“എടാ… ഞാൻ നിന്റെ അരികിൽ ഇരിക്കുന്നതെങ്ങാൻ നിന്റെ ഭാര്യ കണ്ടാൽ നിന്നോടു വഴക്കുണ്ടാക്കോ…?
കൂൾബാറിലെ ശീതികരിച്ച മുറിയിൽ അലക്സിനൊപ്പം ഇരിക്കാനൊരുങ്ങി പെട്ടന്നോർമ്മ വന്നതു പോലെ തിരക്കി മാളവിക
“എന്റെ മാളു ഞാൻ നിനക്കൊപ്പം ഒരു റൂമിലിരുന്നാലോ എന്തിന് നിന്റെ കൂടെ ഒരു കിടക്കയിൽ ഒരുമിച്ച് കിടക്കുന്നത് കണ്ടാൽ പോലും എന്റെ ഭാര്യയ്ക്കതൊരു പ്രശ്നമോ വിഷയമോ അല്ല… നമ്മളെ നോക്കിയൊരു ചിരിയും ചിരിച്ച് പുള്ളിക്കാരത്തി അങ്ങ് പോവും പുള്ളീടെ പണിയെടുക്കാൻ… അറിയാമോ നിനക്ക്…. ?
തനിയ്ക്കൊപ്പം ഇരിക്കാൻ മടിയ്ക്കുന്ന മാളുവിനെ തന്റെ അരികിൽ ബലമായ് പിടിച്ചിരുത്തി അലക്സ് പറഞ്ഞതു കേട്ട് മിഴിഞ്ഞു പോയത് മാളവികയുടെ കണ്ണുകളാണ്…
“അതെന്താ നിന്റെ ഭാര്യയ്ക്ക് നീ എങ്ങനെ ആയാലും കുഴപ്പമില്ല എന്ന രീതിയാണോ…?അതെന്താ അങ്ങനെ…..?
നിന്നോടവൾക്ക് സ്നേഹം ഇല്ലേ അപ്പോൾ…?
ചോദിയ്ക്കുമ്പോൾ മാളവികയുടെ ശബ്ദത്തിൽ അവൾ പോലും അറിയാതൊരു സന്തോഷം കലർന്നിരുന്നു….
ഒരിക്കൽ താൻ പ്രാണനെക്കാൾ സ്നേഹിച്ചവന് പങ്കാളിയിൽ നിന്ന് ലഭിക്കുന്നത് ശുദ്ധ സ്നേഹമല്ല എന്ന അറിവാണവളുടെ ആ സന്തോഷത്തിന് പുറകിൽ…
“ഭർത്താവിനെ സ്നേഹിക്കുന്ന ഒരു ഭാര്യയ്ക്കും ഭർത്താവിനൊപ്പം മറ്റൊരുവളെ കാണുന്നത് സഹിക്കില്ലല്ലോ…. നിന്റെ ഭാര്യയ്ക്ക് അങ്ങനെയൊന്നുമില്ലെന്ന് പറയുമ്പോൾ അവൾക്ക് നിന്നോടൊരു സ്നേഹവും ഇല്ലാന്നല്ലേ….?
നീയെങ്ങനെ ജീവിച്ചാലും നടന്നാലും ഒന്നുമില്ലെന്നല്ലേ….?
ചോദ്യങ്ങൾ തീരുന്നില്ല മാളവികയിൽ…
“ഞാനായിരുന്നല്ലേ ടാ നിനക്കൊപ്പം ഈ ജീവിതം ഷെയർ ചെയ്യാൻ ഉണ്ടാവേണ്ടിയിരുന്നത്… എന്നാൽ നിനക്കിന്ന് ഇങ്ങനെയൊരു സങ്കടം ഉണ്ടാവില്ലായിരുന്നു…
“നമ്മൾ ,നമ്മളാഗ്രഹിച്ച… സ്വപ്നം കണ്ട …ആ ജീവിതവും ജീവിച്ചിവിടെ സന്തോഷിച്ചു കഴിഞ്ഞേനെ അല്ലേടാ….?
അലക്സിന്റെ തോൾ ചാരി തല വെച്ച് ചോദിച്ചവൾ… അതു ചോദിയ്ക്കുമ്പോഴവളുടെ ശബ്ദത്തിൽ നിറഞ്ഞു നിന്നത് നഷ്ടബോധമാണ്..
