“നഗരത്തിൽ പട്ടാപ്പകൽ പെൺകുട്ടിയോട് അതിക്രമം കാണിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മാവുങ്കൽ സ്വദേശി സജീഷ് ആണ് പോലീസ് പിടിയിലായത് ”
പ്രമുഖ ചാനലിൽ തന്നെ വാർത്ത വന്നു. അതും വീഡിയോസ് ഉൾപ്പെടെ.
“ഇത് ആ അനുജ ടീച്ചറുടെ മകൻ അല്ലെ.. ഈ ചെക്കൻ ഇമ്മാതിരി പണിയൊക്കെ ഒപ്പിക്കോ ”
“വല്ല കഞ്ചാവും വലിച്ചു കേറ്റീട്ട് ചെയ്തതാകും. ഇപ്പോഴത്തെ പിള്ളേരെയൊന്നും വിശ്വസിക്കാൻ പോലും പറ്റില്ല… പുറമെ നോക്കുമ്പോ ഇൻഷർട്ട് ചെയ്ത് മാന്യമായി നടക്കും.. കയ്യിലിരിപ്പ് ഇതൊക്കെ ആകും..കഷ്ടം തന്നെ ആ ടീച്ചർ ഉണ്ടാക്കി വച്ച സൽപ്പേര് മുഴുവൻ ഈ ചെക്കൻ തുലയ്ക്കും..”
നാട്ടുകാർക്ക് ചർച്ചയ്ക്കുള്ള വക ആ വാർത്തയിൽ നിന്ന് തന്നെ കിട്ടിയിരുന്നു.
സജീഷിനെ നേരെ സിറ്റി പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ട് പോയത്…
” എടോ.. ആ പെങ്കൊച്ചിന്റെ വീട്ടിൽ വിളിച്ചിട്ട് ഇങ്ങട് വരാൻ പറയ്.. കംപ്ലയിന്റ് എഴുതി വാങ്ങി എഫ് ഐ ആർ ഇടണം.. ”
എസ് ഐ അൻവർ കോൺസ്റ്റബിളിന് നിർദ്ദേശം നൽകി ക്യാബിനിലെ ചെയറിലേക്കിരുന്നു.
” ടാ ചെക്കാ നിനക്ക് എന്തിന്റെ കേടാടാ… നടു റോഡിൽ വച്ചിട്ട് ആ പെങ്കൊച്ചിനെ പിടിച്ചടിക്കാൻ ആരാടാ നിനക്ക് അധികാരം തന്നത്. ”
ചോദ്യം സജീഷിനോടായിരുന്നു
മറുപടി പറയാതെ അവൻ മൗനമായപ്പോൾ ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിൽ രാജുവിന്റെ ഒന്ന് നോക്കി അൻവർ. അപ്രതീക്ഷിതമായി ചെക്കിടടക്കം ഒരെണ്ണം കിട്ടിയതോടെ പിന്നിലേക്ക് വേച്ചു പോയി സജീഷ്
” സാറ് ചോദിച്ചത് കേട്ടില്ലേ ടാ.. ”
ഒപ്പം രാജുവിന്റെ അലർച്ച കൂടിയാകവേ ആകെ ഭയന്ന് പോയി അവൻ.
” സാർ… ഞങ്ങൾ ഇഷ്ടത്തിലായിരുന്നു.. ഞാൻ… എന്നെ ചതിച്ചതാ അവൾ… അന്നേരത്തെ ദേഷ്യം.. സങ്കടം സഹിക്കാൻ കഴിയാതെ ചെയ്ത് പോയതാ.. ”
ആ മറുപടി കേൾക്കെ സംശയത്തിൽ ഒന്ന് നിവർന്നിരുന്നു അൻവർ.
” സാറേ… ഇത് വെറുമൊരു അടിക്കേസല്ലല്ലോ .. കേട്ടിട്ട് ഇതിനുള്ളിൽ ഒരു കഥയുണ്ടെന്ന് തോന്നുന്നു ”
രാജുവിന്റെ കമന്റ് കേൾക്കെ വീണ്ടും തിരികെ ചെയറിലേക്ക് ചാരി ഇരുന്നു അൻവർ.
” അനിയാ.. വാ ഇരിക്ക്.. എന്താ സംഭവം.. നീ പറയ് കേൾക്കട്ടെ.. ”
മുന്നിലെ ചെയറിലേക്ക് വിരൽ ചൂടി അവൻ കാര്യമറിയുവാനായി നോക്കി.
“ഇരിക്ക് സജീഷേ .. എന്നിട്ട് കഥ പറയ്.. ”
രാജുവും ആവർത്തിക്കവേ പതിയെ ചെയറിലേക്കിരുന്നു സജീഷ്.
” സാർ… ഞാൻ പ്രശ്നക്കാരൻ ഒന്നുമല്ല ടെക്നോപാർക്കിൽ വർക്ക് ചെയ്യുകയാണ്. അവൾ വർഷ.. എം ബി എ ചെയ്യുന്നു. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ പ്രണയത്തിലായിരുന്നു. ആത്മാർത്ഥമായിട്ടാണ് ഞാൻ അവളെ സ്നേഹിച്ചത്. പക്ഷെ തിരിച്ച്…. ”
ഒന്ന് നിർത്തി സജീഷ്.
” അപ്പോ അതാണ്.. തേച്ചു അല്ലെ അവൾ..”
അൻവർ സംശയത്തിൽ നോക്കി.
” അതേ സാർ.. എല്ലാ അർത്ഥത്തിലും.. പ്രണയം നടിച്ചു അവൾ എന്നെ പറ്റിക്കുകയായിരുന്നു.. പലപ്പോഴായി ഏകദേശം ഒരു ലക്ഷത്തോളം രൂപ എന്റേന്ന് വാങ്ങിയെടുത്തിട്ടുണ്ട്… ഇപ്പോൾ പുതിയൊരാളെ കിട്ടിയപ്പോ എന്നെ ഒഴിവാക്കുവാൻ നോക്കി… അതെനിക്ക് സഹിച്ചില്ല… ചോദിച്ചപ്പോൾ എന്നെ ഇൻസൾട്ട് ചെയ്ത് സംസാരിച്ചു. എന്റെ നിയന്ത്രണം വിട്ടു പോയി.. അതുകൊണ്ടാണ് ഞാൻ പ്രതികരിച്ചു പോയത്.. ”
സജീഷ് പറഞ്ഞു നിർത്തുമ്പോൾ രാജുവും അൻവരും അതിശയത്തിൽ മുഖാമുഖം നോക്കിപ്പോയി.
” എന്തൊക്കെയാടോ രാജു ഈ നടക്കുന്നെ.. പണ്ടൊക്കെ ചെക്കന്മാർ പെൺപിള്ളേരെ ചതിക്കുന്ന കഥകളായിരുന്നു കേട്ടിരുന്നത്. ഇപ്പോൾ തിരിച്ചായോ.. ഇതൊക്കെ ഉള്ളതാണോ അനിയാ..”
അൻവറിന്റെ ചോദ്യത്തിൽ പാതി പുച്ഛം കൂടി നിറഞ്ഞിരുന്നു.
” സത്യമാണ് സാർ… കാശ് അയച്ചു കൊടുത്തത് ഗൂഗിൾ പേ വഴിയാണ് എന്റേൽ പ്രൂഫ് ഉണ്ട്.. പിന്നേ വാട്സ്ആപ്പ് ചാറ്റുകളും.. ഇപ്പോൾ സാറിന്റെ ചോദ്യത്തിൽ നിറഞ്ഞ ഈ പുച്ഛം…. സാറേ മനസ്സ് കൊണ്ടാണ് സ്നേഹിച്ചു പോയത്. ചതിക്കും ന്ന് സ്വപ്നത്തിൽ പോലും കരുതീല.. ഓരോ ആവശ്യങ്ങൾ പറഞ്ഞപ്പോ അത് എന്റേതായി കണ്ടു ചിലവാക്കി … ”
പറഞ്ഞു നിർത്തി നിരാശയിൽ തല കുമ്പിട്ടിരുന്നു സജീഷ് അവന്റെ മിഴികളിൽ അപ്പോൾ നനവ് പടർന്നിരുന്നു.
” ഏയ്.. നീ വിഷമിക്കണ്ട… രാജു നീ അവന്റെ ഫോണൊന്ന് വാങ്ങി എല്ലാം ഉള്ളതാണോ ന്ന് ചെക്ക് ചെയ്തെ.. ”
നിർദ്ദേശം കിട്ടിയ പാടെ സജീഷിന്റെ ഫോൺ വാങ്ങി ഡീറ്റെയിൽസ് എല്ലാം ചെക്ക് ചെയ്തു രാജു.
” സാറേ… ഉള്ളതാ.. രണ്ടാളുടേം ഒന്നിച്ചുള്ള ഫോട്ടോസ് വരെയുണ്ട് ഇവന്റെ ഫോണിൽ ”
ആ മറുപടി കേട്ട് പതിയെ എഴുന്നേറ്റു അൻവർ.
“എന്തായാലും നടന്നത് നടന്നു. പക്ഷെ നീ പബ്ലിക്ക് ആയി അവൾക്കിട്ട് പൊട്ടിച്ചതാണ് സീൻ. അറിയാലോ നമ്മുടെ നിയമങ്ങളിൽ സ്ത്രീകൾക്കാണ് മുൻഗണന. മാത്രമല്ല സംഭവം ആരോ തൂക്കി മീഡിയാസിനും കൊടുത്തു.. ”
“സാറേ.. സ്ത്രീകൾക്ക് നിയമത്തിൽ പരിഗണനങ്ങൾ കൂടുതൽ ആണ്. പക്ഷെ ഇവളെ പോലെ ആ പരിഗണന മിസ് യൂസ് ചെയ്യുന്നവരെ തടുക്കുവാൻ ഒന്നും ചെയ്യാൻ കഴിയില്ലേ.. ഇനിയിപ്പോ എനിക്ക് ഊഹിക്കാം വർഷ വീട്ടുകാരുമായി വരും എനിക്ക് എതിരെ സ്ത്രീ പീഡനത്തിന് കേസും കൊടുക്കും.. ഞാൻ റിമാൻഡിലും ആകും ”
ഒന്ന് നിർത്തുമ്പോൾ വല്ലാതെ കിതച്ചു പോയി സജീഷ്
” സർ.. എന്റെ അമ്മ ഒരു ടീച്ചർ ആണ് നാട്ടിൽ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തി. ഈ ഒരൊറ്റ സംഭവം കൊണ്ട് ഞങ്ങൾക്ക് ഉണ്ടാകുന്ന നാണക്കേട് എന്താകുമെന്ന് സാറിന് ഊഹിക്കാമല്ലോ.. ഇവിടെ എന്നെ ചതിച്ചവൾക്കെതിരെ എന്ത് നടപടി ഉണ്ടാകും.. ആരെങ്കിലും അത് തിരഞ്ഞു പോകുമോ.. ഇല്ല.. ഒരിക്കലും ഇല്ല കാരണം ഇവിടിപ്പോ ഒരു ഇര സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു..”
നിരാശയിൽ അവൻ പറഞ്ഞവസാനിപ്പിക്കുമ്പോൾ ചിന്തയിലാണ്ടു കൊണ്ട് വീണ്ടും തന്റെ ചെയറിലേക്ക് ഇരുന്നു അൻവർ.
” സാറേ.. സത്യത്തിൽ ഇവൻ പറയുന്നതിലും കാര്യമുണ്ട്… പറഞ്ഞ കഥകൾ ഉള്ളതാണേൽ കേസായാൽ ഇവൻ കുടുങ്ങും.. ഇത്രേം ഫ്രോഡ് ആയ ആ പെണ്ണ് ഇര എന്ന അഡ്രെസ്സിൽ രക്ഷപ്പെടും ശേഷം ഇനീം വേറെ ആരേലും കണ്ടെത്തി ഇത് തന്നെ ആവർത്തിക്കും.. ”
രാജുവിന്റെ ശബ്ദവും തണുത്തിരുന്നു.
” നോക്കാം രാജു.. ഇവന്റെ വശം മാത്രമേ നമ്മൾ ഇതുവരെ കേട്ടിട്ടുള്ളൂ.. ഇവിടിപ്പോ ചെയ്തത് തെറ്റ് ആണേലും ഇവന്റെ ഭാഗത്ത് ന്യായം ഉണ്ട്.. മീഡിയാസിനെ നോക്കേണ്ട.. അടുത്ത ന്യൂസ് കിട്ടുമ്പോ അവര് അതിന്റെ പിന്നാലെ പൊയ്ക്കോളും.. അതുപോലെ തന്നെയാണ് നാട്ടുകാരും.. എന്തായാലും ആ പെണ്ണും വീട്ടുകാരും വരട്ടെ വഴിയുണ്ടാക്കാം നമുക്ക്. തത്കാലം ഇവനെ പുറത്തേക്കിരുത്ത്. ”
അൻവറിന്റെ നിർദ്ദേശം കിട്ടിയ പാടെ സജീഷിനെയും കൊണ്ട് ഓഫീസ് മുറിയുടെ പുറത്തേക്ക് പോയി രാജു. ..
സമയം പിന്നെയും നീങ്ങി.. വൈകാതെ തന്നെ വർഷ അച്ഛനും അമ്മയുമായി സ്റ്റേഷനിൽ എത്തി.
” വേദന സാർ… ഇത് കേസ് ആകണം.. എന്നെ ഉപദ്രവിച്ചതിനു അവന് ശിക്ഷ കിട്ടണം..”
പ്രശ്നം പരിഹരിക്കുവാൻ അൻവർ ശ്രമിച്ചെങ്കിലും ഒരു തരത്തിലുമുള്ള ഒത്തുതീർപ്പിന് വർഷ തയ്യായ്യാറായില്ല.
” സാറേ.. ഒരു നിയമ പാലകൻ ഇങ്ങനല്ല പെരുമാറേണ്ടത്… എന്റെ മോൾക്ക് ഉണ്ടായ അപമാനം അത് കണ്ടില്ലെന്ന് നടിക്കരുത് ”
വർഷയുടെ അച്ഛനും അൻവറിന്റെ കുറ്റപ്പെടുത്തി. അതോടെ കലി കയറി തുടങ്ങി അവന്.
” രാജു… ആ സജീഷിന്റെ ഫോൺ ഇങ്ങ് വാങ്ങിയേ”
നിമിഷങ്ങൾക്കകം ആ ഫോൺ അൻവറിന്റെ കൈകളിൽ എത്തി.
” മോൾക്ക് നീതി വാങ്ങി കൊടുക്കാം.. പക്ഷെ അതിനു മുന്നേ കുറച്ചു കാര്യങ്ങൾ നിങ്ങൾ ഒന്ന് അറിയ്… ”
അത്രയും പറഞ്ഞു കൊണ്ട് നടന്ന കാര്യങ്ങൾ തെളിവ് സഹിതം വർഷയുടെ അച്ഛനും അമ്മയ്ക്കും മുന്നിൽ നിരത്തി അൻവർ. അത് ഓരോന്നും കണ്ടും കേട്ടും അവര് രണ്ടാളും വാ പൊളിച്ചു പോയി. വർഷയാകട്ടെ നാണക്കേടിനാൽ ആകെ ചൂളിപ്പോയി.
” എന്താ മോളെ ഇതൊക്കെ ”
അച്ഛന്റെ ആ ചോദ്യത്തിന് മുന്നിൽ അവൾക്ക് മറുപടി കിട്ടിയില്ല…
” എന്തായാലും ഞാൻ കേസാക്കാം… പക്ഷെ ചെക്കൻ അകത്ത് പോകുന്നെന്ന് മുന്നേ ഇതെല്ലാം അവൻ മീഡിയാസിനും കോടതിയ്ക്കും കൊടുക്കുമെന്നാണ് പറയുന്നത്.. പിന്നെ എന്താകും സംഭവിക്കുക എന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ.. ”
അൻവറിന്റെ ആ വാക്കുകളിൽ ഒളിഞ്ഞ ഭീക്ഷണി വേഗത്തിൽ തിരിച്ചറിഞ്ഞു വർഷ അതോടെ ആകെ പതറി അവൾ..
“സർ.. അത് വേണ്ട.. ഒന്നും ആരും അറിയരുത്.. ”
അവൾ അപേക്ഷ രൂപേണ പറയുമ്പോൾ അവളുടെ അച്ഛനെയൊന്ന് നോക്കി അൻവർ
“മകള് കാണിച്ചു കൂട്ടുന്നത് അറിയുന്നില്ല അല്ലെ.. ഇടക്കൊക്കെ സ്വന്തം മക്കളുടെ കാര്യങ്ങളിലും ഒരു ശ്രദ്ധ വേണം.. അങ്ങിനെയായാൽ ഇത്പോലെ തല കുമ്പിട്ടിരിക്കേണ്ടി വരില്ല..”
ആ വാക്കുകൾ കുറിക്കു കൊണ്ടു..
” സാറേ ഞങ്ങൾക്ക് കേസില്ല.. ആ പയ്യനെ വെറുതേ വിട്ടേക്ക്.. പിന്നേ എന്റെ മോള് അവന്റെ പറ്റിച്ചുണ്ടാക്കിയ കാശ് അതിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു.. അത് ഞാൻ കൊടുത്തോളാം.. സാർ ഈ പ്രശ്നം ഒന്ന് ഒത്തുതീർപ്പ് ആക്കി തരണം ”
ഒടുവിൽ. ഗത്യന്തരമില്ലാതേ വർഷയുടെ അച്ഛൻ അൻവറിനോട് അപേക്ഷിച്ചു.
” അച്ഛാ.. അത്.. ”
ഇടയ്ക്ക് കയറിയ വർഷയ്ക്ക് അൻവറിന്റെ മുന്നിൽ വച്ച് തന്നെ ചെക്കിടടക്കം ഒന്ന് കൊടുത്തു ആ അച്ഛൻ.. പിന്നേ തകർക്കങ്ങളോ മറുപടി പറച്ചിലുകളോ ഉണ്ടായില്ല.. എല്ലാം വേഗത്തിൽ തന്നെ നടന്നു.. ഒടുവിൽ കേസില്ല എന്ന് എഴുതി ഒപ്പിട്ടു വർഷയും കുടുംബവും പുറത്തേക്കിറങ്ങി.
പുറത്തെ ബെഞ്ചിൽ ഇരുന്ന സജീഷിനെ അഭിമുഖീകരിക്കുവാൻ വല്ലാത്ത ചളിപ്പ് തോന്നി വർഷയ്ക്ക്..
” അങ്കിളെ.. ഈ മോള് നിങ്ങൾക്ക് ഒരു മുതൽകൂട്ട് ആണ്.. ഒന്ന് കരുതിയിരുന്നോ ”
പുച്ഛത്തോടെ അത് പറയുമ്പോൾ സജീഷിന്റെ ഉള്ളം വിങ്ങുകയായിരുന്നു. അത്രമേൽ അവൻ അവളെ സ്നേഹിച്ചിരുന്നു.
മറുപടി പറയാതെ അവർ അവിടെ നിന്നും പുറത്തേക്ക് നടന്നു.
” അനിയാ.. എല്ലാം സെറ്റ് അല്ലെ.. എന്നാൽ പിന്നേ വിട്ടോ.. ഇനി ഇതുപോലുള്ള പണി ഒപ്പിക്കാൻ നിൽക്കരുത് ഇവിടിപ്പോ നിന്റെ ഭാഗത്ത് ന്യായം ഉള്ളത് കൊണ്ട് ഞാനൊന്ന് കണ്ണടച്ചതാണ് എപ്പോഴും അത് പ്രതീക്ഷിക്കേണ്ട… ”
ഒരു താക്കീതുമായാണ് അൻവർ സജീഷിന് അരികിലേക്ക് ചെന്നത്
” ഇല്ല സാർ.. ഇനി ഞാൻ ഒരു പ്രശ്നത്തിനും നിൽക്കില്ല.. നന്ദിയുണ്ട് ”
തൊഴുകയ്യോടെ അവൻ അൻവറിനെയും രാജുവിനെയും മാറി മാറി നോക്കി പതിയെ പുറത്തേക്ക് നടന്നു..
” ഒരു അയ്യോ പാപി ചെക്കനാണ് അല്ലെ സാറേ.. ”
രാജുവിന്റെ കമന്റ് കേട്ട് ഒന്ന് പുഞ്ചിരിച്ചു അൻവർ.
“മോശക്കാരനല്ല അവൻ.. ഈ ക്ലൈമാക്സ് മുന്നേ പ്ലാൻ ചെയ്ത് തന്നെയാണ് അവൻ ഈ സീൻസ് ഉണ്ടാക്കിയത്.. കിട്ടിയ ചതിയ്ക്കുള്ള പ്രൂഫ് കയ്യിൽ ഉള്ളത് കൊണ്ട് ഒത്തുതീർപ്പ് ആകും എന്ന് അവന് ഉറപ്പായിരുന്നു… ഇപ്പോൾ കണ്ടില്ലേ ഇങ്ങട് കിട്ടിയ തേപ്പിനുള്ളത് തിരിച്ചു കൊടുത്ത സംതൃപ്തിയിൽ തന്നെയാണ് അവൻ ഇവിടെ നിന്നും പോകുന്നത്…”
ആ വാക്കുകൾ കേൾക്കെ അതിശയത്തിൽ നോക്കി നിന്നു പോയി രാജുവും..
പുറത്തിറങ്ങിയ സജീഷിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു. അൻവർ പറഞ്ഞത് പോലെ സംതൃപ്തിയിൽ വിടർന്ന ഒരു പുഞ്ചിരി..
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു.
