“” ആദിക്ക് ഇവിടത്തെ കോളേജിൽ അഡ്മിഷൻ കിട്ടിയത്രേ!! ഇനി രണ്ടുകൊല്ലം ഇവിടെ ഉണ്ടാകും!””
അച്ഛമ്മ അത് പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.
കാരണം എന്റെ മനസ്സിൽ ആരും കാണാതെ ഞാൻ ഒളിപ്പിച്ചുവച്ച മയിൽപീലി തുണ്ട് ആണ് ആദിയേട്ടനോടുള്ള എന്റെ പ്രണയം.
പഠിക്കാൻ വളരെ മിടുക്കനായ ആദിയേട്ടൻ എല്ലാവർക്കും കണ്ണിൽ ഉണ്ണിയാണ്.
അതുപോലെതന്നെയാണ് എന്റെ ചേച്ചിയും. നന്നായി പഠിക്കും. അതുകൊണ്ടുതന്നെ എല്ലാവരുടെയും ഇവിടത്തെ കണ്ണിലുണ്ണി ചേച്ചിയാണ്.
പിന്നെയും ഉണ്ട് കാരണങ്ങൾ. ചേച്ചി അമ്മയെപ്പോലെ വെളുത്തിട്ടാണ് സുന്ദരി.
പക്ഷേ എനിക്ക് അച്ഛമ്മയുടെ ഇരുനിറം ആണ് കിട്ടിയിരിക്കുന്നത്. ആകെക്കൂടി എനിക്കുള്ള അട്രാക്ഷൻ എന്ന് പറയുന്നത്, ഒന്നും ചെയ്തില്ലെങ്കിലും ഇടതൂർന്ന് വളരുന്ന എന്റെ കറുത്ത ചുരുണ്ട് നീണ്ട മുടിയാണ്..
ആരൊക്കെ അമൃത ചേച്ചിയാണ് സുന്ദരി എന്ന് പറഞ്ഞാലും അച്ഛമ്മ മാത്രം പറയും എന്റെ അഞ്ജലി കുട്ടിയാണ് സുന്ദരി എന്ന്.
അച്ഛമ്മയ്ക്ക് എന്നെയാണ് ഇഷ്ടം. ഞാൻ അച്ഛമ്മയുടെ വാലായി എപ്പോഴും പുറകെ ഉണ്ടാകും.
ഇതിനിടയിൽ അപ്പച്ചിയുടെ മകൻ ആദിയേട്ടനെ എങ്ങനെയാണ് ഇഷ്ടപ്പെട്ടത് എന്ന് അറിയില്ല.
അതിന് ഒരു കാരണം അച്ഛമ്മ തന്നെയാണ്. എന്റെ പാവം പിടിച്ച അഞ്ജലി കുട്ടിയെ എന്റെ ആദിക്ക് കൊടുക്കാം അവൻ നിന്നെ പൊന്നുപോലെ നോക്കിക്കോളും എന്ന് അച്ഛമ്മ രഹസ്യം പോലെ പറയാറുണ്ട്.
അങ്ങനെ മനസ്സിൽ കയറിയതാണെന്ന് തോന്നുന്നു ആദി ഏട്ടൻ.
വളരുംതോറും ആ ആഗ്രഹവും മനസ്സിൽ അങ്ങനെ പതിഞ്ഞു. എന്നാൽ ഒരല്പം വലുതായി കൗമാരപ്രായം എത്തിയപ്പോൾ ആദ്യേട്ടൻ എന്നോട് മിണ്ടുന്നത് പോലും നിർത്തി.
എപ്പോഴും ഗൗരവം. എന്നാൽ ചേച്ചിയോട് നല്ല കൂട്ടും ആണ്. അവർ തമ്മിൽ രണ്ടു വയസ്സിന്റെ വ്യത്യാസം മാത്രമേയുള്ളൂ. ഞാനുമായി അഞ്ചു വയസ്സിന്റെ വ്യത്യാസം.
ചിലപ്പോൾ ചെറിയ കുട്ടി ആയതു കൊണ്ടായിരിക്കും എന്ന് കരുതി. പക്ഷേ എന്നെ കാണുമ്പോൾ മാത്രമേ ആ മുഖത്ത് ഗൗരവം നിറയുന്നുള്ളൂ എന്ന് പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്.
ആദ്യമൊക്കെ ആളിന്റെ ഇഷ്ടം പിടിച്ചു പറ്റാൻ ഓരോന്ന് കാട്ടിക്കൂട്ടുമായിരുന്നു. കിണഞ്ഞ് പഠിക്കും, മാർക്ക് വാങ്ങാൻ ശ്രമിക്കും.
പക്ഷേ അതെല്ലാം ദയനീയമായ പരാജയത്തിലാണ് അവസാനിക്കുക എന്ന് മാത്രം. പഠിക്കുന്ന കുട്ടികളെയാണ് ആദിയേട്ടന് ഇഷ്ടമെന്ന് അച്ഛമ്മ ഒരിക്കൽ പറഞ്ഞിരുന്നു.
അതുകൊണ്ടാണ് ഞാൻ റാങ്ക് വാങ്ങാൻ വരെ നോക്കിയത്. പക്ഷേ പഠിത്തം എന്റെ തലയിൽ ഒട്ടും കയറിയില്ല.
ഒരിക്കൽ എന്നെ തനിച്ചാക്കി അച്ഛമ്മ അങ്ങ് പോയി. മരണ വാർത്ത കേട്ടപ്പോൾ എനിക്ക് അത് താങ്ങാൻ കഴിഞ്ഞില്ല. അതോടെ അച്ഛമ്മയുടെ വാലിൽ പിടിച്ചു നടന്നിരുന്ന ഞാൻ തീർത്തും ഒറ്റയ്ക്കായി.
വീട്ടിൽ എന്നെ സ്നേഹിക്കാൻ ആരും ഇല്ലാത്ത പോലെ തോന്നി. പക്ഷേ അച്ഛമ്മ തന്ന മോഹങ്ങളും ആഗ്രഹങ്ങളും എന്റെ മനസ്സിൽ അതുപോലെ തന്നെ ഉണ്ടായിരുന്നു.
ആദിയേട്ടൻ കോളേജിൽ പഠിക്കാനായി ഇവിടെ വന്ന് നിന്നപ്പോൾ ആ ഇഷ്ടം കൂടുകയല്ലാതെ കുറഞ്ഞില്ല.
പക്ഷേ ആള് എന്നോട് ഒന്ന് സംസാരിക്കാറു പോലുമില്ല. അതുകൊണ്ടുതന്നെ ആ മുന്നിൽ പോലും പോയി നിൽക്കാതെ ഞാൻ വിട്ടു നിന്ന് സ്നേഹിച്ചു.
ഒരു ദിവസം ആദിയേട്ടൻ ഹാളിൽ ഇരുന്ന് പുസ്തകം വായിക്കുമ്പോൾ ഞാൻ അങ്ങോട്ട് ചെന്നു. ധൈര്യം സംഭരിച്ച് ചോദിച്ചു:
“ആദിയേട്ടാ, നാളെ കോളേജിലേക്ക് പോകുമ്പോൾ എന്നെയും ടൗൺ വരെ ഒന്നു കൊണ്ടുപോകുമോ? എനിക്ക് ഒരു ബുക്ക് വാങ്ങാൻ ഉണ്ടായിരുന്നു.”
എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആദിയേട്ടൻ പറഞ്ഞു:
“നിനക്ക് വേറെ ആരോടെങ്കിലും ചോദിച്ചുകൂടെ? എനിക്ക് സമയമില്ല.”
ആ മറുപടി കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ഞാൻ വേഗം അവിടെനിന്ന് മാറി നടന്നു.
തിരിച്ച് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നൊന്നും അറിയില്ല. പക്ഷേ അഞ്ജലിയുടെ പ്രണയം അത് ആദി ആയിരുന്നു….
എന്നാൽ അന്നുതന്നെ ആദ്യ ഏട്ടൻ അമൃത ചേച്ചിയെ ടൗണിലേക്ക് കൂടെ കൊണ്ടുപോയി അതോടെ എന്നെ ആൾക്ക് ഒട്ടും ഇഷ്ടമല്ല എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.
പിന്നെ വെറുതെ ആണെങ്കിൽ പോലും ആ മുന്നിലേക്ക് പോയില്ല… നെഞ്ചിൽ ഒരു ആയിരം മുള്ളുകൊള്ളുന്ന വേദന ഉണ്ടെങ്കിൽ പോലും..
രണ്ടു വർഷം വേഗം കടന്നുപോയി. ഇവിടെനിന്ന് പഠനം കഴിഞ്ഞ് പോകുന്ന ദിവസം ആദിയേട്ടൻ എല്ലാവരോടും യാത്ര പറഞ്ഞു.