തനിയ്ക്കൊപ്പം ഇരിക്കാൻ പോലും മടിച്ചിരുന്നവളിപ്പോൾ തന്റെ തോൾ ചാരി പറയുന്നത് കേട്ടതും അലക്സ് എന്തോ ഓർമ്മയിൽ മിഴികൾ അവളിൽ നിന്നകറ്റാതെ അവളെ മാത്രം മിഴികളിൽ നിറച്ച് നോക്കിയിരുന്നു പോയ്…
അവന്റെ കണ്ണിൽ കാണുന്ന തന്റെ പ്രതിബിംബത്തിലേക്ക് കോളേജ് കാലത്തെന്നതു പോലെ തിരികെ നോക്കി അവളും….
“ഞാനും നീയും നമ്മൾ സ്വപ്നം കണ്ട നമ്മുടെ ലോകവും… എന്തു ഭംഗിയാവുമായിരുന്നു അലക്സ് ആ ജീവിതം…”
മനോഹരമായൊരു പ്രണയകാലത്തിന്റെ മധുരിയ്ക്കുന്ന ഓർമ്മകളിൽ വീണ്ടും ചോദിക്കുന്നവൾ….
‘ഞാനും… നീയും …അന്ന് നമ്മൾ സ്വപ്നം കണ്ട നമ്മുടെ ജീവിതവും… അതേ നമ്മളൊരുമിച്ചിരുന്നെങ്കിലത് ചിലപ്പോൾ ഭംഗിയാവുമായിരുന്നു മാളൂ… പക്ഷെ നമ്മളൊരുമ്മിച്ചില്ലല്ലോ… എന്നെ ഉപേക്ഷിച്ച് പൊയ്ക്കളഞ്ഞില്ലേ നീ നിന്റെ വീട്ടുകാർ കണ്ടു പിടിച്ചവനൊപ്പം….?
മുഖത്തെ ചിരി മായാതെ അലക്സ് ചോദിച്ചതും അവനെ നേരിടാനാവാതെ തല താഴ്ത്തി മാളവിക….
‘ഞാൻ ചുമ്മാ തമാശ പറഞ്ഞതാണ് മാളൂ.. അതൊക്കെ കഴിഞ്ഞിട്ട് വർഷം അഞ്ചാറായി… എനിയ്ക്കും നിനക്കും വേറെ വേറെ കുടുംബമായ് ….കുട്ടികളായ്… ”
താൻ പറഞ്ഞ വാക്കുകളിൽ മാളവിക നിശബ്ദയായതു കണ്ടതും വിഷയം ലഘൂകരിച്ചു അലക്സ്… പക്ഷെ അപ്പോഴും അവന്റെ ഉള്ളിലാ നീറ്റലുണ്ട് അവളറിയാതെ…
മരണത്തിലൂടെ മാത്രമേ നമ്മൾ പിരിയുവെന്ന് വാക്ക് തന്ന് കൂടെ കൂടി സ്വപ്നം കാണാൻ പഠിപ്പിച്ചവൾ ഒരു ദിവസം കാരണങ്ങളേതുമില്ലാതെ തന്നെ ഒഴിവാക്കി പോയ നാൾ മുതൽ അലക്സിന്റെ ഉള്ളിലാ നീറ്റൽ അതേ പോലെയുണ്ട്…
” എന്റെ വീട്ടുകാർക്കു വേണ്ടി അവരുടെ വാക്കു കേട്ട്
നിന്നെ ഉപേക്ഷിച്ച് പോയതാണ് അലക്സ് ഞാനീ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റും വിഡ്ഡിത്തവും… മറ്റൊരു മതസ്ഥനായ നിന്നെ വിവാഹം കഴിച്ചാൽ അവരവരുടെ ജീവിതം അവസാനിപ്പിയ്ക്കും എന്നു പറഞ്ഞെന്നോട്… അവരുടെ ജീവനെടുത്തിട്ട് ഞാനെങ്ങനെയാണെടാ നിനക്കൊപ്പം സന്തോഷമായിട്ട് ജീവിക്കുക….?
കണ്ണീരോടെ ചോദിക്കുന്നവളെ കണ്ണെടുക്കാതെ നോക്കിയവൻ….
“അതെല്ലാം കഴിഞ്ഞില്ലേ മാളൂ… വിട്ടു കള..എന്നിട്ടു പറ നിന്റെ വിശേഷങ്ങൾ…?
സുഖാണോ നിനക്ക്…. ?
