അനുജനെ പ്രസവിച്ചപ്പോൾ അമ്മ മരിച്ചു. ആ ഒറ്റ കാരണം കൊണ്ട് എനിക്ക് അവനെ ഇഷ്ടമല്ല. അമ്മയുടെ മരണം കൂടാൻ പോലും അച്ഛൻ വന്നിട്ടില്ലെന്ന് പറയുമ്പോൾ തന്നെ ഊഹിക്കാമല്ലോ കുടുംബത്തിന്റെ കിടപ്പ്. തുടക്കം തന്നെ തെറ്റിപ്പോയ എത്രയോ ജീവിതങ്ങൾ ഈ ഭൂമിയിലുണ്ടാകും. അതിൽ, എന്റെ ഗതി എങ്ങോട്ടാണെന്നേ ഇനി അറിയേണ്ടതുള്ളൂ…
അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് അമ്മൂമ്മ ഒരുപാട് വലഞ്ഞിരുന്നു. ഓർമ്മയുണ്ട്! മലഞ്ചെരുവിലെ ആ വീട്… നൂറുനാൾ വേലയ്ക്ക് അമ്മൂമ്മ പോയപ്പോൾ അനുജനെ ഞാനാണ് നോക്കിയത്. അന്ന് അവന് രണ്ടും, എനിക്ക് ഒമ്പതുമാണ് പ്രായം. അമ്മയെ എന്നിൽ നിന്ന് അകറ്റിയ ദേഷ്യം തലയിൽ പ്രവർത്തിക്കുന്നത് അറിയുകയാണ്.
എന്തിനാടാ നീ ജനിച്ചതെന്ന് ചോദിച്ച് തറയിൽ ഇഴയുന്ന അവനോട് ഞാൻ കണ്ണുകൾ തുറിച്ചു. തരപ്പെടുമ്പോഴൊക്കെ ഞാൻ അവനെ പിച്ചാറുണ്ട് . അവൻ കിടന്ന് കാറുന്നത് കേൾക്കാൻ തന്നെ രസമാണ്. അമ്മൂമ്മയപ്പോൾ ഓടി വരും. ആ നേരം ഞാനവനെ കൊഞ്ചിക്കുന്നതുപോലെ അഭിനയിക്കും. കരച്ചില് നിർത്തിയാലും അവൻ എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കില്ല. അതിന് മിണ്ടാനുള്ള ആവാതില്ലാത്തതുകൊണ്ട് ഞാൻ പിടിക്കപ്പെടുന്നില്ലെന്നേയുള്ളൂ…
അമ്മൂമ്മയില്ലാത്ത സാഹചര്യം ഒത്തുവന്ന ആ നാൾ പരമാവധി ഉപയോഗിക്കാൻ തന്നെയാണ് തീരുമാനിച്ചത്. എന്തിനാടാ ജനിച്ചതെന്ന് ചോദിച്ച് അവന്റെ തുടയിലാണ് പിച്ച് കൊടുത്തത്. പ്രതീക്ഷിച്ചതുപോലെ അവൻ കരഞ്ഞില്ല. പകരം ചിരിക്കുന്നു. ദേഷ്യം വന്നു. അവന് കൊടുക്കാൻ അമ്മൂമ്മ ഏൽപ്പിച്ച നിപ്പിള് കുപ്പി കാട്ടിയായിരുന്നു പിന്നീട് എന്റെ കളിപ്പിക്കൽ… അതുമായി ഞാൻ പോകുന്ന ആ ഒന്നര മുറി വീടുമുഴുവൻ അവൻ ഇഴഞ്ഞു… ഒടുവിൽ കരഞ്ഞു. മുട്ടിലെ തൊലിയുരഞ്ഞെന്ന് തോന്നുന്നു. അതിൽ മാന്തിക്കൊണ്ട് അവൻ മോങ്ങുകയാണ്…
വാലിൽ തേങ്ങോല നാര് കെട്ടിപ്പറത്തുന്ന ഒരു തുമ്പിയെ കിട്ടിയ ലാഘവത്തിലാണ് നോക്കാൻ ഏൽപ്പിച്ച കുഞ്ഞിനെ കണ്ടത്. കരഞ്ഞ് കരഞ്ഞ് ഉറങ്ങിയ അവൻ ഉണരുമ്പോഴേക്കും അമ്മൂമ്മ വന്നു. അവൻ വീണ്ടും അലറി. ഒരു പക്ഷെ, സംഭവിക്കുന്നതൊന്നും തിരിച്ചറിയാൻ പറ്റാത്ത നിസ്സഹായതയിൽ തൊണ്ട കീറുന്നതാകും…
‘അനിയനെ പോലെയല്ല, മോനെ പോലെയാ നീയിവനെ നോക്കേണ്ടത്… ‘
തേഞ്ഞുപൊട്ടിയ അവന്റെ മുട്ട് കണ്ടപ്പോൾ അമ്മൂമ്മ പറഞ്ഞതാണ്. ഞാൻ ഗൗരവ്വത്തിലെടുത്തില്ല. അനുജനായിപ്പോലും ഉൾക്കൊള്ളാൻ പറ്റാത്തവനെ മോനെപ്പോലെ കാണുന്നതെങ്ങനെയാണ്! അതും, എനിക്ക് അമ്മയെ ഇല്ലാതാക്കിയവനെ… പറ്റില്ല… അത് അമ്മൂമ്മയോട് പറയാനുള്ള ധൈര്യമില്ലാത്തതുകൊണ്ട് മാത്രം മിണ്ടാതെ നിന്നു.
ഞാൻ സ്കൂളിൽ പോകുന്ന നാളുകളിലൊന്നും അമ്മൂമ്മ ജോലിക്ക് പോകാറില്ല. വർഷങ്ങൾ കഴിഞ്ഞു. അനുജന് പ്രായം കൂടുന്തോറും ഞാൻ അവന്റെ അടുത്തേക്കേ പോകാതായി. ചേച്ചിയെന്ന് വിളിക്കാനുള്ള അധികാരം പോലും കൊടുത്തില്ലെന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ അവനുമായുള്ള ഇരുപ്പുവശം… പക്ഷെ, എത്ര അകറ്റിയാലും, നോവിച്ചാലും എന്നെ കാണുമ്പോഴൊക്കെ ആ നാണമില്ലാത്തവൻ ചിരിക്കും… ഞാൻ മുഖം ചുളിച്ച് നടക്കുകയും ചെയ്യും…
ഒരുനാൾ നൂറുനാൾ വേലയ്ക്ക് പോയ അമ്മൂമ്മ തിരിച്ചുവന്നില്ല. പാലാറിന്റെ കൈവഴിയിലുള്ള കനാല് വൃത്തിയാക്കുന്നതിനിടെ അമ്മൂമ്മ കുഴഞ്ഞുവീണു. ആശുപത്രിയിലാണ് പോലും. വരാൻ വൈകുമെന്നും കൂട്ടുകിടക്കാൻ വന്ന അയൽക്കാരി സ്ത്രീ പറഞ്ഞു. സങ്കടം തോന്നി. അമ്മൂമ്മ കൂടി ഇല്ലാതാകുന്ന ലോകം ആലോചിക്കാനേ പറ്റുന്നില്ല…
ജീവന് അപായമൊന്നുമില്ല. ഭാരിച്ച പണികളൊന്നും ചെയ്യരുത്. ജീവിതം നിന്ന് പോകാൻ മറ്റെന്തെങ്കിലും വേണോ…! പതിനാറ് വയസ്സ് തികഞ്ഞിട്ടുണ്ടായിരുന്നില്ല. പത്താം തരം ജയിച്ചതുമാണ്. തുടർന്ന് ചിന്തിക്കാൻ പറ്റാത്തവിധം ഭാവി വീണിരിക്കുന്നു. ഒരു പത്തു വയസുകാരനെയും, വിശ്രമത്തിലേക്ക് കാലൂന്നിയ എഴുപതുകാരിയുടെയും ഭാരം ചുമയ്ക്കാൻ സജ്ജമാകേണ്ടി വരുകയാണ്. തുടക്കത്തിൽ തന്നെ തെറ്റിയ ജന്മം കുറ്റത്തിന്റേതായിരുന്നിരിക്കാം… അനുഭവിച്ചല്ലേ പറ്റൂ…
പട്ടയം പോലും പതിച്ചുകിട്ടാത്ത കുറേ ദരിദ്രപരീക്ഷകൾ താമസിക്കുന്ന മലഞ്ചെരുവാണ് ഞങ്ങളുടെ പ്രദേശം. പനയോല മേഞ്ഞ വീടിന്റെ മുറ്റം മുട്ടി നിൽക്കുന്ന ചെറിയ മലയിലേക്ക് ഇടയ്ക്കൊക്കെ ഞാൻ പോകാറുണ്ട്. അതിന്റെ ഉച്ചിയിലെ പാറയുടെ മുകളിൽ വെറുതെയിരിക്കും. ഗ്രാമം മുഴുവൻ കാണാം… ഞാൻ ഇല്ലായിരുന്നുവെങ്കിലും ഈ കാഴ്ചയ്ക്കൊന്നും യാതൊരു മാറ്റാവുമില്ലായിരിക്കുമെന്ന് വെറുതേ ഓർക്കും…
അന്ന് പഞ്ചായത്തിൽ നിന്ന് ചില്ലറ പലചരക്ക് സാധനങ്ങളൊക്കെയായി ആൾക്കാർ വന്നിരുന്നു.അമ്മൂമ്മ അവരുമായി സംസാരിക്കുമ്പോഴാണ് അനുജനെന്ന് പറയുന്നവൻ മല കയറുന്നത് കാണുന്നത്. വൈകുന്നേരമാണ്. ഇരുട്ട് പടരാൻ താമസമില്ല. ഞാൻ പിന്തുടർന്നു. ഞാൻ ഇരിക്കാറുള്ള പാറയാണ് അവന്റെ ലക്ഷ്യമെന്ന് കണ്ടപ്പോൾ ദേഷ്യം തോന്നി. തൊട്ടുപുറകിൽ ഞാനുണ്ടെന്ന് അറിഞ്ഞപ്പോൾ അവൻ ഞെട്ടുകയും, ശേഷം ഏന്തിവലിഞ്ഞ് ആ പാറയുടെ മുകളിൽ കയറുകയും ചെയ്തു.
‘അമ്മേ…!’
ചുറ്റുമുള്ള കുന്നുകളിലും മരങ്ങളിലും പാലാർ പുഴയിൽ നിന്ന് തെന്നി വന്ന കാറ്റിലും തട്ടി ആ ശബ്ദം പല ദിക്കുകളിൽ നിന്ന് മുഴങ്ങി. ഏത് ഓർമ്മയിലാണ് അവൻ അമ്മേയെന്ന് വിളിച്ചതെന്ന് അറിയില്ല. എന്റെ കൈയ്യിൽ പെട്ടാൽ നോവുമെന്ന് അറിയുന്നതുകൊണ്ട് അവൻ കുതറുകയും ഓടുകയും ചെയ്തു. അപ്പോഴും ഞാൻ അതേ നിൽപ്പായിരുന്നു. കാതുകളിൽ നിന്ന് അമ്മ മാറിയിട്ടുണ്ടായിരുന്നില്ല… എത്രയോ വട്ടം ഞാനിവിടെ ഇരുന്നിട്ടുണ്ട്… നാലുദിക്കിൽ നിന്നും ആവർത്തിക്കാൻ പാകം അമ്മേയെന്ന് വിളിക്കാൻ തോന്നിയിട്ടില്ല. എന്നിലും കൂടുതൽ അനുജൻ അമ്മയെ സ്നേഹിക്കുന്നുവോ! അതിന് അമ്മയെക്കുറിച്ച് അവന് എന്താണ് അറിയുക…!
മലയിറങ്ങുമ്പോൾ തല പാകപ്പെടുകയായിരുന്നു… നഷ്ടം എനിക്ക് മാത്രമല്ല. അമ്മൂമ്മയ്ക്ക് മകളെ നഷ്ടപ്പെട്ടില്ലേ? അനുജന് ആരാണ് ഉണ്ടായിരുന്നത്…! എന്നും വഴക്കും തല്ലുമായിരുന്നുവെങ്കിലും അച്ഛനെ ഓർമ്മയുണ്ട്… അമ്മ പോയപ്പോൾ ലോകത്തോട് തന്നെ വെറുപ്പ് തോന്നിപ്പോയി… ആ മുഷിച്ചൽ മൊത്തം അനുജനോട് കാട്ടിയിട്ടും അവന് എന്നോട് കൂടണമെന്നേയുള്ളൂ…
‘എഴുന്നേൽക്കെടാ…!’
പിറ്റേന്ന് രാവിലെ അനുജനെ ഞാനാണ് വിളിച്ചുണർത്തിയത്. അവനൊരു ദുസ്വപ്നത്തിൽ നിന്നെന്ന പോലെ ഉണർന്നു. ബ്രഷിൽ പേസ്റ്റ് വരച്ച് കൊടുത്തു. അവന് ഇഷ്ടമുള്ള ദോശയും ചമ്മന്തിയുമുണ്ടാക്കി. ഞാൻ തന്നെ അവനെയൂട്ടി. അവന്റെ പുസ്തകങ്ങളെല്ലാം എടുത്തുവെച്ചു. യുണിഫോം ധരിപ്പിക്കുമ്പോൾ അവൻ ഇമ വെട്ടാതെ നോക്കുകയാണ്. അമ്മൂമ്മയ്ക്കും അതിശയം…. അനുജൻ ചിരിക്കുന്നു. പണ്ട് ഞാൻ പിച്ചുമ്പോൾ വിടരുന്ന അതേ പുഞ്ചിരി… ചെയ്തുപോയ എല്ലാ തെറ്റുകളും പൊറുക്കണമെന്ന അർത്ഥത്തിൽ അവന്റെ നെറ്റിയിലൊരു ഉമ്മ വെച്ചിരുന്നു. അവനത് മനസ്സിലാകുമോയെന്ന് പിടുത്തമില്ല…
തുടക്കം തന്നെ തെറ്റിപ്പോയ എത്രയോ ജീവിതങ്ങൾ ഈ ഭൂമിയിലുണ്ടാകുമെന്നത് തീർച്ചയാണ്. എന്നുവെച്ച്, തുടരാൻ വഴികൾ ഇല്ലാതിരിക്കില്ലല്ലോ… കണ്ടെത്താൻ വൈകിയെന്നേയുള്ളൂ… അമ്മൂമ്മ പറഞ്ഞതുപോലെ അവൻ അനുജനല്ല. മോനാണ്. അറിയുന്നു. എന്റെ ഗതി അവന്റെ അമ്മയിലേക്കാണ്….!!!
✍️ശ്രീജിത്ത് ഇരവിൽ
