” ഞാൻ കെട്ടി ഉപയോഗിച്ച് ഉപേക്ഷിച്ചവളെ തന്നെ വേണോടാ നിനക്ക് കെട്ടി കൂടെ പൊറുപ്പിക്കാൻ….?
അതിനു മാത്രം ക്ഷാമമുണ്ടോ ഈ ഭൂമിയിൽ പെണ്ണുങ്ങൾക്ക്….?
ജോലി കഴിഞ്ഞ് മടങ്ങിവരും വഴി ജീവയെ വഴിയിൽ തടഞ്ഞു നിർത്തിയാണ് പ്രസാദിന്റെ ഉറക്കെയുള്ള ചോദ്യം…. അതും ജീവയോടുള്ള തന്റെ ചോദ്യം അവിടെ നിൽക്കുന്നവരിൽ ചിലരെങ്കിലും കേൾക്കണമെന്ന ഉദ്ദേശത്തിൽ അല്പം കൂടിയ ശബ്ദത്തിലാണ് പ്രസാദിന്റെ ചോദ്യവും…
പ്രസാദിന്റെ ചോദ്യത്തിന്റെ ലക്ഷ്യമറിഞ്ഞെന്ന പോലെ ജീവയുടെ കണ്ണുകൾ അവിടെ നിൽക്കുന്നവരിലൂടൊന്ന് വേഗത്തിൽ കറങ്ങി തിരിഞ്ഞു
ചെറിയൊരു നാലും കൂടിയ കവലയാണത്… ഒരാളൊന്ന് ഉറക്കെ ശ്വാസമയച്ചാൽ പോലും തൊട്ടപ്പുറത്തുള്ള ആൾ അറിയുന്നത്ര ചെറുത്… അതു കൊണ്ടു തന്നെ പ്രസാദിന്റെ ഉറക്കെയുള്ള ചോദ്യം കേട്ട പലരുടെയും കണ്ണുകളും ശ്രദ്ധയും തങ്ങളിലേക്കാണെന്ന് വേഗത്തിൽ തിരിച്ചറിഞ്ഞവൻ….
“നീ ചോദിച്ചതിന്റെ അർത്ഥമെനിയ്ക്ക് മനസ്സിലായില്ല പ്രസാദ്….?
മറ്റാരും ഭൂമിയിൽ പെണ്ണായ് ഇല്ലെങ്കിൽ മാത്രം കെട്ടാവുന്ന ഒരുവളാണ് നീത എന്നാണോ…?
പ്രസാദിനോട് ചോദിയ്ക്കുന്നതിനൊപ്പം തന്റെ ബുള്ളറ്റ് ഓഫ് ചെയ്ത് അതിൽ നിന്നിറങ്ങി പ്രസാദിനു മുമ്പിൽ ചെന്നു നിന്നു ജീവ….
“അതിപ്പോ എന്താണവളുടെ കുറവെന്ന് പ്രസാദിനോളം വേറെ ആർക്കാണ് ജീവാ അറിയുക….?
ആൽതറയിലിരുന്ന് ഒരു തമാശയെന്നോണം സന്തോഷ് വിളിച്ചു പറഞ്ഞതവിടെ കൂടിയവരൊരു തമാശയായ് കണ്ട് ചിരിച്ചതും ജീവയുടെ തെളിഞ്ഞു നിന്ന മുഖമൊന്ന് മങ്ങിയത് മറ്റാരു കണ്ടില്ലങ്കിലും കൃത്യമായ് പ്രസാദ് കണ്ടിരുന്നു….
എന്തിനെന്നറിയാത്തൊരു സന്തോഷം നിറഞ്ഞപ്പോൾ പ്രസാദിന്റെ ഉള്ളിൽ….
“ഒന്നൊന്നര രണ്ടു മാസം അവന്റെ ഭാര്യയായ് കഴിഞ്ഞ പെണ്ണല്ലേ നീത…?
എന്താണവളുടെ കുറ്റവും കുറവുമെന്ന് നീ ഇവനോടൊന്ന് ചോദിച്ചു മനസ്സിലാക്ക് ആദ്യം… എന്നിട്ടു മതിയല്ലോ അവളെ കെട്ടണോ വേണ്ടയോ എന്നുള്ളതെല്ലാം…. അല്ലെങ്കിൽ തന്നെ സർക്കാർ ജീവനക്കാരനായ നിനക്കെന്തിനാടാ അവളെ പോലൊരു രണ്ടാം കെട്ടുകാരി പെണ്ണിനെ… ആരും കെട്ടാത്ത ഒരുവനും കൈവെക്കാത്ത എത്ര പെണ്ണുങ്ങളെ വേണം നിനക്ക് കെട്ടാൻ… ഞാൻ കൊണ്ടു തരാം നിനക്ക്…. ”
ജീവയുടെ നിശബ്ദതയിൽ ആവേശം കൂടി ആൽത്തറയിൽ നിന്നിറങ്ങി ജീവയുടെ അടുത്തായ് വന്നു നിന്ന് ആവേശം കൊണ്ടു സന്തോഷും…
“എനിയ്ക്ക് വേണ്ട പെണ്ണിനെ ഞാൻ തന്നെ കണ്ടെത്തിയല്ലോ സന്തോഷേ… പിന്നെ എന്തിനാ നീ എനിയ്ക്ക് പെണ്ണു നോക്കുന്നത്…?
ചോദിയ്ക്കുമ്പോൾ വല്ലാത്തൊരു ഈർഷ്യ തെളിഞ്ഞു നിന്നിരുന്നു ജീവയുടെ ശബ്ദത്തിൽ… അതു തിരിച്ചറിഞ്ഞതും കൂടുതൽ ചോദ്യങ്ങൾക്കോ സംസാരത്തിനോ നിൽക്കാതെ വേഗം അവിടുന്ന് ഒഴിഞ്ഞുമാറി പോയ് സന്തോഷ്…
പ്രസാദ്….
ജീവയുടെ സംസാരവും സന്തോഷിന്റെ തിരിഞ്ഞു പോവലും ശ്രദ്ധിച്ചു നിന്ന പ്രസാദിനെ വിരൽ ഞൊടിച്ചു വിളിച്ചു ജീവ…
“സന്തോഷമായാലും സങ്കടമായാലും ഇനിയുള്ള ജീവിതക്കാലം മുഴുവൻ കൂടെ ചേർത്തി നിർത്തിക്കോളാമെന്ന് അവൾക്കും അവളുടെ വീട്ടുകാർക്കും വാക്കു കൊടുത്തുറപ്പിച്ചതിന് ശേഷമാണ് നീതയെ നീ നിന്റെ ജീവിതത്തിലേക്ക് കൂട്ടിയത്… എന്നിട്ട് നീയെന്താ അവളോടും അവളുടെ വീട്ടുക്കാരോടും ചെയ്തത്…?
കുറ്റപ്പെടുത്തൽ വ്യക്തമാവും വിധം പ്രസാദിനെ തുറിച്ചു നോക്കി ജീവ ചോദിച്ചതും അവനുമുമ്പിൽ ഉത്തരമില്ലാതെ തല കുനിച്ചു പ്രസാദ്…. അവൻ പറയുന്ന ഓരോന്നും സത്യങ്ങൾ മാത്രമാണ്… പിന്നെന്തു മറുപടി നൽകാൻ….
‘എന്നും കൂടെ ഉണ്ടാവും എന്നു പറഞ്ഞ് ഒപ്പം കൂട്ടിയവളെ വിവാഹം കഴിഞ്ഞതിന്റെ രണ്ടാം മാസം കാരണങ്ങളൊന്നുമില്ലാതെ ഉപേക്ഷിച്ചവനാണ് നീ… എന്തായിരുന്നു അന്ന് അവൾ ചെയ്ത തെറ്റ്….? അതുമല്ലെങ്കിൽ കുറ്റം…?
ഉത്തരങ്ങളില്ല പ്രസാദിന്….
തനിയ്ക്ക് മുമ്പിൽ തന്റെ ചോദ്യങ്ങൾക്കൊന്നിനും ഉത്തരമില്ലാതെ നിൽക്കുന്ന പ്രസാദിൽ അല്പനേരം തങ്ങി നിന്നു ജീവയുടെ കണ്ണുകൾ…
അവന്റെ തല താഴ്ത്തി ഉത്തരം മുട്ടിയുള്ള ആ നില്പ്….. സ്വയമറിയാതൊരു നെടുവീർപ്പുതിർന്നു ജീവയിൽ നിന്നും..
“പ്രസാദേ… കഴിഞ്ഞതൊക്കെ കഴിഞ്ഞു…
നീതയോ ഞാനോ ഒന്നും നിന്നെ ഇപ്പോൾ ബാധിയ്ക്കുന്ന കാര്യങ്ങളല്ല.. അതുകൊണ്ട് തന്നെ നീ
ഞാനും അവളും തമ്മിലുള്ള വിവാഹത്തിലിടപ്പെടേണ്ട…. ഇത് ഞങ്ങളുടെ ജീവിതമാണ്…. ഞങ്ങളുടെ മാത്രം… ”
പറയുമ്പോൾ വല്ലാതെ ഉയർന്നു പോയ് ജീവയുടെ ശബ്ദമെങ്കിൽ മുഖമുയർത്താതെ അവനുമുമ്പിൽ നിശബ്ദം നിന്നു പ്രസാദ്
” നീ വേണ്ടാന്നു വെച്ച് ഉപേക്ഷിച്ചവളുടെ പുറകെയുള്ള നിന്റെ നടത്തം അതിതോടെ നിർത്തിക്കോ പ്രസാദേ നീ…
നിന്റെ ആരുമല്ല അവളിപ്പോൾ… ഒരിക്കൽ അവളുടെ സൗന്ദര്യത്തിനോടും ശരീരത്തിനോടുമുള്ള കൊതി കൊണ്ട് നീ പ്രണയം നടിച്ച് വിവാഹം കഴിച്ച നിന്റെ ആവശ്യാനുസരണം നീ ഉപയോഗിച്ച് ഉപേക്ഷിച്ച വെറുമൊരു ശരീരം മാത്രമാണ് നിനക്കവളിന്ന്,
‘ പക്ഷെ എനിയ്ക്കതല്ല നീത… എന്റെ ജീവനാണ്… ഞാൻ പ്രാണനെക്കാൾ അന്നും ഇന്നും എന്നും സ്നേഹിക്കുന്നവളാണ്…. പക്ഷെ അവൾക്കിഷ്ടം അന്ന് നിന്നെയായിരുന്നു… നിനക്കും അതേ… അതു കൊണ്ടു മാത്രം ഒരിക്കൽ നിനക്കായ് ഞാൻ വിട്ടു തന്നതാണവളെ… നിനക്കും അറിയാം അത്… ഇല്ലേ….?
ജീവയുടെ ചോദ്യത്തിന് അറിയാതെ തലയിളക്കുമ്പോൾ പ്രസാദിന്റെ കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണീർ തുള്ളികൾ അവന്റെ കവിളിലൂടെ കാൽച്ചുവട്ടിൽ വീണു ചിതറി കൊണ്ടേയിരുന്നു…
“അല്പം വൈകിയാണെങ്കിലും ഞാൻ സ്നേഹിച്ചത് ഞാൻ അത്രമേൽ ആഗ്രഹിച്ചത് എനിയ്ക്ക് സ്വന്തമാവാൻ പോവുകയാണ്… നീയായിട്ട് വേണ്ടാന്നു വെച്ചതാണ്… ഇനിയും തടസ്സങ്ങളുമായ് കുറുകെ വരരുത്… അപേക്ഷയാണ്….”
യാചനയെന്ന പോലെ പ്രസാദിനെ നോക്കി പറഞ്ഞ് ജീവ തന്റെ ബുള്ളറ്റുമെടുത്ത് പോയതും നിന്നിടത്തു നിന്നനങ്ങാൻ പോലും സാധിക്കാത്ത വിധം മരവിച്ചു നിന്നു പോയ് പ്രസാദ്
“നീയെത്ര തടയാൻ ശ്രമിച്ചിട്ടും കാര്യമില്ല പ്രസാദേ… അവനവളെ കെട്ടും… ഞാൻ നേരത്തെ തന്നെ പറഞ്ഞതല്ലേ നിന്നോടത്….?
ജീവ പോയ് കഴിഞ്ഞതും മാറി നിന്ന സന്തോഷ് തിരികെ വന്നു ചോദിച്ചതും നിറഞ്ഞ കണ്ണോടെ അവനെയൊന്നു നോക്കി അവിടെ നിന്ന് നടന്നകന്നു പ്രസാദ്
” ഒരുത്തിയെ ആഗ്രഹിച്ച് മോഹിച്ച് കല്യാണം കഴിക്കുക…. എന്നിട്ടൊരു കാരണവുമില്ലാതെ ഒരു സുപ്രഭാതത്തിൽ അതിനെ വേണ്ടാന്നു വെച്ച് ഒറ്റയ്ക്ക് ജീവിക്കുക… ഒടുക്കം ആ പെണ്ണിനെ മറ്റൊരുവൻ കെട്ടും എന്നായപ്പോൾ അതു മുടക്കാൻ നടക്കുക…. സത്യത്തിൽ നിന്റെ പ്രശ്നമെന്താണ് പ്രസാദേ…. ആരോടും പറയാത്ത എന്തെങ്കിലും നിന്റെ മനസ്സിൽ നീ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അതാരോടെങ്കിലും നീയൊന്ന് തുറന്നു പറ… ഇങ്ങനെ സ്വയം ഉരുകി തീരാൻ നിൽക്കാതെ….”
പ്രസാദ് വീട്ടിലെത്തുമ്പോൾ സന്തോഷ് പറഞ്ഞ് കാര്യങ്ങളെല്ലാം അറിഞ്ഞവനെ കാത്തു നിന്നിരുന്നു അവന്റെ അമ്മ സന്ധ്യ… എന്നാൽ അമ്മയ്ക്ക് നൽകാനൊരു മറുപടി കയ്യിലില്ലാത്ത പ്രസാദ് ഒന്നും മിണ്ടാതെ വേഗം തന്റെ റൂമിൽ കയറി കഥകടച്ചു…
‘ചികിൽസിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ പറ്റുന്ന സ്റ്റേജിലാണ് നിങ്ങളുടെ അസുഖമെന്ന് ഞാനന്നേ പറഞ്ഞതല്ലേ പ്രസാദേ തന്നോട്… അന്ന് ഞാൻ പറയുന്നതൊന്നും കേൾക്കാൻ കൂടി നിൽക്കാതെ തന്നിഷ്ടത്തിന് ഓരോന്നും ചെയ്തുവെച്ചു… അതിന്റെ ഫലമായ് തന്റെ ഭാര്യ പോയ്…. ഇപ്പോഴിതാ ഞാൻ പറഞ്ഞതുപോലെ പ്രസാദിന്റെ അസുഖം തന്റെയി ശരീരം ഉപേക്ഷിച്ച് മടങ്ങിപോയിരിക്കുന്നു… സന്തോഷിക്കേണ്ട നിമിഷമാണ് പ്രസാദിന്… പക്ഷെ കഴിയുന്നില്ല കാരണം തന്റെ സന്തോഷങ്ങൾ പങ്കിടാൻ താൻ തന്റെ കൂടെ കൂടിയവൾ ഇനിയുള്ള ജീവിതത്തിൽ തനിക്കൊപ്പമില്ല എന്ന നെഞ്ചുവേദിപ്പിക്കുന്ന സത്യം…
അതിന്റെ ഉരുക്കമല്ലേ താനീ ഉരുകുന്നത്…?
ഡോക്ടറുടെ ചോദ്യത്തിന് ഉത്തരമില്ല പ്രസാദിന്…
വിവാഹം കഴിഞ്ഞ് മാസം ഒന്നായപ്പോഴാണ് അസുഖമൊന്ന് അനുവാദം ഇല്ലാതെ ശരീരത്തിൽ താമസമാക്കിയത് താനറിയുന്നത്…. എന്തു ചെയ്യണം ആരോടു പറയണം എന്നൊന്നുമറിയാതെ വീർപ്പുമുട്ടിയ നാളുകൾ….
അത്രയും മോഹിച്ചു സ്വന്തമാക്കിയവൾക്കൊപ്പം മനസ്സു തുറന്ന് ചിരിക്കാൻ കൂടിവയ്യാത്ത ദിനരാത്രങ്ങൾ…. തന്റെ മാറ്റങ്ങൾ കണ്ട് ചോദ്യങ്ങളുമായ് അടുത്തുവന്ന നീതയെ വേദനയോടെ തന്നിൽ നിന്നകറ്റി.. ദേഷ്യം ഭാവിച്ചവളോട്…. കാരണങ്ങളില്ലാതെ കലഹങ്ങൾ സൃഷ്ടിച്ചു…
അവൾ തന്റെ വേദനകൾ കാണരുത് എന്നാഗ്രഹിച്ച്, തനിയ്ക്കൊപ്പം നിന്നവൾ സങ്കടപ്പെടരുത് എന്നു കരുതി വേദനയോടെ ആട്ടിയകറ്റി അവളെ…. അവൾക്കൊരു നല്ല ജീവിതം കിട്ടണേയെന്ന പ്രാർത്ഥനയോടെ തന്റെ വേദനകൾ താനൊതുക്കി…. ആരുമറിയാതെ ചികിൽസകളും തുടർന്നു….
തിരികെ ജീവിതത്തിലേക്ക് വന്നുവെന്നുറപ്പിച്ചയുടനെ ചെയ്തത് നീതയെ കൂടെ കൂട്ടാനുള്ള ശ്രമമാണ്…. പക്ഷെ വൈകി പോയിരുന്നു… അവളുടെ വിവാഹം വീട്ടുകാർ ജീവയുമായ് ഉറപ്പിച്ചു കഴിഞ്ഞിരുന്നു…
തന്റെ ഏറ്റവും അടുത്ത ബാല്യകാല സുഹൃത്താണവൻ… തന്നെ പോലെ നീതയെ ഇഷ്ടപ്പെട്ടിരുന്നവൻ…. തന്റെ ഇഷ്ട മറിഞ്ഞ് സ്വയം പിൻ വാങ്ങിയവൻ….
തോറ്റിരിക്കുന്നു…. അല്ല അറിഞ്ഞു കൊണ്ട് തോൽവി സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു..
ജീവിതത്തിലെ വലിയ നഷ്ടം നീത… സഹിക്കാൻ കഴിഞ്ഞില്ല…. സത്യങ്ങൾ വെളിപ്പെടുത്താനൊരു അവസരം പോലും തന്നില്ലവൾ…. പിന്നീടുള്ള ശ്രമങ്ങൾ ആ വിവാഹം മുടക്കാനായിരുന്നു…. അതും പാളി… ഇനി പ്രതീക്ഷകളില്ല…. ആഗ്രഹങ്ങളും…
നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് ഡോക്ടറുടെ ക്യാബിനിൽ നിന്ന് പ്രസാദ് പുറത്തേക്കിറങ്ങിയതും തനിയ്ക്ക് മുന്നിലായ് തടസം സൃഷ്ടിച്ച് നിൽക്കുന്നവരെ കണ്ട് ഞെട്ടി…
കരഞ്ഞു വീർത്തിട്ടുണ്ട് നീതയുടെ കണ്ണും മുഖവുമെല്ലാം….
നീത…. മോളെ… ഞാൻ… എനിയ്ക്ക്….
എന്തു പറഞ്ഞു തുടങ്ങണമെന്നറിയാതെ വെപ്രാളം പൂണ്ടു പ്രസാദെങ്കിൽ അവന്റെ ഇടം കവിൾ പുകച്ചു കൊണ്ടു ഉയർന്നു താഴ്ന്നു നീതയുടെ വലംകൈ…. ഒരിക്കലല്ല…. പലവട്ടം…
“സീരിയൽ നാടകം ജീവിതത്തിൽ കളിക്കുന്നോടാ നീ…?
ഇതായിരുന്നു നിന്റെ പ്രശ്നമെങ്കിൽ തുറന്നു പറയാമായിരുന്നില്ലേടാ നിനക്ക്… കൂടെ ഉണ്ടാവില്ലേ ഞങ്ങൾ… സുഖത്തിൽ മാത്രമല്ല ദുഃഖത്തിലും കൂടെ നിൽക്കുന്നവരാണെടാ പങ്കാളികൾ…. അതിനി ജീവിതത്തിലെ ആയാലും സൗഹൃദത്തിലെ ആയാലും….”
വിടർന്നൊരു ചിരിയോടെ പ്രസാദിനോട് പറയുന്നതിനൊപ്പം തന്റെ അരികിൽ നിൽക്കൂന്ന നീതയെ പ്രസാദിന്റെ നെഞ്ചോരം ചേർത്തു നിർത്തി ജീവ…
ആർത്തലച്ചൊരു പൊട്ടികരച്ചിലോടെ നീത പ്രസാദിന്റെ നെഞ്ചോടു ചേർന്ന് നിൽക്കുന്ന കാഴ്ച തന്റെ കണ്ണും മനസ്സും നിറയുവോളം ഹൃദയത്തിൽ പതിപ്പിച്ച് അവർക്കരിക്കിൽ നിന്ന് മെല്ലെ തിരിച്ചു നടന്നു ജീവ….
താൻ പ്രണയിക്കുന്നതിനെക്കാൾ കൂടുതൽ നീതയെ പ്രണയിക്കുന്നത് പ്രസാദാന്നെന്ന് ഒരിക്കൽ കൂടി തിരിച്ചറിഞ്ഞിരുന്നവൻ…. നേടുന്നത് മാത്രമല്ല വിട്ടുകൊടുക്കുന്നതും പ്രണയമാണെന്ന തിരിച്ചറിവോടെ ജീവ
നടന്നകലപ്പോൾ മനസ്സിലവനോടൊരായിരം വട്ടം നന്ദി പറഞ്ഞ് നീതയെ ഒന്നു കൂടി മുറുക്കി തന്നോടു ചേർത്തു പിടിച്ചു പ്രസാദ്….
ഇനിയൊരിക്കലും കൈവിടില്ലെന്നുറപ്പിച്ച് തന്നെ…
✍️രജിത ജയൻ…
