നീയ്യിങ്ങനെ ഏതു നേരോം കള്ളും കുടിച്ച് നേരത്തിനും കാലത്തും വീട്ടിൽ കയറാതെ നടക്കെടാ… കിട്ടും നിനക്ക് നീ പറയുന്ന രാജകുമാരി പോലൊരു പെണ്ണിനെ…. ”
കള്ളുകുടിച്ച് നിലത്തുറയ്ക്കാത്ത കാലുകളുമായ് നടന്നു നീങ്ങുന്ന അജീഷിനെ നോക്കി ചായക്കടക്കാരൻ സുലൈമാനിക്ക പറഞ്ഞതും അയാളെ നോക്കി വൃത്തിയിലൊന്നു ചിരിച്ചു അജീഷ്
ഇനിഎനിയ്ക്കൊരു രാജകുമാരിയേം വേണ്ട മോനേ സുലൈമാനേ …. എന്റെ രാജകുമാരിയൊക്കെ എന്നേ എന്നെ തനിച്ചാക്കി അങ്ങ് ദൈവത്തിന്റെ അടുത്തേയ്ക്ക് പോയവിടെ എനിയ്ക്കായ് കാത്തു നിൽക്കാണ്… അവളുടെ അടുത്തേയ്ക്കുള്ള യാത്രയിലാ ഞാൻ… എത്ര വേഗം ചെല്ലാമോ അത്രവേഗം ജീവിതം തുടങ്ങാം ഞങ്ങൾക്ക്….. ഇവിടെ ഞങ്ങൾക്ക് കിട്ടാത്ത ജീവിതം അവിടെ ചെന്നിട്ട് ഞാനും അവളും ആഘോഷിച്ച് ജീവിച്ചു തീർക്കും… അവിടെ പിന്നെ ആർക്കും മരണമില്ലല്ലോ… അതു കൊണ്ട് പിന്നെ ഞങ്ങൾക്ക് പിരിയേണ്ടിയും വരില്ലല്ലോ ഒരിക്കലും….”
ചിരിച്ചുകൊണ്ടാണ് അനീഷിന്റെ ആ സംസാരമെങ്കിലും നിറഞ്ഞൊഴുകുന്നുണ്ടവന്റെ മിഴികൾ അവന്റെ സംസാരത്തിനനുസരിച്ച്….
അപ്പോ ശരി യാത്രയില്ല രാത്രിയിലാർക്കും… ബൈ….
ചായക്കടയിൽ ഇരിയ്ക്കുന്നവരെയും തന്നെ നോക്കി സഹതപിച്ച് നിൽക്കുന്നവരെയും ഒരു പോലെ നോക്കി കൈ വീശി യാത്ര പറഞ്ഞ് അനീഷ് നടന്നതും അവനെ നോക്കി നിന്നവരിലൊരു നോവായ് നിറഞ്ഞവൻ
എന്തു നല്ല ചെക്കനായിരുന്നു… അവനോളം കേമന്മാർ ആരെങ്കിലും ഉണ്ടായിരുന്നോ നമ്മുടെ ഇടയിൽ… എന്തിന് നമ്മുടെ നാട്ടിൽ പോലും ഉണ്ടായിരുന്നില്ല അവനോളം കഴിവും നന്മയും ഉള്ളൊരുവൻ……ആരുടെ കണ്ണേറ് തട്ടി പോയതാണോ ആ ചെക്കനും അവന്റെ വീട്ടുകാർക്കും
നടന്നു നീങ്ങുന്ന അനീഷിനെ നോക്കി കൂട്ടത്തിൽ ആരോ പറഞ്ഞതും അവിടെ താമസത്തിനെത്തിയ മായ തനിയ്ക്ക് ചുറ്റും ഉള്ളവരെ ഒന്നു നോക്കി…
അവിടെ അടുത്തുള്ള യുപി സ്കൂളിൽ ടീച്ചറായ് എത്തിയതാണ് മായ… വന്നിട്ട് രണ്ടു ദിവസം ആവുന്നതേയുള്ളു… കൂട്ടിന് അല്പം പ്രായമായ അമ്മ മാത്രമേ ഉള്ളു… വീട്ടിൽ ഭക്ഷണം ഉണ്ടാക്കൽ തുടങ്ങിയിട്ട് ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിലായ് സുലൈമാനിക്കായുടെ കടയിൽ നിന്നാണവർ അമ്മയ്ക്കും മകൾക്കുമുള്ള ഭക്ഷണം… മുപ്പതു വയസ്സോളം പ്രായമുണ്ട് മായയ്ക്ക്… അവിവാഹിത… സുന്ദരി…
“ആ ചേട്ടന് എന്തുപറ്റിയതാണിക്കാ…. ആരാണ് അയാൾ പറഞ്ഞ ആ പെൺകുട്ടി….?
