“അത് ശരി അപ്പോൾ ഇതാണല്ലേ നിങ്ങളുടെ പരിപാടി??”
മേഘ വാതിൽക്കൽ നിന്ന് അങ്ങനെ പറഞ്ഞപ്പോൾ ശ്രീജ ആകെ തരിച് നിന്നുപോയി. എന്തു വേണമെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു ശ്രീജയ്ക്ക്. മേഘയുടെ കുഞ്ഞിന്റെ ഒന്നര പവൻ ചെയിൻ ശ്രീജയുടെ കയ്യിൽ ഇരുന്ന് പൊള്ളി..
”ദീപുച്ചേട്ടൻ വരട്ടെ…. ഇതിനൊരു പരിഹാരം വേണമല്ലോ??” മേഘ പറഞ്ഞതും ഒന്നും ആലോചിക്കാതെ ശ്രീജ അവളുടെ കാലിൽ വീണു.
”മോളെ നീ ഏട്ടത്തിയോട് ക്ഷമിക്കണം!! എനിക്ക് ഒരു അബദ്ധം പറ്റി പോയതാണ്.. ഏട്ടൻ ഇപ്രാവശ്യം പണം ഒന്നും അയച്ചില്ല… എനിക്കാണെങ്കിൽ വല്ലാത്ത വയറുവേദന… എന്തോ കാര്യമായ പ്രശ്നം ഉണ്ട് എന്ന് തോന്നുന്നു.. ഒന്ന് ഡോക്ടറെ കാണിക്കണം അതിന് പണമില്ലാത്തതുകൊണ്ട് അറിയാതെ ചെയ്തു പോയതാണ്!”
ശ്രീജ കരഞ്ഞു കൊണ്ട് പറഞ്ഞു. അത് കേട്ടതും അത് ഒരു കള്ളം ആണെന്ന് മേഘയ്ക്ക് തോന്നി എങ്കിലും അവൾ കുഴപ്പമില്ല എന്നും പറഞ്ഞ് തന്റെ കുഞ്ഞിന്റെ മാലയും തിരിച്ചു വാങ്ങി ശ്രീജയോട് പൊയ്ക്കോളാൻ പറഞ്ഞു.
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് അവിടെ നടന്നിരിക്കുന്നത്. മേഘയുടെ ഭർത്താവ് ദീപക്കിന്റെ ജ്യേഷ്ഠൻ ഗോപന്റെ ഭാര്യയാണ് ശ്രീജ. തറവാട് വീടിന്റെ മുകളിലത്തെ നിലയിലാണ് രണ്ടു പേരുടെയും മുറികൾ. അതും തൊട്ടടുത്ത് തന്നെ. ശ്രീജയുടെ ഭർത്താവ് ഗോപൻ ദുബായിലാണ്. ദീപക്കും ഗോപനും തമ്മിൽ വലിയ പ്രായവ്യത്യാസമൊന്നുമില്ലെങ്കിലും വീട്ടിലെ കാര്യങ്ങളെല്ലാം ദീപക്കാണ് നോക്കുന്നത്. ഗോപൻ പണം അയച്ചു കൊടുക്കുമെങ്കിലും അത് പലപ്പോഴും തികയുന്നില്ല എന്നായിരുന്നു ശ്രീജയുടെ പരാതി. ഗോപൻ ഒരു പിശുക്കനാണെന്നും തനിക്ക് അത്യാവശ്യ കാര്യത്തിന് പോലും പണം തരാറില്ലെന്നും ശ്രീജ എപ്പോഴും വീട്ടുകാരോട് പറയുമായിരുന്നു.
മേഘയ്ക്ക് ചെറിയൊരു കുഞ്ഞുണ്ട്. അവനെ ഉറക്കിക്കിടത്തുന്നത് താഴെ ദീപക്കിന്റെ അമ്മയുടെ മുറിയിലാണ്. അവിടെയാണ് കുഞ്ഞിന് വേണ്ടി തൊട്ടിൽ കെട്ടിയിരിക്കുന്നത്. അവനെ ഉറക്കാൻ വേണ്ടി പോയതായിരുന്നു മേഘ. സാധാരണ അവൻ ഉറങ്ങാൻ ഒരുപാട് സമയം എടുക്കും. ഇന്ന് എന്തോ പെട്ടെന്ന് ഉറങ്ങി. അതു കൊണ്ടുതന്നെ കിട്ടിയ സമയത്തിന് വേഗം കുളിക്കട്ടെ എന്ന് കരുതി മുകളിലേക്ക് കയറുമ്പോഴാണ് തന്റെ മുറിയിലേക്ക് ഏട്ടത്തി പതുങ്ങി കയറി പോകുന്നത് മേഘ ശ്രദ്ധിച്ചത്. താൻ അവിടെ ഉണ്ടാകും എന്ന് ഓർത്തായിരിക്കും ഏട്ടത്തി അകത്തേക്ക് കയറിയത്. എന്തെങ്കിലും ആവശ്യത്തിന് വന്നതായിരിക്കും എന്ന് കരുതി മേഘ പിന്നാലെ ചെന്നപ്പോഴാണ് കണ്ട കാഴ്ച അവളെ തളർത്തിക്കളഞ്ഞത്. അലമാര തുറന്ന് കുഞ്ഞിന്റെ സ്വർണ്ണമാല കൈക്കലാക്കുകയായിരുന്നു ശ്രീജ..
അങ്ങനെയാണ് മേഘ അവരെ ചോദ്യം ചെയ്തത്..
ശ്രീജ അവിടെനിന്ന് പോയെങ്കിലും മേഘയുടെ മനസ്സ് ശാന്തമായില്ല. ശ്രീജ പറഞ്ഞ വയറുവേദനയുടെ കാര്യം മേഘയ്ക്ക് അത്ര വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രീജയുടെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ മേഘ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എപ്പോഴും ഫോണിൽ തന്നെയായിരിക്കും ശ്രദ്ധ. ആരെങ്കിലും അടുത്തേക്ക് വന്നാൽ ഉടനെ സംഭാഷണം നിർത്തി ഫോൺ കട്ട് ചെയ്യും . ഭക്ഷണം കഴിക്കുമ്പോഴോ സംസാരിക്കുമ്പോഴോ പോലും അവളുടെ ശ്രദ്ധ ഫോണിലായിരിക്കും.. നമ്മൾ എങ്ങാനും ശ്രദ്ധിച്ചാൽ അത് ഗോട്ടനാണ് എപ്പോ നോക്കിയാലും ഈ മനുഷ്യന് മെസ്സേജിന് റിപ്ലൈ അയച്ചു കൊണ്ടിരിക്കണം എന്നൊരു പറച്ചിലാണ്..
എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട് എന്ന് മേഘയ്ക്ക് തോന്നി..
മേഘ മറിച്ചും ചിന്തിച്ചു ഇനിയിപ്പോ അങ്ങനെ ഒരു വയറുവേദന ഉണ്ടെങ്കിലോ?? അങ്ങനെ വയറുവേദന എന്നൊക്കെ പറയുമ്പോൾ സൂക്ഷിക്കുകയും വേണം.. പണം അയച്ചു കൊടുക്കാത്തതുകൊണ്ട് കഷ്ടകാലത്തിന് ചെയ്തതാണെങ്കിലോ?? അങ്ങനെയാണെങ്കിൽ എന്തിനാണ് ഇങ്ങനെ ഒരു കാര്യം ചെയ്തത് എന്നോട് ചോദിച്ചാൽ ഞാൻ കൊടുക്കില്ലേ??
അങ്ങനെ പലതരം ചിന്തകൾ കൊണ്ട് മേഘയ്ക്ക് ഭ്രാന്ത് പിടിക്കും എന്ന അവസ്ഥയായി.
ശ്രീജ ഒന്നും ആരോടും പറയരുത് എന്ന് പറഞ്ഞെങ്കിലും ദീപക് വന്നാൽ എല്ലാം പറയണം എന്ന് മേഘ ഉറപ്പിച്ചു
.
വൈകുന്നേരം ദീപക് ജോലി കഴിഞ്ഞ് വന്നപ്പോൾ മേഘ നടന്ന കാര്യങ്ങളെല്ലാം ദീപക്കിനോട് പറഞ്ഞു. ആദ്യം ദീപക്കിന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. “ശ്രീജേട്ടത്തി അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല മേഘേ, പണത്തിന് വല്ല ബുദ്ധിമുട്ടും ഉണ്ടെങ്കിൽ എന്നോട് ചോദിക്കില്ലേ?” ദീപക് ചോദിച്ചു.
”അതല്ല ദീപുച്ചേട്ടാ, ഏട്ടത്തി പറഞ്ഞത് ഗോപൻ ചേട്ടൻ ഈ മാസം പണമൊന്നും അയച്ചില്ല എന്നാണ്. ഏട്ടത്തിക്ക് വയറുവേദനയാണെന്നും ഡോക്ടറെ കാണാൻ പണമില്ലാത്തതു കൊണ്ടാണ് ഇത് ചെയ്തതെന്നുമാണ് പറഞ്ഞത്.” മേഘ പറഞ്ഞു.
ഇത് കേട്ടപ്പോൾ ദീപക്കിന്റെ മുഖം മാറി. “അത് കള്ളമാണ്. ഗോപൻ ചേട്ടൻ പിശുക്കനൊന്നുമല്ല. കഴിഞ്ഞ ആഴ്ചയും ഏട്ടൻ എന്നെ വിളിച്ചിരുന്നു. എല്ലാ മാസവും കൃത്യമായി പണം അയക്കാറുണ്ടെന്നും ഇത്തവണയും പതിവിലും കൂടുതൽ പണം അയച്ചിട്ടുണ്ടെന്നും ഏട്ടൻ എന്നോട് പറഞ്ഞതാണ്. വീട്ടിലെ ഓരോ ആവശ്യങ്ങൾക്കും ഏട്ടൻ പണം അയക്കാറുണ്ട്, ഇവർ അതെല്ലാം കയ്യിൽ വെച്ച് എന്തെങ്കിലും ഒരു ചെറിയ എമൗണ്ട് തരും പണ്ടു
മുതൽ തന്നെ അങ്ങനെയാണ് പിന്നെ ഏട്ടനെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ഇവിടെ ആരും അതൊന്നും പറയാറില്ല എന്ന് മാത്രം …!””
ദീപക്ക് പറഞ്ഞു നിർത്തി.
പിന്നെന്തിനാണ് ഏട്ടത്തി ഇങ്ങനെ കള്ളം പറയുന്നത്?” ദീപക്കിന്റെ ചോദ്യം മേഘയെ കൂടുതൽ ചിന്തിപ്പിച്ചു.
അന്ന് രാത്രി മേഘയ്ക്ക് ഉറക്കം വന്നില്ല. ശ്രീജയെ ഇനി അങ്ങോട്ട് നിരീക്ഷിക്കാൻ തന്നെ മേഘ തീരുമാനിച്ചു..
രാത്രി കുഞ്ഞിന് ഫീഡിങ് ബോട്ടിലിൽ വെള്ളം എടുക്കാൻ ആയി താഴേക്ക് പോകുമ്പോൾ
ശ്രീജയുടെ മുറിയിൽ നിന്ന് പാതിരാത്രിയിലും സംസാര ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. വളരെ താഴ്ന്ന സ്വരത്തിൽ ആരോടോ തർക്കിക്കുന്നതുപോലെ. അടുത്ത ദിവസം ഉച്ചയ്ക്ക് ശ്രീജ കുളിക്കാൻ പോയ സമയത്ത് മേഘ പതുക്കെ അവളുടെ മുറിയിൽ കയറി. ശ്രീജയുടെ ഫോൺ കട്ടിലിന് മുകളിൽ ഇരിപ്പുണ്ടായിരുന്നു. ഭാഗ്യത്തിന് അതിന് ലോക്ക് ഇല്ലായിരുന്നു. മേഘ വേഗം വാട്സ്ആപ്പ് തുറന്നു. അതിലെ ചാറ്റുകൾ കണ്ട മേഘയുടെ തല കറങ്ങുന്നതുപോലെ തോന്നി.
’അനൂപ്’ എന്ന പേരിൽ സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്കാണ് ശ്രീജ മെസ്സേജുകൾ അയച്ചിരിക്കുന്നത്. വെറും സൗഹൃദമല്ല എന്ന് ആ സംഭാഷണങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ശ്രീജയുടെ ചില സ്വകാര്യ ചിത്രങ്ങൾ അയാൾ കൈക്കലാക്കിയിട്ടുണ്ട്. അത് സോഷ്യൽ മീഡിയയിൽ ഇടും എന്ന് ഭീഷണിപ്പെടുത്തി അയാൾ നിരന്തരം പണം ആവശ്യപ്പെടുകയാണ്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് രൂപ ശ്രീജ അയാൾക്ക് നൽകിക്കഴിഞ്ഞു. ഗോപൻ അയച്ചു കൊടുക്കുന്ന പണം മുഴുവൻ അയാൾക്ക് നൽകിയിട്ടും അയാൾക്ക് മതിയാകുന്നില്ല. ഭീഷണി തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ കയ്യിൽ പണമില്ലാതെ വന്നപ്പോഴാണ് തന്റെ കണ്മുന്നിൽ കണ്ട കുഞ്ഞിന്റെ മാല മോഷ്ടിക്കാൻ ശ്രീജ തുനിഞ്ഞത്.
മേഘയ്ക്ക് സങ്കടവും ദേഷ്യവും ഒരുപോലെ വന്നു. സ്വന്തം കുടുംബത്തെയും ഭർത്താവിനെയും വഞ്ചിച്ചുകൊണ്ട് ഇങ്ങനെയൊരു ബന്ധം ഉണ്ടാക്കിയ ശ്രീജയോട് അവൾക്ക് പുച്ഛം തോന്നി… വാട്സാപ്പിൽ നിന്ന് സ്ക്രീൻഷോട്ട് എടുത്ത് അതെല്ലാം തന്റെ നമ്പറിലേക്ക് അയച്ചു.. എന്നിട്ട് അത് ഡിലീറ്റ് ചെയ്തു കളഞ്ഞു..
മേഘ വേഗം തന്റെ റൂമിലേക്ക് ചെന്നു ഉടനെ തന്നെ അവൾ ദീപക്കിനെ വിളിച്ച് കാര്യം പറഞ്ഞു. ദീപക് വന്നതിനുശേഷം രണ്ടുപേരും കൂടി ആ ചാറ്റുകളെല്ലാം പരിശോധിച്ചു..
കാര്യങ്ങൾ കൈവിട്ടുപോയി എന്ന് മനസ്സിലാക്കിയ ദീപക് അപ്പോൾ തന്നെ ദുബായിലേക്ക് ഗോപനെ വിളിച്ചു. കാര്യങ്ങളെല്ലാം ചുരുക്കത്തിൽ പറഞ്ഞു. വിവരങ്ങൾ കേട്ട ഗോപൻ തകർന്നുപോയി. താൻ കഷ്ടപ്പെട്ട് അധ്വാനിക്കുന്ന പണം മുഴുവൻ തന്റെ ഭാര്യ മറ്റൊരുവന് നൽകുന്നു എന്നതും, അവൾ തന്നെ വഞ്ചിച്ചു എന്നതും അയാൾക്ക് സഹിക്കാനായില്ല. “ഞാൻ നാളെ തന്നെ നാട്ടിലെത്തും ദീപക്, ബാക്കി അപ്പോൾ തീരുമാനിക്കാം,” ഗോപൻ വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു.
അടുത്ത ദിവസം വൈകുന്നേരത്തോടെ ഗോപൻ വീട്ടിലെത്തി. വീട്ടിൽ വലിയൊരു തർക്കം തന്നെ നടന്നു. ശ്രീജ ആദ്യം എല്ലാം നിഷേധിക്കാൻ ശ്രമിച്ചു. എന്നാൽ മേഘയും ദീപക്കും തെളിവുകൾ ഓരോന്നായി പുറത്തെടുത്തപ്പോൾ അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല. വീട്ടുകാരുടെയെല്ലാം മുന്നിൽ ശ്രീജ നാണം കെട്ടു നിന്നു. ഗോപൻ അയച്ചു കൊടുത്ത പണം എവിടെപ്പോയി എന്ന ചോദ്യത്തിന് അവൾക്ക് ഉത്തരമില്ലായിരുന്നു.
”നീ എന്നെ മാത്രമല്ല ശ്രീജേ, നമ്മുടെ കുടുംബത്തെയും നിന്നെ വിശ്വസിച്ച എല്ലാവരെയുമാണ് ചതിച്ചത്. അബദ്ധം പറ്റിയതാണ് എന്ന് അല്ലേ ?? കണ്ടവന്റെ മുന്നിൽ തുണി ഉരിഞ്ഞ് കിടന്നു കൊടുക്കുന്നതാണോടീ l അബദ്ധം.. നീ എത്രപേരുടെ കൂടെ ഇങ്ങനെ പോയിട്ടുണ്ടാകും ?? ഗോപൻ ദേഷ്യത്തോടെ അലറിക്കൊണ്ട് പറഞ്ഞു..
ശ്രീജ കരഞ്ഞു കാലുപിടിച്ചു നോക്കി എന്നാൽ ഗോപൻ അലിഞ്ഞില്ല.
നാട്ടുകാരുടെയോ പോലീസിന്റെയോ മുന്നിൽ ഈ വിഷയം എത്തിക്കാൻ ഗോപൻ ആഗ്രഹിച്ചില്ല. എങ്കിലും ഇത്തരം ഒരു സ്ത്രീയോടൊപ്പം ഇനി ജീവിക്കാൻ കഴിയില്ലെന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞു. “ഇത്രയും കാലം ഞാൻ നിന്നെ വിശ്വസിച്ചു. പക്ഷേ ആ വിശ്വാസം നീ തകർത്തു. ഇനി നിനക്ക് ഈ വീട്ടിൽ സ്ഥാനമില്ല.”
ശ്രീജ വീണ്ടും കരഞ്ഞു കാലുപിടിച്ചെങ്കിലും ഗോപൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. അയാൾ അവളെ അവളുടെ വീട്ടിലാക്കാൻ തീരുമാനിച്ചു. അന്ന് രാത്രി തന്നെ ശ്രീജ ആ വീട്ടിൽ നിന്ന് പടിയിറങ്ങി. മേഘയ്ക്ക് സങ്കടം തോന്നിയെങ്കിലും അവൾ ചെയ്ത തെറ്റ് അത്ര വലുതാണ് എന്ന് അവൾക്ക് അറിയാമായിരുന്നു ഈ ശിക്ഷ ശ്രീജ അർഹിക്കുന്നുണ്ട് എന്നും അവൾക്ക് തോന്നി.
ഒരു നിമിഷത്തെ ബുദ്ധിശൂന്യത കൊണ്ട് സ്വന്തം ജീവിതം തകർത്തു കളഞ്ഞ ശ്രീജയെ ഓർത്ത് മേഘയ്ക്ക് സഹതാപം തോന്നി. എങ്കിലും സത്യം പുറത്തുകൊണ്ടുവരാൻ കഴിഞ്ഞതിൽ അവൾക്ക് ആശ്വാസമുണ്ടായിരുന്നു.
സ്റ്റോറി by ചന്ദ്ര
