“ഒന്നു കെട്ടിപിടിച്ചുമ്മവെയ്ക്കുന്നതിന് പ്രതിഫലം ഒരു പട്ടുസാരിയോ… അതിത്തിരി കൂടുതലല്ലേ ടീ മോളെ രേവതീ….?
തന്റെ കയ്യിൽ കിടന്ന് പുളയുന്നവളെ അടക്കിനെഞ്ചോടു ചേർക്കാൻ ശ്രമിച്ച് ഗോകുൽ ചോദിക്കുമ്പോൾ പൊട്ടിച്ചിരിച്ചു രേവതി…
ഒട്ടും കൂടുതലല്ല മോനെ…. എന്റെ അഭിപ്രായത്തിലിത് കുറഞ്ഞു പോയെന്നാണ്… കെട്ടിപിടിച്ചൊരുമ്മാന്ന് പറഞ്ഞ് തുടങ്ങുന്ന നീ എന്നെങ്കിലും പറഞ്ഞ വാക്ക് പാലിച്ചിട്ടുണ്ടോടാ….. എല്ലാത്തിനും അവസാനം പണി കിട്ടുന്നത് എനിയ്ക്കാണ്… സൗജന്യ സേവനം ഞാൻ നിർത്തി…. നിർത്തീന്ന് പറഞ്ഞാൽ നിർത്തി… ”
ഗോകുലിന്റെ കയ്യിൽ നിന്ന് തെന്നിമാറി രേവതി പറഞ്ഞതേ നിമിഷം തന്നെയവളെ തിരികെ തന്റെ കൈക്കുള്ളിലാക്കിയിരുന്നു ഗോകുലും….
“ഏതു കാര്യം നമ്മൾ തുടങ്ങിയാലും അതിന്റെ അവസാനം വരെ കണ്ടേ അതിൽ നിന്ന് നമ്മൾ പിന്മാറാൻ പാടുള്ളൂന്നാ എന്റെ അച്ഛൻ കുഞ്ഞിനാളിലേ എന്നെ പഠിപ്പിച്ചത്… അന്നു മുതൽ ഞാനത് കൃത്യമായിട്ട് പാലിക്കുന്നുണ്ട് എന്റെ ലൈഫിൽ… അതു കൊണ്ട് ചേട്ടന്റെ പൊന്ന് വാ നമുക്കീ തുടങ്ങിയതിന്റേം അവസാനം കണ്ടിട്ട് നിർത്താം… അതിനു ചിലവൊരു പട്ടുസാരിയാണെങ്കിൽ അതു ഞാൻ സഹിച്ചോളാം…’
പിടഞ്ഞു മാറുന്നവളെ കയ്യിലൊതുക്കി ഗോകുലവളിലേക്ക് ചാഞ്ഞതും ആ മുറിയ്ക്കുള്ളിലവരുടെ പൊട്ടിച്ചിരികൾ നിറഞ്ഞു…
രേവൂ… മോളെ….
ഗോകുലിന്റെ കൈക്കുള്ളിൽ തളർന്നു രേവതി മയങ്ങി തുടങ്ങും നേരമാണ് വാതിലിൽ തട്ടിയൊരു വിളി പുറത്തു നിന്നുയർന്നത്….
ഗോകുലിന്റെ അമ്മ ലീലയാണ് വിളിയ്ക്കുന്നത്… അതറിയാവുന്നതുകൊണ്ടുതന്നെ അങ്ങനൊരു വിളിയൊച്ച കേട്ടതേയില്ലെന്ന പോലെ ഗോകുലിന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു കിടന്നു രേവതി….
മോളെ….രേവൂ….