അലക്സ് ചോദിച്ചതും സ്വയം പരിഹസിയ്ക്കും പോലൊരു ചിരി തെളിഞ്ഞു മാളവികയിൽ…
“നീയ്യില്ലാതെ എനിയ്ക്കെവിടുന്നാണ് അലക്സ് സന്തോഷവും സുഖവും… നിന്നെ നഷ്ടപ്പെടുത്തിയപ്പോൾ മാത്രം നിന്റെ വിലയറിഞ്ഞവളാണ് ഞാൻ… നിന്നെ കാണാനും മാപ്പു പറയാനും ആണ് ഞാനിപ്പോൾ വന്നത്…
“ഇങ്ങോട്ടു നിന്നെ തേടി വരുമ്പോൾ സത്യം പറഞ്ഞാൽ എനിയ്ക്ക് നിന്റെ ഭാര്യയെ ഓർത്ത് ഭയമായിരുന്നു… നിന്റെ പഴയ കാമുകി നിന്നെ തേടി വന്നുവെന്നെങ്ങാൻ നിന്റെ ഭാര്യ അറിഞ്ഞാൽ അതു നിന്റെ ജീവിതത്തെ ബാധിക്കുമോ നിന്റെസമാധാനം ഇല്ലാതെ ആവുമോ എന്നൊക്കെ ഭയന്നു ഞാൻ… നീ എങ്ങനെ ആയാലും നിന്റെ ഭാര്യയ്ക്കതൊരു പ്രശ്നമല്ലാന്ന് നീ പറഞ്ഞപ്പോഴാ സത്യം പറഞ്ഞാലെനിയ്ക്ക് സമാധാനം ആയത്… ഇനിയെനിക്ക് എപ്പോ വേണേലും നിന്നെ കാണാൻ തോന്നുമ്പോൾ വരാലോ… ഇത്ര പോലെയിരുന്ന് എത്ര നേരം വേണമെങ്കിലും മനസ്സുതുറന്ന് സംസാരിക്കാലോ…. ”
മനസ്സിനുള്ളിലൊരായിരം കണക്കുകൂട്ടലോടെ പറയുന്നവളെ നോക്കി തലയിളക്കി അലക്സ്
“നീ എപ്പോഴാന്ന് വെച്ചാ വന്നോടീ… ഞാനിതാ ഇവിടെയും അവിടെയുമായിട്ട് ഉണ്ടാവും… രണ്ടും നമ്മുടെ തന്നെയാണ്… ഇനിയഥവാ രണ്ടിടതും കണ്ടില്ലെങ്കിൽ ഞാൻ വീട്ടിലാവും… അവിടെയും ഉണ്ട് അല്ലറ ചില്ലറ കൃഷികളൊക്കെ… നീ ഒന്ന് വിളിച്ചാൽ മതി… ഞാനെത്താം…”
പഴയ കോളേജ് പയ്യന്റെ പ്രസരിപ്പോടെ പറയുന്നവനെ കൺ നിറച്ചു നോക്കി കാണുന്നതിനിടയിലും മാളവികയുടെ കണ്ണുകൾ അവൻ ചൂണ്ടി കാണിച്ചയിടത്തേയ്ക്ക് നീണ്ടു..
ആ സിറ്റിയിലെ ഏറ്റവും വലിയ റെസ്റ്റോറന്റുകളിലൊന്നിന്റെ ഉടമയാണവൻ… കൂടാതെ ഇപ്പോൾ തങ്ങളിരിക്കുന്ന കടയും അവന്റെയാണ്…. എന്നും എപ്പോഴും നല്ല തിരക്കാണ് രണ്ടിടത്തും…
“പണ്ടത്തെ സാധാരണക്കാരനായ അലക്സിൽ നിന്ന് ഇന്നത്തെ കോടീശ്വരനായ അലക്സി ലേക്കുള്ള നിന്റെ വളർച്ച എനിയ്ക്ക് സത്യം പറഞ്ഞാൽ വിശ്വസിക്കാൻ വയ്യെടാ… നീ എങ്ങനെ എത്തിയെടാ ഇത്രയും സമ്പന്നതയിൽ… നിന്റെ അധ്വാനം തന്നെയാവും അല്ലേ….?
കണ്ണിൽ വെളിവാകുന്ന ആർത്തിയോടെ തിരക്കിയവൾ….
അലക്സിനു പണമില്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് പണക്കാരനായ പ്രകാശനുമായുള്ള വിവാഹത്തിന് താൻ സമ്മതിച്ചതു തന്നെ… വെറുതെ അതിന്റെ പഴി വീട്ടിക്കാരുടെ മേൽ ഇട്ടെന്നു മാത്രം… തന്റെ ഒരിഷ്ടത്തിനും എതിരല്ല തന്റെ അച്ഛനും അമ്മയും എന്നത് തനിയ്ക്ക് മാത്രമല്ലേ അറിയൂ….
ഇന്നത്തെ അലക്സിന്റെ സമ്പത്തിന്റെ വലുപ്പം കാണുമ്പോൾ, പഴയതിലും സുന്ദരനായിട്ടുള്ള അവന്റെ രൂപം കാണുമ്പോൾ പ്രകാരനെന്ന തന്റെ ഭർത്താവിനോട് വെറുപ്പ് തോന്നുന്നുണ്ടവൾക്ക്…. അലക്സുമായ് യാതൊരു വിധത്തിലും സങ്കല്പിക്കാൻ വയ്യ പ്രകാശനെ…
എങ്ങനെയും തിരികെ അലക്സിലേക്ക് മടങ്ങണമെന്നൊരു തീരുമാനം മാളവിക മനസ്സിലുറപ്പിച്ചത് അപ്പോഴാണ്… അതിന്റെ ഫലമെന്നോണം അലക്സിന്റെ സ്ഥാപനങ്ങളിലെ നിത്യ സന്ദർശകയായ് തീർന്നു മാളവിക…
അലക്സിന്റെ മനസ്സിൽ കയറി പറ്റാനായ് അവന്റെ യാതൊന്നും താൻ സൗജന്യമായ് ആഗ്രഹിക്കൂന്നില്ലെന്ന് അവനെ ബോധ്യപ്പെടുത്താനായ് ഓരോ തവണ അലക്സിനെ കാണാനായ് വരുമ്പോഴും അവൾ കഴിക്കുന്നതും കുടിക്കുന്നതുമായ ഭക്ഷണത്തിന്റെ പണം അവൾ തന്നെ നൽകി പോന്നു…. അലക്സ് തടഞ്ഞിട്ടും…
അന്നൊരു നാൾ അലക്സിനെ തിരഞ്ഞെത്തിയ മാളവികയ്ക്ക് അലക്സ് വീട്ടിലാണ് എന്ന വിവരം ലഭിച്ചതും അവനൊരു സർപ്രൈസ് നൽക്കാനായ് അവന്റെ വീട്ടിലേക്ക് ചെന്നവൾ…
കൊട്ടാരം പോലുള്ള അവന്റെ വീടും പരിസരവും കണ്ണ് തള്ളി മാളവികയുടെ…
അലക്സുമായ് സ്വരചേർച്ചയില്ലാത്ത അവന്റെ ഭാര്യയെ അവന്റെ ജീവിതത്തിൽ നിന്ന് എത്രയും പെട്ടന്ന് ഇറക്കിവിടാനും പകരമവിടെ കയറിയിരുന്ന് ഈ സമ്പത്തെല്ലാം കൊതി തീരെ ആസ്വദിക്കാനും വല്ലാതെ മോഹിച്ചവൾ…
“അലക്സിച്ചാ… ഇതാരാ വന്നേന്ന് നോക്കിയേ… ദാ നിങ്ങളുടെ മാളു നിങ്ങളെ തിരക്കി ഇവിടെ വന്നു… വന്ന് നോക്കിയേ…. ”
പൂമുഖത്തേയ്ക്ക് മാളവിക കയറിയതും അതിസുന്ദരിയായൊരു പെൺക്കുട്ടി വീടിനകത്തേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞതും മിഴിഞ്ഞ കണ്ണോടെ മുന്നിൽ നിൽക്കുന്നവളെ നോക്കി മാളവിക…
ഏതൊരാളും വീണ്ടും വീണ്ടും നോക്കി പോവുന്നത്ര ഭംഗിയുണ്ടവൾക്ക്… അതിലുപരി അവൾക്ക് തന്നെയറിയാം… തന്റെയും അലക്സിന്റെയും ബന്ധം അറിയാം… ആരാണിവൾ….?
