“മക്കളേ.. പ്രണയം കാമമാകരുത്… പ്രണയം പറയാനും മടിക്കരുത്… പറയാത്ത പ്രണയങ്ങൾ തീരാ വേദനകളായി അവശേഷിക്കും.. ”
ബസ് സ്റ്റോപ്പിനരികിലൂടെ പതിവ് പോലെ അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് നടന്നു നീങ്ങി. ബസ് കാത്തു നിന്നിരുന്ന യാത്രക്കാരെല്ലാവരും പരിഹാസച്ചിരിയിൽ നോക്കി നിന്നു.
” ആശാൻ പതിവ് പോലെ നല്ല ഫോമിലാണല്ലോ ”
കിരൺ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.
” ഇയാൾക്ക് വീടും കുടിയുമൊന്നുമില്ലേ.. എന്നും കാണാമല്ലോ ഇത്പോലെ എന്തേലുമൊക്കെ പറഞ്ഞു നടക്കുന്നത്…”
” ആളിന് തലയ്ക്ക് സുഖമില്ലാത്തതാ മോനെ… വീട്ടിൽ ആരുമില്ല എല്ലാവരും മരിച്ചു. ഒറ്റത്തടിയാണ്. ”
മറുപടി പറഞ്ഞത് ബസ് സ്റ്റോപ്പിൽ തന്നെയിരുന്ന ഒരു വൃദ്ധനാണ്.
” ആഹാ ചുമ്മാതല്ല ആള് കിളി പോയി പാറി നടക്കുന്നെ.. കണ്ടിട്ട് വല്യ പ്രായം ഒന്നും ഇല്ല.. ”
കിരണിന്റെ സുഹൃത്ത് രൂപേഷും ഒരു കമന്റടിച്ചു.
” അയാളൊരു ബാങ്ക് മാനേജർ ആയിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. ”
പെട്ടെന്നുള്ള ആ ചോദ്യം കേട്ട് തിരിഞ്ഞ എല്ലാവരും പിന്നിൽ ഇരുന്ന ആ പെൺകുട്ടിയും ശ്രദ്ധ കേന്ദ്രീകരിച്ചു. കിരണിന്റെ സുഹൃത്ത് പ്രിയങ്കയായിരുന്നു അത്.
” ബാങ്ക് മാനേജറോ.. ഈ വട്ടനോ.. നീ എന്താ പ്രിയങ്ക ഈ പറയുന്നേ.. ”
സംശയത്തിൽ നോക്കി രൂപേഷും.
” അതേ.. എനിക്ക് പരിചയമുണ്ട് ഇയാളെ.. ആളൊരു ബാങ്ക് മാനേജർ ആയിരുന്നു. നല്ല റിച്ച് ആയി നടന്നിരുന്ന ആളാണ്. ഒരു ആത്മാർത്ഥ പ്രണയം പുള്ളിയെ ഇങ്ങനെയാക്കി.. ”
പറഞ്ഞു നിർത്തുമ്പോൾ അവൾ ദൂരേയ്ക്ക് ഒന്ന് നോക്കി
“നഷ്ടപ്രണയം വേദനയാണ്…ആ വേദനയോ മരണത്തേക്കാൾ ഭീകരവും …”
അയാൾ അപ്പോഴും അകലെ ഒരു മരച്ചുവട്ടിൽ ഇരുന്നു വിളിച്ചു കൂവുന്നുണ്ടായിരുന്നു.
” ഇയാളുടെ സ്റ്റോറി എന്താണ് പ്രിയങ്ക.. നീ പറഞ്ഞത് കേട്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല. ”
സംശയത്തിൽ നോക്കി കിരൺ അതോടെ ആ കഥ പറഞ്ഞു തുടങ്ങി പ്രിയങ്ക
” എടാ.. ഇയാളുടെ പേര് നിരഞ്ജൻ എന്നാണ്. ഗവണ്മെന്റ് എംപ്ലോയി ആയിരുന്നു ബാങ്ക് മാനേജർ. അച്ഛൻ അമ്മ അടങ്ങുന്ന കുടുംബം. ആൾക്ക് കോളേജ് കാലം തൊട്ട് ഒരു പെൺകുട്ടിയോട് ഒരു പ്രണയം ഉണ്ടായിരുന്നു. ചന്ദന. ഈ നാട്ടുകാരിയാണ് സുന്ദരിയായിരുന്നു ആ ചേച്ചി.. ഈ ചേട്ടന് പക്ഷെ പ്രണയം തുറന്ന് പറയുവാൻ ധൈര്യം വന്നില്ല… എന്നാൽ ചന്ദന ചേച്ചിക്ക് അത് അറിയാമായിരുന്നു. സത്യം പറഞ്ഞാൽ രണ്ടാളും പരസ്പരം തുറന്ന് പറയാതെ പ്രണയിച്ചു എന്ന് വേണമെങ്കിൽ പറയാം ”
“ഹാ.. അത് കൊള്ളാലോ. ഒരു വെറൈറ്റി പ്രണയം .”
പ്രിയങ്ക ഒന്ന് നിർത്തുമ്പോൾ ഇടയിലേക്ക് കയറി കമന്റടിച്ചു രൂപേഷ്.
“എന്നിട്ട്.. ”
കിരൺ അപ്പോഴും കഥയിൽ തന്നെയായിരുന്നു.
” എന്നിട്ട് എന്താകാൻ കോളേജൊക്കെ കഴിഞ്ഞു നിരഞ്ജൻ ചേട്ടന് ജോലിയായി. അപ്പോഴും ആ പ്രണയം അവർക്കുള്ളിൽ പരസ്പരം പറയാതെ തന്നെ അവശേഷിച്ചു. അതിനു കാരണങ്ങൾ ഒരുപാട് ഉണ്ടായിരുന്നു ചന്ദന ചേച്ചി ജാതിയിൽ കൂടിയവരാണ് സാമ്പത്തികവും.. സോ ചേട്ടന് നേരിട്ട് ചോദിക്കുവാൻ ധൈര്യം വന്നില്ല. അതിനിടയിൽ ചേച്ചിടെ അച്ഛന് പെട്ടെന്ന് ഒരു ദിവസം നെഞ്ച് വേദന വന്നു. സീരിയസ് ആയിരുന്നു. രക്ഷപ്പെട്ടെങ്കിലും അധികം ആയുസ് ഉണ്ടാകില്ല എന്ന് ഡോക്ടർസ് വിധിച്ചു. അതോടെ എങ്ങിനെയും ചേച്ചിയുടെ വിവാഹം നടന്നാൽ മതി എന്ന ആഗ്രഹം എല്ലാവർക്കും മുന്നിൽ വച്ചു അച്ഛൻ. അന്ന് ഈ നിരഞ്ജൻ ചേട്ടൻ ബാങ്ക് ട്രൈനിങ്ങിനൊ മറ്റോ പോയ സമയമായിരുന്നു. വീട്ടുകാരെല്ലാം കൂടി വെപ്രാളം കാട്ടി ഒരു ബന്ധുവായ പോലീസുകാരനെ കണ്ടെത്തി ചേച്ചിയെ കെട്ടിച്ചു. നിരഞ്ജൻ ചേട്ടൻ തിരിച്ചു എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ചേച്ചിക്ക് എതിർക്കുവാനും കഴിക്കില്ല.. ”
പ്രിയങ്ക പറഞ്ഞു നിർത്തുമ്പോൾ കിരണും രൂപേഷും മറ്റുള്ളവരുമെല്ലാം അവളെ തന്നെ ശ്രദ്ധിച്ചു നിന്നിരുന്നു.
” ചെക്കൻ പാവം.. ഒരുപാട് ഇഷ്ടപ്പെട്ടതാണ് ആ കൊച്ചിനെ.. കൈവിട്ടു പോയി.. ”
ആ വൃദ്ധനും വേദനയോടെ നോക്കി.
” അപ്പോ ഈ ചേട്ടൻ തിരിച്ചു വന്ന് ആ ചേച്ചിടെ വിവാഹം കഴിഞ്ഞത് അറിഞ്ഞു അല്ലെ അതോടെ മാനസികമായി വിഷമം തട്ടി ആള് ഇങ്ങനെ ആയി പോയോ കഷ്ടം തന്നെ ”
കിരണും വിഷമത്തോടെ നോക്കി.
” അങ്ങനല്ല…. അതിനു ശേഷം വേറെയും സംഭവങ്ങൾ ഉണ്ടായി അതാണ് ഈ ചേട്ടൻ ഇങ്ങനാകാൻ കാരണമായത് ”
പ്രിയങ്ക പറഞ്ഞു നിർത്തുമ്പോൾ വീണ്ടും എല്ലാവരും സംശയത്തിൽ നോക്കി.
” അതേ.. ചേട്ടൻ തിരിച്ചു വന്ന് ഈ കാര്യങ്ങൾ അറിഞ്ഞു വലിയ വിഷമത്തിലായി അത് സത്യം തന്നെ. പക്ഷെ ചന്ദന ചേച്ചിയുടെ ജീവിതം അത്ര സുഖകരമൊന്നുമല്ലായിരുന്നു. അവരെ കെട്ടിയ ആള് പക്കാ ഫ്രോഡ് ആയിരുന്നു സ്ത്രീധനത്തിന്റെ കണക്കുപറച്ചിലും കള്ള് കുടിയും പെണ്ണ് പിടിയും അങ്ങിനെ പക്കാ ഫ്രോഡ്….ചേച്ചിയെ ഒരുപാട് ഉപദ്രവിച്ചു ദ്രോഹിച്ചു. അതിനിടയിൽ ചേച്ചിയുടെ അച്ഛനും മരിച്ചു. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥ… അതിനിടയിൽ എങ്ങിനെയോ ആ കാര്യങ്ങൾ അറിഞ്ഞു ഈ ചേട്ടൻ.. പുള്ളി പിന്നേ കാത്തില്ല നേരിട്ട് അവരുടെ വീട്ടിൽ ചെന്ന് ചേച്ചിയെ കണ്ട് ഇഷ്ടം പറഞ്ഞു വിളിച്ചിറക്കാൻ നോക്കി… ”
“എന്നിട്ട്….”
കേട്ടു നിന്ന കിരണിനു ആകാംഷയേറി
” അവിടെ വച്ചാ എല്ലാം നശിച്ചത്… ചേച്ചിടെ ഹസ്ബൻഡ് പ്രശ്നമുണ്ടാക്കി വഴക്കായി.. നിരഞ്ജൻ ചേട്ടനുമായി അടിയായി. അതിനിടയിൽ കയ്യിൽ കിട്ടിയതെന്തോ എടുത്തു അയാൾ ചേച്ചിയുടെ തലയിൽ അടിച്ചു. ഈ നിരഞ്ജൻ ചേട്ടന്റെ മുന്നിൽ വച്ച് ചന്ദന ചേച്ചി മരണപ്പെട്ടു.”
” ദൈവമേ… അതൊരു വല്ലാത്ത ട്രാജഡിയായി പോയല്ലോ ”
രൂപേഷ് മൂക്കത്ത് വിരൽ വച്ചു പോയി.
” ശ്ശോ…! അപ്പോ ആ സംഭവം ആണോ ഇയാളെ ഇതുപോലാക്കിയത്… ”
കിരണും വല്ലാതെ വിഷമിച്ചു.
“അതേ.. ആ പെൺകൊച്ചു കണ്മുന്നിൽ വച്ച് മരിച്ചപ്പോ അവന്റെ മാനസിക നില തെറ്റി പോയി… കുറെ ചികിൽസിച്ചു ഉള്ള കാശെല്ലാം തീർന്നു. അതിനിടക്ക് ജോലിയും നഷ്ടമായി. പിന്നേ പതിയെ പതിയെ പ്രായമായ തന്തയും തള്ളയും മരിച്ചു പോയി..അതോടെ ഈ ചെക്കൻ ഇങ്ങനെയായി.. ഇപ്പോൾ ഇങ്ങനെ അലഞ്ഞു നടന്ന് ആരേലും എന്തേലും കൊടുത്താൽ അതും വാങ്ങി കഴിച്ചു ജീവിതം തള്ളി നീക്കുന്നു…”
ആ വൃദ്ധൻ പറഞ്ഞു നിർത്തുമ്പോൾ നിരഞ്ജൻ എന്ന ആ ചെറുപ്പക്കാരൻ എല്ലാവരുടെയും മനസ്സിൽ ഒരു നോവായി മാറി.
” ഇത്രേം നല്ല രീതിയിൽ ബാങ്ക് മാനേജർ ഒക്കെയായിരുന്ന ആളെ ചികിൽസിച്ചു ഭേദമാക്കുവാൻ ആരും തയ്യാറായില്ലേ… ”
ഒക്കെയും കേട്ടു നിന്ന മറ്റൊരു യാത്രക്കാരൻ സംശയത്തിൽ ചോദിച്ചു.
” ഉവ്വ്… കുറെ ശ്രമിച്ചു നാട്ടുകാരും പല സംഘടനകളും ഒപ്പം ജോലി ചെയ്തിരുന്നവരും എല്ലാവരും കുറെ ശ്രമിച്ചു… പക്ഷെ ഫലമില്ലാതായപ്പോ പതിയെ പതിയെ എല്ലാവരും മടുത്തു പിന്മാറി… ”
ആ വൃദ്ധൻ തന്നെയാണ് മറുപടി പറഞ്ഞത്.
” അപ്പോ ആ ചേച്ചിടെ ഭർത്താവ് എവിടെയാണ് ഇപ്പോ അയാൾക്ക് ശിക്ഷ കിട്ടിയോ.. ”
രൂപേഷാണ് ചോദിച്ചത്.
“ഉവ്വ്.. അയാൾക്ക് ജീവപര്യന്തം ശിക്ഷ കിട്ടി.. ഇപ്പോൾ ജയിലിൽ ആണ്. ”
മറുപടി പ്രിയങ്കയാണ് പറഞ്ഞത് അതോടെ ഒരു നിമിഷം എല്ലാവരും നിശബ്ദരായി അപ്പോഴേക്കും ബസ് എത്തി.
“നിങ്ങൾ ഈ ബസിൽ അല്ലല്ലോ വരുന്നേ.. എന്നാൽ ഞാൻ പോട്ടെ. ”
യാത്ര പറഞ്ഞു പ്രിയങ്ക മുന്നിലേക്ക് കയറുമ്പോൾ തലയാട്ടി കിരണും രൂപേഷും.
ബസിൽ കയറി അവൾ യാത്രയായി.. ആ സമയം നിരഞ്ജൻ വീണ്ടും എന്തൊക്കെയൊ വിളിച്ചു പറഞ്ഞു കൊണ്ട് വീണ്ടും എഴുന്നേറ്റു അകലങ്ങളിലേക്ക് നടന്നു പോയി.
” എടാ എന്ത് കഷ്ടമാ അല്ലെ അയാളുടെ അവസ്ഥ .. എങ്ങിനെ ജീവിച്ച ആളാ… പ്രിയങ്കയ്ക്ക് ഈ കഥയെല്ലാം ഇത്ര കൃത്യമായി എവിടുന്നു കിട്ടി ന്നാ.. ആളെ സ്ഥിരമായി കാണാറുണ്ടേലും ഞാൻ ഇതുവരെ ഇങ്ങനൊരു കഥ കേട്ടിട്ടില്ല… ”
രൂപേഷ് സംശയത്തിൽ ചോദിച്ചതിനുള്ള മറുപടി കിരണിന്റെ പക്കലും ഇല്ലായിരുന്നു. എന്നാൽ ആ വൃദ്ധൻ അപ്പോൾ ഒന്ന് ചിരിച്ചു
” അപ്പോ നിങ്ങൾക്ക് അറിയില്ലായിരുന്നു…. ഈ കഥയിലെ ആ പെൺകുട്ടി ഇല്ലെ ചന്ദന.. അതിന്റെ അനിയത്തിയാണ് ഇപ്പോ ബസ് കേറി പോയ ആ കൊച്ച്… അതിന്റെ കുടുംബത്തിൽ നടന്ന കഥയാണ് ഇപ്പോൾ നിങ്ങളോട് പറഞ്ഞിട്ട് പോയത്… ”
ആ വാക്കുകൾ കേൾക്കെ അതിശയത്തിൽ പരസ്പരം നോക്കിപ്പോയി കിരണും രൂപേഷും…
” പ്രിയങ്കയുടെ ചേച്ചിയോ.. അവളിതുവരെ ഒന്നും പറഞ്ഞിട്ടില്ലല്ലോ…. ”
അങ്ങനൊരു ട്വിസ്റ്റ് അവർ ഒരിക്കലും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് തന്നെ കേട്ടത് വലിയ ഞെട്ടലായി.
ആ സമയം ബസിൽ സൈഡ് സീറ്റിൽ ഇരുന്ന് പോകുമ്പോൾ പ്രിയങ്കയുടെ മിഴികളിൽ നനവ് തെളിഞ്ഞു. വർഷങ്ങളായി മറന്ന് തുടങ്ങിയതെന്തൊക്കെയോ വീണ്ടും പൊടി തട്ടിയെടുത്തപ്പോൾ ഉള്ളിൽ ഒരു പിടപ്പായി അവൾക്ക്..
ഇതൊന്നുമറിയാതെ അപ്പോഴും ആരോടെന്നില്ലാതെ എന്തൊക്കെയോ വിളിച്ചു കൂകി നടന്നു നിരഞ്ജൻ… ഒരു ആത്മാർത്ഥ പ്രണയത്തിന്റെ രക്ത സാക്ഷിയായി….
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു
