ഭർത്താവിനോട് പിണങ്ങി വീട്ടിൽ വന്ന് ആഴ്ച ഒന്ന് കഴിഞ്ഞപ്പോഴാണ് താൻ 2 മാസം ഗർഭിണി ആണെന്ന് അശ്വതി അറിയുന്നത്.
പക്ഷേ അവളത് ആരോടും പറഞ്ഞില്ല. സ്വന്തം വീട്ടിൽ പോലും. കാരണം കല്യാണം കഴിഞ്ഞു വർഷം 5 കഴിഞ്ഞിട്ടും കുട്ടികൾ ഉണ്ടാകാത്തതിനെ ചൊല്ലിയുള്ള വഴക്കിന്റെ അനന്തര ഫലമായിട്ടാണ് അവൾ ഇപ്പോ വീട്ടിൽ വന്ന് നിൽക്കുന്നത്.
“മോളെ… എന്താ നിന്റെ തീരുമാനം. ഇവിടിങ്ങനെ എത്ര നാൾ നിൽക്കാനാ… നിന്റെ ചേട്ടന്റെ ഭാര്യയ്ക്ക് നീ ഇങ്ങനെ ഇവിടെ നിൽക്കുന്നത് ഇഷ്ടപ്പെടുന്നില്ല. അവൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കും മുന്നേ അനൂപുമായുള്ള പ്രശ്നം പരിഹരിച്ചു അങ്ങോട്ട് പോകാൻ നോക്ക്.
അശ്വതിയുടെ അമ്മ ഗീത മകളെ ഉപദേശിച്ചു.
“അമ്മേ… എനിക്ക് കുട്ടികൾ ഉണ്ടാവാത്തതിനെ ചൊല്ലി എന്നും അവിടെ വഴക്കും ബഹളവുമാണ്.
അനൂപേട്ടൻ പോലും എന്നെ മനസ്സിലാക്കുന്നില്ല. അവർക്കെല്ലാം ഇപ്പോ എന്നെ ഒഴിവാക്കിയിട്ട് അനൂപേട്ടനെ കൊണ്ട് വേറെ കെട്ടിക്കണം. എത്രയെന്ന് വച്ചാ എല്ലാം സഹിച്ച് അവിടെ നിൽക്കുന്നത്.
അശ്വതി കണ്ണീരോടെ അമ്മയെ നോക്കി.
“നിന്റെ ഭാവി എന്താകും മോളെ?”
“അനൂപേട്ടൻ എന്നെ ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞമ്മേ. ഞാൻ ഡിവോഴ്സ് തരില്ലെന്ന് പറഞ്ഞപ്പോ എന്നെ കുറേ അടിച്ചു.
ഞങ്ങൾ തമ്മിൽ വഴക്കും ബഹളവുമായി. പിടിച്ചു നിൽക്കാവുന്നതിന്റെ മാക്സിമം അവിടെ നിന്നു. പക്ഷേ എത്രയെന്നു വച്ചാ അമ്മേ അടി കൊള്ളുന്നത്.
എല്ലാം സഹിക്കുന്നതിനും ഒരു പരിധിയില്ലേ. എനിക്ക് വേദനിക്കില്ലേ. എനിക്കൊരു മനസ്സില്ലെ അമ്മേ. ഞാൻ ഇവിടെ വന്ന് കുറച്ചു നാൾ നിക്കുമ്പോ എന്നെ കാണാതിരുന്നാൽ എങ്കിലും എന്നോട് മനസ്സലിവ് തോന്നി വിളിക്കുമെന്ന് കരുതി. പക്ഷേ അനൂപേട്ടൻ ഡിവോഴ്സ് നോട്ടീസ് അയക്കാൻ പോവാ.
അശ്വതി പറഞ്ഞ കേട്ട് ഗീത ഞെട്ടി.
“ഡിവോഴ്സോ… ഞാൻ സംസാരിക്കട്ടെ അവനോട്.
അമ്മ ചോദിച്ചു.
“ആര് സംസാരിച്ചാലും അനൂപേട്ടൻ കേൾക്കില്ല. ഒരു കുഞ്ഞിനെ കൊടുക്കാൻ കഴിയാത്ത എന്നെ അയാൾക്കും വീട്ടുകാർക്കും ഇനി വേണ്ടമ്മേ.
“ബന്ധം കൂടെ പിരിഞ്ഞു കഴിഞ്ഞാൽ നിനക്ക് പിന്നെ ഇവിടെ നിൽക്കാൻ പോലും പറ്റില്ല മോളെ. നിന്റെ നാത്തൂന്റെയും ചേട്ടന്റെയും സ്വഭാവം നിനക്ക് നന്നായി അറിയാലോ.