മാളവിക ചിന്തിയ്ക്കുമ്പോഴേയ്ക്കും മുഖം നിറഞ്ഞ ചിരിയോടെ അകത്ത് നിന്നിറങ്ങി വന്ന് മാളവികയുടെ ചുമലിൽ കൈ ചേർത്തിരുന്നു അലക്സ്…
“മാളൂ ഇതാണെന്റെ ഭാര്യ അന്ന….
അന്നയെ മാളുവിന് പരിചയപ്പെടുത്തുമ്പോഴും അലക്സിന്റെ കൈകൾ മാളവികയുടെ ചുമലിലായുണ്ട്…
ആകെ ഒരു ഞെട്ടലാണ് മാളവികയിൽ…
“അന്ന… അലക്സിന്റെ ജീവിതത്തിലെ എല്ലാം അവളാണ് എന്ന് വന്ന ഇത്തിരി നേരം കൊണ്ട് തിരിച്ചറിഞ്ഞു മാളവിക…
അലക്സ് ഏതു പെണ്ണിനോട് അടുത്തിടപഴകിയാലും അവന്റെ ഭാര്യയ്ക്ക് ഒന്നുമില്ലെന്ന് അലക്സ് പറഞ്ഞത് അവളുടെ ഇഷ്ടക്കേടല്ലാന്നും മറിച്ച് താനെന്നൊരുവളെ ചതിക്കാൻ മാത്രം നീചനല്ല അലക്സെന്ന അവളുടെ വിശ്വാസമാണത് എന്നും ഞെട്ടലോടെ തിരിച്ചറിഞ്ഞു മാളവിക….
ഇക്കഴിഞ്ഞ ദിവസങ്ങളിൽ താൻ അലക്സിനെ കണ്ടതും തങ്ങൾ സംസാരിച്ചതുമെല്ലാം ഒന്നും പോലും വിടാതെ അന്നക്കറിയാം അലക്സ് പറഞ്ഞ്… അത്രമാത്രം മനസ്സടുപ്പമുള്ള ദമ്പതികളാണവർ എന്ന തിരിച്ചറിവിൽ അലക്സിന്റെ ജീവിതത്തിലേക്ക് തനിക്കിനിയൊരു മടക്കം ഒരിക്കലും സാധ്യമല്ല എന്ന ബോധ്യത്തിൽ ആ വീടിന്റെ പടിയിറങ്ങി മാളവിക വേഗം നടന്നു പോയപ്പോൾ അലക്സിന്റെ വയറിനിട്ടൊരു കുത്തു കൊടുത്തു അന്ന
എന്താണ് അലക്സിച്ച ഒരു വിഷമം അവളു പോയപ്പോൾ…?
കുസൃതിയാണ് അന്നയുടെ ശബ്ദത്തിൽ…
വിഷമം ഇല്ലാതെയിരിക്കുമോ അന്നക്കൊച്ചേ… ഇനിയവൾ എന്നെ തിരക്കി പഴയതുപോലെ ഷോപ്പിൽ വരില്ല.. അങ്ങനെ വരാതെയിരുന്നാൽ കൃത്യമായ് ബില്ലു തരുന്ന നല്ലൊരു കസ്റ്റമറെ എനിയ്ക്ക് നഷ്ടാവൂലേ… അപ്പോ എനിയ്ക്കത് വിഷമം അല്ലേ ടീമോളെ…. എന്റെ ജീവിതത്തിലേക്ക് തിരികെ കയറാനുള്ള അവളുടെ പ്ലാനറിഞ്ഞും ഞാനവളെ സഹിച്ചത് ആ കച്ചവടം നോക്കിയല്ലേ… ഇപ്പോ അതും പോയല്ലോ എന്നോർക്കുമ്പോൾ നല്ല വിഷമം ഉണ്ട് അന്ന കൊച്ചേ…. തൽക്കാലം ഇച്ചായന്റെ കൊച്ച് എന്റെ ആ വിഷമമൊന്ന് മാറ്റി താ…”
അന്നയെ എടുത്തുയർത്തി അകത്തേയ്ക്ക് നടന്നവൻ പറയവേ അവരുടെ ചിരികൾ നിറഞ്ഞവിടെയാകെ… അതിന്റെ മാറ്റൊലികൾ നടന്നു പോവുന്ന മാളവികയെ കൂടി തേടിയെത്തിയതും അതൊന്നും കേൾക്കാൻ വയ്യെന്നതു പോലെ വേഗം ഓടിയകന്നവൾ അവരിൽ നിന്ന്… എന്നന്നേക്കുമായ്…
✍️രജിത ജയൻ….
