ഒരു പ്രേമമോ ചുറ്റിക്കളിയോ ഒന്നുമില്ലാതെ എന്ത് ക്യാമ്പസാ ടാ മോനെ.. നാളെ ഒരു കാലത്ത് ഇതൊക്കെ അല്ലെ മനസ്സിൽ നല്ല ഓർമകളായി….

“ഹാ.. ഒരു പ്രേമമോ ചുറ്റിക്കളിയോ ഒന്നുമില്ലാതെ എന്ത് ക്യാമ്പസാ ടാ മോനെ.. നാളെ ഒരു കാലത്ത് ഇതൊക്കെ അല്ലെ മനസ്സിൽ നല്ല ഓർമകളായി നിലനിൽക്കേണ്ടത്.. ”

ഭാസ്കരൻ കൊച്ച് മകൻ അരുണിനെ അരികിൽ പിടിച്ചിരുത്തി

” അപ്പൂപ്പാ.. ഇച്ചിരി സമയം താ.. ഞാൻ ജോയിൻ ചെയ്തിട്ട് ഒരു വർഷം അല്ലെ ആകുന്നുള്ളു.. ഇറങ്ങുന്നേനു മുന്നേ ഒരെണ്ണം സെറ്റ് ആക്കണം… ”

ആ മറുപടി കേട്ട് ഭാസ്കരൻ പൊട്ടിച്ചിരിച്ചു പോയി..

” കൊള്ളാം…കൊള്ളാം.. നല്ല അപ്പൂപ്പനും കൊച്ച് മോനും.. അവസാനം കൊച്ചിനെ വഴി തെറ്റിച്ചെന്ന് ചീത്തപ്പേര് കേൾക്കാൻ ഇടയാകരുത്… ഞാൻ പറഞ്ഞേക്കാം ”

ഭാര്യ ശാരദയുടെ ആ കമന്റ് കൂടി കേൾക്കെ ആ ചിരി ഇരട്ടിയായി.

” അതേ അപ്പൂപ്പാ. അപ്പൂപ്പൻ പണ്ട് കോളേജിൽ ഒക്കെ പോയിട്ടുള്ളതല്ലേ അപ്പോ പഴേ പ്രേമം ഒന്നും ഇല്ലാരുന്നോ… അമ്മ പറഞ്ഞു കേട്ട കഥകൾ വച്ചു അന്നത്തെ സ്റ്റാർ ആയിരുന്നല്ലോ അപ്പൂപ്പൻ ”

ഭാസ്കരന്റെ പൊട്ടിച്ചിരി അവസാനിക്കുവാൻ ആ ഒരൊറ്റ ചോദ്യം മാത്രം മതിയാരുന്നു. ഒരു നിമിഷം അയാൾ നിശബ്ദനായി പോയി..

” ആ ചോദിക്ക് ചോദിക്ക്.. അപ്പൂപ്പൻ പറഞ്ഞ് തരും പണ്ടത്തെ ഒരു നഷ്ടപ്രണയത്തിന്റെ കഥ… വലിയൊരു കഥയാണ് അത്…. ”

പിന്നിൽ നിന്നും ശാരദയാണ് അവന് മറുപടി കൊടുത്തത്. അതോടെ ആകാംഷയിൽ ഭാസ്കരനെ നോക്കി അരുൺ.

” നഷ്ട പ്രണയമോ…. കൊള്ളാലോ… പറഞ്ഞെ പറഞ്ഞെ. ആ കഥ ഒന്ന് കേൾക്കട്ടെ… ”

അവന്റെ ചോദ്യം കേട്ട് ഒരു നിമിഷം നെടുവീർപ്പിട്ടു ശ്രീധരൻ.

” മോനെ.. അതൊരു കുഞ്ഞു കഥയാടാ.. ഈ പറയുന്ന പോലെ അത്ര വലുത് ഒന്നും അല്ല… അപ്പൂപ്പന്റെ പ്രീഡിഗ്രി കാലത്ത് ഉള്ളതാ…. പണ്ടൊക്കെ പത്ത് കഴിഞ്ഞാൽ പിന്നേ പ്രീഡിഗ്രി ആണ്. അന്നൊക്കെ പെങ്കൊച്ചുങ്ങക്ക് പഠിക്കാൻ വരല് വളരെ കുറവാണ്. ഞങ്ങടെ ക്ലാസ്സിലും ആകെ രണ്ട് പേരാണ് ഉണ്ടായിരുന്നത് അതിൽ ഒരു ഉണ്ടക്കണ്ണിയുണ്ടായിരുന്നു. ഈ പഴയ കാല കവികളുടെ ഭാഷയിൽ പറഞ്ഞാൽ പനങ്കുല പോലെ നീളൻ മുടിയുള്ള.. വാലിട്ട് കണ്ണെഴുതിയ… മുല്ല മൊട്ടുപോലുള്ള പല്ലുകളും പാൽ പുഞ്ചിരിയുമൊക്കെയുള്ള ഒരു കൊച്ചു സുന്ദരി.. സുലോചന….. ”

അത്രയും പറയുമ്പോൾ തന്നെ അയാളുടെ മുഖം വിടർന്നിരുന്നു.

“വാലിട്ട് കണ്ണെഴുതിയതോ.. അത് ഇപ്പോ ഈ കൊച്ച് കൊച്ചുങ്ങൾക്ക് അല്ലെ അങ്ങിനൊക്കെ ചെയ്യുന്നേ….. ”

അരുൺ ഇടയിലേക്ക് കയറവേ ഒന്ന് പുഞ്ചിരിച്ചു ശ്രീധരൻ.

” അതൊക്കെ അന്നും അങ്ങിനെ തന്നാ… പക്ഷെ സുലോചന വാലിട്ട് കണ്ണെഴുതുമായിരുന്നു. അവൾക്ക് അത് നല്ല അഴകായിരുന്നു… ”

മറുപടി പറയുമ്പോൾ അയാളുടെ മിഴികളിൽ വജ്രത്തിളക്കമായിരുന്നു.

” എന്നിട്ട്.. ബാക്കി പറയ്..”

അരുണിന്റെ ആകാംഷയേറി

” എന്നിട്ടെന്താ മോനെ .. ഒറ്റ നോട്ടത്തിൽ ഞാൻ വീണു പോയി.. പിന്നേ സ്ഥിരം പിന്നാലെ നടന്നു.. അന്നൊക്കെ ലെറ്ററുകൾ ആയിരുന്നു ഹംസങ്ങൾ.. മനസിലെ ഇഷ്ടം പേപ്പറിൽ എഴുതി കൊടുത്തു.. ഓളത് വാങ്ങി വായിച്ച ശേഷം ഒരു പുഞ്ചിരിയുണ്ടായിരുന്നു.. ഇന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്ന ആ പുഞ്ചിരി .. ”

ഒന്ന് നിർത്തി അകത്തേ മുറിയിലേക്ക് തല നീട്ടി നോക്കി ശാരദ അവിടെ ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം തുടർന്നു അയാൾ.

” അത്രയും അഴകുള്ള ഒരു ചിരി നിന്റെ അമ്മൂമ്മയിൽ പോലും ഞാൻ കണ്ടിട്ടില്ല മോനെ.. ”
ആ വാക്കുകളിൽ പഴയ പ്രണയം വീണ്ടും നിഴലിച്ചു.

“അപ്പൂപ്പൻ അപ്പോ ആളൊരു കില്ലാഡിയായിരുന്നു അല്ലെ… ഒറ്റ ലെറ്ററിൽ ഒക്കെ ആളെ വളച്ചില്ലേ…”

വീണ്ടുമൊരു പൊട്ടിച്ചിരിയായിരുന്നു അരുണിനുള്ള ശ്രീധരന്റെ മറുപടി.

“അന്നൊക്കെ ഞാൻ നല്ല ഗ്ലാമർ ആയിരുന്നെടാ… ”

“എന്നിട്ട് എന്തായി ബാക്കി പറയ്.. ”

അവന്റെ ആകാംഷ കണ്ട് തുടർന്നു അയാൾ

” എന്നിട്ട് എന്താ പരസ്പരം ഇഷ്ടപ്പെട്ടു ഞങ്ങൾ പ്രേമിച്ചു. ഇന്നത്തെ പോലൊന്നുമല്ല.. അന്നൊക്കെ ഒരു ആണും പെണ്ണും തമ്മിൽ മിണ്ടുന്നതു കണ്ടാൽ തന്നെ പ്രശ്നങ്ങൾ ആണ്. എന്നിട്ടും ആരും കാണാതെ പാത്തും പതുങ്ങിയും ഞങ്ങൾ പ്രണയം പങ്കിട്ടു. ഒടുക്കം ഒരു വേനലവധിക്കാലത്ത് അവളെ കാണാൻ ഞാൻ വീട്ടിൽ പോയി.. അതോടെ പണി പാളി.. പിടിക്കപ്പെട്ടു.. അവളുടെ വീട്ടുകാരുടെ കയ്യിൽ നിന്നും നല്ല തല്ലും കിട്ടി.. പിന്നേ ഞാൻ സുലോചനയെ കണ്ടില്ല. അവളെ അവര് തമിഴ്നാട്ടിലേക്ക് ഏതോ ആന്റി ടെ വീട്ടിലേക്ക് മാറ്റി ന്ന് പിന്നെയാണ് അറിഞ്ഞത്. അന്നൊന്നും ഇത്പോലെ ഫോണൊന്നും ഇല്ലാലോ മോനെ.. ഞങ്ങടെ പ്രണയം അവടെ തീർന്നു. ”
കേട്ടിരുന്ന അരുണിന്റെ മുഖത്തേക്ക് നിരാശ നിഴലിച്ചു

” അപ്പൂപ്പനു തിരക്കി പൊയ്ക്കൂടായിരുന്നോ അന്ന്. ”

” ഏയ്.. അതൊന്നും പറ്റീലടാ മോനെ.. അന്നൊക്കെ തമിഴ് നാട്ടിൽ പോകുക ന്ന് പറയണത് തന്നെ വല്യ റിസ്ക് ആണ്. പിന്നേ പ്രീഡിഗ്രി കഴിഞ്ഞപ്പോ തന്നെ ദാരിദ്ര്യം കാരണം എനിക്ക് പേർഷ്യായിലേക്ക് പോകേണ്ടി വന്നു… അന്നൊക്കെ ഇന്നത്തെ പോലെ പോയി ഇടക്കിടക്ക് നാട്ടിൽ ഒന്നും വരാൻ പറ്റില്ല.. അഞ്ചു വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ ആദ്യമായി ലീവിന് തന്നെ വന്നത്. ”

വീണ്ടുമൊന്ന് നെടുവീർപ്പിട്ട് നിർത്തി അയാൾ.

” അപ്പോ അപ്പൂപ്പൻ പിന്നേ അവരെ കണ്ടിട്ടില്ലേ ”

സംശയത്തോടെ അരുൺ നോക്കുമ്പോൾ ഒന്ന് പുഞ്ചിരിച്ചു ശ്രീധരൻ.

” പിന്നേ അന്ന് പോയീ പിന്നേ രണ്ട് വട്ടം ഞാൻ അവരെ കണ്ടിട്ടുണ്ട്. ആദ്യമായി നാട്ടിൽ വന്ന ശേഷം ഉത്സവത്തിനു.. ഒക്കത്ത് ഒരു കുഞ്ഞുമായി… അതായിരുന്നു ആദ്യം കണ്ടത്… ”

പറഞ്ഞ് നിർത്തുമ്പോൾ ആ വാക്കുകളിലെ നിരാശ തൊട്ടറിഞ്ഞു അരുൺ.

“അത് ഒരുവട്ടം കണ്ടത് പിന്നേ രണ്ടാമതോ ”

ആ ചോദ്യം ഒരു നിമിഷം ശ്രീധരനെ നിശബ്ദനാക്കി.
പതിയെ വേച്ചു വേച്ച് എഴുന്നേറ്റു അയാൾ. ആ മുഖത്തെ നിരാശയിൽ നിന്നും പിന്നീട് അവരെ കണ്ടത് ഏതോ വിഷമ ഘട്ടത്തിലാണെന്ന് മനസിലാക്കി അരുൺ..

” അപ്പൂപ്പനു പറയാൻ പറ്റില്ലേൽ വേണ്ട കേട്ടോ.. ഞാൻ അറിയാനുള്ള ആകാംഷയിൽ ചോദിച്ചതാ… ”

അവന്റെ മറുപടി കേട്ട് പതിയെ തിരിഞ്ഞു ശ്രീധരൻ.

” മോനെ.. കഴിഞ്ഞ ആഴ്ച നീ എന്നെയും കൂട്ടി ഒരു മരണത്തിനു പോയത് ഓർക്കുന്നില്ലേ.. ആ വാട്ടർ ടാങ്കിന്റെ താഴത്തെ വീട്ടിൽ.. ”

“ഉവ്വ്…. ഹാർട്ട് അറ്റാക്ക് വന്ന് മരിച്ച ആ അമ്മ.. അത് അപ്പൂപ്പന്റെ ഏതോ ഫ്രണ്ടിന്റെ അനിയത്തി ന്ന് അല്ലെ പറഞ്ഞെ.. ”

ആ വാക്കുകൾ കേട്ട് പതിയെ പുഞ്ചിരിച്ചു ശ്രീധരൻ.

“അതവളായിരുന്നു…. സുലോചന.. ഞങ്ങടെ രണ്ടാമത്തെയും അവസാനത്തെയും കൂടിക്കാഴ്ച.. അവള് പോയി.. ”

ഇത്തവണ തകർച്ച വാക്കുകളിൽ മാത്രമല്ല അയാളുടെ ശരീരത്തെയും ബാധിച്ചിരുന്നു. ശ്രദ്ധ തെറ്റി പിന്നിലേക്ക് വീഴാനാഞ്ഞ ശ്രീധരൻ പിടിച്ചു നിർത്തിയത് അരുൺ ആണ്.

” അപ്പൂപ്പാ..സോറി ഞാൻ അറിയാതെ ചോദിച്ചതാ ”

ഒരു കുറ്റബോധം അവനെയും വേട്ടയാടി

“ഏയ് സാരമില്ല മോനെ.. ഞാൻ ചാവുന്നേനു മുന്നേ അവളെ ഒന്നൂടെ കാണണം ന്ന് ആയിരുന്നു ആഗ്രഹം.. അതെന്തായാലും പറ്റി. അതിൽ സന്തോഷമേ ഉള്ളു ”

ചെറു പുഞ്ചിരിയോടെ ശ്രീധരൻ പതിയെ മുറിയിലേക്ക് പോകുമ്പോൾ നിരാശയിൽ നോക്കി നിന്നു അരുൺ. ആ സ്റ്റോറിയും ശ്രീധരന്റെ വിഷമവും അവനെ അത്രമേൽ സ്പർശിച്ചിരുന്നു. അയാൾ ഉള്ളിലേക്ക് പോകവേ പതിയെ പുറത്തേക്ക് വന്നു ശാരദ..

” മോൻ കേട്ടോ കഥ മുഴുവൻ… ”

ആ ചോദ്യത്തിന് മുന്നിൽ മൗനമായി തലയാട്ടി അരുൺ.

” മ്… വല്യ വിഷമം ആയിരുന്നു ആളിന്… എന്നെ കെട്ടുന്നേനു മുന്നേ എല്ലാം പറഞ്ഞതാ…. അന്ന് കുറെ കരഞ്ഞു. അതിനു ശേഷം ഇന്നാ വീണ്ടും പറഞ്ഞ് കേൾക്കുന്നേ…. ”

ശാരദയുടെ മുഖത്തും നിരാശ നിഴലിച്ചിരുന്നു.

” അന്നത്തെ കാലത്ത് ഇപ്പോഴത്തെ പോലെ ഫോണും ഒന്നും ഇല്ലാരുന്നല്ലോ അമ്മൂമ്മേ.. ഉണ്ടായിരുന്നേൽ ഉറപ്പായും അപ്പൂപ്പൻ അവരെ കണ്ട് പിടിച്ചേനെ അല്ലെ… ”

ആ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു ശാരദ..

“കണ്ട് പിടിക്കാത്തത് നന്നായി.. ഇല്ലാരുന്നേൽ ഈ മനുഷ്യനെ എനിക്ക് കിട്ടില്ലാരുന്നല്ലോ മോനെ ”

മറുപടി പറഞ്ഞ് അവരും പതിയെ ഉള്ളിലേക്ക് പോകവേ അരുണിന്റെ ചുണ്ടിലും അറിയാതെ ഒരു പുഞ്ചിരി വിടർന്നു..

‘നഷ്ട പ്രണയങ്ങൾക്കൊപ്പം തന്നെ ഇഷ്ട പ്രണയങ്ങളും.. സുഖമുള്ള ഓർമകളാണ്..’

ശാരദയുടെ മുഖത്ത് അപ്പോൾ തെളിഞ്ഞത് ഇഷ്ട പ്രണയം നേടിയ സന്തോഷമായിരുന്നു.

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു.

Leave a Reply

Your email address will not be published. Required fields are marked *