“അവള് പെഴയായാടാ ഉറപ്പാ…..”
അനൂപ് പറഞ്ഞത് കേട്ട് ഒരു നിമിഷം മായയെ തന്നെ ഒന്ന് നോക്കി നിന്നു സജിൻ.
” ഏയ്.. ഒറ്റ നോട്ടത്തിൽ അറിയില്ലടാ … കണ്ടിട്ട് റിച്ച് ഫാമിലിയാണ്. നല്ല കൂട്ട് ആയത് കൊണ്ടാകും നമ്പരൊക്കെ തന്നത്. ”
” എന്നാലും ജസ്റ്റ് ഇവിടെ വച്ച് കണ്ട് സംസാരിച്ച് പരിചയം ആയ ഉടനെ നമ്പരൊക്കെ തരോ ”
അനൂപിന്റെ സംശയങ്ങൾ തീർന്നിരുന്നില്ല…
” ആ എനിക്ക് അറിയില്ല… എന്തായാലും നോക്കാം ആള് പ്രശ്നക്കാരി ആണേൽ ഒരു നേരംപോക്ക് ആയില്ലേ..”
ഒന്ന് കണ്ണിറുക്കി സജിൻ നടന്നു പോകുമ്പോൾ അനൂപിന്റെ സംശയം അപ്പോഴും തീർന്നില്ല. മായയും ആ സമയം നടന്നകന്നിരുന്നു
ആർ സി സി യിൽ അമ്മയുമായി ചെക്കപ്പിനു പോയതാണ് സജിൻ ഒപ്പം സുഹൃത്ത് അനൂപും ഉണ്ടായിരുന്നു. അവിടെ വച്ച് യാദൃർശ്ചികമായി കണ്ടതാണ് മായയെ.. ടോക്കൺ എടുക്കുന്ന ക്യൂവിൽ വച്ച് കണ്ടപാടേ ഒന്ന് നോട്ടമിട്ടിരുന്നു സജിൻ. അതിനു കാരണം മായയുടെ മേനിയഴക് തന്നെയാണ്. ഒപ്പം ഇറുകിയ വസ്ത്രങ്ങളും പിന്നേ ഡോക്ടർ നെ കാണാൻ വെയിറ്റ് ചെയ്യുന്ന സമയം കൃത്യം അവന്റെ അരികിൽ തന്നെ ചെന്നിരുന്നു മായ. അതോടെ എങ്ങിനെയും അവളുമായി കൂട്ടുകൂടുവാനുള്ള ശ്രമങ്ങളായി സജിൻ. ഒടുവിൽ ശ്രമം വിജയിച്ചു.
സംസാരിച്ചു നല്ലൊരു സൗഹൃദം നേടിയെടുത്തു അവൻ.
” ചേട്ടാ. ഞങ്ങളൊന്നു കഴിക്കാനായി പോകുവാ… ടോക്കൺ നമ്പർ അടുക്കുമ്പോൾ ഒന്ന് വിളിച്ചേക്കണെ.. ”
തന്റെ ഫോൺ നമ്പർ സജിന് കൊടുത്തതും മായ തന്നെയാണ്. എങ്ങിനെയും അവളെ പറഞ്ഞു തന്റെ ആഗ്രഹങ്ങൾക്ക് കൊണ്ട് വരിക അതായിരുന്നു അവന്റെ ലക്ഷ്യം.. അതിനുള്ള ശ്രമങ്ങളും വാട്സ്ആപ്പ് ചാറ്റിലൂടെ ആരംഭിച്ചു.
” എടാ മായ ഡിവോഴ്സ് ആണ്. ഒരു കൊച്ചുണ്ട്.. ”
വൈകുന്നേരം ആണ് ആ വിവരം സജിൻ അറിഞ്ഞത്. അറിഞ്ഞ പാടെ നേരെ അനൂപിനെയും വിളിച്ചു.
” അളിയാ.. സെറ്റ്.. ചുമ്മാതല്ല അവള് നമ്പർ വരെ തന്നത് ആള് പെഴയാണ് ഉറപ്പ് നീ സെറ്റ് ആക്ക്. വീഡിയോ എന്തേലും കിട്ടുവാണേൽ എനിക്കൂടെ തരണേ അളിയാ. ”
അനൂപിന്റെ ആ മറുപടി സജിനെയും ആവേശത്തിലാക്കി.
” ഞാൻ ഏറ്റു രാത്രി അവൾ വിളിക്കാം ന്ന് പറഞ്ഞിട്ടുണ്ട്.. ഞാനൊന്ന് സംസാരിക്കട്ടെ ”
പിന്നേ ഓരോ മിനിട്ടുകളും എണ്ണിയെണ്ണി കാത്തിരുന്നു അവൻ. പറഞ്ഞ പ്രകാരം തന്നെ രാത്രി എട്ടു മണി കഴിയവേ മായയുടെ കോൾ അവന്റെ ഫോണിലേക്കെത്തി.
” ഹലോ ചേട്ടാ… സോറി ഇച്ചിരി ലേറ്റ് ആയി പോയി വീട്ടിലെ ജോലികളൊക്കെ ദേ ഇപ്പോ ഒതുങ്ങിയേ ഉള്ളു.”
ക്ഷമാപണത്തോടെയാണ് അവൾ സംസാരിച്ചു തുടങ്ങിയത്.
” അത് സാരമില്ലെടോ.. ഞാൻ ഈ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ”
പതിയെ തുടങ്ങി സജിൻ.
” ആഹാ… അതെന്താ അത്രയ്ക്ക് പ്രതീക്ഷിച്ചിരിക്കാൻ… ”
ആ ചോദ്യം അവൻ പ്രതീക്ഷിച്ചതാണ്. തന്റെ ലക്ഷ്യത്തിലേക്കെത്തുവാനുള്ള ആദ്യ പടിയായി കണ്ടു ആ ചോദ്യത്തെ അവൻ.
” അത് പിന്നേ.. അത്രയും പ്രിയപ്പെട്ടവർക്കു വേണ്ടി നമ്മൾ എത്ര വേണോ കാത്തിരിക്കില്ലേ…”
ആ മറുപടി കേട്ട് ഒരു നിമിഷം നിശബ്ദയായി മായ.
” ഹലോ.. മായാ.. ലൈൻ ക്ലിയർ അല്ലെ.. ഞാൻ പറയുന്നത് കേൾക്കുന്നില്ലേ.. ”
അവളുടെ നിശബ്ദത സജിനും അസ്വസ്ഥതയുളവാക്കി
” കേട്ടു ചേട്ടാ.. ഞാനെങ്ങിനെയാ ചേട്ടനു ഇത്രയും അങ്ങ് പ്രിയപ്പെട്ട ആളാക്കുന്നെ … ഇന്ന് പകൽ നമ്മൾ പരിചയപ്പെട്ടതല്ലേ ഉള്ളു ”
ആ ചോദ്യവും സജിന്റെ കണക്കുകൂട്ടലുകൾ പ്രകാരം തന്നെയായിരുന്നു.
” എടോ അറിയില്ല എന്താന്ന്. നിന്നോട് കൂട്ട് കൂടിയേ പിന്നെ എനിക്ക് എന്തോ ഒരു വല്ലാത്ത അടുപ്പം.. എന്തും തുറന്ന് സംസാരിക്കാനൊക്കെ പറ്റുന്ന പേഴ്സണൽ കാര്യങ്ങൾ പോലും സംസാരിക്കാവുന്ന ഒരു നല്ല സുഹൃത്തായി തോന്നുവാ ”
പതിയെ പതിയെ ചൂണ്ടയെറിഞ്ഞു തുടങ്ങിയവൻ.
” ഓഹോ.. അത് കൊള്ളാലോ… ”
മറുപടി പറഞ്ഞു കൊണ്ട് മായയൊന്ന് പുഞ്ചിരിക്കവേ തുടർന്ന് സജിൻ.
” എടോ.. തനിക്ക് എന്നോട് ഇച്ചിരി ഓപ്പൺ ആയൊക്കെ സംസാരിച്ചൂടെ.. ഓപ്പൺ എന്ന് വച്ചാൽ എല്ലാം ഈ സെക്സ് കാര്യങ്ങൾ ഉൾപ്പെടെ… എനിക്കെന്തോ തന്നോട് എന്തും ഫ്രണ്ട്‌ലി ആയി സംസാരിക്കാൻ പറ്റുമെന്ന് തോന്നുവാ മാത്രമല്ല ഇപ്പോഴത്തെ സിറ്റുവേഷനിൽ തനിക്കും ആഗ്രഹങ്ങൾ ഒക്കെ കാണില്ലേ.. ആരും ഒന്നും അറിയില്ല നമുക്ക് എല്ലാം ഷെയർ ചെയ്യാം ”
വളച്ചു കെട്ടാതെ നേരെ കാര്യത്തിലേക്ക് തന്നെയെത്തി അവൻ. എന്നാൽ ആ വാക്കുകൾ കേൾക്കെ ഒരു നിമിഷം നിശ്ചലയായി മായ.
” എടോ.. ആരും അറിയില്ല.. തന്റെ ഏത് ആഗ്രഹത്തിനും ഞാൻ ഒപ്പമുണ്ടാകും.. നമുക്ക് എല്ലാം ഷെയർ ചെയ്യാം കാശിനു ആവശ്യമുണ്ടെൽ പോലും ചോദിക്കാൻ മടിക്കേണ്ട…”
സാമ്പത്തികമായി ഒരു സഹായം കൂടി ഓഫർ ചെയ്താൽ തന്റെ ആഗ്രഹം എളുപ്പത്തിൽ നടന്നേക്കും എന്ന് ഊഹിച്ചു അവൻ. കുറച്ചു സമയത്തേക്ക് മായ നിശബ്ദയായി.
” എടോ.. എന്താ ഒന്നും പറയാത്തെ… ”
ഉള്ളിൽ ഒരു പേടി തോന്നിയതിനാൽ തന്നെ തുടരെ തുടരെ ചോദിച്ചു കൊണ്ടിരുന്നു സജിൻ. ഒടുവിൽ മായ മറുപടി പറഞ്ഞു തുടങ്ങി.
” വീട്ടിൽ അമ്മയ്‌ക്കൊ പെങ്ങൾക്കോ കാശിനു ആവശ്യമുണ്ടോ ചേട്ടാ… ഉണ്ടേൽ അവരുമായി ഒരു ഡീലിൽ എത്തു അതാകുമ്പോ ഒരു വീട്ടിൽ തന്നെ കാര്യം നടക്കുമല്ലോ.. ”
വല്ലാത്ത പുച്ഛം നിറഞ്ഞിരുന്നു ആ വാക്കുകളിൽ എന്നാൽ ആ കേട്ടത് സജിന് വല്ലാത്ത രോഷമുണ്ടാക്കി.
” ദേ… മായെ.. വീട്ടിൽ ഇരിക്കുന്നോരെ വെറുതേ പറയല്ലേ.. ”
അവളെ താക്കീതു ചെയ്തു സജിൻ.
“അതെന്താ ചേട്ടാ വീട്ടിൽ ഉള്ളോരേ പറഞ്ഞപ്പോ കൊണ്ടോ.. ഞാനും ഒരു പെണ്ണാണ് ചേട്ടാ. ആ എന്നോട് ചോദിക്കുവാ കൊള്ളാവുന്ന ചോദ്യങ്ങൾ ആണോ നിങ്ങൾ ചോദിച്ചേ.. കഷ്ടം നല്ലൊരു സുഹൃത്താകും എന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി.. കോൾ വെച്ചിട്ട് പോടോ… ഇനി മേലിൽ എന്നെ കോൺടാക്ട് ചെയ്യാൻ വന്നേക്കരുത് ”
മറു താക്കീതോടെയാണ് മായ പറഞ്ഞു നിർത്തിയത്. അവളുടെ പുച്ഛം നിറഞ്ഞ മറുപടി ഒരു നടുക്കവും നിരാശയും ഒപ്പം ചെറിയ നാണക്കേടും ഉണ്ടാക്കി സജിന്.
” അതേ താൻ വല്യ പതിവ്രതയാകല്ലേ… എനിക്കറിയാം നിനക്ക് ഇതൊക്കെ താത്പര്യമാണെന്ന്. പിന്നെന്തിനാ ഈ ജാഡ. ഞാനാരോടും പറയില്ല ഒന്നും ”
അവന്റെ വാക്കുകൾ അല്പം കടുത്തിരുന്നു. അതോടെ അരിശമായി മായയ്ക്ക്
” നിങ്ങളോട് ആരാ പറഞ്ഞെ എനിക്കിതൊക്കെ ഇഷ്ടമാണെന്ന്… തോന്നിയത് പോലെ എന്തും പറഞ്ഞാൽ വിവരമറിയും കേട്ടോ.. ”
സജിന് അടുത്ത നടുക്കമായിരുന്നു ആ മറുപടി.
” നീയല്ലേ എന്നോട് വന്ന് മിണ്ടിയത് ഒരു പരിചയവും ഇല്ലാത്ത ആളോട് വന്ന് മിണ്ടേം നമ്പർ തരേം ഒക്കെ ചെയ്തത് പിന്നെ നല്ല ഉദ്ദേശത്തോടെയാണോ.. നിന്റെ ഡ്രസിങ് തന്നെ ആണുങ്ങളെ ആകർഷിക്കാൻ വേണ്ടീട്ട് അല്ലാരുന്നോ.. എന്നിട്ടിപ്പോ ഒന്നും അറിയാത്ത പോലെ.. ”
ഇത്തവണ ശെരിക്കും നിയന്ത്രണം വിട്ടുപോയി മായയ്ക്ക്
” എടോ.. പോക്രിത്തരം പറഞ്ഞാൽ ഉണ്ടല്ലോ.. നാണമില്ലാത്ത വർഗ്ഗം. ഒരാളുടെ ഡ്രസിങ് വച്ചാണോ ആളെ അളക്കുന്നെ താനൊക്കെ എവിടുത്തു കാരനാടോ.. മാത്രല്ല നമ്മൾ കൂട്ടായ സാഹചര്യം താൻ നോക്ക്.. നിന്റെയൊക്കെ ഉള്ളില് ഫുൾ വിഷം ആണ്. നല്ലവനാണ് എന്ന് കരുതി മിണ്ടാൻ വന്നത് എന്റെ തെറ്റ്. ഇനി മേലിൽ മിണ്ടാൻ വന്നേക്കരുത് വന്നാൽ താൻ വിവരം അറിയും… പെണ്ണുങ്ങളോട് ഓരോന്ന് പറഞ്ഞു വന്നാലുള്ള ഭവിഷ്യത്ത് അറിയാലോ ല്ലേ.. പിന്നേ ഇപ്പോ ഈ പറഞ്ഞതിനുള്ള പണി നിനക്ക് ഞാൻ തരുന്നുണ്ട്.. കാത്തിരുന്നോ…. ”
പുച്ഛത്തോടെയും അങ്ങേ അറ്റം ദേഷ്യത്തോടെയുമാണ് അവൾ പറഞ്ഞവസാനിപ്പിച്ചത്. മറുപടി പറയുവാൻ കഴിഞ്ഞില്ല സജിന് അതിനു മുന്നേ തന്നെ കോൾ കട്ട് ആയി. പിന്നേ വിളിച്ചു നോക്കിയെങ്കിലും വാട്ട്‌സാപ്പിലും ഫോണിലൂമെല്ലാം നമ്പർ ബ്ലോക്ക് ആക്കിയിരുന്നു.
ആകെ ഇളിഭ്യനായി പോയി അവൻ.
” പുല്ല്.. എടുത്ത് ചാട്ടം കൂടിപ്പോയി പതിയെ മതിയായിരുന്നു… ”
നിരാശയിൽ അവൻ ബെഡിലേക്ക് ചാഞ്ഞു. ആ നിമിഷം ഫോണിലേക്ക് അടുത്ത കോൾ എത്തി. അനൂപ് ആയിരുന്നു വിളിച്ചത്. കാര്യങ്ങൾ എന്തായി ന്ന് അറിയാനുള്ള വിളിയാണ് അതെന്ന് മനസിലാക്കി സജിൻ
” പുല്ല് ഇനി ഇവനോട് എന്ത് പറയും.. ”
നാണംകെട്ട കാര്യം തുറന്ന് പറയുവാൻ ചളിപ്പ് തോന്നി സജിന് അതുകൊണ്ട് വച്ച് കാച്ചി.
” അളിയാ സെറ്റ് ആണ് പക്ഷെ ഇച്ചിരി ടൈം ചോദിച്ചിട്ടുണ്ട്. അവള് അങ്ങിനെ ആരോടും ക്ലോസ് ആയിട്ടൊന്നുമില്ല ഇതുവരെ . സോ ഒരു ചളിപ്പ് ഉണ്ട്.. ഞങ്ങൾ ജസ്റ്റ് ഒന്ന് സംസാരിച്ചു തുടങ്ങി.. ”
അനൂപിൽ അസൂയ ജനിപ്പിക്കാൻ അത്രയും മതിയായിരുന്നു
” അളിയാ നിന്റെയൊരു ടൈം.. ഭാഗ്യവാൻ. ”
അസൂയയും ഒപ്പം നിരാശയും എല്ലാം ആ വാക്കുകളിൽ നിറഞ്ഞു. കോൾ കട്ട് ആകുമ്പോൾ അനൂപിനേക്കാൾ ഏറെ നിരാശയിലായിരുന്നു സജിൻ ഒപ്പം വല്ലാത്തൊരു ഭയവും അവനിൽ നിറഞ്ഞു .
” ദൈവമേ ഇനി അവളെങ്ങാൻ കംപ്ലയിന്റ് ചെയ്യോ അല്ലേൽ സോഷ്യൽ മീഡിയയിൽ ഇടോ സ്ക്രീൻ ഷോർട്ട് വച്ച് ”
ആ ഭയം അവനെ അസ്വസ്ഥാനക്കി.
” എന്റെ ദൈവമേ ഒന്നും ഉണ്ടാകല്ലേ.. ഇനി മേലിൽ ഒരു പെണ്ണിന്റെയും പിന്നാലെ അനാവശ്യം പറഞ്ഞു പോകില്ല ഞാൻ.. ഇത്തവണ പ്രശ്നം ഇല്ലാതെ കാത്തോളണേ..”
മനസ്സുരുകി പ്രാർത്ഥിച്ചു പോയി സജിൻ. അന്നത്തോടെ സ്ത്രീ വിഷയത്തിലുള്ള അവന്റെ അമിത ആക്രാന്തം പൂർണ്ണമായും നിലച്ചു. ഉടായിപ്പുകൾക്ക് എല്ലാം നൊ പറഞ്ഞു നല്ല വഴിക്കായി..
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു.