“എല്ലാരേം എനിക്ക് നന്നായി അറിയാം അമ്മേ. അതുകൊണ്ട് ഇങ്ങോട്ട് പോരുമ്പോ തന്നെ ഞാൻ എന്റെ കൂട്ടുകാരിയോട് ഒരു വാടക വീട് നോക്കാൻ പറഞ്ഞിരുന്നു.
ഒരെണ്ണം ശരിയായിട്ടുണ്ട്. രണ്ട് മുറിയുള്ള ഒരു ഓടിട്ട വീട്. 2500 രൂപ വാടക. പതിനായിരം രൂപ ഡെപ്പോസിറ്റ് കൊടുക്കണം.”
“നീ വാടക വീട്ടിലൊക്കെ ഒറ്റയ്ക്ക് പോയി നിൽക്കോ?
“ഒറ്റയ്ക്കു നിൽക്കാൻ എനിക്ക് പേടി ഒന്നുമില്ല. അമ്മ എനിക്ക് കൂട്ടായി കൂടെ വന്ന് നിൽക്കുമെങ്കി സന്തോഷം.”
“മോളെ തനിച്ചു വിടാൻ അമ്മയ്ക്ക് പറ്റില്ല. അതുകൊണ്ട് ഞാനും കൂടെ വരാം.”
നെടുവീർപ്പിട്ട് കൊണ്ട് ഗീത പറഞ്ഞു.
“പക്ഷേ മോളെ… വാടക വീട്ടിലേക്ക് മാറിയാലും ചിലവിനു കാശ് വേണ്ടേ. നിനക്ക് ഒരു ജോലി പോലും ഇല്ലല്ലോ. വടകയും അഡ്വൻസും എങ്ങനെ കൊടുക്കും.
“അതിന് എന്റെ സ്വർണം എന്തെങ്കിലും പണയം വയ്ക്കാം അമ്മേ. പിന്നെ കൂട്ടുകാരിയോട് പറഞ്ഞ് ഞാനൊരു ജോലി ശരിയാക്കിയിട്ടുണ്ട്.
“എന്ത് ജോലി.?
“ടൗണിലെ സൂപ്പർ മാർക്കറ്റിൽ ബില്ലിങ്. 12000 രൂപ കിട്ടും. ഓവർ ടൈം ചെയ്ത എന്തെങ്കിലും കൂട്ടി കിട്ടും.
നമുക്ക് ജീവിക്കാൻ അതൊക്കെ മതി അമ്മേ.
അശ്വതി അമ്മയ്ക്ക് ആത്മവിശ്വാസം നൽകി.
അങ്ങനെ പിറ്റേന്ന് തന്നെ അശ്വതി അമ്മേം കൂട്ടി വാടക വീട്ടിലേക്ക് പോയി.
ചെറിയ വീട് ആണെങ്കിലും നല്ല വൃത്തി ഉണ്ടായിരുന്നു.
അമ്മ കൂട്ടായി ഉള്ളത് അവൾക്ക് ധൈര്യം തന്നെയായിരുന്നു.
ഒരേ സമയം അമ്മായി അമ്മയും നാത്തൂനും ഒഴിവായി പോയത് നല്ല അവസരമായി അശ്വതിയുടെ ചേട്ടന്റെ ഭാര്യ കണ്ടു. തങ്ങൾക്ക് തങ്ങളുടെതായ പ്രൈവസി കിട്ടിയതിൽ അവൾ സന്തോഷിച്ചു.
വാടക വീട്ടിലേക്ക് മാറി ആഴ്ച ഒന്ന് കഴിഞ്ഞപ്പോ അനൂപിന്റെ ഡിവോഴ്സ് നോട്ടീസ് അശ്വതിക്ക് കിട്ടി. അവളത് ഒപ്പിട്ട് അയച്ചു.
അത് കഴിഞ്ഞു ഒരാഴ്ച കൂടി കഴിഞ്ഞപ്പോ ആണ് അശ്വതിയുടെ വിളർച്ചയും രാവിലെ എഴുന്നേൽക്കുമ്പോ ഉള്ള ശർദ്ധി ഒക്കെ കണ്ട് സംശയം തോന്നിയ ഗീത അവളോട് പ്രെഗ്നൻസി ടെസ്റ്റ് ചെയ്ത് നോക്കാൻ പറഞ്ഞത്.
അശ്വതി ഒന്നും അറിയാത്ത പോലെ അമ്മയെ ബോധിപ്പിക്കാൻ ടെസ്റ്റ് ചെയ്ത് താൻ പ്രെഗ്നന്റ് ആണെന്ന് അപ്പോൾ അറിയുന്നത് പോലെ ഭാവിച്ചു.
പ്രെഗ്നൻസി അധികം നാൾ ഒളിച്ച് വയ്ക്കാൻ കഴിയില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് അശ്വതി അമ്മ പറഞ്ഞ അനുസരിച്ചത്.
മകൾ ഗർഭിണി ആണെന്ന് അറിഞ്ഞതോടെ മരുമകനും വീട്ടുകാരും അവളെ തിരികെ സ്വീകരിച്ചാലോ എന്ന് കരുതി ഗീത ഉടനെ തന്നെ ആ വിവരം അനൂപിനെ വിളിച്ചു അറിയിച്ചു.
ഈ വിവരം കേട്ട പാതി അനൂപും അവന്റെ അമ്മയും അശ്വതിയെ കാണാൻ ഓടി എത്തി.
“അശ്വതി… വാ നമുക്കെന്റെ വീട്ടിലേക്ക് പോകാം. നിനക്ക് എടുക്കാനുള്ളതൊക്കെ എടുത്തോ.
അനൂപ് അശ്വതിയോട് പറഞ്ഞു.
“ഞാൻ ഇനി നിങ്ങളുടെ കൂടെ വരില്ല. എന്റെ കുഞ്ഞിന് ഇങ്ങനെയൊരു അച്ഛനില്ല.
അവളുടെ മാറ്റം അനൂപ് ഉൾപ്പെടെ എല്ലാരേം ഞെട്ടിച്ചു.
“അശ്വതി നിനക്കെന്താ ഭ്രാന്ത് പിടിച്ചോ.. അവൻ പിണക്കം മറന്ന് വന്ന് വിളിക്കുമ്പോ കൂടെ പൊക്കൂടെ നിനക്ക്.
ഗീത ചോദിച്ചു.
“എന്നെ ആ വീട്ടിലിട്ട് പട്ടിയെ തല്ലുന്ന പോലെ ആണ് ഈ അമ്മേം മോനും കൂടി അടിച്ചത്. അപ്പോ ഒക്കെ എന്റെ കുഞ്ഞ് എന്റെ വയറ്റിൽ ഉണ്ടായിരുന്നില്ലേ. ആ അടിയിൽ എനിക്കോ കുഞ്ഞിന് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ…
ഇപ്പോ തന്നെ ഞാൻ ഗർഭിണി ആയത് അറിഞ് വന്ന മനം മാറ്റമല്ലേ ഇത്. അല്ലാതെ എന്നോട് സ്നേഹം തോന്നി അല്ലല്ലോ.
ഈ കുഞ്ഞിനെ എനിക്ക് പ്രസവിക്കാൻ പറ്റാതെ പോയ അപ്പോ തീരില്ലേ ഇവരുടെ സ്നേഹം. അതുകൊണ്ട് എനിക്ക് ഇനി ഇയാളെ വേണ്ട.
അശ്വതിയുടെ തീരുമാനം ഉറച്ചത് ആയിരുന്നു.
അനൂപ് കുറേ പറഞ്ഞു നോക്കിയെങ്കിലും അവൾ കല്ല് പോലെ നിന്നു. അവസാനം അവളെ ചീത്ത വിളിച്ചിട്ട് അവനും അമ്മയും പോയി.
വൈകാതെ അവരുടെ ഡിവോഴ്സ് നടന്നു.
അശ്വതി ഒരു മോനെ പ്രസവിച്ചു.
അനൂപ് വേറെ കല്യാണം കഴിച്ച് രണ്ടാമത്തെ ഭാര്യ ഗർഭിണി ആയെങ്കിലും ഗർഭം അലസി പോയി.
മൂന്നു തവണയും അലസി കുഞ്ഞിനെ കിട്ടിയില്ല.
പിന്നെ ഉള്ള ടെസ്റ്റിൽ രണ്ടാം ഭാര്യയ്ക്ക് പ്രസവിക്കാൻ ഇനി കഴിയില്ല എന്ന് കണ്ടു. അവളുടെ ആദ്യ കെട്ടിലുള്ള കുട്ടിയെ നോക്കി തൃപ്തി പെടേണ്ടി വന്നു അനൂപിന്.
✍️ശിഖ
