“നേരം വൈകിയുള്ള നിന്റെ എഴുന്നേൽക്കലും എഴുന്നേറ്റയുടനെയുള്ള അണിഞ്ഞൊരുങ്ങി വെറുതെയിരുപ്പും ഒക്കെ ഇപ്പഴേ നിർത്തിയാൽ അതു നിനക്ക് കെട്ടി കയറിചെല്ലുന്ന വീട്ടിൽ ഉപകാരപ്പെടും അനൂ…
അരി അടുപ്പത്തിടാനുളള ചെമ്പെടുത്ത് കഴുകി വെള്ളം നിറയ്ക്കുന്നതിനിടയിലാണ് തന്റെ സമീപം അടുക്കള പടിയിൽ അലക്ഷ്യമായിരുന്ന് നഖം ഷേപ്പ് ചെയ്യുന്ന അനുവിനെ അഞ്ചു കണ്ടത്….
സമയം രാവിലെ പത്തു മണി കഴിഞ്ഞിട്ടുണ്ട് അവളെഴുന്നേറ്റപ്പോൾ…. എഴുന്നേറ്റയുടനെ മറ്റൊന്നിനെ കുറിച്ചും ആകുലപ്പെടാതെ ഉള്ള പരീക്ഷണങ്ങൾ മുഴുവൻ സ്വന്തം മുഖത്ത് പരീക്ഷിച്ചു വന്നിരിയ്ക്കുന്ന അനുവിനെ തനിച്ച് കിട്ടിയതും ഒരേട്ടത്തിയമ്മയുടെ ഉത്തരവാദിത്തവും കടമയും തെളിഞ്ഞു അഞ്ചുവിൽ
‘ഇത്തിരി ചിട്ടയിലും ക്രമത്തിലും വീട്ടുകാര്യങ്ങൾ കൂടി കുറച്ച് പഠിച്ചാൽ അതും നല്ലതാണ്… മറ്റുള്ളവർക്ക് വെച്ചുണ്ടാക്കി കൊടുക്കാൻ സാധിച്ചില്ലെങ്കിലും കുഴപ്പമില്ല, പക്ഷെ ഒരത്യാവശ്യ ഘട്ടത്തിൽ നമുക്ക് വേണ്ടിയെങ്കിലും എന്തെങ്കിലും ഒക്കെ ഉണ്ടാക്കി കഴിക്കേണ്ട ഒരവസ്ഥ വന്നാൽ കുടുങ്ങാതിരിക്കാനെങ്കിലും ഇത്തിരി പാചകം പഠിക്കുന്നതും നല്ലതാണ് അനുമോളെ… ”
അനുവിനോട് കാര്യമായ് തന്നെ പറഞ്ഞ് അഞ്ചു തിരിഞ്ഞതും ഒന്നു പതറി…. അവളുടെ സംസാരമത്രയും കേട്ടുകൊണ്ട് അടുക്കള വാതിൽക്കലായ് നിൽപ്പുണ്ട് അവളുടെ അമ്മായി അമ്മ ലളിത
“നീയ്യീ പറഞ്ഞതൊക്കെ അറിയേണ്ടതും പഠിച്ചിരിക്കേണ്ടതുമെല്ലാം നിന്നെ പോലെ വെറും കയ്യോടെ ചെക്കന്റെ വീട്ടിലേക്ക് കയറി ചെല്ലുന്നവൾമാരാണ്… ഞാനെന്തായാലും എന്റെ മോളെ നീയ്യീ വീട്ടിലേക്ക് കയറി വന്നതു പോലെ പിച്ചക്കാരിയായ് കെട്ടിച്ചിറക്കി വിടില്ല അഞ്ചൂ… അവളീ വീട്ടിലെ രാജകുമാരിയാണ്… ചെന്നു കയറുന്ന വീട്ടിലും എന്റെ മകൾ രാജകുമാരിയായിരിക്കും അത്രയ്ക്കും പൊന്നും പണവും അവൾക്ക് വേണ്ടി കരുതി വെച്ചിട്ടുണ്ട് ഞാൻ… അവളുടെ കാര്യമെല്ലാം നോക്കാൻ ഞാനുണ്ട് ഇവിടെ…
നീ നിന്റെ പണി നോക്കി നേരത്തും കാലത്തും വല്ലതും വെച്ചുണ്ടാക്കി വയ്ക്ക് ആദ്യം… അതു കഴിഞ്ഞിട്ട്
വീട്ടിലെ മറ്റു ജോലികൾ കൂടി തീർക്കാൻ ഉള്ളതാണ്… ഉള്ള സമയം ഉപദേശി കളിച്ചിരിക്കാതെ വേഗം നോക്ക് നിന്റെ ജോലി തീർക്കാൻ…”
അനുവിനെയും കൂട്ടി അകത്തേയ്ക്ക് നടക്കുന്നതിനിടയിൽ പുച്ഛത്തിൽ അഞ്ചുവിനെ നോക്കി പരിഹാസം കലർത്തി പറഞ്ഞവിടെ നിന്ന് നടന്നു പോയ് ലളിത…. അവർക്കൊപ്പം തന്നെ തിരിഞ്ഞു നോക്കി നടന്നു പോവുന്ന അനുവിലുമുണ്ട് തന്നോടും തന്റെ വാക്കുകളോടുമുള്ള പുച്ഛം ആവശ്യത്തിലധികമെന്ന് കണ്ടറിഞ്ഞു അഞ്ചു…
ലളിതയുടെ വാക്കുകൾക്കും അനുവിന്റെ പുച്ഛത്തിനുമൊന്നും യാതൊരു ഭാവമാറ്റവുംവരുത്താനായില്ല അഞ്ചുവിൽ…
സനൂപിന്റെ ഭാര്യയായ് ഈ വീട്ടിൽ വന്നു കയറിയ നാളു മുതൽ ഇന്നുവരെ ഇതിലും കൂടുതൽ കാണുകയും അനുഭവിക്കുകയും ചെയ്തവൾക്ക് ഇതൊക്കെ എങ്ങനെ ഏൽക്കും….?
അവരുടെ സമ്പത്തിന്റെ വലുപ്പക്കൂടുതലിനു മുന്നിൽ തന്റെ വീട്ടിലെ ഇല്ലായ്കയും താനും എന്നുമൊരു പരിഹാസപാത്രമാണ് അവർക്ക്… സമ്പത്തിന്റെ അഹങ്കാരത്തിൽ കഴിക്കുന്ന ഭക്ഷണത്തിനും ഉടുക്കുന്ന വസ്ത്രത്തിനും വരെ കണക്ക് പറയുന്ന അപൂർവ്വം ചിലരിലൊരാളാണ് തന്റെ അമ്മായി അമ്മ എന്നോർത്തു കൊണ്ട് ആ വീട്ടിലെ തന്റെ ജോലികളോരോന്നായ് വേഗത്തിലൊതുക്കി അഞ്ചു…..
“എന്താണെന്റെ ചുന്ദരി അഞ്ചൂസിന് ഇന്നെന്നോട് മിണ്ടാൻ വല്യ മടിയും ഒരാലോചനയും…?
അമ്മ വഴക്കു വല്ലതും പറഞ്ഞോ നിന്നെ….?
വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സനൂപ് അഞ്ചുവിന്റെ മുഖം കണ്ടതേ വെപ്രാളത്തോടെ തിരക്കി അവളോട്…
അവന്റെ അമ്മയുടെ മോശം സ്വഭാവം അവനോളം അറിയുന്നവരാരുമില്ല… അതറിഞ്ഞു വെച്ചും തന്നെയവൻ സ്നേഹിച്ചതും വാശി പിടിച്ച് വിവാഹം കഴിച്ചതും ഇന്നും അത്ഭുതമാണ് അഞ്ചുവിന്….
ഇവിടുത്തെ അമ്മ പറയുക താൻ തന്റെ സൗന്ദര്യം കാണിച്ച് സനൂപേട്ടനെ വശീകരിച്ചെന്നാണ്… സത്യത്തിൽ തന്നോട് പ്രണയം തുറന്നു പറഞ്ഞ് പിന്നാലെ വിടാതെ നടന്നത് സനുപേട്ടാണ്… താനന്നും രണ്ടു വീട്ടിക്കാരും തമ്മിലുള്ള അന്തരം ചൂണ്ടി കാണിച്ചത് നിരസിച്ചിട്ടേയുള്ളു.. എന്നിട്ടും പിൻമാറാതെ തന്റെ വീട്ടിൽ വന്നതും വിവാഹം ആലോചിച്ചതും വാശിപിടിച്ച് കല്യാണം നടത്തിയതുമെല്ലാം സനുവേട്ടനാണ്… പക്ഷെ അതിന്റെ പഴി ചുമക്കുന്നത് താനും….
നോവോടെ ഓർത്തവൾ അവനെ നോക്കി… അവളുടെ മറുപടിയ്ക്ക് കാത്തവളെ നോക്കി നിൽപ്പാണവൻ….
”അമ്മ എന്നെ എന്തെങ്കിലും കാരണമുണ്ടാക്കി വഴക്കിടാത്ത കുറ്റപ്പെടുത്താത്ത ഒരു ദിവസം പോലും നമ്മുടെ വിവാഹം കഴിഞ്ഞതിൽ പിന്നെ എന്റെ ജീവിതത്തിലുണ്ടായിട്ടില്ല… അതു കൊണ്ട് ഈയൊരു ചോദ്യം തന്നെ അനാവശ്യമാണ് മോനെ…. ”
സനൂപിന്റെ മൂക്കിലൊന്നു വിരൽ തട്ടി ചിരിയോടെ പറഞ്ഞവൾ അന്നവിടെ നടന്നതു മുഴുവൻ അവനെ പറഞ്ഞു കേൾപ്പിച്ചു…
” ഞാനവളെ കുറ്റപ്പെടുത്തി പറഞ്ഞതൊന്നുമല്ല സനുവേട്ടാ… വിവാഹം ഉറപ്പിച്ചിട്ട പെൺക്കുട്ടിയല്ലേ എന്തെങ്കിലും ഒക്കെ പഠിച്ചോട്ടെ എന്നു കരുതി പറഞ്ഞതാണ്… മാത്രവുമല്ല ജോലിക്ക് പോവാനും പഠിക്കാനുമൊന്നും ഇഷ്ടമില്ല അനുവിന്…. അങ്ങനെയാവുമ്പോൾ വിവാഹം കഴിഞ്ഞാലും മുഴുവൻ സമയം അവളാ വീട്ടില്ലല്ലേ ഉണ്ടാവുക….. എന്തെങ്കിലും ഒക്കെ അവിടത്തെ അമ്മയുടെ കൂടെ കൂടി ചെയ്തില്ലെങ്കിൽ അതൊരു സംസാരത്തിനും വഴക്കിനും വഴിവെക്കുമല്ലോന്ന് ചിന്തിച്ച് പറഞ്ഞതാണ്.. അതിലും പക്ഷെ ഇവിടുത്തെ അമ്മ കണ്ടത് എന്റെ കുറ്റവും കുറവുമാണ്….”
നിn കൺചിരിയോടെ പറയുന്നവളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെയായ് അവനും…
അഹങ്കാരമുണ്ട് തന്റെ അമ്മയ്ക്കും അനിയത്തിയ്ക്കും… അവരഹങ്കരിക്കുന്നത് തന്റെ പണം കണ്ടിട്ടാണ്…. ഇന്നവരെക്കാൾ ആ പണത്തിന് അവകാശവും അധികാരവും കൂടുതൽ തന്റെ ഭാര്യയായിരിക്കുന്നവൾക്കാണെന്ന് അവർ ചിന്തിച്ചാൽ അതുമല്ലെങ്കിൽ അഞ്ചു ചിന്തിച്ചാൽ തീരാവുന്നതേയുള്ളു അവരുടെ അഹങ്കാരമെന്ന് ഓർത്തു പോയവൻ….
വിവാഹം കഴിഞ്ഞ അന്നു മുതൽ ഇന്നീ നിമിഷം വരെ യാതൊരു പരാതിയും ആവശ്യങ്ങളുമില്ലാതെ ഈ വീട്ടിൽ എല്ലാവർക്കും വെച്ചുണ്ടാക്കിയും അവരുടെ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും സഹിച്ച് അവർക്കു കൂടി വേണ്ടി വീട്ടുപണി എടുത്തും കഴിയുന്ന അഞ്ജലിയെ നോക്കി നിൽക്കേ താനും അവളോട് ചെയ്യുന്നത് അനീതിയും അക്രമവും ആണെന്ന് അന്നാദ്യമായ് തോണിയവന്…
തനിയ്ക്ക് വേണ്ടി തന്റെ പ്രണയത്തിനു വേണ്ടി എല്ലാം സഹിക്കുന്നവളോട് താനും തെറ്റ് ചെയ്തിരിക്കുന്നു… വീട്ടിലൊരു കലഹമുണ്ടാവുന്നത് ഒഴിവാക്കാൻ വേണ്ടി താൻ കണ്ടില്ലാന്ന് നടിച്ചത് കേട്ടില്ലാന്ന് ഭാവിച്ചത് തന്റെ പാതിയുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും കൂടിയാണെന്ന തിരിച്ചറിവ് അവന്റെ കണ്ണുകളെ നനയിച്ചു…
ആവശ്യത്തിലുമേറെ പൊന്നും പണവും നൽകി അമ്മ ആഗ്രഹിച്ച പോലെ അനുവിന്റെ കല്യാണം ഭംഗിയിൽ നടത്തി സനൂപ്… എന്നാൽ അതു കഴിഞ്ഞ് അധികം ദിവസമാവുന്നതിനു മുമ്പുതന്നെ ജോലി മാറ്റം വാങ്ങി ദൂരെയൊരിടത്തേയ്ക്ക് താമസം മാറി സനൂപ്… ഒപ്പം അമ്മയുടെ എതിർപ്പ് വക മെക്കാതെ ജോലി സ്ഥലത്തേയ്ക്ക് അഞ്ചുവിനെ കൂടെ കൊണ്ടുപോയവൻ… വ്യക്തമായ ചില കണക്കു കൂട്ടലോടെ തന്നെ…
‘സനൂപേ എടാ നീയ്യിങ്ങനെ ദൂരെ നാട്ടിൽ പോയി നിന്റെ ഭാര്യയേയും കെട്ടി പിടിച്ച് ജീവിച്ചോണ്ടിരുന്നാൽ ഇവിടെ വീട്ടിലെ കാര്യങ്ങൾ ആരു നോക്കും….?
എനിയ്ക്ക് വയ്യ ഒറ്റയ്ക്ക് ഇങ്ങനെ വെച്ചുണ്ടാക്കാനും വിളമ്പാനുമൊന്നും… നീ അവിടെ നിൽക്കുവാണേൽ നിന്നോ പക്ഷെ അവളെ ആ അഞ്ചുവിനെ നീ ഇങ്ങോട്ടു കൊണ്ട് വന്നു വിട്.. എന്നിട്ട് നീ കുറച്ചു ദിവസം ഇവിടെ നിൽക്ക്… മാസം ഒന്നു കഴിഞ്ഞു നീ പോയിട്ട് …നാളെ തന്നെ അവളെയും കൊണ്ട് ട്രെയിൻ കയറി വാ നീ…. ”
അനുവിന്റെ വിവാഹം കഴിഞ്ഞ് രണ്ടു മാസം ആയില്ല അതിനു മുമ്പ് സനൂപിനെ തേടിയെത്തി ലളിതയുടെ പരാതിയും നിർദ്ദേശവും….
“അഞ്ചുവിനെ അങ്ങനെയൊന്നും ഇവിടുന്ന് പറഞ്ഞയക്കാനും എനിയ്ക്ക് കൊണ്ടുവിടാനുമൊന്നും പറ്റില്ല അമ്മേ…ഞാനവളെ ഇവിടെയൊരു ക്ലാസിനു ചേർത്തിരിക്കുവാണ്… ഇന്നത്തെ കാലത്ത് ഭാര്യയ്ക്കും ഭർത്താവിനും ജോലി ഉണ്ടെങ്കിലേ നല്ല രീതിയിൽ കുടുംബംമുന്നോട്ടു പോവൂ… അവൾക്കൊരു ജോലി കിട്ടിയാൽ അതെനിയ്ക്കൊരു സഹായം ആണ്… അവിടേയ്ക്കും ഇവിടേയ്ക്കും ജീവിക്കാൻ പണം തന്നെ വേണ്ടേ.. തൽക്കാലം അമ്മ ഒന്നഡ്ജസ്റ്റ് ചെയ്തേ പറ്റുകയുള്ളു…. പിന്നെ അമ്മ ഒരാൾക്ക് വെച്ചുണ്ടാക്കി തരാനെത്തിനാ അഞ്ചു…?
അമ്മ തന്നെ ധാരാളമല്ലേ….?
ചുണ്ടിൽ പൊട്ടി വന്ന ചിരിയൊതുക്കി ചോദിച്ചവൻ…
“എനിയ്ക്കൊറ്റയ്ക്ക് വെച്ചുണ്ടാക്കി തരാനല്ല… നിന്റെ അനിയത്തി അനുവിനും കൂടി വേണ്ടിയാണ്…. ഗിരീഷിന്റെ വീട്ടുകാരും അമ്മയുമൊന്നും ശരിയല്ലെടാ മോനെ… നമ്മളതറിയാതെ പോയെടാ… അതറിഞ്ഞ നിമിഷം ഞാൻ പോയ് നമ്മടെ മോളെ നമ്മുടെ വീട്ടിലേക് വിളിച്ചു കൊണ്ടുവന്നെടാ….”
എന്ത് കാര്യത്തിന്….?
അവിടെ എന്തു ബുദ്ധിമുട്ട് ഉണ്ടായിട്ടാണ് അമ്മ അത് ചെയ്തത്… അങ്ങനൊന്ന് ചെയ്യും മുമ്പ് അമ്മയ്ക്കൊന്നെന്നെ വിളിക്കായിരുന്നില്ലേ…?
സനൂപ് ശബ്ദമുയർത്തിയതും പതറി ലളിത
ഗിരീഷിന്റെ വീട്ടിൽ ജോലികളൊന്നും ചെയ്യാതെ അനു ഇവിടെയിരിയ്ക്കും വിധം അണിഞ്ഞൊരുങ്ങി ഇരുന്നതും അതിനെ ആദ്യം ചോദ്യം ചെയ്തത് ഗിരീഷാണ്..
എന്തെങ്കിലും ഒക്കെ ജോലിയിൽ അമ്മയെ ചെറുതായെങ്കിലും സഹായിക്കാൻ ഗിരീഷ് അനുവിനോടു പറഞ്ഞത് അനു അതുപോലെ തന്നെ ലളിതയെ വിളിച്ചു പറഞ്ഞതും എന്റെ മകളെ വീട്ടുപണി എടുക്കാനല്ല ഇത്രയും സ്വർണ്ണവും പണവും തന്ന് കെട്ടിച്ചതെന്ന് പറഞ്ഞ് ലളിത അവിടെ ചെന്ന് വഴക്കുണ്ടാക്കി ഒപ്പം അനുവിനെ വിളിച്ചു കൊണ്ടുവരുകയും ചെയ്തു….
അമ്മയുടെ വാക്കുകൾ കേട്ട് അമ്മയ്ക്കൊപ്പം ഇറങ്ങി വന്നെങ്കിലും ഇപ്പോൾ അനുവിന് തിരികെ ഗിരീഷിന്റെ വീട്ടിലേക്ക് തന്നെ പോവണം… അതിനു കൂട്ട് അമ്മയും ഏട്ടനുമെല്ലാം വേണം… അതറിഞ്ഞു കൊണ്ടാണ് ലളിതയുടെ ഈ വിളിപോലും….
അമ്മ ഒന്നും ഒളിക്കാൻ നിൽക്കണ്ട, കാര്യങ്ങളൊക്കെ അന്നു തന്നെ ഗിരിഷ് എന്നെ വിളിച്ചു പറഞ്ഞതാണ്… അമ്മ ഉണ്ടാക്കിയ പ്രശ്നം അമ്മ തന്നെയങ്ങ് തീർത്തേക്ക്.. അതിനു മുമ്പ് അവൾ കഴിച്ച പാത്രം കഴുകാനെങ്കിലും അവളെയൊന്ന് പഠിപ്പിച്ചേക്ക്… അല്ലെങ്കിൽ ഭാവിയിലും മകള് അമ്മയുടെ കൂടെ തന്നെയാവും…. ഓരോ അഹങ്കാരവും തന്നിഷ്ടവും കാണിച്ച് വീട്ടിൽ തന്നെ അവൾ നിന്നാൽ എല്ലാം നോക്കാനും ചെയ്യാനും അവിടേക്ക് എന്നെ പ്രതീക്ഷിക്കരുത് അമ്മയും മകളും… എനിയ്ക്കും ഒരു കുടുംബവും ചിലവും ഒക്കെ ഉള്ളതാണ്… ഇടയ്ക്ക് അമ്മ അതും
ഓർത്തോ…. ഇല്ലെങ്കിൽ അതും പ്രശ്നമാവും ഭാവിയിൽ
പറയാനുള്ളതെല്ലാം പറഞ്ഞ് തീർത്ത് സനൂപ് ഫോൺ വെച്ചതും അവനരികിൽ നിന്നിരുന്ന അഞ്ചു അവനെയൊന്ന് നോക്കി…
‘നീ പറഞ്ഞത് അന്നേ അവളനുസരിച്ചിരുന്നെങ്കിൽ ഇന്നവൾക്ക് ഇങ്ങനൊരവസ്ഥ വരില്ലായിരുന്നു… ചിലരിങ്ങനെയാണ് എന്തും സ്വന്തം അനുഭവം കൊണ്ടേ പഠിക്കൂ… ”
അഞ്ചുവിനെ തന്നോടണച്ച് സനൂപ് പറയുമ്പോൾ അവിടെ ലളിത സനൂപ് പറഞ്ഞ ഓരോ വാക്കുകളുടെയും അർത്ഥം ചികഞ്ഞെടുത്ത് ഞെട്ടി വേഗം അനുവിനടുത്തേയ്ക്ക് നടന്നു… എത്രയും വേഗം അവളേ മടക്കി അയക്കാൻ….
✍️രജിത ജയൻ…..