അനീഷ് നടന്നു മറഞ്ഞതും തിരക്കിയവൾ…
‘അവന്റെ കാര്യമൊന്നും പറയണ്ട ടീച്ചറെ…. നല്ല പഠിപ്പും വിവരുമെല്ലാം ഉള്ളവനാണ്… ന്നവനൊറ്റരുവനെയുള്ളു അവന്റെ അച്ഛനും അമ്മയ്ക്കും കുട്ടിയായിട്ട്… ജീവിക്കാൻ അത്യാവശ്യം ചുറ്റുപാടൊക്കെ ഉണ്ടായിരുന്നതാ… എല്ലാം വിറ്റത് അവളെ അവന്റെ ഇന്ദുവിനെ ചികിൽസിക്കാനായിരുന്നു.. എന്നിട്ടും കിട്ടിയില്ലല്ലോ അവനതിനെ…. കൊടുത്തില്ലല്ലോ അവൻ വിശ്വസിയ്ക്കുന്ന ദൈവങ്ങള്….”
നിറക്കണ്ണോടെ സുലൈമാൻ പറയുന്നത് പകുതിയും മനസ്സിലാവാതെ അവിടെ നിൽക്കുന്നവരെയും അയാളെയും നോക്കി മായ
“അനീഷിനൊരു പ്രണയമുണ്ടായിരുന്നു ടീച്ചറെ… ചെറുപ്പത്തിലേ അച്ഛനും അമ്മയുമൊക്കെ മരിച്ചിവിടെ കുടുംബക്കാരുടെ വീട്ടിൽ താമസിച്ചിരുന്നതാണ് അത്… ഇന്ദുമതിന്നായിരുന്നു അതിന്റെ പേര്… ഒരു പാവം കൊച്ച്… കാണാനൊക്കെ എന്നാ സുന്ദരിയാണെന്നോ…അനീഷിന്റെ ജീവനായിരുന്നു ആ കൊച്ച്… അവന്റെ വീട്ടുകാർക്കും അതേ… അവന്റെ ഇഷ്ടങ്ങളെല്ലാം അവർക്കും ഇഷ്ടമായിരുന്നു…. ”
മായയുടെ നോട്ടത്തിനുള്ള ഉത്തരമെന്നോണം തുടർന്നു പറഞ്ഞു തുടങ്ങിയത് അവിടെയിരുന്ന് ചായക്കുടിച്ചു കൊണ്ടിരുന്ന പീറ്ററാണ്… മായയുടെ നോട്ടം പീറ്ററിൽ തങ്ങി നിന്നു…. ബാക്കി അറിയാനെന്നോണം…
‘ഇന്ദുവിനെ പഠിപ്പിച്ചിരുന്നതും അതിനു വേണ്ടതൊക്കെ വാങ്ങി കൊടുത്തിരുന്നതുമൊക്കെ അനീഷായിരുന്നു
രണ്ടാളും നടന്നു പോണത് കാണാൻ തന്നെ എന്തു ചന്തമായിരുന്നെന്നോ… ചിരിച്ച് കളിച്ചങ്ങനെ… ദൈവത്തിനിഷ്ടായിട്ടുണ്ടാവില്ല അത്… അതോണ്ടല്ലേ ആ പെൺകൊച്ചിന് മാറാദീനം കൊടുത്തത്… അതും ശ്വാസകോശത്തിൽ… ഊണും ഉറക്കവുമില്ലാതെ എല്ലാ വല്യ ആശുപത്രികളിലും അതിനെ ചികിൽസിക്കാൻ അവൻ കൊണ്ടുപോയി ടീച്ചറേ….
‘ കയ്യിലുള്ളതും കടം വാങ്ങിയതും തികയാതെ വന്നപ്പോ ഇരിക്കുന്ന വീടു വരെ പണയം വെച്ചാ ചെക്കൻ… കുറെ കടവും സങ്കടങ്ങളും ബാക്കിയായീന്നല്ലാതെ ആ കുട്ടിയെ തിരികെ കിട്ടിയില്ല… അതു പോയി… അവന്റെ മടിയിൽ കിടന്ന്…. അവനോടു സംസാരിച്ച്… അവനെ കണ്ടു കൊണ്ടങ്ങ് പോയീ ടീച്ചറേ…
ആ ദൃശ്യം നേരിൽ അപ്പോൾ കാണും പോലെ പീറ്റർ വിവരിച്ചതും മായ അറിയാതെ നിറഞ്ഞൊഴുകി അവളുടെ കണ്ണുകൾ….
“ആ കുട്ടി പോയ അന്ന് മുതൽ ഇങ്ങനെയാണിവൻ… സ്വബോധത്തിൽ കാണാറേയില്ല… എന്നാൽ കുടിച്ച് ബോധം പോയിട്ടും കണ്ടിട്ടില്ല… ആത്മഹത്യ ചെയ്താൽ നരകത്തിൽ പോവും അപ്പോൾ സ്വർഗ്ഗത്തിലുള്ള അവളുടെ അടുത്ത് എത്താൻ പറ്റില്ലാന്ന് പറഞ്ഞ് എളുപ്പം മരിക്കാനുള്ള വഴിയായ് കള്ള് കുടിക്കുവാണവൻ… തെമ്മാടി… ”
നേർത്ത ഇടർച്ചയുണ്ട് പീറ്റർ പറഞ്ഞതിന്റെ ബാക്കി പറയുമ്പോൾ സുലൈമാനിക്കയിൽ….
വേണ്ട സാധനങ്ങളും വാങ്ങി അന്നാ കടയിൽ നിന്ന് മടങ്ങുമ്പോൾ മായയുടെ മനസ്സിന്റെ ഭാരമേറ്റിക്കൊണ്ട് അവളുടെ ഉള്ളിലൊരു കോണിൽ നോവായ് പതിഞ്ഞു കിടന്നു ഇന്ദുവും അനീഷും
മായ സ്കൂളിൽ ജോയിൻ ചെയ്തു… തുടർന്നുള്ള പല ദിവസങ്ങളിലും പലയിടത്തും വെച്ച് അജീഷിനെ കണ്ടുമുട്ടി തുടങ്ങി മായ…
ആദ്യമെല്ലാം മായയെ തികച്ചും അപരിചിതയെന്ന പോലെ അവഗണിച്ച് നടന്നിരുന്ന അജിത്ത് പിന്നീട് ഇടയ്ക്കെല്ലാം അവളെ കാണുമ്പോൾ ചിരിയ്ക്കാനും ചെറിയ ചില കുശലാന്വോഷണങ്ങൾ നടത്താനും തുടങ്ങി…
“ടീച്ചറേ… ടീച്ചറുടെ ആൾക്ക് എന്തു പറ്റിയതാണ്… തന്ന ജീവൻ ദൈവമായിട്ട് തിരിച്ചെടുത്തോ അതോ എല്ലാം പ്രതി വഴിയിലുപേക്ഷിച്ച് പുതിയ മേച്ചിൽപുറങ്ങൾ തേടി പോയോ ആള്…?
മായ ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു ദിവസം തികച്ചും സാധാരണയെന്ന പോലെ അവളോടു തിരക്കി അജീഷ്… അന്നും അവൻ മദ്യപിച്ചിട്ടുണ്ട്….
അവനെങ്ങനെ തന്റെ കാര്യങ്ങളറിഞ്ഞു എന്നൊരു ചിന്തയോടെ അവനെ അമ്പരന്നു നോക്കി മായ
എങ്ങനെ അറിയാം എന്നെ പറ്റി…?
ആരു പറഞ്ഞു….?
മറച്ചുവെക്കാതെ തിരക്കിയവൾ അവനോട്
വേദനയിൽ പൊതിഞ്ഞൊരു ചിരിയോടെ അവളെ നോക്കി അജീഷ്….
“ഒരേ തൂവൽ പക്ഷിക്കളല്ലേ ടീച്ചറേ… ഒരേ ദിശയിൽ സഞ്ചരിക്കുന്നവർ…. മനസ്സിലാക്കാൻ ബുദ്ധിമുട്ട് വരില്ല…. എത്ര അകലെ നിന്ന് കണ്ടാലും മനസ്സിലാവും പ്രിയമുള്ളൊരാളെ ചൊല്ലി, അയാളുടെ നഷ്ടത്തെ ചൊല്ലി ഉരുകുന്ന മനസ്സിനെയും ശരീരത്തെയും…. ”
പതിഞ്ഞ ഒച്ചയിൽ അനീഷ് പറയുമ്പോൾ നിശബ്ദയായ് അവനെ കേട്ടു നിന്നു മായ…
“പ്രണയിച്ചിരുന്നു പരസ്പരം… എന്നെന്ന് ചോദിച്ചാലറിയില്ല… എങ്ങനെ എന്ന് ചോദിച്ചാലും അറിയില്ല… പക്ഷെ പ്രാണനായിരുന്നു എനിയ്ക്ക് അവനെയും… അവന് എന്നെയും… ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല ആർക്കും… ഒരു ദൈവത്തിനും… ഒന്നും പറയാതെ വിളിച്ചു കൊണ്ടുപോയി അവനെ ഒരപകടത്തിന്റെ രൂപത്തിൽ…. അവസാനമായ് ഒന്നു കണ്ടതുപോലുമില്ല ഞാനവനെ…. കാണാനോ തിരിച്ചറിയാനോ ബോധം ഇല്ലായിരുന്നു എനിയ്ക്ക്… ഒടുക്കം ബോധം വന്നു ഞാനവനെ തേടി ചെന്നപ്പോൾ അവനെ കിടത്തിയ സ്ഥലത്തൊക്കെ നിറയെ പൂക്കളും ചെടികളും നിറഞ്ഞു കഴിഞ്ഞിരുന്നു…
“അവനെ തേടി അവനുള്ള സ്ഥലത്ത് ചെല്ലണം എന്നൊക്കെ ഇടയ്ക്ക് തോന്നും… പക്ഷെ എനിയ്ക്കായ് മാത്രം ജീവിച്ച എന്റെ ഏതു സാഹചര്യത്തിലും എനിയ്ക്കൊപ്പം നിന്ന എന്റെ അമ്മയെ തനിച്ചാക്കാൻ വയ്യ… അതു കൊണ്ടിങ്ങനെ ഓരോ ദിവസവും പുതിയ എന്തെങ്കിലും ചിന്തിച്ച് അതു നടപ്പിലാക്കി അതിൽ സന്തോഷം കണ്ടെത്തി ജീവിക്കാൻ ശ്രമിയ്ക്കുന്നു… ”
കഴിഞ്ഞു പോയൊരു പെരുമഴക്കാലത്തെ കണ്ണീരിന്റെ അകമ്പടിയില്ലാതെ പറഞ്ഞു തീർക്കുന്നവളെ ഇമയൊന്നനക്കാതെ കേട്ടു നിന്നു അജീഷ്
നല്ല രണ്ടു സുഹൃത്തുക്കളുടെ പിറവിയായിരുന്നത്…. പരസ്പരം മനസ്സിലാകുന്ന, പറയാതെ അറിയുന്ന രണ്ടു പേർ…. അതായിരുന്നവർ…
ദിവസങ്ങൾ പോകവേ ഒരു വൈകുന്നേരം പക്ഷെ കാര്യങ്ങളാകെ കൈവിട്ടു… അജീഷിനെതിരെ ആ നാടാക്കെ തിരിഞ്ഞു… അവനെ വെട്ടാനും കൊല്ലാനുമുള്ള മുറവിളികൾ നാലു ദിക്കിൽ നിന്നും ഉയർന്നു…
അജീഷ് മദ്യപിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെന്നൊരു പരാതി ഒരു പെൺക്കുട്ടി പറഞ്ഞതിനെ തുടർന്നായിരുന്നു ഇതെല്ലാം… രാത്രി വൈകി ജോലി കഴിഞ്ഞ് പോവും വഴി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് മദ്യപിച്ചൊരാൾ ഇരുട്ടിന്റെ മറവിൽ പെൺകുട്ടിയെ ആക്രമിക്കാൻ നോക്കി എന്നത് സത്യമാണ്… ഇരുട്ടിൽ
ആളെ തിരിച്ചറിയാൻ പെൺകുട്ടിയ്ക്കും കഴിഞ്ഞില്ല… ഒടുവിൽ മദ്യപൻ എന്നൊരു കാരണം കൊണ്ടു മാത്രമത് അജീഷിലെത്തി… അവന്റെ എതിർപ്പുകളും വാദങ്ങളും ഒരു കുടിയന്റെ ജല്പനങ്ങൾ മാത്രമായ്…
പോലീസ് അജീഷിനെ അറസ്റ്റു ചെയ്യാനായ് തുടങ്ങിയതും അജീഷിനും പോലിസിനും ഇടയിലൊരു മറ തീർത്ത് കയറി നിന്നു മായ
“എന്തു തെളിവിന്റെ ബലത്തിലാണ് സാർ ഈ അറസ്റ്റ്….?
അജീഷാണെന്ന പെൺക്കുട്ടിയുടെ മൊഴിയുണ്ടോ….?അതോ സംഭവം നടന്നിടത്ത് അജീഷിനെ കണ്ടതായ് ആരെങ്കിലും പറഞ്ഞോ….?
മൂർച്ച കൂടുതലായിരുന്നു മായയുടെ ശബ്ദത്തിന്…
ഒന്നു പരുങ്ങി പോലീസും… അജീഷ് ആണെത് ചെയ്തത് എന്നതിന് യാതൊരു തെളിവുമില്ല അവരുടെ കയ്യിൽ… ആകെയുള്ളത് പ്രതി മദ്യപിച്ചിരുന്നു എന്നതാണ്….
“മദ്യപിച്ചു എന്നൊരു കാരണം കൊണ്ടാണ് അജീഷിനെ നിങ്ങൾ പ്രതിയാക്കിയതെങ്കിൽ ഇവിടെ നിന്ന് ഒരു പാടു പേരെ അതേ കാരണം കൊണ്ട്അജീഷിനൊപ്പം കൊണ്ടു പോവേണ്ടി വരും നിങ്ങൾക്ക്… അതിനു പറ്റുമെങ്കിൽ മാത്രമേ അജീഷിനെ നിങ്ങൾക്ക് കൊണ്ടുപോവാൻ പറ്റുകയുള്ളു….”
“ജീവിതത്തിൽ ഒരുവളെ പ്രാണനെക്കാൾ സ്നേഹിച്ചു പോയതു കൊണ്ട് ജീവിതം ഇല്ലാതായ് പോയവനാണ് സാർ… മരണത്തിനപ്പുറമെങ്കിലും അവൾക്കൊപ്പം ജീവിക്കാൻ സാധിക്കണേയെന്ന് ആഗ്രഹിക്കുന്നവൻ… മനസ്സിലും ശരീരത്തിലും ആ ഒരുവളെ മാത്രം വഹിക്കുന്നവൻ… അങ്ങനെ ഉള്ള ഇവനെങ്ങനെയാണ് സാർ മറ്റൊരു പെണ്ണിനെ…. ?
എത്ര മദ്യപിച്ചാലും അങ്ങനൊന്ന് ഇവൻ ചെയ്യില്ല സാർ… നിങ്ങളിവനിലേക്ക് ശ്രദ്ധ നൽകുമ്പോൾ രക്ഷപ്പെട്ടു പോകുന്നത് യഥാർത്ഥ പ്രതിയാണ്….
ഉറപ്പേറിയ മായയുടെ വാക്കുകൾക്ക് മുമ്പിൽ തലകുനിച്ചു നിന്നു ആ നാട്ടുകാരെങ്കിൽ പോലീസിനതൊരു പ്രോത്സാഹ്നമായിരുന്നു… യഥാർത്ഥ പ്രതിയെ പിടിക്കാൻ… പിടിക്കുകയും ചെയ്തവർ….
ഒരു നാടാകെ തെറ്റു ചെയ്തു പോയെന്ന കുറ്റബോധത്തോടെ അജീഷിനെ നോക്കിനിൽക്കെ അവരെയെല്ലാം അവഗണിച്ചവൻ മായയ്ക്കെപ്പം നടന്നു… കാരണം അവരെ അവരായ് മനസ്സിലാക്കാൻ അവക്കെ കഴിയുകയുള്ളു…
മനസ്സിലും ശരീരത്തിലും ഒരാളിങ്ങനെ ജീവശ്വാസം പോലെ നിറഞ്ഞു നിൽകുമ്പോൾ തെറ്റായൊരു നോട്ടം പോലും മറ്റൊരാളിലേക്ക് ചെല്ലില്ല എന്നത് യഥാർത്ഥ പ്രണയം അനുഭവിച്ചൊരാൾക്കേ മനസ്സിലാവൂ… മായയോളം അതു മനസ്സിലാക്കിയ മറ്റൊരാൾ അജീഷിന്റെ ജീവിതത്തിൽ വേറെയില്ലല്ലോ അല്ലേ….?
✍️രജിത ജയൻ
