നേരെ ഒന്ന് ഒരുങ്ങാൻ പോലും കൂട്ടാക്കാതെ അഹങ്കാരം കാണിച്ചു കിടക്കല്ലേ രാധികേ നീ.. ചെക്കന് നിന്നെ ഇഷ്ടപ്പെട്ടില്ലെന്നെങ്ങാൻ പറഞ്ഞാൽ പിന്നേ അറിയാലോ….

“ന്റെ ഭഗവതീ… ബുള്ളെറ്റുള്ളൊരു ചെക്കൻ… അതല്ലേ ഞാൻ ആഗ്രഹിച്ചുള്ളൂ.. ഒന്ന് സാധിച്ചു തന്നൂടെ..”

കൈകൂപ്പി തൊഴുതുകൊണ്ട് ഭഗവതിയ്ക്ക് മുന്നിൽ നിന്നു രാധിക

” എന്താ രാധികേ.. കണ്ടെത്തിയോ നിന്റെ ബുള്ളറ്റുകാരൻ ചെക്കനെ… ”

പൂജകഴിഞ്ഞു ശ്രീകോവിലിൽ നിന്നിറങ്ങിയ മേൽശാന്തി പുഞ്ചിരിയോടെ ചോദിച്ചു..

” എവിടുന്നു തിരുമേനി… ആ ആഗ്രഹം നടക്കണ കോളില്ല … ഇതിപ്പോ പത്താമത്തെ ആലോചനയാ ഞാൻ ഒഴിവാക്കി വിട്ടേ… ഇനീം പിടിച്ചു നിൽക്കാൻ പറ്റില്ല്യ… അച്ഛൻ ആകെ ദേഷ്യത്തിലാണ്.. ”

നിരാശ കലർന്ന ആ മറുപടിയ്ക്ക് മുന്നിൽ പുഞ്ചിരി തൂകി മേൽശാന്തി.

” ഇതിപ്പോ എന്താ ഇങ്ങനൊരു ആഗ്രഹം.. ബുള്ളറ്റ് അല്ലാണ്ട് വേറൊരു വണ്ടി അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല്യാ ന്നുണ്ടോ ”

” ന്റെ തിരുമേനി… പണ്ട് തൊട്ടേ ഉള്ളിൽ കേറിപ്പോയൊരു ആഗ്രഹാ ഇത് .. അച്ഛന്റെ പഴേ ബുള്ളറ്റ് കണ്ടപ്പോ തോന്നിയ പൂതിയാണ്.. അതിങ്ങനെ വളർന്നു വലുതാകുമെന്ന് കരുതീല.. അച്ഛൻ ആ വണ്ടി വിറ്റെങ്കിലും എന്റെ ഉള്ളിൽ അപ്പോഴേക്കും ബുള്ളെറ്റ് പ്രേമം വളർന്നു. ആ ഒച്ചയും അതിന്റെ പിന്നിൽ ഇരുന്നുള്ള യാത്രയും.. അത് മറക്കാൻ പറ്റുന്നില്ല… ”

രാധിയയുടെ ആ മറുപടി വീണ്ടും മേൽശാന്തിയെ രസിപ്പിച്ചു .

” ന്റെ കുട്ടി.. വല്ലാത്ത പൂതിയാണേ.. ന്തായാലും ഭഗവതിയോട് മനസുരുകി പ്രാർത്ഥിക്ക് ഒരു വഴി കാണാണ്ടിരിക്കില്ല ”

മറുപടി പറഞ്ഞു കൊണ്ടയാൾ നടന്നകലുമ്പോൾ വീണ്ടും ഭഗവതിയ്ക്ക് മുന്നിൽ കൈ കൂപ്പി രാധിക..

” അതേ.. നിക്ക് ഒരു ഹീറോ ഹോണ്ട സ്പ്ലെണ്ടർ ഉണ്ട്.. പഴേ വണ്ടിയാ പക്ഷെ പടക്കുതിരയാണ് കേട്ടോ.. അത് മതിയെങ്കിൽ അമ്മേനേം കൂട്ടി വരട്ടെ വീട്ടിലേക്ക് ”

പിന്നിൽ നിന്നും ആ ചോദ്യം കേട്ട് ഞെട്ടി തിരിഞ്ഞ അവൾ കണ്ടത് ക്ഷേത്രത്തിൽ മേളം കൊട്ടാൻ വരുന്ന അരവിന്ദിനെയാണ്. കുറച്ചു നാളുകളായി അവൻ രാധികയ്‌ക്ക് പിന്നാലെയാണ്. തിരികെയും എപ്പോഴൊക്കെയോ ഒരു ഇഷ്ടം തോന്നിയിട്ടുണ്ടേലും തന്റെ ആഗ്രഹം ഓർക്കുമ്പോൾ മനസിന്‌ കടിഞ്ഞാണിടും രാധിക

” യ്യടാ… ഒരു സ്‌പ്ലെണ്ടർ… ബുള്ളറ്റിന്റെ ഏഴയല്പക്കത്ത് വരില്ല തന്റെ പാട്ട സ്‌പ്ലെണ്ടർ.. ഒന്ന് പോയെ.. അല്ലേലേ മനുഷ്യൻ വട്ടെടുത്തു നിൽക്കുവാ.. ”

മുഖം കറുപ്പിച്ചു കൊണ്ട് രാധിക തിരിഞ്ഞു നടക്കവേ ചെറു ചിരിയോടെ നോക്കി നിന്നു അരവിന്ദ്.

” ഒരു കാര്യം ചെയ്യെടോ… ന്തായാലും കെട്ടിക്കുമ്പോ ഇയാൾക്ക് സ്ത്രീധനം തരും അച്ഛൻ… ന്നാ പിന്നേ പൊന്നിന് പകരം ഒരു ബുള്ളെറ്റ് വാങ്ങി തരാൻ പറയ്.. എനിക്ക് ആണേൽ ബുള്ളറ്റ് വല്യ ഇഷ്ടാ… ഒപ്പം തന്നെയും..”

” അമ്പട മോനെ… അങ്ങിനിപ്പോ എന്റെ അച്ഛന്റെ കാശ് കൊണ്ട് ഇയാള് ബുള്ളറ്റിൽ കയറിയിരിക്കാം ന്ന് കനവ് കാണേണ്ട കേട്ടോ… ഒന്ന് പോയെ..”

ആ മറുപടി ശെരിക്കും ബോധിച്ചു അരവിന്ദിന് അപ്പോഴേക്കും രാധിക നടന്നകന്നിരുന്നു. ഉള്ളിൽ അവളും ആ സംഭാഷണം ആസ്വദിച്ചു.

തിരികെ വീട്ടിലെത്തുമ്പോൾ ഉമ്മറത്തു തന്നെയുണ്ടായിരുന്നു അച്ഛൻ മാധവനും അമ്മ ശ്രീദേവിയും..

” ന്റെ ഭഗവതി… ഇനി അടുത്ത പുകിലെന്താണോ എന്തോ.. ”

മനസ്സിൽ പറഞ്ഞു കൊണ്ട് തല കുമ്പിട്ട് വീടിനുള്ളിലേക്ക് കയറി രാധിക..

” അതേ.. തമ്പുരാട്ടി ഒന്ന് നിന്നെ… ഒരു കാര്യം പറയാനുണ്ട്.. ”

സഡൻ ബ്രേക്കിട്ടു നിൽക്കുമ്പോൾ മാധവന്റെ കടുപ്പമേറിയ പിൻ വിളിയിൽ പന്തികേട് മണത്തു അവൾ.

“കഴിഞ്ഞയാഴ്ചത്തേതും കൂടി ചേർത്തു മൊത്തം പത്ത് ആലോചനകൾ ആണ് നിന്റെ ബുള്ളറ്റ് ഭ്രാന്ത് മൂലം മുടങ്ങിയത് കേട്ടോ.. അതും നല്ല നല്ല ബന്ധങ്ങൾ… അതോടെ രണ്ടും കല്പ്പിച്ചു ഞങ്ങൾ ഒന്ന് തീരുമാനിച്ചു… ”

മാധവൻ ഒന്ന് നിർത്തുമ്പോൾ ചെറിയ ഭയത്തിൽ അയാളെ തിരിഞ്ഞു നോക്കി രാധിക.

” ഇന്നൊരു കൂട്ടരു വരുന്നുണ്ട് പെണ്ണ് കാണാൻ ബുള്ളറ്റുണ്ടോ ന്നൊരു ചോദ്യം ചോദിക്കാൻ നിൽക്കേണ്ട.. ചെക്കന് ബുള്ളറ്റ് ഇല്ല.. പക്ഷെ രണ്ടാളുടേം ജാതകം നല്ല പൊരുത്തമാണ്. ചെക്കൻ കാണാനും സുന്ദരൻ അത്യാവശ്യം നല്ല ചുറ്റുപാടും.. ഞങ്ങൾ ഈ ബന്ധം ഉറപ്പിക്കാൻ പോവാ.. ”

മാധവനിൽ നിന്നും പ്രതീക്ഷിച്ച മറുപടി കേട്ടത് ശ്രീദേവിയിൽ നിന്നുമാണ്. ഞെട്ടി തിരിയവേ മുഖം കടുപ്പിച്ചു നിൽക്കുയയായിരുന്നു അവർ.

“അമ്മേ… അങ്ങിനെ പറയല്ലേ.. ഈ ഒരു ആഗ്രഹല്ലേ പറഞ്ഞുള്ളു ഞാൻ.. ചെക്കൻ കറുപ്പോ വെളുപ്പോ ജോലിയെന്തെന്നോ ഒന്നും ചോദിക്കുന്നില്ലലോ.. പ്ലീസ് ഇതേലും എന്റെ ഇഷ്ടത്തിന് വിട്ടൂടെ…”

കെഞ്ചി രാധിക

” പറ്റില്ല… ഇനി പറ്റില്ല.. ഇതിപ്പോ നാള് കുറെയായി ഒരു ഭ്രാന്തൻ പൂതിയും പറഞ്ഞു വരുന്ന ബന്ധങ്ങൾ മുടക്കുന്നു ..വേഗം പോയി റെഡിയാക് നീ.. അവരിപ്പോ ഇങ്ങെത്തും.. ഇനി ഈ കാര്യത്തിൽ ഒരു ചർച്ചയില്ല.. ”

മറുപടി പറഞ്ഞത് മാധവനാണ് ഒപ്പം എഴുന്നേറ്റ് വീടിനുള്ളിലേക്ക് പോയി അയാൾ പിന്നാലെ ശ്രീദേവിയും..

” അച്ഛാ… അമ്മേ.. പ്ലീസ്.. ”

രാധിക പിന്നാലെ ഓടിച്ചെന്നെങ്കിലും കേൾക്കാൻ കൂട്ടാക്കാതെ മുറിയിലേക്ക് കയറി വാതിലടച്ചു അവർ..

അതോടെ നിരാശയിൽ തിരികെ മുറിയിലേക്ക് ചെല്ലവേ കരച്ചിൽ വന്നു പോയി രാധികയ്ക്ക്.

” ന്റെ ഭഗവതീ.. എന്റെ ഈ ആഗ്രഹം സാധിച്ചു തരില്ല ല്ലേ…. ”

വല്ലാത്ത വേദനയിൽ ബെഡിലേക്കിരുന്നു അവൾ.

സമയം പിന്നെയും നീങ്ങി… പെണ്ണുകാണലിനായുള്ള ഒരുക്കത്തിലായിരുന്നു മാധവനും ശ്രീദേവിയും. രാധികയാക്കട്ടെ നിരാശയിൽ ബെഡിൽ തന്നെ കിടന്നു

” നേരെ ഒന്ന് ഒരുങ്ങാൻ പോലും കൂട്ടാക്കാതെ അഹങ്കാരം കാണിച്ചു കിടക്കല്ലേ രാധികേ നീ.. ചെക്കന് നിന്നെ ഇഷ്ടപ്പെട്ടില്ലെന്നെങ്ങാൻ പറഞ്ഞാൽ പിന്നേ അറിയാലോ അച്ഛനെ…”

ഇടക്കിടക്ക് മുറിയിലേക്ക് ചെന്ന് ഓർമിപ്പിച്ചു ശ്രീദേവി. ആ വാക്കുകൾക്ക് മുന്നിലും മൗനമായി രാധിക.. അവളുടെ ഉള്ളു നിറയെ നിരാശയായിരുന്നു. പണ്ടെങ്ങോ ഉള്ളിൽ കയറിക്കൂടിയ ബുള്ളറ്റിന്റെ ആ മുഴക്കം. റോഡിലൂടെ നടക്കുമ്പോൾ പോലും ഒരു ബുള്ളറ്റ് പോയാൽ എല്ലാം മറന്നു നോക്കി നിന്നു പോകുമായിരുന്നു അവൾ.. ഒരു തരം ഭ്രാന്ത്‌ എന്ന് വേണേൽ പറയാം. ഇന്നിപ്പോ എല്ലാം അവസാനിക്കാൻ പോകുന്നു.. പൊട്ടിക്കരയാൻ തോന്നിപ്പോയി രാധികയ്ക്ക്.

” ദേ അവര് വന്ന് കേട്ടോ.. മോളെ… രാധികേ വേഗം റെഡിയാക് ”

മാധവൻ ഉമ്മറത്ത് നിന്നും വിളിച്ചു പറയവേ രാധികയുടെ ഉള്ളൊന്ന് പിടഞ്ഞു. ബെഡിൽ നിന്നും പതിയെ മുഖമുയർത്തവെ അവളുടെ കാതുകളിൽ പെട്ടെന്ന് ആ ശബ്ദം മുഴങ്ങി…

” ബു… ബുള്ളറ്റ്… ”

അറിയാതെ ആ ചുണ്ടുകൾ മന്ത്രിച്ചു. ഒരു നിമിഷം കാതുകൾ കൂർപ്പിച്ചു അവൾ പിന്നേ ഒരു വെപ്രാളമായിരുന്നു. ചാടി പിടഞ്ഞെഴുന്നേറ്റു ജന്നലിനരികിലേക്ക് പാഞ്ഞു രാധിക. പുറത്തേക്ക് നോക്കിയ അവൾ ഒരു നിമിഷം നടുക്കത്തിൽ അങ്ങിനെ നിന്നു പോയി.. മുറ്റത്ത് വന്ന് നിന്ന പുതുപുത്തൻ ബുള്ളറ്റ്… അത് ഓടിച്ചു വന്നതോ…

” അരവിന്ദ്… ”

അറിയാതെ അവളുടെ വീണ്ടും ചുണ്ടുകൾ മന്ത്രിച്ചു പോയി..

‘ അമ്മയെയും കൂട്ടി വീട്ടിലേക്ക് വരട്ടെ ഞാൻ ‘

രാവിലെ അവൻ ചോദിച്ച ആ വാക്കുകളായിരുന്നു അപ്പോൾ രാധികയുടെ കാതുകളിൽ മുഴങ്ങിയത്. അതേ അമ്മയുമായെത്തി അരവിന്ദ്.

വെപ്രാളത്തിൽ ഓടി ഉമ്മറത്തേക്ക് ചെല്ലവേ പുഞ്ചിരിയോടെ തന്നെ രാധികയെ പ്രതീക്ഷിച്ചു നിന്നിരുന്നു മാധവനും ശ്രീദേവിയും. ചെയറിൽ ഇരുന്ന അരവിന്ദും ചെറു പുഞ്ചിരിയിൽ നോക്കി.

” എന്താ കാ‍ന്താരി.. ഒരു ഞെട്ടൽ.. ”

മാധവനാണ് അത് ചോദിച്ചത്. മറുപടി പറയാതെ തല കുമ്പിട്ടു രാധിക. അവളുടെ മിഴികളിൽ അപ്പോൾ സന്തോഷത്താൽ അറിയാതെ നനവ് പടർന്നിരുന്നു.

” അച്ചോടാ.. അമ്മേടെ വായാടി കരയുവാണോ.. ദേ നോക്കിയേ നീ ആഗ്രഹിച്ച പോലെ ബുള്ളറ്റ്.. പിന്നേ ഞങ്ങൾ ആഗ്രഹിച്ച പോലെ ഒരു ചെക്കൻ.. ഇനി അവനെ കൂടി നിനക്ക് ഇഷ്ടയാൽ എല്ലാം ശുഭമാകും ”

ശ്രീദേവി കുസൃതി ചിരിയോടെ രാധികയുടെ നെറുകയിൽ തലോടി.. നിറകണ്ണുകളോടെ ആ സമയം അരവിന്ദിനെ നോക്കി രാധിക.

” എടോ.. എന്റെ സ്‌പ്ലെണ്ടർ കളയാൻ പറ്റില്ല അത് അച്ഛന്റെ വണ്ടിയാണ്.. അച്ഛൻ പോയെ പിന്നേ ആ ഒരു ഫീൽ എനിക്ക് തരുന്നത് ആ വണ്ടിയാണ്. അത്രയ്ക്കും ആത്മബന്ധം ഉണ്ട് അതിനോട്.. പക്ഷെ തന്നെയും കളയാൻ തോന്നീല.. ഉള്ളിൽ അത്രേം ഇഷ്ടമുണ്ടേ.. അതുകൊണ്ട് ദേ നോക്ക്യേ.. ഷോറൂമിൽ നിന്ന് ഇപ്പോൾ ഇറക്കി കൊണ്ട് വരുവാ പുതു പുത്തൻ ബുള്ളറ്റ്.. തനിക്ക് വേണ്ടി.. ”

ആ വാക്കുകൾ കേൾക്കെ നാണത്താൽ തലകുമ്പിട്ടു രാധിക. ഉള്ളിൽ മുൻപ് തൊട്ടേ അരവിന്ദിനോട് തോന്നിയിരുന്ന ആ ഒരിഷ്ടം.. ഇന്നിപ്പോ ഭഗവതി കൈകുമ്പിളിൽ കൊണ്ട് തന്നിരിക്കുന്നു. അറിയാതെ മനസുരുകി പ്രാർത്ഥിച്ചു പോയി അവൾ

” എന്റെ മോനെ ഇഷ്ടായോ മോളെ നിനക്ക്.. ഞങ്ങൾ ഈ ബന്ധം ഉറപ്പിക്കട്ടെ.. ”

അരവിന്ദിന്റെ അമ്മയുടെ ആ ചോദ്യം കേട്ട് അറിയാതെ തലയാട്ടിപ്പോയി രാധിക.. അത് കണ്ട് എല്ലാവരും ഒരുപോലെ ചിരിച്ചു

” കണ്ടില്ലേ.. അവൾക്ക് ഇഷ്ട്ടായി… ചെക്കനെയൊന്നും വേണ്ട അവൾക്ക് ബുള്ളറ്റ് മാത്രം മതി… ”

മാധവന്റെ ആ കമന്റ് കൂട്ടച്ചിരിയുടെ ആക്കം കൂട്ടി.

” അ.. അങ്ങിനല്ല.. അരവിന്ദിനെ മുന്നേ തൊട്ടേ നിക്ക് ഇഷ്ടമായിരുന്നു ”

ഇത്തവണ മറുപടി. പറയാൻ മടിച്ചില്ല രാധിക. ആ മറുപടി അരവിന്ദിന്റെ മിഴികൾ വിടർത്തി.

” അമ്പടീ.. അപ്പോ ഈ ബുള്ളറ്റ് ഭ്രാന്തിനിടയ്ക്ക് അങ്ങിനേം ഇഷ്ടങ്ങൾ ഒക്കെ ഉണ്ടായിരുന്നു ല്ലേ..”

ശ്രീദേവി ആശ്ചര്യത്തിൽ നോക്കുമ്പോൾ നാണത്താൽ വീണ്ടും തല കുമ്പിട്ടു രാധിക..

ഒടുവിൽ ആഗ്രഹം പോലെ ഒരു ബുള്ളറ്റും മനസ്സിൽ ആഗ്രഹിച്ച ചെക്കനേം ഭഗവതി അവൾക്ക് നൽകി.. എല്ലാം ശുഭമാക്കി. ഇനി ആഗ്രഹിച്ച ചെക്കാനൊപ്പം അതിലേറെ ആഗ്രഹിച്ച ബുള്ളറ്റിൽ പാറി പറന്നു നടക്കാം അവൾക്ക്…

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *