“മോനെ നീതുവിന് ഒരു ആക്‌സിഡന്റ്.. നീയൊന്ന് വേഗം സിറ്റി ഹോസ്പിറ്റലിലേക്ക് വാ”
ഫോണിലൂടെ സുലോചന കരയുന്നത് തിരിച്ചറിഞ്ഞു ജീവൻ.
“ആക്സിഡന്റോ..അമ്മേ… എന്താ..എന്താ അവൾക്ക് പറ്റിയെ.. ”
ആകെ വെപ്രാളത്തിലായി അവനും
” അറിയില്ല മോനെ.. റോഡ് മുറിച്ചു കടക്കുന്ന സമയം ഏതോ വണ്ടി വന്ന് ഇടിച്ചെന്നോ മറ്റോ ആണ് കേട്ടത്.. ഞാനും ഹോസ്പിറ്റലിലേക്ക് പോവാ മോൻ വേഗം വാ.. ”
അമ്മയുടെ കോൾ കട്ട് ആകവേ ആകെ ടെൻഷനിലായി ജീവനും.
” ഹാ… ജീവൻ നാളെ മുതൽ ലീവിലാണ് അല്ലെ… ഇനി കുറച്ചു ദിവസങ്ങൾ അല്ലെ ഉള്ളു വിവാഹത്തിന്.. നമുക്ക് അടിച്ചു പൊളിക്കണം കേട്ടോ.. ”
സഹപ്രവർത്തകന്റെ പുഞ്ചിരിയോടുള്ള വാക്കുകൾ അവന്റെ കാതുകളിൽ ഒരു മുഴക്കമായി മാറി.
വെപ്രാളത്തിൽ ഫോണിലേക്ക് നോക്കുമ്പോഴാണ് നീതുവിന്റെ അച്ഛന്റെ മിസ്സ് കോൾസ് അവൻ കാണുന്നത്. ഓഫീസിൽ മീറ്റിംഗിൽ ആയതിനാൽ ഫോൺ സൈലന്റിൽ ആയിരുന്നു. മീറ്റിംഗ് കഴിഞ്ഞിറങ്ങവേ ആദ്യം കണ്ടത് അമ്മയുടെ കോൾ ആണ്. അടി മുടി വിറയ്ക്കവേ ഭ്രാന്ത് പിടിച്ച പോലെ ഹോസ്പിറ്റലിലേക്ക് പാഞ്ഞു അവൻ….
” നീതുവിനെ… നീതുവിനെ ഒന്ന് കാണണം എനിക്ക്.. എന്നെ ഒന്ന് അകത്തേക്ക് വിടൂ..”
ഐ സി യൂ വിനു മുന്നിൽ വല്യ ബഹളമുണ്ടാക്കിയ ജീവനെ ശാന്തനാക്കാൻ ഏറെ പണിപ്പെട്ടു ബന്ധുക്കൾ..
” മോനെ… നീ ഇങ്ങനെ ബഹളം വയ്ക്കല്ലേ… ”
സുലോചനയുടെ വാക്കുകൾ അവന്റെ കാതുകളിൽ പതിച്ചില്ല .
” അമ്മേ… അവള്.. നീതു… എന്റെ നീതു… ”
അലമുറിയിട്ട് കരഞ്ഞു കൊണ്ട് നിലത്തേക്കിരുന്നു പോയി ജീവൻ…
” അവളെവിടെയും പോകില്ല മോനെ.. നീതു നിന്റെയാ.. നിന്നെ വിട്ട് അവളെവിടെയും പോകില്ല .. ”
അമ്മയുടെ ആശ്വാസ വാക്കുകൾക്ക് അവന്റെ ഉള്ളിലെ ആന്തൽ അടക്കുവാൻ കഴിഞ്ഞില്ല. കണ്മുന്നിൽ നടക്കുന്നതെല്ലാം അവ്യക്തമായി തോന്നി ജീവന് അപ്പോൾ.. ഡോക്ടേർസും സ്റ്റാഫുകളും വേഗത്തിൽ ഐ സി യൂ വിലേക്ക് ഓടി കയറുന്നു.. തിരികെ ഇറങ്ങി പോകുന്നു. അങ്ങിനെ പല പല കാഴ്ചകൾക്ക് മുന്നിൽ നിറമിഴികളോടെ ഇരുന്നു അവൻ.. പ്രതീക്ഷയുടെ കണികകളും തേടി…
******************
ഇപ്പോൾ വർഷം ഒന്ന് കഴിഞ്ഞു…….
” ജീവാ.. വാ മോനെ കഴിക്കാം.. ”
ഉച്ചയാകവേ സുലോചന വന്ന് വിളിച്ചപ്പോഴാണ് ജീവൻ ഓർമകളിൽ നിന്നുമുണർന്നത്. ഒരു വർഷം… ആ ഒരു വർഷം അവനിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിരുന്നു… രൂപത്തിലും സ്വഭാവത്തിലും അടി മുടി മാറ്റങ്ങൾ…
” വരാം അമ്മേ.. ”
പുറത്തെ സെറ്റിയിൽ നിന്നും പതിയെ എഴുന്നേറ്റു ജീവൻ
” മോനെ..നീതുവിന്റെ അച്ഛൻ വിളിച്ചിരുന്നു.മോൻ എന്തെ അവിടേക്ക് ചെല്ലാത്തത്.. അവർ കാര്യമായിട്ട് വിളിച്ചിരുന്നതല്ലെ… ”
തണുത്ത സ്വരത്തിൽ അമ്മയുടെ ആ ചോദ്യം കേട്ട് പതിയെ നിന്നു അവൻ.
” ഒരു വർഷം മുന്നേ…ഇതേ ദിവസം ഹോസ്പിറ്റലിൽ ഐ സി യൂ വിനു മുന്നിൽ വച്ച് അമ്മയല്ലേ എന്നോട് പറഞ്ഞത് അവൾ എന്റെയാണ്. എന്നെ വിട്ട് എവിടെയും പോകില്ല എന്ന്. പിന്നെന്തിനാ അമ്മേ ഞാൻ ആ ചടങ്ങിന് പോകുന്നേ.. അവൾ എനിക്കൊപ്പം ഇവിടെ ഉണ്ടല്ലോ… ”
ആ വാക്കുകൾക്ക് മറുപടി പറയുവാൻ സുലോചനയ്ക്ക് കഴിഞ്ഞില്ല. അറിയാതെ തുളുമ്പിപ്പോയ മിഴികൾ തുടച്ചു കൊണ്ടവർ പതിയെ അകത്തേക്ക് നടന്നു. അമ്മയെ ഒന്ന് നോക്കിയ ശേഷം തിരിയുമ്പോൾ ജീവന്റെ മിഴികൾ ഉടക്കിയത് ചുവരിൽ മാലയിട്ട് തൂക്കിയിരുന്ന ആ ഒരു ഫോട്ടോയിലേക്കാണ്.. പുഞ്ചിരി തൂകി നിൽക്കുന്ന നീതുവിന്റെ ഫോട്ടോ……
” എന്നും ഒപ്പമുണ്ടാകുമെന്ന് വാക്ക് തന്നിരുന്നതല്ലെ നീ… എന്നിട്ടിപ്പോ എന്നെ ഇവിടെ ഇങ്ങനെ ഒറ്റയ്ക്കാക്കി എന്തിനാ വെപ്രാളപ്പെട്ട് പൊയ്ക്കളഞ്ഞത്…. ”
ഉള്ളു പിടയവേ നിറമിഴികളോടെ ആ ഫോട്ടോയിലേക്ക് തന്നെ നോക്കി നിന്നു അവൻ…
കിച്ചനിലെത്തവേ സുലോചനയും പൊട്ടിക്കരഞ്ഞു പോയി..
” എന്താ..ചേച്ചി.. എന്താ പറ്റിയെ..”
ജോലിക്കാരി അത് കണ്ട് വെപ്രാളത്തിൽ ഓടിയെത്തി..
” ഏയ് ഒന്നുമില്ല ബീനേ.. ഓരോന്ന് ഓർത്തപ്പോൾ… നീ മോന് ചോറെടുക്ക്.. ”
സാരി തുമ്പിനാൽ മിഴികൾ തുടച്ചു അവർ. ആ സമയം പതിയെ അവരുടെ അരികിലേക്ക് ചെന്നു ബീന.
” ചേച്ചി.. ഞാനൊരു കാര്യം ചോദിക്കട്ടെ.. ഞാൻ വന്നിട്ട് ഒരുമാസമല്ലേ ആകുന്നുള്ളു… സത്യത്തിൽ എന്താ ഇവിടെ സംഭവിച്ചേ… മോനെന്താ ജോലിക്ക് പോലും പോകാതെ ഇങ്ങനെ വീട്ടിൽ തന്നെ….. ചുവരിലെ ആ ഫോട്ടോ.. ആ മോള് ആരാ.. കുറച്ചു ദിവസങ്ങളായി ചോദിക്കണമെന്ന് കരുതിയതാ… ”
ആ ചോദ്യം കേട്ട് ഒന്ന് നെടുവീർപ്പിട്ടു സുലോചന. അവർ വീണ്ടും ആ പഴയ ഓർമകളിലേക്ക്
പോയി. നടുക്കുന്ന ആ ഓർമകളിലേക്ക്..
” നീതു…. അഞ്ചു വർഷത്തെ പ്രണയമായിരുന്നു ജീവനും നീതുവും തമ്മിൽ… ജീവനായിരുന്നു അവർക്ക് പരസ്പരം.. മോളിവിടെ ഒരു പ്രൈവറ്റ് ബാങ്കിൽ അക്കൗണ്ടന്റ് ആയിരുന്നു. കാര്യങ്ങൾ അറിഞ്ഞപ്പോൾ ഞങ്ങൾ രണ്ട് വീട്ടുകാരും സന്തോഷത്തോടെ തന്നെ അവരുടെ വിവാഹം ഉറപ്പിച്ചതാ.. ഏറെ സന്തോഷിച്ച ദിവസങ്ങളായിരുന്നു അന്നൊക്കെ .. പക്ഷെ വിധി മറ്റൊന്നായിരുന്നു. വിവാഹത്തിന് ഒരാഴ്ച മുന്നേ നടന്നൊരു ആക്‌സിഡന്റിൽ മോള് ഞങ്ങളെ വിട്ട് പോയി.. ”
ഒന്ന് നിർത്തുമ്പോൾ അവരുടെ മിഴികൾ വീണ്ടും തുളുമ്പി.
” അവൾ പോയെ പിന്നേ ജീവൻ ഇങ്ങനാ.. ഓഫീസിൽ ലോങ്ങ് ലീവ് എടുത്ത്.. ആരോടും അധികം മിണ്ടാതെ.. എവിടേക്കും അധികം പോകാതെ വീട്ടിൽ തന്നെ.. ഇന്ന് മോള് പോയിട്ട് ഒരാണ്ട് തികയുവാ… ”
പറഞ്ഞു നിർത്തുമ്പോൾ സുലോചനയുടെ ശബ്ദമിടറി.. കേട്ടു നിന്ന ബീനയും വല്ലാണ്ടായി..
” അയ്യോ ചേച്ചി.. സോറി ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല.. ”
അത് കേട്ട് ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു സുലോചന
” ഏയ്…. സാരമില്ല ബീനേ.. നീതു മോളെ അടുത്തറിയാവുന്നവർക്കെല്ലാം അവളൊരു വേദനയാണ്.. നിനക്ക് അറിയോ നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവരുടെ വേർപാട്.. അതാണ് ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ വേദന.. ഒപ്പമുള്ളപ്പോൾ അല്ല അകന്നു പോകുമ്പോൾ ആണ് സ്നേഹത്തിന്റെ വില തിരിച്ചറിയുന്നത്. എന്റെ മോൻ ഇപ്പോൾ അതറിയുകയാണ്.. ഈ അവസ്ഥയിൽ നിന്നും അവനൊന്നു കര കയറണമേ എന്ന പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ.. എന്റെ കണ്ണടയുന്നതിനു മുന്നേ അവന്റെ ചിരിച്ച മുഖമൊന്നു കാണണം…”
ആ വാക്കുകൾ ബീനയുടെയും ഉള്ളിൽ തറച്ചു..
” നീ ചോറെടുക്ക് കേട്ടോ അവൻ ദേ കഴിക്കാൻ ഇരുന്നു.. ”
ഒരിക്കൽ കൂടി ഓർമിപ്പിച്ചു കൊണ്ട് സുലോചന പതിയെ മുറിയിലേക്ക് നടന്നു.
ചോറ് വിളമ്പുമ്പോഴും അത് ജീവന് കൊണ്ട് കൊടുക്കുമ്പോഴും പിന്നീട് പാത്രം കഴുകി വയ്ക്കുമ്പോഴുമെല്ലാം ബീനയുടെ മനസ്സ് ഏറെ അസ്വസ്ഥതമായിരുന്നു.
‘ഒപ്പമുള്ളപ്പോൾ അല്ല അകന്നു പോകുമ്പോൾ ആണ് സ്നേഹത്തിന്റെ വില തിരിച്ചറിയുന്നത്. ‘
സുലോചന പറഞ്ഞ ആ വാക്കുകൾ അത്രമേൽ അവളുടെ മനസ്സിൽ. തറച്ചിരുന്നു.
” ബീനേ.. ഒരു അവസരം.. ഒരു അവസരം കൂടി നീ എനിക്ക് താ തെറ്റ് പറ്റിപ്പോയി.. ഇനി ആവർത്തിക്കില്ല.. ഇനി നീയും മോളുമാണ് എന്റെ ലോകം.. ഒരിക്കലും ഇനി നിന്നെ ചതിക്കില്ല ഞാൻ…”
ആ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങി. പെട്ടെന്നെന്തോ മനസ്സിൽ ഉറപ്പിച്ചു ഫോൺ കയ്യിലെക്കെടുത്ത് അതിൽ ഒരു നമ്പറിലേക്ക് കോൾ ചെയ്ത് കാതോട് ചേർത്തു ബീന
” ബീ.. ബീനേ… നീ.. എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല… ”
മറു തലയ്ക്കലെ അശ്ചര്യം തുളുമ്പുന്ന ആ വാക്കുകൾക്ക് മുന്നിൽ ഒരു നിമിഷം മൗനമായി അവൾ ശേഷം പതിയെ പറഞ്ഞു തുടങ്ങി..
” സനലേട്ടാ.. മറ്റൊരു സ്ത്രീയുമായി അടുപ്പം വച്ചതിലൂടെ നിങ്ങൾ എന്നോട് ചെയ്തത് ഒരു ഭാര്യക്കും പൊറുക്കാൻ പറ്റാത്ത തെറ്റാണ്.. വെറുപ്പായിരുന്നു നിങ്ങളോട് പക്ഷെ.. നിങ്ങളുടെ ഏറ്റു പറച്ചിലുകളിൽ ആത്മാർത്ഥതയുണ്ടെന്ന് തോന്നുന്നത് കൊണ്ട് മാത്രം ഒരു അവസരം കൂടി തരുവാൻ ഞാൻ തയ്യാറാണ്.. പക്ഷെ ഇനി ചതിച്ചാൽ പിന്നേ ഒരിക്കലും നിങ്ങൾ എന്നെയും മോളെയും കാണില്ല.. ”
മറുതലയ്ക്കൽ വിങ്ങലുകളാണ് മറുപടിയായി അവൾ കേട്ടത് പെട്ടെന്നു കോൾ. കട്ട് ചെയ്ത് ചുവരിലേക്ക് ചാഞ്ഞു ബീന. ഉള്ളിലെ എന്തോ വലിയൊരു ഭാരം ഇറച്ചി വച്ച പോലെ തോന്നി അവൾക്ക് അപ്പോൾ.. അല്പസമയം അങ്ങിനെ നിന്ന ശേഷം പുറത്തെ ഹാളിലേക്ക് ഒന്ന് നോക്കുമ്പോൾ അപ്പോഴും ചുവരിലെ നീതുവിന്റെ ഫോട്ടോയിലേക്ക് നോക്കി നിറമിഴികളോടെ നിൽക്കുകയായിരുന്നു ജീവൻ…
” എന്റെ ഭാഗവാനേ.. ആ പാവത്തിന്റെ വേദന നീയൊന്ന് മാറ്റി കൊടുക്കണേ… ഒരു നല്ല ജീവിതം അതിനുണ്ടാകണേ…”
മനസുരുകി പ്രാർത്ഥിച്ചു പോയി അവൾ…
സ്നേഹം… ജീവിതത്തിൽ ഏറ്റവും സന്തോഷങ്ങൾ നൽകുന്നതും ഏറ്റവും വലിയ വേദനകൾ നൽകുന്നതും സ്നേഹം തന്നെയാണ്….
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു
