ഭർത്താവ് സുമേഷും,വീട്ടുകാരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് തീരെ മിണ്ടാറില്ല. ഞാനെന്തെങ്കിലും ചോദിച്ചാൽ തന്നെ, അലസമായ മറുപടികൾ തന്ന് ആ സംസാരമവിടെ അവസാനിപ്പിക്കുകയാണ്….

ഭർത്താവ് സുമേഷും,വീട്ടുകാരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് തീരെ മിണ്ടാറില്ല.

ഞാനെന്തെങ്കിലും ചോദിച്ചാൽ തന്നെ, അലസമായ മറുപടികൾ തന്ന്
ആ സംസാരമവിടെ അവസാനിപ്പിക്കുകയാണ് പതിവ്.

അവരെ സംബന്ധിച്ച് ഞാനൊരു താന്തോന്നിയാണ്.

എന്റെ മോൾക്ക് വെറും എട്ട് മാസം പ്രായമുള്ളപ്പോഴാണ് ഞാൻ വിദേശത്തേക്ക് പോയത്, ഒരു മലയാളിയുടെ വീട്ടിൽ അടുക്കളപ്പണിക്കായിട്ടാണ് പോയത്…

അവിടുത്തെ എന്റെ ഇരുപത്തിയൊന്നു വർഷങ്ങൾ ഇരുപത്തിയൊന്ന് ദിവസങ്ങൾ പോലെ അതിവേഗമാണ് കടന്നുപോയത്.
സത്യം പറഞ്ഞാൽ വെറുതെ ഒന്നിരിക്കാനുള്ള സമയമൊന്നും എനിക്ക് കിട്ടിയിരുന്നില്ല.

അടുക്കളപ്പണി എന്ന് പറഞ്ഞാണ്
എന്നെ കൊണ്ടുപോയതെങ്കിലും,
അവരുടെ കുഞ്ഞിനെ നോക്കേണ്ടതും
എന്റെ കടമയായിരുന്നു.

അതിലൊന്നും എനിക്ക് ഒരു മടിയുമുണ്ടായിരുന്നില്ല, കാരണം എന്റെ പിഞ്ചുകുഞ്ഞിനെ നാട്ടിൽ ഭർത്താവിന്റെയും, കുടുംബത്തിന്റെയും കൈയിലേക്ക് വച്ച് കൊടുത്തിട്ടാണ് ഞാനിങ്ങോട്ട് വന്നിരിക്കുന്നത്.

ഈ കുഞ്ഞിനെയും ഞാനെന്റെ കുഞ്ഞിനെ പോലെ തന്നെയാണ് കണ്ടത്…

അല്ലെങ്കിലും എല്ലാ അമ്മമാർക്കും
ഏതു കുഞ്ഞുങ്ങളും മക്കളെപ്പോലെ തന്നെയാണല്ലോ…
കുഞ്ഞുങ്ങളെ കണ്ടാൽ വാത്സല്യം ചുരക്കാത്ത ഏത് സ്ത്രീകളുണ്ടുലകത്തിൽ??

നാട്ടിൽ ഒരു കുഞ്ഞു ജീവിതം നയിക്കാനായിരുന്നു എന്റെ മോഹം,
പക്ഷേ എന്റെ ഭർത്താവ് സുമേഷ് ഒരു അലസനാണ്. ഒരു രൂപ സൂക്ഷിച്ചുവയ്ക്കാൻ അറിയില്ല. ധാരാളിത്തമാണ് എല്ലാത്തിനും, വരവറിയാതെയുള്ള ചിലവുകൾ ഞങ്ങളുടെ ചെറിയ ജീവിതത്തിലേക്ക് കടങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഞാൻ വിദേശത്തേക്ക് പോകുന്നത്…
വാടകവീട്ടിൽ നിന്നുംമാറി
സ്വന്തമായി ഒരു കുഞ്ഞ് വീടുണ്ടാക്കി അവിടെ താമസിക്കണമെന്നൊരു മോഹവും എനിക്കുണ്ടായിരുന്നു.

ഇപ്പോൾ ഈ നാല്പത്തിയാറാമത്തെ വയസ്സിൽ ഞാൻ വിദേശത്തെ ജോലി മതിയാക്കി പോന്നത്, ശരീരം പല അസുഖങ്ങളെയും സ്വീകരിച്ചത് കൊണ്ടാണ്…

ജോലിയെടുത്ത കാശുകൊണ്ട് ഞാനൊരു ഇരുപത് സെന്റ് വസ്തു ആദ്യത്തെ വർഷങ്ങളിൽ തന്നെ സ്വന്തമാക്കിയിരുന്നു…

കയറിക്കിടക്കാൻ സ്വന്തമായി ഒരു
വീടു കൂടിയാൽ, നാട്ടിൽ തൊഴിലുറപ്പിന് പോയിട്ടാണെങ്കിലും ബാക്കിയുള്ള കാലം കഴിയാമെന്നായിരുന്നു ആഗ്രഹം.
ഒന്നുമല്ലെങ്കിലും എന്റെ കുഞ്ഞിനോടൊപ്പം കഴിയാമല്ലോ….

പക്ഷേ നാട്ടിലുള്ളവരുടെ ആവശ്യങ്ങളെല്ലാം കൂടിക്കൂടി വന്നു…

പ്രതീക്ഷിച്ചതുപോലെ ഒരു വീട് ഉണ്ടാക്കാനൊന്നും ആ നാളുകളിൽ കഴിഞ്ഞില്ല…
നാട്ടിലെത്തുമ്പോഴെല്ലാം ഓരോരോ ആവശ്യങ്ങൾക്ക് നമ്മുടെ മുന്നിൽ വന്നു കൈ നീട്ടുന്ന ബന്ധുക്കളെ കണ്ടില്ലെന്ന് നടിക്കാനൊന്നും എനിക്ക് കഴിഞ്ഞില്ല..
ഇതിനിടയിൽ സുമേഷിന് ഒരു വർക്ക് ഷോപ്പ് പണിയാനും, അതിന്റെ ബാക്കി കാര്യങ്ങൾക്കുമായി പണം കൊടുക്കേണ്ടി വന്നു

സത്യം പറഞ്ഞാൽ തിരികെ പോകുന്നത് ആരോടെങ്കിലും കടം വാങ്ങിയിട്ടാണ്..

ഇങ്ങനെ തുടർന്നാൽ ജീവിതത്തിൽ രക്ഷപെടാൻ കഴിയില്ലെന്ന് ഉറപ്പായി…

പിന്നേപ്പിന്നെ ആവശ്യങ്ങളുമായി കൈനീട്ടുന്നവർക്ക് മുൻപിൽ മനഃപൂർവം കണ്ണടച്ചു…അതോടെ ഞാനെല്ലാവർക്കും അഹങ്കാരിയായി….

അന്നാളിലൊക്കെ സുമേഷ് പറഞ്ഞിരുന്നത് വലിയൊരു ഇരുനില വീട് പണിയണമെന്നാണ്, കഷ്ടപ്പെട്ടുണ്ടാക്കിയ പണം മുഴുവൻ കൊടുത്ത് വലിയൊരു വീട് പണിതിട്ട് എന്ത് കാര്യം.?? വീണ്ടും കടം ആകും.

ആയിരം സ്ക്വയർ ഫീറ്റിൽ ഒരു വാർക്കപ്പുര പണിയാൻ ഞാൻ തീരുമാനിച്ചു.
സുമേഷും വീട്ടുകാരും എന്നെ പുച്ഛത്തോടെയാണ് നോക്കിയത്…
ആ വീട് തന്നെ എത്ര വർഷങ്ങൾ എടുത്താണ് പൂർത്തിയാക്കിയതെന്നോ…

ഇത്രയും വർഷം വിദേശത്ത് ജോലി ചെയ്തിട്ട് കോഴിക്കൂട് പോലൊരു വീടാണ് ഉണ്ടാക്കിയതെന്നവർ പരാതി പറഞ്ഞു.

ഞാനതൊന്നും ചെവിക്കൊണ്ടില്ല.
തല മറന്ന് എണ്ണ തേക്കാൻ എന്നെക്കൊണ്ട് വയ്യ, കാരണം കഷ്ടപ്പെട്ടതൊക്കെയും ഞാനായിരുന്നല്ലോ….
ഞാൻ പെറ്റ എന്റെ കുഞ്ഞിന്റെ ബാല്യം പോലുമാസ്വദിക്കാൻ കഴിയാത്ത ഒരമ്മയാണ് ഞാൻ

എന്നോട് സുമേഷും വീട്ടുകാരും മിണ്ടാതായതിന്റെ കാരണം ഇതൊന്നുമല്ല.

വീട് വയ്ക്കാനായി ഞാൻ വാങ്ങിയ സ്ഥലത്തേക്ക് നടപ്പുവഴിമാത്രമേ ഉണ്ടായിരുന്നുള്ളൂ. ബൈക്ക് കൊണ്ടുവരുന്നതിൽ കുഴപ്പമില്ല.അത്രയും വീതിയെ വഴിക്കുള്ളൂ..

മെയിൻ വഴിയിൽ നിന്നും മാറി അല്പം ഉള്ളിലുള്ള സ്ഥലമാണ്.

അന്ന് സെന്റിന് ഇരുപതിനായിരം രൂപ കൊടുത്ത് വാങ്ങിയ സ്ഥലമാണ്.

ഇന്നാ സ്ഥലത്തിന് എങ്ങനെ പോയാലും സെന്റിന് ഒരു ലക്ഷം രൂപയെങ്കിലും വില കാണും.

പക്ഷേ വീട് പണിയാൻ തുടങ്ങിയപ്പോഴായിരുന്നു വഴിയില്ലാത്തത് ഒരു പ്രശ്നമായത്.

അടുത്തുള്ള സ്ഥലത്തിന്റെ ഉടമസ്ഥർ അതിലെ വണ്ടി കയറ്റിക്കോ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു.

ടാർപോളിൻ വലിച്ചുകെട്ടി ജീവിക്കുന്ന
ഒരു വീട്ടുകാരായിരുന്നു അവർ.
അവരുടെത് പട്ടയമില്ലാത്ത ഭൂമിയാണ്
അതും ആകെ നാല് സെന്റ് സ്ഥലം.

ഞാനവിടെ സ്ഥലം വാങ്ങുമ്പോൾ
അവരവിടെ താമസത്തിനില്ലായിരുന്നു.

അവരുടെ പറമ്പിലൂടെ വണ്ടി കയറ്റിക്കോ എന്ന് പറഞ്ഞപ്പോൾ എനിക്കത്ഭുതം തോന്നി.

നന്മയുള്ള മനുഷ്യർ ഇനിയും ഭൂമിയിൽ അവശേഷിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.

വഴിക്കായി ഇത്തിരി സ്ഥലം വിട്ട് തരികയാണെങ്കിൽ വില നൽകാമെന്ന് ഞാൻ പറഞ്ഞു, അവർ മുന്നും പിന്നും ആലോചിക്കാതെ സമ്മതം പറഞ്ഞു.

പട്ടയം ഇല്ലാത്ത സ്ഥലമാണെങ്കിലും
വഴിക്കുള്ള സ്ഥലം അളന്ന് തിരിച്ച് അതിന്റെ പണവും ഞാനവർക്ക് കൊടുത്തു.

അവരുടെ ദരിദ്രമായ ആ അവസ്ഥയിൽ എനിക്ക് വല്ലാത്ത സങ്കടം തോന്നി.

ഇവിടുത്തെ പഞ്ചായത്ത് മെമ്പറൊന്നും ഇവരുടെ ഈ ദയനീയ അവസ്ഥ കാണാത്തതിൽ എനിക്കത്ഭുതം തോന്നി.

കാരണം, ഇങ്ങനെ കഴിയുന്ന
ഒരു കുടുംബം പോലും, ആ പഞ്ചായത്തിലെങ്ങും ഉള്ളതായി എനിക്കറിവില്ല.

അല്ലെങ്കിലും അധികാരം ദുർവിനിയോഗം ചെയ്യുന്ന നാടാണല്ലോ ഇത്…. അർഹതപെട്ടവരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ ആർക്കായാലും നല്ല മിടുക്കാണ്.

പാവം ഒരപ്പനും, അമ്മയുമാണ് അവിടെ താമസം. ഒരു മകൾ ഉള്ളത് മരിച്ചതോടെ ഒറ്റക്കായി പോയവർ.

എന്റെ സ്വപ്ന ഭവനത്തിലേക്ക് ഞങ്ങൾ കേറി താമസിക്കുമ്പോൾ, കൂടെ അവർക്ക് തല ചായ്ക്കാനുള്ള ഒരു കൂര ഉണ്ടാക്കി കൊടുക്കണമെന്ന് എനിക്കെന്തുകൊണ്ടോ അപ്പോൾ മനസ്സിൽ തോന്നി.

ഞാൻ വിചാരിച്ചാൽ അടച്ചുറപ്പുള്ള
ഒരു മുറിയും, ഹാളും,അടുക്കളയും,
ഉണ്ടാക്കി കൊടുക്കാൻ കഴിയുമല്ലോ.

അങ്ങനെയാണ് അവർക്കായി, അവരുടെ മണ്ണിൽ ഒരു കൊച്ചു വീട് നിർമ്മിച്ചു കൊടുക്കാൻ തീരുമാനിക്കുന്നത്.

അതറിഞ്ഞതും എന്റെ വീട്ടുകാരും സുമേഷിന്റെ വീട്ടുകാരും എന്നെ ഒരുപാട് ചീത്ത പറഞ്ഞു.

അന്യ നാട്ടിൽ വല്ലവന്റെയും
വീട്ടിലെ അടുക്കളയിൽ പോയി കിടന്നു കഷ്ടപ്പെട്ടുണ്ടാക്കിയ പണം എന്തിനാണ് ഇങ്ങനെ പാഴാക്കി കളയുന്നത്,
നിനക്ക് ഒരു കല്യാണപ്രായമെത്താറായ പെൺകുട്ടിയില്ലേ,
എന്നിങ്ങനെയുള്ള ഒരുപാട് ഉപദേശങ്ങൾ..
അവളെ നഴ്സിംഗ് പഠിപ്പിക്കാൻ അയച്ചത് ഞാനാണ്… അവൾക്ക് അതുകൊണ്ട് ഒരു സ്ഥിരവരുമാനവും നേടാനാകും.
ഇനി ബാക്കിയൊക്കെ അവൾ സ്വയം ചെയ്യട്ടെ..

ഞാനെന്നും ഒറ്റയ്ക്കായിരുന്നു അതുകൊണ്ടുതന്നെ,ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണത്തിൽ നിന്നും ഒരു ചെറിയ വീതം മറ്റൊരാൾക്ക് കൊടുക്കുന്നതിൽ ആരോടും അഭിപ്രായം ചോദിക്കാൻ എനിക്ക് തോന്നിയില്ല.

ഞങ്ങൾ ഒരു വീട്ടിലേക്ക് കയറി താമസിക്കുമ്പോൾ തൊട്ടരികെ
ആരും തിരിഞ്ഞുനോക്കാത്ത ഒരു കുഞ്ഞു കുടുംബത്തിന്, ഒരു കൊച്ചുവീട് ഉണ്ടാക്കി കൊടുത്തു എന്ന് വച്ച് എന്താണ് കുഴപ്പം.??

ഞങ്ങളുടെ വീടിന്റെ പാല് കാച്ചിന് തന്നെയാണ്, അവരുടെ ആ കൊച്ചു വീടിന്റെ പാലുകാച്ചലും നടത്തിയത്…

സുമേഷും, വീട്ടുകാരും എന്തിനേറെ
എന്റെ മോള് പോലും എന്നോട് കെറുവിച്ചിരിക്കുകയാണ്.

സാരമില്ല. എനിക്കെന്തോ വല്ലാത്ത ആത്മസംതൃപ്തിയാണിപ്പോൾ തോന്നുന്നത്…

എന്റെ അധ്വാനം കൊണ്ട് ഞാനുണ്ടാക്കിയ വീട്ടിലിരുന്ന്, ഞാനിനിയീ മഴക്കാലങ്ങളെ ഒന്ന് നോക്കി കാണട്ടെ.
മഴ മാറി വെയിൽ തെളിയുന്നതും,
മഞ്ഞു പെയ്തിറങ്ങുന്നതുമൊക്കെ കാണട്ടെ……
പൂക്കൾ വിരിയുന്നതും മഴവില്ല് തെളിയുന്നതും കൊതിയോടെ നോക്കി നിൽക്കട്ടെ..

അല്ലെങ്കിലും സൂക്ഷിച്ചുവയ്ക്കാൻ അധികമൊന്നുമില്ലാത്ത മനുഷ്യർക്ക് മാത്രമേ, ജീവിതത്തിന്റെ ചെറിയ സന്തോഷങ്ങളെ കൺനിറയെ കാണാൻ പറ്റൂ അല്ലേ???

🍀🍀🍀🍀🍀🍀🍀

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *