‘ബസ്സിൽ കയറിയിട്ട് പെണ്ണുങ്ങളുടെ ശരീരത്ത് കൈ വെക്കുന്നോടാ നായേ നീ…. ഇതിനു വേണ്ടിയാണോടാ നീയൊക്കെ ബസ്സേൽ കേറുന്നത്…?
ഷെമീറിന്റെ ഷർട്ടിന്റെ കോളറിൽ കൈ മുറുക്കി എസ് ഐ ചോദിച്ചതിന് പുഞ്ചിരിയോടെ അയാളെ നോക്കി തലയിളക്കി ഷെമീർ…
“അതിനു വേണ്ടി മാത്രമാണ് സാർ ഞാൻ ബസ്സേൽ കയറുന്നത്…. അതൊരു ലഹരിയല്ലേ സാർ….?
താൻ പറഞ്ഞതു സമ്മതിയ്ക്കും പോലുള്ള
ഷെമീറിന്റെ തലയിളക്കലിൽ അമ്പരന്ന എസ്ഐ അവന്റെ തുറന്നു പറച്ചിൽ കൂടിയായതോടെ സത്യത്തിൽ ഞെട്ടി പോയ്….
അയാളുടെ കണ്ണുകൾ അവനിലൊന്നു തറഞ്ഞു നിന്നു….. അവന്റെ ആരെയും കൂസാത്ത ഭാവവും ധാർഷ്ട്യം നിറഞ്ഞ നില്പും… അവനിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ കൈ തരിച്ചു സത്യത്തിൽ എസ് ഐ സിബി മാത്യുവിന്….
“ഏതോ വലിയ കൊമ്പത്തുള്ളതാണ് സാറെ… അതാണിത്ര തന്റേടവും ധൈര്യവും… ഇങ്ങനൊരു കേസിൽ പിടിച്ചിട്ടും പോലീസ് സ്റ്റേഷന്റെ ഉള്ളിൽ സാറിനു മുമ്പിലീ നില്പവൻ നിൽക്കണമെങ്കിൽ സാറിലും വലിയവനവന്റെ കയ്യിലുണ്ടാകും സാറെ…. വെറുതെ തൊട്ടു കളിച്ച് പണി വാങ്ങാൻ നിൽക്കണ്ട…. ”
ഷെമീറിനെ തല്ലാനുള്ള ദേഷ്യത്തിലാണ്
എസ് ഐ എന്നു കണ്ടതും അതിന് തടയിട്ടു കോൺസ്റ്റബിൾ… പണി കിട്ടിയാൽ അതെല്ലാവർക്കും കൂടിയാവുമെന്നുറപ്പുണ്ട് അയാൾക്ക്…..
സാറെ നിങ്ങൾക്കിത്ര ദേഷ്യമൊന്നും എന്നോട് തോന്നേണ്ട കാര്യമില്ല… ഞാൻ ഈ സ്ത്രീയെ തൊട്ടതും പിടിച്ചതുമൊക്കെ ഇവരുടെ കൂടെ സമ്മതത്തോടെയാണ്… അതവര് ആസ്വദിയ്ക്കകയും ചെയ്തിരുന്നു… പിന്നാരോ അത് കണ്ട് ബസിനുള്ളിൽ പ്രശ്നമാക്കിയപ്പോൾ ഇവരു വലിയ ശീലാവതി ചമഞ്ഞ് കരഞ്ഞു കൂവിയതാണ്…. സത്യം…
സ്റ്റേഷന്റെ ഒരരിക്കിലായ് നിൽക്കുന്ന സ്ത്രീയെ ചൂണ്ടി കാണിച്ച് നിസാരമായ് ഷെമീർ പറയുമ്പോൾ ഞെട്ടി പകച്ചവനെ നോക്കിയ ആ സ്ത്രീയുടെ മുഖം പോലീസുകാർക്ക് മനസ്സിലാക്കി കൊടുക്കുന്നുണ്ട് അവൻ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന്….
“മോശം പ്രവർത്തി ചെയ്തതും പോരാഞ്ഞിട്ട് ഇല്ലാത്ത അപവാദങ്ങൾ കൂടി പറഞ്ഞു പരത്തിയാൽ നിന്റെ മുഖമടിച്ചു ഞാൻ പൊളിയ്ക്കും….ചെ%%…. ”
ഷെമീറിനു നേരെ കുതിച്ചെത്തി വിരൽ വിറപ്പിച്ച് ആ സ്ത്രീ പറയുമ്പോഴും കൂസലന്യേ അവരെ നോക്കി ഷെമീർ…
“ഞാൻ അത് ചെയ്തു ഇത് ചെയ്തുവെന്ന് വെറുതെ നിങ്ങൾ പറഞ്ഞാലത് സത്യം ആവുമോ… തെളിയിക്കാൻ സി സി ടി വി യൊന്നും ഉള്ള ബസ്സല്ലല്ലോ അത്… കേസും കൂട്ടവും ആയി മുന്നോട്ടു നിങ്ങള് പോയാൽ അതിനൊപ്പം അതിനെ എതിർത്ത് ഞാനും പോകും എത്രക്കാലം വേണമെങ്കിലും… അതിനെത്ര പൈസ മുടക്കേണ്ടി വന്നാലും ഞാൻ മുടക്കുകയും ചെയ്യും…. ഒടുവിൽ നാറുന്നതും നാണം കെടുന്നതും നിങ്ങൾ മാത്രമാവും…. കാരണം ജയിക്കുന്ന കളികളേ ഞാൻ കളിക്കാറുള്ളു…. ”
പോലീസ് സ്‌റ്റേഷനുള്ളിൽ എസ് ഐ ഉൾപ്പെടെയുള്ള പോലീസുകാർക്ക് മുമ്പിൽ വെച്ച് ഭയമേതുമില്ലാതെ ഭീഷണി കലർത്തി സംസാരിയ്ക്കുന്ന ഷെമീറിനെ ഭയപ്പാടോടെ നോക്കി ആ സ്ത്രീയും…അവന്റെ കൈകൾ സ്പർശിച്ച തന്റെ ശരീര ഭാഗങ്ങളിൽ ഒരു പുഴുവരിയ്ക്കും പോലെ ആ നിമിഷവും തോന്നിയവർക്ക്…
നിസ്സഹായത നിറഞ്ഞ അവരുടെ കണ്ണുകൾ പോലീസുകാരിൽ പതിഞ്ഞു
‘വെറുതെ നിങ്ങൾ അവരെയൊന്നും നോക്കണ്ട… അവർക്കിതല്ലെങ്കിൽ വേറൊരു കേസ്…. നാണം കെടാനും നഷ്ടപ്പെടാനും നിങ്ങൾക്ക് മാത്രമേയുള്ളു… ഓർത്തോ…”
പരസ്യമായ വ്യക്തമായ ഭീഷണി….
“എനിയ്ക്ക് പരാതിയും കേസുമൊന്നുമില്ല സാർ… എന്നെ പോവാൻ അനുവദിച്ചാൽ മാത്രം മതി….”
നിസ്സഹായതയുടെ മുനമ്പത്ത് നിന്നവർ കൈക്കൂപ്പി പറഞ്ഞതും വിജയ ചിരി തെളിഞ്ഞു ഷമീറിൽ…
“എന്റെ ഭാര്യയിപ്പോ വരും …. കേസില്ലാതെ ഇതിൽ നിന്ന് ഒഴിവാകുന്നതിന് നിങ്ങൾക്കാവശ്യമായ പണവും കൊണ്ട്… വേണ്ടത് എത്രയാണെങ്കിലും അവളോട് ചോദിച്ചോ നിങ്ങൾ…. മടിക്കാതെ തരും അവൾ…. ഒന്നൂല്ലെങ്കിലും
അവളുടെ ശരീരം കൊണ്ട് ഞാൻ തേടേണ്ട സുഖം അല്പസമയം കൊണ്ടാണെങ്കിലും എനിയ്ക്ക് തന്നവളല്ലേ നിങ്ങൾ… അവൾക്ക് മിനക്കെടേണ്ടി വന്നില്ലല്ലോ…. അതിന്റെ നന്ദിയവൾ കാണിയ്ക്കും…. ”
കേൾക്കുന്ന ഏതവനും നിലത്തിട്ട് ചവിട്ടിഅരയ്ക്കും വിധം നിന്ദ്യമായ വാക്കുകൾ ഷെമീറിൽ നിന്ന് വന്നിട്ടും നിശ്ചലമായവനെ നോക്കി അലസം നിന്നു എസ് ഐ സിബി മാത്യൂ…
അയാൾ മനസ്സിലെന്തോ കണക്ക് കൂട്ടുകയാണെന്നുറപ്പുണ്ട് ആ സ്വഭാവം അടുത്തറിയുന്ന പോലീസുകാർക്കും…
“ദാ വന്നല്ലോ എന്റെ ഭാര്യ നിങ്ങൾക്ക് ഉള്ള പണവും കൊണ്ട്…”
സന്തോഷം നിറഞ്ഞ ഷെമീറിന്റെ ശബ്ദത്തിൽ എല്ലാവരുടെ കണ്ണുകളും ഞൊടി നേരം കൊണ്ടവന്റെ ഭാര്യയെ തേടിയതും കണ്ടു അത്യപൂർവ്വ സൗന്ദര്യമുള്ളൊരു യുവതിയെ….
സ്ത്രീ പീഡനത്തിന് പോലീസ് സ്റ്റേഷനിലായ ഭർത്താവിനെ ഇറക്കാൻ വേണ്ടി യാതൊരു കൂസലുമില്ലാതെ ഉയർന്ന ശിരസ്സോടെ ചടുലമായ വേഗത്തിൽ സ്റ്റേഷനുള്ളിലേക്ക് കയറി വന്നവൾ അവിടെ നിന്നവർക്കെല്ലാം അത്ഭുതമായ്….
കരഞ്ഞു നിലവിളിച്ചും പതം പറഞ്ഞ് കരഞ്ഞും മാത്രമാണ് ഇത്തരമൊരു കേസിൽ ഏതൊരു സ്ത്രീയും സ്റ്റേഷനിലെത്താറ്…
എന്നാലിവിടെ ആ വരുന്നവളിൽ ഭാവമാറ്റങ്ങളൊന്നുമില്ല… ഇതെല്ലാം എത്രയോ കണ്ടും അനുഭവിച്ചും പതം വന്നൊരു ഭാവമാണവളിലെന്ന് എളുപ്പത്തിൽ മനസ്സിലാക്കി സിബിയും…
“സാർ ഞാൻ നാദിയ…. ഞാനെന്താണ് ഈ കേസിൽ ചെയ്യേണ്ടത്….?
ഷെമീറെന്നൊരാൾ അവിടെ നിൽക്കുന്നുവെന്നു പോലും ഭാവിക്കാതെ, വെറുതെ പോലും അവനിലേക്കൊന്ന് നോട്ടം ചെല്ലാതെ പൂർണ്ണമായും അവനെ അവഗണിച്ച് സിബി മാത്യുവിനരികെ ചെന്ന് സ്വയം പരിചയപ്പെടുത്തി നാദിറ ചോദിച്ചതും ദേഷ്യത്താൽ പല്ലിറുമ്മി കൈകൾ കൂട്ടി ഞെരിച്ചു ഷെമീർ….
അവന്റെ പ്രവർത്തികളെല്ലാം വ്യക്തമായ് ഒപ്പിയെടുക്കുന്നുണ്ട് എസ് ഐ യുടെ സൂക്ഷ്മദൃഷ്ടി…
“സാർ ഞാൻ പൊക്കോട്ടെ… എനിയ്ക്ക് പരാതിയും ഇല്ല ആരുടെയും പണവും വേണ്ട…”
നാദിറ എസ് ഐയോട് സംസാരിക്കാനൊരുങ്ങിയ നേരം ആ സ്ത്രീ അവർക്കിടയിലേക്കു വന്നു കൈകൂപ്പി പറഞ്ഞതും ഒരു നിമിഷം നിശബ്ദനായ് നിന്നു എസ്ഐ…
വിവേചിച്ചറിയാൻ കഴിയാത്തൊരു ഭാവം നാദിറയുടെ മുഖത്ത് മിന്നി മാഞ്ഞു
“ഇവരുടെ സമ്മതമോ അനുവാദമോ ഇല്ലാതെ ഇവരുടെ ശരീരത്തിൽ നിങ്ങളുടെ ഭർത്താവ് ബസിൽ വെച്ച് കയറി പിടിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ഞങ്ങളിങ്ങോട്ടു കൊണ്ടുവന്നത്, പക്ഷെ ഇപ്പോൾ ഈ സ്ത്രീക്കതിൽ പരാതിയില്ലെന്ന് പറഞ്ഞ സ്ഥിതിക്ക് ഞങ്ങൾക്കിനിയൊന്നും ചെയ്യാനില്ല… പറയാനും….”
“ഞാനെന്നാ പൊയ്ക്കോട്ടെ സാർ… ഇനിയും ഇതുപോലുള്ള കേസുകൾ വരുമ്പോൾ വിളിച്ചാൽ മതി…. വന്നോളാം…”
നിർജീവമായ സ്വരത്തിൽ നാദിറ പറഞ്ഞിറങ്ങി പോയതും അവൾ പറഞ്ഞ വാക്കുകളുടെ അർത്ഥം തിരഞ്ഞ് പരസ്പരം നോക്കി പോലീസുക്കാർ…
അപ്പോ ശരി സാറെ… അടുത്ത കേസിൽ കാണാം….
അവരോടു പറഞ്ഞിട്ടിറങ്ങി പോവാനൊരുങ്ങിയ ഷെമീറിനെ കൈ നീട്ടി തടഞ്ഞു സിബി….
“എന്നെങ്കിലും കയ്യിൽ കിട്ടും അന്ന് തീർത്തോളാം എന്ന ക്ലീഷേ ഡയലോഗ് പറയാനാണെങ്കിൽ വേണ്ട സാറെ വെറുതെയാ… ഞാനൊന്നും എന്റെ ഇഷ്ടത്തിനേ ജീവിച്ചിട്ടുള്ളു… ഇനിയും അതങ്ങനെ തന്നെയാവും… ഞാൻ പ്രണയം പറഞ്ഞപ്പോൾ എന്നെ വേണ്ടാന്നു പറഞ്ഞ് തള്ളികളഞ്ഞവളാണ് നാദിറ…. ഇന്നവളുടെ ഗതി കണ്ടോ സാറ്… പണമെണ്ണികൊടുത്തവളുടെ വീട്ടുക്കാരെ വരുതിയിലാക്കി അവളെ കെട്ടി ഞാൻ… ഇപ്പോൾ
ഞാൻ ഉണ്ടാക്കുന്ന പെണ്ണ് കേസ് തീർത്തും ഞാൻ അന്തിയുറങ്ങുന്ന പെണ്ണുങ്ങളുടെ കണക്കെടുത്തും നടക്കുകയാണവൾ… അതാണവളുടെ ജോലി… അങ്ങനെ തന്നെ തീരും അവളുടെ ഈ ജന്മവും…. എന്നെ തള്ളി പറഞ്ഞതിന്റെ ശിക്ഷയാണതവൾക്ക്…. അത് കൊണ്ട് സാറെന്നെ വെല്ലുവിളിക്കാനൊരുങ്ങുകയാണെങ്കിൽ അതൊന്ന് ചിന്തിച്ചിട്ടുമതി സാറെ…. ഞാൻ പിശക്കാണ്…. മഹാ പിശക്….”
എസ് ഐ യുടെ കൈ തടഞ്ഞ് പറയുന്നവനെ എതിർക്കാൻ പോലും കഴിയാതെ നിസഹായരായ് പോലീസ്…. അവരെല്ലാം നോക്കി നിൽക്കേ ചുണ്ടിലൊരു മൂളിപ്പാട്ടോടെ സ്റ്റേഷൻ വിട്ടിറങ്ങി ഷെമീർ… നോക്കുകുത്തികളായ് നിന്നു മറ്റുള്ളവർ….
ദിവസങ്ങൾ വേഗത്തിൽ കഴിഞ്ഞു പോയതും ഒരുനാൾ ഗുരുതരമായ് ആരോ വെട്ടി പരിക്കേല്പിച്ച നിലയിൽ മരണത്തോട് മല്ലിടുന്നൊരവസ്ഥയിൽ മെഡിക്കൽ കോളേജ് ഹോസ്പ്പിറ്റലിൽ ആരൊക്കയോ ചേർന്ന് പ്രവേശിപ്പിച്ചു ഷെമീറിനെ…
പെരുവഴിയിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും സിബിയുടെ നോട്ടം ഷെമീറിന്റെ കണ്ണുകളിലുടക്കി…. അവനെന്തോ തന്നോട് പറയാനുണ്ടെന്നൂഹിച്ചു സിബി…. പക്ഷെ സംസാരിക്കാനോ എന്തിനൊന്ന് മുഖം അനക്കാൻ പോലും പറ്റാത്ത വിധം അവശനായിരുന്നവൻ….
“നിന്നെ ഈയൊരവസ്ഥയിൽ ആക്കിയത് നിന്റെ ഭാര്യ നാദിറയാണെന്ന് എന്നോട് പറയാനല്ലേ നീയ്യി ശ്രമിക്കുന്നത്…
സിബി ചോദിച്ചതും അതേയെന്ന വിധം ഒന്നു വിടർന്നു ഷെമീറിൻ്റെ മിഴികളെങ്കിലും അതു കണ്ട ഭാവം നടിച്ചില്ല സിബി മാത്യൂ…
“നീ പറഞ്ഞില്ലെങ്കിലും എനിയ്ക്കതറിയാം ഷെമീറേ…. എങ്ങനെ ആണെന്ന് ചോദിച്ചാൽ നിന്നെ കൊല്ലാനുള്ള വെറി അന്നവളെ സ്റ്റേഷനിൽ വെച്ചു ആദ്യം കണ്ടപ്പോൾ തന്നെ അവളുടെ കണ്ണിൽ ഞാൻ കണ്ടിരുന്നു….. ആരു സഹിക്കുമെടാ നിന്നെ പോലൊരുവനെ….. ഇത്ര നാളും ആ പെണ്ണത് സഹിച്ചിട്ടുണ്ടെങ്കിൽ
അതവളുടെ ഗതികേടിനെ നീ മുതലെടുത്തതു കൊണ്ടാണ്… ഇപ്പോ എൻ്റെ കണ്ണിൽ
ന്യായം ,അതവളുടെ പക്ഷത്താണ്… അതു കൊണ്ടു തന്നെ അവളെ അറസ്റ്റ് ചെയ്യില്ല ഞങ്ങൾ….
രക്ഷപ്പെട്ടു പോരാമെങ്കിൽ നീ വാ… വന്നൊരു പരാതി അവൾക്കെതിരെ എഴുതി താ… അന്ന് നോക്കാം ഇതിന്റെ ബാക്കി……
തിരിച്ചു ജീവിതത്തിലേക്ക് ഷെമീർ വരില്ലെന്ന ഉറപ്പോടെ അവനോടത് പറഞ്ഞ് അവിടെ നിന്ന് മടങ്ങുമ്പോൾ മനസ്സുകൊണ്ടും പ്രവർത്തി കൊണ്ടും നാദിറയ്ക്ക് ഒപ്പമായിരുന്നു എസ് ഐ സിബി മാത്യൂ… ചിലപ്പോഴെങ്കിലും അങ്ങനെ ആയില്ലെങ്കിൽ താനൊരു മനുഷ്യനേ അല്ലാതെയാവുമെന്നൊരു തിരിച്ചറിവുണ്ട് അദ്ദേഹത്തിന്… ആ തിരിച്ചറിവ് രക്ഷിച്ചത് ഒരുപാടു ദുരിതങ്ങൾ അനുഭവിച്ച് മടുത്ത നാദിറ എന്ന പെൺക്കുട്ടിയെ ആണ്… ജീവിക്കട്ടേ ഇനിയെങ്കിലും അവൾ അവളായിട്ട്… അതിന് ഇതൊരു തുടക്കമാവട്ടെ…..
✍️രജിത ജയൻ
