നന്ദന്റെ ശരീരത്തിലേക്ക് തന്റെ മുഴുവൻ ശരീരഭാരവും നൽകി സവിത ചേർന്നു കിടന്നതും ദേഹമാകെ പടരുന്നൊരു വേദനയോടെ കണ്ണുകളിറുക്കെ….

“നിന്റെ തൊലി വെളുപ്പ് കാണിച്ച് എന്റെ ഭർത്താവിനെ ചിരിച്ചു മയക്കാമെന്ന് നീ കരുതണ്ട ഗൗരീ…ഇയാൾക്ക് ഈ ജന്മത്തിലും ഇനിയുള്ള ജന്മത്തിലും ഞാൻ മാത്രം മതി പെണ്ണായിട്ട്… ആ സ്ഥാനം മോഹിച്ചാരും ഇവിടെ കയറിയിറങ്ങണ്ട… വച്ചുപൊറുപ്പിക്കില്ല ഞാനത്… അതിനി എന്റെ ഏട്ടന്റെ ഭാര്യയായ നിന്നെയാണെങ്കിലും അതേ…. അടിച്ചു കരണം പുകയ്ക്കും ഞാൻ….

പകച്ച മിഴികളോടെ റൂമിനുള്ളിൽ നിൽക്കുന്ന ഗൗരിയുടെ കഴുത്തിൽ വലംകൈയ്യമർത്തി മുരളും പോലെയാണ് സവിതയുടെ സംസാരമത്രയും..

“സവീ….. ആ കുട്ടിയെ ഉപദ്രവിക്കല്ലേ നീ… ഞാൻ വിളിച്ചിട്ടാണവൾ നമ്മുടെ മുറിയിലേക്ക് വന്നത്.. അതും എനിയ്ക്ക് കുടിക്കാനുള്ള വെള്ളവും കൊണ്ട്….

നിലത്തു പരന്നൊഴുകുന്ന വെള്ളത്തിലേക്ക് നോട്ടമയച്ച് സവിതയെ മുഖമുയർത്തി നോക്കുക പോലും ചെയ്യാതെ മെല്ലെ നന്ദൻ പറഞ്ഞതും ഗൗരിയുടെ കഴുത്തിൽ നിന്ന് കയ്യെടുത്ത് കത്തുന്ന മിഴികളോടെ നന്ദനെ നോക്കി സവിത…

ഇന്നേരം കഴുത്തിൽ തടവി ചുമച്ചു കൊണ്ട് നിലത്തിരുന്ന് ശ്വാസമെടുക്കാൻ പെടാപാട് പെടുകയായിരുന്നു ഗൗരി…

സവിതയുടെ ഒട്ടും പ്രതീക്ഷിക്കാത്ത ആക്രമണം കൊണ്ട് കഴിഞ്ഞു പോയ കുറച്ചു നിമിഷങ്ങൾ കൊണ്ടു തന്നെ മരണത്തിന്റെ വക്കോളം ചെന്നെത്തിയിരുന്നു അവളും….

“നിങ്ങളോട് ഞാനെത്ര പ്രാവശ്യം
പറഞ്ഞിട്ടുണ്ട്നന്ദൻ നിങ്ങളുടെ ഒരു നോട്ടം പോലും ഇവളിലേയ്ക്ക് ചെല്ലരുതെന്ന്…. ഇവളിലേക്കെന്നല്ല ഞാനല്ലാത്ത മറ്റൊരു പെണ്ണിലേയ്ക്കും പാളരുത് നിങ്ങളുടെ കണ്ണുകൾ… എനിയ്ക്കത് ഇഷ്ടമല്ലത്…. എനിയ്ക്ക് മാത്രമല്ല എന്റെ ഏട്ടനും ഇഷ്ടമില്ല നിങ്ങളു രണ്ടാളും കാണുന്നതും മിണ്ടുന്നതും… ഇതൊക്കെ അറിഞ്ഞിട്ടും നിങ്ങളെന്തിനാണ് വെള്ളം ചോദിച്ച് ഇവളെ തന്നെ ഈ മുറിയിലേക്ക് വിളിച്ചത്… നിങ്ങൾക്ക് ഇവളെയും ഇവളുടെയീ സൗന്ദര്യത്തെയും കണ്ടാസ്വദിയ്ക്കാൻ അല്ലേ… അല്ലേന്ന്…..?

പറഞ്ഞു പറഞ്ഞൊടുവിൽ ബെഡ്ഡിൽ അനങ്ങാൻ വയ്യാതെ കിടക്കുന്ന നന്ദന്റെ ശരീരത്തിലേക്ക് തന്റെ മുഴുവൻ ശരീരഭാരവും നൽകി സവിത ചേർന്നു കിടന്നതും ദേഹമാകെ പടരുന്നൊരു വേദനയോടെ കണ്ണുകളിറുക്കെ അടച്ചു കളഞ്ഞു നന്ദൻ….

സവിതയുടെ ആ ചേർന്നു കിടപ്പിൽ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുന്ന നന്ദനെ കണ്ടതും ആ കാഴ്ച കൂടുതൽ കാണാൻ വയ്യാതെ വേഗത്തിലാ മുറിയ്ക്ക് പുറത്തേയ്ക്കിറങ്ങിയ ഗൗരി ചെന്നിടിച്ചത് അവിടേയ്ക്ക് അവളെ തിരക്കി വന്ന സന്തോഷിന്റെ ദേഹത്താണ്… അതു തിരിച്ചറിഞ്ഞതും ഭയന്നൊരു വിറയലോടി ഗൗരിയുടെ ശരീരത്തിലൂടെ….

“നിന്നോട് നമ്മുടെ മുറി വിട്ടെങ്ങും പോവരുതെന്ന് പറഞ്ഞിട്ടില്ലേ ഗൗരീ ഞാൻ…?

തനിയ്ക്ക് മുമ്പിൽ നിന്ന് വിറയ്ക്കുന്ന ഗൗരിയെ ദേഹം നോവും വിധം നെഞ്ചിലേക്ക് ചേർത്തണച്ച് സന്തോഷ് ശബ്ദമുയർത്തിയതും അവന്റെയാ ശബ്ദത്തിൽ നന്ദനിലേക്ക് ചാഞ്ഞുകിടന്ന സവിത വേഗം അവന്റെ ശരീരം വിട്ടെഴുന്നേറ്റ് സന്തോഷിനടുത്തേയ്ക്ക് ചെന്നു….

“ഞാനും ഇവളോടത് ചോദിച്ചേട്ടാ…. ഞാൻ ഏട്ടനോട് ഇതിനും മുമ്പും പറഞ്ഞിട്ടില്ലേ ഇവൾക്കെന്റെ നന്ദനിലാണ് കണ്ണെന്ന്… എന്റെ നന്ദൻ നല്ല സുന്ദരനല്ലേ അതാണിവൾ കാണാൻ ഭംഗികുറവുള്ള ഏട്ടനെ ഒഴിവാക്കി നന്ദന്റെ പുറകെ പോവാൻ കാരണം…. അല്ലെങ്കിൽ ഇപ്പോ തന്നെ നോക്ക് ഏട്ടാ ഇവളല്ലേ ഞങ്ങളുടെ ഈ മുറിയിലേക്ക് വന്നത്…. ഇവളുടെയീ സർപ്പ സൗന്ദര്യം കാണിച്ച് നന്ദനെ വശീകരിച്ച് സ്വന്തമാക്കാനുള്ള വരവാണിവളുടെ….സമ്മതിക്കരുത് ഏട്ടാ… ഏട്ടന്റെ കണ്ണിന്റെ മുന്നിൽ നിന്ന് മാറാനും കൂടി സമ്മതിക്കാതെ എപ്പോഴും കൂടെ തന്നെ നിർത്തണം ഇവളെ ഏട്ടൻ… അന്നേരമേ പഠിയ്ക്കൂ ഇവളൊക്കെ… ”

ഗൗരിയെ പകയോടെ നോക്കി സന്തോഷിൽ സവിത വാശിക്കയറ്റിയതും ഗൗരിയുടെ ശരീരത്തിലുള്ള തന്റെ പിടുത്തം മുറുക്കി സന്തോഷ്…

വേദനയിലും നാണക്കേടിലും ഗൗരിയുടെ മിഴികൾ നിശബ്ദം നിറഞ്ഞൊഴുകുന്നത് കിടന്ന കിടപ്പിലും കണ്ടു നന്ദനെങ്കിലും ഗൗരിയ്ക്ക് അനുകൂലമായ് ഒരു വാക്കു പോലും സന്തോഷിനോട് പറഞ്ഞില്ലവൻ… താനങ്ങനെ എന്തെങ്കിലുമൊന്ന് പറഞ്ഞാൽ അതിന്റെ പേരിലും ഗൗരിയെ കൂടുതലായ് അവരാങ്ങളയും പെങ്ങളും വേദനിപ്പിയ്ക്കുമെന്നറിയാം അവന്.. ഇതിനു മുമ്പ് അത്തരം നിരവധി അനുഭവങ്ങൾ കണ്ടതാണല്ലോ അവനും

യാതൊരു ദയവുമില്ലാതെ സന്തോഷ് വലിച്ചിഴച്ചെന്ന പോലെ ഗൗരിയെ അവരുടെ മുറിയിലേക്ക് കൊണ്ടു പോവുന്നതു കണ്ടതും അവളുടെ ഇന്നത്തെ വേദനയ്ക്ക് താൻ കാരണക്കാരനായല്ലോ എന്നോർത്ത് വേദനിച്ചു നന്ദൻ…

ഒരു മാസത്തോളമാവുന്നു താനീ കിടപ്പു തുടങ്ങിയിട്…. നിസാരമായൊരു കാര്യത്തെ ചൊല്ലി സവിത തുടങ്ങി വെച്ച വഴക്ക് അവസാനിച്ചത് തന്റെ വീഴ്ചയിലാണ്… അതും വെറും വീഴ്ചയല്ല സ്റ്റയർകേസിന്റെ മുകളിൽ നിന്ന് തന്നെയവൾ താഴേക്കു തള്ളിയിടുകയായിരുന്നു ദേഷ്യമേറിയിട്ട്….

ഇഷ്ടപ്പെട്ടതെന്തും കൈവശപ്പെടുത്തി ആസ്വദിയ്ക്കുന്ന ഒരാങ്ങളയും പെങ്ങളും…

പഠനം കഴിഞ്ഞ് ഏറെയായിട്ടും നല്ല ജോലിയൊന്നും ശരിയാവാതെ ഇരുന്ന നാളിലാണ് സവിതയുടെ തറവാട് വക കമ്പനി വേക്കൻസിലേക്ക് താൻ കയറിപറ്റിയത്…

ഇന്റർവ്യൂ വേളയിൽ കമ്പനിയിൽ വെച്ചു തന്നെ കണ്ട സവിതയ്ക്ക് തന്നോട് തോന്നിയ ഇഷ്ടമായിരുന്നു തന്റെയാ ജോലിയെന്ന് താനറിഞ്ഞത് അവളുടെ വിവാഹാലോചന തന്റെ വീട്ടിലെത്തിയപ്പോഴാണ്….

സവിതയെ വിവാഹം കഴിച്ചാലുണ്ടാവുന്ന നേട്ടങ്ങളിൽ തന്റെ വീട്ടുക്കാർ
ആഘർഷരായതോടുകൂടി അവരുടെ നിർബന്ധത്തിന് വഴങ്ങി തനിയ്ക്ക്
വലിയ സൗന്ദര്യമോ വിദ്യാഭ്യാസമോ ഇല്ലാത്ത
സവിതയുടെ ഭർത്താവായ് അവളുടെ അടിമയായ് തീരേണ്ടി വന്നുവെങ്കിൽ തന്റെ വീട്ടുക്കാരെ പോലെ തന്നെ പണത്തിനോട് തീർത്താൽ തീരാത്തത്ര ആർത്തിയുള്ള ഗൗരിയുടെ മാതാപിതാക്കളെ പണം കാണിച്ച് മയക്കിയെടുത്താണ് സന്തോഷ് ഗൗരിയേയും നേടിയത്….

ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും മാത്രമുളള ഗൗരി സന്തോഷിന്റെ ഭാര്യയായ് ഈ വീട്ടിലെത്തിയതിനു ശേഷം അനുഭവിക്കാത്ത ദുരന്തങ്ങൾ ഒന്നുമില്ല….
അതിൽ പ്രധാനമാണ് സവിതയുടെയും സന്തോഷിന്റെയും സംശയരോഗം മൂലമുള്ള ദുരിതങ്ങൾ….

ഒരു വീട്ടിൽ ഒരുമിച്ചു താമസിക്കുന്ന ഗൗരിയോ നന്ദനോ അറിയാതൊന്നു മിണ്ടിയാലോ ചിരിച്ചാലോ പോലും വഴക്കും അടിയുമാണ് ഗൗരിയ്ക്ക്.. അതുപോലെ തന്നെ സ്വൈര്യക്കേടാണ് സവിതയിൽ നിന്ന് നന്ദനും

ഇന്നു തന്നെ ദാഹം സഹിക്കാൻ കഴിയാതെ വന്നപ്പോൾ, കിടന്ന കിടപ്പിൽ നിന്നെഴുന്നേൽക്കാൻ പറ്റാത്തതു കൊണ്ട് വിളിച്ചു പോയതാണ് ഗൗരിയെ… അതും സവിത തന്റെ വിളി കേൾക്കാത്തതു കൊണ്ട്… അതൊടുവിലായത് ഇങ്ങനെയും…

ഇന്ന് താൻ മൂലം ഗൗരി സന്തോഷിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വരുന്ന വേദനകൾ എത്രയാവുമെന്നോർത്തതും അറിയാതെ നീർ പൊടിഞ്ഞു നന്ദന്റെ മിഴികളിൽ…

ദിവസങ്ങൾ പതിയെ മുന്നോട്ടു നീങ്ങി….നന്ദന്റെ ആരോഗ്യം മെച്ചപ്പെട്ടവൻ കമ്പനിയിലും പോയി തുടങ്ങി….
പക്ഷെ പിന്നീട് കഴിയുന്നതും നന്ദനോ ഗൗരിയോ അധികമൊരു കണ്ടുമുട്ടലുണ്ടായില്ല എങ്കിലും സവിതയിൽ നിന്നും സന്തോഷിൽ നിന്നും അവർക്ക് കിട്ടുന്ന ഉപദ്രവങ്ങൾക്കും മറ്റുവഴക്കുകൾക്കും യാതൊരു കുറവുമുണ്ടായിരുന്നില്ല…

ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന രീതിയിൽ കാരണങ്ങൾ അവർ കണ്ടു പിടിച്ചു കൊണ്ടേയിരുന്നതും തീർത്തും ദുരിതത്തിലായ് പോയത് ഗൗരിയാണ്… സന്തോഷിന്റെ ഉപദ്രവത്തിൽ ഗൗരിയുടെ വേദനിച്ച കരച്ചിൽ ചീളുകൾ ആ മുറിയിൽ നിന്ന് പുറത്തേയ്ക്കെത്തുന്നതും നന്ദനത് കേൾക്കുന്നതുമെല്ലാം ആ വീട്ടിലെ നിത്യസംഭവമായ് തീർന്നു….

“എന്റെ നന്ദാ… ഇത് ആ ദുഷ്ടക്കൂട്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടാൻ നിനക്ക് ദൈവം കനിഞ്ഞു തന്ന അവസരമാണ്….ഇവരാരും അറിയാതെ രക്ഷപ്പെട്ട് പോവാൻ നോക്ക് നീ…”

കാനഡയിലുള്ള തന്റെ സുഹൃത്തുക്കളുടെ സഹായത്താൽ അവിടെ അവർക്കൊപ്പം തന്നെയുള്ള ഒരു കമ്പനിയിൽ നന്ദന് ജോലി ലഭിച്ചതും സവിതയ്ക്കൊപ്പമുള്ള അവന്റെ ജീവിതമെന്തെന്ന് നന്നായ് അറിയുന്ന നന്ദന്റെ കൂട്ടുകാർ ഇവിടെ നിന്ന് രക്ഷപ്പെട്ടു പോകാനവനെ ഉപദേശിച്ചു മാത്രമല്ല അവന് പോവാനുള്ള കാര്യങ്ങൾ കൂടി ചെയ്തവർ

“നന്ദനും ഗൗരിയും ഒന്നിച്ച് ജീവിയ്ക്കാൻ തീരുമാനിച്ച് ഈ വീടുവിട്ടിറങ്ങി പോയേട്ടാ…”

ഭ്രാന്തിയെ പോലെ കരഞ്ഞുപറയുന്ന സവിതയെ ആശ്വസിപ്പിക്കാൻ വഴികൾ തേടുമ്പോഴും തങ്ങളെ പറ്റിച്ചവർ എവിടേയ്ക്ക് രക്ഷപ്പെട്ടുവെന്നു കണ്ടു പിടിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു സന്തോഷ്….

ഇതേ സമയം ദൂരെയൊരിടത്ത് സന്തോഷിന്റെയും സവിതയുടെയും കണ്ണുകൾ തിരഞ്ഞെത്തില്ല എന്നുറപ്പുള്ളൊരിടത്ത് ഗൗരിയെ സുരക്ഷിതയാക്കി നിർത്തി നന്ദൻ…

“ഗൗരി ഞാൻ നിന്നെയോ നീ എന്നെയോ ഇന്നീ നിമിഷം വരെ മറ്റൊരു കണ്ണോടെ കണ്ടിട്ടില്ല…

ഇനിമുന്നോട്ട് എന്ത് എന്നു മാത്രം ചിന്തിച്ചാൽ മതി നമ്മൾ…. നീയാഗ്രഹിയ്ക്കുന്ന രീതിയിൽ നിനക്കൊപ്പം ഞാൻ എന്നുമുണ്ടാവും….
ഇന്നേവരെ നമ്മളെ കുറിച്ചോർത്ത് വേദനിക്കാത്തവരെയും നമ്മളെക്കാൾ കൂടുതൽ പണത്തെ സ്നേഹിച്ചവരെയുമെല്ലാം മറക്കാം നമുക്ക്….

ഇപ്പോൾ ഞാൻ പോകുകയാണ്… അധികം വൈകാതെ നിന്നെയും ഞാനുള്ള ഇടത്തേയ്ക്ക് കൊണ്ടുപോവും ഞാൻ… അതുവരെ ഇവിടെ സുരക്ഷിതയായിരിയ്ക്ക് നീ …. ”

ഗൗരിയെ ആശ്വസിപ്പിച്ച്
കാനഡയിലേക്കുള്ള ഫ്ലൈറ്റ് കയറുമ്പോഴും മനസ്സിൽ ഉറപ്പിച്ചിരുന്നു നന്ദൻ അധികം താമസിക്കാതെ അവളെയും തനിയ്ക്കൊപ്പം തന്നെ കൊണ്ടു പോവുമെന്ന്…

ഏതാപത്തിലും കൂടെ ഉള്ളയാളെ ചേർത്തു പിടിയ്ക്കാൻ തക്ക വലിയ മനസ്സുള്ള നന്ദൻ ആ വീട്ടിൽ നിന്ന് സ്വയം രക്ഷപ്പെടാൻ തീരുമാനിച്ചപ്പോൾ തന്നെ ഗൗരിയേയും രക്ഷപ്പെടുത്താൻ ഉറപ്പിച്ചിരുന്നു എന്നത് അവനു മാത്രമറിയാവുന്ന ഒരു രഹസ്യമായിരുന്നു ….

ആപത്തിൽ കൈവിടാത്തവനാണല്ലോ ആത്മമിത്രം…..

ഇനിയവർ ജീവിക്കട്ടെ… അവരുടെ ബന്ധത്തിന് അവർ നൽകുന്ന മാനത്തിലൂടെ….

✍️രജിത ജയൻ…

Leave a Reply

Your email address will not be published. Required fields are marked *