അന്ന് കൂട്ടുകാരൻ പെണ്ണ് കാണാൻ പോയത് എന്റെ അമ്മയല്ലേ അച്ഛനെ സ്നേഹിച്ചത് അമ്മയെ അല്ലേ?..”…..

മഴയുള്ള ഒരു വൈകുന്നേരം…

ആദിയും ഭദ്രയും അവരുടെ മക്കളായ അഭിയും നിളയും വീട്ടിലെ കോലയിൽ മഴയും കണ്ടിരിക്കുകയാണ്… അഭി പത്തിലും നിള എട്ടിലും ആണ്…

” ആദിയേട്ടാ ആദിയേട്ടന് മഴ കാണുമ്പോൾ എന്താണ് ഓർമ്മ വരുന്നത്?….”

” എൻറെ നെഞ്ചിലെ ഇടിച്ചു കയറി വന്ന ഒരു 18കാരിയെ….” അവൾ പുഞ്ചിരിച്ചു.

ആദിയുടെ മനസ്സ് 10 15 കൊല്ലം മുമ്പുള്ള ഒരു മഴക്കാലത്തേക്ക് പോയി… അന്നും പതിവുപോലെ ഒരു കമ്പനിയുടെ ഇൻറർവ്യൂവിന് പോകാൻ റെഡിയായി ഇറങ്ങിയതാണ് ആദിദേവ്….
ഇതിപ്പോൾ എട്ടാമത്തെയോ പത്താമത്തെയോ ഇൻറർവ്യൂ ആണ്,  ഇതുവരെയും ഒന്നും ശരിയായില്ല , വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ… അച്ഛൻറെ മരണത്തിൽ കിട്ടിയ ഇൻഷുറൻസും പിന്നെ പറമ്പിൽ നിന്ന് കിട്ടുന്നതും ഒക്കെയായി അങ്ങ് പോകുന്നു….

ഇറങ്ങാൻ നേരം ഭയങ്കര മഴ…. വണ്ടിക്ക് എന്തോ പ്രശ്നം? സ്റ്റാർട്ട് ആകുന്നില്ല, വർക്ക്ഷോപ്പിൽ വിളിച്ചുപറഞ്ഞു, അവര് വന്ന് എടുത്തിട്ട് പൊയ്ക്കോളും… ബസ്സിൽ തന്നെ പോകണമിന്ന് കുടയും എടുത്ത് ബാഗും സൈഡ് പോസിൽ തൂക്കി ആദി ഇറങ്ങി,  ബസ്റ്റോപ്പിൽ പെട്ടെന്ന് എത്താൻ വേണ്ടി നേർവഴി പോകാതെ വയല് വഴിയാണന്നവൻ പോയത്….

ഷൂസിലധികം ചെളി ആകാതിരിക്കാനും ബാഗ് നനയാതിരിക്കാനും ഒക്കെ വളരെ ശ്രദ്ധിച്ചു പതുക്കെയാണ് നടന്നു പോയത്….  പക്ഷേ പെട്ടെന്ന് എന്തോ ഒന്നു തന്റെ നെഞ്ചിൻകൂടും തകർത്തു തന്നെയും കൊണ്ടാ വയലിലെ ചെളിയിലോട്ട് മറിഞ്ഞുവീണു…

പ്രതീക്ഷിക്കാതെയുള്ള ഇടിയായതുകൊണ്ട് ഇടിച്ച സാധനം എന്താണെന്ന് അറിയില്ല,  എങ്കിലും അതിനെയും ഞാൻ പൊതിഞ്ഞു പിടിച്ചിട്ടുണ്ടായിരുന്നു. ആ ചെളിയിൽ എങ്ങനെ മലക്കം മറിഞ്ഞു എന്നറിയില്ല, എഴുന്നേറ്റപ്പോൾ എൻറെ ബാഗിന്റെ വള്ളിക്കുള്ളിലായിരുന്നു അവൾ… പട്ടുപാവാട ആണ് വേഷം വലിയ പ്രായം ഒന്നുമില്ല,  കരഞ്ഞു കലങ്ങി ആ കണ്ണുകൾ..!. ഞാനും അവളും ചെളിയിൽ കുളിച്ച് നിൽക്കുകയാണ്…

” കണ്ണും അടച്ചു കൊണ്ടാണോ ഓടുന്നത് എന്തൊരിടിയായിരുന്നു…”

” സോ… സോറി ഞാൻ കണ്ടില്ല…” അതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു…

എനിക്ക് അവളെ തടഞ്ഞു നിർത്തണമെന്നുണ്ടായിരുന്നു,  എന്തിനാ കരഞ്ഞേ  എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു,  പക്ഷേ ഒന്നിനും സാധിച്ചില്ല എൻറെ പിൻവിളി കേൾക്കാതെ അവൾ ഓടിമറിഞ്ഞിരുന്നു….

” അച്ഛൻ പിന്നീട് കണ്ടില്ല ആ കുട്ടിയെ?…”

” കുട്ടിയോ പത്ത് പതിനെട്ട് വർഷം മുമ്പാണ് കുട്ടി ഇപ്പോൾ മുതുകയായി കാണും…” ആദി പറയുമ്പോൾ ഭദ്ര അവന്‍റെ ഇടുപ്പിൽ ഒന്ന് പിച്ചി…
അവൻ അവളെ കണ്ണുരുട്ടി പേടിപ്പിച്ചു…

” ബാക്കി പറയച്ചാ…”

” ആ പറയാം… അങ്ങനെ അന്നത്തെ ഇൻറർവ്യൂ കുളമായല്ലോ , അതുകൊണ്ട് ഞാൻ നേരെ വീട്ടിൽ പോയി. ബൈക്ക് വർക്ക് ഷോപ്പിൽ ആയിരുന്നു,  അതുകൊണ്ട് പിന്നീട് കുറച്ചുദിവസം ബസ്സിലായിരുന്നു സഞ്ചാരം….

അങ്ങനെ ബസ്സിൽ പോകുന്ന ഒരു ദിവസം ഞാൻ അവളെ വീണ്ടും കണ്ടു. അവൾ അടുത്തുള്ള ഒരു കോളേജിൽ ഡിഗ്രി പഠിക്കുകയായിരുന്നു…. എന്നും ഒരേ ബസിലാണ് യാത്ര,  അവളെ കാണാൻ വേണ്ടി സ്ഥിരം ആ ബസ്സിൽ ആക്കി യാത്ര… അതിനുവേണ്ടി അവളുടെ കോളേജിന് അടുത്തുള്ള ഒരു പിഎസ്സി കോച്ചിംഗ് സെൻ്ററിൽ ക്ലാസിനു പോയി തുടങ്ങി. അങ്ങനെ ആ പോക്ക് കൊണ്ട് അച്ഛൻ ഒന്ന് രണ്ട് ലിസ്റ്റിൽ കയറിപ്പറ്റി… അവൾ ആണേൽ ആലുവ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും കാണിച്ചില്ല…

ഒന്നു രണ്ടുവട്ടം മിണ്ടാൻ ഒക്കെ ട്രൈ ചെയ്തു പക്ഷേ നടന്നില്ല,  അവൾ എപ്പോഴും കൂട്ടുകാരുടെ കൂടെയാണ്… അവളുടെ കൂട്ടുകാരികളുടെ കൂട്ടത്തിൽ എനിക്ക് പരിചയമുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു , അതുകൊണ്ട് നേരിട്ട് ഒന്നും നടക്കില്ലായിരുന്നു.  പിന്നെ ഞാൻ കരുതി അവളോട് പറയുന്നതിനേക്കാൾ നേരിട്ട് പോയി പെണ്ണ് ചോദിക്കുന്നതാണ് ഇപ്പോൾ എന്തായാലും ജോലിയും കിട്ടും എന്നിട്ട് പോകാമെന്ന് കരുതി അങ്ങനെ എനിക്ക്  എസ് ഐ സെലക്ഷൻ കിട്ടി..

” എന്നിട്ട്…”

അങ്ങനെ ഒരു ദിവസം എൻറെ കൂടെ ഒരു കൂട്ടുകാരൻ ഫോൺ വിളിച്ച് പറഞ്ഞു അവന് പെണ്ണ് കാണാൻ കൂടെ ചെല്ലാൻ… ഞങ്ങളുടെ ഇവിടെയുള്ള ഒരു കുട്ടിയാണെന്നും , എനിക്ക് അറിയാവുന്ന ആരെങ്കിലും ആണെങ്കിൽ കാര്യം എളുപ്പമാകും,  അങ്ങനെ അവൻറെ കൂടെ പെണ്ണ് കാണാൻ പോയി,  പെണ്ണിനെ കണ്ടു ഞാൻ ഞെട്ടിപ്പോയി….

” അതെന്താ…”

” അത് അവൾ ആയിരുന്നു…”

” എന്നിട്ട് എന്താ ചെയ്തേ…”

” എന്നിട്ടെന്താക്കാൻ അവൻറെ കല്യാണം കഴിഞ്ഞു,  എൻറെ കല്യാണം നിങ്ങളുടെ അമ്മയുമായും കഴിഞ്ഞു…”

” ശോ… അച്ഛന് അപ്പോൾ തന്നെ പറഞ്ഞു കൂടായിരുന്നോ അച്ഛന് ഇഷ്ടമാണെന്നും കെട്ടിച്ചു തരാനും,  ഞാനായിരുന്നെങ്കിൽ  അപ്പോൾ തന്നെ വിളിച്ചിറക്കി കൊണ്ടുവന്നേനെ…”

” ആഹാ… മുത്തേന്ന് വരുന്നില്ല അവൻ ഇറക്കി കൊണ്ടു വരും പോലും പോയി കുളിക്ക് ചെറുക്കാ…” ഭദ്ര അവനെ അവിടുന്ന് ഓടിച്ചു വിട്ടു…

” അവനോട് എന്തിനാ അങ്ങനെ പറഞ്ഞെ അവൻ കരുതി കാണില്ലേ അച്ഛൻ ഒരു നിരാശ കാമുകൻ ആണെന്ന്…”

” ഏയ് , അവൻ അങ്ങനെ ഒന്നും കരുതത്തില്ല,  അവൻ പറഞ്ഞത് കേട്ടില്ലേ? അവൻ ആയിരുന്നെങ്കിൽ  എന്ത് ചെയ്യുമായിരുന്നു എന്ന്. അപ്പൊ അവന്റെ അച്ഛൻ എന്തു ചെയ്തിരിക്കും എന്ന് അവന് ഊഹിച്ചു കൂടെ ഭദ്രേ…”

” ഓ നിങ്ങൾ അച്ഛൻ്റെയും മോന്റെയും ഭാഷ ഒന്നും എനിക്ക് മനസ്സിലാകില്ല…”  അതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് നടന്നു…

” അമ്മേ,  അച്ഛനെങ്ങനെയാ അമ്മയെ കല്യാണം കഴിച്ചേ?..”

” നീ നിൻറെ അച്ഛനോട് തന്നെ പോയി ചോദിക്ക്…”

” അച്ഛാ…”

” മ്.എന്താ…”

” ആ പെണ്ണ് അമ്മ അല്ലായിരുന്നോ?…”

” ആണോ.. എനിക്ക് അറിയില്ല…”

അന്ന് കൂട്ടുകാരൻ പെണ്ണ് കാണാൻ പോയത് എന്റെ അമ്മയല്ലേ അച്ഛനെ സ്നേഹിച്ചത് അമ്മയെ അല്ലേ?..”

” എന്തേ നിനക്ക് അങ്ങനെ തോന്നാൻ…”

” ആ അങ്ങനെ തോന്നി…”

” എന്നാ ശരിയായിരിക്കും…”

” ദേ അച്ഛാ ചുമ്മാ കളിക്കാതെ… ഇല്ലേൽ ഞാൻ അപ്പൂപ്പനോട് അമ്മൂമ്മയോട് ചോദിക്കും… ചുമ്മാ അച്ഛനെ നാണക്കേടാകും,  മര്യാദയ്ക്ക് ബാക്കി പറയൂ. ഇല്ല ഞാൻ ഇപ്പോൾ തന്നെ ഫോൺ വിളിക്കും…”

” വേണ്ട..  അച്ഛൻറെ ലൗ സ്റ്റോറി മോന് അച്ഛൻ തന്നെ പറഞ്ഞുതരാം…. അങ്ങനെ അവൻ പെണ്ണുകാണാൻ പോയല്ലോ,  അപ്പോഴാണ് ഞാൻ അവളെ കാണുന്നത് ഞാനെന്തു ചെയ്യും?. എല്ലാം കൈവിട്ടു പോകുന്ന പോലെ തോന്നി. ആദ്യം ആരോട് പറയും,  എന്ത് പറയും , ഞാൻ നോക്കുമ്പോൾ അവനാണെ അവളെ തന്നെ നോക്കിക്കൊണ്ടിരിക്കുവാ ആദ്യം അവനോട് തന്നെ പറയാൻ തീരുമാനിച്ചു…”

” അളിയാ… നീ ഈ പെണ്ണിനെ നോക്കണ്ട…”

” അതെന്താ… അവൾ പ്രശ്നം ആണോ…”

” ഏയ് അതൊന്നും അല്ല… അവളെ വേറെ ഒരാൾക്ക് ഇഷ്ടമാണ്… ആത്മാർത്ഥമായി തന്നെയാ…”

“ആരാ ആൾ… നിനക്ക് അറിയുന്ന ആളാണോ…”

” മ്… നല്ലോണം അറിയാം…”

” ശ്ശേ… ഇനിയിപ്പോൾ എന്തു പറയും?..”

” എന്തു പറയാൻ നമുക്ക് പോയിട്ട് ഇഷ്ടമായില്ലെന്ന് വിളിച്ചു പറഞ്ഞാൽ പോരെ…”

” ഹാ എന്നാ അങ്ങനെ തന്നെ ചെയ്യാം…”

” അളിയാ, നീ എത്ര നാളായി അവളെ നോക്കാൻ തുടങ്ങിയിട്ട്…”

” നീ എന്തൊക്കെയാടാ പറയുന്നത്?…”

” മോനേ ഒരുപാട് അങ്ങ് ഉരുളല്ലേ….”

” അത്… പിന്നെ… നിനക്ക് എങ്ങനെ മനസ്സിലായി ഞാനാണെന്ന്…”

” മനസ്സിലാവാതിരിക്കാൻ ഞാനെന്താ പൊട്ടനാ….  പിന്നെ നമുക്ക് ഇപ്പോൾ തന്നെ പോയി നിനക്ക് വേണ്ടി ചോദിച്ചാലോ?…”

അങ്ങനെ അവിടെനിന്ന് ഇറങ്ങിയ സ്പീഡിൽ തന്നെ ഞങ്ങൾ തിരിച്ചു ചെന്ന് പെണ്ണ് ചോദിച്ചു… ഉറപ്പിച്ചു…. പിന്നെ അമ്മയെയും കൊണ്ടുപോയി കല്യാണം ഉറപ്പിച്ചു….

” ഞാൻ അപ്പോഴേ പറഞ്ഞില്ലേ അമ്മ തന്നെയാണെന്ന്…”

” ഓഹ് സമ്മതിച്ചു… നിനക്ക് ഭയങ്കര ബുദ്ധിയാണ്…”

” അമ്മേ അമ്മയ്ക്കും അച്ഛനും ഇഷ്ടമായിരുന്നോ?…”

” ദേ മതി.. മതി… കഥ പറഞ്ഞ സമയം എത്രയായി എന്നാ അച്ഛൻറെയും മക്കളുടെയും വിചാരം,  നേരം രാത്രിയായി എല്ലാവരും പോയി കിടന്നുറങ്ങിയേ…”

” അതെന്താടി നീ അവൻ ചോദിച്ചതിന് ഉത്തരം പറയാത്തത്…”

” പിന്നെ അവൻ ചോദിക്കുന്ന കൊനഷ്ട് ചോദ്യത്തിന് ഒക്കെ ഞാൻ ഉത്തരം പറയാൻ പോവല്ലേ…”

” അവൻ ചോദിച്ചതിൽ ഒരു കൊനഷ്ടുമില്ല,  നിനക്കെന്നെ ഇഷ്ടമായിരുന്നൊ എന്ന് ചോദിച്ചുള്ളൂ…”

” ഓ…” ഭദ്ര മുഖം കൂട്ടി റൂമിൽ കയറിപ്പോയി, പുറകെ ആദിയും പോയി കിടന്നു…

” അതെന്താടി ഇത്രയും കാലമായിട്ടും ഈ ചോദ്യത്തിന് മാത്രം ഉത്തരം പറയാൻ നിനക്ക് ഇത്ര മടി…”

” ആഹ് ഇത് വിട്ടില്ലേ ഇതുവരെ…”

” അങ്ങനെ വിടാൻ പറ്റുന്ന കാര്യമാണോ?..” അവൻ അവളെ ഒന്നുകൂടെ ചേർത്തുപിടിച്ചു….

തൻറെ അരയിൽ മുറുകുന്ന കൈയുടെ ബലം അവൾ അറിയുന്നുണ്ടായിരുന്നു. അവൾ അവൻറെ കൈക്കുള്ളിൽ ഒതുങ്ങി കിടന്നു….

” എന്താടോ ഇപ്പോഴും അവനാണോ മനസ്സില്…. സത്യത്തിൽ ഞാൻ നിരാശ കാമുകൻ തന്നെയാണ് അല്ലേടോ… സ്വന്തമായിട്ടും സ്വന്തമല്ലാതെ…” അവൻ്റെ ശബ്ദം ഇടറി…

അവൾ വേഗം അവൻ അഭിമുഖമായി തിരിഞ്ഞു കിടന്നു…

” ആദിയേട്ടാ… എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്… എപ്പോഴും സന്തോഷത്തോടെ അല്ലേ എന്നെ ആദ്യമായി കണ്ട കാര്യം ആദിയേട്ടൻ പറഞ്ഞിട്ടുള്ളൂ… പിന്നെന്താ ഇന്നു മാത്രം….”

“അത് മോൻ അങ്ങനെ ചോദിച്ചപ്പോൾ… നീ അവന് ഒരു ഉത്തരം കൊടുക്കാതിരുന്നപ്പോൾ… എന്തോ ഒരു വേദന…”

” നമുക്ക് ഒരുമിച്ച് ജീവിക്കാൻ ആദിയേട്ടന്റെ സ്നേഹം മാത്രം മതി എന്നു പറഞ്ഞിട്ട്… എൻറെ സ്നേഹം കൂടെ ആദിയേട്ടൻ സ്നേഹിച്ചോളാം എന്ന് പറഞ്ഞിട്ട്… പിന്നെ എന്താ ഇപ്പോൾ ഇങ്ങനെയൊക്കെ…”

” ഭദ്ര…”

“മ്..”

” നമുക്കൊക്കെ ഇനിയൊരു ജന്മം ഉണ്ടാവുമോ…”

” എന്തേ ഇപ്പോ ഇങ്ങനെ തോന്നാൻ…”

” ഇനിയൊരു ജന്മമുണ്ടെങ്കിൽ നീ എന്നെ സ്നേഹിക്കുമോ… എന്നെ മാത്രം… ഈ ജന്മത്തിൽ നീ അഭിറാമിനെ സ്നേഹിച്ചത് പോലെ…!”

” അപ്പോൾ ഈ ജന്മത്തിൽ ഞാൻ ആദിയേട്ടനെ സ്നേഹിക്കുന്നില്ല എന്നാണോ?…”

” അങ്ങനെയല്ല പെണ്ണ് എന്തോ ചിലപ്പോൾ എനിക്ക് അഭിറാമിനോട് അസൂയ തോന്നാറുണ്ട്…”

” അഭിറാമിന് ആദിയേട്ടനോടല്ലേ അസൂയ തോന്നേണ്ടത്… അഭിറാം എന്നെ കെട്ടിപ്പിടിച്ചിട്ടില്ല.. ഉമ്മ വെച്ചിട്ടില്ല…അഭിറാമിൻ്റെ മക്കളെ പ്രസവിച്ചിട്ടില്ല… അഭിറാമിനോട് ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ല… എല്ലാം… എല്ലാം ആദിയേട്ടനോടല്ലേ…”

” അടുത്ത ജന്മമോ…”

” അടുത്ത ജന്മം… ആദിയേട്ടൻ അഭിറാമിന് മുൻപേ എൻ്റെ അടുത്ത് വാ… എന്നിട്ട് അഭിറാം പറയുന്നതിന് മുൻപ് ആദിയേട്ടൻ എന്നെ ഇഷ്ടമാണെന്ന് പറയ്, അപ്പോ താൻ ആദിയേട്ടനെ സ്നേഹിച്ചോളാം..”

” അങ്ങനെ അഭിറാമിന് മുന്നൈ ഞാൻ വന്നാൽ… ഒരു പക്ഷേ ഈ ജന്മം അഭിറാമിന് സംഭവിച്ചത് എനിക്ക് സംഭവിച്ചാൽ… ഞാൻ മരിച്ച്…” അവൻ പറഞ്ഞവസാനിപ്പിക്കും മുൻപ് അവൾ അവൻറെ വായ പൊത്തിയിരുന്നു…

” എന്താ ആദിയേട്ടാ ഇത്…” അവളുടെ കണ്ണുകൾ നിറഞ്ഞു.

” ഞാൻ കാര്യമായിട്ട് പറഞ്ഞതാടി…”

” വേണ്ട എനിക്ക് കേൾക്കണ്ട…” അവൾ തിരിഞ്ഞു കിടന്നു ആദി ഒന്നുകൂടി അവളോട് ചേർന്ന് കിടന്നു…

” സോറി അങ്ങനെ ഈ ജന്മമല്ല അടുത്ത ജന്മം അല്ല എത്രയൊക്കെ ജന്മമുണ്ടെങ്കിൽ നീ എനിക്കുള്ളതാണ്… നമുക്ക് ജീവിക്കാൻ എന്റെ സ്നേഹം മാത്രം മതി… നിൻറെ പങ്കുകൂടെ ഞാൻ സ്നേഹിച്ചോളാം പോരെ…” അവൾ ചിരിയോടെ തിരിഞ്ഞു കിടന്ന അവനെ കെട്ടിപ്പിടിച്ചു…

അവളുടെ മനസ്സ് അന്നത്തെ ദിവസത്തിലേക്ക് പോയി  അഭിറാം!.. തന്നോട് ഇഷ്ടം പറഞ്ഞു പുറകെ നടന്നവൻ,  ഇഷ്ടമായിരുന്നു ഒരുപാട് പക്ഷേ പറഞ്ഞില്ല… പറഞ്ഞാലും വീട്ടിൽ ആരും സമ്മതിക്കില്ല ആരുമില്ലാത്ത ഒരു അനാഥ ചെക്കൻ….

അന്ന് ആ മഴയുള്ള ദിവസം…. തന്നെ കാണാൻ വേണ്ടി സ്ഥിരം വരാറുള്ള വഴികളിൽ ഒന്നും കണ്ടില്ല , ഇനി വരില്ല എന്ന് കരുതി,  വീട്ടിലേക്ക് നടക്കുന്ന വഴിയാണ് സീനിയർ ഒരു ചേച്ചിയെ കണ്ടത് അവരുടെ ക്ലാസിലായിരുന്നു അഭിറാമും…
ആ ചേച്ചി വെപ്രാളം പിടിച്ച എങ്ങോട്ടോ പോകുമായിരുന്നു എങ്ങോട്ടാണെന്ന് അന്വേഷിച്ച് തനിക്ക് കിട്ടിയ ഉത്തരം തന്നെ തകർക്കുന്നതായിരുന്നു…

അഭി റാം ഓടിച്ചിരുന്ന ബൈക്ക് ആക്സിഡൻറ് ആയീന്ന്… സ്പോട്ടിൽ തന്നെ പോയി…. എന്നാണ് കേട്ടത് ഓടുകയായിരുന്നു…
എന്ത് ചെയ്യണം എന്നറിയില്ല കാണാൻ വയ്യ അങ്ങനെ പൊട്ടി കരയാൻ തോന്നി!  ആരെങ്കിലും കണ്ടാൽ കരഞ്ഞത് എന്തിനാണെന്ന് പറയണം… ഓടി … ആ മഴ നനഞ്ഞു ഓടി… എന്തിലോ ഇടിച്ചു വീണു…. ഒന്നും അറിഞ്ഞില്ല മുഖം പോലും കണ്ടില്ല സോറി പറഞ്ഞു വീണ്ടും ഓടി….

വീട്ടിലെത്തി കുളിമുറിയിൽ കയറി വാതിൽ കുറ്റിയിട്ട് വാവിട്ട് കുറേ കരഞ്ഞു… അവസാനമായി ഒന്ന് കാണാൻ കഴിഞ്ഞില്ല ഇഷ്ടമായിരുന്നു എന്ന് പറയാൻ കഴിഞ്ഞില്ല…. വീട്ടുകാരുടെ ഇഷ്ടത്തിന് കല്യാണം കഴിച്ചു. ആദിയേട്ടനോട് ആദ്യദിവസം തന്നെ എല്ലാം തുറന്നു പറഞ്ഞു കരഞ്ഞു ആൾക്കും ഒരുപാട് സങ്കടമായിരുന്നു ആദ്യമൊക്കെ , പിന്നെ പറയും നമുക്ക് ജീവിക്കാൻ ആളുടെ സ്നേഹം മാത്രം മതിയെന്ന്…. അഭി റാം ഉറങ്ങുന്നിടത്ത് കൊണ്ടുപോയി കാട്ടിത്തന്നു മോനുണ്ടായപ്പോൾ അവന് അഭി എന്ന് പേരിട്ടതും ആദിയേട്ടൻ ആയിരുന്നു എല്ലാവരും ചോദിച്ചു എന്താണ് അങ്ങനെ ഒരു പേരെന്ന്… ആൾക്ക് വേണ്ടപ്പെട്ട ഒരാളുടെ പേരാണ് അത് എന്ന് പറയും.. ഇതെല്ലാം ഓർത്തുകൊണ്ട് ഭദ്ര ആദിയുടെ നെഞ്ചിൽ കിടന്നുറങ്ങി…

ഒരു മഴയത്ത് അഭിറാമിന് അവൻറെ പ്രണയവും ജീവനും നഷ്ടമായപ്പോൾ അതേ മഴയത്ത് ആദിക്ക് അവൻറെ പ്രണയവും ജീവിതവും സ്വന്തമായി….

ശുഭം

✍️തൂലിക

Leave a Reply

Your email address will not be published. Required fields are marked *