“ഏട്ടാ…. ഇവിടെ ഏട്ടനും ഏടത്തിയമ്മയും മാത്രമല്ല ട്ടോ ഉള്ളത് ഞാനും സജിത്തേട്ടനും ഞങ്ങളുടെ കൊച്ചുമൊക്കെ ഉണ്ട് ട്ടോ… ഇതൊന്നും പോരാഞ്ഞ് നമ്മുടെ ചുറ്റും ഇഷ്‌ടംപോലെ അയൽവാസികളും ഉണ്ട്….
ഇങ്ങനെ ഉമ്മറത്തൊക്കെ ഇരുന്ന് പരിസരം മറന്ന് പ്രണയിക്കുമ്പോൾ രണ്ടാളുംഅതൊക്കെ ഒന്ന് ഓർക്കണേ ഏട്ടാ…. ”
വലിയൊരു തമാശ പറഞ്ഞ് അത് സ്വയം ആസ്വദിയ്ക്കും വിധം ഉറക്കെ ചിരിച്ച് വീടിനകത്തേയ്ക്ക് നടന്നു മിന്നു….
മിന്നുവിന്റെ സംസാരവും അതിനകമ്പടി സേവിച്ചുള്ള പൊട്ടിച്ചിരിയും… വല്ലായ്മ പടർന്നു അനുപമയുടെ മുഖത്ത്….
ധനേഷിന്റെ മടിയിലിരുന്ന തന്റെ കാല് വേഗത്തിൽ വലിച്ച് നിലത്തു വെച്ചെഴുന്നേറ്റു നിന്നനുപമ
‘മതി ധനേഷേട്ടാ… ഇപ്പോ കുറവുണ്ട് കാലു വേദന… അല്ലെങ്കിലും ഞാനപ്പോഴേ പറഞ്ഞതല്ലേ വലിയ വേദനയൊന്നുമില്ല കാലിനെന്ന്… അതു കേൾക്കാതെ എന്റെ കാലും മടിയിൽ വെച്ച് തടവിയിരുന്നതുകൊണ്ടല്ലേ ഇപ്പോ മിന്നുവിന്റെ കളിയാക്കൽ കേൾക്കേണ്ടി വന്നത് ഏട്ടന്….?
ധനേഷിനെ താൻ കാരണം മിന്നു കളിയാക്കി എന്ന സങ്കടമാണ് അനുപമയ്ക്ക്….
“എന്റെ അനുവേ നീയാദ്യം ഇവിടേയ്ക്കിരി… ആ വയ്യാത്ത കാലും കൊണ്ടിങ്ങനെ നിൽക്കാതെ… ഇനിയും നീരുവരും ആ കാലിൽ നീയ്യിങ്ങനെ നിന്നാൽ….”
മിന്നു കളിയാക്കിയതെന്നും തനിയ്ക്കൊരു പ്രശ്നമേ അല്ലായെന്ന ഭാവത്തിൽ വീണ്ടും അനുപമയെ തന്റെ അരികിലേക്കു തന്നെ ധനേഷ് പിടിച്ചിരുത്തിയതും അവനെ കണ്ണുകൾ കൂർപ്പിച്ച് ദേഷ്യത്തിലൊന്നു നോക്കിയവൾ…..
“എന്റെ അനൂ നമ്മളിവിടെയിരുന്ന് എല്ലാവരും കാൺകേ പ്രണയിക്കുക അല്ലാന്നും നീരുവന്ന നിന്റെ കാല് ഞാൻ തടവി തരുന്നതാണിതെന്നും മിന്നുവിന് നല്ല വ്യക്തമായിട്ടറിയാം… അതറിഞ്ഞിട്ടും ഇങ്ങനൊരുവർത്തമാനം അവൾ എന്നോടു പറഞ്ഞത് ഞാനീ ചെയ്യുന്ന പ്രവർത്തി നിർത്തി നിന്നെ പറഞ്ഞു വിടാൻ വേണ്ടിയാണ്…. അത് നിനക്കും അറിയാം എനിയ്ക്കും അറിയാം…. തൽക്കാലം ഇതൊക്കെ കണ്ടില്ലാന്നും കേട്ടില്ലാന്നും നടിച്ചാൽ തീർന്നു ഇവിടുത്തെ എല്ലാ പ്രശ്നങ്ങളും…..”
