലാം ആ വാക്കുകളിൽ നിറഞ്ഞു.

” നീരജ്.. മനഃപൂർവം അല്ല.. കുറെ നാൾ വല്ലാത്ത ട്രോമയിലായിരുന്നു ഞാൻ… പിന്നേ ഞാനും അറിഞ്ഞില്ല നിന്റെ കാര്യങ്ങൾ ഒന്നും ഒരു കുടുംബമായി എങ്കിൽ പിന്നേ ശല്യം ആകരുത് എന്ന് മനസിൽ തോന്നി.. കാരണം ഒരു വട്ടമെങ്കിലും നിന്നെ കണ്ടാൽ. ചിലപ്പോൾ എന്റെ നിയന്ത്രണം വിട്ടു പോയേനെ…. ”

കാവ്യ മറുപടി പറയുമ്പോൾ അവർക്ക് ഇടയിലേക്ക് കയറി അരുൺ.

” അതേ.. കലക്കി.. കലക്കി.. രണ്ടും കൂടി തമ്മിലുള്ള പ്രേമവും ഉള്ളിൽ വച്ച് വെറുതേ കുറെ വർഷങ്ങൾ കളഞ്ഞു കുളിച്ചു… കഴിഞ്ഞത് പോട്ടെ.. ഒരെണ്ണം കിട്ടിയപ്പോ കാവ്യയും കൊടുത്തപ്പോ നീരജും ഹാപ്പി അല്ലെ… ഇനി നിങ്ങൾക്ക് ഒന്നായിക്കൂടെ.. വർഷങ്ങൾ ഇനിയും ബാക്കിയുണ്ട് രണ്ടാൾക്കും ”

” അതേ.. ഇനിയെങ്കിലും അങ്ങനൊരു തീരുമാനം എടുക്ക് ഈ ഒരു ഗറ്റുഗതർ നിങ്ങളുടെ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവ് ആകട്ടെ.. ”

ദീപയും അരുണിന്റെ അഭിപ്രായം ശെരി വച്ചു. അതോടെ വിഷമങ്ങൾക്കിടയിലും നാണത്താൽ തല താഴ്ത്തി കാവ്യ . അടങ്ങാത്ത സന്തോഷത്തിൽ അവളെ തന്നെ നോക്കി നിന്നു നീരജ്. ആ സമയം എവിടേ നിന്നോ ഒരു റോസാ പൂവുമായി എത്തി ശ്യാം..

” അളിയാ നീരജെ.. ദേ ഇത് പിടിക്ക്.. കഴിഞ്ഞത് കഴിഞ്ഞു.. നല്ല. അന്തസായി കാവ്യയെ ഒന്ന് പ്രൊപ്പോസ് ചെയ്തെ നീ ഇപ്പോ എന്നിട്ട് രണ്ടാളും കൂടി പൊളിച്ചു ജീവിക്ക് ”

സന്തോഷത്തോടെ ആ റോസാ പൂവ് കയ്യിലേക്ക് വാങ്ങി നീരജ് ശേഷം നാണത്താൽ തല കുമ്പിട്ടു നിന്നിരുന്ന കാവ്യയുടെ മുന്നിലെത്തി മുട്ടു കുത്തി നിന്ന് ആ പൂവ് അവൾക്ക് നേരെ നീട്ടി..

” കാവ്യ…. വിൽ യൂ മാരി മീ…. ”

ഒരു നിമിഷം അവന്റെ മിഴികളിലേക്ക് നോക്കവേ പൊട്ടിക്കരഞ്ഞു പോയി കാവ്യ.. ആ പൂവ് അവൾ വാങ്ങിയില്ല.. പകരം മുട്ടു കുത്തി മുന്നിൽ നിന്നിരുന്ന നീരജിനെ വാരി പുണർന്നു.

“അത് കലക്കി…”

വിപിൻ കയ്യടിച്ചു പോയി ഒപ്പം മറ്റുള്ളവരും.

” പണ്ട് എന്റെ വീട്ടുകാരെ ഭയന്ന് നിന്നോടുള്ള ഇഷ്ടം ഞാൻ മറച്ചു വച്ചു. പക്ഷെ ഇപ്പോ ഇനി ഞാൻ ആരെയും ഭയക്കുന്നില്ല.. എനിക്ക് ഇഷ്ടമാണ് നീരജ് നിന്നെ.. ”

നിറ മിഴികളോടെയാണ് കാവ്യ അത് പറഞ്ഞത്. ഏറെ സംതൃപ്തിയിൽ അവളെ ഇറുകെ പുണർന്നു നീരജും.

അങ്ങിനെ വർഷങ്ങൾക്ക് ശേഷം ആ ഗറ്റുഗതർ ദിവസം പ്രേമം പരസ്പരം കൈമാറി അവർ ഒന്നായി..

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു.

Leave a Reply

Your email address will not be published. Required fields are marked *