“ഉടുതുണിയില്ലാതെയുള്ള നിന്റെ ചെയ്തികൾ ഈ നാട്ടുകാരെ മുഴുവൻ കാണിക്കട്ടെ ഞാൻ.”
ബെഡിൽ ഒപ്പം കിടന്ന താരയുടെ ചോദ്യത്തിന് മുന്നിൽ ആകെ പരുങ്ങി പോയി അനൂപ്.
” താര നീ ഇതെന്താ പറയുന്നത് ആവശ്യമില്ലാത്ത പണി ചെയ്യരുത്. ”
” അതേ ടാ ഇത് ചതി തന്നെയാണ് പക്ഷെ എനിക്ക് വേറെ നിവൃത്തിയില്ല. ജീവിക്കാൻ കാശ് വേണ്ടേ.. ഡിവോഴ്സ് ആയെ പിന്നേ എന്റെ കാര്യങ്ങൾ ഒക്കെ കഷ്ടത്തിലാണ്. ഇനി എന്നെ നീ സഹായിച്ചേ പറ്റുള്ളൂ… എനിക്കൊപ്പം കിടക്കാൻ കൊതിമൂത്ത് പലപ്പോഴായി ആവശ്യങ്ങൾക്ക് വേണ്ടി ചിലവാക്കിയ ആയിരവും രണ്ടായിരവും അല്ല… കുറഞ്ഞത് അഞ്ചുലക്ഷം രൂപയെങ്കിലും ഒരുമിച്ചു വേണം എനിക്ക്.. അല്ലെങ്കിൽ നാട്ടുകാര് മാത്രമല്ല നിന്റെ കാമകേളികൾ നിന്റെ ഭാര്യയും കാണും. ഞാൻ കാണിക്കും ”
ഇത്തവണ അനൂപിന്റെ പരുങ്ങൽ ഞെട്ടലായി മാറി. താൻ ചതിക്കപ്പെട്ടു എന്നത് പൂർണ്ണമായും മനസിലാക്കി അവൻ.
” താര.. നീ ചുമ്മാ കളിക്കല്ലേ… ഇതെന്തൊക്കെയാ പറയുന്നേ അഞ്ചുലക്ഷം രൂപയോ.. നല്ല കഥ.. കിട്ടിയത് തന്നെ… എന്റേൽ ഇല്ല അത്രേം കാശ് ഒന്നും ”
അത്രയും പറഞ്ഞു കൊണ്ട് ബെഡിൽ നിന്നും ചാടി പിടഞ്ഞെഴുന്നേറ്റു അവൻ. വസ്ത്രങ്ങൾ എടുത്തണിയവേ താരയെ ഒന്ന് പാളി നോക്കി. അവളപ്പോഴും ചെറു പുഞ്ചിരിയോടെ അവനെ തന്നെ നോക്കി കിടക്കുകയായിരുന്നു.
അവളെന്തോ മനസിൽ കണ്ടിട്ടുണ്ടെന്ന് ഉറപ്പിച്ചു അനൂപ്.
” ഞാൻ ഇറങ്ങുവാ നേരം വെളുക്കാറായി. നീ വെറുതെ ഭ്രാന്ത് ആലോചിച്ചു കൂട്ടേണ്ട.. കുറച്ചു നാളുകളായി നിന്റെ പെരുമാറ്റത്തിൽ എന്തോ ഒരു മാറ്റം തോന്നുന്നുണ്ട് എനിക്ക്. എന്തേലും ഇഷ്ടക്കേട് ഉണ്ടേൽ നമുക്ക് ഈ ബന്ധം ഇവിടെ നിർത്താം… പിന്നേ ചിലവിനു എന്തേലും വേണേൽ മെസേജ് ഇട്ടിരുന്നാൽ മതി. ഞാൻ ജി പേ ചെയ്തേക്കാം.. ”
വേഗത്തിൽ അവിടെ നിന്നും പുറത്തേക്ക് പോകുവാൻ ധൃതിയായി അനൂപിന്.
” ഹാ ഒന്ന് നിന്നേടാ ചക്കരെ.. എല്ലാം ഇട്ടെറിഞ്ഞു അങ്ങനങ്ങ് പോകല്ലേ… ”
അത്രയും സമയം മൗനമായിരുന്ന താര സംസാരിച്ചു തുടങ്ങുമ്പോൾ വാക്കുകളിൽ പുച്ഛം നിറഞ്ഞിരുന്നു. ബെഡിൽ നിന്നും അവൾ പതിയെ എഴുന്നേറ്റു തന്റെ വസ്ത്രങ്ങൾ എടുത്തണിഞ്ഞു. അക്ഷമനായി തന്നെ നോക്കി നിന്നു അനൂപ് അപ്പോൾ.
” താര സമയം പോകുന്നു.. നേരം വെളുക്കാറായി ”
വീണ്ടും ഓർമിപ്പിക്കുമ്പോൾ ഒരു വഷളൻ ചിരിയിൽ അവനോടടുത്തു അവൾ.
” അനൂപേ മോനെ.. നിനക്ക് ഞാൻ ആരാണെന്ന് ശെരിക്കും മനസിലായില്ല അല്ലേ .. നാട്ടുകാരെ കിടുകിടാ വിറപ്പിക്കുന്ന സ്ഥലം എസ് ഐ അനൂപ് ശശാങ്കന്റെ ഉടുത്തുണിയില്ലാത്ത കാമകേളികൾ ഈ നാട്ടുകാർ കണ്ടാലുള്ള അവസ്ഥ ഓർത്തു നോക്കിയേ.. കാണിക്കട്ടെ ഞാൻ എന്റെ കയ്യിൽ ഉണ്ട് കുറെ വീഡിയോസ്.. നീ അറിയാതെ ഞാൻ റെക്കോർഡ് ചെയ്തത്.. ”
ഒടുവിൽ ഭയപ്പെട്ടത് തന്നെ നടന്നു. താരയുടെ വാക്കുകളിൽ ഭീഷണി നിറഞ്ഞു.
” നീ…. നീ കളിക്കാൻ നിൽക്കരുത്.. നമ്മൾക്കിടയിൽ ഒരു വിശ്വാസമുണ്ട്. അത് തകർക്കരുത്.. ”
വല്ലാത്തൊരു വേവലാതി നിറഞ്ഞു അനൂപിന്റെ വാക്കുകളിൽ.
” അതല്ലേ മോനെ ഞാൻ പറഞ്ഞത്.. ഞാൻ പറഞ്ഞ അഞ്ചു ലക്ഷം അതിങ്ങ് തന്നേക്ക് എന്നിട്ട് നീ നിന്റെ പാട് നോക്കി പൊയ്ക്കോ.. പിന്നേ എപ്പോഴേലുമൊക്കെ ആവശ്യം വന്നാൽ ഞാൻ ബന്ധപ്പെട്ടോളാം. ”
അവളുടെ മറുപടി കേൾക്കെ പതിയെ ബെഡിലേക്കിരുന്നു അനൂപ്.
” നീ.. നീ അപ്പോ എന്നോട് കളിക്കാൻ തന്നെ ഇറങ്ങിയേക്കുവാണോ… ”
മറുപടി പറഞ്ഞില്ല താര പകരം അവളുടെ മുഖത്ത് പുച്ഛത്തോടെ ഒരു ചിരി വിടർന്നു. അത് കണ്ട് തല കുമ്പിട്ടു അനൂപ് എന്നാൽ വേവലാതി നിറഞ്ഞിരുന്ന അവന്റെ മുഖത്ത് പതിയെ പതിയെ ഒരു പുഞ്ചിരി വിടർന്നു തുടങ്ങുന്നത് ശ്രദ്ധിച്ചു താര.
” താരെ.. മോളെ നീ ആരെയാടി ഈ പേടിപ്പിക്കുന്നെ…. എന്നെയോ….”
ആ ചോദ്യത്തിൽ വേവലാതിയില്ലായിരുന്നു മറിച്ചു വല്ലാത്തൊരു ഭ്രാന്തമായ ചിരിയായിരുന്നു അനൂപിന്റെ മുഖത്ത്. ഒന്ന് പതറാതിരുന്നില്ല താര. ആ പതർച്ച അനൂപിന് ഹരമായി.
” എടീ…ഒരു എസ് ഐ എന്ന് പറയുമ്പോൾ എന്റെ റേഞ്ച് എവിടെവരെയാണെന്ന് എന്തേലും ബോധം ഉണ്ടോ നിനക്ക്… എനിക്കെന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് എന്തേലും ചിന്തയുണ്ടോ ”
ആ ചോദ്യം കേൾക്കെ സംശയത്തിൽ ഒന്ന് നോക്കി പോയി അവൾ അത് കണ്ടിട്ട് തുടർന്നു അവൻ
” നീ എന്നെ ഭീഷണിപ്പെടുത്തുന്നോ… ഇങ്ങട് വിളവിറക്കിയാൽ കൊന്ന് കുഴിച്ചു മൂടിക്കളയും ഞാൻ… ഒരൊറ്റ കുഞ്ഞും അറിയില്ല നിനക്ക് എന്ത് പറ്റി ന്ന്.. കാണണോ നിനക്ക് ”
അനൂപിന്റെ മുഖത്തേക്ക് രോഷം ഇരച്ചു കയറുമ്പോൾ ഇത്തവണ ഭയം തിരികെ താരയിലായി. ഒരു ഭീക്ഷണിയിൽ അപമാന ഭാരമോർത്ത് അവൻ താൻ പറയുന്നതൊക്കെയും അനുസരിക്കുമെന്നാണ് അവൾ കരുതിയത്. പക്ഷെ തോറ്റു പിന്മാറുവാൻ അവളുടെ മനസ്സ് അനുവദിച്ചില്ല.
” എന്റെ കയ്യിൽ നിന്റെ വീഡിയോ ഉണ്ട് അനൂപ്. കാമം മൂത്ത് എന്റെ മേൽ നീ കുത്തി മറിയുന്നത്. ഞാൻ അത് പബ്ലിക്ക് ആക്കും നിന്നെ നാണം കെടുത്തും… ഭാര്യ അറിഞ്ഞാൽ പിന്നേ നിന്റെ ദാമ്പത്യം അതോടെ തകരും.. തകർക്കും ഞാൻ..”
താരയ്ക്കും വാശിയായി. പക്ഷെ വീറോടെ പറഞ്ഞതിനുള്ള മറുപടി ചെക്കിടടക്കം ഒരു അടിയായിരുന്നു. പിന്നിലേക്ക് വേച്ചു പോയ അവളുടെ തല ഭിത്തിയിൽ ചെന്നിടിച്ചു. ആകെ ഒരു മരവിപ്പിൽ അൽപനേരം കണ്ണിൽ ഇരുട്ട് കയറിപ്പോയി. ഒരു സെക്കൻഡിൽ കാഴ്ച തെളിയുമ്പോൾ അവൾ കണ്ടത് തന്റെ തലയുടെ നേരെ പാഞ്ഞടുക്കുന്ന ആ ബിയർ ബോട്ടിലാണ്. മിഴികൾ തുറിച്ചു നോക്കിപ്പോയി താര അപ്പോഴേക്കും അത് സംഭവിച്ചിരുന്നു. ചുടു ചോരയുടെ ഗന്ധം അവിടമാകെ പരക്കുമ്പോൾ അടങ്ങാത്ത കലിയിൽ പല്ലിറുമ്മി അനൂപ്.
” വേണ്ട വേണ്ട ന്ന് വയ്ക്കുമ്പോൾ തലേൽ കേറാൻ വരുന്നോ പന്ന… മോളെ.. ചത്ത് തുലയ് നീ… തൂഫ്…! ”
നിലത്ത് ചോരയൊലിപ്പിച്ചു വീണു കിടന്നിരുന്ന താരയുടെ നേരെ കാറി തുപ്പി അവൻ. ഒരു നിമിഷത്തിൽ എല്ലാം സംഭവിച്ചു കഴിഞ്ഞിരുന്നു. ഒരു പോലീസുകാരനായതിനാൽ തന്നെ തെളിവുകൾ നശിപ്പിച്ചു കേസിൽ നിന്നും രക്ഷപ്പെടുവാൻ കഴിയുമെന്ന് ആത്മവിശ്വാസം അനൂപിനുണ്ടായിരുന്നു. പക്ഷെ അവിടെയും ചതി പറ്റി. അനൂപിനെതിരെ വീഡിയോസ് ഉണ്ടാക്കുന്ന എന്ന ലക്ഷ്യത്തിൽ താര ഒരു ക്യാമറ കൂടി ആ ബെഡ് റൂമിൽ വച്ചിരുന്നത് അവൻ അറിഞ്ഞില്ല.
ആ മരണ വാർത്ത പിറ്റേന്ന് വൈറൽ ആകവേ ഒന്നുമറിയാതെ അന്വേഷണ ഉദ്യോഗസ്ഥനായി അവിടേക്കെത്തിയ അനൂപ് അപ്രതീക്ഷിതമായി ആ ക്യാമറ കണ്ട് ആകെ പരിഭ്രാന്തനായി. തെളിവ് നശിപ്പിക്കുവാൻ കഴിഞ്ഞില്ല. അവൻ പിടിക്കപ്പെട്ടു. മീഡിയാസിന് ആഘോഷമാക്കുവാനുള്ള വാർത്തയായി അനൂപും താരയും നിറഞ്ഞു. തെറ്റ് ചെയ്തവൻ എപ്പോഴായാലും പിടിക്കപ്പെടും എന്ന സത്യം വീണ്ടും ആവർത്തിക്കപ്പെട്ടു.
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു.