അനിയത്തിയെ തന്നെക്കാളധികം മനസ്സിലാക്കിയൊരു ഏട്ടന്റെ വാക്കുകളാണത്…
ആ വാക്കുകൾക്കുള്ളിൽ
അവനൊളിപ്പിച്ച് പിടിയ്ക്കാൻ ശ്രമിയ്ക്കുന്ന സങ്കടങ്ങളെ തിരിച്ചറിയാൻ പക്ഷെ അനുവിന് മാത്രമേ കഴിഞ്ഞിരുന്നുള്ളു ….
ധനേഷിന്റെ ഏക സഹോദരിയാണ് മിന്നു… ഒരു പാട് ലാളിച്ചും കൊഞ്ചിച്ചുമാണ് ധനേഷ് അവളെ വളർത്തി കൊണ്ടുവന്നത്… മിന്നുവിന് ധനേഷിന്റെ കാര്യത്തിൽ വല്ലാത്ത സ്വാർത്ഥതയാണ്… അവനോടൊരാളും തന്നെക്കാൾ അടുപ്പം കാണിക്കുന്നതും തനിയ്ക്ക് മുകളിലൊരാളെ അവൻ സ്നേഹിക്കുന്നതുമൊന്നും അവൾക്ക് സഹിച്ചിരുന്നില്ല…
വിവാഹപ്രായമെത്തിയപ്പോൾ മെഡിക്കൽ ഷോപ്പ് നടത്തുന്ന സജിത്തുമായ് ആഢംബത്തോടെ തന്നെ മിന്നുവിന്റെ വിവാഹം ധനേഷ് നടത്തിയെങ്കിലും ചേട്ടനെ പിരിഞ്ഞിരിക്കാൻ വയ്യാന്നൊരു കാരണത്താൽ കരഞ്ഞ് നിലവിളിച്ച് വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്നു തന്നെ മിന്നു സജിത്തിനെയും കൂട്ടി വീട്ടിൽ തിരിച്ചെത്തി… അന്നു മുതൽ ധനേഷിനൊപ്പമാണ് മിന്നുവും സജിത്തും ഇപ്പോഴവരുടെ മോനും…
ധനേഷ് അനുപയെ വിവാഹം കഴിച്ചു കൊണ്ടുവന്നതോടെയാണ് മിന്നുവിന്റെ യഥാർത്ഥ സ്വഭാവം ധനേഷറിഞ്ഞത്…. സ്വന്തം ഭാര്യയായ അനുപമയോട് ധനേഷ് അടുപ്പവും സ്നേഹവും കാണിച്ചു തുടങ്ങിയതും വീട്ടിലോരോ പ്രശ്നങ്ങളായ് ഉണ്ടാക്കി തുടങ്ങി മിന്നു…
മിന്നുവിന്റെ സ്വഭാവമറിഞ്ഞ് അനുപമ പെരുമാറി തുടങ്ങിയിട്ടും പ്രശ്നങ്ങൾ അവസാനിച്ചില്ലവിടെ…. അനുപമ ഗർഭിണിയായതോടെ മിന്നുവിന് സമാധാനം തന്നെ നഷ്ട്ടപ്പെട്ടു…. എപ്പോഴും അനുപമയ്ക്കും ധനേഷിനുമിടയിൽ ഒരു മതിലായുണ്ടാവും അവൾ ….ഓരോരോ പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടു തന്നെ…
“ഏട്ടാ… ഒന്നിങ്ങോട്ടു വാ…. ദാ ഇതൊന്ന് എടുത്ത് തന്നേ വേഗം…. ”
അകത്തു നിന്നുയർന്നു കേട്ട മിന്നുവിന്റെ വിളിയിൽ പരസ്പരം മുഖത്തോട് മുഖം നോക്കി പോയവർ….
“ഞാനിത് എപ്പോഴേ പ്രതീക്ഷിച്ചിരുന്നു… ”
ചിരി മായാതെ അനുപമ പറയുമ്പോൾ ഒന്നു മൂളി എഴുന്നേറ്റു ധനേഷ്…
“ഞാൻ കുറച്ചു കഴിഞ്ഞിട്ട് ഇത്തിരി ചൂടുവെള്ളം വെച്ച് ആവി പിടിച്ചു തരാം കാലിന്… അതു വരെ ഇവിടെ നിന്നനങ്ങരുത് നീ…. അനങ്ങിയാലപ്പോഴാണ് പൊന്നുമോളെ നീയെന്റെ തനി സ്വഭാവം കാണുക….”
സ്നേഹത്തിൽ പൊതിഞ്ഞൊരു ശാസന അനുപമയ്ക്ക് നൽകി മിന്നുവിനടുത്തേയ്ക്ക് ധനേഷ് നടന്നതും നോവ് പിടഞ്ഞത് അനുപമയ്ക്കുള്ളിലാണ്…
മിന്നുവിന്റെ അമിത ഇടപ്പെടൽ അവളെ സാരമായ് തന്നെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്… ധനേഷിന് തന്റെ അടുത്തഞ്ച് മിനിറ്റ് ഇരിക്കാനോ പിറക്കാൻ പോവുന്ന തങ്ങളുടെ കുഞ്ഞിനൊപ്പം സമയം ചിലവഴിക്കാനോ ഉള്ള സമയവും സന്ദർഭവുമെല്ലാം മിന്നു മനപ്പൂർവ്വം കവർന്നെടുക്കുന്നതിന്റെ അസ്വസ്ഥത പുറമെ കാണിക്കുന്നില്ലെങ്കിലും അനുപമയെ ശ്വാസം മുട്ടിയ്ക്കുന്നുണ്ട് വല്ലാതെ….
“എന്റേട്ടാ ഞാനൊന്ന് വിളിച്ചാൽ ഓടിവരാൻ പോലും വയ്യാല്ലേ ഏട്ടനിപ്പോൾ…. വന്നു വന്ന് ഏട്ടനിപ്പോ എന്നെ തീരെ ശ്രദ്ധിക്കാൻ പോലും സമയമില്ല…. എപ്പോഴും ഏടത്തി അമ്മയുടെ ഒപ്പമാണേട്ടൻ… ”
എണ്ണിയെണ്ണി മിന്നു ധനേഷിനോട് പരാതികൾ പറയുന്നത് പുറത്തിരുന്ന് കേട്ട എന്തോ മനസ്സിലുറപ്പിച്ച് അനുപമ ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് അകത്തേയ്ക്ക് നടന്നു…
തങ്ങൾക്കിടയിലേക്ക് നടന്നു വരുന്ന അനുപമയെ കണ്ട മിന്നുവിന്റെ മുഖത്ത് ദേഷ്യം തെളിഞ്ഞത് കണ്ടിട്ടും പിൻതിരിയാതെ ധനേഷിനടുത്തേയ്ക്ക് ചെന്നനു…
“എനിയ്ക്കവിടെ തനിച്ചിരുന്ന് ബോറടിച്ചു ഏട്ടാ… ഇവിടുത്തെ മിന്നുവിന്റെ ഏട്ടനെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞെങ്കിൽ ഏട്ടൻ വരൂ നമുക്ക് കാലിൽ ചൂടുപിടിക്കാം … നല്ല വേദനയുണ്ടെനിയ്ക്ക്…. ”
മിന്നുവിനെ നോക്കി ചിരിച്ച് ധനേഷിന്റെ കയ്യിൽ കൈ കോർത്തു വലിച്ച് അനുപമ പറയുമ്പോൾ മിന്നുവിനെക്കാൾ ഞെട്ടലും അമ്പരപ്പും ധനേഷിനാണ്…
എപ്പഴൊക്കയോ അവനാഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെ അവനു മുകളിൽ അവകാശവും അധികാരവും കാണിയ്ക്കുന്നൊരു അനുപമയെ…
മിന്നുവിൽ പക്ഷെ തികഞ്ഞ ഞെട്ടലാണ്… ഇന്നേ വരെ തനിയ്ക്കും ഏട്ടനും ഇടയിലേക്ക് കടന്നു വന്നിട്ടില്ല ഏടത്തിയമ്മ….
അതിനവസരങ്ങൾ ഏറെയുണ്ടായിട്ടും…
“എന്റെ പൊന്നു ധനേഷേട്ടാ… ഏട്ടൻ എഴുന്നേറ്റ് വരുന്നുണ്ടെങ്കിൽ വന്ന് ചൂടുപിടിച്ചു തരൂ… ഇല്ലെങ്കിൽ ഞാൻ ചെന്ന് കിടക്കും… പിന്നെ എന്നെ വിളിച്ചാൽ ഞാനെഴുന്നേറ്റ് വരത്തില്ലേ.. പറഞ്ഞില്ലാന്നു വേണ്ട…”
തന്നെ മിഴിച്ചു നോക്കിയിരിക്കുന്ന ധനേഷിനെ കണ്ണുരുട്ടി നോക്കി പറഞ്ഞ് അവിടുന്ന് തിരിഞ്ഞനുപമ നടന്നതും അവൾക്ക് പിന്നാലെ വേഗത്തിൽ ചെന്നു ധനേഷും… തന്നെ പിൻവിളി വിളിയ്ക്കുന്ന മിന്നുവിനെ അവഗണിച്ചു തന്നെ….
ദേഷ്യം കൊണ്ടെരിഞ്ഞ മിന്നു അല്പസമയം കഴിഞ്ഞ് മുറിയിൽ നിന്നിറങ്ങി അടുക്കള ഭാഗത്തേയ്ക്ക് ചെന്നതും കണ്ടു അവിടെ വരാന്തയിൽ അനുപമയുടെ കാലെടുത്ത് മടിയിൽ വെച്ച് ശ്രദ്ധയോടെ ചൂടുപിടിച്ചു കൊടുക്കുന്ന ധനേഷിനെ… അവരുടെ കളിച്ചിരി തമാശകളെ…. ഇതിനിടയിലൂടെ അനുപമ വായിൽ വെച്ചു കൊടുക്കുന്ന ആപ്പിൾ കഷ്ണങ്ങൾ ആസ്വദിച്ച് കഴിയ്ക്കുന്നുമുണ്ട് ധനേഷ്…
ആ കാഴ്ചയിൽ …അവരുടെയാ സ്നേഹപ്രകടനങ്ങളിൽ അനുപമയോടുള്ളിൽ ദേഷ്യം തിളച്ചുപൊങ്ങി മിന്നുവിൽ…
വരുത്തി തീർത്തൊരു പുഞ്ചിരി ചുണ്ടിലെടുത്തണിഞ്ഞ് അവർക്കിടയിലേക്ക് മിന്നു ചെന്നിരുന്നെങ്കിലും അവളെ നോക്കിയൊന്ന് പുഞ്ചിരിച്ച് തങ്ങളുടേതായ ലോകത്തിലേക്ക് ഒതുങ്ങി കൂടി അനുപമയും ധനേഷും… അവരുടെ പ്രവർത്തിയിൽ മുഖത്തടിയേറ്റ പോലെ വിളറി മിന്നു…
അതൊരു തുടക്കം മാത്രമായിരുന്നു… മിന്നുവിന് താനൊരു ശല്യമാവരുതെന്ന് കരുതി എവിടെ നിന്നെല്ലാം അനുപമ പണ്ട് ഒഴിഞ്ഞു മാറിയിരുന്നോ അവിടെയെല്ലാം ഇപ്പോഴവൾ തന്റെ അധികാരവും ആധിപത്യവും ഊട്ടിയുറപ്പിച്ചു….
‘ഏടത്തിയമ്മയ്ക്ക് വിശക്കുന്നുണ്ടെങ്കിൽ ഭക്ഷണം കഴിച്ച് ചെന്ന് കിടന്നാൽ പോരെ… എന്തിനാ ഏട്ടനെ കഴിക്കാൻ നിർബന്ധിക്കുന്നത്… ഞാനും ഏട്ടനും കുറച്ചു കഴിഞ്ഞ് ഒരുമിച്ച് കഴിച്ചോളാം… ഏടത്തിയമ്മ ചെല്ല്….”
അന്നൊരു രാത്രി ഭക്ഷണം കഴിച്ച് എല്ലാവരും
കിടക്കുന്ന സമയമായിട്ടും മന: പൂർവ്വം മിന്നു ഓരോ ചെറിയ കാര്യങ്ങൾ പറഞ്ഞ് ധനേഷിനെ തന്റെയരികിൽ പിടിച്ചിരുത്തിയപ്പോൾ അവനെ തിരക്കി വന്നതാണ് അനുപമ…
അതിഷ്ടപ്പെടാതെ മനപൂർവ്വം അങ്ങനൊരവസരം അവിടെ സൃഷ്ടിച്ചെടുത്ത മിന്നു അനുപമയ്ക്ക് നേരെ തിരിഞ്ഞു…
“അങ്ങനെ എനിയ്ക്ക് തനിച്ചിരുന്ന് കഴിക്കാനല്ലല്ലോ മിന്നൂ ഞാൻ നിന്റെ ഏട്ടന്റെ ഭാര്യയായത്… എനിയ്ക്കും എന്റെ വയറ്റിലുള്ള ഞങ്ങളുടെ കുഞ്ഞിനുമെല്ലാം ധനേഷേട്ടന്റെ സാമിപ്യം എപ്പോഴും വേണം…അതിപ്പോ ഉണ്ണുമ്പോഴോ ഉറങ്ങുമ്പോഴോ എന്നെന്നുമില്ല… എന്റെ ഭർത്താവല്ലേ ധനേഷേട്ടൻ… ഈ ഭൂമിയിൽ എനിയ്ക്ക് ഏറ്റവും കൂടുതൽ അധികാരവും അവകാശവും ഉള്ളയാൾ ഇതല്ലേ….?
വിട്ടുകൊടുക്കാതെ അനുപമ സംസാരിച്ചതും വാശിയോടെ ധനേഷിനോടൊട്ടി നിന്നു മിന്നു…
“ഇതെന്റെ ഏട്ടന്നാണ്… എന്റെ മാത്രം ഏട്ടൻ… ഈ ഭൂമിയിൽ ഏട്ടനേറ്റവും ഇഷ്ടം എന്നോടാണ്… ഞാൻ കഴിഞ്ഞേ നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞിനുമെല്ലാം എന്റെ ഏട്ടന്റെ ഉള്ളിൽ സ്ഥാനമുള്ളു… അല്ലെങ്കിൽ ഏട്ടൻ പറയട്ടെ അത്….. പറ ഏട്ടാ…. പറ… ഏട്ടനേറ്റവും ഇഷ്ടം എന്നോടാണെന്ന് ഇവരുടെ മുഖത്തു നോക്കി പറയ് ഏട്ടാ…”
അനുപമയുടെ വാക്കിൽ വാശിയും ദേഷ്യവും ഇരച്ചെത്തിയ മിന്നു ഭ്രാന്തെടുത്തതുപോലെ ധനേഷിനെ പിടിച്ചുകുലുക്കി അലറിയതും അത്ര നേരം വെറുമൊരു കാഴ്ചക്കാരനായവിടെ നിന്നവരുടെ സംസാരമെല്ലാം കേട്ട സജിത്ത് മിന്നുവൊട്ടും പ്രതീക്ഷിക്കാത്ത വേഗത്തിലും നേരത്തിലും അവൾക്കടുത്തേയ്ക്ക് പാഞ്ഞെത്തി അവളുടെ കവിളായ് കൈ വീശിയടിച്ചു കഴിഞ്ഞിരുന്നു….
മിന്നു മാത്രമല്ലസജിത്തിന്റെ ആ പ്രവർത്തിയിൽ ഞെട്ടിയത് ….ധനേഷും അനുപമയുമെല്ലാം പകപ്പോടെ നോക്കി സജിത്തിനെ…
“ഏട്ടനെന്നോട് ക്ഷമിക്കണം…. ഇവളിപ്പോ ഏട്ടനോട് ചോദിച്ചില്ലേ ഏട്ടന് സ്വന്തം ഭാര്യയെക്കാളും കുട്ടിയെക്കാളും വലുതും ഇഷ്ടവും അവളെയല്ലേന്ന്…. അങ്ങനെ ആണോ ഏട്ടാ…. ?
ഏട്ടന് ഈ നിൽക്കുന്ന ഏടത്തിയമ്മയെക്കാളും അവരുടെ വയറ്റിലുള്ള നിങ്ങളുടെ കുഞ്ഞിനെക്കാളുമെല്ലാം വലുതാണോ ഈ നിൽക്കുന്നവൾ… ആണെന്ന് ഏട്ടന്നൊന്ന് മൂളിയാൽ ഈ നിമിഷം ഇവളെ അടിച്ചതിന് ഇവളുടെ കാലുപിടിച്ച് മാപ്പു പറയും ഞാൻ നിങ്ങളുടെ രണ്ടാളുടെയും മുന്നിൽ വെച്ചു തന്നെ…. ഏട്ടൻ പറ…. ”
സജിത്തിന്റെ അപ്രതീക്ഷിത അടിയും ഒപ്പമീ സംസാരവും …. മിന്നു പ്രതീക്ഷയോടെയും വാശിയോടെയും നോക്കി ധനേഷിനെ…
ധനേഷ് പക്ഷെ മിന്നുവിനെ ഒന്നു നോക്കി ഇടംകയ്യാൽ അനുപമയെ തന്നോടു ചേർത്തു പിടിച്ച് തന്റെ വലം കൈ അവളുടെ വീർത്തുന്തിയ വയറിലും ചേർത്തുവെച്ചതും ഞെട്ടിമിഴിഞ്ഞു പോയ് മിന്നുവിന്റെ കണ്ണുകൾ….
“നീയ്യിങ്ങനെ കണ്ണു മിഴിച്ച് നോക്കണ്ട മിന്നു…. ഒരു ജീവിതം മുഴുവൻ കൂടെ വേണമെന്ന പ്രാർത്ഥനയോടെ താലിക്കെട്ടിയ ഭാര്യയേയും അവളുടെ വയറ്റിൽ ഉരുവായ സ്വന്തം ചോരയേയും സ്നേഹിക്കുന്ന ഏതൊരാളും ചെയ്യുന്നതേ നിന്റെ ഏട്ടനും ചെയ്തുള്ളു…
‘ ഞാനും ചെയ്തത് അതു തന്നെയല്ലേ ടീ… നിന്നോടുള്ള എന്റെ ഇഷ്ടം കൊണ്ട് …എന്റെയീ ജീവിതം മുഴുവൻ നീ എന്റെ കൂടെ വേണമെന്ന ആഗ്രഹം കൊണ്ട് എനിയ്ക്ക് പ്രിയപ്പെട്ട എല്ലാവരെയും മാറ്റി നിർത്തിയിട്ടല്ലേ ഞാൻ നിനക്കൊപ്പം ഇവിടെ വന്നീ നിൽക്കുന്നത്… എന്റെ സ്നേഹം ഒരിക്കലെങ്കിലും നീ തിരിച്ചറിഞ്ഞിരുന്നെങ്കിൽ
ഇങ്ങനൊരു ചോദ്യം പോലും ഏട്ടനോട് ചോദിക്കില്ലായിരുന്നു നീ…
“ആർക്കും ആരുടേയും മുകളിലാവാനും മറ്റൊരാളുടെ
സ്ഥാനം കയ്യേറാനുമൊന്നും ജീവിതത്തിൽ പറ്റില്ലെന്ന് നീയ്യിനി എന്നാണ് മിന്നു മനസ്സിലാക്കുക…. ?
നിന്റെ സ്വാർത്ഥത കൊണ്ട് നീയ്യില്ലാതെയാക്കുന്നത് നിന്റെ ജീവിതവും സന്തോഷവും മാത്രമല്ല മിന്നു….മറ്റുള്ളവരുടെ കൂടെയാണ്…. അത് നീ തിരിച്ചറിയുന്ന അന്നേ നിനക്കൊരു നല്ല സഹോദരിയാവാനും ഭാര്യയാവാനുമൊക്കെ പറ്റൂ… ”
വർഷങ്ങളായ് ഉള്ളിൽ കൊണ്ടു നടന്നതെല്ലാം സജിത്ത് പറഞ്ഞു തീർക്കുമ്പോൾ തിരിച്ചറിവുകളുടെ പാതയിലൂടെയുള്ള തിരിച്ചു നടത്തത്തിലായിരുന്നു മിന്നു…
തിരിച്ചറിയട്ടെ അവൾ അവളെ തന്നെ…. മാറട്ടെയവൾ ഒരു നല്ല ഭാര്യയായ്… അമ്മയായ്… സഹോദരിയായ്…
✍️രജിത ജയൻ