പക്ഷേ എന്നെ നോക്കിയത് പോലുമില്ല. ആരും കാണാതെ ഞാൻ ടെറസ്സിൽ പോയി ഇരുന്ന് ഒരുപാട് കരഞ്ഞു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം അറിഞ്ഞു ആൾക്ക് ബാംഗ്ലൂരിൽ നല്ലൊരു ജോലി കിട്ടി എന്ന്.
കേട്ടപ്പോൾ സന്തോഷം തോന്നി. പക്ഷേ അക്കാര്യം ആള് തന്നെ നേരിട്ട് അമൃത ചേച്ചിയോട് പോലും വിളിച്ചു പറഞ്ഞു..
എന്നോട് മാത്രം ഒന്നും പറഞ്ഞില്ല പക്ഷേ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അല്ലെങ്കിലും എന്നോട് ഒന്നും പറയാറില്ലല്ലോ…
എന്നാൽ ആൾക്ക് അറിയില്ല നല്ലൊരു ജോലി കിട്ടാൻ വേണ്ടി ഞാൻ നടത്തിയ വഴിപാടുകളുടെ എണ്ണം..
പക്ഷേ ഞാൻ ആകെ തകർന്നു പോയത് മറ്റൊരു ദിവസമായിരുന്നു. ഒരു ദിവസം പെട്ടെന്ന് അപ്പച്ചി വീട്ടിലേക്ക് വന്നു. എല്ലാവരും ഹാളിൽ ഇരിക്കുമ്പോൾ അപ്പച്ചി അമ്മയോടും അച്ഛനോടും ചോദിച്ചു:
“നമ്മുടെ ആദിക്ക് വേണ്ടി അമൃതയെ തരുമോ? അവർ തമ്മിൽ നല്ല ചേർച്ചയായിരിക്കും. ആദിക്കും ഇതിൽ സമ്മതമാണ്.”
വീട്ടിൽ ഉള്ളവർക്കെല്ലാം വലിയ സന്തോഷമായി. എന്റെ നെഞ്ച് തകർന്നു പോയി. എന്റെ ഏക പ്രതീക്ഷ അമൃത ചേച്ചിക്ക് ഈ വിവാഹത്തിന് ഇഷ്ടമാവില്ല എന്നതായിരുന്നു.
അവർ തമ്മിൽ നല്ല സുഹൃത്തുക്കൾ ആണെന്നാണ് ഇപ്പോഴും എന്റെ ധാരണ.
അപ്പച്ചി പോയ ശേഷം ഞാൻ ചേച്ചിയുടെ മുറിയിൽ ചെന്നു. ഞാൻ മെല്ലെ ചോദിച്ചു:
“ചേച്ചിക്ക് ആദിയേട്ടനെ കെട്ടാൻ സമ്മതമാണോ?”
എന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് അമൃത ചേച്ചി പറഞ്ഞു:
“അതിനെന്താ, ആദിക്ക് നല്ല ജോലിയുണ്ട്, സുന്ദരനാണ്. എനിക്ക് യാതൊരു സമ്മതക്കുറവും ഇല്ല.”
അതോടെ തകർന്നുപോയത് ഞാനാണ്. ആരും കാണാതെ ഒരുപാട് രാത്രികളിൽ ഞാൻ ഇരുന്നു കരഞ്ഞു.
അച്ഛമ്മയെ ഓർത്തു മനമുരുകി പ്രാർത്ഥിച്ചു. അല്ലാതെ ഞാൻ എന്ത് ചെയ്യാൻ? ചേച്ചിയോടൊപ്പം ഒരു കാര്യത്തിലും എത്താൻ കഴിയാത്ത അനിയത്തിയോട് എല്ലാവർക്കും ഒരുതരം പോറ്റമ്മ നയം ആയിരുന്നു ഇവിടെ.
അതിൽനിന്ന് ഇത്തിരി വ്യത്യാസം അച്ഛമ്മയ്ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാവരും ചേച്ചിയെ പുകഴ്ത്തുമ്പോൾ ഞാൻ ഒരു കോണിൽ ഒതുങ്ങി കൂടി.
” എവിടെയെങ്കിലും ഒരു ചെറുക്കനെ കിട്ടുമോ എന്ന് നോക്കണം!! അങ്ങനെയാണെങ്കിൽ അഞ്ജലിയെയും ഈ കൂട്ടത്തിൽ കെട്ടിച്ചു വിടാം അവളെ ഇവിടെ നിർത്തിയിട്ട് എന്തിനാണ് ഒരു വക പഠിക്കില്ല!!!” അമ്മ ഒരിക്കൽ അച്ഛനോട് പറയുന്നത് കേട്ടു.
സങ്കടം തോന്നി എങ്കിലും കരഞ്ഞില്ല.. കരയാനായി കണ്ണുനീർ ബാക്കി ഉണ്ടായിരുന്നില്ല..
കല്യാണ ആലോചനകൾ മുന്നോട്ട് പോയി. ഒരു ദിവസം ആദിയേട്ടനും അപ്പച്ചിയും വീണ്ടും വന്നു.
വിവാഹത്തിന്റെ തീയതി കുറിക്കുന്നതിനെ കുറിച്ച് സംസാരിക്കാൻ ആയിരുന്നു അത്.
എല്ലാവരും ഹാളിൽ ഇരിക്കുന്നുണ്ട്. ഞാൻ അടുക്കളയിൽ ചായ ഉണ്ടാക്കുകയായിരുന്നു.
എന്നാൽ കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞത് ആദി ഏട്ടൻ സംസാരിച്ചു തുടങ്ങിയപ്പോഴാണ്.
ചായ ഗ്ലാസുമായി ഞാൻ ഹാളിലേക്ക് വരുമ്പോൾ ആദി ഏട്ടൻ അച്ഛന്റെ മുഖത്ത് നോക്കി ഉറക്കെ പറഞ്ഞു:
“എനിക്ക് ഈ വിവാഹത്തിന് താല്പര്യമില്ല. എനിക്ക് അമൃതയെ അല്ല, അഞ്ജലിയെ ആണ് വിവാഹം കഴിക്കാൻ ഇഷ്ടം.”
അത് കേട്ടതും ചായ ഗ്ലാസ് എന്റെ കയ്യിൽ നിന്നും താഴെ വീണു. ഹാളിൽ ഉണ്ടായിരുന്ന എല്ലാവരും ഞെട്ടിപ്പോയി. അച്ഛൻ കസേരയിൽ നിന്നും എഴുന്നേറ്റു ചോദിച്ചു:
“നീ എന്തൊക്കെയാണ് ഈ പറയുന്നത് ആദി? ആദ്യം അമൃത എന്ന് പറഞ്ഞിട്ട് ഇപ്പോൾ അഞ്ജലി എന്ന് പറയുന്നതോ?”
ആദിയേട്ടൻ ഒട്ടും ഭയമില്ലാതെ പറഞ്ഞു:
“ഞാൻ അമൃതയെ കല്യാണം കഴിക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല. അമ്മ വന്ന് ചോദിച്ചപ്പോൾ അഞ്ജലിയുമായാണ് വിവാഹം നോക്കുന്നത് എന്ന് ഞാൻ തെറ്റിദ്ധരിച്ചു.. അതുകൊണ്ടാണ് അമ്മയോട് ഇവിടെ വന്ന് സംസാരിച്ചോളാൻ ഞാൻ പറഞ്ഞത്.
എനിക്ക് പണ്ടേ അഞ്ജലിയെ ആണ് ഇഷ്ടം.”
ഒരിക്കലും ആളിന്റെ നാവിൽ നിന്ന് ഇങ്ങനെ കേൾക്കും എന്ന് പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല ഞാൻ..
സന്തോഷംകൊണ്ട് നെഞ്ചല്ലാം നിറഞ്ഞു കവിഞ്ഞു. കണ്ണിൽ നിന്നും ആനന്ദക്കണ്ണീർ ഒഴുകി.
അമൃത ചേച്ചിക്ക് കടുത്ത ദേഷ്യവും വിഷമവും വന്നു. ചേച്ചി ദേഷ്യത്തോടെ മുറിയിലേക്ക് പോയി.
അച്ഛനും അമ്മയ്ക്കും ആദ്യം കുറച്ചു ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് അവർ സമ്മതിച്ചു.
കാരണം നന്നായി പഠിക്കുന്ന ഭംഗിയുള്ള ചേച്ചിക്ക് വേറെയും നല്ല വിവാഹാലോചന വരും എന്ന് അവർക്കറിയാമായിരുന്നു.
ഇരുനിറമുള്ള, പഠിക്കാൻ വലിയ താല്പര്യമില്ലാത്ത എന്റെ കാര്യം ആയിരുന്നു അവർക്ക് വലിയ ആശങ്ക. ഇനിയിപ്പോ എന്റെ കാര്യത്തിൽ അവർക്ക് ആകുലപ്പെടേണ്ട ആവശ്യമില്ലല്ലോ.
ഒടുവിൽ ഞങ്ങളുടെ രണ്ടുപേരുടെയും വിവാഹം തറവാട്ട് ക്ഷേത്രത്തിൽ വച്ച് നടന്നു. അപ്പോഴേക്കും അമൃത ചേച്ചിക്ക് ബാംഗ്ലൂരിൽ തന്നെയുള്ള മറ്റൊരു ആലോചന ശരിയായിരുന്നു.
അതുകൊണ്ട് രണ്ടു വിവാഹവും ഒരുമിച്ചാണ് ഒരേ മണ്ഡപത്തിൽ നടന്നത്.
അമൃത ചേച്ചി അതിൽ പിന്നെ എന്നോട് മിണ്ടിയിട്ടില്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് നേരിട്ട് ചെന്ന് പറഞ്ഞിട്ടും ചേച്ചിക്ക് മനസ്സിലാവാത്തത് പോലെയായിരുന്നു പെരുമാറ്റം.
എന്നെ കാണുമ്പോൾ ചേച്ചി മുഖം തിരിച്ചു. എങ്കിലും ആദിയേട്ടൻ കൂടെയുള്ളപ്പോൾ എനിക്ക് മറ്റൊന്നും ഒരു പ്രശ്നമായി തോന്നിയില്ല.
വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ഞാൻ ആദിയേട്ടന്റെ കൂടെ മുറിയിൽ ഇരിക്കുമ്പോൾ മനസ്സിലെ സംശയം ചോദിക്കാൻ തന്നെ തീരുമാനിച്ചു.
ഞാൻ ആദിയേട്ടന്റെ അരികിലേക്ക് ചെന്നു മെല്ലെ ചോദിച്ചു:
“ആദിയേട്ടാ, എന്നോട് ഒരു സത്യം പറയണം. ഒട്ടും ഇഷ്ടമില്ലാതെ ആരോടെങ്കിലും ഉള്ള നിർബന്ധം കൊണ്ട് ആണോ എന്നെ വിവാഹം കഴിച്ചത്? എന്നോട് പണ്ട് മിണ്ടുക പോലും ഇല്ലായിരുന്നല്ലോ.”
അത് കേട്ടപ്പോൾ ആദിയേട്ടൻ ചിരിച്ചു. എന്നിട്ട് എന്റെ കൈകൾ ചേർത്തുപിടിച്ചു പറഞ്ഞു:
“അങ്ങനെയല്ല അഞ്ജലി. അച്ഛമ്മ ചെറുപ്പം മുതൽ എന്നെ പറഞ്ഞു പഠിപ്പിച്ചതാണ് എന്റെ അഞ്ജലി കുട്ടി നിനക്കുള്ളതാണെന്ന്.
അച്ഛമ്മ എപ്പോഴും പറയുമായിരുന്നു നിന്നെ നന്നായി നോക്കണം എന്ന്.”
ഞാൻ അത്ഭുതത്തോടെ ചോദിച്ചു:
“എന്നിട്ടാണോ എന്നെ കാണുമ്പോൾ എപ്പോഴും ഗൗരവത്തിൽ നടന്നിരുന്നത്?”
ആദിയേട്ടൻ വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു:
“അത് പിന്നെ, നീ ചെറിയ കുട്ടിയല്ലേ. നിന്നോട് അമിതമായി സംസാരിച്ചാൽ പഠിത്തത്തിൽ ശ്രദ്ധ പോകുമെന്ന് കരുതി. നീ നന്നായി പഠിക്കട്ടെ എന്ന് വിചാരിച്ചാണ് ഞാൻ മാറിനിന്നത്.
അല്ലാതെ നിന്നോട് ദേഷ്യം ഉണ്ടായിട്ടല്ല.”
അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. അന്നേരം മനസ്സിൽ അച്ഛമ്മയെ നന്നായി ഒന്ന് സ്മരിച്ചു.
അച്ഛമ്മ അന്ന് വിതച്ച വിത്താണ് ഇന്ന് എന്റെ ജീവിതത്തിൽ വലിയൊരു സന്തോഷമായി വന്നിരിക്കുന്നത്.
അല്ലെങ്കിലും എന്റെ അച്ഛമ്മ പൊളിയാ…
✍️സ്റ്റോറി by കൃഷ്ണ