പിന്നെയും ഒന്നു കൂടി വിളിയൊച്ച പുറത്തു നിന്നുയർന്നതും മയക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു ഗോകുൽ…
അമ്മയാണ് വിളിയ്ക്കുന്നത് എന്ന തിരിച്ചറിവിൽ ബെഡ്ഡിൽ നിന്നെഴുന്നേൽക്കാൻ പോയ ഗോകുലിനെ ഉറക്കത്തിലെന്ന വിധം തന്നിലേക്ക് ചേർത്തു പിടിച്ചു രേവതി…
അമ്മേ…. ദാ വരുന്നു…
തന്നിൽ മുറുകുന്ന രേവതിയുടെ കൈകളെ തന്നിൽ നിന്ന് വേർപ്പെടുത്തിയവൻ വിളിച്ചു പറഞ്ഞതു കേട്ട് പല്ലുകൾ ഞെരിച്ചമർത്തി ദേഷ്യ മൊതുക്കി രേവതി…
“മോനെ… കണ്ണാ… ഒന്നെഴുന്നേറ്റു വാടാ… ദേ ചേച്ചിയും അളിയനുമൊക്കെ വന്നിട്ടുണ്ട്…. അവർക്ക് പോയിട്ടെന്തോ തിരക്കുണ്ടെന്ന് പറയുന്നു… നിന്നെ കാണാനായിട്ട് വന്നതാണ്… അതാണമ്മ മക്കളെ ഉറക്കത്തീന്ന് വിളിച്ചെഴുന്നേൽപ്പിച്ചത്….
ഗോകുൽ വിളി കേട്ടതും തിടുക്കത്തിൽ എന്നാൽ താനവരെ ബുദ്ധിമുട്ടിച്ചോ എന്നൊരു ചിന്തയോടെ അമ്മ പറഞ്ഞതു കേട്ടതും നേർത്തൊരു ചിരി തെളിഞ്ഞു ഗോകുലിൽ…
അവരോടിരിക്കാൻ പറയമ്മേ…ഞാനൊന്നു ഫ്രഷായിട്ടു വരാം….
വിളിച്ചു പറയുന്നതിനൊപ്പം വാഷ് റൂമിലേക്ക് ഗോകുൽ കയറിയതും കിടന്നിടത്തു നിന്ന് പിടഞ്ഞെഴുന്നേറ്റ രേവതി മേശപ്പുറത്തിരുന്ന ഗോകുലിന്റെ പേഴ്സ് കൈക്കലാക്കി….
അതു കണ്ടു കൊണ്ടാണ് വാഷ് റൂമിൽ നിന്ന് ഫ്രഷായ്നോകുലിറങ്ങിയതെങ്കിലും അവനതിനെ പറ്റി അവളോട് തിരക്കുകയോ പേഴ്സ് ആവശ്യപ്പെടുകയോ ചെയ്യാതെ അവളെയൊന്ന് നോക്കി വേഗം വാതിൽ തുറന്ന് പുറത്തേക്കിറങ്ങി പോയി…
തന്നോടൊന്നും പറയാതെയുള്ള ഗോകുലിന്റെ ആ ഇറങ്ങി പോവൽ ദേഷ്യം നിറച്ചു രേവതിയിലെങ്കിലും അതടക്കിപ്പിടിച്ച് വേഗം ഫ്രഷായ് മുറിയ്ക്ക് പുറത്തേക്കിറങ്ങിയവളും..
സ്വീകരണമുറിയിലെത്തിയതും കണ്ടു ഗോകുലിനോടും അമ്മയോടും സംസാരിച്ചിരിയ്ക്കുന്ന ഗിരീഷേട്ടനെ…
ചേച്ചി എവിടെ അമ്മേ…?
ഉള്ളിലെ ദേഷ്യം പുറത്തു കാണിക്കാതെ ചുണ്ടിലൊട്ടിച്ചു ചേർത്തൊരു ചിരിയോടെ തിരക്കിയവൾ…
ഗായത്രി അടുക്കളയിൽ ചായ എടുക്കുവാണ് മോളെ… അതവള് എടുത്തോളും.. മോളിവിടെ ഇരിയ്ക്ക്…. മോളോടും ഗോകുലിനോടും ഒരുമ്മിച്ച് പറയാനുള്ളതാണ് അവർക്ക്…..
തനിയ്ക്ക് അരികെയുള്ള സ്ഥലം രേവതിയ്ക്ക് ഇരിക്കാൻ നൽകി അവളെ കൂടെയിരുത്തി ലീല
ഓ…അപ്പോ പണപ്പിരിവിനിറങ്ങിയതാണ് ഭാര്യേം ഭർത്താവും കൂടി…. നാണമില്ലാത്ത ജന്തുക്കൾ…. എത്ര കിട്ടിയാലും തികയാതെ വീണ്ടും വീണ്ടും ഇരക്കാനിറങ്ങിയേക്കുവാണ് രണ്ടും കൂടി…
ലീലയ്ക്കരികിലായ് ഇരിക്കുമ്പോൾ ഉള്ളു കൊണ്ട് ഗോകുലിന്റെ ചേച്ചിയേയും അളിയനെയും പ്രാകി രേവതി….
“അളിയാ കണ്ണാ… ബുദ്ധിമുട്ടിക്കുവാണെന്ന് അറിയാം എന്നാലും മടിയില്ലാതെ എന്തും നിന്നോടേ എനിയ്ക്ക് ചോദിച്ചു ശീലമുള്ളു… അതാണ് ഞാനും ഇവളും ഞങ്ങളുടെ ഈ ആവശ്യത്തിനും നിന്നെക്കാണാനായ് വന്നത്….”
ഗോകുലിന്റെ അളിയൻ പറഞ്ഞു തുടങ്ങിയതും വെറുപ്പോടെ അയാളെ നോക്കി രേവതി….
പഞ്ചാര വർത്താനം പറഞ്ഞ് ഗോകുലിന്റെ കയ്യിൽ നിന്ന് പൈസ വാങ്ങാൻ കെട്ടിയവനും കെട്ടിയവൾക്കും എന്താ ഒരു മിടുക്ക്….
ദേഷ്യത്തോടെ രേവതി ചിന്തിക്കും നേരത്തു തന്നെയാണ് മുറിയിലിരുന്നവളുടെ ഫോൺ ബെല്ലടിച്ചത്…
എല്ലാവരെയുമൊന്ന് നോക്കി രേവതി മുറിയിലേക്ക് ചെന്ന് ഫോണെടുത്തു… അവളുടെ അമ്മയാണ് ഫോണിൽ… സംസാരമെല്ലാം തീർന്നവൾ പുറത്ത് ഇറങ്ങി വരുമ്പോൾ പോവാനിറങ്ങിയിരുന്നു ഗായത്രിയും ഭർത്താവും….
“അമ്മയാ വിളിച്ചത്…. അവിടുത്തെ ഓരോന്നും പറഞ്ഞ് സമയം പോയതറിഞ്ഞില്ല… ചേച്ചിയൊക്കെ ഇത്ര വേഗം മടങ്ങി പോയതെന്താമ്മേ….. അവരെന്തു പറയാനാവുന്നതെന്നു കൂടി ശ്രദ്ധിക്കാൻ പറ്റിയില്ല…”
ഗായത്രിയും ഭർത്താവും പോയ പുറകെ വീടിനകത്തേക്ക് കയറിയ രേവതി അവരെത്തിനാണ് വന്നതെന്നറിയാനുള്ള ആകാംക്ഷയോടെ ലീലയോട് തിരക്കി…
‘അവർക്ക് ഗിരീഷിന്റെ തറവാട്ടിൽ നിന്ന് മാറി താമസിക്കാറായെന്ന്… ഗിരീഷിന്റെ താഴെയുള്ള രണ്ട് അനിയന്മാരുടെയും കല്യാണം കഴിഞ്ഞ് കുട്ടികളാവാറായല്ലോ…?
അതു കൊണ്ട്…..?
ചോദിയ്ക്കുമ്പോൾ തന്റെ ശബ്ദത്തിലിത്തിരി ഗൗരവം കലർന്നുവെന്നത് ശ്രദ്ധിച്ചു രേവതി…
“അതു കൊണ്ട് പ്രത്യേകിച്ചൊന്നും ഇല്ല…. അവരു തറവാടിനടുത്തായ് ഒരു വീടും സ്ഥലവും വാങ്ങിക്കാൻ വേണ്ടി കണ്ടു വെച്ചിട്ടുണ്ട്…. ഏകദേശം വിലയും കാര്യങ്ങളുമൊക്കെ പറഞ്ഞുറപ്പിച്ചു… കുറച്ചു പൈസയുടെ കുറവുണ്ട് അളിയന്… അതെന്നോടൊന്ന് തൽക്കാലം മറിക്കാൻ പറ്റുമോന്ന് തിരക്കിയതാണ് അളിയൻ… അതിനു വേണ്ടിയാണ് ചേച്ചിയേം കൂട്ടി വന്നത്….”
അമ്മയോടു കാര്യങ്ങൾ തിരക്കി അറിയുന്ന രേവതിയുടെ ശബ്ദത്തിലെ ഇഷ്ടക്കേട് തിരിച്ചറിഞ്ഞു വളരെ വിശദമായ് അവൾക്ക് കാര്യങ്ങൾ വ്യക്തമാക്കി കൊടുത്തു ഗോകുൽ…. തന്റെ സംസാരത്തിൽ ആകെ ഇരുണ്ടു പോവുന്ന രേവതിയുടെ മുഖത്തു തന്നെയാണവന്റെ കണ്ണുകൾ… അവരുടെ വരവും ആവശ്യവുമൊന്നും അവർക്കിഷ്ടപ്പെട്ടില്ലായെന്ന് ഉറപ്പിച്ചവൻ ഒന്നു കൂടി…
“ഒരു കഷ്ടപ്പെട്ടിട്ടുണ്ട് എന്റെ കുഞ്ഞ് ഈ വീട്ടിലും ഗിരീഷിന്റെ വീട്ടിലുമായിട്ട്…. അവൾക്കെന്തെങ്കിലും ഒക്കെ സഹായം ആവശ്യമുണ്ടെങ്കിൽ ഇങ്ങോട്ടല്ലേ ധൈര്യമായിട്ട് വരാനും ചോദിക്കാനുമൊക്കെ പറ്റുകയുള്ളു… ചെയ്തു കൊടുക്കാൻ ഞാനും ഇവനുമൊക്കെയല്ലേ ഉള്ളൂ… നമ്മളോടല്ലാതെ വേറെ ആരോടാണ് അവളവളുടെ സങ്കടങ്ങളും വിഷമങ്ങളും വന്ന് പറയ്യാ….?
രേവതിയുടെ ഇഷ്ടക്കേട് മനസ്സിലാക്കിയിട്ടെന്നവണ്ണം അമ്മ അവളോടായ് പറഞ്ഞതും വേഗത്തിൽ അവിടെ നിന്നെഴുന്നേറ്റ് മുറിയിലേക്ക് നടന്നു ഗോകുൽ…
“കണ്ണേട്ടൻ ചേച്ചിയ്ക്ക് പൈസ കൊടുക്കാമെന്ന് സമ്മതിച്ചോ…?
ഗോകുലിന് പുറകെ മുറിയിലെത്തിയ രേവതിയുടെ ശബ്ദത്തിന് കടുപ്പം വല്ലാതെ കൂടിയിരുന്നു…
”അതിലിത്ര ചോദിയ്ക്കാൻ എന്തിരിയ്ക്കുന്നു…. ഞാൻ കൊടുക്കുമെന്ന് നിനക്കറിയില്ലേ… എന്റെ ചേച്ചിയും അളിയനും ആണത്….”
ഗൗരവത്തിൽ പറയുന്ന ഗോകുലിന്റെ മുഖത്ത് തന്നെ നോക്കുമ്പോൾ കുറച്ചു സമയം മുമ്പ് താൻ കണ്ടാസ്വദിച്ച മൃദുഭാവങ്ങളൊന്നുമില്ലെന്ന് കണ്ടതും ദേഷ്യം നിറഞ്ഞവളിൽ
“ആരാണെങ്കിലും ശരി, ഇനിയും ഇങ്ങനെ കണ്ണേട്ടനെ ഊറ്റി ജീവിക്കാൻ അവരെ ഞാൻ സമ്മതിക്കില്ല… ഞാൻ വന്ന നാൾ മുതൽ കാണുന്നുണ്ടിത് ഞാനിവിടെ…. എന്തെങ്കിലും നല്ല ഭക്ഷണം ഇവിടെ ഉണ്ടാക്കിയാൽ അതിന്റെ പങ്ക് ചേച്ചിയ്ക്ക്…… ഡ്രസ്സും സാധനങ്ങളും വാങ്ങിയാൽ അതിലും ഉണ്ടാവും അവരുടെ വീതം…. ഇതൊന്നും പോരാതെ അവരായിട്ടു ചോദിച്ചു വാങ്ങുന്നതും അമ്മയും മകനും മത്സരിച്ച് കൊടുക്കുന്നതും വേറെ ഭാഗത്ത്…. ആരു കൊടുത്താലും ചിലവാകുന്നത് നിങ്ങളുടെ പണമാണ്…. ആ പണത്തിന് അവകാശി ഞാൻ കൂടിയാണ്…. ജനിക്കാൻ പോവുന്ന നമ്മുടെ കുഞ്ഞുങ്ങളാണ്… ഇനിയാർക്കും നിങ്ങളെ ഊറ്റാൻ കൊടുക്കില്ല ഞാൻ…. ഇതു വരെ നിങ്ങളിൽ നിന്നവർ വാങ്ങിച്ചെടുത്തത് അവരെ കൊണ്ടു തന്നെ ഞാൻ തിരികെ തരിയിപ്പിക്കും…. എനിയ്ക്ക് അവകാശപ്പെട്ടത് മറ്റൊരുത്തനങ്ങനെ ഓശാരത്തിൽ വാങ്ങിയെടുക്കണ്ട…. ”
പറയാനുള്ളതെല്ലാം പറഞ്ഞ് തീർത്ത് ശ്വാസമെടുക്കുന്ന രേവതിയുടെ മുന്നിലായ് വന്നു നിന്നു ഗോകുൽ….
“എന്റെ അച്ഛൻ മരിച്ചതിനു ശേഷം ഞങ്ങൾക്കു വേണ്ടി കഷ്ടപ്പെട്ട എന്റെ ചേച്ചിയുടെ കഥ പറഞ്ഞ് നിന്നെ ഞാൻ ബോറടിപ്പിയ്ക്കുന്നില്ല പകരം നീ ഇതൊന്ന് നോക്ക്….
കയ്യിലെ ഫോൺ അവൾക്കു നേരെ നീട്ടിയവൻ…
”ഇന്നേവരെ എന്നോട് അവരെന്തൊക്കെ ആവശ്യത്തിന് പണം ചോദിച്ചുവാങ്ങിയിട്ടുണ്ടോ അതെല്ലാം കൃത്യമായ് എനിയ്ക്ക് തിരിച്ചെന്റ അക്കൗണ്ടിൽ ഇട്ടു തന്നിട്ടുണ്ട് ഞാൻ എതിർത്തിട്ടു പോലും…. ഇന്നു ചോദിച്ചതും കടമായിട്ടാണ്…. ഞാൻ എതിർത്താലും മടക്കി തരുമതവർ…
പിന്നെ ഞാനും അമ്മയും ഞങ്ങളുടെ മനസ്സറിഞ്ഞ് ചേച്ചിയ്ക്ക് നൽകിയതെല്ലാം ഞങ്ങളുടെ സ്നേഹമാണ്… അതിന്റെ കണക്ക് നീ എടുക്കണ്ട തൽക്കാലം… പിന്നെ….
പറഞ്ഞു പാതിയിൽ നിർത്തിയവനെ ഇത്തിരി ഭയത്തോടെയാണ് രേവതി മുഖമുയർത്തി നോക്കിയത്…. അവർ വാങ്ങുന്ന കണക്കുകളല്ലാതെ തിരികെ കൊടുക്കുന്ന കണക്കുകൾ അവളറിഞ്ഞിരുന്നില്ലല്ലോ… അതുമല്ലെങ്കിൽ അറിയാൻ ശ്രമിച്ചിരുന്നില്ലല്ലോ…
“എന്റെ പൈസ നിന്റെയും നമുക്ക് ജനിക്കാൻ പോവുന്ന നമ്മുടെ മക്കളുടെയും മാത്രം ആണെന്ന് നീ ഉറപ്പുപറഞ്ഞതുകൊണ്ട് മാത്രം പറയുകയാണ് ഞാൻ, നാളെയോ അതുമല്ലെങ്കിൽ ഇപ്പോഴോ നീ പോണം നിന്റെ വീട്ടിലേക്ക്….,
മുഖത്തെ ഗൗരവമൊട്ടും കുറയാതെ ഗോകുൽ പറഞ്ഞതും പകച്ചവനെ നോക്കി രേവതി
“നിന്റെ അനിയത്തിയുടെ കല്യാണത്തിനും പിന്നെ നിങ്ങളുടെ വീടു പണിയ്ക്കും പിന്നെയതുപോലുള്ള മറ്റാവശ്യങ്ങൾക്കെല്ലാം കൂടി നല്ലൊരു സംഖ്യ നിന്റെ വീട്ടുകാർ എന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ട്…. തിരികെ തരാമെന്ന് ഉറപ്പു പറഞ്ഞാണ് വാങ്ങിയതെങ്കിലും അതിലൊരു രൂപ പോലും അവരെനിയ്ക്ക് ഇതുവരെ തിരികെ തന്നിട്ടില്ല… ഞാനെന്റെ കൂടപ്പിറപ്പിന് കൊടുത്തതിന്റെ കണക്കുകൾ മാത്രം നോക്കിയിരുന്നതുകൊണ്ടാവും നീയും ഇത് മറന്നത്… ഇനി വൈകണ്ട എന്തായാലും മാറ്റി പുറപ്പെട്ട് പോവാൻ നോക്ക് വീട്ടിലേക്ക്…. പോവാനുള്ള വണ്ടി ഞാനേല്പ്പിച്ചേക്കാം…. വരുമ്പോ പൈസ വാങ്ങികൊണ്ടുവരാൻ മറക്കണ്ട…. അതു കിട്ടീട്ട് വന്നാൽ മതി അവിടുന്ന്…. ”
ഉറപ്പിച്ചൊരു തീരുമാനമായ് തന്നെ ഗോകുൽ പറഞ്ഞതും അവനതിൽ നിന്ന് പിന്നോട്ടിനി
പോവില്ലെന്ന തിരിച്ചറിവിൽ ആകെ പകപ്പോടെ എന്തു വേണമെന്നറിയാതെ നിന്നു പോയ് രേവതി….
‘കണക്കെല്ലാം കൃത്യമാണോയെന്ന് നോക്കിയിട്ട് പൈസ വാങ്ങണേ രേവതീ…. എന്റെ മോന്റെ അധ്വാനമാണ് …വെറുതെ കളയാൻ പറ്റില്ല… വേഗം മാറ്റിയിറങ്ങാൻ നോക്ക്…. ”
എന്തു വേണമെന്നറിയാതെ ഇരുന്നവൾക്ക് മുമ്പിലേക്ക് വന്നു ലീല കൂടി പറഞ്ഞതും ആ വീട്ടിലെ തന്റെ തകർച്ച പൂർണ്ണമായത് തിരിച്ചറിഞ്ഞവൾ….കാരണം മോളെ എന്നല്ലാതെ അവളെ ഇതുവരെ പേരു വിളിച്ചിരുന്നില്ല ലീല… എന്നാൽ ഇപ്പോൾ തന്റെ സ്വഭാവം തനിയ്ക്ക് തന്നെ വിനയായ് തീർന്നെന്ന തിരിച്ചറിവോടെ വീട്ടിലേക്ക് പോവാനിറങ്ങിയവൾ… അതല്ലാതെ മുന്നിൽ മറ്റൊരു വഴിയില്ലെന്ന ബോധ്യത്തോടെ….
✍️RJ
